വര: മനോജ് കുമാർ തലയമ്പലത്ത്
കാഞ്ഞൂര്‍പ്പള്ളിയിലെ ആണ്ടുപെരുന്നാളിന്റെ അന്നാണ് സംഭവം. പട്ടണത്തിലെ തുണിക്കടേന്ന് ഓണക്കിഴിവിന് പാതികാശിനു മേടിച്ച പളപളാ തെളങ്ങണ പട്ടു സാരീം ചുറ്റി അതിമ്മേല് കവലേലെ അവറാച്ചന്റെ പെട്ടിക്കടേന്ന് കടം പറഞ്ഞെടുത്ത രണ്ടു ഡസന്‍ സേഫ്റ്റി പിന്നും തിരിച്ചു കുത്തിപ്പോയ ശോശാമ്മയാണ് സംഗതി ആദ്യം കാണണത്. സിനിമാനടിമാര് കണ്ടാ കുശുമ്പ് കേറണ സൈസ് ഫേസ് പുട്ടീം തേച്ചു കുമുകുമാ മണക്കണ സെന്റും പൂശി നടക്കണ അവടെ ചേല് കാണാന്‍ വേണ്ടി മാത്രം പെരുന്നാളുപറമ്പീല് കാത്തു കെട്ടി നിക്കണ ചെറുക്കന്മാരുള്ള കാലമാരുന്നു അത്.
പള്ളിവക അഞ്ചര സെന്റ് പുറമ്പോക്കിലെ പൊട്ടക്കിണറ്റിന്റെ പൊറകില് ശോശാമ്മ നേരമല്ലാനേരത്ത് ഹാജരു വെച്ചത് സത്യത്തില്‍ വറീത്‌ചേട്ടന്റെ കൊച്ചുമോള് ലീലാമ്മേം, കരയോഗം പ്രസിഡന്റ് പീതാംബരന്റെ മോന്‍ ദിവാകരനും നിലാവത്തിരുന്നു കൈയാങ്കളി തൊടങ്ങിയോ എന്നൊന്ന് എത്തി നോക്കിയേച്ചും വരാം എന്ന് ഉള്ളാലെ കരുതീട്ടാരുന്നു. എന്നാല് സീന്‍ പിടിക്കാന്‍ പോയ ശോശാമ്മ കണ്ടത് കവിളുന്തി കണ്ണുതുറിച്ചു ചത്ത് മലച്ചു കെടക്കണ രാജപ്പന്റെ പ്രേതത്തെയായിരുന്നു. പെരുന്നാള് കമ്മിറ്റിക്കാര് ദെവസക്കണക്കിന് വാടക പറഞ്ഞൊറപ്പിച്ചു പള്ളിവക തെങ്ങിന്റെ മണ്ടേല് കെട്ടിയൊറപ്പിച്ച ഡബിള്‍ ബാസ് സ്പീക്കര്‍ സെറ്റ് സുല്ലിടുന്ന ഒച്ചേലാര്‍ന്നു പിന്നങ്ങോട്ട് ശോശാമ്മേടെ നിലവിളി. അതു കേട്ട്, പേര്‍ഷ്യക്കാരന്‍ മാത്തച്ചന്‍ മൊതലാളി കുവൈത്ത് യുദ്ധം നടപടിയായതിന്റെ ഉപകാരസ്മരണയ്ക്ക് രണ്ടുമൂന്ന് കൊല്ലം മുമ്പ് പള്ളീല് നേര്‍ച്ച വെച്ച പൊന്നു കെട്ടിയ അജന്താ ക്ലോക്കുവരെ ഒരു നിമിഷത്തേക്കൊന്നു ഞെട്ടിത്തരിച്ചു നിന്നു. നെലവിളി കേട്ട് ഓടിക്കൂടിയ ചെറുക്കന്മാര്‍ വല്ലാത്തൊരു വെഷമത്തിലായി. ചത്തുമലച്ച രാജപ്പന്റെ പ്രേതത്തെയാണോ, ബോധം പോവുകേം ഇനീം ജീവന്‍ പോയിട്ടില്ലാത്തതുമായ ശോശാമ്മയെയാണോ കവലയ്ക്കപ്പുറമുള്ള സര്‍ക്കാരാശുപത്രീല് ആദ്യം എത്തിക്കേണ്ടത് എന്നതില്‍ ആര്‍ക്കും ഒരെത്തും പിടീം ഇല്ലാരുന്നു.
'കുന്തോം വിഴുങ്ങി നിക്കാതെ ശോശാമ്മയെ ആശുപത്രീലെത്തിക്കാന്‍ വണ്ടി വിളിയെടാ,' കൂട്ടത്തില്‍ ആവേശം മൂത്ത വെട്ടുപൈലി നിന്നനില്‍പ്പില്‍ ചുഴലി കയറിയപോലെ പെട്ടെന്നങ്ങു കത്തിക്കേറി.
കരുവാറ്റ ഗിരിജേല് സില്‍വര്‍ ജൂബിലി തെകച്ചോടിക്കൊണ്ടിരുന്ന അവളുടെ രാവുകളു നാലാം വട്ടോ കണ്ടു തീര്‍ത്തേന്റെ ചൊരിക്കില് 8085 സ്പീഡില്‍ പറക്കുവാരുന്ന പ്രഭാകരന്റെ പെട്ടി ഓട്ടോക്ക് മുന്നിലോട്ടാണ് 'ശോശാമ്മാ രക്ഷാ സംഘക്കാരുടെ' വിളി ആര്‍ത്തിരമ്പിച്ചെന്ന് നിന്നത്. നാട്ടിലെ തല്ലിപ്പൊളി സെറ്റെല്ലാംകൂടി ഒടിച്ചുകുത്തി വരുന്നതു കണ്ട് സീമ ചേച്ചീനെ സ്വപ്നം കണ്ടോണ്ട് വരുവാരുന്ന പ്രഭാകരന്റെ ഉള്ളൊന്നു കാളി. താന്‍ പോയത് കരുവാറ്റ ഗിരിജേല് പടം കാണാന്‍ ആയിരുന്നെന്നും കൈനകിരി ഗിരിജേടെ മൈക്ക് സെറ്റ് നന്നാക്കാനാരുന്നില്ലെന്നും അന്തോണീസ് പുണ്യാളനെച്ചൊല്ലി ആണയിട്ടേക്കണം എന്ന് സ്വയമൊന്ന് ചട്ടംകെട്ടിക്കൊണ്ട് പ്രഭാകരന്‍ ലാംബ്രെട്ടയുടെ ബ്രേക്ക് ലിവറേല് ആഞ്ഞു വലിച്ചു.

'പ്രഭാകരാ, ശോശാമ്മ വീണു. സര്‍ക്കാരാശൂത്രീലേക്കു ചവിട്ടിക്കൊ,' ഗിരിജേപ്പറ്റി കുമ്പസാരിക്കാന്‍ നാവു വളച്ചു തുടങ്ങിയ പ്രഭാകരനു വണ്ടറടിക്കാന്‍ പോലും സമയം തികയണേനു മുന്നേ ഇടത്തേക്കയ്യില് ശോശാമ്മേനേം താങ്ങിക്കൊണ്ട് വെട്ടുപൈലി ഗര്‍ജ്ജിച്ചു. ഗര്‍ജ്ജിച്ചതു പൈലിയാണേലും അതിനുള്ള തൊണ്ട ദാനമായി കൊടുത്തത് തങ്ങളാണെന്ന മട്ടില്‍ അയാള്‍ക്ക് നിഴലുനിന്നിരുന്ന സംഘാംഗങ്ങളും പൂണ്ടു നിവര്‍ന്നു. സീന്‍ അത്ര വെടുപ്പല്ലെന്നു സിഗ്‌നേല്‍ കിട്ടിയ പ്രഭാകരന്‍ കൂടുതല്‍ ചോദ്യത്തിനോ പറച്ചിലിനോ ഒന്നും നിക്കാതെ വണ്ടി വീണ്ടും പറപ്പിച്ചു. ശോശാമ്മ വണ്ടീടെ പിന്നില്‍ ബോധംകെട്ടു കിടക്കണതിന്റെ കുത്തല് കൊണ്ടോ, വെട്ടു പൈലീടെ കണ്ണുരുട്ടലില്‍ ചൂളിയതുകൊണ്ടോ എന്തോ, അന്നേരമായപ്പളേക്കും അയാള് സീമ ചേച്ചിയെ മറന്നുതുടങ്ങിയിരുന്നു.
ഈ കോലാഹലത്തിനിടയ്ക്കാണ് വിവരമറിഞ്ഞ് പള്ളിപ്പറമ്പിലേക്ക് ഓടിക്കിതച്ചെത്തിയ വെറ്റിലപ്പാറയച്ചന്‍ ആ വെടി പൊട്ടിക്കുന്നത്.
'രാജപ്പന്‍ എങ്ങനെയാണ് പെരുന്നാളുപറമ്പില് വെച്ച് പടമായത്? ആരേലും ഒന്ന് പോലീസിനെ വിളിക്ക്.'
കാര്യം മുട്ടത്തുപറമ്പില് രാജപ്പന്‍ കേശവന്‍ എന്ന് സ്‌കൂള് സര്‍ട്ടിഫിക്കറ്റില്‍ പേരുണ്ടാരുന്ന രാജപ്പന്‍ നാട്ടിലെ എണ്ണംപറഞ്ഞൊരു തല്ലിപ്പൊളിയും സകലമാന ഉഡായിപ്പുകളുടേം ഹോള്‍സെയില് ഡീലറുമായിരുന്നേലും പള്ളിപ്പറമ്പിലൊരു ദുര്‍മരണം എന്നത് ഇടവകയിലെ ദൈവഭയമുള്ളൊരു സത്യക്രിസ്ത്യാനിക്കും പൊറുക്കാനൊക്കത്തില്ലെന്നൊരു സത്യപ്രസ്താവനയും ഇതിനിടയില്‍ അവിടെ കൂടിനിന്നവരില്‍ ആരോ പാസാക്കി. പ്രസ്താവന മതേതരത്വം ഇല്ലാത്തതാണെന്ന് പറഞ്ഞു പ്രതിഷേധിക്കാന്‍ വന്ന കരയോഗം മെമ്പര്‍ രാഘവന്‍ നായരുടെ ചെവിക്കിട്ടൊരു കിഴുക്കു കൊടുത്തത് അയാളുടെതന്നെ ഭാര്യ രമണിയമ്മയാ യിരുന്നു.
സ്ഥലം എസ്.ഐ. ത്രിവിക്രമന്‍ നായര്‍ ചൊമന്ന ബള്‍ബ് വെച്ച പോലീസ് ജീപ്പും പായിച്ചുകൊണ്ട് പ്രേതവിചാരണയ്ക്ക് എത്തിയത് പിന്നേം പത്തു മിനുട്ട് കഴിഞ്ഞാണ്. അപ്പോഴേക്കും അവിടെ കൂടിനിന്നിരുന്ന കാഴ്ചക്കാരില്‍ പകുതിയും വീടുപറ്റിയിരുന്നു.
'ആരാ ആദ്യം കണ്ടത്?' പിരിച്ചുവെച്ചിരുന്ന കൊമ്പന്‍മീശയെ തൊട്ടു തലോടിക്കൊണ്ട് ത്രിവിക്രമന്‍ ആരോടെന്നില്ലാതെ ചോദിച്ചു.
'ശോശാമ്മയാ സാറേ,' വെറ്റിലപ്പാറയച്ചന്റെ മറവില്‍ നിന്നിരുന്ന ചെമ്മാച്ചനാണ് മറുപടി പറഞ്ഞത്.
'അവരോട് ഇങ്ങു വരാന്‍ പറയ്, രാജപ്പന്റെ തണുത്തു മരവിച്ച മൃതദേഹത്തിന് ചുറ്റും രണ്ടു റൗണ്ട് വലം വെച്ചുകൊണ്ട് എസ്.ഐ. വെരട്ടി.
'അത് നടക്കുകേല സാറേ.'
'അതെന്താ അവള് നടക്കാത്തെ? വനിതാ പി.സിയെ വിളിക്കെടോ,' ത്രിവിക്രമന്‍ മുഷ്ടി ചുരുട്ടി.
'അവര് ഇതെല്ലാം കണ്ടേച്ചു ബോധം പോയി ആശുപത്രീലാ സാറേ,' കപ്പിയാര് ഔസേപ്പാണ് അതു പറഞ്ഞത്.
'അപ്പൊ രാജപ്പന്‍ പടമായത് എങ്ങനാ എന്നവര് കണ്ടിട്ടുണ്ട് അല്ല്യോ? താനേതാടോ?'
'യ്യോ ഒരു പാവമാ സാറേ. ഞാനീ പള്ളിലെ കപ്യാര്. പേര് ഔസേപ്പ്.'
'പാവയാണോ പറയാണോ എന്നൊക്കെ ഞങ്ങള് തീരുമാനിച്ചോളാ. താന്‍ ഇപ്പൊ അങ്ങോട്ട് മാറി നില്ല്,' ത്രിവിക്രമന്‍ കൂടെയുണ്ടായിരുന്ന പി.സി. മാത്തച്ചനെ നോക്കി കണ്ണിറുക്കി. അയാള്‍ പോലീസുകാര്‍ക്കു മാത്രം തമ്മില്‍ത്തമ്മില്‍ തിരിയണ എന്തോ ആംഗ്യം വിരലു മടക്കി തിരിച്ചുകാട്ടിക്കൊണ്ട് ഒരു പുച്ഛച്ചിരി ചിരിച്ചു.
Also Read
'എന്തായാലും ബോഡി വേഗം സര്‍ക്കാരാശുപത്രീല് എത്തിക്കണം. ചത്തവനെ കണ്ടിട്ട് പത്തുമുപ്പത്തഞ്ചു വയസ്സേ തോന്നണുള്ളൂ. കൃത്യമായി ആണ്ടു പെരുന്നാളിന്റന്ന് പള്ളിപ്പറമ്പെല് വന്നു പണിമുടക്കാന്‍ പാകത്തിനുള്ള ചങ്കൊന്നുമായിരുന്നില്ല ഇവന്റെ നെഞ്ചിന്‍കൂടിനകത്തെന്ന് ഏതു കണ്ണുപൊട്ടനും വേണേല്‍ ഒന്ന് ബെറ്റ് വെക്കും. ഇതാരോ തട്ടിയതാ. എന്താ, ഏതാ, എങ്ങനാ എന്നൊക്കെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കീറിമുറിച്ചേച്ച് ഡോക്ടറുമാര്‍ പറയും. എന്തായാലും ഇനി ഇതേല് ഒരു നടപടി ആകണവരെ ഇന്ന് ഇവിടെ ഒണ്ടാരുന്ന ഒറ്റയൊരുത്തനും എന്നെ അറിയിക്കാതെ ഈ പഞ്ചായത്തു വിട്ടു വണ്ടി കേറാന്‍ ഒക്കുകേല,' ഇത്രയും പറഞ്ഞുകൊണ്ട് വിക്രമന്‍ പോലീസ് ജീപ്പിലോട്ടു ചാടിക്കയറി.
അപ്പോള്‍ ദൂരെയെവിടെയോ ഇരുന്നൊരു പാതിരാക്കോഴി കൂവിയത് ബഹളത്തിനിടയില്‍ ആരും കേട്ടില്ല.
Content Highlights: Hananam novel part two
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..