കുലവന്‍: ഹരിലാല്‍ രാജഗോപാല്‍ എഴുതുന്ന നോവല്‍ | അധ്യായം 'എഴുന്നള്ളത്ത്' ഭാഗം 12


ഹരിലാൽ രാജഗോപാല്‍/ harilal.rajagopal@gmail.com

6 min read
Read later
Print
Share

ചിത്രീകരണം: മദനൻ

''ഹ, ഇതാര്...പുത്തലത്തിളയ പണിക്കരെ വന്നാലും വന്നാലും. രാജ്യത്തിനു സമൃദ്ധിയും കൊണ്ടു വന്ന അളകാപുരിയേശന് സ്വാഗതം...''

കുതിരവട്ടത്തെ വരാന്തയില്‍ കനപ്പിച്ച മുഖവുമായി തൂണുചാരി നില്‍ക്കുന്ന ചന്തപ്പനെയാണ് ആദ്യം ശേഖരന്‍ കണ്ണില്‍ കൊണ്ടത്.
ആവോളം പുഛം മെഴുകിയ സ്വാഗതം വന്നവഴിയെ പിന്നെ കണ്ണുപാഞ്ഞു.

കെട്ടിലെ പിച്ചകത്തറയില്‍ കാലൂന്നി മെലിഞ്ഞുനീണ്ട ഒരു ചെറുപ്പക്കാരന്‍. ഒട്ടിയ മുഖത്തു മുരടിച്ചു നില്‍ക്കുന്ന സ്മശ്രുക്കള്‍. കുഴിയില്‍ വീണ പാതിയടഞ്ഞ വലിയ കണ്ണുകള്‍. മുത്തും കല്ലും കോര്‍ത്തു കെട്ടിവെച്ചമുടി പക്ഷേ സമൃദ്ധമാണ്. നെഞ്ചില്‍ സ്വര്‍ണ്ണഗോതമ്പുമണികളുടെ കനത്ത മാല. മുട്ടും കവിഞ്ഞുകിടക്കുന്ന കസവുമുണ്ട്.

ആകാരത്തിനു പറ്റാത്ത വിധം ചമയങ്ങളും കൂട്ടുകളും. പിന്നില്‍ പരിചാരകപ്പരിഷകള്‍. ചേരുംപടി ചേരാത്ത രൂപം. വളര്‍ച്ച പാകമാകഞ്ഞതോ ഭോഗാലസത്തില്‍ വരണ്ടുപോയോതാ... ഏതാണീ വേഷം. ശേഖരന്‍ കൂട്ടുവന്ന നമ്പൂതിരിയോടു ചോദിച്ചു.

''കുതിരവട്ടത്തു കമ്മു നായര്‍.''

വിപ്രന്‍ നമ്പൂതിരി മന്ത്രിച്ചു. രാജാവിന്റെ സംബന്ധസന്തതിയാണ്. നഗരപ്രമാണിമാരില്‍ മൂപ്പിളമത്തര്‍ക്കത്തിലെ പ്രധാന കളിക്കാരന്‍. കുതിരകളുടെ മേല്‍നോട്ടം എന്ന പേര്.

''കമ്മു നായരെ ആതിഥ്യത്തിനും സ്വാഗതത്തിനും നന്ദി. പ്രത്യേകിച്ച് ആ കുബേര സ്തുതിക്ക.്'' ശേഖരന്‍ മറുപടിയില്‍ ചിരി വരുത്തി.

''കമ്മുയെശമാന്‍ എന്നു വിളിക്കാം പണിക്കരെ, തെറ്റാവില്ല.''കമ്മുവിന്റ തൊടുക്കലില്‍ പരിഹാസം ഇഴഞ്ഞു.

''കമ്മുനായരെ. പുത്തലിളയപണിക്കര്‍ നിന്തിരുവടിയുടെ ആജ്ഞപ്രകാരം എത്തിയതാണ്. തമാശ അല്‍പ്പം കുറക്കാം.''

വിപ്രന്‍നമ്പൂതിരി പറഞ്ഞു.

''ഇടപ്രഭുക്കള്‍ രാജസന്താനങ്ങളെ അങ്ങനെ വിളിക്കരുതെന്ന് കല്‍പ്പനയുണ്ടോ തിരുമേനി.'' കമ്മു രസം കുറഞ്ഞു മുന്നോട്ടുവെച്ചു. പിന്‍കൂട്ടം ഇളകിച്ചിരിച്ചു.

''ആഗ്രഹം ശമിക്കവരെ യെശമാന്‍ എന്നു വിളിക്കാനാണോ പിന്നില്‍ കാണുന്ന മീശകളെയല്ലാം വെച്ചിരിക്കുന്നത് നായരെ..''
ശേഖരന്‍ വിളിേപ്പരു മുറിച്ചു കൊളുത്തി.
കമ്മുവിന്റെ മുഖം വിളറി. പിന്നെ കൂവി.
''ധിക്കാരം പറയുന്നോ കോരപ്പുഴക്കപ്പുറത്തെ കൃമി.''
ശേഖരന്‍ കണ്ണു കാണിച്ചു
പുകഞ്ഞു നിന്ന ചന്തപ്പന്‍ ആകാരം തീര്‍ത്ത് ഒന്നലറി.
കുതിവട്ടത്തു നായര്‍ പകച്ചു പിന്നാക്കമിടറി. ചന്തപ്പന്‍ രണ്ടു കോല്‍ ചാടി, പാതിവളര്‍ന്ന പിച്ചകമരം ഒന്നിളക്കി തറയോടെ പിഴുതു ഉഗ്രശബ്ദത്തോടെ നിലത്തടിച്ചു. കുതിരവട്ടം മാളിക ഒന്നു വിറച്ചു. കാക്കകള്‍ ചിറകടിച്ചു കാറി പറന്നു. കമ്മുവും പരിചാരകരും നിലമടിച്ചു വീണു.

''അമ്പ! രൗദ്രഭീമന്‍ തന്നെ....''
അന്തിച്ചുപോയ വിപ്രന്‍ നമ്പൂതിരി ഉച്ചത്തില്‍ ആത്മഗതം ചെയ്തു.

ചിത്രീകരണം: മദനൻ

പൊടിപടലത്തില്‍ കിടന്നുഴറിയ കമ്മുവിന്റെ പുറത്തു മുട്ടുചേര്‍ത്ത് അഴിഞ്ഞുവീണ മുടി പിടിച്ചു തലപിന്നോട്ടമര്‍ത്തി ശേഖരന്‍ മെല്ല പറഞ്ഞു.

''കുതിരവട്ടത്തുനായരെ, കുതിരക്കാരന്‍ കുതിരയാവരുത്. ലാടമടിച്ചു തറയ്ക്കും.''

Also Read

വിപ്രോപദേശം | കുലവൻ ഭാഗം 11

''കൊമ്പനെ തളയ്ക്കാന്‍ കയറുന്നവനെ കളി പഠിപ്പിക്കുന്നോ കുളയട്ടേ...''ചന്തപ്പന്റെ മുഖം ഭീഷണമായി

വാരിക്കുചവിട്ടി തെറിപ്പിക്കാനോങ്ങിയ മച്ചൂനനെ തടഞ്ഞു ശേഖരന്‍ പറഞ്ഞു.

''വേണ്ട ചത്തുപോകും.''

കമ്മുവും പരിവാരങ്ങളും പിരണ്ടെഴുന്നേറ്റ് പടിപ്പുര കടന്ന് പാഞ്ഞു.

''തിരുമേനി.. ഇന്നിവിടെ അന്തിയുറക്കം ശരിയാവില്ല. മറ്റെവിടെയുമില്ലെങ്കില്‍ തളിയമ്പലക്കുളത്തിലെ കാറ്റേറ്റു കിടക്കാം.''
ശേഖരന്റെ ഇഷ്ടമിടിഞ്ഞു.

വിപ്രന്‍ നമ്പൂതിരി ചിരിച്ചു. ''നല്ല കഥയായി. അത് നടപ്പില്ല. കുതിരകമ്മു പടിപ്പുരപ്പുറത്തു പോകും പണിക്കരും കൂട്ടരും ഇവിടെ പടിഞ്ഞാറ്റയില്‍ കിടക്കും.''

''കൊട്ടാരത്തില്‍ ഇതോരു വര്‍ത്തമാനം ആവുമെന്നുറപ്പ് തിരുമേനി.''

''ഉണ്ടാവട്ടെ ഹെ, രസമല്ലെ. ചില ക്രമങ്ങളോക്കെ മാറ്റാനും സമയമായി.''

''പടിപ്പുര കയറിവന്ന് ആരുപറഞ്ഞിട്ടിവിടെ കയറി എന്നാക്രോശിച്ചാണ് തുടക്കം. തമ്പുരാന്റെ കല്‍പ്പന എന്നു പറഞ്ഞ കാര്യസ്ഥനെ ചവിട്ടി. പിന്നെ ചോദ്യമുറകള്‍. ആര,് എന്ത്, എവിടുന്ന്. കല്‍പ്പിക്കാനും പള്ളു പറയാനും തുടങ്ങിയപ്പഴേ ഞാന്‍ ഓങ്ങിവെച്ചു. ചവിട്ടിനെഞ്ചിന്‍ കൂട് പൊടിക്കണമായിരുന്നു. നായ...''

ചന്തപ്പന്‍ ചെവിയില്‍ പിറുപിറുത്തപ്പോള്‍, ശേഖരന്‍ ചിരിച്ചു

''ഇവന്‍ വെറും സാല്യന്‍. നിനക്ക് നെഞ്ചുകലക്കാന്‍ ദുശ്ശാസനന്‍മാര്‍ കാത്തിരിക്കുന്നു മച്ചൂനാ.''

''നാളെ കല്ലഴിപ്പുഴ കടന്നുള്ള നിന്തിരുവടിയുടെ വരവുണ്ട്. കാണേണ്ടതു തന്നെ പണിക്കരെ. പുലകര്‍കാലെ എഴുന്നേറ്റു രണ്ടു ബന്ധുക്കളും തയ്യാറാവുക. മറ്റശാന്തങ്ങള്‍ മറക്കുക.''

വിപ്രന്‍ പറഞ്ഞു
നിയതി മുടയഴിച്ചിട്ടു പ്രാപിക്കാന്‍ വരുന്നതു പോലെ ശേഖരനു തോന്നി.

****** ***** ***** ****
കല്ലഴിയില്‍ ആളും ബഹളവും തന്നെ. കതിര്‍ക്കുലകദളിവാഴകളും ഓലപ്പാളിച്ചീന്തുകളും തുളസിയും ചേര്‍ന്നോരുക്കിയ അലങ്കാരക്കോലുകള്‍ പുഴയോരത്ത് കണ്ണെത്തുവോളം കുന്തക്കാരെ പോലെ നിന്നു. പാല്‍നുരതരിമണല്‍ പാവിട്ടപുഴയോരത്ത് തെങ്ങുകള്‍ പൂക്കുലചാമരം വീശി. സാമൂതിരിപ്പാട് പന്നിയങ്കര കോലോത്ത് പുലര്‍കാല വന്ദനവും അമൃതേത്തും കഴിഞ്ഞ് പുറപ്പെട്ടതറിയിക്കാന്‍ അമ്പത്തൊന്ന് കതിനവെടി മുഴങ്ങി. തമ്പുരാന്‍ ഏതുസമയവും പള്ളിത്തോണിയില്‍ അപ്പുറം പുഴകരേറും. മാലാപ്പുകള്‍ അലങ്കരിച്ച തോണിയും തലകെട്ടിയ തുഴക്കാരും തയ്യാര്‍. അകമ്പടി തോണികളില്‍ മൂറുകളുടെ ചെന്തൊപ്പിയിട്ട മാപ്പിളമാര്‍. സ്വീകരിച്ചിരുത്താന്‍ വെള്ളയും കരിമ്പടവും വിളക്കും നിറകതിരും തയ്യാറാക്കിയ വാഴക്കൂമ്പു മണ്ഡപം വധുവിനെപ്പോലെ നിന്നു. കൊട്ടിച്ചെഴുന്നള്ളിക്കാന്‍ ഇപ്പുറത്തെ കരയില്‍ തയ്യാറെടുപ്പുകള്‍ തകൃതി. തുറയില്‍ മേനോക്കിമാരും കോയില്‍ തിരുത്തി കാരണവരുമാണ് കൈകാര്യം. താലപ്പൊലിക്കായി മാറിടം മറയ്ക്കാത്ത നൂറു നതാംഗിമാര്‍. കണ്ണുകള്‍ നൂറായിരവും അവിടെ തന്നെ. കൊട്ടാരത്തിലെ തളിക്കണക്കമ്മമാര്‍ സുന്ദരികള്‍ക്കു കാവലെന്ന പോലെ ഓരത്തു കുരവയിടാനുണ്ട്. വെടിക്കുരുക്കളുടെ അനുയായികള്‍ കമ്പക്കെട്ടുമിനുക്കുകള്‍ നോക്കി ഓടിപ്പാഞ്ഞു നടക്കുന്നു.

ഇളയ തമ്മേ പണിക്കര്‍ ശേഖരനടുത്തു വന്നു.

''ചിണ്ടാ...കുതിരവട്ടവുമായി കൊരുത്തുവല്ലെ? കോവിലകത്ത് മേനോന്മാര്‍ കണക്കുനിര്‍ത്തിവെച്ച് കഥയ്ക്കു തൊങ്ങല്‍ തുന്നുന്നുണ്ടായിരുന്നു. തിനയഞ്ചേരി അങ്ങുന്നാണ് അവന്റെ കണ്‍കണ്ട ദൈവം. ചെവിയിലിപ്പോഴേക്കും എത്തിക്കാണും.''

''കൊമ്പനോടല്ലെ കൊരുക്കേണ്ടത്. ഇവന്‍ ശ്വാനന്‍. മച്ചുനന്‍ നിവര്‍ന്നുനിന്നപ്പോള്‍ തന്നെ അവന്‍ വാലു ചുരുട്ടി മണ്ടി. തിനയഞ്ചേരി തിരുമേനി ചോദിക്കട്ടെ, സംശയം തീര്‍ക്കാം. കൊട്ടാരക്കെട്ടിലെ തായം കളിക്കില്ലാത്തതിനാല്‍ അങ്ങു തെളിച്ചു പറയാമല്ലൊ.''

ശരിയെന്നു മന്ദഹസിച്ച് ചുമലില്‍ തട്ടി പോലനാടു നൂറിന്റെ അധിപനും അകമ്പടിയും തിരക്കിലേക്ക് മറഞ്ഞു.

കൊട്ടാരക്കെട്ടിലെ ഉപജാപങ്ങളെ ചാടിമറിയാന്‍ മെയ്‌വഴക്കം മാത്രം പോര എന്ന് വെള്ളിയില്‍ നമ്പൂതിരി തലേന്ന് പറഞ്ഞത് ശേഖരന്‍ ഓര്‍ത്തു. അധികാരച്ചൂടില്‍ പറ്റിക്കിടക്കാന്‍ എവിടേയും മൂട്ടകള്‍ കാണും. പൊള്ളിക്കല്‍ മാത്രമാണ് ചികിത്സ.

''ന്തിരുവടി മറുകരെ എഴുന്നള്ളിയിരിക്കുന്നു.''ഇടയ്ക്കു പ്രത്യക്ഷപ്പെട്ട് വെള്ളയില്‍ നമ്പൂതിരി പറഞ്ഞു. ഭസ്മാഭിഷിക്തനായ ചന്തപ്പന്‍ ഒപ്പമുണ്ട്. ശേഖരന് ചിരി പൊട്ടി.
''മച്ചൂനാ ചുടലഭൈരവനെപ്പോലെ ആരുകെട്ടിച്ചു ഈകോലം?
''നോം തന്നെ. കുളി കളിഞ്ഞമാത്രയില്‍ ഭീമസേനന്‍ കൈനീട്ടി. നനച്ചാല്‍ കുറച്ചുമതി എന്നു പറഞ്ഞതാണ്. കേള്‍ക്കണ്ടെ. വാരിതേച്ചിരിക്കണു. ഉണങ്ങിയപ്പോള്‍ ഇതാണു രൂപം. ഒരാനച്ചന്തമൊക്കെയില്ലേ.'' നാണിച്ചുനിന്ന അതികായനെ നോക്കി തിരുമേനി ചോദിച്ചു.
''കുതിരവട്ടപ്പരിഷകളെ ഒന്നു പേടിപ്പിക്കാമെന്നും കരുതി. ശിവഭൂതമായ വീരഭദ്രനെ പോലെ ഇരിക്കണൂ...''

ചിത്രീകരണം: മദനൻ

''തിരുമേനി, കുതിരവട്ടം നായരെ കോരപ്പുഴ കടന്നുവന്ന നാട്ടുവാസികള്‍ ധിക്കരിച്ചുവശാക്കി എന്ന് കോവിലക്കത്ത് സംസാരമുണ്ടുപോലും. എനിക്കീ പ്രതിവാദപ്രതിരോധത്തില്‍ അത്ര വശംപോര. കൊട്ടാരദുഷിപ്പുകളെ തടയിടാനും നൈപുണ്യമില്ല. വെട്ടിത്തുറന്നു പറഞ്ഞാല്‍ പഥ്യമാവുമോ...''

''ഒരിളക്കംം നല്ലതാണ് പണിക്കരെ. കെട്ടിക്കിടന്നാല്‍ തീര്‍ഥം പോലും അശുദ്ധമാവും. ഒരു കുടഞ്ഞുവിരി ഇടയ്ക്കു നടന്നില്ലെങ്കില്‍ ക്രമത്തിനും കരിമ്പന്‍ പിടിക്കും. വരട്ടെ നമുക്കുനോക്കാം. തല്‍ക്കാലം ആഗമനോദ്ദേശത്തില്‍ മനസ്സുറപ്പിക്കുക. തീരുമാനങ്ങള്‍ ചഞ്ചലമാവരുത്. ''

ശേഖരന്‍ വീണ്ടും അസ്വസ്ഥനായി. ജീവിതം വെട്ടിക്കയറുന്ന തിരക്കില്‍ ഓര്‍മ്മകള്‍ അയവിറക്കാന്‍ പഴുതില്ല. ഇടനേരം കിട്ടിയാല്‍ തിരിഞ്ഞുനോക്കാനും മിനക്കെടാറില്ല. തലങ്ങും വിലങ്ങും കണ്ണുപായാത്ത പ്രയാണത്തില്‍ ആരു വീണു, ആരു വേദനിച്ചു എന്നെണ്ണാന്‍ പറ്റില്ല. ആദി ആരും അറിഞ്ഞു തന്നതല്ല അന്തവും അങ്ങനെത്തന്നയാവട്ടെ. പുഴയ്ക്കപ്പുറം ശബ്ദഘോഷമുയര്‍ന്നപ്പോള്‍ ചിന്ത മുറിഞ്ഞു.

''ആര്‍പ്പു തുടങ്ങി. തിരുമേനി അക്കരെയെത്തിക്കഴിഞ്ഞു. ഈ തിണ്ടില്‍ കയറി കാഴ്ച്ചകാണൂ പണിക്കെന്മാരെ...വിപ്രന്‍ നമ്പൂതിരി തിടുക്കപ്പെട്ടു. ''

ഇരുകരകളിലേയും ആര്‍പ്പുവിളികള്‍ക്കിടയില്‍ പള്ളിത്തോണി മാങ്കാവ് കടവടുത്തു. കതിന നൂറ്റൊന്നു ദൂരത്തു പൊട്ടി. തൃപ്പാദം ചവിട്ടാന്‍ മസ്ലിന്‍ തുണി പൊതിഞ്ഞ മരപ്പാലം അമാലന്മാര്‍ കരയോടുചേര്‍ത്തുവെച്ചു. നീണ്ടു കൃശഗാത്രനായി പ്രായത്തെ തോല്‍പ്പിക്കുന്ന പ്രസന്നഭാവമുളള കുന്നലകോനാതിരി ഉത്രട്ടാതി തിരുനാള്‍ മാനവിക്രമന്‍ ലോകരുടെ സഹായത്തോടെ കടവുപൂകി. ഊരിയ വാളുമായി അംഗരക്ഷകരായ അഞ്ചാറ് അകമ്പടിജനം സാമൂതിരിയെ പൊതിഞ്ഞു നിന്നു. അകമ്പടിത്തോണികളില്‍ ധര്‍മ്മോത്തു പണിക്കരും തിനയഞ്ചേരി ഇളയതും ഷാബന്ദര്‍ കോയയും പരിവാരസമേതം വന്നിറങ്ങി അണിയതു നിന്നു.

ശേഖരന്‍ സാമൂതിരിയെ സാകൂതം നോക്കി.

ഗൗരവപ്രകൃതിയല്ലെന്ന് ഓടിക്കളിക്കുന്ന കണ്ണുകള്‍ കണ്ടാല്‍ മനസ്സിലാവും. കല്ലും മുത്തും വെച്ച വട്ടച്ചുക്കയും വജ്രം മിന്നുന്ന വീരച്ചങ്ങലയും മുപ്പത്താറണി എരക്കുമാലയും ശരീരത്തില്‍ അധികപ്പറ്റായി തോന്നുന്നില്ല. ഭസ്മം പൂശിയ നീണ്ടനെറ്റിയില്‍ സമ്മര്‍ദ്ദം തീര്‍ത്ത ചുളിവുകള്‍ പക്ഷേ വെളിപ്പെട്ടു നിന്നു. വൈഡൂര്യക്കല്ലുവെച്ച തൃക്കൈവളയും പവിഴം പതിച്ച കടകവും ചേര്‍ന്ന നീണ്ടകൈകള്‍ എല്ലാവരേയും അഭിവാദ്യം ചെയ്യുന്നു.

മങ്ങാട്ടച്ചനും പാറമ്പിയും തലച്ചെന്നോരും തുറമരക്കാരും പള്ളിമുസ്ല്യാരും നാട്ടുടയവനു മുന്നില്‍ ആത്യാദരപൂര്‍വം വാപൊത്തി നിലകൊണ്ടു.

ചെണ്ടയും കൊമ്പും കുരവകളും ഉയര്‍ന്നപ്പോള്‍ സാമൂതിരി പന്തലിലേക്ക് താലപ്പൊലിയോടെ ആനയിക്കപ്പെട്ടു. വെള്ളയും കരിമ്പടവും മൂടിയ തട്ടില്‍ കത്തിച്ച നിലവിളക്കുകള്‍ക്കിടയില്‍, പട്ടുവിരിച്ച പീഠത്തില്‍ രാജാവ് ആസനസ്ഥനായി. വട്ടപങ്കയും കുതിരവാല്‍ വിശറിയുമായി വീശുകാര്‍ പിന്നിലണിനിരന്നു.

''ന്താ രാമാ വിശേഷായിട്ട്, മാധവാ, എല്ലാം നല്ലപടിയല്ലെ...''

മങ്ങാട്ടച്ചനോടും പാറനമ്പിയോടും കുശലം ചോദിച്ച് സാമൂതി വിശദമായി മുറുക്കി.

'' തിരുവുള്ള കൃപകൊണ്ട് എല്ലാം വിശേഷായിരിക്കുന്നു.''

പാറമാധവന്‍ നമ്പി പ്രതിവചിച്ചു.

''വളയനാടമ്മ തുണ. ലന്തക്കാരുടെ വക എന്താ രാമാ?''

''ലന്ത കമ്പിനിനായകന്‍ മാര്‍ടെന്‍* മുഖം കാണിക്കണമെന്നു പറയുന്നുണ്ട്. കല്‍പ്പിച്ചാല്‍ വിളിപ്പിക്കാം.'' മങ്ങാട്ടച്ചന്‍ ഭവ്യതയോടെ ഉരുവിട്ടു.

''ആവട്ടെ... മാമക കാര്യങ്ങള്‍.''

''ഓലകളല്ലാം അയച്ചുകഴിഞ്ഞു തിരുമനസ്സെ. പുത്തലത്തിളയ പണിക്കര്‍ എഴുന്നള്ളത്തിനു എത്തിയിട്ടുണ്ട് നിന്തിരുവടീ...'

''മുഖം കാണിക്കാന്‍ പറയ്യ...''

മങ്ങാട്ടച്ചന്‍ വെള്ള നമ്പൂതിരിക്കു മുഖം കാണിച്ചു.

''പണിക്കരെ മഹാരാജാവ് മുഖം കാണിക്കാന്‍ കല്‍പ്പിക്കുന്നു. വര്വ..''
വെളള തിരുമേനി ശേഖരനെ തട്ടി.

പന്തലിനു മുന്നിലെത്തി, മേല്‍മുണ്ട് അരയില്‍ കെട്ടി ശേഖരന്‍ വായ പൊത്തി കുനിഞ്ഞുനിന്നു.

''അയ് നാം പ്രതീക്ഷിച്ച രൂപം ഇതല്ലല്ലോ. പാശുപതത്തിന് തപം ചെയ്ത വൈരാഗിയെപ്പോലെ. ആടയാഭരണങ്ങളില്ലാതെ ഇതെന്തു കഥ പുത്തലത്തിളയ പണിക്കരെ... ഉപചാരങ്ങള്‍ മാറ്റി നിവര്‍ന്നങ്ങട്ടു നില്‍ക്വ. ഹയ് ഇപ്പം ഭംഗിയായി. ആകാരസുഷമയും ആഭ്യാസബലവും സ്പഷ്ടം. അലങ്കരിച്ചാല്‍ പൊന്നണിഞ്ഞ കൊമ്പന്‍ തന്നെ. കേമന്‍ തന്നെ അല്ലേ ഇളയതേ. ഹ, താന്‍ ഇന്നലെ എന്തോ ഇദ്ദേഹത്തെപ്പറ്റി സൂചിപ്പിച്ചല്ലോ എന്താ അത്...''

കഥ ഇത്ര വേഗം രാജാവിന്റെ ചെവിട്ടിലുമെത്തിയോ.. ശേഖരന്‍ അത്ഭുതപ്പെട്ടു.

''ഒന്നുമില്ല തിരുമനസ്സെ. മഹാരാജാവിന്റെ തനയസ്ഥാനമാണ് കുതിരവട്ടത്തിന്. തറവാട്ടില്‍ കയറി ഭേദ്യം ചെയ്തു എന്നാണ് കഥ പന്നിയങ്കരയില്‍ എത്തിയത്. വന്നുകയറിയ മാത്രയില്‍ വേണമോ എന്നാണ് സംസാരം. കുതിരവട്ടത്തെ അഭ്യാസബലം എല്ലായിടത്തും വെളിപ്പെട്ടാല്‍മതിയെന്നും...''

സചിവോത്തമന്‍ തിനയഞ്ചേരി പറഞ്ഞു.

''ഹയ് എന്താ തിനയഞ്ചേരി ഇത്. ചോദിച്ചു വാങ്ങി എന്നാണല്ലോ വെള്ള നമുക്ക് ഓല അയച്ചത്. രസികാ അവസാനത്തെ ചേര്‍ക്കല്‍ തന്റെതാണെന്നു മനസ്സിലായി.. ''

രസികത്വം നിറഞ്ഞ മഹാരാജാവിന്റെ മുഖം പെട്ടന്ന് ഭാവം പകര്‍ന്നു.

''വിഷമം ഒഴിയാത്ത തെക്കും ഉയിരെടുക്കാന്‍ ശ്രമിക്കുന്ന വടക്കും സൈ്വര്യംഭംഗിക്കുമ്പോള്‍ നമ്മുടെ വടക്കിനെ കോട്ടപോലെ കാത്തുപിടിക്കുന്നതിനാലാണ് അവരെ നാം കിടാങ്ങള്‍ എന്നു വിളിക്കുന്നത്. എന്റെ കുട്ടികള്‍. കണ്‍വെട്ടത്തു നിന്നു തരക്കേടു കാണിക്കുന്ന സംബന്ധവഴിക്കാരേക്കാള്‍ കണ്ണുപതിയാത്തിടത്തു നമ്മുടെ കണ്ണാവുന്നവരെ വിശ്വസിക്കുന്നതാണ് യുക്തി. എന്താ രാമാ നാം പറഞ്ഞത് ശരിയല്ലെ...''

റാന്‍, മങ്ങാട്ടച്ചന്‍ തലകുലുക്കി

''എന്റെ കിടാവെ നാളെ അന്തിമായുമ്പോള്‍ വന്നു മുഖംകാണിക്കുക..''

നിശ്വാസമുതിര്‍ത്തു ശേഖരന്‍ തൊഴുതു പിന്‍വാങ്ങി

നടനട ആര്‍പ്പുവിളി ഉയര്‍ന്നു. സാമൂതിരി വളയനാടേക്കു മഞ്ചലില്‍ എഴുന്നള്ളി.

(തുടരും)

*ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി കമാന്‍ഡറായ മാര്‍ടെന്‍ ഹുയ്സ്മാന്‍
(1678-1683)

Content Highlights: Kulavan, Harilal Rajagopal, Mathrubhumi

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Pennu Kaanal

14

ഒരു പെണ്ണുകാണൽ അപാരത | വി. ബാലുവിന്റെ ഗ്രാഫിക് കഥ

Nov 28, 2022


pablo neruda

1 min

ജലത്തോടും നക്ഷത്രങ്ങളോടുമൊത്തുള്ള യാത്രയാണ് പ്രണയം- പന്ത്രണ്ടാമത്തെ ഗീതകം| നെരൂദ

Jul 13, 2022


kurav

1 min

കുറവ്; സുധാകരന്‍ മൂര്‍ത്തിയേടം എഴുതിയ കവിത

Mar 21, 2022


Most Commented