ചിത്രീകരണം: ബാലു
ഈ കഥകള്‍ പൂര്‍ണമായും സാങ്കല്പികമാണ്. ചുരുക്കം ചില സ്ഥലപ്പേരുകള്‍ ഒഴിച്ചാല്‍ വെറും ഭാവനാസൃഷ്ടി മാത്രമാണ്. നടക്കാതെ പോയ ഒരു ഭൂതകാലവും ഒരു പക്ഷെ നടന്നു കഴിഞ്ഞ ഒരു ഭവിഷ്യകാലവും തമ്മിലുള്ള ഒരു വര്‍ത്തമാനമാണ് ഈ കഥകള്‍- ഡോ. സന്തോഷ് രാജഗോപാല്‍ എഴുതുന്ന നവ ഐതിഹ്യമാല അഞ്ചാം ഭാഗം- ക്ഷേത്രോല്‍പ്പത്തിയും മാഹാത്മ്യവും വായിക്കാം.
ചിതരാള്‍ ക്ഷേത്രസങ്കേതത്തില്‍ ഉള്ളതും ഉണ്ടായിരുന്നതും ആയ പലരെയും പറ്റി ഉള്ള കാര്യങ്ങള്‍ സവിസ്തരം പ്രതിപാദിച്ചു എങ്കിലും ക്ഷേത്രത്തിന്റെ ഉല്പത്തിയും ഇന്ന് കാണുന്ന ഐശ്വര്യവും ഉണ്ടായെന്ന് എഴുതണമെന്ന് വളരെ കാലമായി വിചാരിക്കുന്നു. അതിന് വേണ്ട രേഖകളും മറ്റും ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ലഭിച്ചത്. വായനക്കാര്‍ക്ക് അറിയുന്നത് പോലെ ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷവും സര്‍ക്കാര്‍ രേഖകളില്‍ വാഴുന്നവര്‍ എന്ന് പരാമര്‍ശിക്കപ്പെടുകയും ഔദ്യോഗിക ചടങ്ങുകളില്‍ ചെറുതെങ്കിലും മാന്യമായ സ്ഥാനം ഇന്നും ലഭിച്ചുവരികയും ചെയ്യുന്ന ഇടനിലശ്ശേരി സ്വരൂപത്തിന്റെ കീഴില്‍ ആയിരുന്നു ഈ ക്ഷേത്രം നില്ക്കുന്ന ഭൂപ്രദേശങ്ങള്‍. (ഇപ്രകാരം ഒരു സ്ഥാനം ഉള്ളത് തമിഴ്നാട്ടില്‍ ആര്‍ക്കാട് നവാബിനാണ് എന്നറിയുന്നു.)
ഇടനിലശ്ശേരി സ്വരൂപത്തിലെ ഇപ്പോഴത്തെ വാഴുന്നവര്‍ ശ്രീ കൈലാസനാഥന് കൊട്ടാരത്തില്‍ ഉണ്ടായിരുന്ന നൂറുകണക്കിന് പഴയ രേഖകള്‍ ഈയ്യിടെ പുരാവസ്തു വകുപ്പിനെ ഏല്‍പ്പിക്കുക ഉണ്ടായി. സ്വരൂപം രേഖകള്‍ എന്നറിയപ്പെടുന്ന അവ പരിശോധിച്ചതില്‍നിന്നു ലഭിച്ച ചില വിവരങ്ങള്‍ ആണ് താഴെ കുറിക്കുന്നത്.
ഇടനിലശ്ശേരി സ്വരൂപത്തിലെ പൂര്‍വികരെ പരശുരാമന് നേരിട്ട് ഇന്നത്തെ തഞ്ചാവൂര്‍ പ്രദേശത്ത് നിന്നും ക്ഷണിച്ചുകൊണ്ട് വന്നു എന്നാണ് വിശ്വാസം. ഈ സ്വരൂപത്തിലെ അംഗങ്ങള്‍ പരസ്പരം സംസാരിക്കുന്നത് തമിഴ് കലര്‍ന്ന മലയാളത്തില്‍ ആണെന്നത് ഈ വിശ്വാസം ബലപ്പെടുത്തുന്നു.
സ്വരൂപത്തിലെ പുരുഷന്മാര് യഥാക്രമം ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര, അവര്‍ണ്ണ വിഭാഗങ്ങളില്‍നിന്നു സ്ത്രീകളെ സ്വീകരിക്കുക എന്ന വിചിത്രമായ ഒരു ആചാരം നിലവില്‍ ഉണ്ടായിരുന്നു. ഇങ്ങനെ ഉണ്ടാവുന്ന മക്കളില്‍ മൂത്ത ആള്‍ക്ക് പുരുഷനെന്നോ സ്ത്രീ എന്നോ വ്യത്യാസം നോക്കാതെ കിരീടം ലഭിക്കുന്ന രീതിയാണ്, കോവനന്റ് പ്രകാരം ഇന്ത്യയില്‍ ലയിക്കും വരെ ഇവര്‍ പിന്തുടര്ന്നിരുന്നത്. ഇങ്ങനെ മൂപ്പ് ലഭിക്കുന്ന വാഴുന്നവരെ പഴേക്കാട്ടൂര്‍ നമ്പൂതിരി ഹിരണ്യഗര്‍ഭം കഴിപ്പിച്ചു പൂണൂല് ധരിപ്പിക്കുക എന്ന ഒരു ചടങ്ങും നിലവില്‍ ഉണ്ടായിരുന്നു.
ദശാബ്ദങ്ങള്‍ക്ക് മുന്‍പ് കൃതിക എന്ന പേരുള്ള വാഴുന്നവര്‍ സ്വരൂപം വാഴുന്ന കാലത്ത് കൊട്ടാരത്തിലെ ഇളമുറക്കാരില്‍ ഒരാളായ ദേവനന്ദക്ക് വിവാഹം നടക്കാന്‍ നിരവധി തടസ്സങ്ങള്‍ കണ്ടു. മാത്രമല്ല ആ സമയം സ്വരൂപം വക കുതിരലായത്തിലെ കുതിരകളില്‍ രണ്ടെണ്ണം കാരണമില്ലാതെ പെട്ടെന്ന് ചത്തു പോവുകയും ചെയ്തു. ഇതില്‍ പരിഭ്രമംപൂണ്ട വാഴുന്നോര്‍ അന്നത്തെ രീതി പ്രകാരം ജ്യോത്സ്യനെ വരുത്തി പ്രശ്നം വയ്പ്പിച്ചു.
പ്രശ്നവശാല്‍, സ്വരൂപത്തിലെ പൂര്‍വികര്‍ ആരാധിച്ചിരുന്ന ഒരു ക്ഷേത്രം നഷ്ടപ്പെട്ടു എന്നും അത് കാട് പിടിച്ച് അനാഥനിലയില്‍ ആണെന്നും ജ്യോതിഷി അഭിപ്രായപെട്ടു. തുടര്‍ന്ന് സ്വരൂപം നില്ക്കുന്ന ഇടനിലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും പാഴടഞ്ഞു കിടക്കുന്ന ക്ഷേത്രങ്ങള്‍ അന്വേഷിച്ചു കൊട്ടാരം പരിചാരകരും ബന്ധുക്കളും നാനാവഴിക്ക് നടപ്പായി. എന്നാല്‍ അത്തരം ഒരു ക്ഷേത്രം ആര്‍ക്കും കണ്ടുപിടിക്കാന്‍ ആയില്ല.
.jpg?$p=7e4c243&&q=0.8)
കൃതിക വാഴുന്നവരുടെ ഭര്‍ത്താവ് രാമന് തച്ചന് എന്ന പേരുള്ള ഒരു അറിയപ്പെടുന്ന തച്ചന് ആയിരുന്നു. ആചാരപ്രകാരം കൊട്ടാരത്തില്‍ ആണ് താമസിച്ചിരുന്നത് എങ്കിലും തന്റെ തൊഴില്‍ ചെയ്യും എന്നകാര്യത്തില്‍ അദ്ദേഹം കണിശക്കാരനായിരുന്നു.ഈ കഥ നടക്കുന്ന സമയം അദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നത് പഴേക്കാട്ടൂര്‍ ഇല്ലത്തിന്റെ അറ്റകുറ്റപ്പണി ആയിരുന്നു.
ഒരു ദിവസം ഉച്ചയോട് അടുപ്പിച്ചു പണി ചെയ്തു കൊണ്ടിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ കയ്യില്‍ ഉണ്ടായിരുന്ന ഉളി അറിയാതെ തെറിച്ചുപോയി. സമീപത്തൊന്നും കാണാതെ ഇരുന്നത് കൊണ്ട് ഇല്ലപ്പറമ്പില്‍ തിരഞ്ഞു. കാട് പിടിച്ചു കിടന്നിരുന്ന ആ പറമ്പില്‍ ഒരിടത്തുനിന്നു നിലത്തു കുത്തിയ നിലയില്‍ ഉളി കണ്ടുകിട്ടി. അത് പറിച്ചെടുക്കുമ്പോള്‍ കാട് തെളിയിച്ച രാമന് തച്ചന് തറയില്കല്ലുകള്കണ്ട് അവിടെ എന്താണ് ഉണ്ടായിരുന്നത് എന്ന് ഇല്ലത്തെ അന്തേവാസികളോട് ചോദിച്ചു. എന്നാല്‍ അവിടെ ഒന്നും ഉണ്ടായിരുന്നതായി ഇല്ലത്തെ പഴമക്കാര്‍ക്ക് പോലും ഓര്‍ത്തെടുക്കാന്‍ ആയില്ല.
ഇത് കേട്ട് രാമന് തച്ചന് പഴേക്കാട്ടൂരെ അന്നത്തെ കാരണവരോട് ഇപ്രകാരം പറഞ്ഞു.
'ഈ കാണുന്നത് ഒരു ക്ഷേത്രസങ്കേതത്തിന്റെ മതില്‍ക്കെട്ട് പോലെ ആണ് ഉള്ളത്. എത്രയോ ക്ഷേത്രങ്ങള്‍ പണിതിട്ടുള്ള അടിയന് ഇതില്‍ തെറ്റ് പറ്റില്ല. ഇവിടം കുഴിച്ചു നോക്കണം.'
ഇത് കേട്ട കാരണവര്‍ 'രാമന് അങ്ങിനെ ആണ് തോന്നണത് എന്നു വെച്ചാല്‍ കുഴിച്ചു നോക്കൂ'എന്ന് കല്പിച്ചു.
താമസംവിനാ വിവരം ഇടനിലശ്ശേരി കൊട്ടാരത്തിലും എത്തി. ജ്യോത്സ്യന് പ്രവചിച്ച ക്ഷേത്രം ഇത് തന്നെ ആയിരിക്കും എന്ന് തീര്‍ച്ചപ്പെടുത്തി വാഴുന്നവരും അവിടെ എത്തി ചേര്‍ന്നു. വാഴുന്നവരോടു ഒപ്പം ഇരിക്കുമ്പോള്‍ രാജപദവി ആണ് രാമന് തച്ചന്. അതു പ്രകാരം പഴേക്കാട്ടൂര്‍ നമ്പൂതിരി വെള്ളയും കരിമ്പടവുംവെച്ച് രണ്ടു പേരെയും ബഹുമാനിച്ചു. തുടര്‍ന്ന് ആഴ്ചകളോളം ഇല്ലത്ത് തന്നെ എഴുന്നള്ളി ഇരുന്ന് രാജദമ്പതികള്‍ ക്ഷേത്രം വീണ്ടെടുക്കുന്ന പ്രവര്‍ത്തിക്ക് മേല്‍നോട്ടം വഹിച്ചതായി സ്വരൂപം രേഖകള്‍ പറയുന്നു.
ഒടുവില്‍ ഭൂമിയില്‍ ആണ്ടുപോയ ഒരു ദേവീക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. രാമന് തച്ചന്റെ തന്നെ മേല്‍നോട്ടത്തില്‍ ആ ക്ഷേത്രം പുനരുദ്ധരിച്ചു. ദേവപ്രശ്നം വെച്ചതില്‍ കാര്‍ത്യായനി സാന്നിധ്യം തീര്‍ച്ചയാക്കി നല്ല ഒരു മുഹൂര്‍ത്തത്തില്‍ പുന:പ്രതിഷ്ഠ നടത്തി. തെക്കേടത്ത് ഇല്ലക്കാരെ തന്ത്രിയായും തീരുമാനിച്ചു. പഴേക്കാട്ടൂര്‍ ഇല്ലപ്പറമ്പില്‍ ആയിരുന്നു ക്ഷേത്രം കണ്ടെടുത്തത് എന്നതിനാല്‍ ഊരാളന്റെ സ്ഥാനം ആ ഇല്ലത്തെയ്ക്ക് കൊടുത്തു.
ഈ സംഭവങ്ങള്‍ നടന്ന് ഏറെ കഴിയും മുന്‍പേ ദേവനന്ദയുടെ വിവാഹം നടക്കുകയും സ്വരൂപത്തിന് കൊച്ചി പട്ടണത്തില്‍ ഉണ്ടായിരുന്ന ഒരു സ്ഥലവ്യവഹാരത്തില് അനുകൂല വിധി അവിടത്തെ രാജാവില്‍നിന്നു വരികയും ചെയ്തു. ഈ സ്ഥലം കൊച്ചിസര്ക്കാരിന് തന്നെ വിട്ടുകൊടുത്ത വകയില്‍ കിട്ടിയ അനല്പം അല്ലാത്ത സംഖ്യ മുഴുവന്‍ ക്ഷേത്രം നടത്തിപ്പിനായി മാറ്റി വെച്ചു എന്ന് സ്വരൂപം രേഖകളില്‍ കാണുന്നു.
ഇപ്രകാരം ദേവിയുടെ അനുഗ്രഹത്താല്ഐശ്വര്യവും കാര്യസാധ്യവും ഉണ്ടായ അനവധി കഥകള്‍ പ്രചാരത്തിലുണ്ട്. വിസ്തരഭയത്താല്‍ ചിലത് മാത്രം ഇവിടെ പറയട്ടെ.
ചിതരാള്‍ ഉത്സവം മേടമാസത്തിലെ തിരുവാതിര നക്ഷത്രത്തില്‍ കൊടി കയറി അത്തം നാളില്‍ വലിയ വിളക്കും തുടര്‍ന്ന് പള്ളിവേട്ടയും ആറാട്ടും ആണെന്നത് സുവിദിതമാണല്ലോ. ഉത്സവത്തിന്റെ രണ്ടാം ദിവസം പഴേക്കാട്ടൂര്‍ ഇല്ലത്തും, മൂന്നാം ദിവസം ഇടനിലശ്ശേരി സ്വരൂപത്തിലെ വലിയ കൊട്ടാരത്തിലും ഇറക്കിപ്പൂജ പതിവുണ്ട്. ആനപ്പുറത്ത് ഭഗവതിയെ എഴുന്നള്ളിച്ചു കൊണ്ടുപോയി,ഇറക്കി അകത്ത് പൂജ നടത്തി തിരിച്ചു എഴുന്നള്ളിക്കുന്നതാണ് കീഴ്വഴക്കം.
ഒരു വര്‍ഷം ഉത്സവത്തിന് രണ്ട് മാസം മുന്‍പ് വാഴുന്നവര്‍ നാടുനീങ്ങി. തുടര്‍ന്ന് വാഴുന്നവര്‍ ആയി സ്ഥാനമേറ്റത് അദ്ദേഹത്തിന്റെനേരത്തെ മരിച്ചു പോയിരുന്ന ഇളയ സഹോദരന്മാരില് ഒരാളുടെ പുത്രി ആയിരുന്നു. കാര്‍ത്ത്യായനി എന്നു പേരായ ഇവരുടെ അമ്മ അവിടുത്തെ പ്രമുഖ അരയ കുടുംബത്തില്‍പെട്ട ഒരു മഹതിയും ആയിരുന്നു. ഇവര്‍ പേരു പോലെ തന്നെ ദേവിയുടെ വലിയ ഭക്ത ആയിരുന്നു. എന്നാല്‍ പഴേക്കാട്ടൂര്‍ ഇല്ലത്ത് ഇടയ്ക്ക് വന്ന ഒരു അശുദ്ധി നിമിത്തം ഇവര്‍ക്ക് സമയത്ത് ഹിരണ്യഗര്‍ഭം എന്ന ചടങ്ങ് കഴിഞ്ഞിരുന്നില്ല. ഈ കാരണം കാണിച്ച് ഇറക്കിപ്പൂജ അക്കൊല്ലം കൊട്ടാരത്തില്‍ നടത്താന്‍ പറ്റില്ല എന്ന് തന്ത്രി അഭിപ്രായപ്പെട്ടു.
ഇതില്‍ കാര്‍ത്യായനി വാഴുന്നവര്‍ക്ക് ഏറെ വിഷമം ഉണ്ടായി. പുലവാലായ്മ കഴിഞ്ഞിരുന്നത് കൊണ്ട് ഇവര്‍ ഒരു മണ്ഡലകാലം ക്ഷേത്രത്തില്‍ ഭജനം ഇരുന്നു.
അതിന് ശേഷം 'എന്റെ കാലത്ത് ഇവിടത്തെ ഇറക്കിപ്പൂജ മുടങ്ങി എന്ന പേരുദോഷം വരുമല്ലോ ദേവി. ഇതിനാണോ ഞാന്‍ ദിവസവും നിന്നെ ഭജിച്ചത്? ഈ പൂയ്യം നാളില്‍ നീ എന്റെ അടുത്ത് വന്നില്ല എങ്കില്‍ ഞാനും നിന്നെ കാണാന്‍ ഇനി ഇവിടെ വരില്ല. ഇത് സത്യം.' എന്ന് മനസ്സില്‍ പറഞ്ഞു അവിടെ നിന്നും യാത്രയായി.
പതിവ് പോലെ മേടമാസത്തിലെ തിരുവാതിര നാളില്‍ ഉത്സവം കൊടിയേറി. പുണര്‍തം നക്ഷത്രത്തില്‍ ഊരാളന്റെ ഇല്ലത്ത് ഇറക്കിപ്പൂജ കഴിഞ്ഞു. തന്ത്രി വിലക്കിയത് കൊണ്ട് പൂയം നാളില്‍ ഭഗവതിയെ എഴുന്നള്ളിച്ച് പുറത്തേക്ക് ഇറക്കാതെ പ്രദക്ഷിണം വെച്ച് ഇറക്കി എഴുന്നള്ളിക്കാന്‍ ആയിരുന്നു തീരുമാനം. അത് പ്രകാരം തന്ത്രി ഇല്ലത്തെ തന്നെ ആനകളില്‍ ഒന്നായിരുന്ന വലിയ കേശവന്റെ പുറത്ത് ഭഗവതിയെ എഴുന്നള്ളിച്ചു പടിഞ്ഞാറെ ഗോപുരത്തിന്റെ അടുത്ത് എത്തിയപ്പോള്‍ ആന എന്തോ അനുസരണക്കേട് കാണിക്കുകയും പാപ്പാന് ആനയെ അടിക്കുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട വലിയ കേശവന് തിടമ്പും അത് പിടിച്ചിരുന്ന കീഴ്ശാന്തിയെയും കൊണ്ട് ഗോപുരം കടന്ന് പുറത്തേക്ക് ഓടി. ഓടിയ ആന നാഴികകള്‍ അനവധി താണ്ടി ഇടനിലശ്ശേരി സ്വരൂപത്തിലെ വലിയ കൊട്ടാരത്തിന്റെ മുന്നില്‍ ആണ് ചെന്ന് നിന്നത്. ഈ സമയം കാര്‍ത്യായനി വാഴുന്നോര്‍ അടക്കാന്‍ ആവാത്ത വിഷമം നിമിത്തം തേവാരപ്പുരയില്‍ ദേവിയെ ഭജിച്ചു കൊണ്ടിരിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്ത് വന്ന വാഴുന്നോര്‍ കണ്ടത് ഭഗവതിയുടെ തിടമ്പും വഹിച്ചു കൊണ്ട് ശാന്തനായി നില്കുന്ന വലിയ കേശവനെയാണ്. ഭയവിഹ്വലനായ കീഴ്ശാന്തി തിടമ്പില്‍ ശക്തിയായി പിടിച്ചു കണ്ണടച്ച് ഇരിക്കുക ആയിരുന്നു. ഈ കാഴ്ച കണ്ട് നാട്ടുകാര്‍ എല്ലാവരും അദ്ഭുതം കൂറി. ദേവിയുടെ പ്രവര്‍ത്തി തന്നെ എന്ന് എല്ലാവരും സന്തോഷാശ്രു പൊഴിച്ചു.
.jpg?$p=c0d0d29&&q=0.8)
പിന്നില്‍ ഓടി വന്ന പാപ്പാന് ഒരു വിഷമവും കൂടാതെ ആനയെ തളയ്ക്കുകയും ചെയ്തു. ഭഗവതിയെ യഥാവിധി ഇറക്കി എഴുന്നള്ളിച്ചു ഇറക്കിപ്പൂജ കഴിച്ച് തിരിച്ച് എഴുന്നള്ളിച്ചു.
ഈ സംഭവത്തിന് ശേഷം ഹിരണ്യഗര്‍ഭം എന്ന ചടങ്ങ് വേണ്ടെന്ന് വെക്കുകയും സ്ഥാനാരോഹണത്തിന് തന്നെ ഉപനയനം എന്ന് നിശ്ചയിക്കുകയും ചെയ്തു.
(പി.കു: സ്വരൂപം രേഖകളില്‍ ഹിരണ്യഗര്‍ഭം വേണ്ടെന്ന് വെച്ച തീയതിയും അന്ന് വാണിരുന്ന കാര്‍ത്യായനി വാഴുന്നോരുടെ ഇത് സംബന്ധിച്ച് ഉള്ള തീട്ടൂരവും കാണുന്നുണ്ട്. എന്നാല്‍ ആന ഓടി കൊട്ടാരത്തില്‍ വന്ന കഥ പറയുന്നില്ല. ഇത് നാട്ടുകാര്‍ തലമുറയായി പറഞ്ഞു വരുന്നത് ആണ്. സ്വരൂപം പാട്ടുകള്‍ എന്ന പേരില്‍ പ്രചാരത്തില്‍ ഉള്ള പാട്ടുകളില്‍ ഒന്നില്‍ ഈ കഥ പ്രതിപാദിക്കുന്നുണ്ട്.)
ഒട്ടൊക്കെ ആധുനികകാലത്ത് എന്ന് പറയാവുന്ന ഒരു സംഭവം കൂടി പറഞ്ഞിട്ട് ഈ ഉപന്യാസം അവസാനിപ്പിക്കാം എന്ന് വിചാരിക്കുന്നു. ക്ഷേത്ര അടിയന്തിരക്കാര്‍ ഇരണിയേല്‍ പുഷ്പോത്ത് വീട്ടുകാര്‍ ആണെന്ന് നടേ പറഞ്ഞത് ഓര്‍ക്കുമല്ലോ. അവിടുത്തെ ഒരു സാധു ആയ അംഗം കാലക്ഷേപത്തിന് വേറെ വഴി ഇല്ലാതെ വരികയാല്‍ ക്ഷേത്രത്തില്‍ മാല കെട്ടികൊടുക്കലും മറ്റ് ചില്ലറ ജോലിയുമായി ജീവിച്ചിരുന്നു. തറവാട്ടിലെ അന്നത്തെ ധനികരായ അംഗങ്ങള്‍ അദേഹത്തെ ഒട്ടൊരു പുച്ഛത്തോടെ ആണ് കണ്ടിരുന്നത്.
ഇങ്ങനെ ഇരിക്കവേ രാമന് എന്ന് പേരായ അദ്ദേഹത്തിന് കലശലായ വയറുവേദന പിടിപെട്ടു. ഇടയ്ക്കിടെ വന്നും പോയും ഇരുന്ന ഈ വ്യാധി നിമിത്തം അദ്ദേഹം ഏറെ വിഷമിച്ചു. പ്രദേശത്തുള്ള ആയുര്‍വേദ, ആധുനിക ചികിത്സകര്‍ എല്ലാം പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഈ വേദന മാറ്റാന്‍ സാധിചില്ല.
ഒടുവില്‍ ദേവി തന്നെ ശരണം എന്ന് മനസ്സില്‍ വിചാരിച്ചു അദ്ദേഹം ഒരു മണ്ഡല കാലം ഭജനം ഇരിക്കാന്‍ തീരുമാനിച്ചു. അമ്പലം തുറന്നിരിക്കുന്ന സമയം അത്രയും ദേവിസ്തുതികള്‍ ചൊല്ലി മതില്‍ക്കകത്തും ഉറക്കംഅടക്കം ശിഷ്ട സമയം ഗോപുരത്തിങ്കലും ആയി. ഇങ്ങനെ നാലപത്തിനാല് ദിവസം കടന്നുപോയി.
അവസാനദിവസം സമാഗതമായി.
ഈ കഥ നടക്കുന്ന സമയത്ത് ക്ഷേത്രം നില്കുന്ന പ്രദേശത്ത് ഇടുങ്ങിയ പാതയാണ്. വാഹനഗതാഗതം കുറവും. വൈകിട്ട് നട തുറക്കുന്നതിന് ഏതാനും നാഴിക ബാക്കി ഇരിക്കെ, തെക്ക് നിന്നും വന്ന ഒരു വാഹനം ക്ഷേത്രത്തിന്റെ കുറച്ചു ദൂരത്തില്‍ വന്നു നില്‍ക്കുന്നത് രാമന് കണ്ടു. അതില്‍ നിന്നും മധ്യവയസ്കരായ ദമ്പതികള്‍ ഇറങ്ങി വന്നു. ഗോപുരത്തിങ്കല്‍ ഇരിക്കുന്ന അദ്ദേഹത്തെ കണ്ട് അതിലെ ഭര്‍ത്താവ് എന്ന് തോന്നിച്ച ആള് ചോദിച്ചു.
' ഞങ്ങള്‍ തൃശിവപേരൂര് നിന്നും വരികയാണ്. ദേവമംഗലം വരെ പോകേണ്ടി ഇരിക്കുന്നു. വിചാരിച്ച സമയം കഴിഞ്ഞു.സ്ഥലം മനസ്സിലാവുന്നില്ല. വാഹനത്തില്‍ ആണെങ്കില്‍ പെട്രോള്‍ കഴിഞ്ഞു എന്ന് തോന്നുന്നു. എങ്ങിനെ ആണ് പോകേണ്ടത്? അടുത്ത് എവിടെ ഇന്ധനം ലഭിക്കും?''
ഇത് കേട്ട രാമന്
'നിങ്ങള്‍ ഒരുപാട് ദൂരം വഴി തെറ്റി വന്നിരിക്കുന്നു. പ്രധാന പാതയില്‍ നിന്നും തിരിയേണ്ട വഴി തെറ്റി എന്നാണ് തോന്നുന്നത്. കുറച്ച് അങ്ങോട്ട് നടന്നാല്‍ കാവുങ്ങല്‍ എന്ന് ഒരു വീട്ടിന് മുന്പില് എഴുതി വെച്ചിട്ടുണ്ട്. അവിടെ ചോദിച്ചാല്‍ കുറച്ച് പെട്രോള്‍ കിട്ടും. വില കൂടുതല്‍ കൊടുക്കേണ്ടി വരും.' എന്ന് പറഞ്ഞു.
ഇത് കേട്ട അദ്ദേഹം ഭാര്യയോട്
'ഞാന്‍ പോയി നോക്കിയിട്ട് വരാം. ഇവിടെ ഗോപുരത്തിങ്കല്‍ ഇരുന്നോളൂ എന്ന് പറഞ്ഞിട്ട് നട കൊണ്ടു.
ഉദ്ദേശം നാല്പത് വയസ്സ് തോന്നിക്കുന്ന ആ സ്ത്രീ രാമനുമായി കുശലപ്രശ്നത്തില്‍ ഏര്‍പ്പെട്ടു. എന്താണ് ഈ നേരത്തും ക്ഷേത്രത്തില്‍ ഇരിക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്തന്റെ സങ്കടം എല്ലാം രാമന് പറഞ്ഞു.
ഇത് കേട്ട അവര്‍ 'ഞാന്‍ ഒരു ഡോക്ടര്‍ ആണ്. നിങ്ങള്‍ പറഞ്ഞ ലക്ഷണം വെച്ച് നോക്കുമ്പോള്‍ ഇത് ഒരു തരം അപസ്മാരം ആയി തോന്നുന്നു. അടുത്ത ദിവസം ഞാന്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ വന്നാല്‍ ചികിത്സക്ക് ശ്രമിക്കാം 'എന്ന് പറഞ്ഞു.
ഇത് കേട്ട രാമന് സ്വന്തം ചെവികളെ തന്നെ വിശ്വസിക്കാന്‍ ആയില്ല. അടുത്ത ദിവസം തന്നെ വരാം എന്ന് പറഞ്ഞു മറ്റൊന്നും പറയാന്‍ ആകാതെ അദ്ദേഹം ഇരുന്നുപോയി. ഈ നേരം കൊണ്ട് അവരുടെ ഭര്‍ത്താവ് പെട്രോള്‍ കൊണ്ട് വന്ന് ഒഴിച്ച് വാഹനം തയ്യാറാക്കി. പോകുന്നതിന് മുന്‍പ് രാമന് അവരുടെ പേര് തിരക്കി.
'എന്റെ പേര് കാര്‍ത്യായനി എന്നാണ്. നാളെ തന്നെ ആശുപത്രിയില്‍ വരൂ 'എന്ന് പറഞ്ഞു മന്ദഹസിച്ചു കൊണ്ട് അവര്‍ വാഹനത്തില്‍ കയറി പോയി.
എന്തിനധികം പറയുന്നു, അദ്ദേഹത്തിന്റെ അസുഖം തുടര്‍ന്നുള്ള ചികിത്സയില്‍ പൂര്‍ണമായും ഭേദം ആയി. അന്ന് ആ ദമ്പതികളെ അവിടെ എത്തിച്ചത് സാക്ഷാല്‍ കാര്‍ത്യായനി ആണെന്ന് രാമനും നാട്ടുകാരും ദൃഢമായി വിശ്വസിക്കുന്നു.
ഇനിയും അനവധി കഥകള്‍ പറയാനുണ്ട് എങ്കിലും വിസ്തരഭയം നിമിത്തവും, ഇന്നത്തെ ആളുകള്‍ക്ക് ഇതിലൊക്കെ വിശ്വാസം കുറവായത് കൊണ്ടും ഒരു ദേവീസ്തുതിയോടെ ഇവിടെ നിര്‍ത്തുന്നു.
'ചിതരാളില് ചിരം മേവും കാര്‍ത്യായനി ദേവി
ചിത്തത്തില്‍ എന്നും നീ ചൈതന്യമാവേണം
ചിരകാലാഭിലാഷങ്ങളെല്ലാം നീ അരുളണം
ചിന്തകളത്രയും നീ തന്നെ വാഴണം'
Content Highlights: dr santhosh rajagopal nava itheehyamala 5th part
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..