യാസര്‍ അറഫാത്ത് എഴുതിയ നോവലെറ്റ് | 'മീന'


'നിങ്ങടെ ഉമ്മയെ ഞാന്‍ സമ്മതിച്ചിരിക്കുന്നു...അത്രമാത്രം ലിബറലായതു കൊണ്ടാവണം ഇങ്ങനെയൊരാളെ കല്യാണം കഴിച്ചത്...' 'ശരിയാണ്...ഉടലില്‍ അടിമുടി സ്‌ത്രൈണത പേറുന്ന ഒരാളെ ഒരു സ്ത്രീയ്ക്ക് എളുപ്പം ബോധിക്കണമെന്നില്ല..' തെല്ലൊരഭിമാനത്തോടെയാണ് സൈബുന്നീസ അത് പറഞ്ഞത്. സമയം വൈകുന്നതിന്റെ ആകുലത ഇപ്പോള്‍ അവളുടെ കണ്ണില്‍ നിന്ന് മാഞ്ഞുപോയിരിക്കുന്നു. അവള്‍ അപ്പോള്‍ സ്വയം വിടരുന്നതായി തോന്നി.

ചിത്രീകരണം: ശ്രീലാൽ

ഒന്ന്

പുതിയ നോവലിന്റെ അവസാന മിനുക്കു പണികളിലായിരുന്നു ഞാന്‍. എഴുത്തിലെ ഏറ്റവും ക്ലേശകരമായ പ്രവൃത്തി അതാണെന്നാണ് എന്റെ അഭിപ്രായം. മനസ്സില്‍ വരുന്നത് അതുപോലെ കടലാസിലേക്ക് പകര്‍ത്തുന്നതാണല്ലോ എഴുത്തിന്റെ ആദ്യ ഘട്ടം. പിന്നീട് അവയില്‍ അടിഞ്ഞുകൂടിയ കലര്‍പ്പുകളെ ഒഴിവാക്കാനുള്ള ശ്രമമാണ്. ആദ്യ വായനയില്‍ എഴുത്തുകാരന് അതെളുപ്പം പിടികിട്ടിയെന്നു വരില്ല. പിന്നെ കുറേ നാള്‍ എടുത്തു വക്കുന്നു. ഒരിക്കല്‍കൂടെ വായിച്ചു നോക്കുന്നു. അപ്പോഴാണ് എഴുതിവച്ചതില്‍ പാതിയും പാഴാണെന്ന് മനസ്സിലാകുന്നത്. പറഞ്ഞു വരുന്നത് എഴുത്തിനെക്കുറിച്ച് പരമ്പരാഗതമായ വിശ്വാസം വച്ചു പുലര്‍ത്തുന്ന ഒരാളാണ് ഞാന്‍ എന്നതാണ്. ഈ നോവല്‍ അല്‍പംകൂടെ നന്നാക്കിയെടുക്കാം എന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്. അവസാന ഭാഗം തുടക്കത്തിലും തുടക്കം അവസാനത്തിലേക്കും മാറ്റിവച്ചാല്‍ കുറച്ചുകൂടെ ഗഹനത ലഭിച്ചേക്കും. ഒരു പൊളിച്ചെഴുത്തിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങവേയാണ് ഫോണ്‍ പൊടുന്നനെ ശബ്ദിച്ചത്. അപ്പോള്‍ മാത്രമാണ് അത് നിശ്ചലമാക്കി വക്കാന്‍ മറന്നു പോയ കാര്യം ഓര്‍ത്തത്. ഞാന്‍ ഇരുന്നിടത്തു നിന്നും എഴുന്നേറ്റില്ല. ഒരു പ്രവൃത്തിയില്‍ മുഴുകിയിരിക്കുമ്പോള്‍ തല്‍ക്കാലം സംസാരിക്കാന്‍ സൗകര്യമില്ല. വെറുതെയിരിക്കുന്ന നേരത്ത് ആരും വിളിക്കുകയുമില്ല. തലയിണക്കടിയില്‍ നിന്ന് അത് ശബ്ദിച്ചൊടുങ്ങി.

ഫോണ്‍ വീണ്ടും കുരച്ചു. അതോടെ എനിക്ക് എഴുന്നേല്‍ക്കേണ്ടി വന്നു. സംസാരിക്കുവാന്‍ അപ്പോഴും എനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കോള്‍ കട്ട് ചെയ്ത് ഫോണ്‍ ഓഫ് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍, സ്‌ക്രീനില്‍ തെളിഞ്ഞ പേരു കണ്ടപ്പോള്‍ എന്തുകൊണ്ടോ എനിക്കതിനു കഴിഞ്ഞില്ല. ഉമയാണ്. എത്ര തിരക്കുള്ള സമയത്തു വിളിച്ചാലും അവളെ ഞാന്‍ ശ്രദ്ധിക്കാതെ പോവാറില്ല. നിയമപരമായിത്തന്നെ വേര്‍പിരിഞ്ഞെങ്കിലും അവള്‍ ഇടയ്‌ക്കെല്ലാം വിളിക്കും. വ്യത്യസ്തമായ പുസ്തകങ്ങള്‍ വായിച്ചുകഴിഞ്ഞാലോ അണിമോളുടെ പുതിയ വിശേഷങ്ങള്‍ പങ്കുവക്കാനോ ആയിരിക്കും അത്.
'നിന്റെ നോവലിലെ പള്ളക്കാരന്‍ കമ്പനിയില്ലേ... അതിലെ ഒരു കഥാപാത്രത്തെക്കുറിച്ച് ഞാനിന്നു കേള്‍ക്കാനിടയായി...ഒരു മീന...അവരൊക്കെ ശരിക്കും ഉണ്ടായിരുന്ന കഥാപാത്രങ്ങള്‍ തന്നെയാണല്ലേ?' ഫോണെടുത്തതും ഉമ ഒറ്റവീര്‍പ്പില്‍ പറഞ്ഞു. ഉമ പലപ്പോഴും അങ്ങനെയാണ്. ധൃതിപിടിച്ച വാചകങ്ങളിലൂടെയാണ് തനിക്കുള്ളിലെ കാര്യങ്ങള്‍ അവതരിപ്പിക്കുക. ഒരുപക്ഷേ, ഇത്തരം ചില ധൃതികളാണ് ഞങ്ങള്‍ക്കിടയില്‍ വിടവുകളുണ്ടാക്കിയതും..

'ശരിയാണ്...അവര്‍ വെറും കഥാപാത്രങ്ങളല്ല..'
കുംഭവെയില്‍ തെളിയുന്നതോടെയാണ് പള്ളക്കാരനും സംഘവും ഞങ്ങളുടെ നാട്ടിലേക്ക് വരാറുണ്ടായിരുന്നത്. ബെല്ലും ബ്രൈക്കുമില്ലാത്ത സൈക്കിള്‍, കനത്ത ഒച്ചയുണ്ടാക്കുന്ന ഇരുചക്ര മോട്ടോര്‍ വാഹനം, പട്ടികള്‍, പൂച്ചകള്‍, ബലൂണുകള്‍, തകരച്ചെണ്ടകള്‍... ഒരു നാടോടിക്കൂട്ടത്തെപ്പോലെയാണ് അവര്‍ പ്രത്യക്ഷപ്പെടുക. പള്ളക്കാരുടെ സംഘമെത്തിയെന്നറിഞ്ഞാല്‍ നാട്ടില്‍ പിന്നെ ഒരാഘോഷമാണ്.
അങ്ങാടിയ്ക്കു പിറകിലെ പരന്നു കിടക്കുന്ന വയലില്‍ അവര്‍ കൂടാരം കെട്ടും. തീയിട്ടുണക്കിയും കട്ടകളുടച്ചും വയല്‍ പരുവപ്പെടുത്തിയെടുക്കുകയാണ് അടുത്ത പണി. ഉറക്കെ പാട്ടുകള്‍ പാടിയാണ് അവര്‍ ഈ പണിയില്‍ ഏര്‍പ്പെടുക. രണ്ടുമൂന്നു ദിവസങ്ങള്‍ക്കകം അരങ്ങിന്റെ പണിയും തീരും. കറുത്തു തടിച്ച ഒരാളാണ് സംഘത്തിന്റെ തലവന്‍. പിന്നീടുള്ള സായാഹ്നങ്ങളില്‍ അവരുടെ കലാപരിപാടികളാണ്. റെക്കോര്‍ഡ് ഡാന്‍സും അഭ്യാസപ്രകടനങ്ങളുമെല്ലാം കാണാന്‍ നാടിന്റെ എല്ലാ ഭാഗത്തു നിന്നും ആളെത്തും.
ഭക്തി ഗാനത്തോടെയായിരിക്കും പരിപാടി ആരംഭിക്കുക. എല്ലാ മതങ്ങളിലെയും പെട്ട പാട്ടുകള്‍ അതില്‍ മുഴങ്ങിക്കേള്‍ക്കും. ശേഷം അഭ്യാസപ്രകടനങ്ങളാണ്. സംഘത്തലവനായ പള്ളക്കാരന്റെ പള്ളയ്ക്കു മുകളിലൂടെ ഇരുചക്ര വാഹനം പായിക്കല്‍, സോഡാക്കുപ്പി വിഴുങ്ങല്‍, വെറും കൈകൊണ്ട് കട്ട പൊട്ടിക്കല്‍...അഭ്യാസങ്ങള്‍ക്കൊടുവില്‍ നൃത്തരംഗങ്ങള്‍ അരങ്ങേറും. പെണ്‍വേഷം കെട്ടിയ ആണുങ്ങളുടെ ഐറ്റം ഡാന്‍സാണ് അതിലെ മുഖ്യ ആകര്‍ഷണം. അപ്പോഴേക്കും കാണികള്‍ നിറഞ്ഞിരിക്കും. വിസിലടികളും ആര്‍പ്പുവിളികളും കൊണ്ട് അന്തരീക്ഷമാകെ കലങ്ങി മറിയും. മീന, റീന, സല്‍മ...എന്നിങ്ങനെ മൂന്നുപേരുകളാണ് നടനകലാകാരന്‍മാരിലെ പ്രമുഖര്‍. ഈ ഓര്‍മകളത്രയും ഞാനെന്റെ ആദ്യ നോവലില്‍ ചേര്‍ത്തിട്ടുണ്ട്. അതാണ് ഉമ ചോദിച്ചത്. അതുകേട്ടപ്പോള്‍ എനിക്കും കൗതുകം ഉണര്‍ന്നു. വേഷ ഭൂഷാദികള്‍ അഴിച്ചുവച്ചാലും മീനയെ ഒരു സ്ത്രീയായി തന്നെ സങ്കല്‍പിക്കാന്‍ എളുപ്പമായിരുന്നു. രാവിലെ മീന തോട്ടിലേക്ക് കുളിക്കാന്‍ പോകുമ്പോള്‍ നാട്ടിലെ ചെറുപ്പക്കാര്‍ അയാളുടെ കുളിദൃശ്യം കാണാനായി ഒളിഞ്ഞെത്താറുണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. പെണ്ണുങ്ങള്‍ക്ക് ചേര്‍ന്ന ശരീര വടിവുകള്‍ അയാളില്‍ പ്രകടമായിരുന്നു.

ഇപ്പോള്‍ അതേ ആള്‍ വര്‍ഷങ്ങള്‍ക്കു ശേഷം എങ്ങനെയിരിക്കുമെന്ന വിചാരം പൊടുന്നനെ എന്നില്‍ നീറിപ്പിടിച്ചു.
'നിനക്ക് ആളെ കാണണമെന്നുണ്ടെങ്കില്‍ നാളെ അണിമോളുടെ ക്ലാസില്‍ വാ...അണിമോളുടെ കൂട്ടുകാരി ദിയയുടെ ഉപ്പൂപ്പയാണ് മീന...'
'അതെങ്ങനെ നീ അറിഞ്ഞു?'
'കഴിഞ്ഞ ദിവസം കുട്ടികളുടെ പാരന്റ്‌സിന്റെ മീറ്റിങ്ങുണ്ടായിരുന്നു. സ്‌കൂളിലെ കലോല്‍സവവുമായി ബന്ധപ്പെട്ടായിരുന്നു അത്. അപ്പോഴാണ് ഞാന്‍ സൈബുന്നീസയെ പരിചയപ്പെട്ടത്. ദിയമോളുടെ അമ്മ. സംഭാഷണത്തിനിടയില്‍ മോളെ നൃത്തം പഠിപ്പിക്കുന്നത് ഉപ്പൂപ്പയാണെന്ന് അവള്‍ യാദൃച്ഛികമായി പറയുകയുണ്ടായി. അപ്പോള്‍ ഞാന്‍ ഉപ്പൂപ്പയെക്കുറിച്ചു ചോദിച്ചു. ആ സമയമാണ് തന്റെ ഉപ്പ അഥവാ ദിയാമോളുടെ ഉപ്പൂപ്പ ഒരു നര്‍ത്തകനാണെന്ന് അവള്‍ വ്യക്തമാക്കിയത്. പഴയ കാലത്ത് നാട്ടിന്‍പുറങ്ങളില്‍ തമ്പടിച്ച് കലാപ്രകടനം നടത്തിയ സംഘത്തിനൊപ്പമായിരുന്നുവെന്നു കൂടെ സൂചിപ്പിച്ചപ്പോള്‍ ഞാന്‍ പേരു ചോദിച്ചു. മീന എന്നാണ് അരങ്ങില്‍ അറിയപ്പെടുന്നതെന്നു മാത്രം പറഞ്ഞു...'
'അപ്പോള്‍ നീ നോവലിനെക്കുറിച്ച് ഓര്‍ത്തുകാണും...'
ഞാന്‍ തോക്കില്‍കയറി വെടിപൊട്ടിച്ചു. അവള്‍ക്കത് ഇഷ്ടപ്പെട്ടില്ലെന്ന് തോന്നിച്ചു . എങ്കിലും അവള്‍ നിര്‍ത്താതെ തുടര്‍ന്നു.
'ഇങ്ങനെയൊരു നോവലുണ്ടെന്നും നോവലില്‍ ഇത്തരം കഥാപാത്രങ്ങളുണ്ടെന്നും പറഞ്ഞപ്പോള്‍ അവള്‍ക്കും കൗതുകമായി...'
'ഓ...'
'ഞാന്‍ പുസ്തകവും സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്...'
'നല്ലതുതന്നെ...അവരെ കാണാന്‍ പറ്റുമോ?'
'വഴിയുണ്ടാക്കാം...' അത്രയും പറഞ്ഞ് അവള്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചു.

രണ്ട്

പുഴവക്കില്‍ തൂണുകളില്‍ ഉയര്‍ത്തിയ എടുപ്പായിരുന്നു അത്. പുഴയില്‍ വെള്ളം കയറുമ്പോള്‍ അതിനെ ബാധിക്കാതിരിക്കാനാവണം അങ്ങനെയൊരു സംവിധാനമൊരുക്കിയത്. മാതൃകാ പഞ്ചായത്ത് കാര്യാലയം എന്ന് അതിന്റെ മുന്നില്‍ എഴുതിവച്ചിട്ടുണ്ട്. നിരത്തില്‍ നിന്ന് കാര്യാലയത്തിലേക്ക് കോണ്‍ക്രീറ്റിന്റെ ഒരു നടപ്പാതയുണ്ട്. സമയം കഴിഞ്ഞിട്ടും ചിലര്‍ പഞ്ചായത്താപ്പീസിനെ ചുറ്റിപ്പറ്റി കാത്തുനില്‍ക്കുന്നുണ്ട്. അഞ്ചുമണി കഴിഞ്ഞു കാണാമെന്നാണ് സൈബുന്നീസ പറഞ്ഞത്. അവള്‍ അവിടെ ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ്. ഞാന്‍ അര മണിക്കൂറു മുമ്പ് തന്നെ എത്തിയിരുന്നു. ഉമയാണ് ഇങ്ങനെയൊരു കൂടിക്കാഴ്ചക്ക് വഴിയൊരുക്കിത്തന്നത്. പിന്നെയും പത്തുമിനിറ്റു കഴിഞ്ഞാണ് സൈബുന്നീസ വന്നത്. വൈകിയതില്‍ അവള്‍ ക്ഷമ ചോദിച്ചു. പഞ്ചായത്താപ്പീസിന്റെ അരികിലായിത്തന്നെ കുട്ടികള്‍ക്കായി ഒരു കളിസ്ഥലമുണ്ട്. അവിടെ ചെന്നിരിക്കാമെന്നാണ് അവള്‍ പറഞ്ഞത്. 'തീര്‍ത്താലും തീരാത്ത ഒന്നാണ് പഞ്ചായത്തിലെ പണി...ഓവുചാല്‍ നിര്‍മാണം മുതല്‍ രാഷ്ട്രീയക്കാരുടെ വായ്‌നാറ്റം വരെ...'
സൈബുന്നീസ ചിരിച്ചു. മനോഹരമായി വെട്ടിയൊതുക്കിയ മുളങ്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ പാര്‍ക്കിലേക്ക് പ്രവേശിച്ചു.
ഒഴിവു ദിനമല്ലാത്തതിനാലാകണം പാര്‍ക്കില്‍ കുട്ടികള്‍ കുറവായിരുന്നു. കളിയുപകരണങ്ങളില്‍ അധികവും ഒഴിഞ്ഞു കിടന്നു. വാടിയ ദലങ്ങള്‍ അവയ്ക്കു മീതെ പൊഴിഞ്ഞു കൊണ്ടിരുന്നു.

'കുട്ടിക്കാലത്തെക്കുറിച്ചുള്ള രസകരമായ ഓര്‍മകളില്‍ ഒന്നായിരുന്നു അത്...ഞങ്ങളുടെ ആനന്ദങ്ങള്‍ക്ക് ചൂട്ടുപിടിച്ചവര്‍...'
ഞാനാണ് സംഭാഷണത്തിന് തുടക്കമിട്ടത്. വൃത്തത്തില്‍ നിര്‍മിച്ചൊരു വൃക്ഷത്തറയില്‍ സൈബുന്നീസ ഇരുന്നു. ചെറിയൊരു അകലത്തില്‍ ഞാനും ഇരിപ്പുറപ്പിച്ചു.
'എവിടെ തുടങ്ങണം എന്നെനിക്കറിയില്ല...ചിലപ്പോള്‍ ഞാന്‍ അടുക്കും ചിട്ടയുമില്ലാതെയാവും സംസാരിക്കുന്നത്...'
'ഓ.. അത് സാരമില്ല... എല്ലാവര്‍ക്കും വെടിപ്പായി ജീവിക്കാന്‍ കഴിഞ്ഞാല്‍ പിന്നെ ലോകത്തിന് വല്ല ഭാവിയുമുണ്ടോ? വലിയ ദാര്‍ശനികനെപ്പോലെ ഞാന്‍ നാവിളക്കി.
'ഞാനൊക്കെ ചെറുതായിരിക്കുമ്പോഴേ ഉപ്പ അരങ്ങില്‍ നിന്ന് ഇറങ്ങിയിരുന്നു. രണ്ടു വട്ടം സ്റ്റേജില്‍ നിന്ന് അറ്റാക്ക് വന്നു...'
സൈബുന്നീസ പതിയെ തുടങ്ങി. അപ്പോള്‍ മരത്തിനു മുകളില്‍ നിന്ന് കിളികള്‍ ചിലച്ചു. എനിക്കപ്പോള്‍ ചെറിയൊരു ആശങ്ക തോന്നി.
'കിളികള്‍ക്ക് ചിലപ്പോള്‍ ഒരു തമാശ തോന്നിയാലോ?'
'പേടിക്കേണ്ട...ഈ മരത്തിനു മുകളിലിരുന്നാല്‍ കിളികള്‍ അതെല്ലാം മറന്നു പോകും...നോക്കൂ.. ഇവിടെ എവിടെയെങ്കിലും പക്ഷിക്കാഷ്ഠങ്ങളുടെ മുദ്രകള്‍ കാണാനുണ്ടോ...'
സൈബുന്നീസയുടെ വാക്കുകളില്‍ എനിക്കത്ര വിശ്വാസം തോന്നിയില്ല. ഇടക്കിടെ മുകളിലേക്ക് കണ്ണുപായിച്ചാണ് ഞാന്‍ പിന്നീട് ഇരുന്നത്.
'ഉപ്പയും പള്ളെളേപ്പയും വലിയ ചങ്ങാതിമാരായിരുന്നു. കമ്പനി പൊളിഞ്ഞിട്ടും അവര്‍ ചങ്ങാത്തം തുടര്‍ന്നു. വയറു വീര്‍ത്തതു കൊണ്ടാണ് ഞങ്ങള്‍ പള്ളെളേപ്പ എന്നു വിളിച്ചത്. ഇടയ്ക്കിടെ ഉപ്പയെ കാണാന്‍ എളേപ്പ വീട്ടിലേക്ക് വരും. കൊലായിലിരുന്നാല്‍ രണ്ടുപേരും കുറേ നേരം ഒരുമിച്ചിരുന്ന് പഴയ കഥകള്‍ പറയും. കളിക്കാന്‍ പോയ നാടുകള്‍, പരിചയപ്പെട്ട മനുഷ്യര്‍, സൗഹൃദങ്ങള്‍...'
സൈബുന്നീസയുടെ മടിയിലേക്ക് അപ്പോള്‍ ഒരു കിളിത്തൂവല്‍ വന്നു വീണു. കുറച്ചു നേരം അതിലേക്കു തന്നെ നോക്കിയിരുന്ന് അരുമയോടെ ബാഗിലേക്കു വച്ചു. 'അവര്‍ കളിക്കാന്‍ പോയ നാടുകളെല്ലാം അവരെ എക്കാലവും ഓര്‍ക്കും'
'അങ്ങനെ ചില ഓര്‍മ്മകള്‍ ബാക്കിയാവുന്നതു കൊണ്ടാണല്ലോ ജീവിതം ജീവിതമാവുന്നത്...'
സൈബുന്നീസയുടെ മുഖം അപ്പോള്‍ പ്രകാശിക്കുന്നതു പോലെ എനിക്കു തോന്നി. എന്റെ നോട്ടം അവളെ അസ്വസ്ഥയാക്കുമോ എന്ന് ഭയന്ന് ഞാന്‍ കണ്ണുകള്‍ പിന്‍വലിച്ചു.
'രാത്രിയില്‍ നിറം വാരിയെറിയുന്ന വെളിച്ചത്തില്‍ അവര്‍ സിനിമയിലെ താരങ്ങളെപ്പോലെ നൃത്തം ചെയ്തു...എന്നാല്‍ നേരം പുലര്‍ന്നാല്‍ വെറും സാധാരണക്കാരായി അവര്‍ തോട്ടിറമ്പില്‍ തൂറാനിരിക്കും...അതും ഞങ്ങള്‍ക്കൊരു കാഴ്ചയായിരുന്നു...'
'ശരിയാണ്...അവരുടെ കഥകളില്‍ സങ്കടങ്ങളും നിറയാറുണ്ട്...'

അപ്പോള്‍ പാര്‍ക്കിലേക്ക് ഒരു കുട്ടിയെയുമെടുത്ത് ദമ്പതികള്‍ വന്നു. കുട്ടിക്ക് അധികം പ്രായമില്ലായിരുന്നു. കുട്ടി ഉറക്കെ ശബ്ദമുണ്ടാക്കി ചിരിക്കാന്‍ ശ്രമിച്ചു. അവന്റെ പ്രായത്തിനു ചേര്‍ന്ന കളിയുപകരണത്തില്‍ ദമ്പതികള്‍ അവനെയിരുത്തി.
'പള്ളെളേപ്പ എന്നല്ലാതെ മൂപ്പരുടെ പേര് ഞങ്ങള്‍ക്കറിയില്ലായിരുന്നു. തെക്കു നിന്നെങ്ങാണ്ടോ കുടിയേറിയതായിരുന്നു. എല്ലാം ഉപ്പ പറഞ്ഞ അറിവാണ് കേട്ടോ...'
സൈബുന്നീസ വേഗത്തില്‍ പറയാനാണ് ശ്രമിച്ചത്. ചെറിയൊരു ധൃതി അവളുടെ എല്ലാ ചലനത്തിലുമുണ്ട്. ജോലി കഴിഞ്ഞതിനു ശേഷമുള്ള ഇരുപ്പില്‍ അത് സ്വാഭാവികമാണെന്ന് ഞാന്‍ ചിന്തിച്ചു.
'ഉപ്പയെ കാണുന്നതിനു മുന്‍പ് നിങ്ങള്‍ ഇതെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് കരുതി...മാത്രവുമല്ല, ഉപ്പ പറയുന്നതൊന്നും നിങ്ങള്‍ക്ക് മനസ്സിലാകുകയുമില്ല...സംസാരശേഷി കഷ്ടിയാണ്...'
അതുകേട്ടപ്പോള്‍ എനിക്ക് ചെറിയൊരു ഞെട്ടല്‍ അനുഭവപ്പെട്ടു. കളി തുടങ്ങും മുമ്പേ പെണ്‍ശബ്ദത്തില്‍ ഉയരാറുണ്ടായിരുന്ന പ്രാര്‍ഥനാഗീതം. സില്‍ക്ക് സ്മിതയായും ജയഭാരതിയായും അരങ്ങിനെ കൊഴുപ്പിക്കുന്ന മീന...ഇപ്പോള്‍ ശബ്ദമില്ലാത്ത ഒരാളായി മാറിയിരിക്കുന്നു. ശബ്ദമില്ലാത്ത ഒരാള്‍ എങ്ങനെയാണ് നൃത്തം പഠിപ്പിക്കുന്നത് ? ഉമയുടെ വാചകങ്ങള്‍ മനസ്സിലോര്‍ത്തപ്പോള്‍ എന്റെ കണ്ണുകള്‍ താനേ വിടര്‍ന്നു.
'പള്ളെളേപ്പക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല...ആ സ്‌നേഹം മുഴുവനും അദ്ദേഹം ഞങ്ങള്‍ക്കു തന്നു. മിഠായിയും പലഹാരപ്പൊതിയുമൊക്കെയായാണ് എപ്പോഴും വരിക. മുതിര്‍ന്നപ്പോഴും അത് തുടര്‍ന്നു. എന്റെയും അനിയത്തിയുടെയും ഭര്‍തൃ വീടുകളില്‍ വരെ വന്നിട്ടുണ്ട്.. '
'ഇന്നത്തെക്കാലത്ത് ഇതെല്ലാം വലിയ അല്‍ഭുതമാണ്...'
'പക്ഷേ, എളേപ്പയുടെ ദാമ്പത്യം വലിയ പരാജയമായിരുന്നു...'
ഞാന്‍ ചോദ്യഭാവത്തില്‍ സൈബുന്നീസയെ നോക്കി. അവളുടെ കണ്ണുകള്‍ വേഗത്തില്‍ അടയുകയും തുറക്കുകയും ചെയ്യുന്നു. മനസ്സിനുള്ളിലെ ധൃതി കണ്‍പീലികളില്‍ പ്രതിഫലിക്കുന്നതാവാം.
'കഴുത്തില്‍ താലി കെട്ടുന്ന സമയമാണ് ആ സംഗതി ബോധ്യമായത്...ആ ചേച്ചി നിലവിളക്ക് എടുത്തെറിഞ്ഞു. മുന്നില്‍ കണ്ടതെല്ലാം തട്ടിത്തെറിപ്പിച്ചു. ശരിക്കും ഭ്രാന്തായിരുന്നു...എന്നിട്ടും പള്ളെളേപ്പ അവള്‍ തന്നെ മതിയെന്ന് പറഞ്ഞു. പിന്നീടുള്ള അവരുടെ ജീവിതത്തിലുടനീളം ഇടയ്ക്കിടെ ഉന്‍മാദം ഉഗ്രതയോടെ പത്തിവിടര്‍ത്തി...'

പാര്‍ക്കിലേക്ക് കുട്ടികളുടെ ചെറിയൊരു സംഘം കടന്നു വന്നു. അവരെല്ലാം ഒരേ പ്രായക്കാരാണെന്ന് തോന്നിച്ചു. ചിലര്‍ മരച്ചുവട്ടിലിരിക്കുന്ന ഞങ്ങളുടെ നേരെ കണ്ണിറുക്കി.
'ഞാന്‍ ഇപ്പറയുന്നതെല്ലാം നിങ്ങള്‍ കഥയാക്കുമായിരിക്കും...ഞാന്‍ എഴുതേണ്ട എന്നു പറഞ്ഞാലും നിങ്ങളതു ചെയ്തിരിക്കും...ഒരിക്കലും നിങ്ങള്‍ അവരുടെ യഥാര്‍ഥ പേര് എവിടെയും വെളിപ്പെടുത്തരുത്...'
സൈബുന്നീസ മുഖത്ത് ഗൗരവം വരുത്തി എന്നെ നോക്കി.
'ഇല്ല...മറ്റുള്ളവര്‍ക്ക് ഇഷ്ടമില്ലാത്തതൊന്നും ഞാന്‍ എഴുതാറില്ലല്ലോ...പിന്നെ ഇതെല്ലാം ഒരു കൗതുകം കൊണ്ട് അന്വേഷിക്കുകയാണ്...എന്റെ കുട്ടിക്കാലത്തും കൗമാരത്തിലുമെല്ലാം കണ്ട ആ മനുഷ്യര്‍ ഇപ്പോള്‍ എങ്ങനെയിരിക്കും എന്നറിയാന്‍ ആഗ്രഹമുണ്ടായിരുന്നു...അതുകൊണ്ടാണ് നിങ്ങളെ ബുദ്ധിമുട്ടിക്കേണ്ടി വന്നത്....'
'പത്മേടത്തി വീടിനു ചുറ്റും മണ്ടി നടക്കുന്നത് നാട്ടുകാരെല്ലാം ഹരത്തോടെയാണ് നോക്കിക്കണ്ടത്...അവരെ പിടിച്ചുകെട്ടാനായി ഓടിനടക്കുന്ന പള്ളെളേപ്പയുടെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്..'
'ഓ...'
'പള്ളെളേപ്പേടെ ആയുസ്സ് തീര്‍ന്നപ്പോള്‍ ശരിക്കും ആ സ്ത്രീ ഒറ്റക്കായി. അവരുടെ കാര്യം നോക്കാന്‍ ഒരു സ്ത്രീയെ ഉപ്പ നിയമിച്ചിരുന്നു. ഉമ്മ ഗള്‍ഫില്‍ നിന്ന് അയക്കുന്ന പണം കൊണ്ടാണ് അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നത്. വീട്ടില്‍ വന്നാല്‍ ഉപ്പ എന്നെ ആ വീട്ടിലേക്ക് പറഞ്ഞയക്കും. കുറച്ചു നേരം അവരുടെ അടുത്തിരിക്കാന്നൊക്കെ നിര്‍ബന്ധിക്കും'
'ഇതൊക്കെ ഇക്കാലത്ത് അവിശ്വസനീയമായിത്തോന്നാം...'
'അതായിരുന്നു അവരു തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം...'
പാര്‍ക്കില്‍ കുട്ടികളുടെ ബഹളം ഏറി വന്നു. സംസാരിച്ചിരിക്കുന്നതിന് ശല്യമാകുമോയെന്ന് ഒരുവേള ഞാന്‍ സംശയിച്ചു. എങ്കിലും സൈബുന്നീസ വീണ്ടും സംസാരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു...
' ഉമ്മ ഏറെക്കാലം വിദേശത്തായിരുന്നു. ഉമ്മയുടെ വിയര്‍പ്പാണ് ഞങ്ങളുടെ കുടുംബം നിലനിര്‍ത്തിയിരുന്നത്...അതിരിക്കട്ടെ, പത്മേടത്തിയുടെ കഥയിലേക്ക് തന്നെ വരാം...'

സൈബുന്നീസ അല്‍പ നേരം മിണ്ടാതിരുന്നു. ബാഗില്‍ നിന്ന് വെള്ളക്കുപ്പിയെടുത്ത് ഏതാനും കവിള്‍ കുടിച്ചു.
'ഒരു ദിവസം പത്മേടത്തിയുടെ ബന്ധുക്കളാണെന്ന് പറഞ്ഞ് കുറച്ചുപേര്‍ വന്നു. അത്തരം ബന്ധുക്കളുള്ള കാര്യം ഞങ്ങള്‍ ആദ്യമായി അറിയുകയായിരുന്നു. വലിയ ബന്ധുബലമുള്ളവരായിരുന്നില്ല എന്നാണ് അക്കാലമത്രയും ഞങ്ങള്‍ അവരെക്കുറിച്ച് ധരിച്ചിരുന്നത്....'
മുകളില്‍ നിന്ന് അന്നേരം ഒരു കിളിത്തൂവല്‍ സൈബുന്നീസയുടെ മടിയിലേക്ക് വീണു. ആരെയും ആകര്‍ഷിക്കുവാന്‍ പോന്ന വശ്യത അതിനുണ്ടായിരുന്നു. ഏറെ കരുതലോടെ അവള്‍ തൂവല്‍ ബാഗിലേക്ക് വച്ചു.
' ബന്ധുക്കളാണെന്നും പറഞ്ഞെത്തിയവര്‍ ഏറെയൊന്നും പറഞ്ഞില്ല. ആ വീട്ടില്‍ ഇനിയാരും കയറരുത്...തിന്നാനുള്ളതൊക്കെ ഞങ്ങടെ ആള്‍ക്കാര്‍ തന്നെ ഏര്‍പ്പാടാക്കിക്കൊള്ളും...'
'ഞങ്ങടെ ആള്‍ക്കാര്‍?'
'അതാണ് രസം. ഒരു മുന്‍പരിചയവുമില്ലാത്തവര്‍ ഞങ്ങള്‍ക്കിടയില്‍ മതിലു കെട്ടുകയായിരുന്നു... ഞങ്ങള്‍ പിന്നീട് അവരുടെ വീട്ടില്‍ പോയില്ല... അവിടെ പണിക്കു നിര്‍ത്തിയിരുന്ന സ്ത്രീയെ അവര്‍ പറഞ്ഞു വിടുകയും ചെയ്തു... '
പുഴയില്‍ നിന്ന് കാറ്റുവീശി. മുളങ്കൂട്ടങ്ങള്‍ ഉലഞ്ഞു. പാര്‍ക്കിലെ ഒഴിഞ്ഞ ഊഞ്ഞാലകള്‍ താനെ ആടി. ചുറ്റും ഇലകളുടെ മര്‍മരങ്ങളായി...
'അവര് പത്മേടത്തിയെ വീട്ടിനുള്ളില്‍ തന്നെ പൂട്ടിയിട്ടു. സമയമാകുമ്പോള്‍ ഭക്ഷണപ്പൊതിയുമായി വന്ന് അകത്തേക്കെറിഞ്ഞു കൊടുക്കും. മറ്റു നോട്ടമോ അന്വേഷണമോ ഇല്ല...'
'വല്ലാത്ത മനുഷ്യര്‍...ശരിക്കും അവരുടെ ബന്ധുക്കള്‍ തന്നെയായിരുന്നോ?'
'ഞങ്ങള്‍ക്കറിയില്ല...'

മൂന്ന്

'നിങ്ങടെ ഉമ്മയെ ഞാന്‍ സമ്മതിച്ചിരിക്കുന്നു...അത്രമാത്രം ലിബറലായതു കൊണ്ടാവണം ഇങ്ങനെയൊരാളെ കല്യാണം കഴിച്ചത്...'
'ശരിയാണ്...ഉടലില്‍ അടിമുടി സ്‌ത്രൈണത പേറുന്ന ഒരാളെ ഒരു സ്ത്രീയ്ക്ക് എളുപ്പം ബോധിക്കണമെന്നില്ല..'
തെല്ലൊരഭിമാനത്തോടെയാണ് സൈബുന്നീസ അത് പറഞ്ഞത്. സമയം വൈകുന്നതിന്റെ ആകുലത ഇപ്പോള്‍ അവളുടെ കണ്ണില്‍ നിന്ന് മാഞ്ഞുപോയിരിക്കുന്നു. അവള്‍ അപ്പോള്‍ സ്വയം വിടരുന്നതായി തോന്നി.
'ഉമ്മയുടെ വിയര്‍പ്പാണ് ഞങ്ങളെ വളര്‍ത്തിയതെന്ന് പറഞ്ഞല്ലോ...ഉപ്പയ്ക്കും ഉമ്മക്കുമിടയില്‍ വലിയ സ്‌നേഹമായിരുന്നു. കല്യാണം കഴിഞ്ഞ നാളുകളില്‍ പോലും ഉപ്പ നൃത്തം ചെയ്യാന്‍ പോയിരുന്നു. ഉപ്പയുടെ കളി കാണാന്‍ മുന്‍നിരയില്‍തന്നെ ഉമ്മയും ഉണ്ടായിരിക്കും. ഒരിക്കല്‍ നടനത്തിനിടെ വേദന വന്നപ്പോഴാണ് എല്ലാം പിഴച്ചത്. അതിനുശേഷം ഡോക്ടര്‍മാര്‍ ഭാരിച്ച ജോലി ചെയ്യുന്നതില്‍ നിന്ന് ഉപ്പയെ വിലക്കി. വിലക്കുകളെ അവഗണിച്ച് ഉപ്പ വീണ്ടും കളിത്തട്ടിലേക്കിറങ്ങി. നൃത്തം എന്നാല്‍ അദ്ദേഹത്തിന് ആത്മാവിന്റെ ഭാഗം തന്നെയായിരുന്നു... '
മരം മുഴുവനും കിളികള്‍ പൊതിഞ്ഞു. അവയുടെ ശബ്ദം വീണ്ടും പെരുകി. സൈബുന്നീസ നിര്‍ത്തിയില്ല.
'പിന്നെയും ഉപ്പയുടെ നെഞ്ചിനുള്ളില്‍ സ്‌ഫോടനങ്ങളുണ്ടായി. ഡോക്ടര്‍ നൃത്തം കര്‍ശനമായി വിലക്കി. ഞാനൊക്കെ അന്ന് വളരെ ചെറുപ്പമാണ്. ആയിടെ ഉമ്മയുടെ ആങ്ങള വീട്ടുജോലിക്കെന്നും പറഞ്ഞ് ഒരു വിസയുമായി വന്നു. ഉമ്മ മടിച്ചില്ല. അവര്‍ മണലാരണ്യങ്ങളിലേക്ക് പറന്നു. കുടുംബ ഭാരം ഉമ്മ ഏറ്റെടുക്കുകയായിരുന്നു. ഉപ്പയാണ് പിന്നീട് ഞങ്ങള്‍ക്ക് ഉമ്മയായത്...'
'വലിയൊരു കഥ തന്നെ...

നാല്

പാര്‍ക്കില്‍ നിന്ന് കുട്ടികള്‍ മടങ്ങാന്‍ തുടങ്ങി. വരുമ്പോഴുണ്ടായിരുന്ന ഉല്‍സാഹമൊന്നും അവരിലുണ്ടായിരുന്നില്ല. തല താഴ്ത്തി വളരെ സാവധാനത്തിലാണ് അവര്‍ നടന്നത്. അന്തരീക്ഷം ഇരുളാന്‍ തുടങ്ങിയിരുന്നു.
'സമയം വൈകിയോ?' ഞാന്‍ അല്‍പം ആശങ്കയോടെയാണ് ചോദിച്ചത്. കഥ കേട്ടിരിക്കുന്നതിനിടയില്‍ നേരം പോകുന്നതറിഞ്ഞില്ല.
'ഉം...' സൈബുന്നീസ മൂളി.
'എന്നാല്‍ നമുക്ക് പിന്നെ സംസാരിക്കാം...'
'ഏതായാലും വൈകി...ഒരു സംഭവം കൂടെ പറഞ്ഞ് നമുക്കവസാനിപ്പിക്കാം...'
'ഞാന്‍ പിടിച്ചു വക്കുന്നില്ല...'
സൈബുന്നീസയുടെ ഫോണ്‍ ശബ്ദിച്ചു. അവള്‍ പക്ഷേ, അതെടുത്തില്ല.
'ഉപ്പയുടെ നേരം പോക്കിനായി ഉമ്മ ഒരു കട വച്ചു കൊടുത്തിരുന്നു. അധികം സാധനങ്ങളൊന്നുമില്ല. മിഠായികള്‍, അത്യാവശ്യത്തിനുള്ള പച്ചക്കറികള്‍, പലചരക്ക് സാധനങ്ങള്‍...എല്ലാവരും എല്ലാം വാങ്ങിക്കൊണ്ടുപോവും. പക്ഷേ, മുഴുവനും കടമായിട്ടായിരിക്കും. പറഞ്ഞ അവധി കഴിഞ്ഞാലും ഉപ്പ തിരികെ ചോദിക്കില്ല. അധികം വൈകാതെ കടയും പൂട്ടി...'
'കച്ചവടമറിയാത്തവരാണ് യഥാര്‍ഥ കലാകാരന്‍മാര്‍...'
സൈബുന്നീസയുടെ ഫോണ്‍ പിന്നെയും ശബ്ദിച്ചു. അവള്‍ ഒരിക്കല്‍ കൂടെ അത് നിശബ്ദമാക്കി വച്ചു.
'നോക്കൂ...ഇതാണ് ഇപ്പോള്‍ ഉപ്പയുടെ രൂപം...' അവള്‍ ഫോണില്‍ നിന്ന് ഫോട്ടോ ചികഞ്ഞെടുത്ത് എനിക്ക് നേരെ നീട്ടി.
ഒരു നിമിഷം ഞാന്‍ സ്തംഭിച്ചു പോയി. വെള്ളത്തലമുടി, ചുളിവേറിയ കവിള്‍, ഉള്ളിലോട്ട് കുഴിഞ്ഞ കണ്ണുകള്‍...ഞാന്‍ ആ പഴയ മീനയെ എവിടെയെല്ലാമോ തിരക്കി. അരങ്ങിനെ ആവേശത്തിലാറാടിച്ച മാദകമായ അഴകെല്ലാം എവിടെ?
'ഉപ്പയുടെ ശരിക്കുമുള്ള പേര് അബൂബക്കര്‍ എന്നാണ്...'
'അബൂബക്കര്‍?'
'അതെ...'
'എനിക്കെന്നും മീനയാണ്...ഇനി എന്റെ നാട്ടുകാര്‍ക്കും അങ്ങനെയായിരിക്കും...എന്റെ നോവല്‍ വായിച്ച നാട്ടുകാരില്‍ ചിലര്‍ മീനയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞിരുന്നു...'
'ആ കഥകളെക്കുറിച്ച് എനിക്കൂഹിക്കാന്‍ കഴിയുന്നുണ്ട്...'
ഞാന്‍ പിന്നീട് ഒന്നും പറഞ്ഞില്ല. എന്തോ ഓര്‍ത്തിട്ടെന്ന വണ്ണം അവള്‍ തുടര്‍ന്നു.
'പത്മേടത്തിയെ വീട്ടിലടച്ചിട്ട വിവരം ആരോ സാമൂഹ്യക്ഷേമ വകുപ്പിനെ അറിയിച്ചു. പൂട്ടുപൊളിച്ച് വീട്ടില്‍ കയറി അവര്‍ ഏടത്തിയെ സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. കൊണ്ടുപോയതിനു ശേഷമാണ് ഞാനൊക്കെ അറിഞ്ഞത്. എന്നാല്‍ ഇതിനു പിറകില്‍ ഞങ്ങളാണെന്ന് പറഞ്ഞ് അവരുടെ ആ ബന്ധുക്കള്‍ ഉപദ്രവിക്കാന്‍ വന്നു...'
'ഓ...' പിന്നീട് കുറച്ചു നേരത്തേക്ക് ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. പുഴയുടെ മീതെ നക്ഷത്രപ്പൊട്ടുകള്‍ തെളിയാന്‍ തുടങ്ങി.
'എനിക്ക് നിങ്ങളുടെ ഉപ്പയെ നേരില്‍ കാണണമെന്നുണ്ട്...'
'വരുന്നതില്‍ കുഴപ്പമൊന്നുമില്ല...ഞാന്‍ പറഞ്ഞല്ലോ ഇപ്പോള്‍ ഒന്നും സംസാരിക്കാന്‍ വയ്യ...ആകെ ചെയ്യുന്നത് ചില മുദ്രകള്‍ കാണിക്കുക എന്നതു മാത്രമാണ്... അതിലൂടെയാണ് ആശയവിനിമയം പോലും. എന്റെ മകള്‍ക്ക് നൃത്തത്തിലെ ചില സ്‌റ്റെപ്‌സുകള്‍ ഇടയ്ക്ക് കാണിച്ചു കൊടുക്കും...'
'പഴയകാലത്തിന്റെ ഓര്‍മകളായിരിക്കണം...' ഞാന്‍ ഇരുന്നിടത്തു നിന്നും പൊന്തി. അതിനു പിറകെ സൈബുന്നീസയും എഴുന്നേറ്റു.
'എനിക്ക് അവധിയുള്ള ഒരു ദിവസം വരൂ...എന്നാല്‍ കുറച്ചുനേരം നമുക്ക് വീട്ടില്‍ ഉപ്പയ്‌ക്കൊപ്പം ഇരിക്കാം...'
'തീര്‍ച്ചയായും വരും...'
ഞങ്ങള്‍ പതുക്കെ തിരിച്ചു നടക്കാന്‍ തുടങ്ങി

അഞ്ച്

അതിരാവിലെ എഴുന്നേല്‍ക്കുക എന്നതായിരുന്നു എന്റെ ശീലം. എത്ര തണുപ്പായിരുന്നാലും ഞാന്‍ ശീലം തെറ്റിക്കാറില്ല. പല്ലുതേപ്പു കഴിഞ്ഞ ഉടനെ കട്ടന്‍ ചായ അകത്താക്കണം. ചായയുടെ ചൂട് അന്നനാളത്തില്‍ തട്ടിയാല്‍ പിന്നെ ഉള്ളില്‍ നിന്ന് ചില അപശബ്ദങ്ങള്‍ പുറപ്പെടുകയായി. കേട്ടുനില്‍ക്കുന്നവര്‍ക്കെല്ലാം അരോചകമായേക്കാവുന്ന ശബ്ദമായിരുന്നു അത്. പിന്നീട് ടോയ്‌ലെറ്റിലെ ഗുസ്തിമല്‍സരം. മല്‍സരത്തിനിടയില്‍ ചില കഥാപാത്രങ്ങള്‍ മുന്നിലേക്കു വരും. അവരുമായി ഒരു താത്വിക വിശകലനം നടത്തി കുറച്ചു നേരം കൂടെ അങ്ങനെയിരിക്കും. എല്ലാം തീര്‍പ്പാക്കിയതിനു ശേഷം ആശ്വാസത്തോടെ പുറത്തിറങ്ങും.
പിന്നെ വീട്ടില്‍ നിന്നിറങ്ങി ഒരു നടത്തമാണ്. കുത്തനെയുള്ള കയറ്റവും ഇറക്കവും ഇറങ്ങി വരുമ്പോഴേക്കും ശരീരമാകെ വിയര്‍പ്പില്‍ കുളിച്ചിരിക്കും. ഞാന്‍ നടക്കാനിറങ്ങുന്ന നേരത്തൊന്നും റോഡില്‍ ഒരു മനുഷ്യനുമുണ്ടാകില്ല. കുറേ പട്ടികളെയും ഇടയ്ക്ക് ചില കുറുക്കന്‍മാരെയും കാണാറുണ്ട്. എന്നാല്‍ അവരൊന്നും എന്നെ ഇതു വരെ ഉപദ്രവിച്ചിട്ടില്ല.
'ഓരിയിടല്‍ ഒന്ന് നിര്‍ത്തെടാ തെണ്ടീ... മഹാനായ നോവലിസ്റ്റ് നടന്നു പോകുന്നതു കണ്ടില്ലേ?' എന്ന് പട്ടികള്‍ പരസ്പരം പറയുന്നതും കേള്‍ക്കാം.
ഇന്ന് പക്ഷേ, ഞാനാദ്യമായി ഒരു മനുഷ്യനെ എന്റെ പ്രഭാത നടത്തത്തിനിടയില്‍ കണ്ടുമുട്ടി. കയറ്റം കയറിയതിനു ശേഷമുള്ള വളവില്‍ ഒരു വീടുണ്ട്. ബ്രാ വേണു എന്നും തരികിട വേണു എന്നുമൊക്കെ അറിയപ്പെടുന്ന വേണുവേട്ടന്റെ വീടാണ് അത്. വീടിനു മുന്നിലെ മരക്കൊമ്പില്‍ വെളിച്ചമുള്ള ബള്‍ബ് തൂക്കിയിട്ടുണ്ട്. സാധാരണ അതാ സമയത്ത് തെളിയാറില്ല.
ഞാനധികം സംശയിച്ചു നിന്നില്ല. അല്‍പംകൂടെ മുന്നോട്ടു പോയപ്പോള്‍ പഞ്ചായത്ത് ആപ്പീസിന്റെ മതിലില്‍ ആരോ പോസ്റ്റര്‍ പതിക്കുന്നത് കണ്ടു. ആപ്പീസിനു മുന്നില്‍ പുതുതായി സ്ഥാപിച്ച വൈദ്യുതി വിളക്കില്‍ എല്ലാം വ്യക്തമായിരുന്നു. വേണുവേട്ടന്‍...ബ്രാ വേണു. എന്നെ കണ്ടപ്പോള്‍ അയാള്‍ അല്‍പമൊന്നു പരുങ്ങി.
വേണുവേട്ടന് അഭിനന്ദനമറിയിച്ചുകൊണ്ടുള്ള റസിഡന്റ് അസോസിയേഷന്റെ പോസ്റ്ററാണ് അത്. കൊള്ളാം തന്നെ ആദരിക്കുന്ന നോട്ടീസ് താന്‍ തന്നെ എഴുതിയുണ്ടാക്കുക.
'അസോസിയേഷന്റെ കൂട്ടായ തീരുമാനമാണ്. പിന്നെ ഇങ്ങനെയുള്ള പരിപാടിക്കൊന്നും ഇപ്പോ ആളെ കിട്ടില്ലല്ലോ...ഉത്തരവാദപ്പെട്ടൊരു ഭാരവാഹിയാകയാല്‍ എനിക്കിതില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലല്ലോ...' വേണുവേട്ടന്‍ ന്യായീകരിക്കാന്‍ ശ്രമിച്ചു. ഞാന്‍ ഒന്നും പറയാന്‍ തുനിഞ്ഞില്ല.
ഇരുപത്തിയയ്യായിരം രൂപ കൊടുത്ത് വേണുവേട്ടന്‍ തന്നെ സംഘടിപ്പിച്ചതാണ് ആ അവാര്‍ഡെന്ന് നാട്ടിലെ ചിലര്‍ അടക്കം പറയുന്നുണ്ട്. പെണ്ണുങ്ങളുടെ അടിവസ്ത്രം തുന്നിയുണ്ടാക്കുന്ന ഒരു കമ്പനിയിലായിരുന്നു അയാള്‍ക്ക് ജോലി. ആ ജോലിയില്‍ അയാള്‍ക്ക് വളരെ ആത്മാര്‍ഥതയുണ്ടായിരുന്നു. പത്തുനാല്‍പതു കൊല്ലം ഒരവധി പോലുമെടുക്കാതെ അയാള്‍ ആ പണി ചെയ്തു. പക്ഷേ, നാട്ടുകാര്‍ മൊത്തം അയാളെ ബ്രാ എന്ന് മുന്‍പേര് കൂട്ടിയേ വിളിക്കാറുള്ളൂ. വേണുവേട്ടന് അതില്‍ പരാതിയൊന്നുമുണ്ടായിരുന്നില്ല. മാത്രവുമല്ല കുറച്ചൊക്കെ അഭിമാനത്തോടെയാണ് തന്റെ തൊഴിലിനെക്കുറിച്ച് സംസാരിച്ചിരുന്നതും.
' ഞാന്‍ തുന്നിയ ജെട്ടിയുമിട്ട് കളിച്ചതോണ്ടാ അവളുക്ക് ദേശീയ അവാര്‍ഡ് വരെ കിട്ടിയത്...' എന്ന് ചില സിനിമാ താരങ്ങളെക്കുറിച്ച് അയാള്‍ ഇടയ്ക്കിടെ പറയാറുമുണ്ട്. ജോലിയില്‍ നിന്ന് പിരിഞ്ഞതിനു ശേഷമാണ് അയാള്‍ക്ക് അതൊരു ഭാരമാണെന്ന് മനസ്സിലായത്. ആ പേരു കൊണ്ടു മാത്രം മകളുടെ മൂന്ന് കല്യാണാലോചനകള്‍ മുടങ്ങി. പേരുദോഷം മാറ്റാന്‍ മൂപ്പര് കണ്ട വഴിയായിരുന്നു എഴുത്ത്.
സിനിമാ ലേഖനങ്ങളാണ് എഴുതിയിരുന്നത്. മഹാന്‍ വേണു എന്നായിരുന്നു എഴുത്തു നാമം. അവിടെ നിന്നും ഇവിടെ നിന്നും വെട്ടിയെടുത്ത ഗോസിപ്പുകള്‍ മാത്രമാണ് അവയെന്നാണ് ദോഷൈകദൃക്കുകളായ ചില പ്രാദേശിക നിരൂപകര്‍ പറയുന്നത്. അത്തരമൊന്നിനാണ് ഇപ്പോള്‍ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
'നമ്മുടെ നാട്ടില്‍ നിന്നൊരാള്‍ക്ക് അവാര്‍ഡൊക്കെ കിട്ടുകയെന്നത് ചില്ലറ കാര്യമാണോ? ആളുകള്‍ക്കതിന്റെ വില മനസ്സിലായിട്ടില്ല.. '
വേണുവേട്ടന്‍ മനോഹരമായൊന്നു ചിരിച്ചു.
' ശരിയാണ്...' ഞാന്‍ മൂപ്പരെ ഒന്ന് പൊക്കിപ്പിടിച്ചു. അതയാള്‍ക്കൊരു പ്രോല്‍സാഹനമായി.
' ശരിക്കും നാട്ടുകാര് മൊത്തം ചേര്‍ന്നൊരു കമ്മിറ്റിയുണ്ടാക്കി വലിയൊരു വേദിയില്‍ വച്ച് ആദരിക്കുകയാണ് വേണ്ടത്. ആള് ഞാനായത് കൊണ്ട് പറയുകയല്ല. ഇത് നാടിനു കിട്ടുന്ന ബഹുമതിയല്ലേ?'
'അതെ... അതെ... ' ഞാന്‍ വീണ്ടും അയാളെ ഒന്നു താങ്ങി.
'പിന്നെ നിങ്ങളുടെ ആ നോവല് ഞാന്‍ വായിച്ചു..ട്ടോ...'
വേണുവേട്ടന്‍ എന്തോ ആലോചിച്ചിട്ടെന്ന പോലെ പറഞ്ഞു. അതു കേട്ടപ്പോള്‍ അയാളോട് എനിക്ക് അല്‍പം മമത തോന്നി. അല്‍പത്തരം നിറഞ്ഞ മനുഷ്യനാണെന്നാണ് അയാളെക്കുറിച്ച് ഞാനിതു വരെ കരുതിയിരുന്നത്.
'ഹാ...സന്തോഷം...' ഞാന്‍ അയാള്‍ക്കു മുന്നില്‍ വിനയാന്വിതനായി.
'ഉഷാറായിട്ട്ണ്ട്...'
'താങ്ക്യൂ...'
'പിന്നെ അതില് പണ്ടത്തെ സൈക്കിള്‍ യജ്ഞക്കാരെക്കുറിച്ചൊക്കെ പറയുന്നുണ്ടല്ലോ...പള്ളക്കാരന്‍, മീന, കുരിപ്പ്...'
'അതെല്ലാം നമ്മുടെ നാടിന്റെ ഓര്‍മകളല്ലേ...'
'അവരുടെ ജീവിതമെല്ലാം മനോഹരമായി അവതരിപ്പിച്ചു...അതിലെ മീനയ്ക്കുള്ള ബ്രായും ജെട്ടിയുമൊക്കെ തുന്നിക്കൊടുത്തിരുന്നത് ഞാനാണ്...പഞ്ഞിയൊക്കെയിട്ട് ഒരു പ്രത്യേക രീതിയിലാണ് അതിന്റെ നിര്‍മാണം...'
'ഓഹോ...ഞാന്‍ കഴിഞ്ഞ ദിവസം മീനയുടെ മകളുമായി സംസാരിച്ചതേയുള്ളൂ...അബൂബക്കര്‍ എന്നാണ് അയാളുടെ ശരിക്കുമുള്ള പേര്...'
'അതെ...എനിക്കറിയാം... സ്റ്റേജില്‍ കേറിയാ പിന്നെ സില്‍ക്കിനേക്കാളും വലിയ സില്‍ക്കാ... ജയഭാരതിയേക്കാളും വലിയ ഭാരതിയാണ്...' വേണുവേട്ടന്‍ ഉറക്കെ ചിരിച്ചു. അപ്പോള്‍ തികച്ചും ജുഗുപ്‌സാവഹമായ ഒരു ശബ്ദം അയാളുടെ പിറകില്‍ നിന്നു കേട്ടു. ആ മുഖത്തെ വൈക്ലബ്യം എനിക്ക് മനസ്സിലായി. അത് തിരിച്ചറിഞ്ഞ് ഞാന്‍ അവസരോചിതമായി ഇടപെട്ടു.
'ഞാന്‍ രാവിലെ നടക്കാനിറങ്ങിയതാണ്...'
'ഓ...എന്നാല്‍ ശരി...പിന്നെ കാണാം...' അതും പറഞ്ഞ് വേണുവേട്ടന്‍ മുന്നോട്ട് നടക്കാന്‍ തുടങ്ങി. രണ്ടടി മുന്നോട്ട് നടന്ന് പെട്ടെന്നു തന്നെ നിന്നു.
'പിന്നെ...ഈ പോസ്റ്റര്‍ പതിച്ചത് ഞാനാണെന്ന് ആരോടും പറയരുതേ...'
'ഇല്ല...ഇതൊന്നും ആരും അറിയാന്‍ പോകുന്നില്ല...'
ഞാന്‍ തലകുലുക്കി.

ആറ്

അഞ്ചെട്ടു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. സൈബുന്നീസയെ രണ്ടു തവണ വിളിച്ചെങ്കിലും അവള്‍ ഫോണ്‍ എടുത്തില്ല. തിരിച്ചു വിളിച്ചതുമില്ല. എന്താണ് സംഭവിച്ചതെന്നറിയാതെ ഞാന്‍ കുഴങ്ങി. അവള്‍ ജോലി ചെയ്യുന്ന പഞ്ചായത്താപ്പീസില്‍ നേരില്‍ ചെന്ന് അന്വേഷിച്ചാലോ എന്ന് വിചാരിച്ചു. എന്നാല്‍ അപ്പോള്‍ തന്നെ അത് വേണ്ടെന്നു വക്കുകയും ചെയ്തു. ഒരു പക്ഷേ, കാണാന്‍ ഇഷ്ടമില്ലെങ്കിലോ..
ഞാന്‍ ഉമയെ വിളിച്ചു.
'ദിയ മോളെയും മൂന്നാലു ദിവസമായി കാണാനില്ല...സൈബു ഫോണെടുക്കുന്നുമില്ല...' അവള്‍ പറഞ്ഞു.
അതോടെ എനിക്ക് ഉല്‍കണ്ഠയായി. അവര്‍ക്കെന്തെങ്കിലും സംഭവിച്ചിരിക്കുമോ?

ഏഴ്

'കുട്ടിക്കാലത്ത് തോട്ടില്‍ മീന്‍ പിടിക്കാന്‍ പോവുന്നത് പതിവായിരുന്നു...' ഞാന്‍ അണിമോളുടെ കൗതുകത്തിലേക്ക് അല്‍പം കൂടെ മധുരം വിതറി.
'തോര്‍ത്തുമുണ്ടിന്റെ രണ്ടറ്റവും രണ്ടുപേര്‍ പിടിക്കും...വെള്ളത്തിനടിയിലൂടെ മീനുകളറിയാതെ അവ പോകുന്ന വഴിയെ മുണ്ടുമായി പിന്തുടരും...തോര്‍ത്തു തുണി അടിയോടെ ഒരുവശത്തേക്ക് ചേര്‍ത്തടുപ്പിക്കുമ്പോള്‍ മീന്‍കുഞ്ഞുങ്ങള്‍ പിടയുന്നത് കാണാം...'
ഇത്തവണ അണിമോള്‍ വന്നപ്പോള്‍ വിദൂരമായൊരു നാട്ടിന്‍പുറത്തേക്കാണ് ഞാന്‍ കൂട്ടിക്കൊണ്ടു പോയത്. പുറംലോകവുമായി അധികം അടുപ്പമില്ലാത്തവരാണ് അവിടെയുള്ളവര്‍. തെങ്ങും മലകളും വയലുകളുമെല്ലാമുള്ള ആ ഗ്രാമം ഏതോ ചിത്രത്തില്‍ നിന്നിറങ്ങി വന്നതാണെന്ന് തോന്നും. അണിമോള്‍ക്ക് ഇതൊരു പുതുമയാകട്ടെ.
മാസത്തിലൊരിക്കല്‍ ഉമ അണിമോളെ എനിക്കൊപ്പം നില്‍ക്കാന്‍ വിടും. മുതിര്‍ന്നവര്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ക്കിടയില്‍ കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ നഷ്ടമാകരുത് എന്നു തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. പിതാവിന്റെ സ്‌നേഹവും അമ്മയുടെ തണലും മകള്‍ക്ക് ആവശ്യത്തിന് ലഭിച്ചിരിക്കണം. യഥാര്‍ഥത്തില്‍ വിവാഹമോചനം അനുവദിച്ച കോടതി മകളെ ഉമയ്‌ക്കൊപ്പം വിട്ടുകൊടുത്തതായിരുന്നു. എനിക്ക് വേണമെങ്കില്‍ എപ്പോഴെങ്കിലും ചെന്നുകാണാമെന്നു മാത്രം.
അണിമോള്‍ തോട്ടില്‍ നിന്നു കയറാന്‍ കൂട്ടാക്കിയില്ല. മീനുകള്‍ കാലിനെ ഉരുമ്മിപ്പോകുന്നത് അവള്‍ രസത്തോടെ നോക്കി നിന്നു.
വാലില്‍ പുള്ളിയുള്ളത്
നെറ്റിയില്‍ പൊട്ടുള്ളത്
നാണംകുണുങ്ങികള്‍
അവള്‍ ജലത്തിനെ കൈക്കുമ്പിളിലെടുത്ത് ലാളിച്ചു.
'ഈ യാത്ര ശരിക്കും രസകരമായില്ലേ..?'
'ഇവിടെ നിന്നും തിരികെ പോവാന്‍ തോന്നുന്നില്ല...'
വെയിലിന് ചൂടേറിയപ്പോള്‍ മാത്രമാണ് അവള്‍ തോട്ടില്‍ നിന്ന് കയറാന്‍ സമ്മതിച്ചത്. തോടിനു സമാന്തരമായി നീങ്ങുന്ന വരമ്പിലൂടെ ഞങ്ങള്‍ നടന്നു.
'അച്ഛന്റെ നാടും ഒരുകാലത്ത് ഇങ്ങനെയായിരുന്നു...'
അണിമോള്‍ അതിന് മറുപടി പറഞ്ഞില്ല. മറ്റേതോ ലോകത്തിലൂടെ സഞ്ചരിക്കുന്നതു പോലെയാണ് അവള്‍ നീങ്ങിയത്. അവളുടെ നീണ്ട കണ്ണുകളില്‍ കിനാവുകള്‍ മിന്നി.
'നമുക്ക് ഇവിടെയിരുന്ന് ആഹാരം കഴിക്കാം...'
തോട്ടിറമ്പിലായി പനയോല കൊണ്ട് മെനഞ്ഞ ഒരു ചായപ്പീടിക കണ്ടു. മണ്ണുകൊണ്ടുള്ളതായിരുന്നു അതിന്റെ ചുവരുകള്‍.
അണിമോള്‍ തലയനക്കി.
ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ നാലഞ്ചുപേര്‍ അവിടെ വട്ടംകൂടിയിരിക്കുന്നുണ്ടായിരുന്നു. അവര്‍ ഗൗരവത്തോടെ എന്തോ സംസാരിക്കുകയായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ അവരുടെ വാക്കുകള്‍ നിലച്ചു. കൗതുകത്തോടെ എന്നെയും മകളെയും മാറി മാറി നോക്കി.
'സംശയിക്കേണ്ട...ഞങ്ങള്‍ ഈ നാട്ടുകാരല്ല...'
'ഓ...മനസ്സിലായി...' അവരില്‍ അല്‍പം മുതിര്‍ന്ന ആള്‍ പറഞ്ഞു. പക്ഷേ, അവര്‍ പിന്നീട് ഞങ്ങളോട് ഒന്നും ചോദിക്കുകയുണ്ടായില്ല.
കല്ലട്ടികളില്‍ നീളത്തില്‍ കമഴ്ത്തി വച്ച പനന്തടിയാണ് ഇരിപ്പിടം. ദ്രവിച്ച കാലുകളുള്ള മരത്തിന്റെ മേശ. ഞാന്‍ പുട്ടും പഴവുമാണ് കടക്കാരനോട് പറഞ്ഞത്.
'പണ്ട് ഇവിടെ കളിക്കാന്‍ വരാറുണ്ടായിരുന്ന ആള് തന്നെയാണ്...'
'അതെ...അതെ...'
'ഇത്...അയാള്‍ തന്നെയാണ്...അബൂബക്കര്‍ എന്നതാണ് ഒറിജിനല്‍ പേര്...എനിക്കറിയാം...മീന എന്നത് നാട്ടുകാര്‍ നല്‍കിയ പേരല്ലേ...'
അപ്പോഴാണ് ഞാന്‍ അവരുടെ സംഭാഷണം ശ്രദ്ധിച്ചത്. അവര്‍ പത്രക്കടലാസ് കൈയ്യില്‍ വച്ച് ഒരു തീര്‍പ്പിലെത്താന്‍ ശ്രമിക്കുകയാണ്. പത്രത്തിലെ ചരമ താളാണ് കൈയ്യിലുള്ളതെന്ന് എനിക്ക് എളുപ്പം മനസ്സിലായി.
ഞാന്‍ വേഗം അവര്‍ക്കിടയിലേക്ക് നീങ്ങി. പത്രം പിടിച്ചു വാങ്ങി. ചരമതാളിലെ മുഖങ്ങളിലൂടെ ധൃതിയില്‍ കണ്ണോടിച്ചു പോയി. അബൂബക്കര്‍(മീന)...ഞാന്‍ സൈബുന്നീസയുടെ ഫോണില്‍ നിന്ന് ഒരിക്കല്‍ മാത്രം കണ്ട പടം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ശരിയാണ്. മറ്റാരുമല്ല. ഒരിക്കല്‍ കൂടെ നേരില്‍ കാണണമെന്ന് വിചാരിച്ചതായിരുന്നു. ഞാന്‍ പത്രം അവര്‍ക്കു തന്നെ കൊടുത്തു. പിന്നീട് എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അണിമോളുടെ അരികിലേക്ക് വാടിയ മുഖവുമായി ഞാന്‍ ചെന്നു.

Content Highlights: meena novelette by yasar arafat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022

Most Commented