ഡിസൈൻ: ബാലു
(ഈ കഥ പൂര്‍ണമായും സാങ്കല്പികമാണ്. ചുരുക്കം ചില സ്ഥലപേരുകള്‍ ഒഴിച്ചാല്‍വെറും ഭാവനാസൃഷ്ടി...നടക്കാതെ പോയ ഒരു ഭൂതകാലവും ഒരു പക്ഷെ നടന്നുകഴിഞ്ഞ ഒരു ഭവിഷ്യകാലവും തമ്മിലുള്ള ഒരു വര്‍ത്തമാനമാണ് നവഐതിഹ്യമാലയിലെ കഥകള്‍)
ചിതരാള്‍ ക്ഷേത്രത്തിന്റെ ഊരാണ്മ പഴേക്കാട്ടൂര്‍ ഇല്ലത്തേയ്ക്ക് ആണെന്ന് മുന്‍പ് പറഞ്ഞുവല്ലോ. ഈ ഇല്ലത്ത് മുന്‍പ് ഉണ്ടായിരുന്ന ഒരു ആനയെപ്പറ്റി ആണ് ഇപ്പോള്‍ പറയാന്‍ ഭാവിക്കുന്നത്. ഇത്രയും ഭംഗിയും ലക്ഷണങ്ങളും സ്വഭാവ വൈശിഷ്ട്യവും ഒത്തിണങ്ങിയ ഒരു ആന അതിന് മുന്‍പോ അതിന് ശേഷമോ ഈ ഭൂമി മലയാളത്തില്‍ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല.
ക്ഷേത്ര ഉത്സവങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളി വിശേഷങ്ങള്‍ക്കും എന്തിനേറെ വിശിഷ്ടവ്യക്തികളുടെ സ്വീകരണത്തിന് പോലും അക്കാലത്ത്ജീവനോടെ ഉള്ള ആനകളെ ഉപയോഗിച്ചിരുന്നു എന്ന് അറിയാവുന്നവര്‍ ഇന്ന് ഉത്സവപ്രേമികളുടെ ഇടയില്‍ പോലും വിരളമായിരിക്കും. ഇന്നിപ്പോള്‍ യന്ത്രസഹായം കൊണ്ട് പ്രവര്‍ത്തിക്കുന്ന ഗജപ്രതിമകള്‍ സര്‍വസാധാരണമായിരിക്കുന്നു എന്നുമാത്രമല്ല, അവയുടെ ഭംഗിയെയും പൊക്കത്തെയും ചൊല്ലിതര്‍ക്കങ്ങള്‍ പോലും കണ്ടുവരുന്നു.
ഈ കഥ നടക്കുന്ന സമയത്ത് തൃശ്ശൂര്‍ പൂരം, ആറാട്ടുപുഴ പൂരം, ചിതരാള്‍ ഉത്സവം എന്നിങ്ങനെ എല്ലാ ആണ്ടുവിശേഷങ്ങള്‍ക്കും ജീവനുള്ള ഗജവീരന്മാരെ തന്നെ ആണ് ഉപയോഗിച്ചിരുന്നത്.
ഏതാണ്ട് പതിനഞ്ച് വയസ്സ് പ്രായമുള്ള ഒരു യുവകൊമ്പന്‍ ആയിട്ടാണ് ഈ ആന ചിതരാള്‍ ദേശത്ത് എത്തിപ്പെടുന്നത്. നാട്ടിലെ ധനാഢ്യനും ഉത്സവപ്രേമിയും ആയിരുന്ന ലോനപ്പന്‍ മുതലാളി ഉത്തരേന്ത്യയിലെ സോൻപുർ മേളയില്‍ ഈ ആനയെ കാണുകയും അതിന്റെ അഴക് കണ്ട് വാങ്ങണം എന്ന് മോഹിക്കുകയും ചെയ്തു. ഇരുപത് നഖം, വിടര്‍ന്ന കൊമ്പ്, നിലത്ത് ഇഴയുന്ന തുമ്പിക്കൈ, എന്നിങ്ങനെ സര്‍വലക്ഷണവും തികഞ്ഞ ഈ ഗജവീരനെ കണ്ട് അദ്ദേഹം മോഹിച്ചതില്‍ അദ്ഭുതത്തിന് അവകാശം ഇല്ല തന്നെ. എന്നാല്‍ ഇത്രയും സൗന്ദര്യം ഉണ്ടായിരുന്ന ആനയ്ക്ക് ഒരു ചെറിയ ദോഷം ഉണ്ടായിരുന്നു. അതിന്റെ വാല്‍ മുറിഞ്ഞ അവസ്ഥയില്‍ ആയിരുന്നു. കാട്ടില്‍ വെച്ച് സംഭവിച്ച ഏതോ അപകടമാണ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഇക്കാരണം കൊണ്ട് തന്നെ ആനയെ വാങ്ങാന്‍ പലരും മടിച്ചു നില്‍ക്കുമ്പോള്‍ ആണ് ലോനപ്പന്‍ മുതലാളി ആനയെ കാണുന്നതും കൂടുതല്‍ ഒന്നും ആലോചിക്കാതെ വാങ്ങുന്നതും.
ആനയെ വൈകാതെ സ്വദേശത്ത് എത്തിച്ച ലോനപ്പന്‍ പ്രശസ്തരായ ആന ചികിത്സകരെയെല്ലാം വിളിച്ചുവരുത്തി ആനയുടെ ആരോഗ്യത്തിന് വേണ്ടതായ ഉപദേശങ്ങള്‍ എല്ലാം ചോദിക്കുക ഉണ്ടായി. ആനയ്ക്ക് എന്തു പേരാണ് വെക്കേണ്ടത് എന്നതിനെപ്പറ്റി മുതലാളിയുടെ സുഹൃത്തുക്കളും ആനപ്രേമികളും തമ്മില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് വലിയ ചര്‍ച്ച നടന്നു. ഈ സമയത്ത് അവിടേക്ക് കടന്നു വന്ന പഴേക്കാട്ടൂര്‍ പരമേശ്വരന്‍ നമ്പൂതിരി
'ഇത്രയും ലക്ഷണം ഒത്ത ഈ ഗജേന്ദ്രന് വേറെ പേര് അന്വേഷിക്കേണ്ടതില്ല, ഗജേന്ദ്രന്‍ എന്നു തന്നെ പേരിടാം' എന്ന് അഭിപ്രായപ്പെട്ടു.അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും ഈ പേര് ബോധിക്കുകയാല്‍ ലോനപ്പന്‍ മുതലാളി അപ്പോള്‍ തന്നെ ആനയ്ക്ക് ആ പേര് നല്‍കുകയും ചെയ്തു. ചിതരാള്‍ ലോനപ്പന്‍ വക ഗജേന്ദ്രന്‍ എങ്ങിനെ പഴേക്കാട്ടൂര്‍ ഗജേന്ദ്രന്‍ ആയി എന്ന കാര്യം വഴിയേ പറയാം.
പതിനഞ്ച് വയസ്സ് ആയിരുന്നു എങ്കിലും കുട്ടിത്തം വിടാത്ത പ്രകൃതം ആയിരുന്നു ഗജേന്ദ്രന്. തലയും തുമ്പിക്കൈയും ആട്ടികൊണ്ട് ആന കളിക്കുന്നത് കണ്ടാല്‍ നോക്കി നില്‍ക്കാത്ത ആരും ആ പ്രദേശത്ത് ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം.
പഴേക്കാട്ടൂര്‍ ഇല്ലത്തിന്റെ കിഴക്ക് വശത്ത് ലോനപ്പന്‍ മുതലാളിക്ക് അക്കാലത്ത് ഒരു പറമ്പ് ഉണ്ടായിരുന്നു. ഈ പറമ്പില്‍ ആണ് മിക്ക സമയത്തും ആനയെ തളച്ചിരുന്നത്. അക്കാലത്ത് പഴേക്കാട്ടൂര്‍ ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയെ കൂടാതെ അദ്ദേഹത്തിന്റെ പത്‌നി സാവിത്രി മാത്രം ആണ് ഉണ്ടായിരുന്നത്. അവരുടെ മക്കള്‍ വിദ്യാഭ്യാസത്തിന് ശേഷം അക്കാലത്തെ നാട്ടുനടപ്പ് പോലെ വിദേശത്ത് പോയി താമസിക്കുകയാല്‍ ഇല്ലത്ത് ഇവര്‍ രണ്ട് പേരും മാത്രം അവശേഷിക്കുക ആണ് ഉണ്ടായത്.
ആന തൊട്ടപ്പുറത്തെ പറമ്പില്‍ നില്‍ക്കാന്‍ തുടങ്ങിയത് മുതല്‍ സാവിത്രി അതിനെ നോക്കി നില്‍ക്കുന്നത് പതിവാക്കി. എന്ന് മാത്രമല്ല ഇല്ലത്ത് പാചകം ചെയ്യുന്ന പലഹാരങ്ങള്‍ ആനയ്ക്ക് കൊടുക്കുകയും ചെയ്തിരുന്നു. ഇഡ്ഡലിയും ദോശയും ഒക്കെ ആനയ്ക്ക് കൊടുക്കുന്നത് കണ്ട പരമേശ്വരന്‍ നമ്പൂതിരി തന്റെ 'അകത്തുള്ളാളെ' പരിഹസിക്കുക വരെ ഉണ്ടായി. അതിന് സാവിത്രി, 'മനുഷ്യരുടെ സഹവാസം കൊണ്ട് ഇതൊക്കെ അതിന് ശീലമായിരിക്കുന്നു, ഒരു തെറ്റും ഇല്ല' എന്ന് സമര്‍ത്ഥിച്ചു വന്നു.
കൊടുത്ത ഭക്ഷണം വിഴുങ്ങുന്നതിന് മുമ്പ് കാണിക്കാന്‍ സാവിത്രി പറഞ്ഞാല്‍ വായ തുറന്ന് അത് കാണിച്ചുകൊടുക്കുന്ന പതിവും ഗജേന്ദ്രന് ഉണ്ടായിരുന്നു.
കാലക്രമേണ ഗജേന്ദ്രന്‍ എടുത്തുവെച്ചത് പോലെ വളര്‍ന്നു. സമീപ പ്രദേശങ്ങളിലെ ഉത്സവങ്ങള്‍ക്കും മറ്റും പോകാന്‍ ആരംഭിച്ചു. ജന്മം കൊണ്ട് ക്രിസ്ത്യാനി അയിരുന്നു എങ്കിലും ഉത്സവാഘോഷങ്ങളില്‍ ആദ്യാവസാനക്കാരന്‍ ആയിരുന്നു ലോനപ്പന്‍ മുതലാളി. ഓരോ വര്‍ഷത്തെ ആണ്ടു വിശേഷങ്ങള്‍ തീയതി, ആഴ്ച സഹിതം മന:പാഠം ആയിരുന്നു അദേഹത്തിന്. എന്തിനേറെ പറയുന്നു, ചിതരാള്‍ ക്ഷേത്രത്തിലെ ശ്രീഭൂതബലിയുടെ കണക്കുകള്‍ വരെ അദേഹത്തിന് ഹൃദിസ്ഥമായിരുന്നു എന്നാണ് കേള്‍വി. ഇതെല്ലാം കൊണ്ട്, പൂരങ്ങള്‍ക്ക് തന്റെ ആനയെ എഴുന്നള്ളിക്കുന്നത് ഒരു അഭിമാനം ആയി അദേഹം കരുതിപ്പോന്നു. എന്ന് മാത്രമല്ല, പാപ്പാന്മാര്‍ ഉണ്ടെങ്കിലും ആനയെ എഴുന്നള്ളിക്കുന്ന ഇടങ്ങളില്‍ അദ്ദേഹം സ്വയം പോകുമായിരുന്നു. ഇങ്ങനെ ഉള്ള യാത്രകളില്‍ അദേഹത്തിന്റെ സന്തത സഹചാരി പരമേശ്വരന്‍ നമ്പൂതിരിയും ആയിരുന്നു.
പൊതുവേ ശാന്തപ്രകൃതി ആയിരുന്നു ഗജേന്ദ്രന്. ചെറുപ്പത്തില്‍ സര്‍ക്കസ് കമ്പനിയില്‍ ആയിരുന്നു എന്നത് കൊണ്ടാണ് ഇത്രയും ഇണങ്ങിയിരുന്നത് എന്നാണ് പറയപ്പെടുന്നത്.
സുന്ദരന്‍ എന്ന ഒരാള്‍ ആയിരുന്നു ഗജേന്ദ്രന്റെ ഒന്നാം പാപ്പാന്‍. ആനയും ഈ പാപ്പാനും തമ്മില്‍ ഉണ്ടായിരുന്ന സ്‌നേഹത്തെക്കുറിച്ച് ധാരാളം കഥകള്‍ ഉണ്ട്. ചിതരാള്‍ അങ്ങാടിയില്‍ കൂടി സുന്ദരന്‍ കുറുവടി എടുത്തു മുന്‍പിലും, ചങ്ങല പോലും ഇല്ലാതെ ഗജേന്ദ്രന്‍ ഇരുപതടിയോളം പിന്നിലും നടന്നു വരുന്ന കാഴ്ച്ച കണ്ടവര്‍ ഇന്നും പഴയ തലമുറയില്‍ ഉണ്ട്. സുന്ദരന് അസാരം മദ്യപിക്കുന്ന ശീലം ഉണ്ടായിരുന്നു. ഇങ്ങനത്തെ സന്ദര്‍ഭങ്ങളില്‍ വഴിയരികില്‍ വീണുകിടക്കുന്നതും പതിവായിരുന്നു. ഇപ്രകാരം ബോധംകെട്ട് കിടക്കുന്ന തന്റെ പാപ്പാനെ ആന തുമ്പിക്കൈ കൊണ്ട് ശ്രദ്ധയോടെ എടുത്ത് തന്നെ കെട്ടിയിരിക്കുന്ന പറമ്പിലേക്ക് നടന്ന് പോകുന്ന കാഴ്ച്ച നാട്ടുകാര്‍ അദ്ഭുതത്തോടെ നോക്കി നില്‍ക്കാറുണ്ട്.
സാവിത്രിയുടെ കാര്യം നടേ പറഞ്ഞുവല്ലോ. വളരെ ശാന്തപ്രകൃതനായ ഗജേന്ദ്രന്‍ പക്ഷെ വര്‍ഷം തോറും ഉള്ള മദമ്പാടിന്റെ സമയത്ത് വളരെ അസ്വസ്ഥത കാണിക്കാറുണ്ടായിരുന്നു. സ്വന്തം പാപ്പാന്മാരെയോ ഉടമസ്ഥനെയോ അടുപ്പിക്കാന്‍ കൂട്ടാക്കില്ല. ആ സമയത്ത് തനിക്ക് കിട്ടുന്ന പനയുടെ പട്ടയില്‍ നിന്നും ചെറിയ കമ്പുകള്‍ ഒടിച്ചു കൊമ്പിന്റെ ഇടയില്‍ വെക്കുകയും അടുത്ത് വരാന്‍ ശ്രമിക്കുന്നവരെ അത് കൊണ്ട് എറിയുകയും ചെയ്യുന്നത് അവന്റെ ഒരു വിനോദമായിരുന്നു. എന്നാല്‍ ഈ സമയത്തും ആനയുടെ അടുത്ത് വരെ പോയി ഭക്ഷണം കൊടുക്കാന്‍ സാവിത്രിക്ക് സാധിച്ചിരുന്നു. കെട്ടിയിട്ടിരുന്ന ആനയുടെ അടുക്കല്‍ പോയി ചോറും മരുന്നുകളും മറ്റും ഒട്ടും ഭയം കൂടാതെ ആണ് അവര്‍ കൊടുത്തിരുന്നത്. ഗജേന്ദ്രന്‍ വലുതാവുംതോറും സാവിത്രിക്കും, പരമേശ്വരന്‍ നമ്പൂതിരിക്കും അവന്റെ പേരില്‍ ഉള്ള സ്‌നേഹവും കരുതലും വര്‍ദ്ധിച്ചുവന്നു. വിദേശത്ത് ഉള്ള മക്കളേക്കാള്‍ സ്‌നേഹം ഈ മൃഗത്തോട് അവര്‍ പ്രകടിപ്പിച്ചു എന്നു പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ആവില്ല.
ഏതാണ്ട് ഈ സമയത്ത് ലോനപ്പന്‍ മുതലാളിയും പരമേശ്വരന്‍ നമ്പൂതിരിയും തമ്മില്‍ ഉണ്ടായിരുന്ന സൗഹൃദത്തിന് ഉലച്ചില്‍ തട്ടിയ ഒരു സംഭവം നടക്കുക ഉണ്ടായി.
അത് ഇപ്രകാരം ആയിരുന്നു: ഗജേന്ദ്രന് ഏകദേശം മുപ്പത് വയസ്സുള്ളപ്പോള്‍ ചിതരാള്‍ പ്രദേശത്തിന്റെ ഏതാണ്ട് നാല്പതു കിലോമീറ്റര്‍ വടക്ക് ഉള്ള ഒരു ദേശത്തെ ഉത്സവത്തിന് ഗജേന്ദ്രനെ ഏര്‍പ്പാടാക്കി. എല്ലാ വര്‍ഷവും അവിടെ ആനകളുടെ തലപൊക്ക മത്സരം നടത്തി ആണ് കോലം കയറ്റുന്ന ആനയെ നിശ്ചയിച്ചിരുന്നത്. ഈ സമയത്ത് മൂര്‍ച്ചയുള്ള ആയുധം കൊണ്ട് ആനയുടെ കഴുത്തില്‍ കുത്തുന്നത് പതിവായിരുന്നു. ഈ വിവരം അറിഞ്ഞ പരമേശ്വരന്‍ നമ്പൂതിരി വളരെ പരിഭ്രമത്തോടെ ലോനപ്പന്‍ മുതലാളിയുടെ വീട്ടില്‍ എത്തി ഈ ഉത്സവത്തിന് ഗജേന്ദ്രനെ അയക്കരുത് എന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ ഏറ്റുപോയി എന്നും പിന്‍വാങ്ങാന്‍ നിര്‍വാഹം ഇല്ല എന്നും ലോനപ്പന്‍ അറിയിച്ചു. ഇത് കേട്ട് വളരെ വിഷാദത്തോടെ പരമേശ്വരന്‍ നമ്പൂതിരി ഇല്ലത്തെയ്ക്ക് മടങ്ങി. ഭര്‍ത്താവിന്റെ മുഖത്തെ വിഷാദം കണ്ട സാവിത്രി അതിന്റെ കാരണം തിരക്കി. പരമേശ്വരന്‍ വിശദമായി തന്നെ കാര്യങ്ങള്‍ പറഞ്ഞു. ഇത് കേട്ട് സാവിത്രിക്ക് വളരെ വ്യസനം ഉണ്ടായി. മകനെ പോലെ സ്‌നേഹിക്കുന്ന ഗജേന്ദ്രന് വേദന ഉണ്ടാക്കുന്ന കാര്യങ്ങള്‍ നടക്കാന്‍ പാടില്ല എന്ന് അവര്‍ ശഠിച്ചു. എന്നാല്‍ തനിക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്ന് പരമേശ്വരന്‍ കൈ മലര്‍ത്തി. ഇത് കേട്ട സാവിത്രി 'ഇങ്ങനെ പറയുന്നത് കഷ്ടമാണ്. ഇല്ലത്തെ ഉണ്ണിക്കാണ് ഈ ഗതി വന്നത് എങ്കില്‍ നമ്മള്‍ എന്തൊക്ക ചെയ്യില്ല? ' എന്ന് ചോദിച്ചു.
എന്നിട്ട് ഇപ്രകാരം പറഞ്ഞു.
'ഞാന്‍ ഇത് വെറുതെ വിടാന്‍ ഭാവല്യ. വേണ്ടി വന്നാല്‍ കേസ് തന്നെ കൊടുക്കും'.
ഇത് പറയുക മാത്രമല്ല, തൊട്ടടുത്ത ദിവസം മലയാന്‍കുളം സെഷന്‍സ് കോടതിയില്‍ ആനകളുടെ തലപ്പൊക്ക മല്‍സരം തടയണം എന്നാവശ്യപ്പെട്ട് സാവിത്രി ഒരു ഹരജി കൊടുക്കുകയും ചെയ്തു.
കേസ് അടിയന്തരമായി വിസ്തരിച്ച സെഷന്‍സ് ജഡ്ജി മത്സരം നിരോധിച്ചു ഉത്തരവ് ഇറക്കുകയും ഇത് ഉറപ്പാക്കാന്‍ ഉള്ള നടപടി സ്വീകരിക്കാന്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം കൊടുക്കുകയും ചെയ്തു.
ഇത് ലോനപ്പന്‍ മുതലാളിക്ക് വളരെ അപമാനവും വ്യസനവും ഉണ്ടാക്കി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ സംഭവത്തോടെ മുതലാളിയും പരമേശ്വരന്‍ നമ്പൂതിരിയും തമ്മില്‍ അകല്‍ച്ച ഉണ്ടായി. പരസ്പരം സംസാരിക്കുന്നത് തന്നെ നന്നേ കുറഞ്ഞു. എന്നാല്‍ അദ്ഭുതം എന്ന് തന്നെ പറയട്ടെ സാവിത്രി ആനക്ക് ഭക്ഷണം കൊടുക്കുന്നതോ അടുത്ത് പോകുന്നതോ മുതലാളി വിലക്കുക ഉണ്ടായില്ല.
.jpg?$p=22d1829&&q=0.8)
ഇങ്ങനെ ഇരിക്കുന്ന സമയത്ത് ലോനപ്പന്‍ മുതലാളിയുടെ കച്ചവടത്തില്‍ വലിയ നഷ്ടം സംഭവിച്ചു. സ്വന്തം നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആയ അദ്ദേഹം വളരെ വ്യസനത്തോടെ ആണെങ്കിലും ആനയെ വില്‍ക്കാന്‍ തീരുമാനിച്ചു. ഈ വാര്‍ത്ത അത്യന്തം സങ്കടതോടെ ആണ് ചിതരാള്‍ ദേശം സ്വീകരിച്ചത്. വര്‍ഷങ്ങളായി ചിതരാള്‍ ഉത്സവത്തിന് കാര്‍ത്യായനി ദേവിയുടെ തിടമ്പ് എഴുന്നള്ളിച്ചിരുന്നത് ഗജേന്ദ്രന്റെ പുറത്ത് ആണ്. ആനയെ വാങ്ങിയ ആള്‍ ആകട്ടെ കുറെ വടക്ക് നിന്നും ആയിരുന്നു. അദ്ദേഹം ഗജേന്ദ്രനെ കൊണ്ടുപോകാന്‍ വന്ന ദിവസം ദേശത്തെ ഏതാണ്ട് ആബാലവൃദ്ധം ജനങ്ങളും ലോനപ്പന്‍ മുതലാളിയുടെ പറമ്പിന്റെ പുറത്ത് ഒത്തുകൂടി. മുതലാളിക്ക് ആനയ്ക്ക് അവസാനമായി കുറച്ചു ചോറുകൊടുക്കാന്‍ ആയി സുന്ദരന്‍ ആനയുടെ ചങ്ങല അഴിച്ചു. അപ്പോള്‍ ഒരു അദ്ഭുതം ഉണ്ടായി. ഇല്ലപ്പറമ്പില്‍ നിറകണ്ണുകളോടെ നിന്നിരുന്ന സാവിത്രി ഗജേന്ദ്രാ എന്ന് വിളിച്ചു. ഇത് കേട്ട ആന പതുക്കെ നടന്ന് അവര്‍ നിന്നിരുന്ന മതിലിന്റെ ഇങ്ങേ വശത്ത് നിലയുറപ്പിച്ചു. തന്റെ കയ്യില്‍ ഉണ്ടായിരുന്ന ക്ഷേത്രത്തില്‍ നേദിച്ച നെയ്യപ്പം കൊടുത്ത ശേഷം അവര്‍ ആനയുടെ തുമ്പിക്കൈയില്‍ തലോടി.
ഈ സമയം ആനയെ കൊണ്ടുപോകാന്‍സുന്ദരന്‍ അടുത്തെത്തി. എന്നാല്‍ എത്ര വിളിച്ചിട്ടും ആന അവിടെ നിന്നും അനങ്ങാന്‍ കൂട്ടാക്കിയില്ല. അല്പസ്വല്പം ബലം പ്രയോഗിച്ച് നോക്കി എങ്കിലും ഫലം ഉണ്ടായില്ല. ഇതെല്ലാം കണ്ട നാട്ടുകാരും കണ്ണീര്‍ വാര്‍ത്തു.
ഈ സമയം ലോനപ്പന്‍ മുതലാളി ഇല്ലത്തെയും തന്റെ പറമ്പിനെയുംവേര്‍തിരിക്കുന്ന ആ മതിലിന്റെ അടുത്തെത്തി പരമേശ്വരന്‍ നമ്പൂതിരിയോട് പറഞ്ഞു.
'അങ്ങയോട് എനിക്ക് ഉണ്ടായിരുന്ന വിരോധം എല്ലാം തീര്‍ന്നിരിക്കുന്നു. ഗജേന്ദ്രനോട് അങ്ങയുടെ കുടുംബത്തിനും അവന് തിരിച്ചും ഉള്ള സ്‌നേഹം എനിക്ക് കണ്ട് ബോധ്യപ്പെട്ടു. ഇവന് വേണ്ടി പറഞ്ഞുറപ്പിച്ച വിലയുടെ ഒരു ഭാഗം തന്നാല്‍ ഞാന്‍ ഇവനെ അങ്ങേക്ക് തരാം. വേറെ നിവര്‍ത്തി ഇല്ല. അല്ലെങ്കില്‍ ഞാന്‍ ദാനം ആയി തന്നെ തന്നേനെ.'
ഈ സംഭവം നേരില്‍ കണ്ട നാട്ടുകാര്‍ അദ്ഭുതം കൊണ്ട് മൂക്കത്ത് വിരല്‍ വെച്ചു.
എന്തിനധികം, ഏതാനും ദിവസങ്ങള്‍ക്കകം വിദേശത്ത് ഉണ്ടായിരുന്ന പഴേക്കാട്ടൂര്‍ ഇല്ലത്തെ ഉണ്ണികള്‍ പണം കൊടുത്ത് ഗജേന്ദ്രനെ അച്ഛന് സമ്മാനിച്ചു. പിന്നീട് ഏറെ കാലം ക്ഷേത്രോത്സവങ്ങള്‍ക്ക് നായകത്വം വഹിച്ചു കൊണ്ട് ഗജേന്ദ്രന്‍ പഴേക്കാട്ടൂര്‍ ഇല്ലത്ത് ഉണ്ടായിരുന്നു.
ഇങ്ങനെ സ്‌നേഹം കൊണ്ടും ശാന്തസ്വഭാവം കൊണ്ടും തലയെടുപ്പ് കൊണ്ടും ദേശത്തെ കണ്ണിലുണ്ണിയായി മാറിയ ഗജേന്ദ്രന്റെ അന്ത്യം അതി ദാരുണമായിരുന്നു. അത് എഴുതുക അത്യന്തം ദുഃഖകരമാണെങ്കിലും രേഖപ്പെടുത്താതെ നിവര്‍ത്തി ഇല്ലല്ലോ.
ഗജേന്ദ്രന്‍ പഴേക്കാട്ടൂര്‍ ഇല്ലത്തെ ആന ആയതിന് ശേഷം ഏകദേശം ഒരു ദശാബ്ദം ആയിക്കാണും, തൃശൂര്‍ പൂരത്തില്‍ തിരുവമ്പാടി വിഭാഗത്തില്‍ തിടമ്പ് വഹിക്കാന്‍ ആയി ഗജേന്ദ്രന് ക്ഷണം വന്നു. ആ വര്‍ഷം പതിവിനു വിപരീതമായി മേടമാസത്തില്‍ തന്നെ ആനയ്ക്ക് നീര്‍ക്കോള് (മദംപാട്) കണ്ടു. ഒന്നാം പാപ്പാന്‍ ആയി വളരെക്കാലം ഉണ്ടായിരുന്ന സുന്ദരന്‍ ആകട്ടെ മദ്യപാനം കാരണം ഗുരുതരമായ കരള്‍രോഗം ബാധിച്ച് കിടപ്പില്‍ അയിരുന്നു. ആനയെ അയക്കാന്‍ മടി ആയിരുന്നു എങ്കിലും പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങി പരമേശ്വരന്‍ നമ്പൂതിരി ആനയെ അയച്ചു. ആയിടെ ജോലിക്ക് കയറിയ ദാമു എന്ന പാപ്പാന്‍ ആണ് ആനയെ കൊണ്ട് പോയത്.
രാവിലെ തിരുവമ്പാടി ക്ഷേത്രത്തില്‍ നിന്നും ഭഗവതിയെ എഴുന്നള്ളിച്ചു തൃശ്ശിവപേരൂര്‍ നഗരത്തില്‍ നായ്ക്കാനാല്‍ എന്നറിയപ്പെടുന്ന ഭാഗത്ത് എത്തിയപ്പോള്‍ ഗജേന്ദ്രന്‍ തുമ്പിക്കൈ കൊണ്ട് ദാമുവിനെ ചെറുതായി തട്ടി. ഇതില്‍ ദേഷ്യം പിടിച്ച ദാമു ആനയെ ഒന്ന് അടിച്ചു. നീര്‍കോളില്‍ ആയിരുന്ന ഗജേന്ദ്രന്‍ ഇതോടെ നിയന്ത്രണം വിട്ട് മുന്‍പോട്ട് നടക്കാന്‍ തുടങ്ങി. കാഴ്ചക്കാര്‍ ചിതറി ഓടി. എന്നാല്‍ പറ നിറച്ച് നിന്നിരുന്ന സ്ത്രീകള്‍ അടക്കം ഉള്ള നാട്ടുകാരെ ഒന്നും ചെയ്യാതെ ഗജേന്ദ്രന്‍ ശാന്തനായി നടന്ന് തേക്കിന്‍കാട് മൈതാനത്ത് നിലയുറപ്പിച്ചു. ഈ സമയം കൊണ്ട് ദാമു ആനയെ അടുത്തുളള ഒരു മരത്തില്‍ തളച്ചു. ആനപ്പുറത്ത് ഉണ്ടായിരുന്ന ശാന്തിക്കാരനും മറ്റ് ആള്‍ക്കാരും ഭയന്ന് വിറച്ചു തന്നെ ഇരിക്കുക ആയിരുന്നു. അവരെല്ലാം ഒരു വിധത്തില്‍ ആ മരത്തില്‍ കയറി രക്ഷപ്പെട്ടു.
എന്നാല്‍ എഴുന്നള്ളിപ്പ് അലങ്കോലപ്പെടുത്തിയതില്‍ ദാമു കോപിഷ്ഠനായി. ആനയാകട്ടെ തന്റെ പതിവ് രീതി അനുസരിച്ച് പാപ്പാനെ അടുപ്പിക്കാന്‍ കൂട്ടാക്കിയില്ല. പിന്നീട് നടന്നത് പലരും പറഞ്ഞ ഊഹാപോഹങ്ങള്‍ ആയും കുറെ ഒക്കെകര്‍ണ്ണാകര്‍ണികയായി പ്രചരിച്ചതും ആണ്. പാപ്പാന്‍ ദേഷ്യപ്പെട്ടു അടിച്ച അടി മര്‍മ്മത്തില്‍ കൊണ്ട് വേദന കൊണ്ട് പുളഞ്ഞ ആന അവിടെ തന്നെ ചെരിഞ്ഞു എന്നാണ് കേള്‍വി. ആനയ്ക്ക് ഹൃദയസ്തംഭനം വന്നതാണ് എന്നും പറയപ്പെടുന്നു.
ഏതായാലും ഗജേന്ദ്രന്‍ അവിടെ തന്നെ കഥാവശേഷനായി.
.jpg?$p=7505fce&&q=0.8)
വിവരം അറിഞ്ഞ പരമേശ്വരന്‍ നമ്പൂതിരിയും സാവിത്രിയും മോഹലസ്യപെട്ട് വീണു. ദേശം മുഴുവന്‍ ദുഃഖം ആചരിച്ചു. ആനയുടെ ശരീരം കൊണ്ട് വന്നപ്പോള്‍ ഒരു രാജാവിന് ഉചിതമായ യാത്ര അയപ്പ് ഗജേന്ദ്രന് ലഭിച്ചത്.
എന്നാല്‍ ഉടമസ്ഥര്‍ ഇരുവരും ആകട്ടെ, ആനയുടെ ശരീരം കാണാന്‍ പോലും പുറത്തേക്ക് ഇറങ്ങിയില്ല.പിന്നീട് മാസങ്ങളോളം ഇരുവരും പുറത്തേക്ക് വന്നില്ല. പഴേക്കാട്ടൂര്‍ ഇല്ലത്ത് പിന്നെ ആനയെ വാങ്ങുക ഉണ്ടായില്ല, എന്ന് മാത്രം അല്ല, പിന്നീട് ആന എഴുന്നള്ളിപ്പ് ഉള്ള ഒരു ഉത്സവത്തിനും ആ ഇല്ലത്ത് ഉള്ളവര്‍ പോകാതെ ആയി.
വര്‍ഷങ്ങള്‍ക്ക് ശേഷവും ഗജേന്ദ്രനെ പറ്റി പറയുമ്പോള്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ കണ്ണുകള്‍ നിറഞ്ഞുഒഴുകുമായിരുന്നു എന്ന് അദ്ദേഹത്തിന്റെ പേരക്കുട്ടികള്‍ പറഞ്ഞത് ഈ ലേഖകന്‍ കേട്ടിട്ടുണ്ട്.
തന്റെ മരണത്തിന് ഏതാനും വര്‍ഷം മുമ്പ് അദ്ദേഹം പഴേക്കാട്ടൂര്‍ ട്രസ്റ്റ് എന്ന പേരില്‍ ഒരു ധര്‍മ്മ സ്ഥാപനം തുടങ്ങുക ഉണ്ടായി. അവശേഷിക്കുന്ന നാട്ടാനകളുടെ ചികിത്സയും സംരക്ഷണവും ആണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.
അദേഹത്തിന്റെ മരണത്തിന് തൊട്ട് മുമ്പത്തെ വര്‍ഷം, ഉത്സവങ്ങള്‍ക്കും മറ്റും ആനകളെ ഉപയോഗിക്കുന്നത് നിരോധിക്കണം എന്നാവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ ഒരു റിട്ട് ഹരജി ആ ട്രസ്റ്റിന്റെ പേരില്‍ ഫയല്‍ ചെയ്തിട്ടുള്ളതുംആയതിന്റെ വിചാരണ നടന്നുവരുന്നതും ആണ്. ഉത്സവങ്ങള്‍ക്ക് ഗജപ്രതിമകൾ ഇത്രയും പ്രചാരത്തില്‍ ആവാന്‍ ഒരു കാരണം ആ ട്രസ്റ്റിന്റെ പ്രവര്‍ത്തനം തന്നെ ആണ്. തന്റെ സഹോദരങ്ങള്‍ക്ക് ആശ്വാസം ഏകാന്‍ ഒരു നിമിത്തം ആകാന്‍ ഗജേന്ദ്രന് കഴിഞ്ഞു എന്ന് നമുക്ക് ആശ്വസിക്കാം.
Content Highlights: Nava Itheehyamala, Dr. Santhosh Rajagopal, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..