'വിടുകെന്നെ പറവകള്‍ക്കൊപ്പം':മാധവിക്കുട്ടിയുടെ അവസാനത്തെ കവിതയ്ക്ക് സരിത മോഹനന്‍ ഭാമയുടെ മൊഴിമാറ്റം


സരിത മോഹനന്‍ ഭാമ



മലയാളത്തിന്റെ മാധവിക്കുട്ടിയുടെ അവസാന കവിതയ്ക്ക് മൊഴിമാറ്റം വേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് സരിത മോഹനന്‍ ഭാമയ്ക്ക് 'Leave Me With The Birds' അയച്ചുകൊടുക്കുന്നത്.

ഡിസൈൻ: ബാലു

2009 ജനുവരി ആറിനാണ് രോഗശയ്യയില്‍ കിടക്കുന്ന കമലാദാസിനെ വളര്‍ത്തുമകനായ ഡോ. ഇര്‍ഷാദ് അഹമ്മദും ഭാര്യ ലളിതയും പൂനെയിലെ അപ്പാര്‍ട്ട്‌മെന്റില്‍ ചെന്ന് കാണുന്നത്. എക്കാലവും ഊര്‍ജസ്വലയായി മാത്രം കണ്ടിരുന്ന തന്റെ അമ്മ കമല വാക്കുകള്‍ കൂട്ടിപ്പറയാന്‍ ബുദ്ധിമുട്ടുന്നത് കാണുന്ന ഡോ. ഇര്‍ഷാദ് അഹമ്മദ് ഏറെ നേരം അവരോടൊപ്പം ചെലവഴിക്കുന്നു. അന്നുതന്നെ തിരികെ കല്യാണിലേക്ക് പോകേണ്ടതുണ്ട് എന്ന് അമ്മയെ അറിയിക്കുമ്പോള്‍ എക്കാലത്തെയും പോലെ തന്നോടൊപ്പം താമസിക്കാന്‍ വന്നതാണ് എന്ന സന്തോഷത്തില്‍ കിടന്നിരുന്ന കമലാദാസിന്റെ മുഖത്ത് വിഷമം പടര്‍ന്നു. എങ്കിലും അവര്‍ മൗനമായി തന്റെ വളര്‍ത്തുമകനെയും മരുമകളെയും യാത്രയാക്കുകയാണ് ചെയ്യുന്നത്. അമ്മയുടെ മുറിയില്‍ നിന്നും പുറത്തേക്കിറങ്ങവേ കിടന്ന കിടപ്പില്‍ അമ്മ കമലയില്‍ നിന്നും തുടര്‍ച്ചയായി പദങ്ങള്‍ ഒഴുകിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. അതൊരു കവിതയാണെന്ന് തിരിച്ചറിഞ്ഞ ഇര്‍ഷാദ് തന്റെ കാഴ്ചാപരിമിതിമൂലം ഭാര്യ ലളിതയോട് അമ്മ പറയുന്നത് എഴുതിയെടുക്കാന്‍ പറഞ്ഞു. ലളിതയും ഇര്‍ഷാദും തിരികെ വന്ന് അമ്മ കമലയുടെ അടുത്തിരുന്ന് പദമൊഴുക്കിനെ അങ്ങനെതന്നെ പകര്‍ത്തി. അമ്മ കമലയുടെയും ഇര്‍ഷാദിന്റെയും സംസാരം ഇംഗ്ലീഷിലായതിനാല്‍ അവസാന കവിത പിറന്നതും ഇംഗ്ലീഷില്‍ തന്നെ. 'Leave Me With The Birds' എന്ന തലക്കെട്ടോടെ ആ കവിതയെക്കുറിച്ചും അമ്മ കമലാദാസിനെക്കുറിച്ചും ഡോ. ഇര്‍ഷാദ് അഹമ്മദ് മാതൃഭൂമി ഡോട്‌കോമിന് നല്‍കിയ 'അമ്മയോര്‍മകളില്‍' പരാമര്‍ശിക്കുകയുണ്ടായി. മലയാളത്തിന്റെ മാധവിക്കുട്ടിയുടെ അവസാന കവിതയ്ക്ക് മൊഴിമാറ്റം വേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് സരിത മോഹനന്‍ ഭാമയ്ക്ക് 'Leave Me With The Birds' അയച്ചുകൊടുക്കുന്നത്. സസന്തോഷം ആ ദൗത്യം ഏറ്റെടുത്ത സരിത മോഹനന്‍ ഭാമ 'വിടുകെന്നെ പറവകള്‍ക്കൊപ്പം' എന്ന തലക്കെട്ടോടെ കമലാദാസിന്റെ അവസാനത്തെ കവിതയെ മൊഴിമാറ്റം ചെയ്തത് വായിക്കാം.

വിടുകെന്നെ പറവകള്‍ക്കൊപ്പം

(കമലാദാസ് സുരയ്യ, 2009 ജനുവരി 6, പൂണെ)

ചാരനിറമായ് ആകാശം,
വിടുകെന്നെ,
അതില്‍ പാറിപ്പറക്കും
പറവക്കൂട്ടത്തോടൊപ്പം;

ഇടവപ്പാതി പെയ്കയായ്,
വിടുകെന്നെ,
ഇടിമുഴക്കമായെത്തും
മിന്നല്‍പ്പിണരിനോടൊപ്പം;

വെറുതെ ചാഞ്ഞുകിടക്കാന്‍,
വിടുകെന്നെ,
തരികൊരു സന്നാഹമാത്ര,
പരവശം, കണ്‍ നിറഞ്ഞാലും.

ക്ഷീണത്താല്‍ കൂമ്പിപ്പോം
എന്റെ മിഴികളെ,
നിങ്ങളാണിന്നെന്റെ
ഒരേയൊരവകാശി

ഞാനോ? എല്ലാ പറവകളും
എന്റേതെന്ന്
അവകാശപ്പെടുന്നോള്‍,

ഞാനോ? എല്ലാമെല്ലാം
എന്റേതെന്ന്
അവകാശപ്പെടുന്നോള്‍.

ത്യജിക്കയായ് എന്നാലും
ഞാന്‍, ഇന്ന് കൊതിച്ച
ഭാഗ്യങ്ങള്‍ക്കു മേലുള്ള
എല്ലാ അവകാശവും.

നിങ്ങടെ അനുതാപത്തെ
കുലുക്കിയുണര്‍ത്താന്‍
ഞാന്‍ അടിമുടി കണ്ണീരാവാം,
ഒരു ചിരിയുടെ കല്ലോലമാവാം.

എന്ത് സമ്മാനിച്ചു ഞാന്‍,
ഇര്‍ഷാദ്, ലളിതാ,
വായിച്ചു വികലമായൊരു
കവിതയുടെ നീറ്റലല്ലാതെ!

എന്റെ വിഷാദാര്‍ദ്രതയില്‍
മൗനപാതിരാ
അവകാശപ്പെടുന്നോള്‍ ഞാന്‍,
പയ്യെ തൊടുവാന്‍
കാരുണ്യാംഗുലി
അവകാശപ്പെടുന്നോള്‍ ഞാന്‍.

സങ്കടം വേണ്ട, ഇര്‍ഷാദ്
സങ്കടം വേണ്ട, ലളിതാ,

നിങ്ങള്‍ രണ്ടാള്‍ കല്ല്യാണ്‍
നഗരത്തിലേയ്ക്കും,
ഞാന്‍ മഹാസുഷുപ്തിയുടെ
ദേശത്തേയ്ക്കും
പുറപ്പാടാവും മുമ്പേ,
അറിയുക,
ഇതെന്റെ ഒന്നാം
വിശ്രാന്തിയാമം.

യാത്രികരാം നാമിരു-
കൂട്ടരും; എങ്കിലുമകലും
രണ്ടു ദിശാചാരികള്‍,

വിഭിന്നപഥങ്ങള്‍,
ഇവയുടെ എതിരില്ലാ-
നേരവകാശികള്‍ നമ്മള്‍.


Content Highlights: Leave Me With The Birds, Kamaladas, Madhavikutty, kamala surayya, Saritha Mohanan Bhama


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented