'ഡോക്ടറേ, പള്ളിമുറ്റത്തുനിന്നൊരു മൃതദേഹം കിട്ടിയിട്ടൊണ്ട്' | ഹനനം നോവല്‍ ഭാഗം 4


By നിഖിലേഷ് മേനോന്‍

4 min read
Novel
Read later
Print
Share

'എന്താ പ്രശ്‌നം? ഈ പേഷ്യന്റിന് ഇത് എന്തു പറ്റിയതാണ്?' 'പള്ളിപ്പറമ്പില് കൊഴഞ്ഞുവീണതാ സാറേ,' രാജന്‍ ഡോക്ടറെ കണ്ട പൈലി മര്യാദക്കാരനായി കൈലീടെ കുത്തഴിച്ചു.  'രക്ഷിക്കണം സാറേ , അവള് ഒരു പാവമാ'

വര: മനോജ് കുമാർ തലയമ്പലത്ത്‌

ന്യൂഡല്‍ഹി സിനിമേടെ ക്ലൈമാക്‌സില്‍ സുമലത ശങ്കര്‍ മിനിസ്റ്റര്‍ടെ ചോര വെച്ച് അച്ചുകൂട്ടണ സീന്‍ കൈയീന്ന് കൊറച്ചു മസാലേം കൂടെ ഇട്ടു ഫുള്‍ ആംപിയറില് കമ്പൗണ്ടര്‍ ബര്‍ട്ടിന് വിസ്തരിച്ചോണ്ട് ആശുപത്രിവരാന്തേല് കാലുമ്മ കാലും കേറ്റി ഇരിക്കുവാരുന്ന റാണി സിസ്റ്ററിന്റെ ഇടേലോട്ടാണ് പ്രഭാകരന്‍ പെട്ടി ഓട്ടോയും പറപ്പിച്ചോണ്ടു വന്നത്.
രസംപിടിച്ചു വന്നിരുന്ന കഥയിലോട്ടു ലാംബട്ര കേറ്റിയ പ്രഭാകരനിട്ടൊരു കിഴുക്ക് കൊടുക്കണം എന്ന് ഉള്ളില്‍ കുറിച്ചിട്ടാണ് സിസ്റ്റര്‍ സ്ട്രെച്ചറെടുക്കാന്‍ കമ്പൗണ്ടറിന് സിഗ്‌നല് കൊടുത്തത്.

'എന്നാ പറ്റിയതാ, വണ്ടി ഇടിച്ചതാണോ?' സ്ട്രെച്ചര്‍ ഉന്തിക്കൊണ്ട് ഓട്ടോയ്ക്കു മുന്നിലെത്തിയ ബര്‍ട്ടന്‍ പ്രഭാകരനെ നോക്കി പുരികമൊയര്‍ത്തി.
'അല്ല ചേട്ടാ, ബോധം പോയതാ, ആള് പൊറകിലാ ഒള്ളത്,' പ്രഭാകരന്‍ ഓട്ടോയുടെ പിന്നാമ്പുറത്തേക്കു നോക്കിക്കൊണ്ട് കൈ പൊക്കി.
'ഓ, അത്രേ ഒള്ളോ, ഞാന്‍ ഞാനോര്‍ത്ത് ഏതാണ്ട് വണ്ടീടെ അടീല്‍ പോയ കേസാണെന്ന്,' എന്തോ വലിയ ഫലിതം പറഞ്ഞ മട്ടില്‍ ബര്‍ട്ടന്‍ ചിറിചുളിച്ചു.
'നിന്ന് കൊണക്കാതെ ഡോക്ടറെ വിളിയെടോ,' ശോശാമ്മയേം താങ്ങി പെട്ടി ഓട്ടോയുടെ പൊറകില് ഈ നേരമത്രയും പോസ്റ്റ് പിടിച്ചിരുന്ന വെട്ടു പൈലിയുടെ കുരു പൊട്ടി.

അടിച്ചുപിമ്പിരിയായി പള്ളിപ്പറമ്പില് തേരാപാരാ നടക്കുന്ന നേരം വെട്ടുകല്ലേല് പാത്രം ഉരസിയപോലത്തെ ശോശാമ്മേടെ നിലവിളി കേട്ട് ആവേശത്തില്‍ ഓടിച്ചെന്നതാണ് അന്നേരം ചിത്രഹാറുപോലെ പൈലീടെ ഓര്‍മ്മേല് തെളിഞ്ഞു വന്നത്. കാര്യം പണ്ടൊരിക്കെ കുളക്കരേല് വച്ചൊരു കത്ത് കൊടുത്ത വകേല് അവടെ കൈയീന്ന് മുഖമടച്ചൊരു ആട്ടു കിട്ട്യേതിന്റെ ചൊരുക്ക് ഉള്ളില്‍ ഉണ്ടാരുന്നേലും ഇത്തരമൊരു അവസ്ഥേല് അവളെ കാണുന്നേല് അയാള്‍ക്ക് സത്യമായും ചെറുതല്ലാത്ത ദെണ്ണമുണ്ടായിരുന്നു. അതുകൊണ്ടുകൂടാരുന്നു എയര്‍ പോയ ബലൂണ്‍പോലെ നെലത്തു കിടന്നിരുന്ന ശോശാമ്മയെ ആശുപത്രീലെത്തിക്കാന്‍ പൈലി മുന്നില്‍ നിന്നതും.

'ഡോക്ടറെ വിളിയെടോ,'ശോശാമ്മേടെ അറുപത്തഞ്ചുകിലോ താങ്ങി കൈ വിലങ്ങിത്തുടങ്ങിയ വെട്ടുപൈലി വീണ്ടും ഒച്ചയിട്ടു.
പൈലിയുടെ വിരട്ട് ഏറ്റതുകൊണ്ടോ, അസമയത്ത് ആശുപത്രിവരാന്തേന്നു വന്ന ഒച്ചപ്പാട് ഒറക്കം മുറിച്ചതുകൊണ്ടോ, എ.മ്മോ റൂമിലെ കാലൊടിഞ്ഞ കസേരയിലിരുന്നു തൂങ്ങുവാരുന്ന രാജന്‍ ഡോക്ടര്‍ ഓടിപ്പിടഞ്ഞു വന്ന് ലാംബ്രട്ടറയുടെ മുന്നില് അറ്റെന്‍ഷന്‍ വെച്ചു.

'എന്താ പ്രശ്‌നം? ഈ പേഷ്യന്റിന് ഇത് എന്തു പറ്റിയതാണ്?'
'പള്ളിപ്പറമ്പില് കൊഴഞ്ഞുവീണതാ സാറേ,' രാജന്‍ ഡോക്ടറെ കണ്ട പൈലി മര്യാദക്കാരനായി കൈലീടെ കുത്തഴിച്ചു.
'രക്ഷിക്കണം സാറേ , അവള് ഒരു പാവമാ'
'ഇവിടെ കൈയിലിരുപ്പ് നോക്കിയല്ല ചികിത്സ,' രാജന്‍ ഡോക്ടര്‍ സോഷ്യലിസം പറഞ്ഞു.
'റാണി സിസ്റ്റര്‍, പേഷ്യന്റിനെ ട്രീറ്റ്‌മെന്റ് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യൂ. ഇ.സി.ജി. എടുക്കണം,' മുഖത്ത് ഗൗരവം വരുത്തി ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.

ഇ.സി.ജി. എന്നൊക്കെ കേട്ടപ്പോ അകമേ ഒന്ന് പിടച്ചെലും രാജന്‍ ഡോക്ടര്‍ സ്ഥലത്തുണ്ടെന്നു കണ്ടപ്പോളാണ് പൈലിക്കു ശ്വാസം നേരേയായത്. കാര്യം ഒരു ചാട്ടക്കാരനാണേലും ഡോക്ടറുടെ കൈപ്പുണ്യത്തെപ്പറ്റിയുള്ള നാട്ടിലെ വര്‍ത്തമാനമൊക്കെ അയാളും കേട്ടിട്ടൊണ്ടാരുന്നു. ശോശാമ്മയ്ക്ക് ഒരേനക്കേടും വരുത്തിയില്ലെങ്കി അടുത്ത ആണ്ടുപെരുന്നാളിന് നൂറു മെഴുകുതിരി കത്തിച്ചോളാമെന്നു വിശ്വാസി അല്ലെങ്കിപ്പോലും കാഞ്ഞൂര്‍ പുണ്യാളനുമായി അന്നേരംതന്നെ ഒരു രഹസ്യക്കരാറും പൈലി വെച്ചു. ട്രീറ്റ്മെന്റ് റൂമിലേക്ക് പോകുന്ന സ്ട്രെച്ചറും നോക്കി ആശുപത്രിബെഞ്ചിലിരിക്കുമ്പോള്‍ അതുവരെ തോന്നാത്ത ഒരു ആശ്വാസവും അയാള്‍ക്കു തോന്നി. ബെഞ്ചിലിരുന്നു ചെറുതായൊന്നു മയങ്ങിത്തുടങ്ങിയ പൈലിയെ രാജന്‍ ഡോക്ടര്‍ തന്നെയാണ് തട്ടിയുണര്‍ത്തിയത്.

'രോഗിക്ക് ബോധം വന്നിട്ടുണ്ട്. ഇ.സി.ജിയൊക്കെ നോര്‍മലാണ്. അങ്ങനെ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണുന്നില്ല.
'വാസോ-വേഗല്‍ സിന്‍കോപ്പി' വന്നതാണെന്നാ തോന്നുന്നത്.'
'അതെന്നതാ സാറേ?'
'വലിയ വേദന വരുമ്പോഴോ എന്തേലും കാരണംകൊണ്ട് ഷോക്ക് വന്നാലോ ഒക്കെ ഇങ്ങനെ വരാം. എന്തായാലും കുറച്ചു നേരം ഒബ്‌സെര്‍വേഷനില്‍ ഇരിക്കട്ടെ. രാവിലെ വിടാം. നിങ്ങള് പേഷ്യന്റിന്റെ... ?'
രാജന്‍ ഡോക്ടര്‍ പറഞ്ഞത് മുഴുവനുമങ്ങ് കത്തിയില്ലെലും ശോശാമ്മയ്ക്കു വേണ്ടി പുണ്യാളനുമായി വെച്ച കരാര്‍ ഏതാണ്ട് ഏറ്റുവെന്നു പൈലിക്കു പിടി കിട്ടി. ഡോക്ടര്‍ അവസാനമായി ചോദിച്ച ചോദ്യത്തിന് എന്തു പറയണം എന്ന ചെറിയൊരു ആശയക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് സ്ഥലം എസ്.ഐ. ത്രിവിക്രമന്‍ നായരുടെ പോലീസ് ജീപ്പ് ആശുപത്രിമുറ്റത്തേക്ക് വലിയ ശബ്ദത്തില്‍ വന്നുനിന്നത്.

'ഡോക്ടറേ, പള്ളിമുറ്റത്തുനിന്നൊരു മൃതദേഹം കിട്ടിയിട്ടൊണ്ട്. ഇന്‍ക്വസ്റ്റ് കഴിയുന്നെയുള്ളൂ. അത് കഴിഞ്ഞേച്ചു ശവം ഇങ്ങു കൊണ്ടുവരും. പോസ്റ്റ്‌മോര്‍ട്ടം വേണ്ടി വരും എന്നാണ് കണ്ടിട്ടു തോന്നണത്,' എസ്.ഐ. ഒറ്റശ്വാസത്തില്‍ പറഞ്ഞു നിര്‍ത്തി.
'അതിപ്പോ ഈ രാത്രീല്...'
'പോസ്റ്റ്‌മോര്‍ട്ടം രാവിലേ നടക്കത്തൊള്ളേന്ന് ഒക്കെ അറിയാം ഡോക്ടറേ. ഞങ്ങക്ക് പക്ഷേങ്കി അതങ്ങനെ പെരുവഴിയില് ഇട്ടേച്ചു കാവല് നിക്കാന്‍ പറ്റുകേലല്ലോ. ഇവിടെ മോര്‍ച്ചറീല് വെച്ചാ മതി ഇന്ന്,' ത്രിവിക്രമന്‍ ഒരു വഷളന്‍ ചിരി ചിരിച്ചു. നാട്ടിലെ വള്ളിക്കെട്ടെല്ലാം കൂടെ ഇന്ന് തന്റെ നേര്‍ക്കാണല്ലോ എന്നാരുന്നു അപ്പോള്‍ രാജന്‍ ഡോക്ടര്‍ മനസ്സില്‍ പറഞ്ഞത്.
'പിന്നെ കേസിലെ ഒരു സാക്ഷിയെ ഇവിടെ കൊണ്ടുവന്നിട്ടുണ്ടെന്ന് അറിഞ്ഞല്ലോ. അവര്‍ക്കു ബോധം വന്നോ?' എന്തോ മറന്നുവെച്ച ഭാവത്തില്‍ എസ്.ഐ. ചെവി ചൊറിഞ്ഞു മുഖം തിരിച്ചു.

Also Read

നിഖിലേഷ് മേനോൻ എഴുതുന്ന നോവൽ | 'ഹനനം' ആരംഭിക്കുന്നു

നിഖിലേഷ് മേനോൻ എഴുതുന്ന നോവൽ: ഹനനം

പള്ളിപ്പറമ്പിലെ കൊലപാതകം | 'ഹനനം' നോവൽ- ...

'ജനമൈത്രീ സെൻട്രൽ പോലീസ് സ്റ്റേഷൻ' | ഹനനം ...

'ആര്?'
'സാറേ, ശോശാമ്മ. ആളിച്ചിരി...' എസ്. ഐയുടെ പിന്നില്‍ നിന്നിരുന്ന വനിതാ പി .സി. രമണി വ്യക്തത വരുത്തി.
'അവരെ ഒബ്‌സെര്‍വേഷനിലേക്കു മാറ്റിട്ടുണ്ട്. സ്റ്റേബിളാണ് ഇപ്പോ.'
'ഞങ്ങക്കൊന്ന് കാണണമല്ലോ.'
'റാണി സിസ്റ്ററിനോട് പറഞ്ഞു കയറിക്കൊള്ളൂ.'
പോലീസുകാരുടെ മുന്നില്‍ വേണ്ടതിനും വേണ്ടാത്തതിനുമൊക്കെ പവര്‍ കാണിക്കുന്ന മുഷ്‌ക് സ്വഭാവമില്ലാത്ത രാജന്‍ ഡോക്ടറിനെ വിക്രമന്‍ നായര്‍ക്കും വലിയ മതിപ്പാരുന്നു.
'എന്താ ഉണ്ടായേന്നൊന്ന് ഓര്‍ത്തു പറഞ്ഞേ കൊച്ചേ,' മുഖത്തു കഴിയുന്നത്ര ശാന്തത അഭിനയിച്ചു രമണി പി.സി. ശോശാമ്മയുടെ അരികത്തിരുന്നു ചോദിച്ചു.
'സാറേ, കലാനികേതന്റെ ബാലെ ഒള്ളകൊണ്ടാണ് ഞാനിന്ന് പെരുന്നാളുപറമ്പില് പോയത്. ഹാഫ് ടൈമില്‍ കര്‍ട്ടന്‍ ഇട്ടപ്പോ ഒന്ന് നടന്നേച്ചും വരാമെന്ന് ഓര്‍ത്താ കിണറ്റിന്‍കരയിലേക്കൊന്നു ചെന്നേ. അപ്പഴാ സാറേ അവിടെ ഒരു ശവം.'
കണ്ടത് ഓര്‍ത്തത്തിന്റെ ഞെട്ടലില്‍ ശോശാമ്മേടെ കണ്ണുനിറഞ്ഞു.
'അതെന്തിനാടീ പള്ളിപ്പറമ്പില് അത്രേം സ്ഥലമുണ്ടായിട്ടും നടക്കാനായിട്ട് ആരും പോവാത്ത പൊട്ടക്കിണറ്റിന്റെ വശത്തോട്ടുതന്നെ നീ പോയേ?' രമണിപോലീസിലെ കുറ്റാന്വേഷക ഉണര്‍ന്നത് പെട്ടെന്നായിരുന്നു.
'അത്...' ശോശാമ്മ ഒരു നിമിഷത്തേക്കൊന്നു വിരണ്ടു.
'എന്നതാടീ... പറയ്,' രമണി എസ്.ഐ. സാറിനെ നോക്കി ചിരിച്ചു.
'അവിടെ... അവിടെ...'
'അവിടെ എന്തോന്നാ, പറയ്... മെനക്കെടുത്താതെ.'
'അവിടെ നല്ല മറയൊണ്ട്. മുള്ളാനിരുന്നാലും ചെക്കന്മാര് കാണുകേല. എനിക്ക് വല്ലാതെ മുള്ളാന്‍ മുട്ടിയപ്പോ പോയതാ രമണിസാറേ. ഇങ്ങനൊന്നും വരുമെന്ന് ഓര്‍ത്തില്ല,' ശോശാമ്മ ഇരുന്നു വിറച്ചതും രമണിപോലീസ് നിന്ന് ചമ്മിയതും വിക്രമന്‍ നായര്‍ കണ്ടില്ലെന്നുവെച്ചു.

'നീ വേറെ വല്ലതും കണ്ടോ?' എസ്.ഐയുടെ വകയായിരുന്നു ചോദ്യം. രമണി പോലീസിന്റെ വെടി ഏതാണ്ട് തീര്‍ന്നു എന്നയാള്‍ക്ക് മനസ്സിലായിരുന്നു.
ശോശാമ്മ ഒന്നും മിണ്ടിയില്ല.
'ശരി എന്നാ, ഞങ്ങളിപ്പോ പോവുന്നു. എപ്പോ വിളിച്ചാലും സ്റ്റേഷനില്‍ വന്നേക്കണം.'
ശോശാമ്മയില്‍നിന്ന് കൂടുതല്‍ വിവരങ്ങളൊന്നും കിട്ടാന്‍ ഇടയില്ല എന്നു തോന്നിയിട്ടുതന്നെയാണ് സമയം കളയാതെ പോയേക്കാം എന്ന് വിക്രമന്‍ തീരുമാനിച്ചത്. രമണി പി.സിയെയും കൂട്ടി ജീപ്പില്‍ കയറാന്‍ തുടങ്ങുമ്പോഴാണ് ഓടിക്കിതച്ചു കൊണ്ട് റാണി സിസ്റ്റര്‍ അവരുടെ പുറകിലേക്കു വന്നത്.
'സാറേ പോവല്ലേ,' വയസ്സാംകാലത്തു തന്നെ ആശുപത്രിവരാന്ത മുഴുവന്‍ ഇട്ടോടിച്ച ശോശാമ്മയെ മനസ്സില്‍ പ്രാകിക്കൊണ്ട് റാണി സിസ്റ്റര്‍ ത്രിവിക്രമന്‍ നായരെ നോക്കി പറഞ്ഞു, 'ശോശാമ്മയ്ക്കു സാറമ്മാരോട് എന്തോ കൂടെ പറയാനുണ്ടെന്ന്.'
പള്ളിപ്പറമ്പില്‍ കൊലക്കേസന്വേഷണത്തിന്റെ തുടക്കം അന്നേരം അവിടെ സംഭവിക്കുകയാണെന്ന് ത്രിവിക്രമന്‍ നായര്‍ക്കോ രമണി പി.സിക്കോ അറിയാന്‍ പാടില്ലായിരുന്നു.

Content Highlights: Hananam novel part three

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
art by balu

8 min

നവഐതിഹ്യമാല ഭാഗം ഒന്ന്: ചെണ്ടയും ജാതിയും

Oct 3, 2022


/1.jpg

14

'പട്ടി ഷോ': വി ബാലുവിന്റെ ഗ്രാഫിക് കഥ

Sep 12, 2022

Most Commented