മണ്ണിരസൂത്രം | ഡോ.അഖില കെ.എസ് എഴുതിയ കഥ  
'അതേയ്, കുഞ്ഞുങ്ങള് മാത്രമല്ല. ഇവരുടെ അമ്മയും ഇത്രനേരവുമിവിടുണ്ടായിരുന്നു. ഞാനിപ്പൊ, ദോ, അങ്ങോട്ട് കൊണ്ടാക്കീട്ട് വന്നതാ,' പാര്‍ക്കിങ് ഗ്രൗണ്ടിനപ്പുറത്തെ ചെളി നിറഞ്ഞയിടം അവന്‍ ചൂണ്ടിക്കാണിച്ചു.

ചിത്രീകരണം: ബാലു

മ്മയും മകളും സ്‌കൂളിലെത്തി. പിറകുവശത്തെ വിശാലമായ പാര്‍ക്കിങ് ഗ്രൗണ്ടിന്റെ മൂലയില്‍ സ്‌കൂട്ടറൊതുക്കി പ്രധാന കെട്ടിടത്തിന് നേര്‍ക്ക് നടന്നു. നേരത്തെയാണെത്തിയത്. അല്പസമയത്തിനകം നഗരത്തിന്റെ വിവിധഭാഗങ്ങളിലേക്ക് പോയിരിക്കുന്ന സ്‌കൂള്‍ ബസ്സുകള്‍ തിരിച്ചെത്തും. ഗ്രൗണ്ട് നിറയും. കുട്ടികളുടെ തിക്കും തിരക്കുമാവും. ഇപ്പൊഴാരുമില്ല. സ്‌കൂള്‍ മുറ്റവും കെട്ടിടങ്ങളും സമാധാനത്തോടെ ശ്വസിക്കുന്നു. പുലര്‍ച്ചെ പെയ്ത മഴ ബാക്കി വച്ചതാവാം, അമ്മയ്ക്ക് തണുക്കുന്നുണ്ടായിരുന്നു. ഒരു ഷാളെടുത്ത് കഴുത്തില്‍ ചുറ്റിയാല്‍ മതിയായിരുന്നു. കുര്‍ത്തയുടെ പോക്കറ്റിനുള്ളിലേക്ക് വലതു കൈ തിരുകി ചൂടുപറ്റിക്കൊണ്ട് അമ്മ മകളുടെ നേരെ നോക്കി. ജാനി മുഖം വീര്‍പ്പിച്ചു പിടിച്ചിരിക്കുന്നു. ഈ സ്‌കൂളില്‍ വരാനവള്‍ക്കിഷ്ടമല്ല. ഇവിടുത്തെ കുട്ടികളും അധ്യാപകരും ഇംഗ്‌ളീഷ് മാത്രമേ സംസാരിക്കൂ എന്നാണവളുടെ പരാതി. എന്നാല്‍, അതുമാത്രമല്ല കാരണമെന്നമ്മയ്ക്കറിയാം. അമ്മ അവളുടെ വീര്‍ത്ത കവിളില്‍ വിരല്‍ത്തുമ്പ് കൊണ്ട് മൃദുവായി കുത്തി: 'ഭും!'

അവള്‍ മുഖം തിരിച്ചുകളഞ്ഞു. അവള്‍ക്ക് പഴയ സ്‌കൂളായിരുന്നു ഇഷ്ടം. അവിടുത്തെ കൂട്ടുകാരെ ഇനിയൊരിക്കലും കാണില്ലെന്നോര്‍ത്തുള്ള കണ്ണുനിറയ്ക്കലൊക്കെയുണ്ടാവാറുണ്ട്. മൂന്നാംക്ലാസ്സുകാരിക്ക് അത്രയേറെ കൂട്ടുകാരൊക്കെയുണ്ടായിരുന്നോ എന്ന് അമ്മ തമാശയില്‍ കണ്ണുമിഴിപ്പിച്ചപ്പോള്‍ അവള്‍ക്ക് ദേഷ്യം വന്നു.

'കൂട്ടുകാരില്ലാത്തത് അമ്മയ്ക്കല്ലേ ?' ജാനി ഉറക്കെച്ചോദിച്ചു.

അമ്മ നിശ്ശബ്ദയായി. ചോദ്യം ശരിയായിരുന്നു. അതിനു കാരണം ഇടയ്ക്കിടെയുള്ള സ്ഥലം മാറ്റങ്ങള്‍ മാത്രമായിരുന്നില്ല.

രണ്ടാഴ്ചയ്ക്കു ശേഷവും മകള്‍ക്ക് പുതിയ സ്‌കൂളുമായി പൊരുത്തപ്പെടാനാവാത്തത് അമ്മയെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്.

''എനിക്കാ വീടും ഇഷ്ടായില്ല,''അമ്മയുടെ മനസ്സ് വായിച്ചെന്നവണ്ണം മകള്‍ പറഞ്ഞു. അമ്മയ്ക്കതുമറിയാം. അവിടെ വന്നനാള്‍ രാത്രിയില്‍ 'ഐ ഹേറ്റ് ദിസ് ഹൗസ്' എന്നവള്‍ ഉറക്കത്തില്‍ പറയുന്നത് കേട്ടിരുന്നു. അതിനെക്കുറിച്ച് പിറ്റേദിവസം ചോദിച്ചപ്പോള്‍ അവള്‍ ചുറ്റും നോക്കി. ''ജയില്‍ പോലെയുണ്ട് അമ്മാ,'' എന്ന് പറഞ്ഞു. അമ്മ അത്ഭുതപ്പെട്ടു. കിടപ്പുമുറിക്ക് മാത്രം ചുമരുകളുള്ള വീടാണത്. സ്വീകരണമുറിയും, ഊണിടവുമൊക്കെ ഒന്നിച്ചുള്ള തുറന്നയിടങ്ങളാണ് അധികവും. എന്നിട്ടും എന്തുകൊണ്ടാവും അവള്‍ക്കങ്ങനെ തോന്നിയതെന്ന് പലതവണ ആലോചിച്ചു. ഉത്തരം കിട്ടിയില്ല. അല്ലെങ്കിലും ഒന്‍പതുവയസ്സുകാരിയില്‍ കവിഞ്ഞ ചിന്തകളും ആശയങ്ങളുമാണ് അവള്‍ക്കുള്ളതെന്ന് തോന്നാറുണ്ട്. ഒരു പക്ഷെ ഈ തലമുറയിലെ കുട്ടികളെല്ലാമിങ്ങനെയാവാം എന്ന് സ്വയം ആശ്വസിക്കുകയും ചെയ്തു. ഈ പ്രായത്തില്‍ തനിക്കെന്തെങ്കിലുമറിയാമായിരുന്നോ? അമ്മ ചുഴിഞ്ഞാലോചിച്ചു. കുട്ടിയായിരുന്നപ്പോള്‍ താനൊരു കുട്ടി മാത്രമായിരുന്നു. ഞായറാഴ്ചകളിലെ സിനിമയെക്കുറിച്ചും ചിത്രഗീതത്തിന്റെ സമയത്തെ പവ്വര്‍കട്ടിനെക്കുറിച്ചുമായിരുന്നു ഏറ്റവും വലിയ ആശങ്ക. അമ്മയ്ക്ക് ചിരി വന്നു. ഇപ്പോഴത്തെ കുട്ടികള്‍ വെറും കുട്ടികള്‍ മാത്രമല്ല. വേണമെങ്കില്‍ ഒരു വലിയ സമൂഹത്തെ നേര്‍നടത്താന്‍ പോന്നവണ്ണം പ്രാപ്തിയുള്ളവരാണ് എന്നൊരു ഉറപ്പില്ലാത്ത വാക്യത്തില്‍ തട്ടി ആലോചനകള്‍ നിന്നു.

അമ്മ മകളെ ചേര്‍ത്തുപിടിച്ചു നടന്നു. അവര്‍ സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് കയറി. ഗ്രൗണ്ടിന്റെ അങ്ങേത്തലയ്ക്കല്‍ ചെടികള്‍ വെട്ടി നിരപ്പാക്കുന്ന രണ്ടുപേരൊഴിച്ചാല്‍ അവിടെയും വിജനമായിരുന്നു.

'ഇത്ര നേരത്തേ വരണ്ടായിരുന്നു. പക്ഷെ, ക്ലാസ്സില്‍ ക്ളീന്‍ ചെയ്യുന്ന ആന്റിമാരുണ്ടാവും അല്ലേ?' അമ്മ സ്വയം ആശ്വസിപ്പിക്കാനായി മകളോട് ചോദിച്ചു.

അവളത് ശ്രദ്ധിച്ചില്ല. മതിലിനോട് ചേര്‍ന്നുള്ള ചെറിയ കനാലിനരികില്‍ നില്‍ക്കുന്ന ആണ്‍കുട്ടിയെ നോക്കി നില്‍ക്കുകയായിരുന്നു അവള്‍. 'ആ കുട്ടി ശരിയായ യൂണിഫോമല്ല ഇട്ടിരിക്കുന്നത്' അമ്മയോര്‍ത്തു. ബുധനാഴ്ച ചെക്ക് ഷര്‍ട്ടും ബ്ലൂ പാന്റ്‌സും ചേര്‍ന്ന ഫോര്‍മല്‍ യൂണിഫോമായിരുന്നു വേണ്ടിയിരുന്നത്.

''ഇന്നാ ചേട്ടന് ടീച്ചറിന്റേന്ന് വഴക്ക് കിട്ടും കേട്ടോ,'' അമ്മ തമാശമട്ടില്‍ പറഞ്ഞു. മകള്‍ ചിരിച്ചില്ല. പക്ഷെ ആ ആണ്‍കുട്ടി ശബ്ദം കേട്ട് തിരിഞ്ഞുനോക്കി. എന്നിട്ട് ധൃതിയിലൊന്ന് ചിരിച്ചിട്ട് കനാലിനുള്ളിലേക്ക് വിരല്‍ ചൂണ്ടി; ''ദേ, നോക്ക് കുളക്കോഴിയുടെ കുഞ്ഞുങ്ങള്‍. കണ്ടാല്‍ കോഴിക്കുഞ്ഞാണെന്നേ തോന്നൂ.''

മകള്‍ അനുവാദം ചോദിക്കുന്ന മട്ടില്‍ അമ്മയുടെ നേരെയൊന്ന് നോക്കി. അമ്മ മുഖം ചെറുതായൊന്നനക്കി. മകള്‍ കൈവിടുവിച്ച് അവിടേക്കോടിപ്പോയി. ആ കുട്ടി അമ്മയുടെ നേരെ കൈ വീശി; ''ആന്റിയും വാ. നല്ല രസമുണ്ട് കാണാന്‍.''

അമ്മയ്ക്ക് കൗതുകം തോന്നി. അപരിചിതരായ ആള്‍ക്കാരോട് അവനെത്ര അടുപ്പത്തോടെയും സ്വാതന്ത്ര്യത്തോടെയുമാണ് സംസാരിക്കുന്നത്!

പക്ഷെ അമ്മയെത്തിയപ്പോഴേക്കും ആ കുഞ്ഞുങ്ങള്‍ കനാലിനപ്പുറത്തെ ഇടുങ്ങിയ ടണലിലേക്ക് നീന്തിപ്പോയിരുന്നു.

''ഛെ! ഇത്രനേരവും ഇവിടുണ്ടായിരുന്നു. യു ആര്‍ അണ്‍ ലക്കി ആന്റീ,'' അവന്‍ വിയര്‍പ്പ് പൊടിഞ്ഞുനിന്ന നെറ്റി പുറംകൈ കൊണ്ട് തുടച്ച് നിരാശയോടെ പറഞ്ഞു.

അമ്മ പുഞ്ചിരിച്ചു. ഭാഗ്യമെന്ന വാക്ക് പോലും മറന്നുപോയിയെന്ന് മനസ്സ് പിടച്ചു.

'നല്ല രസമുണ്ടായിരുന്നമ്മാ അവരെക്കാണാന്‍,' മകളുടെ വാടിനിന്ന മുഖത്ത് ഒരു തെളിച്ചം. അമ്മയ്ക്കത് കണ്ടപ്പോള്‍ സന്തോഷം.

'അതേയ്, കുഞ്ഞുങ്ങള് മാത്രമല്ല. ഇവരുടെ അമ്മയും ഇത്രനേരവുമിവിടുണ്ടായിരുന്നു. ഞാനിപ്പൊ, ദോ, അങ്ങോട്ട് കൊണ്ടാക്കീട്ട് വന്നതാ,' പാര്‍ക്കിങ് ഗ്രൗണ്ടിനപ്പുറത്തെ ചെളി നിറഞ്ഞയിടം അവന്‍ ചൂണ്ടിക്കാണിച്ചു.

'അതെന്തിനാ ?', അമ്മ കൗതുകത്തോടെ ചോദിച്ചു.

തിരികെ ചോദ്യം വന്നപ്പോള്‍ അവന് സന്തോഷമായെന്ന് തോന്നി.

'അതെന്താന്നോ, അവിടുന്ന് അവര്‍ക്കിഷ്ടം പോലെ ഫുഡ് കിട്ടും. എനിക്കിന്നാള് കൊറേ മണ്ണിരേനെക്കിട്ടി. അല്ലാതെ ഇവിടെ മാത്രം കിടന്നുനോക്കീട്ടെന്താ കാര്യം? ഇത്രേം പിള്ളേര്‍ക്ക് ഫുഡ് കൊടുക്കണ്ടേ ?'

ചെയ്ത കാര്യത്തെപ്പറ്റിയുള്ള അഭിമാനം അവന്റെ ഓരോ വാക്കിലും പ്രകാശിച്ചു. നിറുകയില്‍ കുത്തിനിര്‍ത്തിയതു പോലെ നിന്ന മൂന്നോ നാലോ മുടി ഇടയ്ക്കിടെ തലോടിയൊതുക്കിക്കൊണ്ടായിരുന്നു സംസാരം. കീഴ്ചുണ്ടിനോട് ചേര്‍ന്നുള്ള വലിയ മറുക് അവന്‍ ഓരോ വാക്കിലും ഉള്ളിലേക്ക് കടിച്ചു പിടിച്ചു. അമ്മയ്ക്ക് കൗതുകം തോന്നി. കീഴ്ച്ചുണ്ടിനടുത്തായി മകള്‍ക്കും, അത്ര വലുതല്ലെങ്കിലും, അതേ പോലൊരു മറുകുണ്ടായിരുന്നു. അവര്‍ രണ്ടു പേരുടെ മുഖത്തും മാറിമാറി നോക്കി.

'അതിനെ കാണാന്‍ പറ്റ്വോ?', ജാനി പ്രതീക്ഷയോടെ അവന്റെ മുഖത്തേക്ക് നോക്കി.

'ഇന്നിനി പറ്റില്ല. നാളെ വാ. നോക്കാം. പക്ഷെ ഈ നേരത്ത് തന്നെ വരണം.'

ഇപ്പൊഴവന്റെ കൊച്ചുമുഖത്ത് ഗൗരവം നിറഞ്ഞു.

അമ്മയ്ക്ക് ചിരി വന്നു. ഒപ്പം കരച്ചിലും. അടിവയറ്റില്‍ നിന്ന് ചോരയ്ക്കൊപ്പമൊഴുകിപ്പോയ ഒരു നാമ്പിനെയോര്‍മ്മ വന്നു.

'എന്തിനാണീ ദുഷ്ടത്തരം ചെയ്തത്?', ഗൗതമിന്റെ സുഹൃത്തായ ലേഡി ഡോക്ടര്‍ ചെവിയ്ക്ക് കീഴെ വന്ന് അരിശപ്പെട്ടു; 'അതൊരാണ്‍കുഞ്ഞായിരുന്നു.'

ചുണ്ടുകൂട്ടിക്കടിച്ച് സ്വയം മുറിവേല്‍പ്പിച്ചതല്ലാതെ മറുപടി പറഞ്ഞില്ല. പിന്നീടുള്ള രാത്രികളില്‍ ഉറക്കം പടിയിറങ്ങിപ്പോയി. കണ്ണടയ്ക്കുമ്പോഴൊക്കെ നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുളന്‍ മുടിയുള്ള, വീര്‍ത്ത കവിളുകളും ചെറിയ ചുണ്ടുകളും പതിഞ്ഞ മൂക്കുമുള്ള ഒരാണ്‍കുഞ്ഞ് ഹൃദയത്തില്‍ മുട്ടി 'അമ്മേ അമ്മേ'യെന്ന് വിളിക്കുന്നതൊരു പതിവായി. അഞ്ചുവര്‍ഷത്തിനുശേഷം മകള്‍ പിറക്കുന്നതുവരെയുള്ള രാത്രികളില്‍ ഉറക്കമെന്തെന്നറിഞ്ഞിട്ടില്ല.

അമ്മ വാത്സല്യത്തോടെ മകളുടെ നേരെ നോക്കി. ജാനി ആ കുട്ടിയുമായി എത്ര പെട്ടെന്നാണ് സൗഹൃദത്തിലായത്. വലിയൊരു പണ്ഡിതനെപ്പോലെ അവന്‍ കുളക്കോഴിക്കുഞ്ഞുങ്ങളെക്കുറിച്ച് ദീര്‍ഘമായിപ്പറയുന്നു. വേണ്ടുന്ന ഭാവങ്ങള്‍ മുഖത്ത് തെളിയിക്കുന്നുമുണ്ട്.

ലോവര്‍ പ്രൈമറി ബ്ലോക്ക് വരെ അവന്‍ ഒപ്പം നടന്നു. ഇപ്പോള്‍ മണ്ണിരകളെക്കുറിച്ചാണ് സംസാരം. ജാനി ശ്രദ്ധയോടെ കേള്‍ക്കുന്നു.

'മോനേത് ക്ലാസ്സിലാ?', അമ്മ ചോദിച്ചു. അപ്പൊഴേ അവര്‍ക്കത് ചോദിയ്ക്കാന്‍ കഴിഞ്ഞുള്ളൂ. അതുവരെ അവന്‍ നിര്‍ത്താതെ സംസാരിക്കുകയായിരുന്നല്ലോ.

''സിക്‌സ്ത്തില്‍,'' ധൃതിയിലാണ് പറഞ്ഞത്. ഉടനെ തന്നെ മറ്റെന്തോ പറയാന്‍ ജാനിയുടെ നേരെ തിരിയുകയും ചെയ്തു.

'ഇന്നിതല്ലല്ലോ യൂണിഫോം. തെറ്റിപ്പോയല്ലേ?', അമ്മ വീണ്ടും.

'അല്ലല്ല. ഞാനിതിന്നലെ ഇട്ടതാ. മാറ്റിയിട്ടില്ല. ഇനിയിപ്പൊ പോയി മാറ്റണം,' അവന്‍ അലസമായി കോട്ടുവായിട്ടു. പിന്നെ ജാനിയുടെ ചുളിയാത്ത യൂണിഫോമിന്റെ മടക്കിലൊന്നു തൊട്ടു.

'ഇവളെയെന്നും കൊണ്ടുവിടുവാണോ? ഞാനിവിടെ ഹോസ്റ്റലിലാ,' ഗൗരവമൊട്ടും കുറച്ചില്ലെങ്കിലും അവന്റെ മുഖം പതറുന്നത് അമ്മ കണ്ടു. ഇത്തവണ അവന്‍ കീഴ്ച്ചുണ്ടിലെ മറുകിനെ വായ്ക്കുള്ളിലാക്കാന്‍ മറന്നുപോയെന്നും. എന്തെങ്കിലും മറുത്തുപറയാനാകുന്നതിന് മുന്‍പ് അവന്‍ തിരിഞ്ഞോടി.

'അസംബ്ലി തുടങ്ങുന്നതിന് മുന്‍പ് ആ ചേട്ടന് ഡ്രസ്സ് മാറാന്‍ പറ്റുവോ?', ഗ്രില്ലിട്ട ചെറിയ ഗേറ്റിന് പിന്നില്‍ നിന്ന് ജാനി ആശങ്കപ്പെട്ടു.

കൈ വീശിക്കാണിച്ചിട്ട് അമ്മ തിരികെ നടന്നു. പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് കയറുന്നതിന് മുന്‍പ് രണ്ടുതവണ കൂടി തിരിഞ്ഞുനോക്കി. അവനവിടെയെങ്ങുമുണ്ടായിരുന്നില്ല. ഉണ്ടെങ്കില്‍ തന്നെ കണ്ടുപിടിക്കുക വിഷമമായിരുന്നു. സ്‌കൂള്‍ബസ്സുകളുടെയും കുട്ടികളുടെയും കൂട്ടം ഗ്രൗണ്ട് നിറച്ചു തുടങ്ങിയിരുന്നു.

ഓഫീസിലെത്തിയയുടന്‍ ഉണ്ണി വിളിച്ചു: ''എന്തു തീരുമാനിച്ചു?''

മറുപടി പറഞ്ഞില്ല.

'നോക്ക്, നീ കാണിക്കുന്നത് മണ്ടത്തരമാണ് അര്‍ച്ചനേ. ഓര്‍ഫനേജിലേക്കല്ലല്ലോ, ഏറ്റവും നല്ല സ്‌കൂളിലെ ഹോസ്റ്റലിലേക്കല്ലേ മാറ്റാന്‍ പോകുന്നത്? ഇത്ര ആലോചിക്കാനെന്തിരിക്കുന്നു? കല്യാണം കഴിഞ്ഞിട്ട് മാറ്റുന്നതിനേക്കാള്‍ എത്ര നല്ലതാണ്. നീ നിന്റെ ഭാവിയെക്കുറിച്ചു കൂടി ചിന്തിക്ക്.'

ചിത്രീകരണം: ബാലു

എത്രയോ തവണ സംസാരിച്ച വിഷയമാണ്. ഫോണ്‍ സ്വിച്ചോഫാക്കിക്കളഞ്ഞു. സഹതാപവും തോന്നി. വേറെ പെണ്ണുകിട്ടാഞ്ഞിട്ടല്ലല്ലോ രണ്ടാം കെട്ടുകാരിയുടെ പിന്നാലെയിങ്ങനെ നടക്കുന്നത്.

രാത്രി മുഴുവന്‍ അമ്മ മകളെ പൊതിഞ്ഞു പിടിച്ചു കിടന്നു. ജീവിതത്തിലൊരിക്കലും ആരും വച്ചു നീട്ടിയിട്ടില്ലാത്തത്ര സ്‌നേഹവും കരുതലുമായി ഒരാള്‍ മുന്നില്‍ വന്നു നില്‍ക്കുന്നു. അമ്മയ്ക്കത് നിഷേധിക്കണം. പക്ഷെ പിന്നൊരിക്കലുമൊരു കൂട്ടുണ്ടാവണമെന്നില്ല.

പിറ്റേന്ന് രാവിലെ മകള്‍ തനിയ്ക്ക് മുന്‍പേ ഒരുങ്ങിയിറങ്ങുന്നതും, പരാതി പറയാതെ ഭക്ഷണം കഴിക്കുന്നതും കണ്ട് അമ്മയ്ക്കത്ഭുതമായി. തലേന്നാള്‍ ഉറങ്ങാത്തതു കാരണം അമ്മയുടെ കണ്ണുകള്‍ ചുവന്നും വീര്‍ത്തുമിരുന്നിരുന്നു.

'നമ്മള്‍ ഇന്നലത്തെ സമയത്തിന് തന്നെ എത്തില്ലേ അമ്മാ?', അമ്മയുടെ മടിപിടിച്ച നടപ്പ് കണ്ട് അവള്‍ വേവലാതിയോടെ ചോദിച്ചു.

ഗേറ്റ് പൂട്ടിയിറങ്ങുമ്പോള്‍ അവളുടെ മുഖത്തെ സന്തോഷം കണ്ട് അമ്മ നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു: 'ആ കുട്ടിയവിടെയുണ്ടാവണേ!'

പാര്‍ക്കിങ് ഗ്രൗണ്ടിലേക്ക് വണ്ടി കയറുമ്പോള്‍, കനാലിന്റെ വശത്ത്, ബാഡ്മിന്റണ്‍ കോര്‍ട്ടിലേക്ക് കയറുന്ന പടികളിലൊന്നില്‍, താടിയ്ക്ക് കയ്യും കൊടുത്ത് അവനിരിക്കുന്നത് ജാനിയാണ് ആദ്യം കണ്ടത്. ''ദേ, അമ്മാ,'' എന്നവള്‍ കൈ ചൂണ്ടിക്കാണിച്ചു. വണ്ടിയില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു. അടുത്തെത്തുന്നതിന് മുന്‍പ് തന്നെ 'കുഞ്ഞുങ്ങളുണ്ടോ?', എന്ന് വിളിച്ചു ചോദിച്ചു. അമ്മ ചുറ്റും നോക്കി. ശബ്ദംകേട്ട് മുന്‍ഗേറ്റിലെ സെക്യൂരിറ്റി വന്ന് അവനെ പറഞ്ഞയച്ചാലോ എന്നായിരുന്നു ഭയം.

'അവരെ കാണാനില്ല,' അവനും ഉറക്കെപ്പറഞ്ഞു.

'അയ്യോ കഷ്ടം!' എന്നൊരു ഭാവം ജാനിയുടെ മുഖത്ത് പകര്‍ന്നു. പിന്നെയവള്‍ അല്പം വേഗത്തില്‍ അവന്റെയടുത്തേക്ക് നടന്നുപോയി. ഒപ്പമെത്താന്‍ അമ്മ പണിപ്പെട്ടു.

പെട്ടെന്നവന്‍ കണ്ണു ചിമ്മി ചുമലുകുലുക്കിച്ചിരിച്ചു കൊണ്ട് കനാലിലേക്ക് വിരല്‍ ചൂണ്ടി, ഒപ്പം മടിയിലിരുന്ന പ്ലാസ്റ്റിക് കവര്‍ പൊക്കിക്കാണിച്ചു.

കനാലിനുള്ളില്‍ അമ്മയും മൂന്നു കുഞ്ഞുങ്ങളും അവനെ നോക്കിയിരിക്കുന്നു. അവന്‍ കൂടിനുള്ളില്‍ നിന്ന് ഒരു മണ്ണിരയെ അവിടേക്കിട്ടുകൊടുത്തു.

'നിങ്ങള് വരുമ്പം ഇവിടെ പിടിച്ചു നിര്‍ത്താനുള്ള സൂത്രം.'

ഇത്തവണ അവന്റെ ചിരിക്കൊപ്പം ജാനിയും ചിരിച്ചു, അമ്മയും. അത് ഗൗതമിന്റെ സൂത്രമാണല്ലോയെന്ന് അവള്‍ ചിരിക്കിടയിലോര്‍ത്തു. ഓരോ യാത്ര കഴിഞ്ഞുവരുമ്പോഴും സമ്മാനങ്ങള്‍, ഇടയ്ക്ക് റിസോര്‍ട്ടിലെ താമസം, കൃത്യമായ ഫോണ്‍ വിളികള്‍, അന്വേഷണങ്ങള്‍. വാരിവിതറിയ ഇരകളൊക്കെ കൊത്തി സന്തോഷം നടിച്ചങ്ങനെയിരുന്നു കുറേനാള്‍. സ്‌നേഹം കൊണ്ടാണെന്നു തോന്നും; മുകളിലെ നേരിയ പാട വകഞ്ഞുമാറ്റിയാല്‍ കാണാം സ്വാര്‍ത്ഥതയുടെ പാളികളുറഞ്ഞു കൂടിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ ഈ ലോകത്ത് രണ്ടു വിഭാഗക്കാരാണുള്ളത്: കുളക്കോഴികളും, അവര്‍ക്ക് തീറ്റ കൊടുക്കുന്നവരും. എല്ലാവരുടെയും സൂത്രം ഒന്നു തന്നെ. തീറ്റക്കോപ്പുകള്‍ മാത്രം മാറിക്കൊണ്ടിരിക്കും: സ്‌നേഹം, കണ്ണീര്‍, കടപ്പാട്, ചുമതല, പണം...എന്തായാലും ഇനിയൊരു കുളക്കോഴിയാവാനില്ല; അമ്മ ദീര്‍ഘമായി നിശ്വസിച്ചു. രാത്രിയില്‍ തന്നെ അവരത് നിശ്ചയിച്ചിരുന്നു.

'ഇവരുടെ അച്ഛനെവിടെ?', ജാനി കുനിഞ്ഞു സൂക്ഷിച്ചു നോക്കി.

അവന്‍ അപ്പൊഴാണെന്ന് തോന്നുന്നു അതേക്കുറിച്ചാലോചിച്ചത്. അവന്റെ മുഖം ഗൗരവത്തിലായി: 'അതൊന്നുമറിയില്ല. ഞാനാദ്യം കാണുമ്പഴേ ഇവരിത്രയേ ഉള്ളൂ. ചിലപ്പൊ ചത്തു പോയിക്കാണും. അല്ലെങ്കില്‍ എന്റെ പപ്പയെപ്പോലെ വഴക്കിട്ട് പോയിക്കാണും.' പിന്നെയവന്‍ അമ്മയുടെ മുഖത്തേക്കുറ്റു നോക്കി. 'അമ്മയുള്ളോണ്ട് കുഴപ്പമില്ല.'

മകളും അമ്മയുടെ നേര്‍ക്ക് വിഷമത്തോടെ നോക്കി. രണ്ടു കുഞ്ഞുങ്ങളുടെ സങ്കടനോട്ടങ്ങള്‍ക്കിടയില്‍ അമ്മ വെപ്രാളപ്പെട്ടു. 'സമയമായി; പോവാം' , എന്ന് മകളുടെ കൈ പിടിച്ചു.

ആ കുട്ടി തലേന്നത്തെപ്പോലെ യാത്ര പറയാതെ ഓടിപ്പോയി. പക്ഷെ പോകുന്നതിനു മുന്‍പ് ജാനിയുടെ പാവാടയുടെ വക്കിലൊന്ന് തലോടാന്‍ അവന്‍ മറന്നില്ല.

ഗേറ്റെത്തുന്നത് വരെ മകള്‍ മുഖംകുനിച്ചു നടന്നു. ബാഗും വാട്ടര്‍ ബോട്ടിലും വാങ്ങുമ്പോള്‍ അവള്‍ അമ്മയെ വട്ടം പിടിച്ചു വിതുമ്പി: 'ആം ലക്കി അമ്മാ. ഐ നോയിറ്റ്. വേറാരുമില്ലെങ്കിലും ഐ ഹാവ് യു.'

അമ്മയുടെ ശ്വാസം വിലങ്ങി. ചോരയിലൂടെ ഒഴുക്കിവിട്ട മകന്‍ ഹൃദയത്തില്‍ മുട്ടി വിളിച്ച രാത്രികളെക്കുറിച്ചവര്‍ക്ക് വീണ്ടുമോര്‍മ്മ വന്നു. ദൈവമേ! അമ്മ മകളെ മുറുകെപ്പുണര്‍ന്നു. സ്‌നേഹത്തിനെക്കരുതി സ്വാര്‍ത്ഥരാകുന്ന മനുഷ്യരിലൊരാളായി തന്നെയും സൃഷ്ടിച്ചതെന്തിനെന്ന് നിശ്ശബ്ദമായി വിലപിച്ചു. മകള്‍ ഒരുമ്മ കൂടിക്കൊടുത്ത് അമ്മയുടെ കൈകളില്‍ നിന്ന് വേര്‍പെട്ടു. ''അച്ഛന്‍ വരാത്തതെന്താണെന്ന് ഇനി ഞാനൊരിക്കലും ചോദിക്കില്ല. ഈ സ്‌കൂളും ആ വീടും എനിക്കിഷ്ടാണ്. ബികോസ് ഐ ഹാവ് യു. അതുമതി. ''

മകള്‍ ഗേറ്റ് കടന്ന് മറയുന്നതു വരെ അമ്മ നോക്കി നിന്നു. തിരികെ നടക്കുമ്പോള്‍ തൊട്ടുപിന്നിലായി അവന്‍ നില്‍ക്കുന്നു.

'ആന്റീ , കുളക്കോഴിക്കുഞ്ഞുങ്ങള്‍ വേറെന്തൊക്കെ കഴിക്കും?'

അമ്മ അവന്റെ തോളില്‍ പിടിച്ചു, 'വന്നേ, ആദ്യമിത് ചോദിക്കട്ടെ. ഹോസ്റ്റലില്‍ നിനക്കെന്തൊക്കെ കഴിക്കാന്‍ കിട്ടും? പ്രത്യേകം മുറിയൊക്കെയുണ്ടോ? അവിടെ ആരെങ്കിലും നിന്നെ വഴക്കു പറയാറുണ്ടോ?'
അവന്‍ അമ്മയുടെ മുഖത്തേക്ക് കണ്ണു തറപ്പിച്ചു നോക്കി നിന്നു. അവന്‍ തല ഇരുവശത്തേക്കും ചലിപ്പിച്ചു. 'ആ കുട്ടിക്ക് അവിടെ ഇഷ്ടമാവില്ല.'

Content Highlights: Dr. Akhila K.S, Mannirasoothram, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented