വര: മനോജ് കുമാർ തലയമ്പലത്ത്
വിഭ്രാന്തികളുടെ സഞ്ചയത്തില്‍നിന്ന് യാഥാര്‍ത്ഥ്യത്തെ അരിച്ചെടുക്കുന്ന ഒരു ജാലവിദ്യക്കാരനാണ് പോലീസുകാരന്‍ എന്ന് സി.ഐ. ജോണിന് പലപ്പോഴും തോന്നിയിട്ടുണ്ട്. തെളിഞ്ഞ ബോധത്തിന്റെ സുരക്ഷിതത്വത്തില്‍നിന്ന് കുറ്റകൃത്യങ്ങളുടെ അരക്ഷിതാവസ്ഥയിലേക്കുള്ള യാത്ര ബോധപൂര്‍വ്വം ആരും തിരഞ്ഞെടുക്കുമെന്നയാള്‍ വിശ്വസിച്ചിരുന്നില്ല.
മെട്രോസ്റ്റേഷനില്‍ കണ്ട മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, കേസിനെ പ്പറ്റിയുള്ള ജോണിന്റെ അതുവരെയുള്ള ധാരണകളെ കീഴ്‌മേല്‍ മറിക്കുന്നവയായിരുന്നു. വാര്‍ദ്ധ്യകത്തിലേക്കു കടന്നുതുടങ്ങിയ ഒരു മദ്ധ്യവയസ്‌കന്റെ ഹൃദ്രോഗസംബന്ധിയായ സ്വാഭാവികമരണം എന്നതായിരുന്നു പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല എന്ന പ്രതിബന്ധം മുന്നിലുണ്ടായിരുന്നുവെങ്കിലും അത് മറികടക്കാം എന്ന പ്രതീക്ഷയിലായിരുന്നു അയാള്‍.
Paralysis of diaphragm and death due to respiratory failure noted. After perusal of the Postmortem, Histopathology and chemical analysis report, we are of the opinion that the exact cause of death in this case cannot be ascertained. However death due to neuro-toxin cannot be ruled out .
ഉരോദരഭിത്തിയുടെ മരവിപ്പു മൂലമുള്ള മരണം നാഡികളെ ബാധിക്കുന്ന വിഷവസ്തു കാരണമായിരുന്നിരിക്കാം സംഭവിച്ചത് എന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കൂനനുറുമ്പു നിരയിട്ടതുപോലെയുള്ള കറുത്തവാചകങ്ങള്‍ വല്ലാത്തൊരു മരവിപ്പാണ് സമ്മാനിച്ചത്. മരണങ്ങള്‍ പലതരമാണെന്ന് ജോണിന് പലപ്പോഴും തോന്നാറുണ്ട്. ചിലതു വിരസവും ദീര്‍ഘവുമായ രാത്രിയാത്രകളിലെ അനിവാര്യമായ ടോള്‍ പിരിവുകളെപ്പോലെയാണ്. എത്ര അവഗണിക്കുവാന്‍ ശ്രമിച്ചാലും ഒരിക്കലും ഒഴിവാക്കുവാന്‍ കഴിയാത്തവ. ദുരൂഹവും അപ്രതീക്ഷിതവുമായ മരണങ്ങള്‍ സമ്മാനിക്കുന്ന വെല്ലുവിളികള്‍ നിയമപാലകന്‍ എന്ന നിലയില്‍ അയാള്‍ക്ക് പുതുമയുമായിരുന്നില്ല. യാന്ത്രികമായ നടപടിക്രമങ്ങളുടെ നിസ്സംഗതകൊണ്ട് അയാള്‍ പലപ്പോഴും അവയെ ജയിച്ചിട്ടുമുണ്ട്. പക്ഷേ, ഇത്തവണ...
'സര്‍, നമ്മുടെ നടപടികളൊക്കെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബോഡി തിരിച്ചറിയാനുള്ള അവസാനശ്രമം എന്ന നിലയ്ക്ക് ലുക്ക് ഔട്ട് നോട്ടീസും, പി .ആര്‍.ഡിക്കുള്ള കുറിപ്പും കൊടുപ്പിച്ചിട്ടുണ്ട്,' എസ്.എച്ച്.ഒയ്ക്ക് അഭിമുഖമായി നിന്നിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ സ്വരം താഴ്ത്തി പറഞ്ഞു.
'ക്രൈം മെമ്മോ അയച്ചോ? വകുപ്പ് മാറ്റേണ്ടിവരും. 302 ആക്കി തിരുത്തണം.' മങ്ങിയ ഭാവത്തോടെ ജോണ്‍ മുഖമുയര്‍ത്തി. തിരിച്ചറിയപ്പെടാത്തത് മൃതശരീരം മാത്രമല്ല, ഇരുളില്‍ എങ്ങോ മറഞ്ഞിരിക്കുന്ന ഒരു ഘാതകന്‍ കൂടിയാണെന്ന യാഥാര്‍ത്ഥ്യം അയാളെ ചെറുതല്ലാതെ അലട്ടിത്തുടങ്ങിയിരുന്നു.
'മെമ്മോ എല്ലാ സ്റ്റേഷനിലേക്കും സി.ഒ.ബി. വഴി അയയ്ക്കാനുള്ള ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. സൈറ്റില്‍ കൊടുക്കുവാനും അയച്ചു സര്‍.'
പ്രേതപരിശോധനയുടെ പ്രസക്തവിവരങ്ങളും ഇന്‍ക്വസ്റ്റ് വേളയില്‍ എടുക്കപ്പെട്ട ചിത്രങ്ങളുമടങ്ങിയ സംക്ഷിപ്തരേഖയായ 'ക്രൈം മെമ്മോ' കേന്ദ്രീകൃത സംവിധാനമായ സി.ഒ.ബിയിലൂടെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും അയയ്ക്കുന്നത് ഇത്തരത്തിലുള്ള കേസുകളില്‍ വിരളമായെങ്കിലും സഹായകമാവാറുണ്ട്. കാണാതായതോ, നിലവില്‍ ഏതെങ്കിലും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതോ ആയ വ്യക്തികളുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന ഗുണം.
'ശരി, നമുക്ക് നോക്കാം. രണ്ടുമൂന്നു ദിവസമായിട്ടും ഒന്നും കിട്ടിയില്ലെങ്കില്‍ ക്രൈംബ്രാഞ്ചിന് കൈമാറേണ്ടിവരും,' ആത്മാഭിമാനം നഷ്ടപ്പെട്ട യോദ്ധാവിനെപ്പോലെ ജോണ്‍ ശാന്തമായി പറഞ്ഞു.
'ശരി സാര്‍, ചെയ്യാം. പിന്നെ...' ഉറപ്പില്ലാത്ത എന്തോ ഒന്ന് ചോദിക്കുവാനുള്ള മുഖവുരയെന്ന മട്ടില്‍ പോലീസുകാരന്‍ കവിള്‍ത്തടം ചൊറിഞ്ഞുകൊണ്ട് നിന്നു.
'പറയൂ, ഡേവിഡ്, എന്താണ്?'
'സര്‍, എനിക്ക് ഇന്ന് ഉച്ചയ്ക്കുശേഷം ലീവ് വേണമായിരുന്നു. കൊച്ചിനെ കുത്തിവെപ്പെടുക്കാന്‍ കൊണ്ടുപോവണമായിരുന്നു.'
'റോണി സാറിനോടുകൂടി പറഞ്ഞിട്ട് പൊക്കോളൂ,' കീഴുദ്യോഗസ്ഥരുടെ ന്യായമായ അപേക്ഷകളോട് അനുഭാവപൂര്‍വ്വം പ്രതികരിക്കുന്ന മേലധികാരിയായി അറിയപ്പെടുവാനാണ് അയാള്‍ എന്നും ആഗ്രഹിച്ചിരുന്നത്. നിര്‍വ്യാജമായ ബഹുമാനത്തില്‍ അധിഷ്ഠിതമായ ആത്മാര്‍ത്ഥതയിലേക്കുള്ള ഏറ്റവും ശക്തമായ വഴി അതാണെന്ന് ജോണ്‍ ഗാഢമായി വിശ്വസിച്ചിരുന്നു. നന്ദി പറഞ്ഞുകൊണ്ട് ഡേവിഡ് മുറി തുറന്നു പോയി.
മുഷിഞ്ഞ ജോഡി വസ്ത്രങ്ങളും, രണ്ടു പുസ്തകങ്ങളും, കുറച്ചു ബില്ലുകളും. അജ്ഞാതമൃതശരീരത്തിന്റെ തുകല്‍സഞ്ചിയില്‍നിന്നു ലഭിച്ച വസ്തുക്കളില്‍ അയാളെക്കുറിച്ചുള്ള സൂചനകള്‍ എന്തെങ്കിലും ഉണ്ടാവുമോ? മുറിയില്‍ തനിച്ചായ ജോണ്‍ ആലോചിക്കുവാന്‍ ശ്രമിച്ചു. പുസ്തകക്കച്ചവടക്കാരന്‍ പറഞ്ഞതില്‍ പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഉള്ളത്. രണ്ടു പുസ്തകങ്ങള്‍ അന്വേഷിച്ചാണ് മരണപ്പെട്ടയാള്‍ കടയിലേക്ക് വന്നതെന്നും, അയാള്‍ തിടുക്കത്തിലായിരുന്നതായി കാണപ്പെട്ടിരുന്നു എന്നും.
പുരാതന ചൈനീസ് യുദ്ധതന്ത്ര നൈപുണ്യത്തെപ്പറ്റിയുള്ള പുസ്തകമായ ആര്‍ട്ട് ഓഫ് വാര്‍, കോട്ടയം പുഷ്പനാഥിന്റെ പഴയകാല അപസര്‍പ്പകനോവലായ കര്‍ദ്ദിനാളിന്റെ മരണം, രണ്ടും വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയവ. പുസ്തകക്കടയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അയാള്‍ എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുമ്പോള്‍ത്തന്നെ ദശകങ്ങള്‍ക്കു മുമ്പുള്ള രണ്ടു പുസ്തകങ്ങള്‍ ഈ കോവിഡ് കാലത്തും തിടുക്കത്തില്‍ വാങ്ങി പോവാനുണ്ടായ സാഹചര്യം എന്തായിരുന്നിരിക്കാം?
'സര്‍, may I?'
അയാളുടെ വിചാരങ്ങളെ മുറിച്ചുകൊണ്ട് സ്റ്റേഷന്‍ റൈറ്റര്‍ നിബിന്‍ മുറിയിലേക്ക് കടന്നുവന്നു.
'എന്താണ്?'
'സര്‍, നമ്മുടെ ക്രൈം മെമ്മോയ്ക്ക് ഒരു മറുപടി ഫയല്‍ ചെയ്യപ്പെട്ടിട്ടുണ്ട്,' റൈറ്ററുടെ വാക്കുകള്‍ ശ്രവിച്ച ജോണിന്റെ മുഖം വിടര്‍ന്നു
'എവിടെനിന്ന്?'
'ബദടുക്ക സ്റ്റേഷനില്‍നിന്നാണ് സര്‍. കാസര്‍കോട്... അവിടെ തൊണ്ണൂറ്റിയഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസിലെ അക്ക്യൂസ്ഡാണ് നമ്മള്‍ അയച്ച ചിത്രത്തില്‍ ഉള്ളതെന്നാണ് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നത് ...Crime No . 187 /1995, മാര്‍ക്കോസ് എന്നാണ് അയാളുടെ പേര്.'
'അക്ക്വിറ്റഡ് ആയിരുന്നോ?'
'ഇല്ല സര്‍, ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.'
'എന്തായിരുന്നു സെക്ഷന്‍?'
'302. മനപ്പൂര്‍വ്വമുള്ള നരഹത്യ,' വല്ലാത്തൊരു തെളിച്ചമുണ്ടായിരുന്നു റൈറ്ററുടെ വാക്കുകള്‍ക്ക്.
(തുടരും)
Also Read
Content Highlights: Hananam novel part five
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..