പെണ്‍മാല | ജിന്‍ഷ ഗംഗ എഴുതിയ കഥ


ജിന്‍ഷ ഗംഗകോവിലില് ഉത്സവം തുടങ്ങിയാല്‍ പിന്നെ അപ്പന് രാവും പകലും തിരക്കാണ്. ഉത്സവം തീരണ വരെ അയാള് അപ്പന്റെ സഹായിയായി കൂടും, അപ്പനെ ഏറ്റവും സന്തോഷത്തോടെ കാണാന്‍ കഴിയുന്നത് ഉത്സവത്തിന്റെ ദിവസങ്ങളിലാണ്.

ചിത്രീകരണം: ബാലു

ലമുടിക്ക് താഴെ ബസ് ഇറങ്ങിയപ്പോഴേക്കും കാട്ടിലേക്കുള്ള അവസാനത്തെ ജീപ്പും പോയിരുന്നു. നേരം ഇരുട്ടി. അയാള്‍ അവിടെയുള്ള പഞ്ചായത്തു പൈപ്പില്‍ നിന്നും മുഖം കഴുകി. കുഞ്ഞ് ഉറക്കമായിരുന്നു.അയാള്‍ ലുങ്കിയുടെ ഉള്ളില്‍ തിരുകിയ ടോര്‍ച്ച് എടുത്ത് ലൈറ്റ് തെളിച്ചു. പണ്ട് തന്നെയും തോളിലേറ്റി അപ്പന്‍ നടന്നിട്ടുള്ള ആ വഴിയിലൂടെ കുഞ്ഞിനെയും എടുത്ത് നടക്കുമ്പോള്‍ അയാള്‍ക്ക് അപ്പന്‍ സ്ഥിരം പാടാറുള്ള പാട്ട് ഓര്‍മ വന്നു.

'കാടൊന്ന് മൂക്കണ് രാവാകെ കറുക്കണ്..
മേനിയും മൂക്കണ് പെണ്ണിന് കുളിരണ്...
കാടൊന്ന് മൂക്കണ് രാവാകെ കറുക്കണ്... '

ആശുപത്രിയില്‍ കിടക്കുന്ന ഭാര്യയെ അയാളോര്‍ത്തു. പേറിന്റെ കടച്ചിലും ക്ഷീണവും അവള്‍ക്കിനിയും മാറിയിട്ടില്ല. നാളെ കോവിലില് ഉത്സവം ഇല്ലായിരുന്നെങ്കില്‍ ഇന്നും അവള്‍ക്ക് കൂട്ടിരുന്നേനെ. ഉത്സവദിവസത്തില് ആള്‍ക്കാര് നേര്‍ച്ചയായി കെട്ടുന്ന നാരങ്ങാമാല ദേവിക്ക് ചാര്‍ത്തേണ്ടത് അയാളാണ്. അത് മുടക്കിയാല്‍ ദേവീകോപം കിട്ടുമെന്നാണ് കാടിന്റെ വിശ്വാസം. ഉത്സവം കഴിഞ്ഞ് പെട്ടെന്ന് തന്നെ തിരിച്ചു വരാമെന്ന് പറഞ്ഞാണ് മോളെയും കൂട്ടി ആശുപത്രിയില്‍ നിന്നും ഇറങ്ങിയത്.ഇറങ്ങുമ്പോള്‍ ചെറിയ കുഞ്ഞ് നല്ല ഉറക്കത്തിലായിരുന്നു. മുലപ്പാലിന്റെ മണമുള്ള അവളുടെ കുഞ്ഞുകവിളുകളില്‍ ഉമ്മ കൊടുക്കുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു.

മിനിഞ്ഞാന്നാണ് പ്രസവം കഴിഞ്ഞത്. പ്രസവം നിര്‍ത്താനുള്ള ഓപ്പറേഷനെ കുറിച്ച് പറഞ്ഞപ്പോള്‍ ആദ്യം അവള്‍ എതിര്‍ത്തു. ഒരു ആണ്‍കുട്ടി കൂടി വേണ്ടേ എന്ന് ചോദിച്ചു.അവളുടെ ശരീരത്തിന് ഇനിയൊരു പ്രസവത്തിനു കൂടിയുള്ള പാങ്ങില്ല. ആണായാലും പെണ്ണായാലും ഒരു പോലെയാണെന്ന് അവളെ പറഞ്ഞുമനസ്സിലാക്കി. ഒരാഴ്ച്ചയ്ക്കുള്ളില്‍ ഓപ്പറേഷന്‍ ചെയ്യാമെന്ന് ഡോക്ടര്‍ സമ്മതിച്ചു. അത് വരേയ്ക്കും ആശുപത്രിയില്‍ നില്‍ക്കാമെന്ന് അവള്‍ പറഞ്ഞു. ഗവണ്മെന്റ് ആശുപത്രിയില്‍ ഇപ്പോള്‍ എല്ലാത്തിനും നല്ല സൗകര്യമുണ്ട്. കൂടെ നിന്നോളാമെന്ന് അവളുടെ അമ്മയും പറഞ്ഞു.

പാതിര തെളിഞ്ഞാല് ആനകള് ഇറങ്ങും. ഇപ്പൊ സന്ധ്യ കഴിയുമ്പോഴേക്കും ഒറ്റയാന്‍ ഇറങ്ങുന്നുണ്ടെന്ന്, ഇന്നലെ ആശുപത്രീല് വന്നപ്പോ കുമാരന്‍ പറഞ്ഞിരുന്നു.അയാള്‍ കാല്‍വയ്പ്പിന്റെ അകലവും വേഗവും കൂട്ടി. ആട്ടിന്‍ കാട്ടങ്ങളും പനങ്കുരുക്കളും ചതച്ചുനടന്നു.

ചെറിയ ഉറവകള്‍ ഒഴുകുന്നതിന്റെയും മലയുടെ മുകളില്‍ നിന്ന് വെള്ളം ഒഴുകി വരുന്നതിന്റെയും ശബ്ദം കേള്‍ക്കാം. വന്യമൃഗങ്ങളുടെ ഇണചേരലിന്റെ സീല്‍ക്കാരങ്ങള്‍, കുറുക്കന്മാരുടെ രാഗവിസ്താരം.

കണ്ണും കാതും സസൂക്ഷ്മം കൂര്‍പ്പിച്ച് അയാള്‍ നടന്നു. കുറുമാരിയമ്മയെ വിളിച്ചു പ്രാര്‍ത്ഥിച്ചു.

'കുറുമാരിയമ്മേ... അള്ളെത്തും വരെ കരിന്തേളും കാട്ടു പാമ്പും കാട്ടാനയും ഏങ്ങളുടെ പെരിയ മൊടക്കല്ലേ... '

കാട്ടുനായ്ക്കളുടെ ഒന്നിച്ചുള്ള കുര കേട്ടപ്പോള്‍ അയാള്‍ക്ക് ചെറിയൊരു പേടി തോന്നി. കഴിഞ്ഞ ഇരുപത്തിയെട്ട് വര്‍ഷങ്ങളോളം ഇല്ലാതിരുന്ന ഒരു ഭയം അയാളെ ആവേശിച്ചു. ഈ കാട് തന്നെ ഒരിക്കലും വഴി തെറ്റിച്ചിട്ടില്ല എന്ന വിശ്വാസത്തിന്റെ ബലത്തില്‍ കുഞ്ഞിനെ ഇടതുതോളിലേക്ക് മാറ്റിക്കിടത്തി അയാള്‍ നടത്തം തുടര്‍ന്നു.

ചുള്ളിക്കാടുകളും പാറകളും നിറഞ്ഞ കുത്തനെയുള്ള ഊന്നുവഴി ഇറങ്ങുമ്പോള്‍ ഒരു നായ അയാളുടെ മുന്നിലേക്ക് എടുത്ത് ചാടി. കുട്ടി ഞെട്ടിയുണര്‍ന്നു. അയാള്‍ കുട്ടിയുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. 'അത് നമ്മടെ അപ്പുവാ...'. അയാള്‍ നായയുടെ തലയില്‍ തലോടി. അത് വാലുകള്‍ ആട്ടിക്കൊണ്ട് അയാള്‍ക്ക് പിന്നാലെ നടന്നു.

വലിയൊരു ഒറ്റപ്പാറ മറിഞ്ഞുണ്ടായ ഗുഹയുടെ മുന്നിലെത്തിയപ്പോള്‍ അയാള്‍ കിതച്ചുകൊണ്ട് നിലത്ത് ഇരുന്നു. കുഞ്ഞ് എഴുന്നേറ്റിരുന്ന് തല ചൊറിഞ്ഞു. അവളെ അവിടെയുള്ള ചെറിയ പാറകളില്‍ ഒന്നിന്റെ മേലെ ഇരുത്തിച്ച് പാറക്കൂട്ടങ്ങളുടെ ഒരറ്റത്ത് കരി പിടിച്ച് കിടന്ന ചെമ്മിണിക്കൂടും തീപ്പെട്ടിയും പരതിയെടുത്തു. കാറ്റ് കടക്കാത്ത മൂലയില്‍ ചിമ്മിണിവിളക്ക് കത്തിച്ചുവെച്ച് കുട്ടിയേയും എടുത്ത്, പാറക്കെട്ടിന്റെ പുറത്ത് വിലങ്ങനെ വലിച്ചു കെട്ടിയ തടിയന്‍ മുളയ്ക്ക് അടിയിലൂടെ അയാള്‍ അകത്തേക്ക് കയറി. നിലത്ത് ചുരുട്ടി വച്ച പായ നിവര്‍ത്തി കുഞ്ഞിനെ അതില്‍ കിടത്തി. പുറത്തേക്ക് ഇറങ്ങി, കനം കുറഞ്ഞ പ്ലാസ്റ്റിക് പൈപ്പിലൂടെ വരുന്ന വെള്ളത്തിനടുത്തേക്ക് നടന്നു. ആ തണുത്ത മലവെള്ളത്തില്‍ മുഖം കഴുകിയപ്പോള്‍ അയാള്‍ക്ക് കണ്ണുകള്‍ നീറി.

പാറക്കഷണങ്ങള്‍ അടുക്കി വച്ച അടുപ്പില്‍ കലം എടുത്ത് വച്ച് അയാള്‍ അള്ളിന്റെ ഉള്ളിലേക്ക് നോക്കി. മോളുടെ പായയ്ക്ക് കീഴെ നായ കിടക്കുന്നുണ്ട്. അവള് നായയുടെ ചലനങ്ങള്‍ നോക്കി കിടക്കുകയാണ്. വെള്ളം തിളയ്ക്കാന്‍ കാത്ത് നില്‍ക്കാതെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ റാഗിയില്‍ നിന്നും കുറച്ച് എടുത്ത് കഴുകി കലത്തിലേക്കിട്ടു. തീയുടെ ചൂടില് ഇരിക്കുമ്പോള്‍ അയാള്‍ക്ക് ഉള്ളും പുറവും വെന്തു. കലങ്ങിയ കണ്ണുകള്‍ ചുറ്റുപാടും അലഞ്ഞു നടന്നു.

കൂറ്റനൊരു പാറയാണത്. അതിന്റെ ഒരു മൂലയില്‍ മരം കൊണ്ട് അയാള്‍ തന്നെ ഉണ്ടാക്കിയ വാതില്‍ ഇല്ലാത്ത കുഞ്ഞലമാരയില്‍ തുണികള്‍ അടുക്കി വച്ചിരിക്കുന്നു. അതിന്റെ താഴെ രണ്ട് പ്ലാസ്റ്റിക് ബക്കറ്റുകള്‍ ഉണ്ട്. അരിയും റാഗിയും മറ്റും അതിലാണ് സൂക്ഷിക്കുന്നത്. അടുത്ത് വിരിച്ചിട്ട തുണിച്ചാക്കിന്റെ മീതേ പച്ചക്കറികള്‍ ഉണ്ട്. പാത്രങ്ങളും അടുക്കി വച്ചിട്ടുണ്ട്. അള്ളിന്റെ ഉള്ളിലേക്ക് കേറുന്നിടത്തു മുകളിലായി വലിയൊരു മുള വിലങ്ങനെ കെട്ടിയിട്ടുണ്ട്. അതിന്റെ മുകളില് കുറച്ച് സാരികള് ഒന്നിച്ച് തുന്നി, വലിയൊരു കര്‍ട്ടന്‍ പോലെ കേറ്റിവച്ചിട്ടുണ്ട്. രാത്രി കിടക്കാന്‍ നേരം അത് താഴേക്ക് വലിക്കും.അതിന്റെ നാല് മൂലയ്ക്കും വലിയ പാറക്കഷണങ്ങള്‍ എടുത്ത് വയ്ക്കും. ഒരു വലിയ മരപ്പട്ടിക എടുത്ത് അതിന്റെ മീതെക്കൂടെ കമിഴ്ത്തി വയ്ക്കും. അത്രയും ചെയ്യുമ്പോഴേക്കും പാറയ്ക്കുള്ളിലേക്ക് ഉള്ള വഴി സാരികൊണ്ട് മുഴുവനായി മൂടിയിട്ടുണ്ടാകും. മുള കെട്ടിയതിന്റെ മുകള്‍ ഭാഗത്ത് കൂടെ തണുപ്പ് അരിച്ചു കയറും. അപ്പോള്‍ അയാളും ഭാര്യയും കുഞ്ഞും ഏറ്റവും ഉള്ളിലോട്ടുള്ള മൂലയില് ഒരു പായയില് കെട്ടിപ്പിടിച്ചുറങ്ങും.

അവളുണ്ടായിരുന്നെങ്കില്‍ തേങ്ങ പൊട്ടിച്ചു ചമ്മന്തിയോ മുരിങ്ങയില പറിച്ച് തോരനോ ആക്കിയേനെ എന്ന് അയാള്‍ ഓര്‍ത്തു. കട്ടി ചൂടാറ്റി കുഞ്ഞിന് കൊടുക്കുമ്പോള്‍ ഭാര്യ ഉറങ്ങിക്കാണുമോ എന്ന ചിന്ത അയാളെ അലട്ടി. കുഞ്ഞ് അമ്മയെ അന്വേഷിച്ചു. നാളെ കഴിഞ്ഞാല്‍ അമ്മയെ കാണാന്‍ പോകാമെന്ന് പറഞ്ഞ് അയാള്‍ അവള്‍ക്ക് കട്ടി കോരിക്കൊടുത്തു. വയറുനിറഞ്ഞപ്പോള്‍ കുഞ്ഞിന് ഉറക്കം വന്നു. അയാള്‍ സ്പൂണില്‍ കോരിക്കൊടുത്ത കട്ടി ഉറക്കച്ചടവില്‍ അവള്‍ പുറത്തേക്ക് തന്നെ തുപ്പി. അവളുടെ വായ കഴുകിച്ച് അയാളവളെ പായയിലേക്ക് കിടത്തി.ബാക്കി വന്ന കട്ടി മറ്റൊരു പാത്രത്തില്‍ ഒഴിച്ച് പുറത്തേക്കിറങ്ങി. പുറത്ത് കിടന്ന നായയുടെ നേര്‍ക്ക് അത് നീക്കിവച്ചു. നായ ആര്‍ത്തിയോടെ പാത്രത്തിലേക്ക് നാവ് നീട്ടി.

അയാള്‍ അള്ളിന്റെ പിന്നില്‍ നിന്നും വലിയൊരു മരക്കുട്ട എടുത്ത് കൊണ്ട് വന്ന് അടുപ്പിന്റെ ഉള്ളിലേക്ക് വച്ചു. ചിമ്മിണി ഒഴിച്ച് തീ കൊളുത്തി. കത്തി തുടങ്ങിയപ്പോള്‍ അതിന്റെ മീതേ വേറെയും മരക്കഷണങ്ങള്‍ എടുത്തിട്ടു. പുലരും വരെ അത് കത്തിക്കോളും. ആനയെ അകറ്റാന്‍ കാലകാലങ്ങളായി കാട്ടിലെ മനുഷ്യര് ചെയ്യുന്നതാണത്. പുകയും തീയും കണ്ടാല്‍ ആന അടുത്തേക്ക് വരില്ല. നായ അടുത്തേക്ക് വന്ന്, തീയുടെ ചൂടേറ്റ് കുറച്ച് മാറി കിടന്നു. അയാള്‍ അള്ളിലേക്ക് കയറി സാരി താഴ്ത്തി.

കുഞ്ഞ് ഉറങ്ങിയതിനു ശേഷം അയാള്‍ പാറക്കെട്ടിന്റെ മൂലയ്ക്ക് ചേര്‍ത്ത് വച്ച പഴയ പെട്ടി തുറന്നു. പഴക്കമുള്ള ഒരു പ്ലാസ്റ്റിക് കവര്‍ പുറത്തെടുത്തു. അതിലുണ്ടായിരുന്ന ഇരുമ്പ് വള എടുത്തു.ആചാരവളയാണ്. കൊല്ലങ്ങള്‍ പഴക്കമുണ്ട് അതിന്. അപ്പാപ്പന്റെ കയ്യില്‍ നിന്ന് അപ്പനിലേക്കും, അപ്പനില്‍ നിന്ന് അയാളിലേക്കും അത് കൈമാറി വന്നു. അപ്പന്റെ മണമാണ് അതിന്. അതിന്റെ പഴക്കം അപ്പനും തിട്ടമില്ലായിരുന്നു. വള കുഞ്ഞിന്റെ തലയ്ക്ക് മീതേ വച്ച് കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് കുറുമാരിയമ്മയെ പ്രാര്‍ത്ഥിച്ചു കൊണ്ട് അയാള്‍ കിടന്നു.ഒരറ്റത്തേക്ക് നീക്കി.

പാറയുടെ മിനുസമുള്ള അടിഭാഗത്തിന്റെ ഇരുട്ടിലേക്ക് നോക്കി മലര്‍ന്നു കിടക്കുമ്പോള്‍, കല്യാണം കഴിഞ്ഞ രാത്രിയില് അവള് പാറയിലോട്ട് നോക്കി ഇതേപോലെ കിടന്നത് അയാളോര്‍ത്തു.

ശരിക്കും ഇതൊരു ഗുഹ തന്നെയാണല്ലേ എന്നാണ് അവള് ചോദിച്ചത്. അവളന്ന് അങ്ങനെ ചോദിച്ചപ്പോള്‍ വിഷമം തോന്നി. ഒറ്റമുറിയാണെങ്കിലും മുളകൊണ്ടുള്ള ചുമരുകളും വാതിലും പ്ലാസ്റ്റിക് ഷീറ്റ് ഉള്ള മേല്‍ക്കൂരയും ഇട്ട കുടിയില്‍ നിന്ന് വന്നതാണ് അവള്. അവള്‍ക്ക് അപ്പനും അമ്മയുമൊക്കെയുണ്ട്. തനിക്ക് ആരുമില്ല. നാല് വയസ്സുള്ളപ്പോഴാണ് അമ്മ മരിക്കുന്നത് പ്രാന്ത് മൂത്ത ഒരു ദെവസം ചമ്പ്രാമല വരെ കേറിപ്പോയി അവിടുള്ള ഒരു ഉങ്ങ് മരത്തില് അമ്മ കെട്ടിതൂങ്ങി. നാട്ടില് കൂലിപ്പണിക്ക് പോയ അപ്പന്‍ അമ്മയെ സ്‌നേഹിച്ച് സ്‌നേഹിച്ച് ഒരു പാതിരായ്ക്ക് ആരുമറിയാണ്ട് കാട് കയറ്റിയതാണത്രേ. ആദ്യമൊക്കെ അമ്മയ്ക്ക് സന്തോഷമായിരുന്നേലും പിന്നെ പിന്നെ അമ്മയുടെ മട്ട് മാറി. എപ്പോഴും കാട്ടു മൃഗങ്ങളുടെ ഒച്ചയും കരച്ചിലുമുള്ള കാട്ടില് പാറയ്ക്കടീലുള്ള ജീവിതത്തോട് ചേര്‍ന്ന് പോവാന്‍ അമ്മയ്ക്ക് കഴിഞ്ഞില്ല. ഒരു കുഞ്ഞിനെ പെറ്റു എന്ന് അറിഞ്ഞിട്ടും പെറ്റമ്മ പോലും വരാതായപ്പോള്‍ അത് വരെ അടക്കി വച്ച പേടിയും സങ്കടോം നിരാശയും ഒക്കെ കൂടിക്കൂടി അമ്മയ്ക്ക് ഭ്രാന്തായതാണെന്നാ എല്ലാരും പറഞ്ഞത്. പക്ഷേ, അപ്പനോട് അയാള് അതൊന്നും ഒരിക്കലും ചോദിച്ചിട്ടില്ല, നെറയെ രോമക്കാടുള്ള എളം വെളുപ്പുള്ള അപ്പന്റെ നെഞ്ചില് പറ്റിപിടിച്ചു കെടക്കുമ്പോ അയാള്‍ക്ക് അമ്മയില്ലാഞ്ഞതില് സങ്കടം തോന്നിയിരുന്നില്ല.

എപ്പോഴും അപ്പന്‍ കൂടെ വേണമെന്ന് അയാള്‍ ആശിച്ചു. പക്ഷേ കുറുമാരിയമ്മ അപ്പനും ആയുസ്സ് കൊടുത്തില്ല. മലവെള്ളം വന്ന ദെവസം മരം പിടിക്കാന്‍ പൊഴേല് എറങ്ങീതാണ്. കുത്തൊഴുക്കിലങ്ങു പോയി, ശവം കിട്ടീത് നാലാമത്തെ രാത്രീലാണ്.

കാടിന്റെ വെളിയിലെ സ്‌കൂളില് അപ്പന്‍ ഒരിക്കല്‍ അയാളെയും കൊണ്ട് പോയതാണ്. പേര് പറഞ്ഞ് ചേര്‍ക്കുകയും ചെയ്തു. ആദ്യത്തെ ദെവസം അങ്ങാടീന്ന് വാങ്ങിയ പുത്തന്‍ ഉടുപ്പ് ഇടീച്ച്, അയാളെയും കൂട്ടി അപ്പന്‍ സ്‌കൂളിലേക്ക് പോയി. അപ്പന്റെയും അയാളുടെയും വേഷവും മട്ടും കണ്ടപ്പോള്‍ ഒരു മാഷ് 'ആദിവാസി ചെക്കനൊക്കെ പഠിച്ചിട്ട് എന്ത് കിട്ടാനാണെന്ന്' കളിയാക്കി ചോദിച്ചു. ' ഇങ്ങളെ പോലുള്ളോരുടെ പഠിപ്പിക്കല് എന്റെ ചെക്കന് വേണ്ടാ ' എന്നും പറഞ്ഞ് അയാളേം തോളില് ഇട്ട് അപ്പന്‍ തിരികെ കാട് കയറി.അന്ന് അപ്പന്റെ തോളില് ഇരുന്ന് അയാള്‍ കാടിന്റെ ചേല് മുഴുവനും കണ്ടു.

പിന്നങ്ങോട്ട് കാട്ടില് പണിക്ക് പോകുമ്പോ അപ്പന്‍ അയാളെയും കൂട്ടും. അപ്പന്‍ മലമുടിക്ക് താഴെ പണിക്ക് പോകുമ്പോള്‍, അയാള് അള്ളില് ഒറ്റയ്ക്കിരിക്കും.ഇരുട്ട് കനക്കുമ്പോള്‍ ഒരു പാട്ടും മൂളി അപ്പന്‍ വരുന്നുണ്ടാകും.രാത്രീല് കഞ്ഞി കുടിച്ച് പൊഴേലേക്ക് ഇറങ്ങും. പൊഴേല് നീന്തി നീന്തി തളരുമ്പോള്‍ അപ്പനും മോനും കരയിലേക്ക് നീന്തിക്കേറും.

കോവിലില് ഉത്സവം തുടങ്ങിയാല്‍ പിന്നെ അപ്പന് രാവും പകലും തിരക്കാണ്. ഉത്സവം തീരണ വരെ അയാള് അപ്പന്റെ സഹായിയായി കൂടും, അപ്പനെ ഏറ്റവും സന്തോഷത്തോടെ കാണാന്‍ കഴിയുന്നത് ഉത്സവത്തിന്റെ ദിവസങ്ങളിലാണ്.

ചെലപ്പോഴൊക്കെ അയാള്‍ക്ക് അപ്പനെ കള്ളിന്റെയും ബീഡിയുടെയും നാറ്റമുണ്ടാവും. മീന്‍ കൊത്തി ചീഞ്ഞ അപ്പന്റെ ശവം മണത്തുനോക്കിയപ്പോള്‍ അന്നേവരെ ഇല്ലാതിരുന്ന ഒരു നാറ്റമാണ് അയാള്‍ക്ക് കിട്ടിയത്. അപ്പന്റെ ശവം കത്തിച്ച രാത്രി അള്ളില് കിടന്ന് ഉറക്കെ കരഞ്ഞു. അപ്പനെ കൊണ്ടോയ പൊഴേല് വെഷം കലക്കി പൊഴേനെ കൊല്ലാന്‍ തോന്നി. അമ്മ തൂങ്ങിയ ഉങ്ങ് മരത്തില് കെട്ടി തൂങ്ങാന്‍ തോന്നി.

പിറ്റേന്ന് രാത്രീല് പൊഴേടെ കരയ്ക്ക് ഒറ്റയ്ക്കിരിക്കുമ്പോഴാണ് പിന്നില് മൂപ്പന്റെ വിളി കേട്ടത് ' എനി നീ ഒറ്റക്ക് അള്ളില് കൂടണ്ട.. നമ്മടെ കുടീല് നിക്കാ , അല്ലെങ്കില് ഇന്റെ അപ്പന്റെ കോളനിലേക്ക് പോ ആടെ ഓന്റെ പെങ്ങള്ണ്ട്... 'മൂപ്പന്‍ പറഞ്ഞു. കോളനീല് അപ്പന്റെ പെങ്ങളും മക്കളും താമസമുണ്ട് . അപ്പന്‍ ചത്തപ്പോ അവര് വന്നിരുന്നു. അപ്പന് പക്ഷേ അവരോട് ലോഹ്യം കുറവായിരുന്നു. അങ്ങോട്ട് പോകുന്നതും അവരുടെ കൂടെ നിക്കുന്നതുമൊന്നും അപ്പന് ഇഷ്ട്ടായിരുന്നില്ല.

' ഞാന്‍ അള്ളില് നിന്നോളും മൂപ്പാ.. '
മൂപ്പന്‍ അയാളെ കുഴമ്പ് മണക്കുന്ന ദേഹത്തോട് ചേര്‍ത്ത് പിടിച്ചു. അപ്പന്‍ ചെയ്യണത് പോലെ മുടിയുടെ പകുപ്പിന്റെ നടുക്ക് ഉമ്മ വച്ചു.

' കണ്ണേ...അപ്പന്റെ കര്‍മങ്ങളൊക്കെ ചെയ്യണം. പിന്നെ, മലയിലെ കോവിലില് എനി നീയാ കോമരം.. നിന്റെ അപ്പന്റെ സ്ഥാനത്തു അടിയന്തിരക്കാര് നിന്നെ ആചാരപ്പെടുത്തും.. കോവിലിലെ അമ്മക്ക് നീയാ എനി മാല കൊടുക്കണ്ട്'

അയാള്‍ക്കപ്പോള്‍ കോവിലിലെ ഉത്സവത്തിന്റെ ആരവം ഓര്‍മ വന്നു. ഉത്സവസമയത്ത് കാട് കേറി വരുന്ന കച്ചവടക്കാരെ ഓര്‍മ വന്നു. ഉത്സവത്തിന് ആഴ്ച്ചകള്‍ക്ക് മുന്നേ അപ്പന്‍ വ്രതം നോല്‍ക്കാറുള്ളത് ഓര്‍ത്തു. ഉത്സവദിവസങ്ങളില് സന്തോഷിച്ച് നടക്കുന്ന അപ്പനെ ഓര്‍മ വന്നു. കച്ചവടക്കാരില്‍ നിന്നും അപ്പന്‍ വാങ്ങിക്കൊടുക്കാറുള്ള പലഹാരങ്ങളുടെ മധുരം ഓര്‍മ വന്നു. ഉത്സവം തീരണ ദിവസം അപ്പന്‍ കുടിക്കാറുള്ള കള്ളിന്റെ നാറ്റം ഓര്‍മ വന്നു. അപ്പന്റെ ജീവനായിരുന്നു ആ ഉത്സവം. നാരങ്ങമാല കെട്ടുന്നത് അങ്ങേയറ്റം പുണ്യമായ കാര്യമായാണ് അപ്പന്‍ കണ്ടിരുന്നത്. അത് ചെയ്യുന്നതില് തനിക്കും സന്തോഷമേയുള്ളൂ എന്ന് അയാള്‍ മൂപ്പനോട് പറഞ്ഞു.

'പക്ഷെങ്കില്, എനക്ക് വേറെ എന്തേലും പണി കൂടി വേണം മൂപ്പാ... '

മൂപ്പന്‍ അയാള്‍ക്ക് ഒരു പണി ഏര്‍പ്പാടാക്കി കൊടുത്തു. മലമുടിക്ക് താഴെ ഒരു മൊതലാളീടെ കാപ്പി തോട്ടത്തില്. പകല് കാപ്പിക്കുരുക്കള് പറിക്കണം.രാത്രീല് തോട്ടത്തിന് കാവല് നില്‍ക്കണം.പൈസക്കും ആഹാരത്തിനും മുട്ടില്ല. കുറേ കാലം ആ പണിയെടുത്തു. പിന്നെ പിന്നെ ഒട്ടുമിക്ക കൂലിപ്പണികളും ചെയ്ത് തുടങ്ങി. നാട്ടിലും മേസ്തിരി പണിക്ക് പോയി തുടങ്ങി.കൊറച്ചൊക്കെ പൈസയും കയ്യില് വന്നു. പക്ഷേ, പാറക്കെട്ടിന്റെ ഉള്ളിലുള്ള പാര്‍പ്പ് മാത്രം നീങ്ങിയില്ല.

വയസ്സ് ഇരുപത് കഴിഞ്ഞപ്പോ, എനി ഒരു പെണ്ണിനെ കൂടെ പൊറുപ്പിക്കണം എന്ന് പറഞ്ഞത് മൂപ്പനാണ്. മൂപ്പന്റെ ഒരു ചങ്ങാതിയുടെ മോളാണ് രാജി. പെണ്ണ് കാണാന്‍ പോയപ്പോള്‍ മൂപ്പനും കൂടെ വന്നു.

'പേരെന്താ...? 'അവളുടെ അപ്പന്‍ ചോദിച്ചു.

' കരിമ്പന്‍' അത് പറയുമ്പോള്‍ അയാള്‍ അപകര്‍ഷതയോടെ അവളുടെ മുഖത്തേക്ക് നോക്കി. അവള് പക്ഷേ നിഷ്‌കളങ്കമായി ചിരിച്ചു. കല്യാണം ഉറപ്പിച്ചു. അപ്പന്റെ സ്ഥാനത്ത് നിന്ന് മൂപ്പന്‍ മംഗലം നടത്തി. അവളെയും കൊണ്ട് അള്ളിലേക്ക് വന്നു.

അവളും അയാള്‍ക്കൊപ്പം പണിക്ക് പോയി തുടങ്ങി. അള്ളിലെ കുറവുകളിലൊന്നും ഒരിക്കലും ഒരു പരാതിയും പറഞ്ഞില്ല. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ചപ്പോള്‍ മൂന്ന് മാസത്തേക്ക് അവളുടെ കുടിയില്‍ നില്‍ക്കുന്ന കാലത്ത് മാത്രമാണ് മംഗലത്തിനു ശേഷം അവളും അയാളും പിരിഞ്ഞു നിന്നിട്ടുള്ളത്.

'ഇവിടുന്ന് ഇറങ്ങിയാല് നിങ്ങള് എന്റെ കുടിയില് നിന്നാ മതി...നിങ്ങളെ കാണാതിരിക്കാന്‍ എനിക്ക് കഴീല്ല.. 'രാവിലെ ആശുപത്രിയില്‍ നിന്ന് ഇറങ്ങുമ്പോ അവള് പറഞ്ഞത് അയാളോര്‍ത്തു. പ്രസവം കഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്ക് ഒന്നിച്ച് കിടക്കാന്‍ പാടില്ല എന്ന് അയാള്‍ പറഞ്ഞപ്പോള്‍ അവള്‍ ചിരിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

'നിങ്ങള് അപ്പന്റെ കൂടെ ഇറയത്തെ പായയില് കിടന്നോ...നിങ്ങടെ ഒച്ച കേക്കാലോ നിങ്ങള് കണ്ണെത്തുന്ന സ്ഥലത്തു ഉണ്ടല്ലോ... '.

പുറത്ത് ആരോ നടക്കുന്ന ഒച്ച കേട്ടു.കാട്ടുപൂച്ചയോ പന്നിയോ ആയിരിക്കണം.അയാള്‍ കുഞ്ഞിനെ മുറുക്കെ പിടിച്ച് കണ്ണുകളടച്ചു. കോവിലില് രാത്രീല് പെണ്ണുങ്ങടെ ഭജന ഉണ്ടാകും. നാളെ പുലര്‍ച്ചയ്ക്കാണ് നട തുറന്ന് മാല ചാര്‍ത്തണ്ടത്. കാലാകാലങ്ങളായി അയാളുടെ കുടുംബക്കാരുടെ അവകാശം ആണത്.

പുലര്‍ച്ചയ്ക്ക് എഴുന്നേല്‍ക്കണം, പൊഴേല് മുങ്ങി ഒറ്റമുണ്ട് ഉടുത്ത്, നനഞ്ഞ ശരീരത്തോടെ വേണം ഭക്തര്‍ കെട്ടി വച്ചിരിക്കുന്ന മാലകള് അമ്മയ്ക്ക് ചാര്‍ത്താന്‍.കൈ നിറയെ നാരങ്ങാമാലകളും എടുത്ത് നടയിലോട്ടുള്ള കല്‍പ്പടികള്‍ കേറുമ്പോഴൊക്കെ അയാളുടെ കണ്ണില്‍ നിന്ന് വെള്ളം ഉറവ പോലെ പൊട്ടിയൊഴുകും. നിറയെ മാലകള്‍ ചാര്‍ത്തിക്കഴിഞ്ഞു തിരിച്ചിറങ്ങുമ്പോ അടുത്ത കൊല്ലവും മാല ചാര്‍ത്താനുള്ള ആയുസ്സ് നീട്ടിതരണേ എന്ന് പ്രാര്‍ത്ഥിക്കും.

പിറ്റേന്ന് പുലര്‍ച്ചെ അയാള്‍ ഉണര്‍ന്നു.കുറുമാരിയമ്മയെ പ്രാര്‍ത്ഥിച്ചു കൊണ്ട് ഇരുമ്പുവള വലത്തേ കയ്യിലേക്കിട്ടു. ഉറങ്ങുന്ന കുഞ്ഞിനെ തോളില് എടുത്ത് അയാള്‍ അള്ളിന്റെ പുറത്തേക്കിറങ്ങി. നായ മുരണ്ടെഴുന്നേറ്റു.

'നീയും വരുന്നോ കോവിലിലേക്ക്...? ' അയാള്‍ ചോദിച്ചു. നായ അയാളുടെ പിന്നാലെ നടന്നു.

കോവിലിലേക്ക് പോകുന്ന വഴിക്കാണ് മൂപ്പന്റെ കുടില്‍. ഉത്സവമായത് കൊണ്ട് പുലര്‍ച്ചെ തന്നെ കുടിയില് എല്ലാരും എഴുന്നേറ്റിട്ടുണ്ട്. മൂപ്പന് വയസ്സായി. ഇപ്പോള്‍ കുടിയില് നിന്ന് പുറത്തോട്ടൊന്നും ഇറങ്ങാറില്ല. അയാള്‍ മൂപ്പന്റെ കുടിയിലോട്ട് കേറി. ഇറയത്ത്, ചുമരോട് ചേര്‍ന്നിട്ട കട്ടിലില്‍ മൂപ്പന്‍ ഉണര്‍ന്നു കിടപ്പുണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ മൂപ്പന്‍ വാത്സല്യത്തോടെ ചിരിച്ചു.

'രണ്ടാമത്തെയും മോളാണ്...' അയാള്‍ പറഞ്ഞു.

' അറിഞ്ഞു. കുമാരന്‍ പറഞ്ഞു. പെണ്ണിന് കുഴപ്പം ഒന്നുമില്ലല്ലോ...? ' മൂപ്പന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു.
' ഇല്ല'
' നിനിക്ക് പൈസ എന്തേലും വേണോ..? '
' വേണ്ട, കയ്യിലുണ്ട്... ' അയാള്‍ പറഞ്ഞു.
' അള്ളില് പൈസേം പണ്ടവും വെക്കണ അലമാര ഉറപ്പിച്ച് പൂട്ടണം... ' ക്ഷീണത്തോടെ ഒന്ന് ചുമച്ചതിനു ശേഷം മൂപ്പന്‍ തുടര്‍ന്നു ' പണ്ടത്തെ കാലമല്ല....കാട്ടിലെ പണ്ടം മുഴോനും കൊണ്ടുപോന്നോരാ നാട്ടില്. അവരിക്ക് കാട്ടുജാതിക്കാര്‌ടെ പണ്ടം കൊണ്ടോവാനും മടി കാണൂല.. '
' അതൊക്കെ സൂക്ഷിച്ചു വച്ചിട്ടുണ്ട്' അയാള്‍ മൂപ്പന്റെ മരുമോളെ നോക്കി തുടര്‍ന്നു.
' ഞാന്‍ കോവിലിലേക്ക് പോവ്വാ...മോളെ ഇവിടെ നിര്‍ത്തിയാല്...'
' ഓ അതിനെന്താ, ഞാന്‍ നോക്കിക്കോളാ, ഞങ്ങള് കോവിലിലോട്ട് വരുമ്പോ കൂടെ കൊണ്ടുവരാം. ' ആ സ്ത്രീ പറഞ്ഞു. ' ഞങ്ങടെ ചെക്കന്‍ അംഗനവാടീല് പോവുന്നുണ്ട്...ഇവളേം കൊണ്ടോവാനായില്ലേ...? ' അവരത് ചോദിച്ചപ്പോള്‍ അയാള്‍ക്ക് അപ്പന്‍ അയാളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ കൊണ്ടുപോയത് ഓര്‍മ വന്നു.
' കൊണ്ടോവണം... കൊണ്ടോവണം.. പഠിപ്പിക്കണം.. ' അയാള്‍ തീരെ ഉറപ്പില്ലാത്ത ശബ്ദത്തില്‍ പിറുപിറുത്തു.
' പോയ് വാ, കുഞ്ഞ് ഇവിടെ നിന്നോളും...' അയാള്‍ കുഞ്ഞിനെ അവരുടെ കയ്യിലേക്ക് കൊടുത്തു. മൂപ്പനോട് യാത്ര പറഞ്ഞ് പുറത്തേക്കിറങ്ങി. കയ്യിലെ ടോര്‍ച്ചിന്റെ വെളിച്ചം വല്ലാതെ മങ്ങി. നായ അയാള്‍ക്ക് പിന്നാലെ നടന്നു.

വെള്ളച്ചാട്ടത്തിന്റെ ഒഴുക്കുള്ള ശബ്ദവും, കിളികളുടെ കുറുകലും കേട്ട്, വെളിച്ചം ഇത്തിരിയായി കടന്ന് വരാന്‍ തുടങ്ങിയ വഴികളിലൂടെ നടക്കുമ്പോള്‍ അയാള് കുട്ടിക്ക് എന്ത് പേരിടണമെന്ന ആലോചനയിലായിരുന്നു. മൂത്ത മോള്‍ക്ക് മുത്തുലക്ഷ്മി എന്ന് പേരിട്ടത് അവളാണ്. വൈരം..അയാള്‍ പിറുപിറുത്തു, വൈരലക്ഷ്മി... അയാളുടെ ചുണ്ടുകള്‍ വിടര്‍ന്നു ചിരിച്ചു.കോവിലിലെ തുടികൊട്ടിന്റെ ശബ്ദം കാതുകളിലേക്കെത്തി, അയാള് പുഴയിലേക്കുള്ള ഇടവഴിയിലേക്ക് തിരിഞ്ഞു.പുഴയില് മുങ്ങി. നായ കരയില്‍ കാവലിരുന്നു.

നനഞ്ഞ ശരീരത്തോടെ ഒറ്റമുണ്ടുടുത്ത് കോവിലില്‍ എത്തിയപ്പോഴേക്കും നട തുറന്നിരുന്നു, അടിയന്തിരക്കാരും വെളിച്ചപ്പാടും നടയില് തന്നെയുണ്ട്.അവര്‍ കൂട്ടം കൂടി നിന്ന് എന്തോ സംസാരിക്കുകയായിരുന്നു. അയാളെ കണ്ടതും അവര്‍ സംസാരം നിര്‍ത്തി. അടിയന്തിരക്കാരെയും വെളിച്ചപ്പാടിനെയും തൊഴുത്, നടയിലേക്ക് കൈ കൂപ്പുമ്പോള്‍ പതിവ് പോലെ അയാള്‍ കരഞ്ഞു. പുറംകൈ കൊണ്ട് കണ്ണ് തുടച്ച്, നിലത്ത് കിടന്ന് നമസ്‌കരിച്ചതിനു ശേഷം നാരങ്ങ മാല കെട്ടുന്ന ഭക്തര്‍ക്കിടയിലേക്ക് നടന്നു. സ്ത്രീകളും കുട്ടികളുമടക്കം ഒരുപാട് പേര്‍ ചെറുനാരങ്ങ ഓരോന്നായി എടുത്ത് നൂലില് കോര്‍ക്കുന്നുണ്ട്.

' കരിമ്പാ അതെടുക്കാന്‍ വരട്ട്... ' കോര്‍ത്ത് വച്ച നാരങ്ങാമാലകള്‍ എടുക്കാന്‍ തുടങ്ങുമ്പോള്‍ അടിയന്തിരക്കാരന്‍ അയാളുടെ അടുത്തേക്ക് വന്നു. പിന്നാലെ വേറെയും കുറച്ച് ആള്‍ക്കാര്‍ ഉണ്ടായിരുന്നു.

'ഈ കോവിലിലെ നിയമം കരിമ്പന്‍ മറന്നു പോയോ..?' അടിയന്തിരക്കാരില്‍ ഒരാള്‍ ചോദിച്ചു. കാര്യം മനസ്സിലാകാതെ അയാള്‍ പകച്ചു നിന്നു.
'കരിമ്പന് ഇനി ഇവിടെ നാരങ്ങാമാല ചാര്‍ത്താന്‍ അവകാശമില്ല... 'കാതില് തറച്ച കൂറ്റ് ആരുടേതാണെന്ന് അയാള്‍ക്ക് മനസ്സിലായില്ല. സ്ത്രീകള് മാല കോര്‍ക്കുന്നത് നിര്‍ത്തി എന്തൊക്കെയോ പിറുപിറുത്തു.
'അതെന്താ...? ' അയാള് വിറയലോടെ ചോദിച്ചു.

പ്രായം ചെന്ന അടിയന്തിരക്കാരന്‍ മുന്നോട്ട് വന്നു.

' മാല ചാര്‍ത്താനുള്ള അവകാശം നിന്റെ കുടുംബത്തിന് തന്നെയാ. നിന്റെ അപ്പാപ്പനും, അപ്പനും, പിന്നെ നിനക്കും അത് കിട്ടി. പക്ഷേ, കോവിലിലെ വിശ്വാസം അനുസരിച്ച് വേണ്ടേ കാര്യങ്ങള് നടത്താന്‍. മംഗലം കഴിഞ്ഞ ആചാരക്കാരന് ആണ്‍കുട്ടികള് പിറന്നാല് മാത്രമേ ആ അവകാശം മുന്നോട്ട് കൊണ്ടോവാന്‍ പറ്റൂ. നിനിക്ക് രണ്ടാമത് ഉണ്ടായതും പെണ്ണല്ലേ...പിന്നെ നിന്റെ ഭാര്യ പേറ് നിര്‍ത്താന്‍ പോവ്വാണെന്നും കേട്ടു. സത്യാണോ...? '

' അതേ.. ' അയാള്‍ തലയാട്ടി.
'ആണ്‍കുട്ടികള് പിറന്നില്ലെങ്കില് അത് ദേവീടെ എന്തേലും കോപം തട്ടിയത് കൊണ്ടാകും. അങ്ങനെ കോപം തട്ടിയ നീ മാല ചാര്‍ത്തിയാല് ദേവിക്ക് തൃപ്തി വരൂലാ... 'അടിയന്തിരക്കാരന്‍ പറഞ്ഞു. കൂടി നിന്ന ജനങ്ങള് അതിനെ അനുകൂലിച്ചു തലയാട്ടി.
പകച്ചുകൊണ്ട് ചുറ്റിനുമുള്ള ജനങ്ങളുടെ മുഖത്തേക്ക് മാറി മാറി നോക്കിക്കൊണ്ട് കരിമ്പന്‍ നിന്നു.
'ഞങ്ങളൊക്കെ ചേര്‍ന്ന് ഒരു തീരുമാനം എടുത്തിറ്റ്ണ്ട്. നിന്റെ അപ്പന്റെ പെങ്ങടെ മോന്‍ ദിനേശനാ എനി കോവിലില് മാല ചാര്‍ത്താനുള്ള അവകാശം. കണിയാന്റെ അടുത്ത് ചോദിച്ചപ്പോ ദേവിക്ക് അതില് എതിര്‍പ്പില്ല എന്നാ കണ്ടേ. '
അയാളുടെ തലയ്ക്കകത്ത് വല്ലാത്തൊരു മൂളിച്ച തോന്നി. അയാള്‍ക്ക് ദേഹം വിറച്ചു.

' ഇനിയിപ്പോ വൈകിക്കണ്ട പുതിയ ആളെ ആചാരപ്പെടുത്താം... ' വെളിച്ചപ്പാട് പറഞ്ഞു. ഒറ്റമുണ്ടുടുത്ത് നനഞ്ഞ ദേഹത്തോടെ ആള്‍ക്കാര്‍ക്കിടയിലേക്ക് നടന്നു വരുന്ന ദിനേശനെ അയാള്‍ കണ്ടു.

'കരിമ്പാ.. നീ ആ വള ഇങ്ങ് താ.. 'പ്രായം ചെന്ന അടിയന്തിരക്കാരന്‍ പറഞ്ഞു. അയാള്‍ കോവിലിന്റെ ഉള്ളിലേക്ക് നോക്കി. വിളക്ക് വച്ചിട്ടും കോവിലിന്റെ ഉള്ളില് ഇരുട്ട് നിറഞ്ഞത് പോലെ തോന്നി. വിറക്കുന്ന കൈകള് കൊണ്ട് അയാള്‍ വള ഊരി അടിയന്തിരക്കാരന്റെ കയ്യിലേക്ക് കൊടുത്തു അയാളുടെ കണ്ണ് നിറഞ്ഞു.

അയാള്‍ തിരിഞ്ഞു നടന്നു.പലരുടെയും സഹതാപം നിറഞ്ഞ നോട്ടങ്ങള്‍ അയാള്‍ക്ക് നേരെ നീണ്ടു. ചിലരൊക്കെ അയാളുടെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു. ആരോടും തിരിച്ച് ഉരിയാടാതെ അയാള്‍ കോവിലില്‍ നിന്നും ഇറങ്ങി. ദിനേശനെ ആചാരപ്പെടുത്തുന്നതിനുള്ള ചെണ്ടക്കൊട്ട് തുടങ്ങി. സ്ത്രീകള്‍ കുരവയിട്ടു. കാതുകള്‍ പൊത്തിക്കൊണ്ട് അയാള്‍ നടന്നു.

പാതി കീറിയ സൂര്യവെളിച്ചത്തില്‍ മലയിറങ്ങുമ്പോള്‍, പിറകില്‍ എന്തോ ഒച്ച കേട്ടു. അയാള്‍ തിരിഞ്ഞ് നോക്കി. വായയില് കടിച്ച് പിടിച്ച നാരങ്ങാമാലയുമായി നായ ഓടി വരുന്നത് കണ്ടു. അയാള്‍ അവന് മുന്നില്‍ മുട്ടുകുത്തിയിരുന്നു. നാരങ്ങാമാല നിലത്തേക്കിട്ട് നായ അയാളെ നോക്കി.

'ഇത് ഏതേലും കല്ലിന്റെ ചോട്ടില് കൊണ്ട് ഇട്ടോ... എന്നിട്ട് തിരിച്ച് കോവിലിലേക്ക് പോ. ആടെ ഇന്ന് സദ്യ ഉണ്ട്...അതിന്റെ എച്ചില് കിട്ടും. 'അയാള്‍ നായയുടെ തലയില്‍ തലോടി, നഗരത്തിലേക്കുള്ള ആദ്യത്തെ ജീപ്പ് ലക്ഷ്യമാക്കി നടന്നു. കോവിലില് നിന്നും കൊട്ട് കേട്ടു. നായ പിന്നിലേക്ക് തിരിഞ്ഞ് നോക്കി. പിന്നെയത് കോവിലിലേക്ക് നടന്നു.

Content Highlights: Jinsha Ganga, Story, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented