'നക്ഷത്രമത്സ്യങ്ങള്‍': എ. രാജഗോപാല്‍ കമ്മത്ത് എഴുതിയ കഥ


'മായ ഉടന്‍ നാട്ടിലേയ്ക്ക് പുറപ്പെടണം. വസ്ത്രങ്ങളും മറ്റും എടുക്കാന്‍ മിനക്കെടേണ്ട.  ആനിയെ കൂടെ കൂട്ടിക്കോ' ധൃതി പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു.വീട്ടുജോലിയില്‍ സഹായിക്കാനെത്തുന്ന  ആനി നല്ല തന്റേടമുള്ളവളാ

ചിത്രീകരണം: ബാലു

ഒന്ന്

ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷത്തിനുശേഷം അയാളെ കണ്ടപ്പോള്‍ ഒറ്റനോട്ടത്തില്‍ത്തന്നെ തിരിച്ചറിയുന്നതിനു വിഷമമുണ്ടായില്ല. തീരത്തുനിന്നും അഞ്ചു കിലോമീറ്റര്‍ അകലെയായി ,സമുദ്രാന്തര്‍ഭാഗത്തെ ഒരു പാറക്കെട്ടിനുള്ളില്‍, കുറച്ചുനാള്‍ മുമ്പ് പണിതുയര്‍ത്തിയ ഹോട്ടലിലെ ഒരു ഇടനാഴിയിലൂടെ ഞങ്ങള്‍ നടക്കുകയായിരുന്നു. അധികം വീതിയില്ലാത്ത ഇടനാഴിയുടെ ഇരുവശത്തും സജ്ജീകരിച്ചിരുന്ന വലിയ കുഷ്യനുള്ള ഇരിപ്പിടങ്ങളില്‍ മുഖാമുഖമായി ഞങ്ങളിരുന്നു. ചുറ്റിനും നല്ല ഘനമുള്ള സ്ഫടികഭിത്തികള്‍.പുറത്ത് കടലിന്റെ ഇരുണ്ട നീലനിറം കാണാം. ഒരു അക്വേറിയത്തിനുള്ളില്‍ ഇരിക്കുന്ന അനുഭവം. ഹോട്ടലിന്റെ ചുവരുകള്‍ക്കും നേരിയ നീല നിറം.ഉന്മേഷം തോന്നിപ്പിക്കുന്ന അന്തരീക്ഷം.
'കമ്പനിയുടെ സി.ഒ.ഒ.യുടെ പേരു കണ്ടപ്പോള്‍ത്തന്നെ എനിക്കൊരു സംശയമുണ്ടായിരുന്നു .അതു താനാണോ എന്ന്. ഈ പേര് മറ്റാര്‍ക്കും കണ്ടിട്ടില്ലല്ലോ. വിശേഷങ്ങള്‍ പറയ്.'
ബിനയ് ഗൊവാരിക്കര്‍ എന്ന എന്റെ സുഹൃത്തിനെ ബിന്നി എന്നാണ് ഞങ്ങള്‍ വിളിച്ചിരുന്നത്. അയാള്‍ക്കും അതായിരുന്നു താത്പര്യം.അയാളില്‍ വലിയ മാറ്റമൊന്നും എനിക്കു കാണാന്‍ കഴിഞ്ഞില്ല. ശരീരത്തിന്റെ ഘടനയിലും വസ്ത്രധാരണത്തിലും മാറ്റമില്ല. പണ്ടത്തെപ്പോലെ തന്നെ ഉടയാത്ത ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്‍സും മിന്നുന്ന ഷൂസും അയാള്‍ ധരിച്ചിരുന്നു.അയാളെ എപ്പോള്‍ കണ്ടാലും പുതിയ വസ്ത്രം ധരിച്ചതുപോലെ തോന്നിക്കും. ഇത്തരം കാര്യങ്ങളില്‍ ഇത്രയും ശ്രദ്ധ ചെലുത്തുന്ന മറ്റൊരാളെ കണ്ടിട്ടില്ല.മുടിമാത്രം അല്പം ഉലഞ്ഞുകിടന്നിരുന്നു. കുറച്ചിടങ്ങളില്‍ മുടിയുടെ നിറം മങ്ങിയതായി വളരെ ശ്രദ്ധിച്ചാല്‍ മാത്രമറിയാന്‍ കഴിയും.ടേബിളില്‍ ഒരു പേന സ്ഥാനം മാറിയാല്‍ ബഹളം വയ്ക്കുന്ന പ്രകൃതം. ഹോസ്റ്റലില്‍ വച്ച് അയാളുടെ ടൗവല്‍ മറ്റാരോ ഉപയോഗിച്ചതില്‍നിന്നും തുടങ്ങിയ വാക്കുതര്‍ക്കം മുഷ്ടിയുദ്ധത്തില്‍ കലാശിച്ചത് ഓര്‍മ്മവന്നു. ബാങ്കുമാനേജരായ അവന്റെ അച്ഛന്റെ കൂടെ കേരളത്തില്‍ വന്നതാണ്. ഈ പ്രദേശം വളരെ ഇഷ്ടപ്പെട്ടതിനാല്‍ വളരെക്കാലം ആ കുടുംബം കേരളത്തിലുണ്ടായിരുന്നു.
'താനിങ്ങനെ വെറുതേ ഇരിക്കാതെ കാര്യങ്ങള്‍ പറയ്. ഗവേഷണമൊക്കെ എങ്ങനെ. പുതിയതായിട്ടെന്തെങ്കിലും കണ്ടുപിടിച്ചോ?' എന്റെ ക്ഷമ കെട്ടുതുടങ്ങി.
ബിരുദത്തിന്റെ അവസാനവര്‍ഷംനടന്ന സയന്‍സ് കോണ്‍ഗ്രസ്സിലെ ഏറ്റവും ശ്രദ്ധേയമായ പ്രബന്ധം ബിന്നിയുടേതായിരുന്നു. കേരളത്തിലെ സസ്യവൈവിധ്യത്തിനിടയില്‍ ഒളിഞ്ഞുകിടക്കുന്ന അമൂല്യമായ മൃതസഞ്ജീവനികളെക്കുറിച്ചായിരുന്നു അത്. ഏതായാലും ആ നേട്ടം കോളജിലെ ഗവേഷണവിഭാഗങ്ങളെയാകെ അമ്പരപ്പിച്ചു. നാട്ടുമരുന്നില്‍നിന്നും സ്വയം വേര്‍തിരിച്ചെടുത്ത ഘടകം അല്‍ഷിമേഴ്‌സിന് നല്ലതെന്ന് കണ്ടെത്തി.നഷ്ടപ്പെട്ട ഓര്‍മ്മശക്തി വീണ്ടെടുക്കാന്‍ കഴിയില്ല. പക്ഷെ രോഗം കൂടുതല്‍ വഷളാകില്ല.
'യെസ് റോഹന്‍. എനിക്ക് പേറ്റന്റുള്ള മരുന്നിന്റെ കണ്ടെത്തല്‍ ഈ കമ്പനിക്കു വിറ്റു. സൗത്ത് ഏഷ്യയില്‍ നല്ല ഡിമാന്റുണ്ട്. അതൊക്കെ ഇവിടുത്തെ മാര്‍ക്കറ്റിങ്ങുകാര്‍ ഉണ്ടാക്കിയെടുത്തതാണ്. നല്ലൊരു തുക അവര്‍ തന്നു. ഒപ്പം ഈ ജോലിയും. പത്തുപതിനഞ്ചു വര്‍ഷമായി ഇതില്‍ വന്നിട്ട്.'
ആരുടെയും സഹായമില്ലാതെ ബിന്നി കൈവരിച്ച നേട്ടം. ഒരു ബോട്ടണി ബിരുദവിദ്യാര്‍ഥിക്ക് ഇതൊക്കെ സാധ്യമായതിലായിരുന്നു ഏവര്‍ക്കും അത്ഭുതം. ആഴത്തിലുള്ള വായനയും പഠനവും സഹായകമായി.മുഖത്ത് ക്രീമും പുരട്ടി സുന്ദരനായി നടന്നിരുന്ന ബിന്നിക്ക് ഇത്തരമൊരു കഴിവുണ്ടെന്ന് ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് അറിയില്ലായിരുന്നു. ബോട്ടണിക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കി നേരെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്് ഓഫ് സയന്‍സിലേയ്ക്ക് പോയി.പിന്നീടയാളെ കാണുന്നത് ഇവിടെവച്ചാണ്.
'ആദ്യം പരീക്ഷിച്ചത് സീനിയര്‍ ഗൊവാരിക്കറിലായിരുന്നല്ലോ. എനിക്കോര്‍മ്മയുണ്ട്'ബിന്നിയുടെ മുത്തച്ഛനിലായിരുന്നു ആദ്യത്തെ പ്രയോഗം. 'ജെനെറ്റിക് ടെസ്റ്റിങ്ങ്നടത്തിഈ രോഗം വരാനുള്ള സാധ്യത കണ്ടെത്തിയാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ഉപയോഗിക്കാം.സെയില്‍സ് കൂടാനുള്ള കാരണമതാണ്'
'ബിന്നി, വീട്ടുകാരെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ.'
'അച്ഛനുമമ്മയും രത്‌നഗിരിയിലാണ്. ഉള്‍നാട്ടില്‍ ഫാംഹൗസൊക്കെ നടത്തുന്നു. ഞാന്‍ ഇങ്ങനെ കറങ്ങി നടക്കുന്നു. മീരയും മകളും ദല്‍ഹിയിലുണ്ട്. മീര ജെഎന്‍യുവിലാണ്. എച്ച്ഒഡിയൊക്കെയായി. ഞാനിപ്പോള്‍ ഓഷ്യന്‍ സയന്‍സിലാണ് ശ്രദ്ധിക്കുന്നത്. കടലിലെ പായലുകളും മറ്റും പല രോഗങ്ങള്‍ക്കും നല്ലതെന്ന് കേട്ടിട്ടുണ്ട്.'
ബിന്നിയെക്കൊണ്ട് ഇത്രയും സംസാരിപ്പിക്കാന്‍ സാധിച്ചല്ലോ. ഇംഗ്ലീഷ് എംഎയ്ക്ക് അന്ന് കോളജിലുണ്ടായിരുന്ന രണ്ടുവയസ്സിനു മൂപ്പുള്ളമീരയുമായി ബിന്നി അടുപ്പത്തിലായിരുന്നു. അവര്‍ തമ്മിലുള്ള വിവാഹം നടന്നതായും അറിഞ്ഞിരുന്നു.
'നേവിയില്‍ ഇരുപതുവര്‍ഷം. ക്യാപ്റ്റന്‍ വരെയായി. അതിനുശേഷം യുഎന്‍ സംഘത്തില്‍ മൂന്നുവര്‍ഷം.പിന്നീട് ഞാനിവിടെത്തന്നെ കൂടി. വെറുതേ ഇരിക്കുന്നതില്‍ അര്‍ഥമില്ലല്ലോ, ഗുണമുള്ള എന്തെങ്കിലും ചെയ്യണമെന്നുതോന്നി. അനങ്ങാതിരിക്കുമ്പോള്‍ ഒരുതരം ആധി തോന്നുന്നു. അതൊന്നും എനിക്കു പരിചയമില്ല. ബെറ്റര്‍ഹാഫ് മായയും മകനും സിറ്റിയിലെ ഫ്‌ളാറ്റിലുണ്ട്. ഇവിടെ ഹില്‍ട്ടന്റെ ലോജിസ്റ്റിക്‌സ് ഞാനാണ് നോക്കുന്നത്. നമ്മളിവിടെ വന്ന ഡോള്‍ഫിന്‍ സബ്‌മേഴ്‌സിബിള്‍ ബോട്ടിന്റെ ഓപ്പറേഷന്‍സ് ഞങ്ങളാണ് ചെയ്യുന്നത്.'അവന്‍ ചോദിക്കാതെതന്നെ ഞാന്‍ പറഞ്ഞു.
'യെസ്. ക്യാപ്റ്റന്‍ റോഹന്‍ കുമാര്‍ അല്ലേ.നിന്റെ നേവി ബാക്ക്ഗ്രൗണ്ടാണ് ഞങ്ങള്‍ ചര്‍ച്ചചെയ്തത്. ഇവിടെ വച്ച് കൂടുതല്‍ സംസാരിക്കാം എന്നുതോന്നി. ഇതിനുള്ള ഫിനാന്‍സൊക്കെ എങ്ങനെ'
'അതൊക്കെ ശരിയാക്കി. അദര്‍ പീപ്പിള്‍സ് മണി . ലോണ്‍ തന്നെ ഭൂരിഭാഗവും'നല്ല മുതല്‍മുടക്കുള്ള ഒന്നിനാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
'ഫിനിക്‌സിന്റെ ചെറിയ ഡോള്‍ഫിന്‍ സബ്‌മേഴ്‌സിബിള്‍ ജപ്പാനില്‍ കുറേക്കാലം ഓടിയതാണ്.യൂസ്ഡ് വണ്‍സ്. അതിഥികളെ കൊണ്ടുവരുന്നതു കൂടാതെ ഇവിടുത്തെ ആവശ്യത്തിനുള്ള വസ്തുക്കളെല്ലാം ഇടയ്ക്കിടെ പിക്കപ്പ് പോയിന്റില്‍ നിന്നെടുത്ത് എത്തിക്കണം. വേസ്റ്റ് ഡിസ്‌പോസലിനായി പ്രത്യേകം ബോട്ടുകളുമുണ്ട്.അതൊക്കെ കണ്ടെയ്‌നറിലാക്കി യാഡില്‍ എത്തിക്കുന്നു. ബാക്കി അവിടുള്ളവര്‍ നോക്കും.തരക്കേടില്ലാത്ത വരുമാനമുണ്ട്. പിന്നെ അതിന്റെ ഒരുഗമയും ത്രില്ലും'. നേവിയില്‍ നിന്നു കിട്ടിയ പരിചയംകൊണ്ട് ഇതൊക്കെ അനായാസമായി നടത്തിവരുന്നു.
'നല്ലതു തന്നെ.'
ബിന്നിയുടെ പെരുമാറ്റത്തില്‍ നല്ല മാറ്റമുണ്ട്.ചുമലില്‍ വലിയ ഭാരം വഹിക്കുന്നതുപോലെ തോന്നിക്കുന്നു.ലാബില്‍ പ്രവര്‍ത്തിച്ചു പരിചയിച്ച അയാള്‍ക്കെങ്ങനെ ഈ ജോലി ശരിയാകും.
ഈ ഹോട്ടലില്‍ ഞങ്ങള്‍ക്ക് രണ്ടു ദിവസം തങ്ങേണ്ടതായിട്ടുണ്ട്.നാളെയാണ് ഞങ്ങള്‍ക്ക് സംബന്ധിക്കേണ്ട യോഗം. വിവിധയിടങ്ങളില്‍നിന്നുള്ള ആളുകളുമായി ഇടപഴകാനുമുള്ള ദിവസം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ധാരാളം ആശയവിനിമയം നടക്കാറുണ്ട്. ബിന്നിയോട് കുറച്ചുകൂടി കാര്യങ്ങള്‍ സംസാരിക്കണമെന്നുണ്ടായിരുന്നു. പക്ഷെ എന്തോ ഒരു തടസ്സംപോലെ തോന്നിച്ചു. തികച്ചും വ്യത്യസ്തനായ വ്യക്തിയോടാണ് താന്‍ ഇടപഴകുന്നതെന്ന് തോന്നി. ഇപ്പോള്‍ വരാം എന്ന് ആംഗ്യം കാണിച്ച് ബിന്നി തിരക്കിട്ട് റിസപ്ഷന്‍ കൗണ്ടറിലേയ്ക്ക് പോയി.

രണ്ട്

മൈനാക് എന്ന ചെറുപ്പക്കാരനായ ബിസിനസ്മാന്‍, ബ്ലൂകോറല്‍ എന്നു പേരുള്ള ഈ ഹോട്ടല്‍ നിര്‍മ്മിക്കുമ്പോള്‍ത്തന്നെ ഹില്‍ട്ടണ്‍ ഗ്രൂപ്പ് അത് ഏറ്റെടുത്ത് നടത്താനുള്ളതാത്പര്യം പ്രകടിപ്പിച്ചു. അതോടെ വിദേശികളുടെ ഒഴുക്കും തുടങ്ങി.കിലോമീറ്ററുകളോളം ദൂരത്തില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഹോട്ടല്‍ നിലനില്ക്കുന്ന പാറക്കെട്ട്. വലിയ ആഴത്തിലുമല്ല. എണ്ണഖനനത്തിനുള്ള സര്‍വേ നടക്കുന്ന വേളയിലാണ് ഈ പാറക്കെട്ടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നത്. നിര്‍ജ്ജീവ അഗ്നിപര്‍വതത്തിന്റെ ഛേദം പോലെ കടല്‍നിരപ്പില്‍നിന്നും മുപ്പതുമീറ്റര്‍ ഉയരത്തില്‍ കോട്ടകെട്ടിയതുപോലെയുള്ള ഘടന.ഇവിടെത്തട്ടിതകര്‍ന്ന പഴയ പറങ്കിക്കപ്പലുകളുടെ അവശിഷ്ടങ്ങള്‍ കുറച്ചുനാള്‍ മുമ്പ് കണ്ടെടുത്തിരുന്നു.
സമുദോപരിതലത്തിനുതാഴെയാണ് ഹോട്ടല്‍. അടിത്തട്ടില്‍നിന്നും അഞ്ചുനിലകളിലായി പണിതിരിക്കുന്നു.ഉരുക്കുകൊണ്ടുള്ള മോഡ്യൂളുകള്‍ കൂട്ടിയോജിപ്പിച്ചാണ് ഹോട്ടലിന്റെ ഘടന രൂപപ്പെടുത്തിയത്. സിലിണ്ടര്‍ ആകൃതിയുള്ള വലിയ ക്യാപ്‌സ്യൂളുകള്‍ക്കുള്ളില്‍എല്ലാ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു. നൂറ്റിപ്പത്ത് മുറികള്‍, സമ്മേളന ഹാള്‍, മൂന്ന് റസ്റ്റാറന്റുകള്‍, കോഫീ ഷോപ്പ്, രണ്ടുതരം ജിം, പിന്നെ ചെറിയൊരു സിനിമാഹാളും. ഏറ്റവും ആകര്‍ഷകം അണ്ടര്‍വാട്ടര്‍ ബാറുംറസ്റ്റാറന്റുമാണ്.അവിടെ മൂന്നുഭാഗത്തുമുള്ള ചില്ലുഭിത്തിയിലൂടെ പുറത്തെ കാഴ്ച്ചകള്‍ കാണാം. മുറികളില്‍ ഒരു ഭാഗത്തുമാത്രം ചില്ല് ഘടിപ്പിച്ചിരിക്കുന്നു. സമുദ്രജീവികള്‍ ചില്ലുജനാലകളുടെ അടുത്തുകൂടി പോകുന്നത് എത്ര കണ്ടാലും മതിയാകില്ല. അടിത്തട്ടിലാകട്ടെ വൈവിധ്യമുള്ള അനേകം ജീവികളുണ്ട്. സാധാരണ നാം കാണാത്തവ. പലതരം പ്ലാങ്ക്ടണുകള്‍ ഞണ്ടുകള്‍, വലിയ മത്സ്യങ്ങള്‍, പവിഴപ്പുറ്റുകള്‍, ചെമ്മീനുകളുടെ വകഭേദങ്ങള്‍ തുടങ്ങിയവ.
പാറക്കെട്ടിന്റെ ഉള്ളറകളില്‍നിന്നുള്ള ജലമാണ് ഇവിടെ ഉപയോഗിക്കുന്നത്. കുടിവെള്ളം കരയില്‍ നിന്നും എത്തിക്കുന്നു. പാറക്കെട്ടിന്റെ മുകള്‍ഭാഗത്ത് ചെറിയൊരു ലൈറ്റ് ഹൗസുണ്ട.് ഹോട്ടലിലേയ്ക്കുള്ള വായു എത്തിക്കുന്ന സംവിധാനത്തിനു മുകളിലായി മൊബൈല്‍ ടവറും ആന്റിനയും ഘടിപ്പിച്ചിരിക്കുന്നു. തിരമാലയില്‍ നിന്നും പാറക്കെട്ടിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സോളാര്‍ സെല്ലുകളില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നു. സമുദ്രജലം ശുദ്ധീകരിക്കുന്നതിനുള്ള ഉപകരണങ്ങളും സജ്ജീകരിച്ചിരിക്കുന്നു. ഹോട്ടല്‍ നടത്തുന്ന കമ്പനിക്കാര്‍ മത്സ്യബന്ധനകുടുംബങ്ങള്‍ക്ക് ദൈവങ്ങളെപ്പോലെയാണ്. അരോഗദൃഢഗാത്രരായ യുവാക്കള്‍ക്ക് ജോലി നല്കിയിരിക്കുന്നു. ഡൈവിങ്,സെക്യൂരിറ്റി, ലൈഫ്ഗാര്‍ഡ്, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ.

മൂന്ന്

ഉച്ചഭക്ഷണ സമയത്ത് ബിന്നിയെ വീണ്ടും അടുത്തുകിട്ടി. ലോബിക്കു സമീപത്തു തന്നെയുള്ള കോഫീഷോപ്പില്‍ ബിന്നിയുടെ താത്കാലിക ഓഫീസ്. ഭക്ഷണം വിളമ്പുന്നതും അവിടെത്തന്നെ.
'നമ്മളെല്ലാം ചേര്‍ന്ന് വള്ളത്തില്‍ പോയത് ഓര്‍ക്കുന്നുണ്ടോ?' ആ വിഷയം ഏറ്റെന്നു തോന്നുന്നു. ബിന്നിയുടെ മുഖത്ത് ഒരു നേരിയ ജാള്യത.
'പിന്നെ, കൊള്ളാം. ഇപ്പോള്‍ ഡൈവിങ്ങൊന്നുമില്ല. അല്പസ്വല്പം നീന്തുമെന്നു മാത്രം. ഇടയ്ക്കിടയ്ക്ക് നടുവേദന വന്നു തുടങ്ങിയിട്ടുണ്ട്. അന്നത്തേതിന്റെ ബാക്കിയായിരിക്കും.'
കോളജില്‍ പഠിക്കുന്ന കാലം. നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് തീരക്കടലില്‍ വലയെറിയുന്നവരുടെ കൂടെ കറങ്ങാന്‍ പോയി. കോളുനിറഞ്ഞതിനാല്‍ കടലില്‍നിന്നും പെട്ടെന്ന് മടങ്ങേണ്ടിവന്നു. പിന്നെ തൊട്ടടുത്തുള്ള അമ്പലക്കുളത്തിലായി ജലകേളി. ബിന്നിയുടെ ഒരു ക്ലാസിക്ക് വിദ്യയാണ് മലക്കംമറിഞ്ഞ് വെള്ളത്തില്‍ ചാടുക എന്നത്. ഒരിക്കല്‍ വെള്ളത്തിലേയ്ക്ക് കുതിച്ച ബിന്നിക്ക് നിവരാനായില്ല. ഇംഗ്ലീഷിലെ 'എല്‍' അക്ഷരത്തിന്റെ ആകൃതിയില്‍ നടുവ് വളച്ച് 'അയ്യോ അയ്യോ' എന്ന നിലവിളിയോടെ റിക്ഷയില്‍അടുത്ത ആശുപതിയിലേയ്ക്ക് കൊണ്ടുപോയി. സൈക്കിളിടിച്ചതെന്ന് ഡോക്ടറോട്കള്ളം പറഞ്ഞ് അവിടെ അഡ്മിറ്റായി. വളരെക്കാലം ഇതുപറഞ്ഞ് അവനെ ഞങ്ങള്‍ കളിയാക്കാറുണ്ടായിരുന്നു. ഒരുമിച്ച് പഠിച്ചവര്‍ തമ്മില്‍ കണ്ടാല്‍ പഴയ കാര്യങ്ങള്‍ മാത്രമായിരിക്കും പറയുക. അന്നത്തെ അമളികളും മറ്റും.അങ്ങനെ ഗൗരവമൊക്കെ അപ്രത്യക്ഷമാകും, പഴയ കൂട്ടുകാരാകുകയും ചെയ്യും.
'തലവേദനയാണ്. വെട്ടിപ്പൊളിക്കുന്ന ഇനം' ലഹരിക അടുത്തുവന്ന് ഇരുന്നത് ഞാനറിഞ്ഞില്ല. അവളുടെ കണ്ണുകള്‍ കലങ്ങിയിരിക്കുന്നു. ഡോള്‍ഫിനില്‍ വച്ച് അവളെപരിചയപ്പെട്ടിരുന്നു. ജിയോളജിസ്റ്റായ ലഹരികയുടെആശയമാണ്ഇത്തരമൊരു ഹോട്ടലില്‍ കലാശിച്ചത്. പ്രതീക്ഷ നല്കുന്ന യുവശാസ്ത്രജ്ഞയാണ് അവള്‍.

'അതങ്ങനെയാണ്. ഞാന്‍ പറഞ്ഞതല്ലേ ആ സീഫുഡ് കഴിക്കണ്ടാ എന്ന്. ചിലര്‍ക്കത് പിടിക്കത്തില്ല.അതിനി സിസ്റ്റത്തില്‍നിന്നും പുറത്തുപോകുന്നതുവെരെ അസ്വസ്ഥതയായിരിക്കും. എന്തിനാണ് ഈ ജീവികളെയൊക്കെ തിന്നാന്‍ പോകുന്നത്. നാരങ്ങാവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് കഴിച്ചു നോക്ക്. ട്രെഡീഷനല്‍ റെമെഡി. ചിലപ്പോള്‍ ഫലിക്കും. നാളെ പ്രസന്റേഷന്‍ ഉള്ളതല്ലേ. അല്ലെങ്കില്‍ ഡോക്ടറെ കാണാം'.എന്ന് ബിന്നി.ആ ഹോട്ടലില്‍ ഒരു സ്ഥിരം ഡോക്ടറുണ്ട്.
'ചിലര്‍ക്ക് ഈ അന്തരീക്ഷവുമായിപൊരുത്തപ്പെടാന്‍ കുറച്ചുസമയമെടുക്കും. തലവേദനയൊക്കെ അതുകൊണ്ടാകാന്‍ ഇടയുണ്ട്.കുറച്ച് ബ്രീതിങ് എക്‌സെര്‍സൈസ് ചെയ്താല്‍ മതി. അല്പനേരം കിടന്നാല്‍ ശരിയാകും'അന്തര്‍വാഹിനിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ ഇത്തരം അസ്വസ്ഥതകള്‍ എനിക്ക് പരിചിതമാണ്.
കമ്പനിയുടെ പിആര്‍ഓ അര്‍ണവ്് മിശ്ര പെട്ടെന്ന് പ്രത്യക്ഷപ്പെട്ടു.
'എന്തായി അര്‍ണവ്്. എല്ലാവരും എത്തിച്ചേര്‍ന്നുവോ?'ബിന്നി ധൃതിയില്‍ ചോദിച്ചു.
'കുറച്ചുപേര്‍ എത്താനുണ്ട്. മൈനാക് സര്‍ വിമാനാത്താവളത്തില്‍നിന്നും പുറപ്പെട്ടു കഴിഞ്ഞു. ഡോള്‍ഫിന്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്,പക്ഷെ...സര്‍ ചെറിയൊരു പ്രശ്‌നമുണ്ട്' അര്‍ണവ്് അല്പം ആശങ്കയോടെ പറഞ്ഞു.
'എന്തു പ്രശ്‌നം. നോ അര്‍ണവ്്. ഈ അവസാനനിമിഷത്തില്‍ നീയൊന്നും തുടങ്ങി വയ്ക്കല്ലേ' ബിന്നി അസ്വസ്ഥനായി.
'സിറ്റിയില്‍ ഇന്നൊരു ഭൂചലനമുണ്ടായി. ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയിരിക്കുന്നു' അര്‍ണവ് പതിയെ പറഞ്ഞു.
'അതിനെന്താ അതൊക്ക കഴിഞ്ഞു കാണുമല്ലോ. നമ്മള്‍ സേഫല്ലേ'ബിന്നി തലയില്‍ കൈവച്ചു, എന്നിട്ട് അത്ഭുതത്തോടെലഹരികയെ നോക്കി.
'ലഹരിക പറഞ്ഞത് കൃത്യമായി ഫലിച്ചല്ലോ റോഹന്‍. കഴിഞ്ഞ ദിവസംകൂടി ഇവള്‍ മെസേജ് അയച്ചിരുന്നു. ട്രെമറിനു സാധ്യതയുണ്ടെന്ന് ഇത്ര കൃത്യമായി എങ്ങനെ അറിയുന്നു.'
'ഇന്നുരാത്രി മറ്റൊരു ഇവന്റ് കൂടി പ്രതീക്ഷിക്കുന്നുണ്ട്. അതിനുള്ള ലക്ഷണങ്ങള്‍ കാണുന്നുവെന്ന് അറിയാന്‍ കഴിഞ്ഞു' ലഹരിക പറഞ്ഞതുകേട്ട് ബിന്നി അസ്വസ്ഥനായി. അവര്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചയിലായി.
പ്രസ്സ്‌ക്ലബ്ബിലെ സേതുറാമിനെ വിളിച്ചപ്പോള്‍ കാര്യത്തിന്റെ ഗൗരവം മനസ്സിലായി. റിക്ടര്‍സ്‌കേലില്‍ അഞ്ചരവരെ കാണിച്ചുവെന്ന് പറയുന്നു സംഗതി കുഴപ്പമെന്നാണ് തോന്നുന്നത്. ചുവരില്‍ ഘടിപ്പിച്ചിരിക്കുന്ന ടെലിവിഷന്‍ ഓണ്‍ ചെയ്തു. ശരിയാണ് നഗരത്തില്‍ ആകെ കോലാഹലം തന്നെ.
'ജാഫര്‍ഭായ്, മായയും കുട്ടികളും വീട്ടിലെത്തിയോ?'ഫ്‌ളാറ്റിലെ കോമണ്‍നമ്പരില്‍ സെക്യൂരിറ്റിയെ കിട്ടി.അയാളെ അങ്ങനെ സംബോധന ചെയ്യുന്നത് ഞാന്‍ മാത്രമാണ്.
'ഇല്ല മായമോള്‍ പോകുന്നതു കണ്ടു.തിരികെ വരുന്ന സമയമാകുന്നതേയുള്ളു.' നമ്മുടെ വലിയ കിണര്‍ താഴ്ന്നുപോയി. അപ്പുറത്തെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ വലിയ കുഴിയുണ്ടായി' ജാഫര്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞു.
മൊബൈല്‍ ശബ്ദിക്കുന്നത് മായ കേട്ടുകാണാനിടയില്ല. പലതവണ ഡയല്‍ ചെയ്തിട്ടും മറുപടി ലഭിച്ചില്ല 'ഉടനേ വിളിക്കുക' എന്ന സന്ദേശം നല്‍കി.
ടിവിയില്‍ വാര്‍ത്തകള്‍ മിന്നിമറയുന്നു. എങ്ങും ആശങ്കയെന്ന് വ്യക്തം.ചില വീടുകളിലും മറ്റും വിള്ളല്‍ വീണതും കിണര്‍ താഴ്ന്നതുമൊക്കെ കാണിക്കുന്നുണ്ട്. ആളുകള്‍ പരിഭ്രാന്തരായി വഴിയില്‍ ഇറങ്ങി കൂട്ടംകൂടി നില്ക്കുന്നു. മെട്രോയുടെ തൂണുകള്‍ക്ക് ക്ഷതം സംഭവിച്ചതിനാല്‍ സര്‍വീസ് നിര്‍ത്തി. നഗരത്തിലെപ്രധാന ഷോപ്പിങ്ങ് കോംപ്ലക്‌സിലെ വന്‍തീപ്പിടുത്തം ശമിപ്പിക്കാന്‍ ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും ശ്രമങ്ങള്‍. പാര്‍ക്കിനു സമീപത്തെ വലിയ മൊബൈല്‍ ടവര്‍ നിലം പൊത്തി. നഗരത്തില്‍വൈദ്യുതിയും നിലച്ചു.

നാല്

എങ്ങുനിന്നോ വന്നുചേര്‍ന്ന് ഹരിതഭൂവായി മാറിയ ഇടമാണ് കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടപ്രദേശം. മലമ്പ്രദേശത്തോടുകൂടി ഇന്ത്യാഭൂഖണ്ഡത്തോട് വന്നുചേര്‍ന്ന് പിന്നെയും മലനിരകള്‍ക്ക് ഉയരംവച്ചു. ആ കൂടിച്ചേരലിന്റ ബാക്കിപത്രമായ ഭ്രംശമേഖലകള്‍ ഇടയ്ക്കിടെ ചെറുതായി അനങ്ങുന്നു. അത് ഭൂചലനത്തിനു വഴിയൊരുക്കുന്നു. മറ്റുവലിയ ഭൂചലനങ്ങളും ജലസംഭരണികളും ചിലപ്പോള്‍ ഭ്രംശപാളികളെ ചലിപ്പിച്ച്ഭൂചലനങ്ങള്‍ക്ക് കാരണമാകുന്നു. നഗരങ്ങളില്‍ ജനവാസമേഖലകള്‍ വര്‍ധിച്ചതിനാല്‍ ആഘാതം പതിന്മടങ്ങാകുന്നു. ഇതെല്ലാം പ്രതീക്ഷിച്ചതു തന്നെ.
'റോഹന്‍, ഫ്‌ളാറ്റില്‍ കയറാന്‍ പറ്റുന്നില്ല. ലിഫ്റ്റ് ഉപയോഗിക്കാനാവില്ല' മായയുടെ വിളിവന്നു.
'കുളിക്കുമ്പോള്‍ ആരോ തള്ളിയിട്ടതുപോലെ മറിഞ്ഞുവീണു. എന്തോ പൊട്ടുന്ന ശബ്ദവും കേട്ടു. അപ്പോള്‍ത്തന്നെ പുറത്തിറങ്ങി. അവിടെന്തെങ്കിലും പ്രശ്‌നമുണ്ടോ' മായ സംസാരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ബഹളം കേള്‍ക്കാം.
'ഇവിടെ കുഴപ്പമൊന്നുമില്ല. ഞങ്ങള്‍ അറിഞ്ഞതുപോലുമില്ല.നീയൊരു കാര്യം ചെയ്യ്. ബിസ്‌കറ്റും ബ്രഡ്ഡും ജാമുമൊക്കെ വാങ്ങിവയ്ക്ക്.പറ്റുമെങ്കില്‍ കുപ്പിവെള്ളവും. മോക്ഡില്ലില്‍ പറഞ്ഞ കാര്യങ്ങളൊക്കെ ഓര്‍മ്മയുണ്ടല്ലോ അല്ലേ. മോന്റെ ഇന്‍ഹേലര്‍ കൂടി കരുതുക.നിന്റെ വീട്ടിലേയ്ക്ക് പോകുന്നതാണ് നല്ലത്. തത്കാലം നീയിതൊക്കെ ചെയ്യ്. എന്നിട്ട് വിളിക്കൂ'. മായയ്ക്കിനിഫ്‌ളാറ്റില്‍ കയറാന്‍ കഴിയില്ല.
ഹോട്ടല്‍ റിസപ്ഷനിലെ പെരിസ്‌കോപ്പിലൂടെ നോക്കിയപ്പോള്‍ നേരത്തേ കരയ്ക്കടുക്കാനായി പോയ ആഡംഭര കപ്പല്‍ പതിയെ തിരികെ പോകുന്നതു കണ്ടു. പോര്‍ട്ടിലെ വാര്‍ഫ് തകര്‍ന്നുവെന്ന വാര്‍ത്ത കണ്ടിരുന്നല്ലോ.
വളരെനേരം കഴിഞ്ഞ് മായയുടെ സന്ദേശംവന്നു. 'പുറത്തുപോകാന്‍ കഴിഞ്ഞില്ല. കാര്‍പാര്‍ക്കില്‍ ചുറ്റുംകൂടി ഇരിക്കുകയാണ്. സെക്യൂരിറ്റിക്ക് ഉപയോഗിക്കാനുള്ള ടോയ്‌ലറ്റ് മാത്രമാണ് അവിടുള്ളത്. മൊബൈലും നല്ലതുപോലെ പ്രവര്‍ത്തിക്കുന്നില്ല'. നെറ്റ്‌വര്‍ക്കില്‍ തകരാറുണ്ടായിക്കാണണം.
'ചെയര്‍മാന്‍ ട്രാഫിക്കില്‍ പെട്ടിരിക്കുന്നു. തിരികെ അയയ്ക്കുന്നതാണ് നല്ലത്. ഫ്‌ളൈറ്റുണ്ടെങ്കില്‍ നോക്കുക' ബിന്നിയുടെ നിര്‍ദേശമനുസരിച്ച് അര്‍ണവ് കാര്യങ്ങള്‍ നീക്കാന്‍ തുടങ്ങി.
'റോഹന്‍ നമ്മുടെ പ്രോഗ്രാം മറ്റൊരവസരത്തിലേയ്ക്ക് മാറ്റണമെന്ന് തോന്നുന്നു. രാത്രിയില്‍ തീരുമാനിക്കാം' ബിന്നിയുടെ മുഖത്ത് നിരാശ വ്യക്തമായിരുന്നു.
പുതിയ സംരംഭത്തിനുള്ള വ്യഗ്രതയിലായിരുന്നു ഞാനും. ഏറെ പ്രതീക്ഷയര്‍പ്പിച്ച ഒന്നായിരുന്നു ഈ യോഗം. പക്ഷേ വിപത്തിന്റെ നടുവിലാണല്ലോ. ആദ്യം അതൊന്ന് വലിയ കുഴപ്പമില്ലാതെ കടന്നുകൂടണം. സേതുറാമിന്റെ സന്ദേശം ഫോണിലെത്തി. കരുതിയിരിക്കുക. രക്ഷാപ്രവര്‍ത്തനത്തിനായി പല സംഘങ്ങള്‍ നഗരത്തിലേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്.ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരിക്കുന്നു. അര്‍ണവിനെ പൊതിഞ്ഞുനില്ക്കുകയാണ് യോഗത്തിനെത്തിച്ചേര്‍ന്ന ചിലര്‍.

അഞ്ച്

സായഹ്നമാകാറായി. പെരിസ്‌കോപ്പിലൂടെ നോക്കിയപ്പോള്‍ അന്തരീക്ഷത്തിലെ മാറ്റങ്ങള്‍ വ്യക്തമായി. പാറക്കെട്ടുകള്‍ക്കപ്പുറം കടല്‍ പതിവിലും ശാന്തമായിരിക്കുന്നു.കടലിന്റെ നിറം ഒരോ ദിവസവും വ്യത്യസ്തമായിരിക്കും. ഇന്ന് അതിന് കടുത്ത നീലനിറമാണ്. അങ്ങിങ്ങ് കടല്‍ക്കാക്കകള്‍ അസ്വസ്ഥരായി പറക്കുന്നു. പക്ഷികള്‍ക്കും മറ്റുജന്തുക്കള്‍ക്കും ഭൂകമ്പം മുന്‍കൂട്ടി അറിയാനാകും എന്ന് കേട്ടിട്ടുണ്ട്. അത് എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചു.
'ഇവിടെയും ഭൂകമ്പമുണ്ടാകുമോ' ബിന്നി ആരോടെന്നില്ലാതെ ആശങ്കയോടെ ചോദിച്ചു.
'നേരത്തേ അനുഭവപ്പെട്ടചലനം വളരെ നേര്‍ത്ത് ഇവിടെയും ഉണ്ടായിക്കാണാണം. നമ്മളത് ശ്രദ്ധിച്ചില്ല. ഇനിയത്തേത് സൂക്ഷിക്കണം. ഏതായാലും ഒരു സീസ്‌മോഗ്രാഫ് ഇവിടെയും വേണം. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ മോഡ്യൂളുകള്‍ വേര്‍പെടുത്തി ഉപരിതലത്തില്‍ എത്തിക്കാനുള്ള സംവിധാനമുണ്ട്. അതിനാല്‍ ഭയക്കേണ്ടതില്ല.അതിനുള്ള പരിശീലനം നല്കിയിട്ടുണ്ട്' ഞാന്‍ പറഞ്ഞതുകേട്ട് ബിന്നി അമ്പരന്നു.
ഞാന്‍ പതിയെ ഡോക്കിലേയ്ക്ക്‌നടന്നു. ചെറുതും വലുതുമായ രണ്ട്ഡോള്‍ഫിന്‍ സബ്‌മേഴ്‌സിബിള്‍ ബോട്ടുകള്‍ അവിടെ തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. ഡോള്‍ഫിന്‍ ഡോക്കില്‍ കയറിയതിനു ശേഷം ക്യാപ്‌സ്യൂളിലെവെള്ളം പമ്പ് ചെയ്ത് മറ്റൊന്നിലേയ്ക്ക് മാറ്റുന്നു. അതുപോലെ പുറത്തേയ്ക്ക് പോകുമ്പോള്‍ ഡോക്ക് ക്യാപ്‌സ്യൂളില്‍ വെള്ളം നിറയ്ക്കുന്നു. എന്നിട്ട് ക്യാപ്‌സ്യൂളിന്റെ കവാടം തുറക്കുന്നു.
' തലവേദന എങ്ങനെ. മാറിയോ' റിസപ്ഷന്‍ ഹാളില്‍ ലഹരികയുണ്ടായിരുന്നു.
' പുതിയ തലവേദനകള്‍ തുടങ്ങി. കണ്ടില്ലേ' ടിവിയില്‍ ചൂണ്ടി അവള്‍ പറഞ്ഞു
'ആന്‍ഡമാന്‍ കടലില്‍ കഴിഞ്ഞ കുറച്ചുദിവസമായി ഭൂചലനങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു. ചെറുതും വലുതുമായി പത്തമ്പതെണ്ണം. ഇന്നലെ തെക്കുകിഴക്കന്‍ അറബിക്കടലില്‍ ഉണ്ടായ ഭൂകമ്പം അതിന്റെ തുടര്‍ച്ചയാണ്. ഇപ്പോള്‍ ഇതാ നമ്മുടെ മുന്നിലും. ഇതുകൊണ്ട് തീരുന്നില്ല പ്രശ്‌നം. അല്പംകൂടി വലുത്് പ്രതീക്ഷിക്കണം എന്നു പറയാന്‍ കാരണം കഴിഞ്ഞകാലത്തെ സംഭവങ്ങളാണ്'അവളുടെ ഗവേഷണവുമായി ബന്ധപ്പെട്ട വിഷയമാണ് .
'നമുക്ക് റസ്റ്റാറന്റിലേക്ക് പോകാം'. അവള്‍ ക്ഷണിച്ചു.
അവിടെ ഫോണിന്റെ നെറ്റ്‌വര്‍ക്ക് കിട്ടില്ലല്ലോ എന്നു ഞാനോര്‍ത്തു.
'പെട്ടെന്നു പോയിട്ടുവരാം'എന്റെ ആശങ്ക അവള്‍ക്ക് മനസ്സിലായെന്നു തോന്നുന്നു.
ലിഫ്റ്റില്‍ താഴേയ്ക്ക് പോകുമ്പോള്‍ ഞാനവളെ ശ്രദ്ധിച്ചു. കൊല്‍ക്കൊത്ത സ്വദേശിയായ അവള്‍ അയലത്ത് എന്നോ കണ്ടുമറന്ന കേരളീയ യുവതിയെപ്പോലെ തോന്നിച്ചു. ആകര്‍ഷകമായ ശരീരഘടന. ബംഗാളികള്‍ക്ക് കേരളീയരുമായി വളരെ സാമ്യതയുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ആകാരവും നിറവും ഏകദേശം സമാനമെന്ന് തോന്നിയിട്ടുണ്ട്. ചിന്തകള്‍ക്കും സമാനതകളേറെ.

ആറ്

കൗണ്ടറിനു മുന്നിലുള്ള ബാര്‍സ്റ്റൂളില്‍ ഇരിപ്പുറപ്പിച്ചു. മൂന്നു വശങ്ങളിലുംവിസ്മയക്കാഴ്ച്ചകള്‍. അനേകം വര്‍ണ്ണങ്ങളിലുള്ളമത്സ്യങ്ങള്‍, കടലാമകള്‍, പവിഴപ്പുറ്റുകള്‍, കടല്‍ക്കുതിര, ഞണ്ടുപോലെ തോന്നിച്ച പ്രാണികള്‍, പലയിനം ലാര്‍വകള്‍.റസ്റ്റാറന്റില്‍ അല്പംകൂടി ശുദ്ധീകരിച്ച വായുവാണ് ലഭ്യമാക്കുന്നത്. അതുകൊണ്ടായിരിക്കും ഉന്മേഷം കൂടിയതായി തോന്നുന്നത്. മലഞ്ചെരിവിലെ ശുദ്ധവായു ശ്വസിക്കുമ്പോള്‍ കിട്ടുന്ന അതേ ഉന്മേഷം.
'ഈ മീനുകളുടെ ഡിസൈനില്‍ വസ്ത്രങ്ങളിറക്കിയാലെങ്ങനെ' എന്ന് ലഹരിക.
' നല്ല പദ്ധതി തന്നെ.'
ബാര്‍മാന്‍ എന്റെയടുത്തേയ്ക്കാണ് വന്നത്. കൗണ്ടറിലിരുന്ന രണ്ടു ചെറിയ ഗ്ലാസ്സുകളിലൊന്ന് അവള്‍ എനിക്കു നേരെ നീക്കി.
'ലെമണേഡ് മതി. വിത്ത് ലോട്ട് ഓഫ് ഐസ്'ഒരു ജന്മം കൊണ്ട് കുടിക്കാവുന്നത്ര മദ്യം നാലഞ്ചു വര്‍ഷം കൊണ്ട്അകത്താക്കിയിട്ടുണ്ട്. ബാധ്യതയായാകാന്‍ തുടങ്ങിയതുകൊണ്ട് ആ ശീലം പൂര്‍ണമായും ഉപേക്ഷിച്ചു.
'ശരി. നിങ്ങളുടെ ഇഷ്ടം..എനിക്കൊരു സിംഗിള്‍ മാള്‍ട്ട്്' ഒട്ടും കൂസലില്ലാതെ ലഹരിക ഓര്‍ഡര്‍ ചെയ്തു
അവള്‍ കുറച്ചുകൂടി അലസഭാവത്തിലിരുന്നു. പ്രകോപനമാണ്. അയഞ്ഞ ടീഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് അവളുടെ വേഷം. നമ്മളവരെ ശ്രദ്ധിക്കുന്നുവെന്ന് പെണ്ണുങ്ങള്‍ക്കെങ്ങനെ മനസ്സിലാകുന്നു. അവരുടെ ദൃഷ്ടിപിന്നിലും വശത്തുമൊക്കെ എങ്ങനെയോ എത്തുന്നു.പരിണാമത്തില്‍ കിട്ടിയ കഴിവായിരിക്കാം.
ബാര്‍മാന്‍ ഒഴിച്ചുവച്ചത് അവള്‍ ഒറ്റയടിക്ക് കാലിയാക്കി.
'ഇതെന്താ നീറ്റായിട്ട്. അകം പൊള്ളത്തില്ലേ?'
'ഇതാണ് എനിക്കിഷ്ടം. ഇനിയൊരു മുതലയെ കഴിച്ചാലും ദഹിച്ചുപോകും'.
അവള്‍ രണ്ടാമതും ഓര്‍ഡര്‍ ചെയ്തു.
' പെണ്ണുങ്ങള്‍ ഇങ്ങനെ കുടിക്കുമോ'
'പിന്നല്ലാതെ. പെണ്ണുങ്ങളേ ഇങ്ങനെ കുടിക്കാറുള്ളു'രണ്ടാമത്തേതും ബോട്ടംസ് അപ്പ്.
'പെണ്ണുങ്ങളേ ഇങ്ങനെ കുടിക്കാറുള്ളു'അവള്‍ ആവര്‍ത്തിച്ചു.
'നോക്കൂ റോഹന്‍. പണ്ട്, അതായത്, 1945ല്‍ അറബിക്കടലില്‍ ശക്തമായ ഒരു വലിയൊരു ഇവെന്റ് ഉണ്ടായിട്ടുണ്ട്. പലര്‍ക്കും അത് അറിയില്ല.... 7.1 വരെ എന്നാണ് പറയുന്നത്. സീസ്മിക് ഗ്യാപ്പനുസരിച്ച് അത്തരം വലിയൊരെണ്ണം ഈ ചുറ്റുവട്ടത്ത് ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു''
' പ്രശ്‌നങ്ങള്‍ ഒഴിഞ്ഞിട്ടില്ല അല്ലേ'
'അതെ .മറ്റു ചില പ്രശ്‌നങ്ങള്‍ കൂടിഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതാണ് കുഴപ്പം പിടിച്ചത്'.
ലഹരിക ഈ വിഷയത്തില്‍ ആഴത്തിലുള്ള പഠനം നടത്തിയിട്ടുണ്ട്. അതിനാല്‍ ജലാന്തര്‍ഭാഗത്തെ പാര്‍പ്പിട സമുച്ചയത്തിനായി കമ്പനി അവളെയും കൂടെ കൂട്ടി. ലഹരികയുടെ ആശയം അവതരിപ്പിച്ച യോഗത്തില്‍ ഞാനും ഉണ്ടായിരുന്നു. പലരും അതു നടക്കാത്ത സ്വപ്നം മാത്രമെന്ന് തള്ളിക്കളഞ്ഞു. പക്ഷെ മൈനാക് അതിന്റെ സാധ്യതകള്‍ പെട്ടെന്നു മനസ്സിലാക്കി. അങ്ങനെ ബ്ലൂകോറല്‍ യാഥാര്‍ഥ്യമായി. ലഹരികയ്ക്ക് അന്താരാഷ്ട്ര പ്രശസ്തിയുമായി. പുതിയപദ്ധതി കുറച്ചുകൂടി വിപുലമായ ഒന്നാണ്.പൈലറ്റ് പ്രോജക്റ്റായി കൊച്ചിക്കു സമീപത്തുള്ള പ്രദേശമാണ് തിരഞ്ഞെടുത്തത്.പാറക്കെട്ടിനോട് ചേര്‍ന്ന് സമുദ്രത്തിന്റെ അടിത്തട്ടില്‍ അമര്‍ന്നിരിക്കുന്ന രീതിയില്‍ ഒരു ടൗണ്‍ഷിപ്പ്,' ഓഷ്യന്‍ പേള്‍'. വിജയിച്ചാല്‍ അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും.
ആ സമുച്ചയത്തിന്റെ ഹോളോഗ്രാഫിക് ഡിസൈന്‍ കണ്ടിരുന്നു.ചെറിയ ഫ്‌ളാറ്റുകള്‍, വ്യാപാരസമുച്ചയങ്ങള്‍, മിനി സ്റ്റേഡിയം, മള്‍ട്ടിപ്ലെക്‌സ്എന്നിങ്ങനെ വലിയ ഒരു ആഡംഭരകപ്പലിലേതുപോലെയുള്ള സംവിധാനങ്ങള്‍.ഇതിനായി സീഹാബിറ്റാറ്റ്ഇന്റര്‍നാഷനല്‍ എന്ന കമ്പനി രൂപീകരിച്ചു. നേരത്തേ ഹില്‍ട്ടന്റെ കാര്യത്തിലെന്ന പോലെ വിദേശനിക്ഷേപകര്‍ താത്പര്യം കാണിച്ചിരിക്കുന്നു.ആദ്യത്തെ അപേക്ഷകരില്‍ ഒരാളായതിയാല്‍ എനിക്കും കുറച്ച് ഓഹരി ലഭിച്ചു.
'റിസ്‌കുണ്ടാകും.അതില്ലാതെമുന്നേറ്റമുണ്ടാകില്ല. എനിക്ക് ഈ പ്രോജക്റ്റില്‍ നല്ല ആത്മവിശ്വാസമുണ്ട്. ഇതില്‍ പണം മുടക്കുന്ന മറ്റുസുഹൃത്തുക്കള്‍ക്കും ഉത്സാഹംമാത്രമാണുള്ളത്'. എന്തെങ്കിലും വ്യത്യസ്തമായി ചെയ്യണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഇവിടെ എത്തിപ്പെട്ടത്. ഭാവി നമുക്കു മുന്നില്‍ യാഥാര്‍ഥ്യമാകുന്നത് കാണുമ്പോഴുള്ള സന്തോഷം വലുതാണ്'. ആത്മവിശ്വാസത്തോടെഞാന്‍പറഞ്ഞത് കേട്ടിട്ട് ലഹരികയ്ക്ക് ഒരു ഭാവഭേദവുമില്ല.
'നമ്മള്‍ ഭാവിയിലേയ്ക്ക് അങ്ങനെ വെറുതേ കടക്കുകയല്ലല്ലോ, മറിച്ച് നമുക്കു വേണ്ട ഭാവി സൃഷ്ടിക്കുകയല്ലേ. അതിന് വളരെയധികംപ്രയത്‌നിക്കേണ്ടിവരും. അതെക്കുറിച്ച് നമ്മള്‍ ചിന്തിച്ചില്ലെങ്കില്‍ ഭാവിയെന്നത് നമുക്കന്യമാകും.സാധ്യമായ അനേകം ഭാവികളില്‍ നിന്നും നമുക്കനുയോജ്യമായത് തിരഞ്ഞെടുക്കുക എന്നതാണ് ചെയ്യാനുള്ളത്'ആവേശത്തോടെ ഞാന്‍ പറഞ്ഞു.
'ഞാന്‍ നിരുത്സാഹപ്പെടുത്തിയതല്ല. ഇതൊക്കെ കാശ് എന്തുചെയ്യണമെന്നറിയാത്ത ഭ്രാന്തന്‍ ബിസിനസ്സ്‌കാര്‍ക്കുള്ളതല്ലേ.കമ്പനിക്ക് ഈ പ്രോജക്റ്റ് നഷ്ടത്തിലായാല്‍ വലിയൊരു പ്രശ്‌നമുണ്ടാകില്ല. അനേകം പ്രോജക്റ്റുകളിലൊന്ന്. നഷ്ടം ഓഹരിയുടമകളുടേതുമാകും. പക്ഷെ നിങ്ങളുടെ കാര്യമാണ്'. എന്റെ മുഖത്ത് നോക്കാതെ അവള്‍ പറഞ്ഞു
'നേവിയില്‍ ഓഫീസറായത് താത്പര്യം കൊണ്ടു മാത്രമാണ്. കഠിന പരിശീലനം പൂത്തിയാക്കി അന്തര്‍വാഹിനി യൂണിറ്റില്‍ ചേര്‍ന്നു. ലോകത്തിന്റെ വിവിധയിടങ്ങളില്‍ ദൗത്യങ്ങള്‍ക്കായി പോയിട്ടുണ്ട്.വിജയിച്ചിട്ടുമുണ്ട്. അതിനാല്‍ ഒട്ടും ആശങ്കയില്ല.ഐ ആം എ ടാസ്‌ക് മാസ്റ്റര്‍'. സൈന്യത്തില്‍ പ്രവര്‍ത്തിച്ചാല്‍ അങ്ങനെയാണ്. ഏതുസമയത്തും എന്തിനെയും നേരിടാനുള്ള കഴിവ് ലഭിക്കും.
'ഓ ,അതാണല്ലേ ഇങ്ങനെ ഒന്നും സംഭവിക്കാത്തതുപോലെ ഇരിക്കുന്നത് നിങ്ങളുടെ ഇച്ഛാശക്തി എനിക്ക് വളരെ ഇഷ്ടമായി.' ഉഗ്രന്‍ എന്നര്‍ഥം വരുന്ന രീതിയില്‍ അവള്‍ പുരികമുയര്‍ത്തി .
' മറ്റൊരുകാര്യം. ഒരു അഡൈ്വസ് വേണം.ഫ്‌ളാറ്റിലെ മിക്ക മുറികളിലും എയര്‍ പ്യൂറിഫയര്‍ ഉണ്ട്. പക്ഷെ സൈഡ് ഇഫക്ട്‌സ് പ്രശ്‌നമാകുന്നു.എന്തെങ്കിലും പോംവഴിയുണ്ടോ'സിറ്റിയിലെ വായു ശ്വസിക്കാന്‍ കൊള്ളില്ല. മകന്‍ സ്ഥിരമായി ഇന്‍ഹേലര്‍ ഉപയോഗിക്കുന്നുണ്ട്. അവന്റെ ക്ലാസ്സിലെ പല കുട്ടികളും.
'മുറിയില്‍ ഓസോണ്‍ കൂടുംഅല്ലേ. അതിന് പരിഹാരമില്ല. ആസ്ത്മയ്ക്ക് വേറെ കാരണമൊന്നും വേണ്ട.അല്ലെങ്കില്‍ത്തന്നെ ഓക്‌സിജന്‍ കണ്ടെന്റ് കുറയുന്നുണ്ട്. 21 പെര്‍സെന്റ് ഇപ്പോള്‍ ഇല്ല പലയിടത്തും. ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് നേരത്തേ തന്നെ അലമുറയിട്ടു പറഞ്ഞതല്ലേ. സിറ്റി മുഴുവന്‍ കോണ്‍ക്രീറ്റ് നിറച്ചു, മരങ്ങളും ഇല്ലാതായി. വായുവിന്റെ ഘടന തന്നെ മാറി.മലിനീകരണം എന്നാല്‍ ശ്വാസകോശരോഗങ്ങള്‍ എന്നര്‍ഥം.പ്രധാനമായും കാര്‍ബണ്‍. ലങ്് കപാസിറ്റികുറയും,അധികം പടിയൊന്നും കയറാന്‍ കഴിയില്ല.ഇനിയിതൊക്കെ കൂടിക്കൂടി വരും'. ലഹരിക ആരോടെന്നില്ലാതെ അരിശംകൊണ്ടു.
'ഓഷ്യന്‍പേളിന്റെ യുഎസ്പി അതാണല്ലോ. ഹെല്‍തി ലിവിങ് അല്ലേ'മാലിന്യമൊട്ടുമില്ലാത്ത ശുദ്ധീകരിച്ച വായുവാണ് അതിന്റെ ആകര്‍ഷണം.

ഏഴ്

'മീറ്റിങ്ങ് മാറ്റിവച്ചു. കുറച്ചു നാളുകള്‍ക്കുള്ളില്‍ത്തന്നെ നടത്താം. ഇവിടെവച്ചു തന്നെ' ബിന്നിഞങ്ങളുടെ ഇടയില്‍ വന്ന് ഇരുവരുടെയും തോളില്‍ കൈവച്ച് ഒറ്റ ശ്വാസത്തില്‍ പ്രഖ്യാപിച്ചു.
'എനിക്കൊരു ഡ്രിങ്ക് പറയു.ഇതു നിന്റെ ചെലവാണ്.നിന്റെ മുന്നറിയിപ്പ് യാഥാര്‍ഥ്യമായതിന്റെ. യുവര്‍ ബിഗ്‌വിന്‍' ലഹരികയുടെ മുഖത്തിനു നേരെ ബിന്നി തംസ് അപ്പ് കാണിച്ചു.
ബാറിനു പിന്നില്‍ നിരത്തി വച്ചിരിക്കുന്ന കുപ്പികളൊന്നില്‍ ചൂണ്ടി അവള്‍ രണ്ടു ലാര്‍ജ്ജ് എന്നു കാണിച്ചു.ബിന്നി പണ്ട് തുള്ളി തൊടില്ലായിരുന്നു. ആളുകള്‍ക്ക് വരുന്ന ഓരോ മാറ്റങ്ങള്‍.കോളജില്‍വച്ച് ഒരിക്കല്‍ പോലും അവന്‍ കുടിക്കുന്നത് കണ്ടിട്ടില്ല. യൂത്ത് ഫെസ്റ്റിവലിന്റെ സമയത്ത് അവനെക്കൊണ്ട് ചാരായം കുടിപ്പിക്കാനുള്ള ശ്രമവും വിഫലമായി. ഇപ്പോള്‍ ഇതാ അവന്‍ രണ്ടു ലാര്‍ജ്ജ് പറയുന്നു. ഞാന്‍ നാരങ്ങാവെള്ളവും.
'ലഹരി മൂത്ത ലഹരിക' എന്ന് ബിന്നി.ഇപ്പോള്‍ വരാം എന്ന് ആംഗ്യം കാണിച്ച് ലഹരിക മുകളിലേയ്ക്ക് പോകാനൊരുങ്ങി.
'യോഗത്തിനുവന്ന മിക്കവരുടെയും കുടുംബങ്ങള്‍ സിറ്റിയിലെ ഹോട്ടലില്‍ തിരിച്ചെത്തി. നിന്റെ ഭാര്യയും മക്കളുമൊക്കെ സുരക്ഷിതരല്ലേ'ബിന്നിക്ക് അല്പം സമാധാനമായതു പോലെ .
'ഹേയ് അവര്‍ക്ക് കുഴപ്പമൊന്നുമില്ല. അവരൊക്കെ ഇതിലും എക്ട്രീംകണ്ടീഷന്‍സ് അനുഭവിച്ചിട്ടുണ്ട്.അവള്‍ പകുതി മിലിറ്ററിയാ ബിന്നി'
അന്തര്‍വാഹിനിയോടിക്കുന്നവനെ പ്രേമിക്കുകയും വിവാഹത്തിനു സമ്മതം മൂളുകയും ചെയ്തവള്‍ക്ക് ഇതെല്ലാം നിസ്സാരം തന്നെ. വര്‍ഷങ്ങളോളം മായ ഒറ്റയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാക്കാര്യങ്ങളും നോക്കുന്നത് അവള്‍തന്നെ. ഒപ്പം അടുത്ത പ്രൈമറിസ്‌കൂളില്‍ പഠിപ്പിക്കുകയും ചെയ്യുന്നു.
'ബിന്നി ,ഫ്‌ളാറ്റ് ഇനി ഉപയോഗിക്കാന്‍ കഴിയുമോ എന്നറിയില്ല'
ചില ഫ്‌ളാറ്റുകളുടെവശം താഴ്ന്നുപോയെന്ന വിവരം കിട്ടി.ചതുപ്പിലൊക്കെ കെട്ടിപ്പൊക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ പ്രതീക്ഷിക്കണം.
' ഓഷ്യന്‍ പേള്‍' വേഗം തുറക്കാം. എന്നിട്ട് നമുക്കവിടെ താമസമാക്കാം എന്താ ബിന്നി' അയാള്‍ക്കത് ബോധിച്ചെന്നു തോന്നുന്നു.
'ഇതു കേള്‍ക്കൂ, പ്രധാനപ്പെട്ട ഒരു കാര്യം' . ലഹരികയുടെ കണ്ണുകളുടെ ഘനം കുറഞ്ഞിരിക്കുന്നു.
'ഡോ. ഷാന്‍ബാഗിന്റെ മെസ്സേജ് വന്നിട്ടുണ്ട്. പുണെയിലെ ഗരിമാ ഷാന്‍ബാഗ്.അവരുടെ അഭിപ്രായത്തില്‍ ഈ ചുറ്റുവട്ടത്ത് ഒരു ബെല്‍ച്ചിങ്ങിനുള്ള സാധ്യതയും കാണുന്നു'അവള്‍ ഗൗരവത്തോടെ പറഞ്ഞു.
'അതെന്താണത്, ഗുണമുള്ളതു വല്ലതുമാണോ' എന്ന് ബിന്നി
'അതേയതേ, ഗുണം ഭൂമിക്കാണെന്നേയുള്ളു'
അവള്‍ ഏമ്പക്കമിടുന്നതു പോലെ അഭിനയിച്ചു.
' ഭൂമിയുടെ ഏമ്പക്കം.അതു വലുതാണെങ്കില്‍ ആകെ കുഴയും'
'വായുവില്‍ വാതകങ്ങള്‍ നിറയാന്‍ പോകുന്നു. മീഥേന്‍. എളുപ്പം നിങ്ങളുടെ ആളുകളോട് സ്ഥലംവിടാന്‍ പറയുക. നഗരത്തില്‍ നിന്നും വടക്കോ തെക്കോ ദിശയിലേയ്ക്ക് പോകാന്‍ പറയുക.ആഴക്കടലിലായിരുന്നെങ്കില്‍ വലിയ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയില്ല. പക്ഷെ ഇവിടെ തീരത്തിനടുത്ത് അതിന്റെ ലാഞ്ചന കാണുന്നു. വേഗമാകട്ടെ'ലഹരികയുടെ മുന്നറിയിപ്പ്.
'വാസ്തവമല്ലേ' ബിന്നിക്ക് വിശ്വാസം പോര.
'ഒരു കാര്യം ചെയ്യ്. ഡോ.ഷാന്‍ബാഗിന്റെ നമ്പര്‍ തരാം. നിങ്ങള്‍ തന്നെ വിളിക്ക്. ഒബ്‌സര്‍വേഷന്‍ സാറ്റ്‌ലൈറ്റില്‍ നിന്നുള്ള വിവരമാണിത്. ക്രമാതീതമായി വാതകം ഉണ്ടാകുന്നുവെന്ന് കാണുന്നു.ഞാന്‍ നേരത്തേ പറഞ്ഞില്ലേ 1945ലെ കാര്യം. അന്ന് വന്‍ തോതില്‍ മീഥേനും ഹൈഡ്രജന്‍ ഹാലൈഡുകളും ഹൈഡ്രജന്‍ സള്‍ഫൈഡും പരന്നിട്ടുണ്ട്. കടലിനുള്ളിലാണ് അന്ന് ബെല്‍ച്ചിങ്. ഉണ്ടായത്. അതില്‍ കുറച്ചംശം മാത്രം കരയ്ക്കെത്തി. കാരണം അന്ന് വ്യക്തമല്ലായിരുന്നു.ഇപ്പോള്‍ അത് ആവര്‍ത്തിക്കുന്നു.രാത്രിയില്‍ കടല്‍ഭാഗത്തേയ്ക്കായിരിക്കും അതിന്റെ ഒഴുക്ക്. എന്നാല്‍ പകല്‍ തിരിച്ചും'ലഹരികയുടെ വിശദീകരണം.
അന്തര്‍വാഹിനിയിലായിരുന്നപ്പോള്‍ കടലിന്റെ അടിത്തട്ടില്‍നിന്നും വാതകം പുറത്തുവരുന്നത് കണ്ടിട്ടുണ്ട്. ഇവിടെ അതിനുള്ള സാധ്യതയുണ്ടെന്ന് കരുതിയതേയില്ല. അര്‍ണവിനെ തിരക്കി ബിന്നി പോയി.റിസപ്ഷനിലെത്തിമായയെ വിളിച്ചു.
'മായ ഉടന്‍ നാട്ടിലേയ്ക്ക് പുറപ്പെടണം. വസ്ത്രങ്ങളും മറ്റും എടുക്കാന്‍ മിനക്കെടേണ്ട. ആനിയെ കൂടെ കൂട്ടിക്കോ' ധൃതി പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു.വീട്ടുജോലിയില്‍ സഹായിക്കാനെത്തുന്ന ആനി നല്ല തന്റേടമുള്ളവളാണ്.
'നേരം വളരെ വൈകിയല്ലോ. എന്താ കാര്യം'എന്റെ ആശങ്ക മായയ്ക്ക് മനസ്സിലായെന്നു തോന്നുന്നു.
' വിഷവാതകം പടരാനുള്ള സാധ്യത കാണുന്നു. ഇപ്പോള്‍ വിവരം പറഞ്ഞ് പാനിക് ആക്കണ്ട. അലര്‍ട്ട് വരും. ഏതായാലും നീ പുറപ്പെടുക'. മായ സംസാരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സൈറണ്‍ കേള്‍ക്കാം.

എട്ട്

അനേകം പേര്‍ക്ക് അപായമുണ്ടായെന്ന് വാര്‍ത്ത. കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണാണ് അപകടങ്ങള്‍ കൂടുതലും. സംഖ്യ ഇനിയും കൂടാനിടയുണ്ടത്രെ.ശരാശരി തീവ്രതയുള്ള ഭൂകമ്പം പോലും താങ്ങാനുള്ള ശേഷി നഗരത്തിനില്ല.ഇനിയെന്തൊക്കെ കാണാന്‍ ബാക്കിയെന്നോര്‍ത്ത് റിസപ്ഷന്‍ ഹാളില്‍ ഇരിപ്പുറപ്പിച്ചു.
'മെര്‍മെയ്ഡ് ഹോട്ടലില്‍ നിന്ന് ഒരു സ്പീഡ് ബോട്ട് വാടകയ്ക്കെടുത്തു. ആനിയും അവളുടെ മകനും കൂടെയുണ്ട്.' അല്പം കഴിഞ്ഞ് മായയുടെ സന്ദേശം.
ബോട്ടില്‍ ഒന്നൊന്നര മണിക്കൂര്‍ കൊണ്ട് നാട്ടിലെത്താം. ബോട്ടിന്റെ സാധ്യതയെക്കുറിച്ച് ഞാന്‍ ചിന്തിച്ചതേയില്ല. മുന്‍പൊരിക്കല്‍ ട്രാഫിക് രൂക്ഷമായവേളയില്‍ ബോട്ടെടുത്ത്അവളുടെ വീട്ടിലെത്തിയ കാര്യമോര്‍ത്തു. സ്ത്രീകള്‍ക്ക് പ്രായോഗിക ബുദ്ധി പുരുഷന്മാരെക്കാള്‍ കൂടുതലാണെന്ന് വീണ്ടും ബോധ്യം വന്നിരിക്കുന്നു.
ലഹരിക ഇപ്പോള്‍ ബ്ലാക്‌കോഫിയിലേയ്ക്ക് കടന്നിരിക്കുന്നു. ഒരു വലിയ മഗ്ഗ് നിറയെ കോഫി.ബിന്നിയും അവളും ഗഹനമായ ചര്‍ച്ചയിലാണ്. ഞാന്‍ മുറിയിലേയ്ക്ക് നടന്നു.
നേവികാലം അവസാനിച്ചതിന്റെ നഷ്ടബോധം വളരെ വലുതായിരുന്നു. വിഷാദത്തിന്റെ ലാഞ്ചനവരെ എത്തി കാര്യങ്ങള്‍. ഇപ്പോള്‍ പത്തിരുപതു വയസ്സ് കുറഞ്ഞതുപോലെ. നല്ല ഒരു പുതുമ തോന്നുന്നു. ഈ പ്രോജക്ടിനെക്കുറിച്ച് ചിന്തിച്ചുള്ള ഉത്സാഹമാണ് അതിനുള്ള കാരണം.മസ്തിഷ്‌കത്തിന് പുതിയ കാര്യങ്ങളാണ്ഏറെ ഇഷ്ടം എന്ന് വായിച്ചിട്ടുണ്ട്.ശത്രുരാജ്യത്തിന്റെ തൊട്ടടുത്തു വച്ച് അന്തര്‍വാഹിനിയിലെ ശൂദ്ധവായു എത്തിക്കുന്ന സംവിധാനം തകരാറിലായത് ഓര്‍മ്മവന്നു. അന്നതൊക്കെ വിജയകരമായി നേരിട്ടു. സങ്കീര്‍ണതകള്‍ സാധാരണം തന്നെ. അതൊന്നും എനിക്കു പുത്തരിയല്ലല്ലോ. അല്പനേരം വിശ്രമിക്കാമെന്ന് കരുതി കിടന്ന് മയങ്ങിപ്പോയി. ഫോണ്‍ബെല്‍ കേട്ടാണ് ഉണര്‍ന്നത്.
'നമ്മള്‍ വിചാരിച്ചതുപോലെ തന്നെ ബെല്‍ച്ചിങ് തുടങ്ങി. അഴിമുഖത്തിനടുത്ത്. രണ്ടുമണിക്കൂര്‍ കൂടികഴിഞ്ഞാല്‍ കാറ്റിന്റെ ദിശ എതിര്‍വശത്തേയ്ക്കാകും. അതിനു മുന്‍പ് സിറ്റിയിലെ എല്ലാവരെയും ഒഴിപ്പിക്കണം. വിവരമറിയിച്ചിട്ടുണ്ട്. ഞാന്‍ അങ്ങോട്ടു വരുന്നു.കതകു തുറക്കുമല്ലോ അല്ലേ' ലഹരികയാണ് അങ്ങേത്തലയ്ക്കല്‍.
ആ നഗരം എങ്ങനെയാണ്ഈ പ്രശ്‌നത്തെ നേരിടാന്‍ പോകുന്നതെന്ന് അറിയില്ല.ബെല്‍ച്ചിങ് തുടങ്ങിയകാര്യം സേതുറാമിനെയാണ് ആദ്യമറിയിച്ചത്. ബാക്കി കാര്യങ്ങള്‍ അയാള്‍ നോക്കിക്കൊള്ളും.

ഒമ്പത്

വാതിലില്‍ മുട്ടാതെ ലഹരിക കയറി വന്നു.
' ഇനി മൈക്രോട്രെമറിനു മാത്രമേ സാധ്യതയുള്ളു. ദയവായി ഒരു കോഫി പറയൂ, തലകറങ്ങുന്നു.' അവള്‍ സോഫയില്‍ ചാഞ്ഞ് കിടന്നു.
'ലഹരിക അല്പം ഉറങ്ങുന്നതാണ് നല്ലത്. പത്തുപതിനെട്ട് മണിക്കൂറായില്ലേ, തുടര്‍ച്ചയായി ഇങ്ങനെ...' കഠിനാധ്വാനിയാണ് ഈ യുവതി.
ഇങ്ങനെയും കുറച്ചു മനുഷ്യരുണ്ട്. ഏര്‍പ്പെടുന്ന സങ്കീര്‍ണമായ കാര്യങ്ങളില്‍ രാവുംപകലുംപൂര്‍ണമായുംമുഴുകിഅതു വിജയിപ്പിക്കുന്നവര്‍.ഇത്തരം പ്രവര്‍ത്തനങ്ങളാണ് പല മുന്നേറ്റങ്ങളും സാധ്യമാക്കുന്നത്.
'എന്നെ ഒന്ന് കെട്ടിപ്പിടിച്ച് കിടക്കാമോ. ഒന്നുറങ്ങാനാണ്.'
ഇവളിത് എന്തു ഭാവിച്ചാണ്. പതിയെ സോഫയില്‍ ഇരുന്ന് അവളുടെ മുഖത്തേയ്ക്ക് നോക്കി. നേരിയ പെര്‍ഫ്യൂമിന്റെ ഗന്ധം.കണ്ണുകളുടെ താഴെ കറുപ്പുനിറം തെളിഞ്ഞിരിക്കുന്നു. അവള്‍ അവ്യക്തമായി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. കമ്പിളിയെടുത്ത് അവളെ പുതച്ചു.
ഫോണില്‍ ബിന്നിയുടെ സന്ദേശം.....'അപ്രതീക്ഷിതമായ കാരണങ്ങളാല്‍ യോഗം അടുത്ത മാസത്തേയ്ക്ക് മാറ്റിവച്ചിരിക്കുന്നു. താത്കാലിക തീയതി 07/07/2047. സ്ഥലം: ഹോട്ടല്‍ ഹില്‍ട്ടണ്‍ ബ്ലൂകോറല്‍. നന്ദി...'
അടുത്തദിവസങ്ങളിലൊന്നും തിരികെ പോകാനാകുമെന്ന് തോന്നുന്നില്ല. ഓഷ്യന്‍ പേള്‍ യാഥാര്‍ഥ്യമാകുമ്പോള്‍ സുരക്ഷിതത്വത്തിനായി കുറേക്കൂടി കാര്യങ്ങള്‍ കണക്കിലെടുക്കണം. പുത്തന്‍ അനുഭവങ്ങള്‍. ഒരോ ദിവസവും പുതിയ പാഠങ്ങള്‍ പഠിക്കുന്നതു പോലെ. ചില്ലുചുവരിനപ്പുറംചെറുജീവികളും മത്സ്യങ്ങളും.വെളിച്ചം കണ്ട് അടുത്തുകൂടിയതാണവ. സുരക്ഷിതമായി വീട്ടിലെത്തി എന്ന മായയുടെ സന്ദേശവും പ്രതീക്ഷിച്ച് കിടക്കയില്‍ ചാഞ്ഞിരുന്നു.

Content Highlights: A Rajagopal Kammath, Story, mathrubhumidotcom

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented