അക്കരെ ഒരു കണ്ടം മീനിനായി കെഞ്ചുന്ന മകനെയോര്‍ക്കുമ്പോള്‍ എങ്ങനെ ബീഫും ചിക്കനും ഇറങ്ങും?


അബ്ബാസ് ടി.പി abbaspp1990@gmail.com

മക്കളോട് തലേന്ന് രാത്രിയിലും ഉച്ചയ്ക്കും എന്താണ് കഴിച്ചതെന്ന ചോദ്യത്തിന് അവര്‍ മറുപടിയായി പറയുന്ന ഉത്തരങ്ങളില്‍ നിന്ന് ഞാന്‍ അവരുടെ വിശപ്പിനെ അറിഞ്ഞു. വഴിവക്കുകളില്‍ തീര്‍ന്നുപോയ ചീരയെക്കുറിച്ച് അറിഞ്ഞു. ദാനമായി കിട്ടിയ ചക്കയുടെ രുചിയെക്കുറിച്ച് അറിഞ്ഞു.

ചിത്രീകരണം: ബാലു

സാഹിത്യത്തില്‍ അനുഭവക്കുറിപ്പുകളുടെ സ്ഥാനം എവിടെയാണെന്ന് ചോദിച്ചാല്‍ അത് ഏറ്റവും മുകളിലാണെന്നാണ് പലപ്പോഴും വായനക്കാര്‍ തരുന്ന ഉത്തരം. വായനയെ ഓരോ വ്യക്തിയും തന്നോടുതന്നെ ചേര്‍ത്തുനിര്‍ന്നുന്നത് അനുഭവകഥനങ്ങളിലൂടെയാണ്. അനുഭവക്കുറിപ്പെഴുത്തുകാരന്‍ ഒരു പറ്റം മനുഷ്യരെയൊന്നാകെ തന്നെ പ്രതിനിധീകരിക്കാറുണ്ട് പലപ്പോഴും. പ്രവാസം എന്ന പേരുപോലെത്തന്നെ കഠിനമാണ് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അവിടത്തെ ജീവിതവും. അബ്ബാസ് ടി.പി തന്റെ പൊള്ളുന്ന ജീവിതം പങ്കുവെക്കുന്ന അനുഭവക്കുറിപ്പ് വായിക്കാം.

സൗദിയില്‍ റിയാദിനടുത്ത്, കുര്‍ത്തുബ എന്ന സ്ഥലത്താണ് ഞാന്‍ പെയിന്റിങ് പണി എടുത്തത്. എന്റെ ഖഫീലിന് ഫ്‌ലാറ്റുകള്‍ ഉണ്ടാക്കി വില്‍ക്കുന്ന ബിസിനസായിരുന്നു. ഖാലിദെന്നും മുസൈനിയെന്നും പേരുള്ള ഏട്ടാനിയന്മാരാണ് അവര്‍. അതില്‍ മുസൈനിയാണ് എന്റെ ഖഫീല്‍. മൂപ്പര്‍ മുംബെയില്‍ വന്ന് എന്നെ നേരില്‍ കണ്ട് ഇന്റര്‍വ്യൂ ഒക്കെ നടത്തിയാണ് സെലക്ട് ചെയ്തത്.

കക്ഷിക്ക് മുംബൈയില്‍ അടിച്ചുപൊളിക്കാനുള്ള പണത്തിനാണ് വിസയും കൊണ്ടുവന്നത്. ഞാനടക്കം നാല് പേരാണ് അന്ന് സെലക്ട് ചെയ്യപ്പെട്ട് സൗദിയിലേക്ക് പോയത്. മൂപ്പര്‍ ആവശ്യപ്പെട്ട, എഴുപത്തയ്യിരം രൂപയില്‍ പകുതിയേ എനിക്ക് നാട്ടില്‍ നിന്ന് കൊടുക്കാന്‍ പറ്റിയുള്ളൂ. ബാക്കി അവിടെ എത്തിയിട്ട് പണിയെടുത്ത് വീട്ടിയാല്‍ മതിയെന്ന് മൂപ്പര്‍ ഉദാരനായി.

ആദ്യത്തെ ഒരു വര്‍ഷം നാട്ടിലേക്ക് അയക്കാന്‍ കാര്യമായിട്ടൊന്നും തന്നെ കിട്ടിയില്ല. നാട്ടിലെ പത്തായിരം രൂപയാണ് എന്റെ ശമ്പളം. അതില്‍ മൂവായിരം വിസയുടെ കടത്തിലേക്ക് പോവും. രണ്ടായിരത്തോളം അവിടത്തെ, ഹക്കാമക്കും ഇന്‍ഷുറന്‍സിനുമായിട്ട് പോവും. ബാക്കി അയ്യായിരത്തില്‍ എന്റെതായ ചെലവുകള്‍ കഴിച്ചാല്‍ കാര്യമായിട്ടൊന്നും പിന്നെ ബാക്കിയുണ്ടാവില്ല.

ഞങ്ങള്‍ താമസിച്ചിരുന്നത് പണിയെടുക്കുന്ന ഫ്‌ളാറ്റുകളില്‍ തന്നെയായിരുന്നു. അവിടുത്തെ അടുക്കളയില്‍ പന്ത്രണ്ട് പേര്‍ ചേര്‍ന്ന് മെസ്സുണ്ടാക്കി. മാസത്തില്‍ മെസ്സിന്റെ ചെലവ് കണക്കുകൂട്ടി നോക്കുമ്പോള്‍ ഞാന്‍ കാശ് നാട്ടില്‍ നിന്ന് വരുത്തേണ്ട അവസ്ഥ! പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി... മരുഭൂമിയുടെ സ്വന്തം ഉഷ്ണക്കാറ്റുകള്‍... നാട്ടില്‍ ഭാര്യയും മക്കളും വഴിവക്കിലെ മുള്ളന്‍ ചീര വരെ പറിച്ചെടുത്ത് കറി വെക്കേണ്ട അതിസമ്പന്നത ...

ഏട്ടനാണ് അറബിയില്‍ നിന്ന് കെട്ടിടങ്ങളുടെ പെയിന്റിങ് ജോലി കരാര്‍ എടുക്കുന്നത്. ഏട്ടന്‍ തന്നെയാണ് വിസ സംഘടിപ്പിച്ച് തന്നതും. അവന്റെ കീഴില്‍ ഞങ്ങള്‍ ആറുപേര്‍ പണിയെടുത്തു. അവന് തരക്കേടില്ലാത്ത ശമ്പളം കിട്ടി. ആറു പേരുടെ അധ്വാനത്തിന്റെ കൂലി കഴിഞ്ഞുള്ള മിച്ചം അവനാണല്ലോ... അവനാണ് മേസ്തിരി. ആകപ്പാടെ ജീവിതം ഉഷ്ണക്കാറ്റിനേക്കാള്‍ സുഖകരം....

നാട്ടില്‍ കുറച്ചു കാലം ബോര്‍ഡും ബാനറും ചുമരെഴുത്തുമൊക്കെ നടത്തിയ ആളാണ് ഞാന്‍. അതുകാരണം പണിയെടുക്കുന്ന ഫ്‌ലാറ്റുകളില്‍ ഞാന്‍ വള്ളികളും പൂക്കളും വരയ്‌ക്കേണ്ടി വന്നു. ജീവനുള്ള ആ പൂക്കള്‍ കണ്ട് ഖഫീല് ഞാനൊരു ആര്‍ട്ടിസ്റ്റാണെന്ന് തെറ്റിദ്ധരിച്ചു. എന്റെ അടിസ്ഥാന ശമ്പളമായ അന്നത്തെ എണ്ണൂറ് റിയാലില്‍ നിന്ന് കുറച്ചു കൂടി കൂട്ടി കൊടുക്കണമെന്ന് മൂപ്പന്‍ ഏട്ടനോട് പറയുകയും ചെയ്തു. ഏട്ടന്‍ എങ്ങനെയെങ്കിലും എന്റെ എണ്ണൂറ് റിയാല്‍ എഴുനൂറ് ആക്കാന്‍ പറ്റുമോ എന്ന് തലപുകഞ്ഞ് ചിന്തിക്കുന്ന ആളാണ്.

കമ്പനി ഉടമകളായ ഖാലിദും, മുസൈനിയും ഒരു ഫ്‌ലാറ്റ് വിറ്റാല്‍ ഉടന്‍ ആ പണവുമായി മിസ്‌റിലേക്ക് (ഈജിപ്തിലേക്ക്) പെണ്ണ് കെട്ടാന്‍ പോവും. സൗദിയില്‍, പണം മഹറായി അങ്ങോട്ട് കൊടുത്തിട്ട് വേണമല്ലോ പെണ്ണുടല്‍ സ്വന്തമാക്കാന്‍. മിസ്‌റിലാവുമ്പോ, സൗദിയില്‍ കൊടുക്കുന്ന പണത്തിന്റെ അഞ്ചിലൊന്നു മതി, ഒരു പെണ്ണുടലിനെ ഭാര്യയായി കിട്ടാന്‍....

മിക്കവാറും ശമ്പള ദിവസങ്ങളില്‍ അവരിലൊരാള്‍ മിസ്‌റിലായിരിക്കും. പിന്നെ ശമ്പളം കിട്ടാന്‍ ആള്‍ തിരിച്ചുവരണം. തിരിച്ച് വന്നാലും മറ്റൊരു ഫ്‌ളാറ്റ് വിറ്റ് പോവണം. അപ്പഴേക്കും മറ്റേ ആള്‍, മിസ്‌റിലേക്ക് പോവാന്‍ മുട്ടി നില്‍ക്കുകയാവും. കച്ചവട ആവശ്യങ്ങള്‍ക്ക് അന്യനാടുകളിലേക്ക് പോവുന്നവര്‍ക്ക് ആ രാജ്യത്ത് നിന്ന്, മഹര്‍ കൊടുത്ത് ഇണയെ സ്വീകരിക്കാമെന്ന മതനിയമത്തിന്റെ ചെറിയ സൂചിക്കുഴയിലൂടെയാണ് എന്റെ ഖഫീലുമാര്‍ ഒട്ടകങ്ങളെ കടത്തിവിട്ടത്. അവര്‍ കച്ചവട ആവശ്യത്തിനല്ല ഈജിപ്തിലേക്ക് പോയത്. പെണ്ണുടലുകള്‍ കച്ചവടം പറഞ്ഞ് വാങ്ങാനാണ്.

മെസ്സ് നടത്തുന്നതും ഏട്ടനാണ്. ഓരോ ദിവസവും ഓരോരുത്തര്‍ മാറി മാറി പാചകം ചെയ്യണം. ചിക്കനും ബീഫും മട്ടനും മീനും പച്ചക്കറികളുമൊക്കെ സുലഭം. പക്ഷേ അതിന്റെ ചെലവ് തുല്യമായിട്ടാണ് വീതിക്കുക. തുക കൂടിയാല്‍ ഞാന്‍ കൊടുക്കേണ്ട ഓഹരിയുടെ വലുപ്പവും കൂടും...

കയ്യില്‍ ഫോണൊന്നുമില്ല. ഏട്ടന്റെയോ മറ്റുള്ളവരുടെയോ ഫോണില്‍ കാശ് കയറ്റി നാട്ടിലേക്ക് വിളിക്കും. വിദൂരതയില്‍ നിന്ന്, മക്കളുടെയും ഭാര്യയുടെയും ശബ്ദം കേള്‍ക്കുമ്പോള്‍ അതിന്റെ പശ്ചാത്തലമായി നാട്ടിലെ ശബ്ദങ്ങള്‍ കൂടി കേള്‍ക്കുമ്പോള്‍ ആ സംസാരം നീണ്ടുനീണ്ട് പോവും. കയറ്റിയ കാശ് തീരും. പിന്നെയും കയറ്റും. എന്റെ ശബ്ദം കേട്ടത് കൊണ്ട് അവരുടെ വയറ് നിറയില്ലല്ലോ ....കാര്‍ഡ് വാങ്ങിയുള്ള വിളി നിര്‍ത്തി. ഞാന്‍ കിലോമീറ്ററുകളോളം നടന്ന് ഹുണ്ടി ഫോണ്‍ വിളിച്ചു. നെറ്റ് കണക്ഷനുള്ള ഫോണ്‍ ഉപയോഗിക്കുന്ന മലയാളി ഹാരിസുമാര്‍ (കാവല്‍ക്കാര്‍) പരിസരത്തൊന്നും ഉണ്ടായിരുന്നില്ല.

വെള്ളിയാഴ്ചകളില്‍ പൊള്ളുന്ന ചൂടിലൂടെ ഞാന്‍ അവരിലേക്ക് നടന്നു. ഭാര്യയെ കേള്‍ക്കാന്‍...മക്കളെ കേള്‍ക്കാന്‍...അന്ന് ഭാര്യയുടെ കയ്യില്‍ ചെറിയൊരു സ്വിച്ച് ഫോണുണ്ട്. അതിലേക്കാണ് വിളിക്കാറ്. സംസാരിക്കാന്‍ കിട്ടിയ ഫോണ്‍ ചൂട് പിടിച്ച് ചെവി പൊള്ളും വരെ ഞാനവരോട് സംസാരിക്കും.

ഭാര്യ പട്ടിണി പായാരമൊന്നും പറയില്ല. പക്ഷേ മക്കളോട് തലേന്ന് രാത്രിയിലും ഉച്ചയ്ക്കും എന്താണ് കഴിച്ചതെന്ന ചോദ്യത്തിന് അവര്‍ മറുപടിയായി പറയുന്ന ഉത്തരങ്ങളില്‍ നിന്ന് ഞാന്‍ അവരുടെ വിശപ്പിനെ അറിഞ്ഞു. വഴിവക്കുകളില്‍ തീര്‍ന്നുപോയ ചീരയെക്കുറിച്ച് അറിഞ്ഞു. ദാനമായി കിട്ടിയ ചക്കയുടെ രുചിയെക്കുറിച്ച് അറിഞ്ഞു. ചക്കയുടെ കുരു കൊണ്ട് കറി വെച്ച് മക്കള്‍ക്ക് വിളമ്പി, എന്റെ ഭാര്യ കാത്തിരുന്നു ഞങ്ങള്‍ക്ക് നല്ല കാലം വരാന്‍...അതിനായി അവള്‍ പടച്ചോനോട് പ്രാര്‍ത്ഥിച്ചു കൊണ്ടേയിരുന്നു...

മോന് അന്ന് നാല് വയസ്സാണ് പ്രായം. അവന്‍ തനിക്ക് കിട്ടാതെപോയ മധുരങ്ങളെക്കുറിച്ച് സങ്കടം പറഞ്ഞു. ഐസ് വണ്ടിക്കാരന്‍ ഹോണടിച്ച് മുമ്പിലൂടെ പോയിട്ടും ഐസ് വാങ്ങിത്തരാത്ത ഉമ്മച്ചിയെക്കുറിച്ച് പരാതി പറഞ്ഞു. ചെവി പൊള്ളുന്ന ചൂടിലൂടെ അവന്റെ ചെറിയ വലിയ ദുഃഖങ്ങള്‍ എന്നെ വന്ന് തൊട്ടു. മെസ്സില്‍ നിന്ന് കഴിച്ച ബീഫും ചിക്കനുമൊക്കെ വയറ്റില്‍ക്കിടന്ന് നിലവിളിച്ചു. എന്റെ പെണ്‍മക്കള്‍, പ്രത്യേകിച്ചും മൂത്തവള്‍ എന്നെ സങ്കടപ്പെടുത്തുന്നതൊന്നും പറഞ്ഞില്ല. അവള്‍ക്ക് കിട്ടിയ മാര്‍ക്കുകളെക്കുറിച്ച് പറഞ്ഞു. ടീച്ചര്‍മാര്‍ അഭിനന്ദിച്ചതിനെക്കുറിച്ച് പറഞ്ഞു. അവളെത്ര ശ്രദ്ധിച്ചിട്ടും ആ ഏഴാം ക്ലാസുകാരിയുടെ തീര്‍ന്നുപോയ പെന്‍സിലിനെക്കുറിച്ചും നോട്ടുബുക്കിനെക്കുറിച്ചും, ഉച്ചച്ചോറിലെ മുളക് ചമ്മന്തിയുടെ ഏരിവിനെക്കുറിച്ചും ഞാനറിഞ്ഞു.

ഞാന്‍ മെസ്സില്‍ നിന്ന് ഒഴിവായി. ഒരു റിയാലിന്റെ കുബൂസും രണ്ട് റിയാലിന്റെ വെള്ളവും മതിയായിരുന്നു എനിക്ക് ഒരു ദിവസം ജീവിക്കാന്‍... മെസ്സില്‍ ബാക്കിയാവുന്ന ഭക്ഷണം എന്നെ തേടി വന്നിട്ടും എനിക്കത് സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഒരു മീന്‍ കണ്ടം കൂടി അധികം കിട്ടാനായി ഭാര്യയോട് കെഞ്ചുന്ന എന്റെ മകന്‍ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ എങ്ങനെയാണ് എന്റെ വായിലൂടെ ബീഫും ചിക്കനും മീനും ഇറങ്ങുക?

ആ ചെലവ് ചുരുക്കലിനും എനിക്ക് ബുദ്ധിജീവി പട്ടം ചാര്‍ത്തി കിട്ടി. നൊന്തും ഉള്ളില്‍ കരഞ്ഞും വെയിലത്ത് പൊള്ളിയും തണുപ്പത്ത് വിറച്ചും ജീവിതം മുമ്പോട്ടു പോയി. വിസയുടെ കാശ് കൊടുത്ത് തീര്‍ന്നപ്പോള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവും കൂടി. മീന്‍ വണ്ടിക്ക് കൈ കാണിച്ച് ഭാര്യയ്ക്ക് മീന്‍ വാങ്ങാമെന്നായി. ആഴ്ച്ചയിലൊരിക്കല്‍ ഇറച്ചി വാങ്ങാമെന്നായി...എന്റെ പെണ്‍മക്കള്‍ കയ്യില്‍ മൈലാഞ്ചിയിട്ടു. ദൂരങ്ങള്‍ താണ്ടി അവരുടെ മൈലാഞ്ചി ചുവപ്പ് എന്റെ കാതുകളില്‍ വന്നുതൊട്ടപ്പോള്‍ ഞാനെന്ന ഉപ്പ ആനന്ദം കൊണ്ട് കരഞ്ഞു.'ചിത്രം വരയ്ക്കാന്‍ ഉമ്മ കളര്‍ പെന്‍സില്‍ വാങ്ങിത്തന്നു ഇപ്പച്ചിയേ...''എന്ന മോളുടെ സന്തോഷത്തില്‍ ഞാനെന്ന ഉപ്പ പൊട്ടിക്കരഞ്ഞു.

എന്റെ വെയിലുകള്‍ നിലാവായി. തണുപ്പുകള്‍ ചൂടുള്ളതായി. ഒരു സെക്കന്റ് ഹാന്റ് മൊബൈല്‍ വാങ്ങിയപ്പോള്‍ ആ ആനന്ദങ്ങള്‍ ഏത് നേരത്തും എന്റെ വിരല്‍തുമ്പിലായി. നോക്കിയയുടെ ആ ചെറിയ ഫോണിലൂടെ ഭാര്യയുടെ ചുംബനങ്ങള്‍ എന്നെ തേടിയെത്തി. പൊരിവെയിലത്ത് പെരുവഴിയില്‍ കണ്ണടച്ച് നിന്ന് ഞാനാ ചുംബനങ്ങള്‍ സ്വീകരിച്ചു...

ഒരു വര്‍ഷവും രണ്ട് മാസവും കഴിഞ്ഞപ്പോള്‍ എനിക്ക് ഏട്ടനോടൊപ്പം മിസ്‌റിലേക്ക് പോവാനുള്ള അവസരം കിട്ടി. ഖലീലുമാര്‍ക്ക് അവിടെ സ്വന്തമായി ഫ്‌ലാറ്റ് ഉണ്ടായിരുന്നു. ആ ഫ്‌ലാറ്റിന്റെ ചുമരുകളില്‍ അവര്‍ക്ക് വള്ളികളും പൂക്കളും വേണമായിരുന്നു.

തലസ്ഥാനമായ കെയ്‌റോയില്‍ തന്നെയായിരുന്നു ആ കെട്ടിടം നിന്നത്. ഇരുപത് നിലകളുള്ള കെട്ടിടത്തിന്റെ പതിനെട്ടാമത്തെ നിലയിലാണ് ഖഫീലിന്റെ ഫ്‌ലാറ്റ്. അവിടെ പുലര്‍ച്ചകളില്‍ അതിസുന്ദരികളായ പെണ്‍കുട്ടികള്‍ കെട്ടിടങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തിയിട്ട കാറുകള്‍ കഴുകി വൃത്തിയാക്കി. കാറിന്റെ ഉടമകള്‍ അവര്‍ക്ക് ചില്ലറത്തുട്ടുകള്‍ എറിഞ്ഞുകൊടുത്തു. അവിടെ അന്ന് ഹുസ്‌നി മുബാറക്കിന്റെ ഭരണകാലമാണ്. രാത്രികളില്‍ കെയ്‌റോയിലെ തെരുവുകളിലൂടെ ഞാന്‍ അലഞ്ഞുനടന്നു.

എന്റെ ഫോണിലെ സിം കാര്‍ഡ് സൗദിയിലേതാണ്. അത് ഉപയോഗിച്ച് എനിക്ക് നാട്ടിലേക്ക് വിളിക്കാന്‍ കഴിയില്ല. അവിടെ താമസിക്കുമ്പോള്‍, ഞങ്ങള്‍ രണ്ടാള്‍ക്കും ചെലവഴിക്കാനുള്ള ഈജിപ്ഷ്യന്‍ പൗണ്ടും, പോരാത്തതിന് റിയാലും ഏട്ടന്റെയടുത്ത് ഖഫീല് കൊടുത്തിരുന്നു. ചെലവഴിക്കുന്നതിന്റെ കണക്കൊക്കെ എന്നെക്കൊണ്ടാണ് അവന്‍ എഴുതി വെപ്പിച്ചത്. അത് അവന്റെ പണമാണെന്നാണ് അവന്‍ എന്നോട് പറഞ്ഞത്. അവന്റെ ഫോണില്‍ ഇട്ട് ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും നാട്ടിലേക്കും സൗദിയിലേക്കും വിളിക്കാനുള്ള ഈജിപ്തിലെ സിം കാര്‍ഡും ഖഫീല് അവന് കൊടുത്തിരുന്നു.

ഭാര്യയെയും മക്കളെയും വിളിക്കാന്‍ ,അവരുടെ ശബ്ദം കേള്‍ക്കാന്‍ എനിക്ക് ഒരു വഴിയും ഉണ്ടായിരുന്നില്ല. അവിടുത്തെ ബൂത്തുകളില്‍ കയറി അറിയാവുന്ന ഇംഗ്ലീഷില്‍ ഞാന്‍ പലതും പറഞ്ഞുനോക്കി. ഞാന്‍ പറഞ്ഞ മുറി ഇംഗ്ലീഷ് അവര്‍ക്കും അവര്‍ പറഞ്ഞ കൊടും അറബി എനിക്കും മനസ്സിലായില്ല.

ദിവസത്തില്‍ രണ്ടും മൂന്നും തവണ ഏട്ടന്‍ നാട്ടിലേക്ക് വിളിച്ച് അവന്റെ ഭാര്യയോടും കുട്ടികളോടും സംസാരിക്കുന്നത് ഞാന്‍ കേള്‍ക്കുന്നുണ്ട്... ആ ഫോണ്‍ ഒന്ന് തന്നാല്‍ എനിക്കും വിളിക്കാമായിരുന്നു നോമ്പ് കാലമാണ്. പോയ മാസം ഞാന്‍ ഭാര്യയ്ക്ക് അയച്ചുകൊടുത്ത ചുരുങ്ങിയ പണം ചെലവായി കഴിഞ്ഞിരിക്കും...പെരുന്നാളിന് പുതുവസ്ത്രമില്ലാഞ്ഞിട്ട് എന്റെ മക്കള്‍ സങ്കടപ്പെടില്ല. അവര്‍ക്കത് ശീലമാണ്. പക്ഷേ ഭക്ഷണമില്ലാതെ.....

ആ തെരുവുകളിലൂടെ ഉള്ളില്‍ തീയുമായി ഞാന്‍ നടന്നു. ചുറ്റും ഹുക്ക സ്റ്റാളുകളില്‍ ഇരുന്ന് ആളുകള്‍ ഹുക്ക വലിച്ചു. പുകയിലയുടെ ആ മണങ്ങളിലൂടെ ഞാന്‍ ഒരു മലയാളിയെ തിരഞ്ഞുനടന്നു. കണ്ട് കിട്ടിയാല്‍ അയാളുടെ ഫോണില്‍ നിന്ന് എനിക്ക് നാട്ടിലേക്ക് വിളിക്കാമായിരുന്നു. 'നിനക്ക് നാട്ടിലേക്ക് വിളിക്കണ്ടേ 'എന്ന് ചോദിച്ച് ഏട്ടന്‍ ഫോണ്‍ തരാത്തതില്‍ എനിക്ക് സങ്കടമൊന്നും തോന്നിയില്ല.

മക്കളും ഭാര്യയും എന്റെ വിളി കാണാതെ വിഷമിച്ചിരിക്കുകയാവും. എന്റെ ഫോണില്‍ സൗദിയിലെ സിം കാര്‍ഡായതിനാല്‍ അത് ചത്തുകിടക്കുകയാണ്. പോരാന്‍ നേരം, കപ്പലില്‍ കയറും മുമ്പ് വരെ ഞാന്‍ അവളെ വിളിച്ചതാണ്. ഈജിപ്ത്തിലെത്തിയാല്‍ ആ സിം കാര്‍ഡ് ഉപയോഗിച്ച് നാട്ടിലേക്ക് വിളിക്കാന്‍ കഴിയില്ല എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു...

പെരുന്നാളിന്റെ ദിവസവും പുലര്‍ന്നു...ഫ്‌ലാറ്റിലെ ഉയരങ്ങളില്‍ നിന്ന് ഞാന്‍ താഴേക്ക് നോക്കി. കെയ്‌റോ നഗരത്തിലൂടെ നൈല്‍ നദി ഒഴുകുന്നത് കാണാം... മൂടല്‍മഞ്ഞു പോലെ ചാറ്റല്‍ മഴ പെയ്യുന്നത് കാണാം... പെരുന്നാളിന്റെ ഉത്സാഹമൊന്നും ആ കാഴ്ച്ചകളില്‍ നിന്ന് എന്നിലേക്ക് പകര്‍ന്നില്ല. ആകാശമിറങ്ങി വരുന്ന നേര്‍ത്ത മഴ നൂലുകള്‍ നോക്കി ഞാന്‍ നിന്നു. തണുത്ത കാറ്റുകള്‍ എന്നെ തൊട്ടു... തൊട്ടപ്പുറത്തെ ഫ്‌ലാറ്റില്‍ നിന്ന് ഒരു യുവതി എനിക്ക് നേരെ കൈവീശി കാണിച്ച് ആശംസകള്‍ പറഞ്ഞു. ഞങ്ങള്‍ക്കിടയില്‍ മൂടല്‍ മഞ്ഞു പോലെ മഴ പെയ്തു...

ആ മഴയില്‍ ഞാന്‍ എന്റെ മക്കളെ കണ്ടു. ഒരു മൈലാഞ്ചി ട്യൂബ് പോലും കിട്ടാതെ സങ്കടം ഉള്ളിലൊതുക്കി നില്‍ക്കുന്ന മൂത്തവളെ കണ്ടു. ഒരിക്കലും നിറയാത്ത അവളുടെ കണ്ണുകളില്‍ കണ്ണീര്‍ പൊടിയുന്നത് ഞാന്‍ കണ്ടു. രണ്ടാമത്തവള്‍ മുഷിഞ്ഞ ഷിമ്മിയുമിട്ട് എന്നെ നോക്കി ചിരിച്ചു. ചിരിക്കുമ്പോള്‍ ചെറുതാവുന്ന അവളുടെ കണ്ണുകളിലേക്ക് കണ്ണീര്‍ നനവ് പടരുമെന്ന്....ആ നനവ് കണ്ട് ഭാര്യയുടെ നെഞ്ച് കനക്കുമെന്ന്...

താഴെ....നിരത്തുകളിലൂടെ പുതുവസ്ത്രങ്ങളണിഞ്ഞ് ആണും പെണ്ണും പള്ളിയിലേക്ക് പോവുകയാണ്. ഏട്ടന്‍ പിറകില്‍ വന്ന് നിന്നു. അവന്‍ പുരട്ടിയ ഊദിന്റെ ഗന്ധം എന്നെ തൊട്ടു. തലേന്ന് തന്നെ അവന്‍ എന്നോട് പറഞ്ഞിരുന്നു, ഇവിടെ ഉമര്‍ ഖത്താബ് (ഇസ്ലാമിന്റെ രണ്ടാം ഖലീഫ) പണി കഴിപ്പിച്ച പള്ളിയുണ്ടെന്നും അവിടേക്ക് പെരുന്നാള്‍ നിസ്‌ക്കാരത്തിന് പോവാമെന്നും, അത് കഴിഞ്ഞിട്ട് മഹാത്ഭുതമായ പിരമിഡുകള്‍ കാണാമെന്നും....

എന്റെ ഭാര്യയും മക്കളും പെരുന്നാള്‍ വിശേഷങ്ങള്‍ ഒന്നുമില്ലാതെ, അല്പം മധുരം പോലും നുണയാനില്ലാതെ നാട്ടില്‍ ജീവനോടെ ഇരിക്കുമ്പോള്‍ എനിക്കൊരു പള്ളിയിലേക്കും പെരുന്നാള്‍ നിസ്‌കാരത്തിന് പോവണ്ടായിരുന്നു. ഞാന്‍ അത് അവനോട് പറഞ്ഞു. അവന്‍ എന്നെ മിഴിച്ചുനോക്കി.

വരുന്നില്ലെന്ന് തീര്‍ത്തുപറഞ്ഞപ്പോള്‍ അവന്‍ അന്തംവിട്ട് ,എന്നെ ചീത്ത പറയാന്‍ പോലും മറന്ന് ലിഫ്റ്റിന് നേര്‍ക്ക് നടന്നു. കുറച്ചു കഴിഞ്ഞ് അവന്റെ കന്തൂറിന്റെ വെണ്മ പാതയിലൂടെ നടന്നകലുന്നത് ഞാന്‍ മുകളില്‍ നിന്ന് കണ്ടു.

അവന്‍ ഫോണ്‍ അവിടെ വെക്കുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അവന്‍ അത് കൊണ്ടുപോയി....ആ ചുമരുകളില്‍ ഞാന്‍ വരച്ചു വെച്ച പൂക്കളും വള്ളികളും അവയുടെ വര്‍ണ്ണങ്ങളും അപ്പാടെ കത്തുന്നത് ഞാന്‍ കണ്ടു.

എന്റെ ഫോണെടുത്ത് ഞാന്‍ ഭാര്യയുടെ നമ്പര്‍ ഞെക്കി നാട്ടിലേക്ക് വിളിച്ചു. ആ കുഞ്ഞ് യന്ത്രത്തിനുള്ളില്‍ നിന്ന് അറബിയില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഞാന്‍ അതൊന്നും കേട്ടില്ല.

ഞാന്‍ സംസാരിച്ചു... ആദ്യം മൂത്ത മോളോട്. പിന്നെ രണ്ടാമത്തവളോട്. പിന്നെ മകനോട് .ശേഷം ഭാര്യയോട്....മുമ്പില്‍ പെയ്യുന്ന നേര്‍ത്ത മഴയായിരുന്നില്ല ഞാന്‍ അപ്പോള്‍ കേട്ടത്. ആര്‍ത്തലച്ചു പെയ്യുന്ന പെരുമഴ .....നാട്ടിലെ മഴ... മരങ്ങള്‍ ആടിയുലയുന്ന ചെമ്മണ്‍പാതകള്‍ കലങ്ങി ഒഴുകുന്ന ആ പെരുമഴ പെയ്തു തോരുവോളം ഞാന്‍ സംസാരിച്ചു.

ഏട്ടന്‍ പള്ളി പിരിഞ്ഞ് മടങ്ങിവന്നതോ,എന്റെ സ്വഭാവത്തിലുള്ള ചെറിയ ഭ്രാന്ത്, മുഴുഭ്രാന്തായി മാറി ഒറ്റയ്ക്ക് നിന്ന് സംസാരിക്കുന്നത് കണ്ട് അവന്‍ അമ്പരന്ന് നില്‍ക്കുന്നതോ ഒന്നും ഞാന്‍ കണ്ടില്ല... അറിഞ്ഞില്ല...
താഴെ...
നഗരത്തിലേക്ക് ഒഴുകിയെത്തുന്ന നൈല്‍ നദിയില്‍ മഴത്തുള്ളികള്‍ വീഴുന്നത് ആ ഉയരങ്ങളില്‍ നിന്ന് ഞാന്‍ കണ്ടു.
കണ്ണീരിന്റെ ഉപ്പ് മറകള്‍ കാഴ്ച്ചകളെ മറയ്ക്കുവോളം ഞാനാ മഴ നോക്കി നിന്നു.

Content Highlights: Abbas T.P, Experience Writing, NRI Life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented