ഇന്നസെന്റ്/ ഫോട്ടോ: രാഹുൽ മാള
ഓണക്കാലത്ത് എന്റെ വീട് ഉത്സവത്തിമിര്‍പ്പിലാണ്. ഒത്തിരി കൂട്ടുകാര്‍ വീട്ടില്‍ വരും. മകനും ധാരാളം കൂട്ടുകാരുണ്ട്. അവരും വീട്ടില്‍ ഒത്തുകൂടും. തിരുവോണത്തലേന്ന് രാത്രി മകന്റെയും കൂട്ടുകാരുടെയും പ്രധാനപരിപാടി വലിയൊരു അത്തപ്പൂക്കളം ഒരുക്കലാണ്. ഓണം മാത്രമല്ല, എല്ലാ മതങ്ങളുടെയും ഉത്സവങ്ങള്‍ അവര്‍ ആഘോഷിക്കാറുണ്ട്. മതങ്ങളോടുള്ള ബഹുമാനംകൊണ്ടാണ് എന്നാണ് ഞാനാദ്യം ധരിച്ചിരുന്നത്. പക്ഷേ, ആഘോഷങ്ങളിലും ഉത്സവങ്ങളിലും പങ്കെടുക്കാനുള്ള ഉത്സാഹമാണ് അവരുടെ താത്പര്യത്തിനു പിന്നിലെന്ന് പിന്നീടാണ് മനസ്സിലായത്. കുട്ടിക്കാലത്ത് എനിക്കും ഇതേ സ്വഭാവം തന്നെയായിരുന്നു.
ഒരിക്കല്‍, ഒരു ഓണത്തിന് മകന്‍ സോണറ്റും കൂട്ടുകാരും ഒരു പൂക്കളമുണ്ടാക്കി. പൂവിന്റെ ഒപ്പം കളര്‍ നിറച്ച് ഉപ്പുപൊടി, അരിപ്പൊടി എന്നിവയൊക്കെ അവര്‍ അതില്‍ ഉപയോഗിച്ചു. നേരം വെളുക്കുമ്പം തിരുവോണമാണ്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ പോകുന്ന പെണ്‍കുട്ടികളൊക്കെ അത്തപ്പൂക്കളം കണ്ട് അഭിനന്ദിക്കുന്നതു കേള്‍ക്കുന്നത് അവര്‍ക്ക് ആഹ്ലാദകരമാണ്. പന്ത്രണ്ടുമണിയോടെ പൂക്കളം പൂര്‍ത്തിയായി. ഞാന്‍ പറഞ്ഞു: 'മോനെ നീ ഉറങ്ങ്. രാവിലെ എണീറ്റ് കാണാമല്ലോ.' കൂട്ടുകാര്‍ക്കാര്‍ക്കും ഉറക്കം വന്നില്ല. അവര്‍ പൂക്കളത്തിനു കാവലിരുന്നു. നേരം വെളുത്തു. ഞാനും ഭാര്യയുമാണ് ആദ്യത്തെ കാഴ്ചക്കാര്‍. മകന്റെയും കൂട്ടുകാരുടെയും കലാപരിപാടിയില്‍ ഞങ്ങള്‍ക്ക് ഒത്തിരി ആഹ്ലാദം തോന്നി. എത്ര മനോഹരമായ പൂക്കളം! പെട്ടെന്നാണ് ഒരു മഴക്കാറ് ഉരുണ്ടുകൂടിയത്. നേരം ആറുമണിയോടടുത്തുകാണും. അവിചാരിതമായുണ്ടായ മഴക്കോളു കണ്ട് ഭാര്യ പറഞ്ഞു: 'ഇത് മിക്കവാറും നന്നായിട്ട് പെയ്യും.' പത്രവിതരണക്കാരന്‍ അപ്പുക്കുട്ടന്‍ മാത്രം പൂക്കളം കണ്ടിരുന്നു. അമ്പലത്തിലേക്ക് പോകാന്‍ ആള്‍ക്കാര്‍ എത്തിത്തുടങ്ങുന്നതേയുള്ളൂ. ഞങ്ങളെല്ലാവരും ഒരുമിച്ചു പ്രാര്‍ഥിച്ചു, ഈശ്വരാ, മഴ പെയ്യരുതേ! പെട്ടെന്ന് മഴ ആര്‍ത്തുപെയ്തു. അമ്പലത്തിലേക്ക് ആളുകള്‍ എത്തുന്നതിനു മുന്‍പേ വന്ന മഴയില്‍ പൂക്കളം മുഴുവന്‍ ഒലിച്ചുപോയി. സോണറ്റ് ഓടിപ്പോയി കട്ടിലില്‍ കമിഴ്ന്നുകിടന്ന് പൊട്ടിക്കരഞ്ഞു. ഞങ്ങള്‍ ആശ്വസിപ്പിച്ചു: 'അടുത്ത ഓണം ഉണ്ടല്ലോ, മോനേ. അന്നു നമുക്ക് ഇതിലും നല്ലൊരു പൂക്കളമുണ്ടാക്കാം.' അവന്റെ കരച്ചില്‍ നിന്നില്ല. മണി ഏഴരയായി. അമ്മ ചെന്നു പറഞ്ഞു: 'മോനേ, നീ എണീറ്റ് കുളിക്ക്, എന്നിട്ട് വല്ലതും കഴിക്ക്.'
അവന്‍ എണീറ്റില്ല. കുറെ കഴിഞ്ഞപ്പോള്‍ ഞാന്‍ അവന്റെ അടുത്ത് കട്ടിലില്‍ പോയി ഇരുന്നു. അവന്റെ തലയില്‍ തലോടി. തുറന്നുകിടക്കുന്ന ജനാലയിലൂടെ പുറത്തേക്ക് നോക്കി. മഴവെള്ളത്തില്‍ ഒലിച്ചുപോകുന്ന പൂക്കള്‍ വേദനയോടെ എന്നെ നോക്കുന്നു. ഒഴുകിപ്പോകുന്ന ആ പൂവിതളുകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പത്തെ ഒരു ഓണനാളിലേക്ക് എന്നെ തിരിച്ചുനടത്തി.
ചെറുപ്പകാലത്ത് പ്രധാനപ്പെട്ട സംഭവമായിരുന്നു, പട്ടരുടെ കുളത്തിലെ കുളി. കുളിയെക്കാളും വലുത് കുളത്തിന്റെ പടവിലിരുന്നുള്ള കുളിപ്പീരാണ്. അവസാനമാണ് ഞങ്ങളൊക്കെ കുളിയിലേക്ക് പ്രവേശിക്കുന്നത്. കുളത്തിന്റെ തൊട്ടടുത്താണ് കൂട്ടുകാരായ സുബ്രന്‍, കുമാരന്‍, കൊച്ചക്കന്‍ എന്നിവരുടെ വീട്. ആ വീട്ടില്‍ത്തന്നെ മറ്റൊരു കൊച്ചു ചങ്ങാതിയുണ്ട്, നാലു വയസ്സുകാരനായ അയ്യപ്പന്‍. അവരുടേതൊരു ചെറിയ വീടാണ്. ചെറിയ വീടാണെങ്കിലും പല വലിയ വീടുകളെക്കാളും വൃത്തിയും മനോഹാരിതയും ആ വീടിനുണ്ടായിരുന്നു. പെണ്‍കുട്ടികളില്ലായിരുന്ന ആ വീട്ടില്‍ സുബ്രനും കുമാരനും കൊച്ചക്കനുമൊക്കെയായിരുന്നു അടുക്കളയില്‍ അമ്മയെ സഹായിച്ചിരുന്നത്. കുളത്തിന്റെ കടവില്‍ ഞങ്ങള്‍ മണിക്കൂറുകള്‍ സംസാരിച്ചുകൊണ്ടിരിക്കും. എനിക്കവിടെ ഒരുപാട് ജോലിയുണ്ട്. പ്രധാനപ്പെട്ട ജോലി തൊട്ടപ്പുറത്തുള്ള പെണ്‍കുട്ടികളുടെ കുളക്കടവില്‍ ആരൊക്കെ കുളിച്ചു, അവരൊക്കെ കൃത്യസമയത്തുതന്നെ വന്നോ; വൃത്തിയായും മെനയായും ഒക്കെ കുളിച്ചോ എന്നതിന്റെയൊക്കെ കണക്കെടുപ്പാണ്. ഓരോരുത്തരും വന്ന് കുളിക്കുമ്പോഴും ഞങ്ങള്‍ നോക്കിയിരിക്കും. എന്നാല്‍ കുളിക്കുന്നത് കാണുന്നേയില്ല എന്ന മട്ടിലാണ് ഇരിപ്പും സംസാരവും. അങ്ങനെ കുളിക്കാന്‍ വരുന്നവരെയൊക്കെ കുളിപ്പിച്ച് തല തോര്‍ത്തി, ഈറന്‍ മാറ്റി വീട്ടിലേക്കയയ്ക്കേണ്ട ഭാരിച്ച പണി എന്റെ ചുമലിലാണ്.
ഈ പരിപാടി കഴിഞ്ഞാല്‍ കുളക്കടവില്‍നിന്നും പോകുന്ന പെണ്‍പിള്ളേരെ സ്‌കൂളിലും കോളേജിലുമൊക്കെ പറഞ്ഞയയ്ക്കേണ്ട ചുമതലയും എന്റേതു തന്നെയാണ്. അവരെ നാലുമണിക്ക് വീട്ടിലേക്ക് വീണ്ടുമെത്തിക്കണം. അങ്ങനെ ചെറുപ്പത്തില്‍ ഒരുപാടു പങ്കപ്പാടു പിടിച്ച ജോലിയില്‍ വ്യാപൃതനായിരുന്നു. ചില ദിവസങ്ങളില്‍ അപ്പുറത്തെ കടവ് ശൂന്യമായിരിക്കും. ആ ദിവസം മനസ്സ് വല്ലാതെ വിഷമിക്കും. വീടുകളില്‍ ചെന്നു ചോദിക്കാന്‍ തോന്നും, മക്കളെന്ത്യേ കുളിക്കാന്‍ വരാത്തത്? അതിന്റെ വരുംവരായ്കകളെ ഓര്‍ത്ത് പിന്നെയാ ചോദ്യം വേണ്ടെന്നു വെക്കും.
അപ്പുറത്തെ വീട്ടിലെ ശാരദയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു: 'ശാരദ എന്തേ ഇന്നലെ കുളിക്കാന്‍ വന്നില്ല?' ശാരദ എന്നോട് ഇഷ്ടമുള്ള ആളായതുകൊണ്ട് ഒന്നു കുണുങ്ങിച്ചിരിച്ചുകൊണ്ട് കടന്നുപോയി. എല്ലാ ദിവസവും ചേട്ടന്‍മാരോടൊപ്പം അയ്യപ്പനും കുളക്കടവിലെത്തും. അയ്യപ്പന് സമ്മാനിക്കാന്‍ ഞാനെന്റെ പോക്കറ്റില്‍ ഒരു കഷണം ശര്‍ക്കര കരുതിയിട്ടുണ്ടാവും. ഞാന്‍ അയ്യപ്പനോടു പറയും, 'നീ ഒരു നല്ല തെറി പറയുകയാണെങ്കില്‍ ശര്‍ക്കര നിനക്കു തരാം.'
'പറയില്ല,' അയ്യപ്പന്‍ വാശിപിടിക്കും.
സുബ്രന്‍ എന്നെ വഴക്കു പറയും, 'നീയാ അയ്യപ്പനെ അനാവശ്യങ്ങളൊക്കെ പഠിപ്പിക്കുന്നതു കെട്ടോ. നിനക്കു വേറെ പണിയൊന്നുമില്ലേ.' ഞങ്ങളൊക്കെ തമ്മില്‍ത്തമ്മില്‍ തമാശയ്ക്കാണെങ്കിലും തെറിവാക്കുകള്‍ പറയുന്ന കാരണം അയ്യപ്പന്‍ ആദ്യം പഠിച്ചതും തെറിയായിരുന്നു. അവരാണെങ്കില്‍ അയ്യപ്പനെ പൊന്നുപോലെയാണ് നോക്കുന്നത്. കറുത്തതാണെങ്കിലും ഭംഗിയുള്ള ഒരു മണിക്കുട്ടനാണവന്‍. ഇടയ്ക്ക് ഞാന്‍ അവനോട് പറയും, 'നിന്റെയീ കിടുങ്ങാമണി ഞാന്‍ പൊട്ടിച്ചുകളയും കേട്ടോടാ.' വീണ്ടും ഞാന്‍ അയ്യപ്പനോട് പറയും, 'നീയാ തെറിയൊന്നു പറഞ്ഞേ.'

ഓണമെത്തി. ഓണനാളില്‍ പതിവില്ലാത്ത ഒരുപാടു പേര്‍ ആ കുളത്തില്‍ കുളിക്കാന്‍ വന്നു. ഓണത്തിനു മാത്രം കുളിക്കുന്ന ധാരാളം പേര്‍ അവിടെയുണ്ടായിരുന്നു എന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. ആകപ്പാടെ ഉത്സവത്തിന്റെ അന്തരീക്ഷമായിരുന്നു അവിടെ.
ഒരു നിലവിളി കേട്ടാണ് തിരുവോണനാളില്‍ ഞാനുണര്‍ന്നത്. അയ്യപ്പന്റെ വീട്ടില്‍ നിന്നായിരുന്നു. അവിടെ മുറ്റത്ത് വലിയൊരു പൂക്കളം. സുബ്രന്‍ അയ്യപ്പന്റെ വയറ് തന്റെ തലയില്‍ ചേര്‍ത്തുപിടിച്ച് പൂക്കളത്തിനു ചുറ്റും ഓടുകയാണ്.
എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസ്സിലായില്ല. ചുറ്റും കൂടിനില്ക്കുന്നവരില്‍ ഒരാളോട് ഞാന്‍ കാര്യം തിരക്കി. അയാള്‍ ആ സംഭവം വിവരിച്ചു:
അയ്യപ്പന്‍ താമരപ്പൂ പറിക്കാന്‍ അതിരാവിലെ കുളത്തിലേക്ക് ഇറങ്ങിപ്പോയി. എന്നെ അന്വേഷിച്ചിട്ട് കിട്ടാത്തതുകൊണ്ടാണ് അവന്‍ സ്വയമിറങ്ങിയത്. പക്ഷേ, അവന് നില കിട്ടിയില്ല. കുളം അവനെ വിഴുങ്ങി. അവശനിലയിലാണ് അവനെ പുറത്തെടുത്തത്.
സുബ്രന്‍ എത്ര ഓടിയിട്ടും അയ്യപ്പന്റെ വയറ്റിലെ വെള്ളം കളയാന്‍ സാധിച്ചില്ല. ഒടുവില്‍ കിതച്ചുകിതച്ച് സുബ്രന്‍ അവനെ പൂക്കളത്തിനു ചാരെ കിടത്തി. അയ്യപ്പന്‍ കണ്ണു തുറന്നതേയില്ല. പിന്നീടു കേട്ടത് ഒരു ആര്‍ത്തനാദമാണ്. അവന്റെ അച്ഛന്റെയും അമ്മയുടെയും കരച്ചില്‍ ആകാശത്തെപ്പോലും പിളര്‍ന്നു.
അപ്പോഴും അയ്യപ്പന്റെ ചുണ്ടുകള്‍ അപൂര്‍ണമായി എന്നെ വിളിക്കുന്നതുപോലെ തോന്നി. എന്റെയുള്ളില്‍നിന്ന് ഒരു കരച്ചിലിന്റെ കൊടുങ്കാറ്റും കൂറ്റന്‍തിരയും ഒന്നിച്ചലറിയെത്തി.
ഞാന്‍ അവിടെനിന്നും മുഖംപൊത്തി ഓടിപ്പോന്നു.
പിന്നീട് പട്ടരുകുളത്തിലേക്ക് ഞാന്‍ പോയിട്ടില്ല. അയ്യപ്പനെ എന്നില്‍നിന്നും പറിച്ചെടുത്ത ആ കുളക്കടവിലേക്ക് ഇനി പോവുകയും വേണ്ട.
ഇപ്പോഴും തിരുവോണനാള്‍ വേദനയും കണ്ണീരും നിറഞ്ഞ ഒരു കരിമേഘമായാണ് എന്നെ വന്ന് വലയംചെയ്യുന്നത്. ദൂരെ ചിരിക്കുന്ന താമരപ്പൂ തേടി ഒഴുകിയൊഴുകിപ്പോകുന്ന അയ്യപ്പന്റെ കുഞ്ഞിക്കൈകള്‍ ഓര്‍മയില്‍ നിറയുന്നു. ഒടുവില്‍ അത് തളര്‍ന്നു പോകുന്നതും അവന്‍ താഴ്ന്നുപോകുന്നതും... അതു കണ്ട് ആ പൂവുപോലും നിസ്സഹായമായി കരഞ്ഞിരിക്കണം, തീര്‍ച്ച.
ഞാനീ കഥ മകനോട് ചുരുക്കി അവന് മനസ്സിലാവുന്ന ഭാഷയില്‍ പറഞ്ഞു. മുഴുവന്‍ കേട്ടതിനു ശേഷം ഒന്നും മിണ്ടാതെ അവന്‍ കുറെ നേരം കിടന്നു. പിന്നെ എഴുന്നേറ്റ് എന്റെ നെഞ്ചിലേക്ക് തല ചായ്ച്ചുകൊണ്ട് പറഞ്ഞു:
'അപ്പന്റെ അയ്യപ്പനെക്കാള്‍ വലുതല്ലപ്പാ, എന്റെ പൂക്കളം.'
അപ്പോള്‍ നെഞ്ചില്‍ ഉരുകിവീണ രണ്ടു തുള്ളി കണ്ണീരിന്റെ നനവ് ഞാന്‍ അറിഞ്ഞു.
Content Highlights: Innocent, Thiruvonakkanneer, Mathrubhumi Books
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..