-
പൂന്തുറക്കോന്റെ1സന്ദേശം
ആന്തട്ടച്ചിറയില് സായാഹ്നമെത്തി ഈറന്‍ മാറി. പായലൊഴിഞ്ഞ് നീലാമ്പലുകള്‍ നീന്തുന്ന ചിറയുടെ കല്‍ക്കെട്ടുകളില്‍ സ്വര്‍ണ്ണവെയില്‍ ആറാന്‍ കിടന്നു. സൂര്യാംശു വെള്ളത്തില്‍ വീണലിഞ്ഞ് സ്വര്‍ണ്ണ നിറം പകര്‍ന്നു... നാലു ഭാഗത്തും കെട്ടിപ്പടുത്ത കല്‍ക്കെട്ടുകളും കുളിപ്പുരകളും ചിറയെ കൈക്കുമ്പിളില്‍ ചേര്‍ത്തു ഗായത്രി ചൊല്ലി. കോഴിക്കോട് വാണരുളുന്ന കുന്നലക്കോനാതിരിയുടെ വിക്രമപുരം2 കോട്ടയോടു ചേര്‍ന്നുള്ള മാനന്‍ ചിറയുടെ3 മാതൃക ഈ ചിറയുടേതാണെന്ന് ആഭിമാനത്തോട കഥകള്‍ പറയുന്ന അമ്മാവനെപ്പറ്റി ശേഖരന്‍ വെറുതെ ഓര്‍ത്തു. പുള്ളുവന്‍മാര്‍ അത് പാടുന്നത് കേട്ടിട്ടുണ്ട്.
ഈ കുളമല്ലൊ ആ നല്‍കുളം
കണ്ടു കൊതിച്ച് കെട്ടിയ
മാന്‍ചിറക്കുളം...
തിരുവുളളം നീരാടും നല്‍ക്കുളം...
പറഞ്ഞും പാടിയും വലുതാക്കാനുള്ളതാണ് പ്രതാപം
ആന്തട്ടച്ചിറയുടെ വടക്കുഭാഗത്തുള്ള ആനക്കടവിലാണ് ഇരുനിലയുള്ള കുളപ്പുര. അതിനപ്പുറമുള്ള കണ്ടത്തിന്റെ വരമ്പിലുള്ള വലിയ ചെമ്പകത്തിനു താഴെ വൈകുന്നേരം കിടന്നാല്‍ പടിഞ്ഞാറന്‍ കാറ്റ് മുറിയില്ല. പാതിരാനേരമായാല്‍ ചെമ്പകത്തിന്റെ മാദകഗന്ധം കാതമപ്പുറമുള്ള പടിഞ്ഞാറ്റയില്‍ കിടന്നാലും പൊറുപ്പിക്കില്ല.
കുടുമയഴിച്ച് കൈ തലയിണയാക്കി കണ്ണടച്ചു കിടന്നു.
പൂഴിമണ്ണില്‍ കിടക്കുന്നത് അമ്മക്കും വലിയമ്മാവനും കണ്ണെടുത്താല്‍ കണ്ടുകൂടാ.
തണ്ടുതപ്പി4.അമ്മ ശാസിക്കും.
പറയായിരം ഉണ്ണാനുണ്ടെങ്കിലും പറക്കുടിയാണോ നിനക്കു പഥ്യം?
ജേഷ്ഠന്‍ നീരസം പ്രകടിപ്പിക്കും.
ശിഷ്യരോ മരുമക്കളോ കാണുന്നതുപോട്ടെ, മാറ്റാന്‍ കണ്ടാല്‍ എന്റെ മാറത്തു വളര്‍ന്നതാണോന്നു എന്നു സംശയിക്കില്ലേ?
വലിയമ്മാവന്‍ ചോദിക്കും..
തികട്ടി വന്ന ചിരിയെ ഉറക്കം വാപൊത്തി.
മണ്‍തരികള്‍ ഇളകുന്ന കമ്പനമാത്രയില്‍ ആരോക്കെയോ വരുന്നുണ്ടെന്നു തോന്നി.
കരുണാകരനും കൂട്ടരുമായിരിക്കും.
കുറുമ്പുമാറാത്ത മരുമകനല്ലാതെ ആരുമങ്ങനെ അനുവാദമില്ലാതെ കടന്നുവരില്ല.
അവരാരുമല്ല. കണ്ണുതുറക്കാതെ കണക്കുകൂട്ടി. ദൃഢമായ കാലടികളാണ്.
നടത്തമുറച്ച പുരുഷന്‍ന്മാര്‍. കണ്ണടച്ചു കാതുകൂര്‍പ്പിച്ചു... കാല്‍ത്താളം കേട്ടാലറിയാം, ചുവടുറച്ച യോദ്ധാക്കള്‍... പരിചയമുള്ള അപരിചിതര്‍...വരട്ടെ, ഇവിടേക്കന്തായാലും തടയില്ലാതെ വരാനാര്‍ക്കുമാവില്ല. പുത്തലത്തു വാഴുന്നവര്‍ അനുവദിച്ചുവിട്ടവരാകാനേ തരമുള്ളൂ. ജാഗ്രതയേക്കാളെറെ കൗതുകം തോന്നി...
പാദപതനങ്ങള്‍ പതിയെ നിന്നു. കനത്ത ഈരടിക്കാലുകള്‍ മാത്രം പൂച്ചനടത്തം തുടങ്ങി. ചൂരു മൂക്കിലേക്കു കയറിയപ്പോല്‍ തന്നെ മാറ്റാന്‍ ചൂട് മനസ്സിലായി. ശരീരത്തിലേക്കു നീണ്ടുവന്ന കൈകളുടെ മണിബന്ധത്തെ കണ്ണുകള്‍ക്കുമേലെ വെച്ച കൈ മുറുക്കി, കാല്‍വിരല്‍ കൊണ്ട് നാഭിയെക്കുരുക്കി ശിരസ്സിന് മേലേക്കൂടി ശരീരത്തെ ആയത്തില്‍ പറത്തിയപ്പോള്‍ ആപ്പുറത്തുള്ള കണ്ഠങ്ങളില്‍ ആശങ്കയുടെ സീല്‍ക്കാരങ്ങള്‍..
നൊടിയിടയില്‍ തിരിഞ്ഞമര്‍ന്ന് നോക്കി. മാര്‍ജ്ജാരനെപ്പോലെ വീഴാതെ ആകാശത്തൊന്നു തിരിഞ്ഞ് പതിഞ്ഞ് മാര്‍ജ്ജാരവടിവില്‍ ചുവടുറപ്പിക്കുന്ന വടിവൊത്ത ദേഹം.
ഉണ്ണിരാരിച്ചന്‍!
പൊട്ടിച്ചിരിച്ച് കൈകള്‍ തട്ടി, മരതകം കോര്‍ത്ത മുത്തുമാല ശരിയാക്കിക്കൊണ്ട് അതിഥി ഉച്ചത്തില്‍
പറഞ്ഞു.
ഈഴത്തും തുളുനാട്ടിലും പോയി പിഴവുതീര്‍ത്തുന്ന വന്ന മെയ്ക്കണ്ണായ അഭ്യാസീ...നന്നേ ബോധിച്ചു. ആകാരഭംഗിയില്‍ കണ്ണു വെക്കാതിരിക്കാനാണോ ദേഹം മുഴുന്‍ ഈ മുറിപ്പാടുകള്‍?
പണിക്കര്‍ പൊട്ടിച്ചിരിച്ചു കൊണ്ട് മാറോടമര്‍ത്തി വിളിച്ചു:
ചിണ്ടാ....
ശേഖരന് അത്ഭുതം തോന്നി. വന്നത് ധര്‍മ്മോത്തു പണിക്കരുടെ5 നേരനന്തിരവന്‍. കുന്നലക്കൊനാതിരിയുടെ 6പടത്തലവന്റെ മരുമകന്‍ കോരപ്പുഴ 7 കടന്ന് കുറുമ്പ്രനാട്ടില്‍ വരണമെങ്കില്‍ കാര്യം ചില്ലറയാവില്ല.
കൂടെ വന്നവര്‍ ആശ്വാസത്തോടെ ചിരിച്ച്, ആചാരത്തോടെ വണങ്ങി ഓഛാനിച്ചു നിന്നു.
കൊടക്കാട്ടു പണിക്കരായ പുത്തലത്തവലുടെ8 കണ്ണി, ഇടപ്രഭു, ആടയാഭരണങ്ങളില്ലാത്ത സ്മശ്രു വളര്‍ത്തിയ യോഗി, നീ സംന്യസിക്കാനാണോ പുറപ്പാട്? ഉണ്ണിരാരിച്ചപ്പണിക്കര്‍ ഉഴിഞ്ഞുനോക്കി.
രാരു, എല്ലാമറിഞ്ഞാല്‍ അതുതന്നെ ചിതം.... ഒട്ടും നിനക്കാത്ത വരവാണല്ലോ ഇത്. കോലോത്തെ കാര്യങ്ങള്‍ പന്തിയാണോ? പൊന്നുതമ്പുരാന്‍ തിരുവുള്ളം പ്രസാദത്തോടെ ഇരിക്കുന്നില്ലേ?പടയഞ്ഞൂറിന്റെ തലവന്‍ കുറിമാനം അയച്ചാല്‍ ഞാനവിടെ മുഖം കാട്ടുമായിരുന്നല്ലൊ...
തുളുനാട്ടില്‍ 9 ഒപ്പം പയറ്റിയ ആത്മസുഹൃത്തിനെ ശേഖരന്‍ ഒന്നുനോക്കി. സദാ പ്രസരിപ്പുള്ള മുഖത്ത് കാര്യഗൗരവം കൂട്ടുവന്നിരിക്കുന്നു. രാജ്യകാര്യങ്ങളുടെ ആവരണം മൂടിയ മുഖം. മീശ ഭംഗിയില്‍ മെഴുകുചേര്‍ത്ത് പിരിച്ചുവെച്ചിരിക്കുന്നു. തുളുനാടന്‍ ഓര്‍മ്മകള്‍ പൊയ്ത്തുനടത്താന്‍ തുടങ്ങി
കൊള്ളാം ചങ്ങാതീ, നീ സംസാരത്തിലും സംന്യാസി തന്നെ... രാരുവിന്റെ മുഖം പെട്ടെന്ന് ഗൗരവം പൂണ്ടു. പക്ഷേ മാറ്റില്ലാത്ത ആ അഭ്യാസിയെയാണെനിക്കെന്നുമിഷ്ടം. ഈ വരവില്‍ കാര്യമുണ്ട്, കല്‍പ്പന കോലോത്തു നിന്നുതന്നെ, പുത്തലത്തവലാണ് നീയിവിടെ കാണുമെന്ന് പറഞ്ഞത്, മിണ്ടിപ്പറയാന്‍ കാര്യഗൗരവമുള്ള വിഷയങ്ങളുണ്ട്...തമ്മില്‍ പറയേണ്ടതാണ്. രാജ്യകാര്യം തന്നെ.
ഘോഷമാക്കണ്ട എന്ന് അമ്മാവനോടു പറഞ്ഞിട്ടുണ്ട്. എട്ടുകെട്ടില്‍ പുരുഷാരമുണ്ട്. സതീര്‍ഥ്യനെ കാണാന്‍ വന്നതാണ് എന്നു മാത്രമേ അമ്മാവനോടുപോലും ഉരിയാടിയുള്ളൂ. കോഴിക്കോട് നിന്നാണെന്നറിയണ്ട.
എന്നാല്‍ കുളപ്പുരയാണ് സംസാരത്തിനുചിതം രാരൂ. രണ്ടാം നിലയിലിരുന്നാല്‍ സുഖമാവും.
അതിനു മുമ്പ് നിന്റെ പരദേവതയെ തൊഴണം
ചന്തൂ, ഇടനേരത്തേക്ക് ആരേയും വരുത്തണ്ട. രാരുപ്പണിക്കര്‍ വിളിച്ചുപറഞ്ഞു. ആയുധപാണികളായ അകമ്പടികള്‍ വളഞ്ഞു റാന്‍ പറഞ്ഞു..
ഭാണ്ഡമഴിച്ചുവെച്ച്, കുളത്തില്‍ മുങ്ങി, കുടുമ കെട്ടി, ചിറയുടെ കിഴക്കുഭാഗത്തുള്ള പരദേവതയേയും ഭഗവതിയേയും തൊഴുത് ധര്‍മ്മോത്ത് ഇളയിടം, കുളപ്പുരയുടെ പൂച്ചപ്പിടിയുള്ള ചാരുപടിയില്‍ വന്നിരുന്നു.
കാര്യം നടന്നാല്‍ കിരാതമൂര്‍ത്തിക്ക്10 ഞാനൊരു സ്വര്‍ണ്ണഗോളയും ഭഗവതിക്ക് മുഴുക്കാപ്പും നേര്‍ന്നിട്ടുണ്ട് ചങ്ങാതി.
എന്തോ ഭാരം ചുമലിലേറ്റാനാണ് ആഗമനം, പരിചയോ ചുരികയോ?
ചുരിക തന്നെ... നെറ്റി ചുളിക്കണ്ട ചിണ്ടാ, നീ തന്നെ വേണമെന്ന് ഞാനാണ് നിര്‍ബന്ധം പിടിച്ചത്. പോലനാട്ടിലും നെടിയിരിപ്പിലും ആളില്ലാഞ്ഞിട്ടല്ല..
മുഖവുര വേണ്ട ചങ്ങാതീ, പറഞ്ഞാലും...
ഇടത്തിട്ട നമ്പിമാര്‍. തലക്കും മീതെ എന്നായിരിക്കുന്നു. ബ്രഹ്മസ്വം കരമൊഴിവാക്കിയതു പോട്ടെ, കുറ്റ്യാടിപ്പുഴ വഴി അകലാപ്പുഴയിലൂടെ വരുന്ന കുരുമുളകും വഹകളും ചുങ്കം കൊടുക്കാതെ കടത്തി വിടുന്നുമില്ല. ഓലഅയച്ചാല്‍ ശ്ലോകം ചൊല്ലി മങ്ങാട്ടച്ചനു11 മാപ്പു പറഞ്ഞെഴുതും. പൂന്തുറക്കോന്റെ ശാസന കോരപ്പുഴയ്ക്കപ്പുറം അഴിയും എന്നാണ് രഹസ്യഭര്‍ത്സനം. അതൊരു പരിഹാസമാണ്. നൂറിന്റെ ബലത്തിലാണ് നിന്റെ അയല്‍ക്കാരന്റെ തണ്ട്. ഈ ജളന്‍മാര്‍ക്കെതിരെ നാലാളെ പറഞ്ഞയക്കുന്നത് കേരളചക്രവര്‍ത്തിക്ക് ഭൂഷണമല്ല. അതു നീ കൈകാര്യം ചെയ്യണം. മുറയാണെങ്കില്‍ അങ്ങനെ ജപമാണെങ്കില്‍ അങ്ങനെ. വരുതിക്കു വരുത്തണം.
പൊയ്തിനാണെങ്കില്‍ തറവാട്ടില്‍ നിന്നും ആളുവേണ്ട, നെടിയിരുപ്പില്‍ നിന്ന് പാറനമ്പി 12യുടെ കുന്തക്കാരേയും വാള്‍ക്കാരേയും തരാം.
ശേഖരന്‍ കുളത്തിലേക്കുതാണ സൂര്യനെ നോക്കി വേണമെന്നില്ല എന്നര്‍ഥത്തില്‍ ഒന്നുമൂളി.
ഉത്തരാവദിത്വം കനത്തതുതന്നെ, നമ്പിമാര്‍ നാട്ടുകാരാണ് പ്രതാപികളും. പുറത്തേക്ക് ലോഹ്യവും അകത്ത് പുച്ഛവും പയറ്റുന്നവര്‍. തറവാട്ടിലേക്കുവേണ്ട പുഴയോരമങ്ങോളം നമ്പിയുടെ കൈകളിലാണ്. പുഴക്കിപ്പുറമുളള മേലൂര്‍ ഭഗവാന് ആനകളെ കെട്ടാനും അപ്പുറത്തുനിന്ന് ഉരുപ്പടികളുള്ള തോണികള്‍ അടുപ്പിക്കാനും വാക്കാല്‍ നമ്പിമാര്‍ വാങ്ങിവെച്ച സ്ഥലം. കാടുപിടിച്ചുകിടന്ന സ്ഥലം ഭഗവാന് നല്‍കിയത് തിരിച്ചുചോദിക്കുന്നത് ശരിയോ എന്നമ്മാവന് ഔചിത്യ ശങ്ക. പുഴക്കിപ്പുറമുള്ള കുടിയാന്മാര്‍ പ്രശ്‌നക്കാരല്ലാത്തിടത്തോളം പോട്ടെ എന്നാണ് ജേഷ്ഠന്‍ പറഞ്ഞത്. മേപ്പാട്ടേര്‍ 13ജേഷ്ഠനാണല്ലോ. ഉളള ഭൂസ്വത്തുക്കള്‍ പരിപാലിക്കുന്നതുതന്നെ ഭാരം. മേലൂര്‍ മഹാദേവന്റെ തട്ടകത്തില്‍ മൂപ്പിളമ തര്‍ക്കം വേണ്ട എന്നും ന്യായം.
ഭൂമി പോകട്ടെയെന്നു വെക്കാം, മേലൂര്‍ ഭഗവാനെ സ്വന്തമാക്കി വെച്ചതിലാണെനിരിശം. ആന്തട്ട പരദേവതയുടെ സന്നിധിയിലേക്ക് കുളിച്ചാറാട്ടിനു വരുന്നതുതന്നെ ഭഗവാന്റെ ദേശസഞ്ചാരത്തിലുപരി നമ്പിമാരുടെ പ്രതാപം കാട്ടാനാണ്. ഊരായ്മ സ്ഥാനവും ക്ഷേത്രഭൂമിയും നമ്പിമാര്‍ കരസ്ഥമാക്കിയതേ കാലപ്പിഴ. പെങ്ങള്‍ ചിരുതയുടെ കുത്തുവാക്കുകളില്‍ ജേഷ്ഠന്‍ കണ്ണടച്ചിരിക്കുന്നത് ഓര്‍മ്മവന്നു. വീറു കൂടുതലാണവള്‍ക്ക്. അഭിപ്രായം പറയാന്‍ തറവാട്ടിലെ പെണ്ണുങ്ങള്‍ക്കാണ് മിടുക്കുകൂടുതല്‍..
ജയന്തന്‍ നമ്പി തികഞ്ഞ അഭ്യാസിയാണ്. മഠത്തില്‍ കടത്തനാടു നിന്ന് ആളെകൊണ്ടു വന്ന് പരീശീലിപ്പിക്കുന്ന പന്തീരടി കളരിയുമുണ്ട്. തറവാട്ടിലെ കളരിയിലും അല്‍പം പയറ്റിയിട്ടുണ്ട്. മുഷ്‌ക്കുള്ള എട്ടനിയന്‍മാരുണ്ട്. നൂറു നായന്മാരുടെ അകമ്പടിയും.കാലം വെടിഞ്ഞ മൂത്ത അമ്മാവനും അവരുടെ അച്ഛനും സതീര്‍ഥ്യരായിരുന്നു. പോരെങ്കില്‍ കുറുമ്പ്രനാട്ടിലെ വാഴുന്നോരുടെ പിന്‍ബലമുണ്ട്.
ശേഖരന്‍ പറഞ്ഞു:
അറിയാം ചിണ്ടാ, കുറുമ്പ്രനാടന്‍ മാത്രമല്ല, കടത്തനാടു വാഴുന്നവരുമുണ്ട്. കോഴിക്കോടു പണ്ടാരത്തില്‍ അടിയേണ്ട ചുങ്കപ്പണം ചോരുന്നത് ബാലുശ്ശേരിയിലും പുതുപ്പണത്തുമാണ്. നമ്പിമാരൊതുങ്ങിയാല്‍, മേലൂര്‍ മഹാദേവനും കണ്ടങ്ങളും നിനക്ക്. നിന്തിരുവടിയുടെ ചങ്ങാത്തത്തില്‍ മുഖ്യ സ്ഥാനം.
വിത്തത്തില്‍ എനിക്കു കൊതിയില്ല ചങ്ങാതീ, ചോറ്റുപണി ഇഷ്ടവുമല്ല. പക്ഷേ ഇത് സ്ഥാനവും ഇടവും തന്ന് കുടിയിരുത്തിയ പൊന്നുതമ്പുരാന്റെ അഭിമാനം. കോരപ്പുഴ കടന്നുവന്ന് പറഞ്ഞത് നീ. നമ്പിമാരെ ഞാന്‍ നിവൃത്തിയാക്കാം..
പണിക്കര്‍ ചിണ്ടന്റെ കരം മുറുക്കെപ്പിടിച്ചു. സന്തോഷമായി ചങ്ങാതീ...
ഇനി കരിമ്പടവും വെളളയും വിരിച്ച് ആചാരപൂര്‍വം ഇരുന്നില്ലെങ്കില്‍, തറവാട്ടിനു ചിതമാവില്ല.
ഇളനീരും അവലും അല്ല ആന്തട്ട കഞ്ഞി കുടിക്കാനും കൂടിയാണ് ഞാന്‍ വന്നതെന്നു നിരൂപിച്ചോളൂ.. രാരു ചിരിയോടെ പറഞ്ഞു.
ചങ്ങാതിമാര്‍ കുളപ്പുര ഇറങ്ങുന്നത് കണ്ടപ്പോള്‍ അകമ്പടിക്കാര്‍ പന്തംതെളിച്ചു.
നടത്തത്തിനിടയില്‍ നിശ്ശബ്ദത തിങ്ങിയപ്പോള്‍ ശേഖരന്‍ ചോദിച്ചു.
രാരൂ, നമ്പിമാരെ വരുതിയിലാക്കുന്ന കാര്യം പറയാന്‍ വേണ്ടിമാത്രം രാജശാസനയുമായി നീ ഇവിടം വരില്ല, മറ്റെന്തോ കാര്യമുണ്ട്, നിന്റെ മുഖലക്ഷണം അത് വ്യക്തമാക്കുന്നു.
ചിണ്ടാ, അത് ഇവിടെവെച്ചല്ല, കോഴിക്കോടുവെച്ച് തമ്പുരാന്‍ തന്നെ കല്‍പ്പിക്കും. വിശദമാക്കാന്‍ ആവതില്ല.
ഒരു നെടൂളാന്‍ പെട്ടെന്ന് കുറുകെ പറന്നുപോയി.
ധര്‍മ്മോത്ത് ഇളയ പണിക്കര്‍ ദീര്‍ഘമായി ഒന്നുശ്വസിച്ച്, പരദേവതയായ തിരുവേഗപ്പുറ തേവരെ വിളിച്ചു. കാലകാലാ...
ശേഖരന്‍ ചെറുതായി ചിരിച്ചു. മനസ്സില്‍ മന്ത്രിച്ചു.നിഴലായി നടന്ന മരണം എന്നോ സുഹൃത്തായി മാറിയിരിക്കുന്നു! അപശകുനങ്ങള്‍ ഇപ്പോള്‍ തമാശ മാത്രം. കുന്നലക്കോനാതിരി കല്‍പ്പിച്ചുചോല്ലാന്‍ പോകുന്നതെന്ത് എന്നത് മാത്രം മതി മനസ്സില്‍.
പക്ഷേ അതിനുമുമ്പ് ഇടത്തിട്ട നമ്പിമാര്‍...
(തുടരും)
1. സാമൂതിരിയുടെ വിശേഷണം. വേണാടുനടന്ന ചേരചോള യുദ്ധത്തില്‍ പൂന്തുറ കാത്ത ഏറനാടുടയവരായ തന്റെ സാമന്തന് ചേരമാന്‍ പെരുമാള്‍ നല്‍കിയ വിശേഷണമെന്ന് ഊഹം. പൊന്നാനി മുതല്‍ ഇരിങ്ങല്‍ വരെ നീളുന്ന കടല്‍ത്തീരങ്ങള്‍ സാമൂതിരിയുടെ നിയന്ത്രണത്തിലാവും മുമ്പുതന്നെ ഈ ബിരുദം സാമൂതിരിക്കുണ്ടായിരുന്നു
2. കോഴിക്കോട് സാമൂതിരിയുടെ കൊട്ടാരക്കെട്ടുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലം. മാനവിക്രമ എന്ന ബിരുദപ്പേരില്‍ നിന്നും സ്വീകരിച്ചത്.
3. മാനവേദന്‍ ചിറ, മാനാഞ്ചിറ
4. പ്രാദേശികമായി വിളിച്ചിരുന്ന ശാസനാപൂര്‍വമുള്ള പഴയ കളിവാക്ക്
5. സാമൂതിരിയുടെ പടത്തലവനും കളരിഗുരുക്കളും സര്‍വ്വാധികാര്യക്കാരില്‍ ഒരാളും
6. സാമൂതിരിയുടെ വിശേഷണം. കുന്നിനും കടലിനുമിടയിലുളള ഭൂഭാഗങ്ങളുടെ ഉടയവന്‍ എന്നര്‍ഥം.
7. പോളര്‍നാടിനും കുറുമ്പ്രനാടിനും ഇടയിലുള്ള പുഴ. സാമൂതിരി രാജ്യവിസ്താരം നടത്തിയപ്പോള്‍ അധീനതയിലായി.
8 ഒരു ഇടപ്രഭു സ്ഥാനപ്പേര്, കൊടക്കാടു കളരിയുടെ പണിക്കര്‍.
9. ചന്ദ്രഗിരിപ്പുഴക്കപ്പുറം ഗോകര്‍ണ്ണംവരെ നീളുന്ന ഭൂഭാഗം.
10. പരമശിവന്റെ കാട്ടാളരൂപത്തിലുള്ള നായാട്ടുവേഷം.
11. വട്ടോളിയില്‍ ചാത്തോടത്ത് ഇടത്തിലെ മൂത്ത കാരണവര്‍. സാമൂതിരിയുടെ പ്രധാന സചിവനും സര്‍വാധികാര്യക്കാരില്‍ പ്രധാനിയും
12 വരക്കല്‍ പാറ നമ്പീശന്‍, സാമൂതിരിയുടെ സര്‍വാധികാര്യക്കാരില്‍ ഒരാള്‍.
13. മേപ്പാട്ട അവര്‍, ഒരു സ്ഥാനപ്പേര്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..