'ജനമൈത്രീ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍' | ഹനനം നോവല്‍ ഭാഗം- മൂന്ന്


By നിഖിലേഷ് മേനോന്‍

5 min read
Read later
Print
Share

'സര്‍, ഞാന്‍ അനുരൂപ്. വരാന്‍ പറഞ്ഞു വിളിച്ചിരുന്നു,' അകാരണമായ ഭയം സമ്മാനിച്ച പതര്‍ച്ചയില്‍ അവന്റെ സ്വരം ഇടറിയിരുന്നു. 'പേടിക്കേണ്ടെടോ താനിരിക്ക്. ഞാന്‍ ജോണ്‍ വര്‍ഗീസ്. ഇവിടുത്തെ എസ്.എച്ച്. .ഒ. ആണ്,'

വര: മനോജ് കുമാർ തലയമ്പലത്ത്‌

റണാകുളം നഗരത്തിന്റെ ഹൃദയഭാഗം എന്നുതന്നെ പറയാവുന്ന ഹൈക്കോടതി ജങ്ഷനു സമീപമുള്ള സെന്‍ട്രല്‍ സ്റ്റേഷന്റെ പടികള്‍ കയറുമ്പോള്‍ അസ്വസ്ഥനായിരുന്നു അനുരൂപ്. ഒരു ദിവസത്തെ കച്ചവടം നഷ്ടപ്പെട്ടത് മാത്രമായിരുന്നില്ല അപ്പോള്‍ അയാളെ അലട്ടിയിരുന്നത്. മെട്രോസ്റ്റേഷനില്‍ കാണപ്പെട്ട മൃതദേഹത്തെപ്പറ്റി അന്വേഷിക്കുവാന്‍ വിളിപ്പിക്കുന്നു എന്നാണ് ഫോണിലൂടെ പോലീസ് ഓഫീസര്‍ പറഞ്ഞിരിക്കുന്നത്. വിദൂരബന്ധം പോലുമില്ലാത്ത ഒരു സംഭവത്തില്‍ പോലീസിന് എന്തു വിവരമാണ് തനിക്കു നല്‍കാനാവുക? ചിന്തകളുടെ ചുഴിയില്‍ താണുപോവുകയാണ് താന്‍ എന്ന് അയാള്‍ക്കു തോന്നി. മറവിയുടെ കയത്തില്‍ ചിതറിപ്പോയ ഓര്‍മ്മകളിലൊന്നില്‍ താന്‍ തേടുന്ന ഉത്തരങ്ങള്‍ കുടുങ്ങിക്കിടപ്പുണ്ടാവുമെന്ന് അയാള്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു.

'ജനമൈത്രീ സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍' എന്നു രേഖപ്പെടുത്തിയ എല്‍.ഇ.ഡി. സ്‌ക്രീന്‍ നീല നിറമുള്ള പുറംചുവരിനു മീതേ പ്രദര്‍ശിപ്പിച്ചിരുന്ന വിസ്താരമുള്ളതും വൃത്തിയുള്ളതുമായ കെട്ടിടത്തിലേക്കാണ് അനുരൂപ് നടന്നു കയറിയത്. 'പാരിതോഷികം വാങ്ങുന്നതും നല്‍കുന്നതും ശിക്ഷാര്‍ഹമാണ്' എന്ന മുന്നറിയിപ്പിനോടൊപ്പം കൊറോണ- ബോധവത്കരണ പോസ്റ്ററുകളും സ്ഥാനം പിടിച്ചിരുന്ന ചുവരുകളില്‍ ആ സ്റ്റേഷനില്‍ നാളിതുവരെ സേവനം അനുഷ്ഠിച്ചിട്ടുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ പേരുവിവരങ്ങളും ക്രമത്തില്‍ രേഖപ്പെടുത്തിയിരുന്നു. കൊറോണാ നിയന്ത്രണത്തിന്റെ ഭാഗമായി സ്റ്റേഷനിലേക്കുള്ള പ്രവേശനം നിയന്ത്രിച്ചിരിക്കുന്നു എന്ന് എഴുതിയിരുന്ന രണ്ടാം വാതിലിന് അടുത്തെത്തിയപ്പോഴാണ് ഇടംകൈയില്‍ ഇന്‍ഫ്രാ-റെഡ് തെര്‍മോ മീറ്ററുമായി നിന്നിരുന്ന സിവില്‍ പോലീസുകാരന്‍ അനുരൂപിനെ തടഞ്ഞത്.

'എന്താണ്? പരാതി കൊടുക്കാനാണെങ്കില്‍ ആ പെട്ടിയില്‍ ഇട്ടാല്‍ മതി, അല്ലെങ്കില്‍ സ്റ്റേഷന്‍ ഐഡിയിലേക്ക് ഇ-മെയില്‍ ചെയ്യൂ.'
'അല്ല, സര്‍ എന്നോട് വരാന്‍ പറഞ്ഞിരുന്നു. മെട്രോസ്റ്റേഷനിലെ മൃത ശരീരവുമായി ബന്ധപ്പെട്ട കേസില്‍ എന്തോ ചോദിക്കാനാണെന്നാണ് പറഞ്ഞത്.'
'ടെമ്പറേച്ചര്‍ നോക്കട്ടെ,' എല്‍.ഇ.ഡി. സ്‌ക്രീനില്‍ തെളിഞ്ഞുവന്ന അക്കങ്ങളെ കൈയിലുണ്ടായിരുന്ന ചെറുപുസ്തകത്തില്‍ കുറിച്ചെടുത്തുകൊണ്ട് പോലീസുകാരന്‍ വിരലുയര്‍ത്തി.
'വലത്തുനിന്നുള്ള രണ്ടാമത്തെ മുറിയിലാണ് എസ്.എച്ച്.ഒ. സാര്‍ ഉള്ളത്. അവിടേക്കു പൊക്കോളൂ,' മുന്‍വിധിക്കു വിരുദ്ധമായി മാന്യമായ പെരുമാറ്റമാണല്ലോ ഇതുവരെ തനിക്കു ലഭിച്ചത് എന്ന് മനസ്സിലോര്‍ത്തുകൊണ്ട് പോലീസുകാരന്‍ കാട്ടികൊടുത്ത മുറിയിലേക്ക് അനുരൂപ് പ്രവേശിച്ചു.

ഇരു കോണുകളിലും ഓരോ എല്‍.ഇ.ഡി.വാളുകള്‍ കൈയടക്കിയിരുന്ന മുറിയുടെ നടുവിലായുള്ള ഓഫീസ് ടേബിളിലെ ഡെസ്‌ക്ടോപ്പില്‍ ടൈപ്പ് ചെയ്തു കൊണ്ടിരിക്കുകയായിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ഐ. ജോണ്‍ വര്‍ഗീസ് നാല്‍പ്പതിനടുത്തു പ്രായം തോന്നിക്കുന്ന ഒരു കുറിയ മനുഷ്യനായിരുന്നു. കഷണ്ടി കയറിത്തുടങ്ങിയിരുന്നെങ്കിലും പ്രസരിപ്പാര്‍ന്ന മുഖമായിരുന്നു അയാളുടേത്.
'സര്‍, ഞാന്‍ അനുരൂപ്. വരാന്‍ പറഞ്ഞു വിളിച്ചിരുന്നു,' അകാരണമായ ഭയം സമ്മാനിച്ച പതര്‍ച്ചയില്‍ അവന്റെ സ്വരം ഇടറിയിരുന്നു.
'പേടിക്കേണ്ടെടോ താനിരിക്ക്. ഞാന്‍ ജോണ്‍ വര്‍ഗീസ്. ഇവിടുത്തെ എസ്.എച്ച്. .ഒ. ആണ്,' മുമ്പിലെ കസേരയിലേക്ക് കൈ ചൂണ്ടിക്കൊണ്ട് ജോണ്‍ പറഞ്ഞു.
'നിങ്ങളീ സിനിമയിലും നോവലിലുമൊക്കെ കാണുന്നതുപോലെ ഞങ്ങള്‍ പോലീസുകാര്‍ അത്ര ഭീകരന്മാരൊന്നുമല്ല. നിയമത്തിന്റെ കണ്ണില്‍ തെറ്റായിട്ടൊന്നും ചെയ്യാത്തവര്‍ക്ക് ഞങ്ങളെ പേടിക്കേണ്ട ഒരു സാഹചര്യവും ഇന്നത്തെ അവസ്ഥയിലില്ല. ഇങ്ങോട്ട് കയറിവന്നപ്പോള്‍ത്തന്നെ കണ്ടില്ലേ, ഇതൊരു ജന-സൗഹൃദ സ്റ്റേഷനാണ്,' തന്റെ മുഖത്തെ ഭയം വായിച്ച എസ്.എച്ച്. .ഒ. ജോണിന്റെ വാക്കുകള്‍ സത്യസന്ധമാണെന്ന് അനുരൂപിനു തോന്നി.

'അതെ സര്‍... ശരിയാണ്.'
'പിന്നെയീ കോവിഡ് വന്നതില്‍പ്പിന്നെ ഞങ്ങള്‍ക്കാര്‍ക്കും ഫോണെടുക്കാന്‍ പോലും സമയം തികയുന്നില്ല. ലോ ആന്‍ഡ് ഓര്‍ഡര്‍ മാത്രമല്ലല്ലോ, ക്വാറന്റൈന്‍ കൂടി നോക്കണമല്ലോ,' മേശമേലിരുന്ന ഫ്‌ളാസ്‌ക്കില്‍നിന്ന് രണ്ടു ഗ്ലാസുകളിലേക്കായി ചായ പകര്‍ന്നുകൊണ്ട് ജോണ്‍ തുടര്‍ന്നു, 'ചായ കുടിച്ചോളൂ. തനിക്കു ഷുഗര്‍ ഒന്നുമില്ലല്ലോ, അല്ലേ. ഞാനിതില്‍ പഞ്ചസാരയിട്ടിട്ടുണ്ട്.'
'നന്ദി സര്‍.'
'കാര്യത്തിലേക്കു വരാം. ബ്രൈറ്റ് ബുക്‌സ്റ്റോര്‍ നിങ്ങളുടെ സ്ഥാപനമല്ലേ?'
'അതെ സര്‍. എന്റെ അച്ഛന്‍ തുടങ്ങിയതാണ്.'
'യൂസ്ഡ് ബുക്‌സ്‌റ്റോര്‍...'
'അതെ, ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കായുള്ള സെക്കന്‍ഡ് ഹാന്‍ഡ് സ്റ്റോറായിട്ടാണ് ഇത് തുടങ്ങുന്നത്. ഇപ്പോള്‍ റിട്ടേണ്‍ വരുന്ന ചില മലയാളം ടൈറ്റിലുകളും ഞങ്ങള്‍ വില്‍ക്കാറുണ്ട്.'
'മാസ്‌ക് ശെരിക്കു വെക്കൂ,' ജോണ്‍ ഓര്‍മ്മിപ്പിച്ചു.
'ക്ഷമിക്കണം സര്‍, ഇത് കുറച്ച് ലൂസായിരുന്നു,' വിരലുയര്‍ത്തി എന്‍ 95 മുഖാവരണത്തിന്റെ അരികുകള്‍ നേരെയാക്കിക്കൊണ്ട് അനുരൂപ് ക്ഷമാപണം നടത്തി.
'സാരമില്ല, അപ്പോള്‍ പറഞ്ഞുവന്നത്, റിട്ടേണ്‍...'
'ചെറിയ ഡാമേജുള്ള പുസ്തകങ്ങള്‍ പുസ്തക്കടകളില്‍നിന്ന് പ്രസാധകര്‍ക്ക് തിരിച്ചയയ്ക്കുമ്പോള്‍ ഞങ്ങള്‍ ചെറിയ വിലയ്ക്ക് ലേലത്തില്‍ പിടിക്കുന്നത്...'
'ഇന്റര്‍സ്റ്റിങ്.'

പോലീസ് അന്വേഷിക്കുന്നത് എന്തുതന്നെയായാലും ഇതുവരെ നടന്ന സംഭാഷണമത്രയും അന്വേഷണവുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്നും തന്റെ വിശ്വാസം നേടിയെടുക്കുവാനും, സൗഹൃദപരമായ കൂടിക്കാഴ്ചയാണ് നടക്കുന്നത് എന്നു ബോധിപ്പിക്കുവാനുള്ള ഗുപ്തമായ പോലീസ് തന്ത്രജ്ഞതയുടെ ഭാഗമാണെന്നും ഈ ഘട്ടമെത്തിയപ്പോഴേക്കും അനുരൂപ് സംശയിച്ചു തുടങ്ങിയിരുന്നു.
'അനുരൂപ് ചിലപ്പോള്‍ വാര്‍ത്തകളില്‍നിന്നറിഞ്ഞുകാണും. കലൂര്‍ മെട്രോ സ്റ്റേഷന്റെ ബാത്‌റൂമില്‍ ഒരു മദ്ധ്യവയസ്‌കന്റെ മൃതദേഹം കാണപ്പെട്ടിരുന്നു ഇന്നലെ.'
'ഞാന്‍ പത്രത്തില്‍ കണ്ടിരുന്നു സര്‍.'
'അതെ. അതുതന്നെ. ലോക്ഡൗണ്‍ കഴിഞ്ഞ് മെട്രോ പ്രവര്‍ത്തനം വീണ്ടും തുടങ്ങിയിട്ട് അധികം ദിവസമൊന്നും ആവാത്തതുകൊണ്ട് സ്റ്റേഷനില്‍ കാര്യമായ തിരക്കൊന്നുമുണ്ടായിരുന്നില്ല ഇന്നലെ. സ്വാഭാവികമായും വാഷ്‌റൂമും അധികം ഉപയോഗിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ വൈകീട്ട് ബാത്‌റൂം വൃത്തിയാക്കാന്‍ സ്റ്റാഫ് ചെന്നപ്പോഴാണ് വാഷ് ബേസിനടുത്തു വീണുകിടന്നിരുന്ന ആളെ കാണുന്നത്,' സി.ഐ. ജോണിന്റെ മുഖം വിവര്‍ണമായി.

'ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിട്ട് ഒന്നുരണ്ടു മണിക്കൂറുകള്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് കാഷ്വലിറ്റിയില്‍ കണ്ട ജൂനിയര്‍ ഡോക്ടര്‍ തന്നെ പറഞ്ഞത്,' അയാള്‍ തുടര്‍ന്നു.
'സര്‍...' യാതൊരു മുന്‍പരിചയവും ഇല്ലാഞ്ഞിട്ടും ഒരു സുഹൃത്തിനോടെന്ന പോലെ ഇതൊക്കെ പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് എന്തിനാണ് പറയുന്നത് എന്ന സംശയം മനസ്സില്‍ ഉണ്ടായെങ്കിലും അത് തുറന്നു ചോദിക്കുവാന്‍ അനുരൂപിന് ധൈര്യം വന്നില്ല.
'നിങ്ങളെ ഞാന്‍ വിളിപ്പിച്ചത് ഒരുപക്ഷേ ഞങ്ങളെ സഹായിക്കുവാന്‍ കഴിയും എന്ന് കരുതിയിട്ടാണ്,' പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുമ്പേ മേശപ്പുറത്തിരുന്ന ഫയലില്‍നിന്ന് മൂന്നു കടലാസ് രശീതുകള്‍ ഓഫീസര്‍ അനുരൂപിനു നേര്‍ക്ക് നീട്ടി.

'വിക്ടിമിനെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. അയാളുടെ കൈയിലുണ്ടായിരുന്ന തുകല്‍സഞ്ചിയില്‍ ആകെ ഉണ്ടായിരുന്നത് രണ്ടു പുസ്തകങ്ങളും മുഷിഞ്ഞ ഒരു ജോഡി വസ്ത്രവും പിന്നെ ഈ രശീതുകളുമാണ്,' പ്രതികരണം അറിയുവാനെന്നവണ്ണം ജോണ്‍ അര്‍ദ്ധ വിരാമമിട്ടു.
ബ്രൈറ്റ് ബുക്‌സ്റ്റോറിന്റെ മൂന്നു ബില്ലുകളായിരുന്നു അവ. മൂന്നു തീയതികളിലേത്. ആദ്യത്തേത് മൂന്നു ദിവസങ്ങള്‍ക്കു മുമ്പുള്ളതും, മറ്റു രണ്ടും ഏതാനും മാസങ്ങള്‍ പഴയതും.
'ഇതെന്റെ ഷോപ്പില്‍നിന്നുള്ള ബില്ലുകളാണ്,' അനുരൂപ് ആത്മഗതംപോലെ പറഞ്ഞു.
'മറ്റ് അസ്വാഭാവികമായി ഒന്നുംതന്നെ നടന്നതായി സംശയങ്ങളില്ല. മരണപ്പെട്ടയാള്‍ സ്റ്റേഷനിലേക്ക് എത്തുന്നതും ടിക്കറ്റ് എടുത്തശേഷം ബാത്‌റൂമിലേക്കു നടന്നുകയറുന്നതുമെല്ലാമുള്ള വിഷ്വല്‍സും ഞങ്ങള്‍ പരിശോധിച്ചു. ആ സമയത്ത് മറ്റാരും അങ്ങോട്ടു പോയിട്ടുമില്ല. മൃതദേഹത്തിലും പറയത്തക്ക മുറിവുകളോ മറ്റു പാടുകളോ ഒന്നും ഉണ്ടായിരുന്നുമില്ല. os , ഹൃദയാഘാതമോ മറ്റോ സംഭവിച്ചതായിരിക്കണം. പിന്നെ, കോവിഡിന്റെയും സമയമാണല്ലോ. ബോഡിയില്‍നിന്ന് അത് ടെസ്റ്റ് ചെയ്യുവാനുള്ള സാമ്പിളും അയച്ചിട്ടുണ്ട്.'

'സര്‍, ഇതില്‍ ഞാന്‍...' എങ്ങുമെത്താത്ത പതറിയ ഒരു നോട്ടത്തില്‍ അവന്‍ സന്ദേഹമറിയിച്ചു
'ഞാന്‍ പറഞ്ഞല്ലോ. രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഞങ്ങളെ സംബന്ധിച്ചിടത്തോളം unknown body എന്നു പറയുന്നത് വലിയ തലവേദനയാണ്. ഈ പുസ്തകങ്ങളും വസ്ത്രവും ബില്ലുകളുമല്ലാതെ തിരിച്ചറിയല്‍രേഖകള്‍ ഒന്നുംതന്നെ ഞങ്ങള്‍ക്കു കിട്ടിയിട്ടില്ല. മിസ്സിങ് പരാതികളും ഇതുവരെയും വന്നിട്ടില്ല. ധരിച്ചിരുന്ന ഷര്‍ട്ടിന്റെ കീശയിലെ പേഴ്‌സില്‍ ആകെ ഉണ്ടായിരുന്നത് 110 രൂപയും. ഏതെങ്കിലും ഒരു ഹോട്ടലിലോ ലോഡ്ജിലോ മുറിയെടുക്കാന്‍ മരണപ്പെട്ടയാള്‍ക്ക് ഉദ്ദേശമു ണ്ടായിരുന്നു എങ്കില്‍പ്പോലും എന്തെങ്കിലും ഐ.ഡി. കാര്‍ഡുകള്‍ അയാളുടെ പക്കലുണ്ടാവേണ്ടതായിരുന്നു. പത്രങ്ങളില്‍ വാര്‍ത്ത വന്നിട്ടുപോലും ബന്ധുക്കളാരും അന്വേഷിച്ചു വന്നിട്ടുമില്ല ഇതുവരെ. ചുരുക്കത്തില്‍ ഇയാളെപ്പറ്റി ഞങ്ങളുടെ കൈയില്‍ ഇപ്പോള്‍ ആകെ അവശേഷിക്കുന്ന വിവരങ്ങള്‍ അയാള്‍ മരണത്തിനു മുമ്പ് അവസാനമായി സന്ദര്‍ശിച്ച രണ്ടു സ്ഥലങ്ങള്‍ കലൂര്‍ മെട്രോസ്റ്റേഷനും പിന്നെ നിങ്ങളുടെ പുസ്തകക്കടയും എന്നതു മാത്രമാണ്,' കസേരയില്‍നിന്ന് മുന്നോട്ടാഞ്ഞുകൊണ്ട് ജോണ്‍ നെടുവീര്‍പ്പിട്ടു.

'ഇദ്ദേഹം അന്ന് രാവിലെ ഒരു പത്തര കഴിയുമ്പോഴാണ് കടയില്‍ വരുന്നത്. ഞാന്‍ ഓര്‍ക്കുന്നുണ്ട്. പഴയ ഷെല്‍ഫിലെ കണ്ടെയ്‌നര്‍ പുസ്തകങ്ങള്‍ ഒഴിവാക്കുന്നതിന്റെ തിരക്കിലിരിക്കുമ്പോഴാണ് രണ്ടു പുസ്തകങ്ങള്‍ അന്വേഷിച്ച് അയാള്‍ എത്തുന്നത്. ഇന്നലെ കടയില്‍നിന്ന് ആകെ പോയത് അഞ്ചു ബില്ലുകളാണ്. അതില്‍ ആദ്യത്തേതായിരുന്നു ഇത്,' അല്‍പ്പം മുമ്പ് ജോണ്‍ നല്‍കിയ ബില്ലുകളിലൊന്ന് ഉയര്‍ത്തിക്കൊണ്ട് അനുരൂപ് മുഖമുയര്‍ത്തി.
'നിങ്ങളുടെ ബുക്‌സ്റ്റോറില്‍ അയാള്‍ മുമ്പും വന്നിട്ടുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കടയില്‍ വരുന്നവരെല്ലാം ആരാണെന്നു സ്വാഭാവികവുമായും നിങ്ങള്‍ക്ക് അറിയണമെന്നില്ല. പക്ഷേ, സ്ഥിരം കസ്റ്റമേഴ്‌സിനെ അങ്ങനെ...' പാതിയില്‍ നിര്‍ത്തിയെങ്കിലും ഓഫീസറുടെ ചോദ്യം വളരെ സ്പഷ്ടമായിരുന്നു.
'ഇദ്ദേഹം ബ്രൈറ്റില്‍ മുമ്പും വന്നിട്ടുണ്ടെന്നതു സത്യമാണ്. സ്ഥിരം വരുന്ന കസ്റ്റമേഴ്‌സിനെ സര്‍ പറഞ്ഞതുപോലെ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. സാധാരണ ഗതിയില്‍ അങ്ങനെയുള്ളവരോടൊക്കെ ചെറിയ മട്ടില്‍ ചങ്ങാത്തം സ്ഥാപിക്കുവാന്‍ ശ്രമിക്കാറുമുണ്ട്. നല്ല പുസ്തകസ്‌നേഹികളാണല്ലോ നമ്മുടെ വരുമാനം. പക്ഷേ...'
'പക്ഷേ...?'
'ഇദ്ദേഹം അങ്ങനെ സംസാരിക്കുവാനൊന്നും താത്്പര്യമുള്ള ആളായിരുന്നില്ല സര്‍. അങ്ങോട്ട് എന്തെങ്കിലും ചോദിച്ചാല്‍പ്പോലും ഒന്നും പറയുമായിരുന്നില്ല. സത്യത്തില്‍ അയാളുടെ ശബ്ദംപോലും ഞാന്‍ കേട്ടിട്ടുണ്ടായിരുന്നില്ല ഇന്നലെ വരെ,' ചുണ്ടിനു മുകളില്‍ ഉരുണ്ടുകൂടിയ വിയര്‍പ്പുതുള്ളികള്‍ തുടച്ചുകൊണ്ട് അനുരൂപ് ഓര്‍ത്തു.
'ദി ആര്‍ട്ട് ഓഫ് വാര്‍, കര്‍ദ്ദിനാളിന്റെ മരണം. ഇത് രണ്ടുമായിരുന്നു മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന സഞ്ചിയിലെ പുസ്തകങ്ങള്‍,' ജോണാണ് അതു പറഞ്ഞത്.

'അതെ സര്‍, ആ രണ്ടു പുസ്തകങ്ങളാണ് അയാള്‍ ഇന്നലെ ആവശ്യപ്പെട്ടു വന്നത്. മാത്രമല്ല, ധൃതിയില്‍ ബില്ലടച്ചു പോവുകയും ചെയ്തു,' സംശയലേശമെന്യേ അനുരൂപ് ഉത്തരം നല്‍കി.
'ശരി അനുരൂപ്. ബോഡി തിരിച്ചറിയാനുള്ള അവസാനശ്രമം എന്ന നിലയ്ക്കാണ് നിങ്ങളെ വിളിപ്പിച്ചത്. നിങ്ങള്‍ക്കിയാളെപ്പറ്റി എന്തെങ്കിലും അറിയാമെങ്കില്‍ ഞങ്ങള്‍ക്ക് സഹായമാവും എന്ന് കരുതി. പൊയ്‌ക്കൊള്ളൂ. എന്തെങ്കിലും കൂടുതലായി ഓര്‍മ്മ വരുകയാണെങ്കില്‍ എന്നെ അറിയിക്കൂ. സമയത്തിന് നന്ദി.'
ജോണ്‍ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ, കൈയിലൊരു ഫയലുമായി മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ അവര്‍ക്കിടയിലേക്ക് കടന്നുവന്നു.
'സര്‍, പി.സി.ആര്‍. ലാബിലെ മൈക്രോബയോളജിസ്റ്റ് വിളിച്ചിരുന്നു. ആ ഡെഡ് ബോഡിയില്‍നിന്നുള്ള സാമ്പിള്‍ കോവിഡ് നെഗറ്റീവാണ്. മൃതദേഹത്തില്‍ നിന്നുള്ള സ്വാബ് ആയതുകൊണ്ട് പരിമിതിയുണ്ടെന്നും പറഞ്ഞു,' കൈയിലെ ഫയല്‍ ജോണിനു നേരേ നീട്ടിക്കൊണ്ട് ഇനിയും എന്തോ പറയുവാനുള്ളത് പോലെ അയാള്‍ മടിച്ചുനിന്നു.

Also Read

നിഖിലേഷ് മേനോൻ എഴുതുന്ന നോവൽ | 'ഹനനം' ആരംഭിക്കുന്നു

നിഖിലേഷ് മേനോൻ എഴുതുന്ന നോവൽ: ഹനനം

പള്ളിപ്പറമ്പിലെ കൊലപാതകം | 'ഹനനം' നോവൽ- ...

'സര്‍, ഇത് ആ ബോഡിയുടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ ഇന്ററിം റിപ്പോര്‍ട്ടാണ്.'
'അനുരൂപ് പൊയ്‌ക്കൊള്ളൂ. ഞാന്‍ ആവശ്യമുണ്ടെങ്കില്‍ വിളിപ്പിക്കാം.'
അയാള്‍ മുറിയില്‍നിന്ന് പുറത്തെത്തി എന്ന് ഉറപ്പുവരുത്തിയിട്ടാണ് ജോണ്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലേക്കു മുഖം പൂഴ്ത്തിയത്. വകുപ്പുനടപടിക്രമങ്ങളുടെ രഹസ്യസ്വഭാവത്തില്‍ അയാള്‍ പാലിക്കുന്ന നിഷ്‌കര്‍ഷ പ്രസിദ്ധമായിരുന്നു.
'പി.സി., ഇത്...?'
ജോണിന്റെ കണ്ണുകള്‍ വിടര്‍ന്നു. ഫോറന്‍സിക് സര്‍ജന്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ അതുവരെയുള്ള ധാരണകളെയെല്ലാം മാറ്റിമറിക്കുന്നതാണെന്നും ഉത്തരങ്ങളെക്കാള്‍ മുനയുള്ള ചോദ്യങ്ങളാണ് ആ കടലാസുകള്‍ക്കു തന്നോട് സംവദിക്കുവാനുള്ളതെന്നും അയാള്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞു.

Content Highlights: Hananam novel part three

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented