വര: മനോജ് കുമാർ തലയമ്പലത്ത്
'ചേട്ടാ, ഡോണാ ടാര്‍ട്ടിന്റെ ദി സീക്രട്ട് ഹിസ്റ്ററി എന്ന പുസ്തകമുണ്ടോ?'
ഐ ഫോണ്‍ സ്‌ക്രീനില്‍നിന്നും കണ്ണെടുക്കാതെയുള്ള യുവാവിന്റെ ചോദ്യം അനുരൂപ് ചെറുതല്ലാത്ത ഈര്‍ഷ്യയോടെയാണ് കേട്ടത്. ഏഴുലക്ഷത്തില്‍പ്പരം പുസ്തകങ്ങളുടെ ശേഖരം കൈമുതലായുണ്ടായിട്ടും, 'the most happening place for the bibliophiles in the city', 'പുസ്തകപ്രേമികള്‍ക്കൊരു മോഹക്കൂട്,' ' a bookworm's basement' എന്നൊക്കെ നഗരത്തിലെ പൈങ്കിളിപത്രങ്ങള്‍ ഇടതടവില്ലാതെ ബഹളം കൂട്ടിയിട്ടും നാല്‍പ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛന്‍ ആരംഭിച്ചതും കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി തന്റെ നടത്തിപ്പിലുള്ളതുമായ 'ബ്രൈറ്റ് ബുക്‌സ്റ്റോറിന്റെ' പോയ ആഴ്ചയിലെ സെയില്‍സ് ബാലന്‍സ് ഷീറ്റില്‍ ചുവന്ന അക്കങ്ങള്‍ മാത്രം സ്ഥാനംപിടിച്ചത് എന്തുകൊണ്ടെന്ന ചിന്തയിലായിരുന്നു അയാള്‍ ആ നേരമത്രയും.
പളപളാ മിനുസമുള്ള കട്ടിക്കടലാസില്‍, ഡല്‍ഹിയിലോ മുംബൈയിലോനിന്ന് അച്ചടിച്ചെത്തുന്ന വിലകൂടിയ ഇംഗ്ലീഷ് മാസികകളുടെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ പേരു വരുന്ന പുസ്തകങ്ങള്‍ക്കു മാത്രം എ.സി. മുറിയിലെ ചില്ലലമാരയില്‍ സ്ഥാനം കൊടുക്കുന്ന പരിഷ്‌കാരിപുസ്തകക്കടകളില്‍നിന്നും, തല്ലിപ്പൊളി പള്‍പ്പ് നോവലുകള്‍ മാത്രം തൂക്കം നോക്കി വിറ്റുതീര്‍ക്കുന്ന വഴിയോരക്കച്ചവടക്കാരില്‍നിന്നും, വേറിട്ടുനില്‍ക്കുന്ന നഗരത്തിലെ അവശേഷിക്കുന്ന ഒരേയൊരു സ്വതന്ത്ര ബുക്ഷോപ്പാണ് 'ബ്രൈറ്റ്' എന്ന് ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ കൊല്ലാകൊല്ലം ആചാരംപോലെ കൊണ്ടാടപ്പെടുന്ന പുസ്തകമേളകളില്‍ ഖാദിധാരിയായ ഏതെങ്കിലുമൊരു സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഘോരഘോരം പ്രസംഗിക്കാറുണ്ടായിരുന്നതും അയാള്‍ ഓര്‍ക്കാതെയിരുന്നില്ല. ലോക ക്ലാസിക്കുകളുടെ അമൂല്യവും വിരളവുമായ ഒന്നാം പതിപ്പുകള്‍ മുതല്‍ വാട്‌സാപ്പിലെ പുസ്തകക്കൂട്ടങ്ങളില്‍ നിറയുന്ന പുതിയ ചെറുപ്പക്കാരുടെ ത്രില്ലര്‍ നോവലുകള്‍ വരെ ബ്രൈറ്റ് ബുക്‌സ്റ്റോറിന്റെ നിറം മങ്ങിത്തുടങ്ങിയ ഷെല്‍ഫുകളിലിരുന്നു തന്നെ പരിഹസിക്കുന്നതായി അയാള്‍ക്കു തോന്നി.
'ചേട്ടാ, പുസ്തകമുണ്ടോ? വേഗം പറയ്യൂ, എനിക്ക് വാലന്‍ന്റൈന്‍സ് ഡേക്കു ഗിഫ്റ്റ് ചെയ്യാനുള്ളതാണ്,' ഫോണ്‍ കലണ്ടര്‍ തുറന്നുകാട്ടിക്കൊണ്ട് യുവാവ് സ്വരമുയര്‍ത്തി.
'ആ മൂന്നാം നിരയിലെ ജനറല്‍ ഫിക്ഷന്‍ റാക്കില്‍ ഒന്ന് നോക്കാമോ?' അനുരൂപ് നീരസം കാട്ടിയില്ല. പക്ഷേ, അയാള്‍ക്കറിയാമായിരുന്നു അയാളുടെ കടയിലെത്തുന്ന ഭൂരിഭാഗം ചെറുപ്പക്കാരെയുംപോലെ ഓണ്‍ലൈനില്‍ പുസ്തകം ഓര്‍ഡര്‍ ചെയ്യുന്നതിന് മുന്‍പൊരു വിലതാരതമ്യത്തിനു മാത്രം എത്തുന്ന അന്വേഷകരില്‍ ഒരാള്‍ മാത്രമാവും തന്റെ മുന്നിലേക്ക് ചോദ്യമെറിഞ്ഞു നില്‍ക്കുന്ന ഈ 'ഐ- ഫോണ്‍' യുവാവും എന്ന്.
'ജനറല്‍ ഫിക്ഷന്‍ റാക്കില്‍ D എന്നെഴുതിയ നിരയില്‍ നോക്കാമോ?'
'ചേട്ടാ കിട്ടി, ഇതാണെന്നു തോന്നുന്നു,' കറുത്ത പുറംചട്ടയില്‍ വെളുത്ത അക്ഷരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്ന തടിച്ച പുസ്തകം ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് യുവാവ് പ്രസന്നവദനനായി.
'നല്ല പുസ്തകമാണ്. കാമുകി ഒരുപാട് വായിക്കുമോ?' ദിവസത്തെ ആദ്യ കച്ചവടശ്രമം ശുഭപര്യവസായിയാവുമെന്ന പ്രതീക്ഷയില്‍ അനുരൂപും ഒന്നുണര്‍ന്നു.
'ചേട്ടന് എങ്ങനെ മനസ്സിലായി കാമുകിക്ക് വേണ്ടീട്ടാണ് പുസ്തകമെന്ന്?'
'വാലന്റൈന്‍സ് ഡേ ഗിഫ്റ്റ് ആരും അമ്മയ്ക്ക് കൊടുക്കില്ലല്ലോ!' ബില്ല് ബുക് തിരഞ്ഞുകൊണ്ട് അനുരൂപ് പുഞ്ചിരിച്ചു.
'അവള്‍ ഏതോ നെറ്റ്ഫ്‌ലിസ് ഷോയില്‍ ഈ പുസ്തകം കണ്ടത്രേ. വായിക്കുമോ എന്നൊന്നും എനിക്കറിയില്ല. ഒരു സര്‍പ്രൈസ് ആയിക്കോട്ടെ എന്ന് കരുതി,' നിഷ്‌കളങ്കമായിരുന്നു അയാളുടെ മറുപടി.
'ബില്ല് അടിക്കട്ടെ?'
'ചേട്ടാ, ഒരു മിനിട്ട്. ഇതിന്റെ വില എത്രയാ?'
'എം.ആര്‍.പി. 599 ആണ്. ഞങ്ങളുടെ വില 20 ശതമാനം ഡിസ്‌കൗണ്ടും കഴിഞ്ഞ് 481 രൂപ.'
അയാള്‍ പറഞ്ഞു മുഴുമിപ്പിക്കും മുമ്പേ യുവാവിന്റെ വിരലുകള്‍ ഐഫോണ്‍ സ്‌ക്രീനില്‍ അമര്‍ന്നു നിവര്‍ന്നു. ഒരാള്‍ മറ്റൊരാളെ തൊടുന്നതാണ് സ്‌നേഹം എന്ന് എവിടെയോ വായിച്ചിട്ടുള്ളതാണ് അനുരൂപിന് എന്തുകൊണ്ടോ അപ്പോള്‍ ഓര്‍മ്മ വന്നത്. അങ്ങനെയെങ്കില്‍ ഇന്ന് ലോകത്തിലെ ഏറ്റവും പ്രണയാതുരരായ കമിതാക്കള്‍ വിരലുകളും സദാസമയവും അവയെ ചുംബിക്കാന്‍ വെമ്പുന്ന മൊബൈല്‍ സ്‌ക്രീനുകളുമാവണം! താന്‍ ഒരു പുസ്തകക്കച്ചവടക്കാരനായി ഒതുങ്ങിപ്പോവാതെ വലിയ സാഹിത്യകാരനോ തത്ത്വചിന്തകനോ ആവേണ്ടിയിരുന്നു എന്ന് അയാള്‍ക്ക് അന്നാദ്യമായി തോന്നി.
'അതെന്താ ചേട്ടാ, ക്ലിപ്മാര്‍ട്ടില്‍ 250 രൂപയ്ക്കു കിട്ടുമല്ലോ?'
'ഞങ്ങള്‍ക്ക് ആ വിലയ്ക്ക് വിറ്റാല്‍ ഈ കടമുറിവാടകപോലും കൊടുക്കാന്‍ കഴിയില്ല സുഹൃത്തേ. പിന്നെ, ഞങ്ങള്‍ വ്യാജ കോപ്പികളും വില്‍ക്കാറില്ല,' അനുരൂപ് നിര്‍വികാരതയുടെ മുഖമൂടി തേടി.
'അല്ലെങ്കില്‍ എടുത്തേക്കൂ. ഇനിയിപ്പോ നെറ്റില്‍ ഓര്‍ഡര്‍ ചെയ്തിട്ട് 14-ാം തീയതിക്ക് മുമ്പ് കിട്ടിയില്ലെങ്കില്‍ നാണക്കേടാവും,' യുവാവ് ആലോചിച്ചുറച്ചമട്ടില്‍ മുഖമുയര്‍ത്തി.
'താങ്ക്‌സ്. വേറെ എന്തെങ്കിലും വേണോ?' അയാള്‍ക്ക് മനശ്ചാഞ്ചല്യം വരുന്നതിനു മുമ്പേ ബില്ല് എഴുതിപ്പൂര്‍ത്തിയാക്കിക്കൊണ്ട് ഭംഗിവാക്കെന്ന മട്ടില്‍ അനുരൂപ് ചോദിച്ചു.
'ഇത് നല്ല ബൂക്കാണോ ചേട്ടാ? പിള്ളേര്‍ക്കൊക്കെ വായിക്കാന്‍ കൊള്ളാമോ?' കൗണ്ടറിനു സമീപത്തുള്ള ഡിസ്‌പ്ലേ ബോര്‍ഡിലിരുന്ന 'Losing My Virginity'യുടെ ഹാര്‍ഡ്ബൗണ്ട് എഡിഷന്‍ കൈയിലെടുത്തുകൊണ്ട് ചെറുപ്പക്കാരന്‍ മുനവെച്ചുള്ള ചിരി പാസാക്കി.
'അത് വിര്‍ജിന്‍ എയര്‍വേഴ്‌സ് ഉടമ സര്‍ റിച്ചാര്‍ഡ് ബ്രാന്‍സന്റെ ആത്മകഥയാണ്. വേറെയൊന്നുമില്ല.'
'ആണോ? ഞാന്‍ കരുതി... എന്നാല്‍ പിന്നെയെടുക്കാം ചേട്ടാ,' മുഖത്തൊരു വിളറിയ ചിരി വരുത്തിക്കൊണ്ട് അയാള്‍ ഗൂഗ്ള്‍ പേ ആപ്പ് തുറന്നു. ക്ലിപ്പ്മാര്‍ട്ടിനോട് പൊരുതിജയിച്ച ആവേശത്തിലായിരുന്നെങ്കിലും കൂടുതല്‍ ലോഹ്യത്തിനൊന്നും അനുരൂപും മുതിര്‍ന്നില്ല. മാസാവസാനം ബാങ്കില്‍നിന്ന് വരാനുള്ള വാടകക്കുടിശ്ശികയുടെ മുന്നറിയിപ്പ് വര്‍ഷകാലത്തെ പേമാരിയില്‍ ഉലഞ്ഞും ഒടിഞ്ഞും തൂങ്ങുന്ന മരച്ചില്ലകള്‍ പോലെ അയാളുടെ ചിന്തകളിലേക്ക് ആടിയുലഞ്ഞു വീഴാറായി നില്‍ക്കുകയായിരുന്നു അപ്പോള്‍.
'പേ ചെയ്തിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ വന്നോ എന്ന് നോക്കാമോ ചേട്ടാ?' ഫോണ്‍ സ്‌ക്രീന്‍ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ചെറുപ്പക്കാരന്‍ നടന്നകന്നു.
എറണാകുളം നഗരത്തിന്റെ ഉപഭോഗശീലങ്ങളിലേക്കു മാളുകളും പിന്നീട് ഓണ്‍ലൈന്‍ കച്ചവടക്കാരും മുന്നറിയിപ്പില്ലാതെ കടന്നുവരുന്നതിനും മുമ്പ് ജില്ലയുടെതന്നെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായിരുന്നു ബ്രോഡ്
വെയും അതിനോട് ചേര്‍ന്നുകിടന്നിരുന്ന ടൂറിസ്റ്റ് ബംഗ്ലാവ് റോഡ് എന്ന പ്രദേശവും. എണ്‍പതുകളുടെ ആദ്യപാദത്തിലെപ്പോഴോ ആണ് ടി.ബി. റോഡിലെ ചെറിയ കടമുറികള്‍ക്കൊന്നിനു മുന്നില്‍ 'മോഹന്‍സ് ബ്രൈറ്റ് ബുക് ഡിപ്പോ: sellers of new and second hand english ബുക്‌സ്' എന്ന് ആലേഖനം ചെയ്ത മഞ്ഞ നിറത്തിലുള്ള ചതുരപ്പലക ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഇംഗ്ലീഷ് പുസ്തകങ്ങള്‍ക്കു മാത്രമായുള്ള പുസ്തകപ്പുര എന്നത് കേട്ടുകേള്‍വിപോലും ആകാതിരുന്ന നാളുകളില്‍ ഐറിസ് മര്‍ഡോക്കിനെയും മേരി നോര്‍ട്ടനെയും ജെ. .ഡി. സാലിംഗറെയും റേ ബ്രാഡ്ബറിയെയും റോബര്‍ട്ട് ലുഡ്ലുമിനെയും ആര്‍തര്‍ ഹൈലിയെയുമെല്ലാം കൊച്ചിക്കാര്‍ക്കു പ്രിയപ്പെട്ടവരാക്കിയത് ആത്മാവില്‍നിന്ന് പ്രസരിക്കുന്നപോലുള്ള ഓജസ്സാര്‍ന്ന തുടുത്ത മുഖവും നിറഞ്ഞുകവിഞ്ഞ പുഞ്ചിരിയുമായി സമ്മോഹിതരായ പുസ്തകപ്രേമികള്‍ക്കായി വാതില്‍ക്കല്‍ കാത്തുനിന്നിരുന്ന 'മോഹന്‍ മാഷ്' ആയിരുന്നു.
പി.ആര്‍.വി. സ്‌കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപകന്‍ എന്ന താല്‍ക്കാലിക തസ്തികയില്‍നിന്നും അഞ്ചര വര്‍ഷങ്ങളുടെ ഓര്‍മ്മകളുടെ നീക്കിയിരുപ്പുമായി പടിയിറങ്ങുമ്പോള്‍ കരാര്‍ അദ്ധ്യാപകന്‍ എന്ന തൊഴില്‍നഷ്ടത്തിന്റെ സാമ്പത്തിക അരക്ഷിതാവസ്ഥയെക്കാള്‍ മാഷിനെ അലട്ടിയത് എന്നെങ്കിലും വായിച്ചു തീര്‍ക്കണമെന്ന് കരുതി സ്‌കൂള്‍ ലൈബ്രറിയിലെ ചില്ലലമാരയ്ക്കുള്ളില്‍ മാറ്റിവെച്ചിരുന്ന പുസ്തകങ്ങളുടെ ലോകം തനിക്കിനി അപ്രാപ്യമാവുമല്ലോ എന്ന തിരിച്ചറിവായിരുന്നു. വിഷാദത്തിന്റെ മുഷിപ്പു കയറിയ വിരസമായ ഭാവിയെക്കുറിച്ചുള്ള നിരാശയില്‍ നിസ്സഹായനായിത്തുടങ്ങിയ ഒരു ഉച്ച സമയത്താണ് വായിച്ചുകൂട്ടിയ പുസ്തകങ്ങളില്‍ തന്റെ ഭാവി കുരുങ്ങിക്കിടക്കുന്നുണ്ട് എന്ന സാദ്ധ്യത സ്‌കൂള്‍ മാനേജര്‍ ബെനഡിക്ടിന്റെ രൂപത്തില്‍ മാഷിനെ തേടിയെത്തുന്നത്.
'തനിക്ക് ഇംഗ്ലീഷ് പുസ്തകങ്ങള്‍ കിട്ടുന്ന ഒരു പുസ്തകക്കട തുടങ്ങിക്കൂടേ? മദിരാശിയിലോ ബോംബെയിലോ നിന്നു വരുന്ന പുസ്തകവണ്ടികള്‍ക്കായി കാത്തിരിക്കേണ്ടല്ലോ!' എന്ന നിര്‍ദ്ദോഷമായ ചോദ്യത്തിനപ്പുറം സ്വന്തമായി സ്വരുക്കൂട്ടിയവയും ബെനെഡിക്ടിന്റെ തന്നെ സ്വകാര്യഗ്രന്ഥപ്പുരയില്‍നിന്നും കടം കൊണ്ട അന്‍പതോ അറുപതോ വരുന്ന പുസ്തകങ്ങളുമായിരുന്നു 'ബ്രൈറ്റിന്റെ' ആദ്യ മൂലധനം.
അച്ഛനെക്കുറിച്ചുള്ള അനുരൂപിന്റെ ഓര്‍മ്മകളിലേക്ക് ഇന്‍കമിങ് കോളിന്റെ രൂപത്തില്‍ കടന്നുവന്നത് ഒരു unknown നമ്പറായിരുന്നു.
'ഹലോ, ബ്രൈറ്റ് ബുക്്‌സ്റ്റോറിലെ അനുരൂപ് അല്ലേ?'
'അതെ,ആരാണ്?'
'ടൗണ്‍ സ്റ്റേഷനിലെ എസ്.എച്ച്.ഒ ആണ്.'
'എന്താണ് സര്‍?'
ലൈസന്‍സില്ലാത്ത തെരുവുകച്ചവടക്കാരെ വഴിയോരത്തുനിന്ന് ഒഴിപ്പിക്കുവാന്‍ വേണ്ടി പിടികൂടുമ്പോഴുള്ള പതിവു ക്ഷണങ്ങളില്‍ ഒന്നാവണം. അനുരൂപ് മനസ്സില്‍ കുറിച്ചു. വണിക്കുകളുടെ ഭാണ്ഡക്കെട്ടിലുള്ള പുസ്തകക്കൂട്ടങ്ങളില്‍ നിന്ന് വ്യാജപതിപ്പുകള്‍ തരംതിരിച്ചു മാറ്റുവാനുള്ള പോലീസ് സ്റ്റേഷന്‍ യാത്രകള്‍ ഒരു ദിവസത്തെ കഷ്ടപ്പാടാണ്!
'സര്‍, കടയില്‍ അല്‍പ്പം തിരക്കാണ്, ഞാന്‍ വൈകുന്നേരം വന്നാല്‍ മതിയോ?'
'നിങ്ങള്‍ക്ക് അരമണിക്കൂര്‍ സമയമുണ്ട് ഇവിടെയെത്താന്‍. അത് പോരെങ്കില്‍ ഞങ്ങള്‍ അവിടെ വന്നുകൊണ്ട് വരാം,' എസ്.എച്ച്.ഒയുടെ സ്വരം കനത്തു.
'എന്താണ് സര്‍ കാര്യം?'
'കൂടുതല്‍ ചോദ്യമൊന്നും വേണ്ട. മെട്രോ സ്റ്റേഷനിലെ ബാത്റൂമില്‍ കാണപ്പെട്ട മൃതദേഹവുമായി ബന്ധപ്പെട്ടാണ്.'
മറുത്തെന്തെങ്കിലും ചോദിക്കുവാനാവുന്നതിനു മുമ്പ് കാള്‍ വിച്ഛേദിക്കപ്പെട്ടു. ഉത്തരങ്ങളെക്കാള്‍ ഭയക്കേണ്ടത് ചോദ്യങ്ങളെയാണെന്ന് അന്നാദ്യമായി അയാള്‍ക്കു തോന്നി.
(തുടരും)
Content Highlights: Nikhilesh Menon, Hananam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..