ശ്രദ്ധ ധനഞ്ജയന്‍ എഴുതിയ കഥ | 'ഹീരേന്റി...'


ശ്രദ്ധ ധനഞ്ജയന്‍ / വര: ഗിരീഷ്‌കുമാര്‍

9 min read
Read later
Print
Share

പിന്നെ, രേഷ്‌മേച്ചി നാട്ടില്‍ വന്നപ്പോഴൊന്നും ഞങ്ങള്‍ കാല്‍ടെക്‌സിലെ ജ്യൂസ് കോര്‍ണറില്‍ ചെന്ന് കോക്ക്‌ടെയില്‍ കുടിക്കാന്‍ ബഹളം വെച്ചില്ല. ഓണത്തിന്റെ തലേന്ന് പൂവ് വാങ്ങാനെന്നും പറഞ്ഞ് ടൗണില്‍ ചുറ്റിയടിച്ച്, പയ്യാമ്പലത്തു പോയിരുന്ന്, കാറ്റ് കൊണ്ടില്ല. പാതിരാത്രി കാവില്‍ തെയ്യമുറഞ്ഞു തുള്ളുമ്പോള്‍ പുറത്തെ മഞ്ഞവെളിച്ചത്തിലേക്ക് കഴുത്തു നീട്ടി, രണ്ടാമത്തെ ഓംലെറ്റിന് വേണ്ടി കാത്തുനിന്നില്ല. പിന്നീടൊരിക്കലും ഞങ്ങള്‍ സിറ്റിയിലേക്കുള്ള ലാസ്റ്റ് ബസിന് പിന്നാലെ ഫുട്പാത്തിലൂടെ ഓടിയതുമില്ല.

വര: ഗിരീഷ്‌കുമാർ

മുറ്റത്തെ മാവിന്‍ചുവട്ടില്‍ മരത്തിന്റെ അഴികളുള്ള ഒരു കൂടുണ്ടായിരുന്നു. ആ കൂട്ടില്‍ ഒരു പരുന്തുണ്ടായിരുന്നു. പരുന്തിന്റെ നോട്ടം ചെന്നെത്തുന്ന, കോലായയിലെ നീലനിറമുള്ള തൂണില്‍ ചാരിയിരുന്ന് പത്രം വായിക്കുന്ന പാപ്പനുണ്ടായിരുന്നു. എന്റെയല്ല, രേഷ്‌മേച്ചിയുടെ പാപ്പന്‍. പാപ്പന്റെ കാലിന് ഞരമ്പുകള്‍ പൊട്ടുന്ന ഒരസുഖമുണ്ടായിരുന്നു. ആ വീട്ടിലെ മൂന്നു മുറികളിലും കൊതുകുവലയിട്ടിരുന്നു. അതിലൊന്നില്‍ ചീട്ടുകളിക്കുന്ന പാപ്പന്റെ മോനും ഹീരേന്റിയും ഉണ്ടായിരുന്നു. മറ്റുമുറികളിലും ആരൊക്കെയോ ഉണ്ടായിരുന്നു. ആ വീടിന് രണ്ട് അടുക്കളയായിരുന്നു. ഒന്നാമത്തെ അടുക്കളയില്‍ നിന്നാണ് ചായയും വറുത്ത കായയും വന്നത്. എനിക്ക് ചായ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഹീരേന്റി, ഓടിപ്പോയി നാരങ്ങവെള്ളം കൊണ്ടുവന്നത് രണ്ടാമത്തെ അടുക്കളയില്‍ നിന്നായിരുന്നു. തമ്മിലടിച്ച് മുടിഞ്ഞു പണ്ടാറടങ്ങിപ്പോയ ആ വീട്ടില്‍ നിന്നും ആദ്യം ഇറങ്ങിയത് രേഷ്‌മേച്ചിയായിരുന്നു. അവസാനം ഇറങ്ങിയത് ഹീരേന്റിയും പരുന്തും. രേഷ്‌മേച്ചി സുധിയേട്ടന്റെ കൂടെ ഡല്‍ഹിക്ക് പോയ ദിവസമാണ് ഞാനാദ്യമായി തീവണ്ടിയില്‍ കയറുന്നത്. നിര്‍ത്തിയിട്ട ബോഗിയിലൂടെ രേഷ്‌മേച്ചിയുടെ കൈപിടിച്ച് ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടന്നു. വണ്ടി പുറപ്പെടുന്നതിന് തൊട്ടു മുന്‍പാണ്, അപ്പുറത്തെ പ്ലാറ്റ്‌ഫോമിലൂടെ ഹീരേന്റി, ഒരു വെളുത്ത വവ്വാലിനെപ്പോലെ പറന്നുവന്നത്. ചുരിദാറിന്റെ അറ്റത്തൊക്കെ ചെളിതെറിച്ചതിന്റെ പാടുകളുണ്ടായിരുന്നു. നീളത്തില്‍ പായുന്ന ആള്‍ക്കൂട്ടത്തെ മുറിച്ചുകടന്ന അവര്‍ രേഷ്‌മേച്ചിയിരുന്ന ജനാലയ്ക്കരികിലെത്തി. ബാഗില്‍ നിന്നൊരു പൊതിയെടുത്ത് ജനല്‍കമ്പികള്‍ക്കിടയിലൂടെ ഉന്തിത്തിക്കി ഉള്ളിലേക്കു നീട്ടി. അവരുടെ നീണ്ട വിരലിലെ തടിയന്‍ മോതിരത്തിന്റെ പച്ചക്കല്ല് എന്നെത്തന്നെ തുറിച്ചുനോക്കി. പിറ്റേന്ന് നട്ടുച്ചയ്ക്ക് കോലായില്‍ മലര്‍ന്ന് കിടന്ന് അമ്മയും എളേമ്മയും കുശുകുശുക്കുന്നതിനിടയിലാണ് ഹീരേന്റിയുടെ പേര് കേട്ടത്.

''അനക്ക്, ചാടിത്തുള്ളിയുള്ള വരവ് കണ്ടപ്പോളേ ചൊറിഞ്ഞ് കേറീതാ. എന്തെങ്കിലും പറയാന്‍ പറ്റ്വോ. ഓളെ അമ്മേനെപ്പോലെ നോക്കിയതാന്നല്ലേ പറയ്ന്ന.്''
അമ്മ തലയ്ക്ക് കൈവച്ച് പറമ്പിലേക്ക് നോക്കി ചരിഞ്ഞു കിടന്നു.
''ഏട്ന്ന് കിട്ടിയപ്പാ ഓനിങ്ങനത്തെ ഒരു ഫാമിലീന്ന്''
''നിര്‍മലഗിരീലാ പഠിച്ചേന്ന് സുധി പറയുന്ന കേട്ടിന്. അന്നത്തെ ഫോട്ടോലെല്ലാം ഷര്‍ട്ടും പാന്റും തന്നെയാണ്. എപ്പളാ തലതിരിഞ്ഞേന്ന് ആരിക്കറിയാ?''
''ഓരോരോ ജന്മങ്ങള്'' എളേമ്മ നെടുവീര്‍പ്പിട്ട് കൊണ്ട് തന്റെ ചുരുണ്ട മുടി തറയില്‍ വിടര്‍ത്തിയിട്ടു. ഞാന്‍ ശീമക്കൊന്നയുടെ കമ്പുകളും കപ്പക്കൊള്ളിയും കൂട്ടിക്കെട്ടി പിര്‍ത്തിയുടെ ചോട്ടില്‍ പീടിക കെട്ടുകയായിരുന്നു. മേല്‍ക്കൂരയ്ക്ക് വേണ്ടി എളേമ്മയുടെ പഴയ മഞ്ഞസാരി ചോദിച്ച് ചെന്നതായിരുന്നു. അവരെന്നെ പിടിച്ച് നടുവില്‍ കിടത്തി. നിലത്ത് പടര്‍ന്നു കിടന്ന എണ്ണമിനുപ്പിലും മുടിച്ചൂടിലും ഞാനസ്വസ്ഥയായി തിരിഞ്ഞും മറിഞ്ഞും കിടന്നു. അപ്പോഴൊക്കെ ഞാന്‍ ഹീരേന്റിയുടെ തോളില്‍ തട്ടിത്തെറിക്കാറുള്ള ചെമ്പന്‍ മുടിയിഴകളില്‍ ഒന്നു തൊട്ടുനോക്കാന്‍ കൊതിച്ചു.

അവരുടെ നെടുവീര്‍പ്പലും മൂളലുകളും താണുവന്നു. ഉറങ്ങിത്തുടങ്ങിയപ്പോള്‍ എന്നെചുറ്റിപ്പിടിച്ച കൈകള്‍ പതുക്കെ അയഞ്ഞു. അക്കൊല്ലത്തെ ആദ്യ മഴയില്‍ എന്റെ പീടിക പൊളിഞ്ഞുവീണു. ചെളിയില്‍ പുതഞ്ഞു കിടന്ന മഞ്ഞസാരിത്തുമ്പ് മണ്ണിനടിയില്‍ നിന്നും ഇളിച്ചുകാട്ടി. അടുത്ത മഴക്കാലത്തിന് മുമ്പ് രേഷ്‌മേച്ചിയുടേയും സുധിയേട്ടന്റെയും വീടിന്റെ കുടിയലും കഴിഞ്ഞു. അന്ന് ഞാനാണ് കുഞ്ഞനെ കിടത്തിയ കട്ടിലിന് കാവലിരുന്നത്. ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നപ്പോഴൊന്നും, സുധിയേട്ടന്റെ കൈപിടിച്ച് അകത്തേക്കു കയറുന്നവരില്‍ ഹീരേന്റിയെ മാത്രം കണ്ടില്ല. പാപ്പന്റെ ചെക്കന്‍ പന്തലില്‍ ഓടി നടന്ന് ബിരിയാണി വിളമ്പുന്നുണ്ട്. ഇടയ്ക്ക് കൈയിലെ പാത്രം മറ്റൊരാളെ ഏല്‍പ്പിച്ച് പുറത്തേക്കു നടക്കുന്നത് കണ്ടു. പെട്ടെന്ന് അമ്മ ഓടിവന്ന് ഉറക്കത്തിലായിരുന്ന കുഞ്ഞനെയും കൊണ്ട് നിന്ന നില്‍പ്പില്‍ അപ്രത്യക്ഷയായി. പുറത്തെ ജില്ലി പാകിയ മുറ്റത്ത് ഒറ്റവരിപ്പാത നീക്കിവെച്ച് ആളുകള്‍ ഇരുവശങ്ങളിലേക്ക് നീങ്ങി. പോര്‍ച്ചില്‍ വണ്ടി ചെരിച്ചുവെച്ച്, രേഷ്‌മേച്ചിയുടെ കൈപിടിച്ച് ഹീരേന്റി അകത്തേക്ക് കയറി. പിറകില്‍ ചിരിച്ചുകൊണ്ട് സുധിയേട്ടനും. അവരുടെ പിന്നാലെ നടന്നപ്പോഴാണ്, തറയിലെ ചോക്ലേറ്റ് നിറമുള്ള മാര്‍ബിളിന്റെ മിനുപ്പ് അറിഞ്ഞത്, സുധിയേട്ടന്റെ ടയര്‍കമ്പനിയുടെപേരൊട്ടിച്ച സ്വര്‍ണനിറമുള്ള വലിയ ക്ലോക്ക് കണ്ടത്, കൈവരികളിലെ ചില്ലുപാളിയില്‍ പതിപ്പിച്ച കടല്‍ച്ചിത്രങ്ങളും ഡോള്‍ഫിന്‍ ചാട്ടവും കണ്ടത്. ഹീരേന്റിയായിരുന്നു എല്ലാത്തിനും പിന്നില്‍. സിമന്റും പൂഴിയും കമ്പിയും ഇറക്കുന്നതു മുതല്‍, പണിക്കാരുടെ ചായയും ചോറും വരെ ഏര്‍പ്പാടാക്കിയത് ഹീരേന്റിയായിരുന്നു. വാര്‍പ്പ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് പൈസ തികയാതെ വന്നപ്പോള്‍ സുധിയേട്ടന്‍ വിളിയോടുവിളിയായിരുന്നു. മൂന്നാം ദിവസം പഴയങ്ങാടി സഹകരണബാങ്കിന്ന് ലോണൊപ്പിച്ച് കൊടുത്തതും ഹീരേന്റിയായിരുന്നു (ആ ദിവസം മാത്രമാണ് അച്ഛനുമമ്മയും ഹീരേന്റിയെ അകത്തുവിളിച്ചിരുത്തി സര്‍ബത്ത് കൊടുത്തത്). മാര്‍ബിള്‍ കട്ടറും മരപ്പലകകളും സിമന്റുചാക്കുകളും കൂടിക്കുഴഞ്ഞ, ബംഗാളിപ്പയ്യന്മാരുടെ ഫോണിലെ പാട്ടുകള്‍ പ്രേതങ്ങളെപ്പോലെ അലഞ്ഞുനടക്കാറുള്ള ആ മുറികളിലൊക്കെ തളര്‍ന്നു തളര്‍ന്ന് ആദ്യം ഉറങ്ങിയതും ഹീരേന്റിയായിരുന്നു.

കുടിയലിന്റന്ന് സന്ധ്യയ്ക്ക് വെള്ളാട്ടമുണ്ടായിരുന്നു. മുത്തപ്പന്‍ ഹീരേന്റിയെ സ്‌നേഹത്തോടെ അടുത്തേക്ക് വിളിച്ചു. ചെവിയിലെന്തോ പറഞ്ഞ് പൊട്ടിച്ചിരിച്ചു. ഉള്ളം കൈയ്യില്‍ മുറുകെ പിടിച്ചു. എന്നിട്ട് കൈയിലെ വാല്‍ക്കിണ്ടികളിലൊന്ന് ഹീരേന്റിക്കു നീട്ടി. അവരുടെ ചുണ്ടിലവശേഷിച്ച മധുരക്കള്ളിന്റെ നേര്‍ത്ത തുള്ളികള്‍ ആ നുണക്കുഴികളിലേക്ക് ചാലുകൂറി. ഞാനവരെത്തന്നെ നോക്കിയിരിക്കുന്നത് കണ്ടിട്ടാവണം എന്നെ തിരിഞ്ഞു നോക്കി ഒന്ന് കണ്ണിറുക്കി. പിന്നെ കൈയിലെ തുമ്പയില മുടിക്കെട്ടില്‍ തിരുകി. കുടിയലുകഴിഞ്ഞ് അടുത്താഴ്ച രേഷ്‌മേച്ചിയും സുധിയേട്ടനും തിരിച്ചുപോകുമ്പോള്‍ ഒരു താക്കോല്‍ക്കൂട്ടം ഹീരേന്റിയുടെ കൈയിലും ഉണ്ടായിരുന്നു. അതാണ് പിന്നീടുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായതും. ''സ്ഥലം ഓളെപേരിലാന്ന് വെച്ച് എന്ത് തോന്ന്യാസോം ആകാന്നാ. വീട് നിന്റെയല്ലേ? നിന്റെ വീട് കണ്ടവന്മാര്‍ കേറിനിരങ്ങി ബാറാക്കിക്കളഞ്ഞല്ലോ മോനേന്ന്'' ദിവസവും വിളിച്ചു പറഞ്ഞ് അമ്മ കുത്തിത്തിരിപ്പുണ്ടാക്കി. ''ആ ... നായിന്റെ മോളെ ഞാന്‍ പിടിച്ചിറക്കട്ടേ, സുധീ''ന്ന്...അച്ഛനും ഫോണിലൂടെ മുറുമുറുത്തു. അടുത്ത നിമിഷം, 'നായിന്റെമോനേ'ന്നല്ലേ വിളിക്കേണ്ടതെന്ന് കണ്‍ഫ്യൂഷനടിച്ച് ഫോണ്‍ അമ്മയ്ക്കു തന്നെ കൈമാറി. ഏതായാലും അടുത്ത വരവിന് ഹീരേന്റിയുടെ കൈയീന്ന് താക്കോല്‍ക്കൂട്ടം തിരിച്ചു വാങ്ങിച്ച ധൈര്യത്തിലാണ് സുധിയേട്ടന്‍ മടങ്ങിപ്പോയത്. കൈയില്‍ ഡ്യുപ്ലിക്കേറ്റ് കീ ഒരെണ്ണമുണ്ടായിരുന്നിട്ടും ഹീരേന്റി പിന്നീടാ വീട്ടിലേക്ക് ചെന്നില്ല. ടൗണിലെ ഡ്രൈവിംഗ് സ്‌ക്കൂളിനോട് ചേര്‍ന്ന മുറിയിലായിരുന്നു താമസം. ശനിയാഴ്ചകളില്‍ ഹൈസ്‌ക്കൂള്‍ ഗ്രൗണ്ടില്‍ പെണ്ണുങ്ങളെ സ്‌ക്കൂട്ടി പഠിപ്പിക്കുന്നത് കണ്ടിട്ടുണ്ട്. ഇടയ്ക്ക് കുറച്ചുകാലം കേബിളിന്റെ ഓഫീസിലായിരുന്നു. പിന്നൊരിക്കല്‍ 'കൈരളി' ഹോട്ടലിന്റെ റിസപ്ഷനിലും കണ്ടു. ശരിക്കു പറഞ്ഞാല്‍ അത് ഹീരേന്റിയുടെ നഗരമായിരുന്നു. കൂടെയുള്ളവരൊക്കെ പലവഴിക്ക് പിരിഞ്ഞപ്പോള്‍ ഹീരേന്റിയും ഇവിടം വിട്ടേക്കുമെന്ന് തോന്നിയിട്ടുണ്ട്. ചെക്കന്‍ ടൗണിലെ ക്വട്ടേഷന്‍ ടീമിന്റെ ലീഡറാവാനുള്ള വന്‍സാധ്യതകളെ ഒറ്റ മാസത്തെ പ്രണയത്തിന്റെ ഒരൂക്കന്‍ പെനാല്‍റ്റികിക്കുകൊണ്ട് പൊളിച്ചടുക്കികളഞ്ഞ വടകരയിലെ ഏതോ ഒരു പെണ്ണ് കാരണം ഹീരാന്റിക്ക് അവന്റെ പെട്ടിയില്‍ 'CALICUT TO MUSCAT' എന്ന് പടവലങ്ങാ അക്ഷരത്തില്‍ നീട്ടി നീട്ടി എഴുതിക്കൊടുക്കേണ്ടി വന്നു.

പാപ്പന് സൂക്കേട് കൂടിയെന്ന് സുധിയേട്ടന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ഒരു വൈകുന്നേരം ഞങ്ങളവരുടെ വാടക വീട്ടിലേക്കു ചെന്നു. ഞങ്ങളെ കണ്ടപ്പോള്‍, ഇറച്ചിക്കടയില്‍ തൂക്കിയിടാറുള്ള മാംസക്കഷണം പോലെ നീണ്ട എല്ലുകള്‍ ഇളകിക്കളിക്കുന്ന ദേഹം ഒന്നനക്കി പാപ്പന്‍ കിടക്കയില്‍ എഴുന്നേറ്റിരുന്നു. അടുക്കളയിലെ തിണ്ണയിലിരുന്നു ഹീരേന്റി മീന്‍മുറിക്കുകയായിരുന്നു. തൊട്ടടുത്ത് പരുന്തും. ''കാലിന്റെ കൊറവ്ണ്ട്. ഇപ്പോ ഭയങ്കര ശ്വാസം മുട്ടലാ... ഇന്നലെ പൊലര്‍ച്ചക്ക് ഒരു നെഞ്ഞ് വേദന വന്ന്... കൊഴപ്പൂല്ലാന്നാ ഡോക്ടര്‍ പറഞ്ഞു.'' ഹീരേന്റി ധൃതിയില്‍ മീന്‍ചട്ടി കമഴ്ത്തി വച്ച് എഴുന്നേറ്റപ്പോഴേക്ക് ഞങ്ങള്‍ ഇറങ്ങി. ഗേറ്റിന് മുകളില്‍ അവന്‍ ഒരു പ്രതിമപോലെ ഞങ്ങളെത്തന്നെ നോക്കി നില്‍പ്പുണ്ടായിരുന്നു. ''അത് പറക്കൂലാ?'' ഞാനമ്മയോട് ചോദിച്ചു.
പാപ്പന് പിന്നെയും ശ്വാസംമുട്ടല്‍ വന്നു. സീരിയസായിട്ട് മൂന്നു ദിവസം എ.കെ.ജിയില്‍ കിടന്നു. ചെക്കന് ലീവ് കിട്ടാത്തത് കൊണ്ട് വരാന്‍ പറ്റിയില്ല. രേഷ്‌മേച്ചി നേരെ ആശുപത്രിയിലാണെത്തിയത്. ഏപ്രിലിന്റെ ഒടുവിലത്തെ ആഴ്ചകള്‍ ... ദേഹം മുഴുവന്‍ കൊത്തിപ്പറിക്കുന്ന നരകവെയില്‍. പാപ്പനെ അവസാനമായി കണ്ടുമടങ്ങിയ രാത്രിയില്‍ രേഷ്‌മേച്ചിക്കു പനിച്ചു. പിറ്റേന്ന് എനിക്കും പുറത്തെ ശബ്ദങ്ങള്‍ക്കൊപ്പം ഓടിയെത്താനാവാതെ, മുറിയില്‍ അടുത്തടുത്ത കട്ടിലുകളില്‍ ഞങ്ങള്‍ തളര്‍ന്നു കിടന്നു. പാപ്പന്‍ മരിച്ചപ്പോള്‍ കരയാന്‍ ആരുമുണ്ടായിരുന്നില്ല.
ചെക്കന്‍ കരഞ്ഞുകാണണം.
രേഷ്‌മേച്ചി കരഞ്ഞില്ല
ഹീരേന്റിയും കരഞ്ഞില്ല
അവര്‍ രണ്ടുപേരും പഴയ കഥകള്‍ ഓരോന്നായി ഓര്‍ത്തെടുത്ത് രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നു. മുറിയിലെ ജനാലകളെല്ലാം തുറന്നിട്ടിരുന്നു. ഉണങ്ങിയ വേപ്പിലയുടെയും പുഴുങ്ങിയ വേനലിന്റെയും ഗന്ധം പതുക്കെയില്ലാതായി. സീറോബള്‍ബിന്റെ ഓറഞ്ചു വെളിച്ചം തലയ്ക്കു മുകളില്‍ പഴുത്തുകിടന്നു. ഒരു നേര്‍ത്ത കാറ്റുവീശി. ബാല്‍ക്കണിയില്‍ തൂക്കിയിട്ട ചുവന്ന കിഴവന്‍ നക്ഷത്രം ഒന്നു തലയാട്ടി.
ഹീരേന്റി പറഞ്ഞു തുടങ്ങി

''നീയന്ന് തീരെ ചെറുതാണ്. അപ്പോ നമ്മുടെ ബര്‍ണ്ണശ്ശേരീലെ ഗ്രൗണ്ടില്‍ സ്ഥിരായിട്ട് ടൂര്‍ണമെന്റുണ്ടാകും. ഞാനന്ന് ഫസ്റ്റ് ഇയര്‍ ആയിരുന്നു. കോളേജ് വിട്ട് നേരെ ഗ്രൗണ്ടിലേക്ക് ചെന്നു. ചെക്കനും ടീമും നേരത്തെ സ്റ്റേഡിയത്തില്‍ കുറ്റിയടിച്ചിരുന്നു. പാപ്പനും വണ്ടിയും ഗ്രൗണ്ടിന്റെ അറ്റത്തും, ഹാഫ് ടൈമിന് തൊട്ടുമുന്‍പായിരുന്നു. ആരാ എന്താണെന്നും ഓര്‍മ്മയില്ല. കണ്ടു നിന്നവരും പൊട്ടിച്ചിരിച്ചു. എന്റെ തൊണ്ടേല് വലിയൊരു മീന്‍മുള്ള് കേറിയത് പോലെ കുത്തുന്ന വേദനയായിരുന്നു. കരച്ചിലങ്ങനെ കടിച്ചുപിടിച്ച് ഞാന്‍ ചെക്കനേം വിളിച്ച് ഗ്യാലറിയില്‍ നിന്ന് താഴെയിറങ്ങി. തിരിഞ്ഞു നോക്കിയപ്പോ പാപ്പനതാ കടലപ്പാത്രം വച്ച് ഒരുത്തന്റെ കണങ്കാല് നോക്കി എറിയുന്നു. എജ്ജാതി ഏറ്... അവന്‍ മുട്ടുകുത്തി മൈതാനത്തിലിരുന്നു പോയി. ചട്ടുകം വച്ച് പാപ്പനവനെ തല്ലിത്തല്ലി പതം വരുത്തി. ഒടുക്കം കടപ്പുറത്തെ പരുന്തുകള്‍ അവന്റെ തലയ്ക്കു മുകളില്‍ വട്ടമിട്ടു പറന്നു തുടങ്ങിയപ്പോള്‍, ഗ്രൗണ്ടിലെ അവസാനത്തെ ആളും ഇറങ്ങിപ്പോയപ്പോള്‍, ഞങ്ങളവനെ ഫുട്പാത്തില്‍ കൊണ്ടിട്ടു.''
''പാപ്പന്റെ ചീത്ത കൊറേ നിങ്ങക്കും കിട്ടിക്കാണും''
''പിന്നില്ലാണ്ട്. ബോധള്ളോര്‍ക്ക് പറഞ്ഞിട്ടുള്ളതാ എല്ലാ കളികളും, ഇങ്ങനെ തൊള്ള തൊറന്ന് സ്വപ്‌നം കണ്ടിരിക്കുന്നോര്‍ക്ക് പറഞ്ഞിട്ടുള്ളതല്ലാന്നും പറഞ്ഞ് വീടെത്തുന്നതുവരെ സൈ്വര്യം തന്നില്ല''
''ഹീരേന്റി...''
''ഉം''
''ഞാനന്ന് പറഞ്ഞതോര്‍മയുണ്ടോ? ഞങ്ങടെ ഹോസ്പിറ്റലിലെ ബെറ്റി സിസ്റ്ററെപറ്റി?''
''ഉം''
''അവര് ബോംബേല് വര്‍ക്ക് ചെയ്തിരുന്നപ്പോ ഇങ്ങനത്തെ കുറേ സര്‍ജറി ചെയ്തിട്ടുണ്ട് പോലും. ഇപ്പോ പണ്ടത്തെപ്പോലെ ഒന്നുമല്ല. പെസ ഇല്ലാഞ്ഞിട്ടാ ചെയ്യാത്തേ?''
''ഓ പൈസ ഒക്കെ ഉണ്ടാക്കാന്‍ ഒക്കെ അറിയാം. തല്‍ക്കാലം കീറിമുറിക്കാനും തുന്നിക്കൂട്ടാനൊന്നും എന്നെക്കിട്ടൂല''ഹീരേന്റി ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു.
''എടീ, എന്ന് തൊട്ട് എന്റെ ബോധത്തില്‍ ഞാനൊരു പെണ്ണാണെന്നു തോന്നിത്തുടങ്ങിയോ, ആ നിമിഷം മുതല്‍ ഞാനതാണ്. എനിക്കീ ലോകത്തെ ഒരു മൈ** ബോധിപ്പിക്കാനില്ല'.
''എന്നാലും...''
''കുരങ്ങിന് കുരങ്ങ്'' ന്ന് പേരിട്ടതാരാ?
''മീനിനെ മീനെന്ന് വിളിച്ചതാര്?''
''നമ്മള് ... മനുഷമ്മാര് ... അല്ലാണ്ടാരാ?''
''മ്മ്........ നമ്മള് തന്നെയല്ലേ ഇതൊക്കെ ഒപ്പിക്കുന്നേ . അല്ലാണ്ട് ദൈവമൊന്നുമല്ലല്ലോ.''
''പിന്നേ... ദൈവത്തിന് എല്ലാത്തിന്റേം മേലെ നെയിംസ്ലിപ്പ് അടിച്ച് ഭൂമീലോട്ട് പറഞ്ഞുവിടലാണല്ലോ പണി''
''അപ്പോ പിന്നെ ആണെന്നും പെണ്ണെന്നുംവിളിച്ചതാരാ?''
''നമ്മളെന്നെ''
അവര്‍ രണ്ടുപേരും പൊട്ടിച്ചിരിച്ചുകൊണ്ട് തലയിലൂടെ പുതപ്പ് വലിച്ചിട്ട് കിടന്നുറങ്ങി.

ഹീരേന്റിയാണ് എനിക്ക് കാര്‍ഡ്‌സ് കളിക്കാന്‍ പഠിപ്പിച്ചുതന്നത്.
ഉച്ചനേരങ്ങളില്‍ ഞങ്ങള്‍ ടെറസിലിരുന്ന് ആരുമറിയാതെ ചീട്ടുകളിക്കുമായിരുന്നു. എപ്പോഴും തോല്‍ക്കുന്നത് ഞാനായിരിക്കും. ഒരു തവണയെങ്കിലും ജയിക്കണമെന്നു കരുതി, ചീട്ട് തറയിലേക്കിടും മുമ്പ് എല്ലായ്‌പ്പോഴും ഞാനവരുടെ മുഖത്തേക്ക് മാറിമാറിനോക്കും. പക്ഷേ, ഏതെങ്കിലുമൊരു ഡയമണ്ടോ ജോക്കറോ എന്നെ ചതിച്ചുകളയും. അതുവരെ തോറ്റ ഭാവത്തോടെ വിഷമിച്ചിരുന്ന ഹീരേന്റിയാവും ആദ്യമെന്നെ കളിയാക്കിച്ചിരിക്കുന്നത്. ഒരിക്കലെനിക്ക് സങ്കടം വന്നപ്പോള്‍ ചീട്ടു മുഴുവന്‍ തട്ടിമാറ്റി എഴുന്നേല്‍ക്കാന്‍ തുടങ്ങി. ഹീരാന്റി എന്നെ പുറകിലൂടെ ചുറ്റിപ്പിടിച്ച് മടിയിലിരുത്തി. എന്നിട്ടു പറഞ്ഞു.
''ഇതേയ് പിള്ളേര്‌ടെ കളിയല്ല''
''പിന്നെ?'' ഞാന്‍ ദേഷ്യത്തോടെ തുറിച്ചുനോക്കി.
''ഇത് വെല്യ ആള്‍ക്കാരെ കളിയാ.. അപ്പോ അതില് കൊറേ കള്ളത്തരം കാണും''
''അതെന്താ കുട്ട്യോള് ജയിക്കാത്തേ?''
''കുട്ട്യാള്‍ക്ക് കള്ളക്കളി കളിക്കാനറിയാത്തോണ്ട്''
''അതെന്താ അറിയാത്തേ?''
''ആ. അതങ്ങനെയാ''
ഹീരേന്റി എന്റെ വരണ്ട മുടിയിഴകളിലൂടെ വിരലോടിച്ചു. അവ പതുക്കെ വകഞ്ഞുമാറ്റി, കഴുത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
''ഒണങ്ങ്ന്ന്ണ്ട്.. ചൊറിയണ്ടാട്ടാ''

Also Read

കഥ | പൊൻചെമ്പകം

അക്വേറിയം - അജേഷ്.പി എഴുതിയ കവിത

സന്ധ്യ നരേൻ എഴുതിയ അഞ്ച് മൈക്രോ കഥകൾ, ...

പുസ്തക പെണ്ണുങ്ങൾ-ഗിരീഷ് കുമാറിന്റെ ഗ്രാഫിക് ...

കുളിയൊക്കെക്കഴിഞ്ഞ് ഞാനും രേഷ്‌മേച്ചിയും താഴെയിറങ്ങിയിട്ടും ഹീരേന്റി മുകളിലെ മുറിയില്‍ തന്നെയിരുന്നു. ഒരു ദിവസം മുറ്റത്തെ മൈലാഞ്ചിച്ചെടിയില്‍ നിന്ന് ഇലകള്‍ നുള്ളുന്ന ഹീരേന്റിയെ നോക്കി അച്ഛന്‍ സുധിയേട്ടനോട് പറയുന്നത് കേട്ടു.
''എണ്ണകാച്ചലും കുളിയുമൊക്കെയായി ഇവിടെത്തന്നെയങ്ങ് കൂടാനാണോ ഉദ്ദേശം?''
അന്നുച്ചയ്ക്ക് ചോറുണ്ണാന്‍ സുധിയേട്ടന്‍, ഹീരേന്റിയേയും വിളിച്ചു. വൈകുന്നേരം സ്‌ക്കൂട്ടി കഴുകുന്നതിനിടയില്‍ ഫോണടിക്കുന്നത് കേട്ട് ഹീരേന്റി മുറിയിലേക്ക് കയറി വന്നു. ഞാനവരുടെ ഫോണില്‍ ഗെയിം കളിക്കുകയായിരുന്നു. തൊട്ടടുത്ത് കുഞ്ഞന്‍ ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. സന്ധ്യയായപ്പോള്‍ സുധിയേട്ടന്‍ കൊടുങ്കാറ്റുപോലെ എന്റടുത്തേക്ക് പാഞ്ഞു വന്നു. കുഞ്ഞപ്പോള്‍ അമ്മയുടെ ഒക്കത്തിരുന്നു നിര്‍ത്താതെ കരയുകയായിരുന്നു.
''റൂമിലാരാ ലാസ്റ്റ് വന്നേ?''
സുധിയേട്ടന്‍ ചീറിക്കൊണ്ടു ചോദിച്ചു.
''ഹീരേന്റി''
എന്റെ ശബ്ദം എനിക്കുതന്നെ അപരിചിതമായി തോന്നി. പിന്നീടങ്ങോട്ടുള്ള എന്റെ രാത്രിസ്വപ്‌നങ്ങളില്‍ രണ്ടു കാഴ്ചകള്‍ നിരന്തരം വട്ടമിട്ടുപറന്നുകൊണ്ടിരുന്നു.
സോഫയില്‍ ചരിഞ്ഞിരുന്ന് മുഖംപൊത്തിക്കരയുന്ന രേഷ്‌മേച്ചി ചുവന്നു കലങ്ങിയ കണ്ണുകളുമായി തലകുനിച്ച് നില്‍ക്കുന്ന ഹീരേന്റി.

പിന്നെ, രേഷ്‌മേച്ചി നാട്ടില്‍ വന്നപ്പോഴൊന്നും ഞങ്ങള്‍ കാല്‍ടെക്‌സിലെ ജ്യൂസ് കോര്‍ണറില്‍ ചെന്ന് കോക്ക്‌ടെയില്‍ കുടിക്കാന്‍ ബഹളം വെച്ചില്ല. ഓണത്തിന്റെ തലേന്ന് പൂവ് വാങ്ങാനെന്നും പറഞ്ഞ് ടൗണില്‍ ചുറ്റിയടിച്ച്, പയ്യാമ്പലത്തു പോയിരുന്ന്, കാറ്റ് കൊണ്ടില്ല. പാതിരാത്രി കാവില്‍ തെയ്യമുറഞ്ഞു തുള്ളുമ്പോള്‍ പുറത്തെ മഞ്ഞവെളിച്ചത്തിലേക്ക് കഴുത്തു നീട്ടി, രണ്ടാമത്തെ ഓംലെറ്റിന് വേണ്ടി കാത്തുനിന്നില്ല. പിന്നീടൊരിക്കലും ഞങ്ങള്‍ സിറ്റിയിലേക്കുള്ള ലാസ്റ്റ് ബസിന് പിന്നാലെ ഫുട്പാത്തിലൂടെ ഓടിയതുമില്ല.
ഇന്ന്, ഈ റെയില്‍വെസ്റ്റേഷനില്‍ എന്നെ വണ്ടികയറ്റാന്‍ വരുന്നതുവരെ ഒരിക്കല്‍പോലും രേഷ്‌മേച്ചി എന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല. മുന്നിലെ പാളങ്ങളിലൂടെ മാര്‍ച്ച് പാസ്സ് ചെയ്തുകൊണ്ട് ഒരു വലിയ മഴ ഞങ്ങള്‍ക്കു മുന്നിലേക്ക് ഇരമ്പി വന്നു. രേഷ്‌മേച്ചി എന്റെ കൈപിടിച്ച് വെയിറ്റിംഗ് റൂമിലേക്ക് നടന്നു. ഭൂഗര്‍ഭ അറ പോലൊരു സ്റ്റേഷന്‍. പഴകിപ്പൊളിഞ്ഞൊരു വെയിറ്റിംഗ് റൂം. വല്ലപ്പോഴും കടന്നുപോകാറുള്ള ലോക്കല്‍ ട്രെയിനുകള്‍ക്കായി കാത്തിരിക്കുന്ന മൂന്നാല് മനുഷ്യര്‍. യാതൊരു ധൃതിയുമില്ലാതെ പാളങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്നവര്‍. ഇനി വണ്ടിയൊന്നും വന്നില്ലെങ്കിലും ലോകാവസാനം വരെ അവരീ ഇരിപ്പ് തുടരുമെന്നു തോന്നുന്നു.

''ഇവിടെ ശരിക്കും വണ്ടി നിര്‍ത്ത്വോ'' ഞാന്‍ രേഷ്‌മേച്ചിയോട് വീണ്ടും ചോദിച്ചു.
''നിര്‍ത്തുമ്പോ കാണാലോ''
''മറ്റന്നാള് പ്രാക്ടിക്കല്‍ എക്‌സാം ഉള്ളതാ. ഇന്ന് പോയില്ലെങ്കി ഒറപ്പായും സാറെന്നെ ക്ലാസീന്ന് പൊറത്താക്കും''
''പൊറത്താക്കിയാ, നീ ഇങ്ങ് പോര്. നമ്മക്ക് ഡല്‍ഹിക്ക് പോവാം.''
ഞാന്‍ അത്ഭുതത്തോടെ രേഷ്‌മേച്ചിയെ നോക്കി
''എന്നെ കൊണ്ടുപോവും?'' ആകാംക്ഷ അടക്കി നിര്‍ത്താനാവാതെ ഉച്ചത്തില്‍ ചോദിച്ചു.
''പിന്നെന്താ, കൊണ്ടുപോവാലോ.''
''അപ്പോ എന്നോട് ദേഷ്യൂല്ലാ?''
''എന്തിന്?''
രേഷ്‌മേച്ചി ചിരിച്ചു. അടുത്തേക്ക് നീങ്ങിയിരുന്ന് ഞാനവരുടെ കൈത്തണ്ടയില്‍ ചുറ്റിപ്പിടിച്ചു.
''ഞാന്‍ പണ്ട് പറഞ്ഞില്ലേ... അത് കള്ളമായിരുന്നു.''
''ഉം''
''സുധിയേട്ടനും അമ്മയുമെല്ലാം പറഞ്ഞിട്ടാ, അന്നങ്ങനെ പറഞ്ഞേ. ഞാന്‍ കണ്ടിട്ടില്ല. ഹീരേന്റിയല്ല കുഞ്ഞന്റെ പാദസരം എടുത്തത്. ഹീരേന്റി കേറി വരുമ്പോ കുഞ്ഞന്‍ നല്ല ഉറക്കത്തിലായിരുന്നു. തലയണ ഒന്നൂടെ അടുപ്പിച്ച് വച്ചിട്ട് ഫോണുമെടുത്ത് അപ്പോ തന്നെ മുറീന്ന് പോയി. എനക്ക് നല്ല ഓര്‍മ്മയ്ണ്ട്. ഹീരേന്റി അങ്ങനെ ചെയ്തിട്ടില്ല. സത്യം''

പുറത്ത് മഴയുടെ ശക്തി കുറഞ്ഞു വന്നു. ഞാനെഴുന്നേറ്റ് ജനലിനടുത്തു ചെന്നു നിന്നു. സ്റ്റേഷനു പിറകിലെ ചെളിനിറഞ്ഞ റോഡ്. അതിനപ്പുറം ഒരു തട്ടുകട. കെട്ടുപൊട്ടിയ വലിയ നീലപ്പട്ടം പോലെ, തട്ടുകടയോടു ചേര്‍ന്ന് പാറിക്കളിക്കുന്നു ടാര്‍പായിന്റെ ഒരറ്റം. ഇപ്പോള്‍ മഴയില്ല. കാറ്റും തണുപ്പുമില്ല. എന്റെ കണ്ണില്‍ മൂടല്‍മഞ്ഞ് പരന്നു. ഞാന്‍ ഹീരേന്റിയെ കണ്ടു. എല്ലാവരും വട്ടം കൂടി നിന്ന് ചീത്തപറയുന്ന ഹീരേന്റിയെ, അച്ഛന്‍ അടിക്കാനോങ്ങിയപ്പോള്‍ ചുമരിനോടു ചേര്‍ന്നു ചേര്‍ന്നു നില്‍ക്കുന്ന ഹീരേന്റിയെ. അമ്മ പിടിച്ചുതള്ളിയപ്പോഴും കണ്ണുകൊണ്ട് രേഷ്‌മേച്ചിയെ ആശ്വസിപ്പിക്കുന്ന ഹീരേന്റിയെ.
രേഷ്‌മേച്ചി എന്റെ ചുമലില്‍ തൊട്ടു.
''വണ്ടി ഒരു മണിക്കൂര്‍ ലേറ്റാണ് പോലും. വാ. നമ്മക്കൊരു ചായ കുടിക്കാ.''
ചെളിയില്‍ ചവിട്ടാതെ, കല്ലുകളില്‍ ഒറ്റക്കാലുവച്ച് വച്ച് തത്തിതത്തി നടന്ന് ഞങ്ങള്‍ റോഡിലേക്കിറങ്ങി.
''ഇതെങ്ങോട്ട്?''
ഇടത്തേക്കു മാറി നടക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു.
''ഇവിടടുത്ത് ഏലക്കായിട്ട, അടിപൊളി ചായ കിട്ടും.''
ഞാന്‍ രേഷ്‌മേച്ചിയുടെ പിറകേ നടന്നു. പലനിറത്തിലുള്ള കളര്‍ച്ചെടികള്‍ പിടിപ്പിച്ച നാലഞ്ച് റെയില്‍വെ ക്വാര്‍ട്ടേഴ്‌സുകള്‍ കടന്ന്, ഒരു ചെറിയ ഇടവഴിയിലേക്ക് ഞങ്ങള്‍ കയറി.
''ഹീരേന്റി ഇനി ഒരിക്കലും വരൂലാ?''
''ആരാ പറഞ്ഞേ?''
''അമ്മ. പണ്ട് പറഞ്ഞതാ?''
''എന്താ പറഞ്ഞേ?''
''ഹീരേന്റി പോയീന്ന് പറഞ്ഞു. ഏടിയാന്ന് ആര്‍ക്കും അറീല പോലും''
രേഷ്‌മേച്ചിയുടെ മുഖം മങ്ങി. ഞങ്ങളുടെ നടത്തത്തിന്റെ വേഗത കുറഞ്ഞു. മുന്നില്‍ വെളുത്ത അരിപ്പൂക്കള്‍ വീണുകിടക്കുന്ന ഒരു മതില്‍. കറുത്തു പഴകിയ ഗേറ്റ്. രേഷ്‌മേച്ചി, എന്നോട് മുന്നില്‍ നടക്കാന്‍ ആംഗ്യം കാട്ടി. ഗേറ്റു തുറന്ന് ഞങ്ങള്‍ മുറ്റത്തേക്ക് കയറി.

''കൂയ്... ആരൂല്ലേ.''
രേഷ്‌മേച്ചി കോലായിലെ തൂണില്‍ ചാഞ്ഞിരുന്നു. നീല നൈറ്റിയിട്ട ഒരു മെലിഞ്ഞ സ്ത്രീ വാതില്‍ക്കലേക്ക് വന്നെത്തിനോക്കി.
''ഞാന്‍ ചായ വെക്കലേനു... വെര്ന്ന്... ഗ്യാസോഫാക്കട്ടേ'' എന്ന് പറഞ്ഞ് അകത്തേക്കു തന്നെ തിരിച്ചുപോയി.
''ഓഫാക്കണ്ട. രണ്ട് ഗ്ലാസ് കൂടി വെച്ചോ'', രേഷ്‌മേച്ചി വിളിച്ചു പറഞ്ഞു.
''അനക്ക് വേണ്ട''
''ഓ.... ഒരു ഗ്ലാസ് കുടിച്ചാലൊന്നും ആയ്‌പ്പോകൂല''. രേഷ്‌മേച്ചി കൈയെത്തിച്ച് ഒരു കസേര എന്റെ മുന്നിലേക്കു നീക്കിയിട്ടു.
''ഇതാരെവീടാ?'' ഞാന്‍ അസ്വസ്ഥതയോടെ വാച്ചിലേക്കു നോക്കിക്കൊണ്ട് ചോദിച്ചു.
''ഞമ്മളെ സ്വന്തക്കാരെയാ... നീയൊന്നടങ്ങിയിരിക്കെടീ. ഇനീം സമയമുണ്ട്.'' ദൂരെ മരങ്ങള്‍ക്കിടയിലൂടെ ഒരു തീവണ്ടിയൊച്ച കേട്ടു. പെട്ടെന്ന് ചുമലില്‍ ഒരു മൈലാഞ്ചിയിട്ട കൈ പ്രത്യക്ഷപ്പെട്ടു. ഞാന്‍ തലയുയര്‍ത്തി നോക്കി. ''ചായയല്ല, നാരങ്ങാവെള്ളാ.'' വെള്ളത്തില്‍ പൊങ്ങിക്കിടന്ന മുഴുത്ത രണ്ട് ഐസക്യൂബുകള്‍, കുഞ്ഞുതീവണ്ടി ബോഗികളായി തൊണ്ടയിലൂടെ കുതിച്ചുപാഞ്ഞു. തൂണില്‍ ചാരിനിന്ന് അവരെന്നെ കളിയാക്കിച്ചിരിച്ചു. എനിക്കപ്പോള്‍, പഴയതുപോലെ ചീട്ടുകള്‍ മുഴുവനും കശക്കിയെറിഞ്ഞ്, ഒരിക്കലും തോറ്റെന്നു സമ്മതിക്കാതെ, കളിയവസാനിപ്പിച്ച് ഓടിപ്പോവാന്‍ തോന്നി. ആരുടെ കൈയിലെ ഒറ്റച്ചീട്ടാണ് എന്നെ തോല്‍പ്പിച്ചത്? ഞാന്‍ രണ്ടുപേരെയും മാറിമാറി നോക്കി.
''ആരാ പറഞ്ഞേ? അമ്മയാ? സുധിയേട്ടനാ?''
''ആരും ഒന്നും പറഞ്ഞില്ല'' രേഷ്‌മേച്ചി മുട്ടുകുത്തി നിന്ന് എന്റെ മുടിയില്‍ തലോടി. ''എപ്പഴാ തിരിച്ചുവന്നേ?''
''അതിന് ഞാനെവിടേം പോയില്ലല്ലോ.'' അവരെന്നെ നോക്കി കണ്ണിറുക്കി. ചായഗ്ലാസുകള്‍ തൂണിനപ്പുറത്തേക്കു മാറ്റിവെച്ച്, കോലായിയുടെ അറ്റത്തേക്ക് നടന്നുചെന്ന,് രണ്ടു പരുന്തന്‍ കുഞ്ഞുങ്ങളെ അവരെന്റെ മടിയില്‍ വച്ചു തന്നു. ഗേറ്റുകടക്കുന്നതിനു മുന്‍പ് ഞാനൊന്നു തിരിഞ്ഞുനോക്കി. മുറ്റത്തെമാവിന്‍ ചുവട്ടില്‍ മരത്തിന്റെ അഴികളുള്ള ഒരു കൂടുണ്ടായിരുന്നു. ആ കൂട്ടില്‍ ഒരു പരുന്തുണ്ടായിരുന്നു. പരുന്തിന്റെ നോട്ടം ചെന്നെത്തുന്നിടത്ത്, നീലത്തൂണില്‍ ചാരിയിരുന്ന് പുഞ്ചിരിക്കുന്ന ഹീരേന്റിയുണ്ടായിരുന്നു.

Content Highlights: short story, shraddha dhananjayan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ചിത്രീകരണം: മനോജ്കുമാര്‍ തലയമ്പലത്ത്‌

5 min

പത്താം നാള്‍; അനീഷ് പി. നായര്‍ എഴുതുന്ന ക്രൈം ത്രില്ലര്‍ | അധ്യായം ഒന്ന് 

Sep 25, 2023


pranayathilekkulla randu vazhikal

11 min

പ്രണയത്തിലേക്കുള്ള രണ്ട് വഴികള്‍| ചെറുകഥ

Jan 7, 2021


Most Commented