പുഷ്‌പോത്ത് അമ്മയും നെല്ലിക്കുന്നേല്‍ മത്തായി മകള്‍ മേരിയും I നവഐതിഹ്യമാല രണ്ടാം ഭാഗം


ഡോ. സന്തോഷ് രാജഗോപാല്‍ചിത്രീകരണം: ബാലു

ഡോ. സന്തോഷ് രാജഗോപാല്‍ എഴുതുന്ന നവഐതിഹ്യമാലയുടെ രണ്ടാം ഭാഗം വായിക്കാം.

(ഈ കഥകള്‍ പൂര്‍ണമായും സാങ്കല്പികമാണ്. ചുരുക്കം ചില സ്ഥലപേരുകള്‍ ഒഴിച്ചാല്‍ വെറും ഭാവനാസൃഷ്ടി....നടക്കാതെ പോയ ഒരു ഭൂതകാലവും ഒരു പക്ഷെ നടന്നു കഴിഞ്ഞ ഒരു ഭവിഷ്യകാലവും തമ്മിലുള്ള ഒരു വര്‍ത്തമാനമാണ് ഈ കഥകള്‍.)

ചിതരാള്‍ ക്ഷേത്രത്തിന്റെ ഭരണം കൈവശം ലഭിച്ചതാണ് ഇരണിയേല്‍ പുഷ്‌പോത്ത് തറവാട്. ഇന്ന് ചിതരാള്‍ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനു വെളിയില്‍ തെക്ക് കിഴക്കെ മൂലയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള പുഷ്‌പോത്ത് അമ്മ എന്ന മൂര്‍ത്തിയെപ്പറ്റി നാട്ടുകാര്‍ക്ക് ഒരുപാട് വിശേഷങ്ങള്‍ പറയുവാനുണ്ട്. വിസ്തരഭയത്താല്‍ അത് മുഴുവന്‍ പറയാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. എങ്കിലും അടുത്തകാലം വരെ തറവാട്ടിന്റെ തെക്കിനിയില്‍ ഉണ്ടായിരുന്ന പ്രതിഷ്ഠ എങ്ങിനെ ആവിര്‍ഭവിച്ചു എന്നും ആ മൂര്‍ത്തിയുടെ ശക്തി വൈഭവങ്ങള്‍ എന്തൊക്കെ എന്നും ചുരുക്കി പറയാന്‍ ഭാവിക്കുന്നു.

പലര്‍ക്കും അറിയാത്ത ഒരു കാര്യം ഈ മൂര്‍ത്തി കേവലം മൂന്നോ നാലോ തലമുറ മുന്‍പ് ഈ തറവാട്ടില്‍ ജീവിച്ചിരുന്ന ഒരു സ്ത്രീ ആണ് എന്നുള്ളത് ആണ്. ഇവരുടെ ജന്മ നാമധേയം സാവിത്രി എന്നായിരുന്നു എന്ന് ഒരുവിധം എല്ലാ ആള്‍ക്കാരും അംഗീകരിക്കുന്നു. ചെറുപ്പം തൊട്ടേ അസാമാന്യ ബുദ്ധി വൈഭവം പ്രകടിപ്പിച്ച ഇവര്‍ എല്ലാ ക്‌ളാസ്സുകളിലും ഒന്നാമത് ആയിരുന്നു. പന്ത്രണ്ടാം ക്ലാസിന് ശേഷം രാഷ്ട്രമീമാംസ, സാമ്പത്തികകാര്യം എന്നിവയില്‍ ഉപരിപഠനത്തിനുശേഷം സമീപത്തെ സ്വന്തം വിദ്യാലയത്തില്‍ അധ്യാപിക ആയിരുന്നു. ചിതരാള്‍ കാര്‍ത്യായനി ദേവിയുടെ വലിയ ഭക്ത ആയിരുന്നു അവിവാഹിത ആയി മരണം വരെ തുടര്‍ന്ന ഈ സാധ്വി. ദിവസേന ക്ഷേത്ര സങ്കേതത്തിന്റെ സമീപം തന്നെ ഉണ്ടായിരുന്ന വീട്ടില്‍ നിന്നും രണ്ട് നേരവും ക്ഷേത്രദര്‍ശനം, വിശേഷ അവസരങ്ങളില്‍ കൈ അയച്ചു സംഭാവന, നിത്യവും ക്ഷേത്രത്തിലേക്ക് ആവശ്യമായ മാല കെട്ടി കൊടുക്കല്‍, എന്നു വേണ്ട, ജീവനക്കാര്‍ അവധി എടുക്കുന്ന ദിവസങ്ങളില്‍ ക്ഷേത്രം വൃത്തിയാക്കുന്നത് വരെ അവര്‍ ചെയ്തു പോന്നിരുന്നു. ഈ സമയത്ത് ആ കുടുംബത്തില്‍ ഇവരെ കൂടാതെ രണ്ട് സഹോദരര്‍ കുടുംബസമേതം തറവാട്ടുപറമ്പില്‍ വീട് കെട്ടി താമസിച്ചിരുന്നു.ഇവരില്‍ ഒരാള്‍ അന്നത്തെ സര്‍ക്കാര്‍ റെവന്യൂ വകുപ്പില്‍ ഡെപ്യൂട്ടി കലക്ടര്‍ ആയി ജോലി നോക്കിയിരുന്ന ദിവാകരന്‍ എന്ന് പേരുള്ള ഒരാളായിരുന്നു. ഇദ്ദേഹം തെക്ക് കോട്ടയത്തുള്ള പഴയ തെക്കുംകൂര്‍ രാജവംശത്തിന്റെ ചാര്‍ച്ചയില്‍ പെട്ട ഒരു മഹിളയെ ആണ് കല്യാണം കഴിച്ചിരുന്നത്. തന്റെ ഉദ്യോഗത്തിന്റെ സ്വഭാവവും തന്റെയും ഭാര്യയുടെയും തറവാട്ടു മഹിമയും മനസ്സില്‍ വെച്ച് ഒട്ടൊരു ഔദ്ധത്യത്തോടെ ആണ് ഇദ്ദേഹം പെരുമാറിയിരുന്നത് എന്ന് പറയപ്പെടുന്നു. ഈ ദമ്പതികള്‍ക്ക് യഥാസമയം ഒരു ആണ്പ്രജ ജനിച്ചു. സുരേശന്‍ എന്ന് പേരുള്ള ഈ കുട്ടി പഠനത്തിലും പാട്ട് മുതലായ കലകളിലും സമര്‍ത്ഥനായിരുന്നു. ഇനി പറയാന്‍ പോകുന്ന സംഭവങ്ങള്‍ നടക്കുമ്പോള്‍ ഇദ്ദേഹം പഠനശേഷം ഇരണിയേല്‍ കുടുംബം വകയായ കലാലയത്തില്‍ അദ്ധ്യാപകന്‍ ആയി ജോലി നോക്കി വരിക ആയിരുന്നു.

ഇനി ഉള്ള കാര്യങ്ങള്‍ എഴുതണം എന്നുണ്ടെങ്കില്‍ ചിതരാള്‍ പ്രദേശത്തെ അന്നത്തെ പൊതുവെ ഉള്ള കുറച്ച് കാര്യങ്ങള്‍ പറയേണ്ടതുണ്ട്. ക്ഷേത്രം ഇരിക്കുന്ന സ്ഥലത്ത് നിന്നും കഷ്ടിച്ച് നൂറ് മീറ്റര്‍ അകലത്തില്‍ ഒരു ചെറിയ അങ്ങാടിയും അതിനെ ചുറ്റി നൂറില്‍പരം ക്രിസ്ത്യന്‍ കുടുംബങ്ങളും ഉണ്ടായിരുന്നു. ആദ്യകാലത്ത് ഇവര്‍ ഉദ്ദേശം രണ്ട് കിലോമീറ്റര്‍ അകലെ ഉള്ള ഒരു പള്ളിയില്‍ ആണ് ആരാധനക്കായി പോയിരുന്നത്. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് പുതിയതായി ഒരു പള്ളി പണി കഴിപ്പിച്ചു. ഇതിനോട് അനുബന്ധിച്ചു കുറച്ചു കുടുംബങ്ങള്‍ കൂടി അവിടെ വന്ന് താമസിക്കാന്‍ ഇടയായി. ഇതില്‍ പെട്ട ഒരു കുടുംബം ആയിരുന്നു നെല്ലിക്കുന്നേല്‍ മത്തായിയുടേത്. ഇദ്ദേഹം അങ്ങാടിയില്‍ ഒരു ഇംഗ്ലീഷ് മരുന്നുകട നടത്തിവന്നിരുന്നു. ഇത് ചിതരാള്‍ ക്ഷേത്രത്തില്‍ നിന്നും നോക്കിയാല്‍ കാണുന്ന പോലെ ആണ് ഉണ്ടായിരുന്നത്. കടയുടെ മുകളില്‍ തന്നെ ആണ് മത്തായിയും കുടുംബവും താമസിച്ചിരുന്നത്.ഈ വീട്ടില്‍ നിന്നും നോക്കിയാല്‍ ഒരു വശത്ത് ക്ഷേത്രവും ഒരു വശത്ത് പുതിയ പള്ളിയും കാണാമായിരുന്നുവത്രെ. ഏതായാലും ക്ഷേത്രകാര്യങ്ങള്‍ക്കും മത്തായി സഹായിക്കാറുണ്ടായിരുന്നു. എല്ലാ ദിവസവും വെളുപ്പിന് തന്നെ പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും പതിവായിരുന്നു. ഇദ്ദേഹത്തിന്റെ ഒരേ ഒരു മകള്‍ മേരി എന്ന് പേരുള്ള ഒരു അതിസുന്ദരിയായ ഒരു കുട്ടി ആയിരുന്നു. ചെറുപ്പത്തില്‍ അച്ഛന്റെ കൈയ്യും പിടിച്ച് നടക്കുമ്പോള്‍ ഒരിക്കല്‍ ക്ഷേത്രനട മുറിച്ചുകടക്കുന്ന വഴിയാത്രക്കാര്‍ കിഴക്കോട്ട് നോക്കി തൊഴുന്നത് മേരി കണ്ടു.

'ദൈവാണ്...അല്ലെ അപ്പച്ചാ 'എന്ന് ആ അഞ്ചു വയസ്സുകാരി നിഷ്‌കളങ്കമായി ചോദിച്ചു. മത്തായി ഒരു നിമിഷം ആലോചിച്ചിട്ട്
'അതേ മോളെ. നമ്മുടെ മാതാവിന്റെ പോലെ. നിന്റെ പേരും അതല്ലേ 'എന്നു പറഞ്ഞു. ഇതിന് ശേഷം എപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പഴും ക്ഷേത്രത്തിലേക്ക് നോക്കി തൊഴുന്നത് മേരി ഒരു ശീലമാക്കി. പലപ്പോഴും കാര്യസാധ്യത്തിന് പള്ളിയിലും അമ്പലത്തിലും ഒരു പോലെ വഴിപാട് ചെയ്യുന്നത് മത്തായിയും പതിവാക്കിയിരുന്നു. കച്ചവടക്കാരനായ തനിക്ക് എല്ലാ ദൈവങ്ങളും വേണം എന്ന് സ്വയം ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പണം കൊടുക്കാന്‍ ആയി പലപ്പോഴും പോയിരുന്നത് മേരി ആയിരുന്നു. ക്ഷേത്രത്തിന്റെ പുറത്ത് നിന്ന് ആരെയെങ്കിലും വിളിച്ചു പണം കൊടുക്കുക ആണ് പതിവ്. ഇങ്ങനെ നടയ്ക്കല്‍ നില്‍ക്കുമ്പോള്‍ തുറന്നിരിക്കുന്ന ഗോപുരം വഴി ഒന്ന് പാളി നോക്കി മേരി 'മാതാവിനെ' തൊഴും.

കാലാന്തരത്തില്‍ മേരി ബിരുദപഠനം സഭ വക കലാലയത്തില്‍ പൂര്‍ത്തിയാക്കി. ഉപരിപഠനത്തിനു അവിടെ ആ വിഷയം ഇല്ലാതെ ഇരുന്നത് കൊണ്ട് ഇരണിയേല്‍ കുടുംബ കോളേജില്‍ ചേര്‍ന്നു. വിധിവിഹിതം എന്നെ പറയേണ്ടൂ, ഇതേ കലാലയത്തില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന സുരേശനും മേരിയും പ്രണയത്തിലായി. ഈ വിവരം കര്‍ണ്ണാകര്‍ണികയാ ദിവാകരന്‍ കളക്ടറുടെ ചെവിയില്‍ എത്തി.അപ്പോള്‍ അദ്ദേഹത്തിനും ഭാര്യക്കും ഉണ്ടായ മന: ക്‌ളേശവും ക്രോധവും പറഞ്ഞറിയിക്കാന്‍ വയ്യ തന്നെ. അച്ഛനും മകനും തമ്മില്‍ വലിയ വാഗ്വാദം ഉണ്ടായി. ചിതരാള്‍ ക്ഷേത്രം ഭരണ ചുമതല ഉള്ള ഇരണിയേല്‍ പുഷ്‌പോത്ത് വീട്ടിലേക്ക് ഒരു അന്യമതസ്ഥയായ പെണ്കുട്ടിയെ കയറ്റില്ല എന്ന് ദിവാകരന്‍ തറപ്പിച്ചു പറഞ്ഞു. എന്നാല്‍ സുരേശന്‍ ആകട്ടെ മേരിയെ അല്ലാതെ വേറെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലും ആവതല്ല എന്നായി. സ്വന്തമായി പുത്രന്‍ ഇല്ലാത്ത സാവിത്രി സുരേശനെ സ്വന്തം പുത്രനെ പോലെയാണ് കരുതിയിരുന്നത്. അവസാന കൈ ആയി അച്ഛന്‍ പെങ്ങള്‍ പറഞ്ഞാല്‍ സുരേശന്‍ അനുസരിക്കും എന്ന് കരുതിയ ദിവാകരന്‍ വിഷയം അവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുക ഉണ്ടായി. തീര്‍ത്തും ആശ്ചര്യം ജനിപ്പിക്കുന്ന മറുപടി ആണ് ആ സാധ്വിയില്‍ നിന്നും ഉണ്ടായത്. അത് ഇപ്രകാരം ആയിരുന്നു.

'ആ കുട്ടിയും കുടുംബവും എനിക്ക് മുന്‍പേ പരിചയം ഉള്ളവര്‍ ആണ്. ദേവിയുടെ മേല്‍ വലിയ ഭക്തി ഉള്ള കുടുംബം തന്നെയാണ്. എന്ന് മാത്രമല്ല, ഒരു ദിവസം പോലും മുടങ്ങാതെ ഈ കുട്ടി ദേവിയെ തൊഴുന്നത് ഞാന്‍ കാണുന്നുണ്ട്. അവര്‍ ക്രിസ്ത്യാനികള്‍ ആണ് എന്നത് കൊണ്ട് മാത്രം ഈ വിവാഹത്തെ എതിര്‍ക്കാന്‍ ഞാന്‍ ആളല്ല. ഇത് നടത്തി കൊടുത്താല്‍ ദേവിക്ക് സംതൃപ്തി ആയിരിക്കും.'
ഇത് കേട്ട് കോപാകുലനായ ദിവാകരന്‍ തന്റെ പുത്രന്‍ അല്ലാത്തത് കൊണ്ടാണ് ജ്യേഷ്ഠത്തി ഇപ്രകാരം പറയുന്നത് എന്നും ഇതിന് താന്‍ സമ്മതിക്കില്ല എന്നും പറഞ്ഞു കൊണ്ട് അവിടെ നിന്നും പോയി.

എന്നാല്‍ അച്ഛന്റെ ഇഷ്ടത്തിന് വഴങ്ങാതെ സുരേശന്‍ നിയമപ്രകാരം മേരിയെ വിവാഹം ചെയ്തു. തുടര്‍ന്ന് ദിവാകരന്‍ സ്വന്തം മകനെ മരിച്ചതായി സങ്കല്‍പ്പിച്ച് തറവാട്ടില്‍ പിണ്ഡ അടിയന്തിരം നടത്തി. സ്വന്തം സഹോദരന്റെ കുത്തുവാക്കുകളും ഇരിക്കപിണ്ഡംവെച്ച നടപടിയും സാവിത്രിയെ ഏറെ തളര്‍ത്തി. 'ചിരിച്ചു കണ്ടിട്ടീല അവരെ പിന്നീടാരും 'എന്ന കവി വചനം പോലെ അവര്‍ നാള്‍ക്കുനാള്‍ പരവശയായി കാണപ്പെട്ടു. എന്തിനധികം, അധികം കഴിയും മുന്‍പേ ആ വന്ദ്യ വയോധിക ഇഹലോക വാസം വെടിഞ്ഞു.

ഇനി പറയാന്‍ പോകുന്ന കാര്യങ്ങള്‍ അവിശ്വസനീയമായി ഇന്നത്തെ തലമുറയ്ക്ക് തോന്നാം എങ്കിലും, ഇത് നേരില്‍ കണ്ടവരുടെ അനന്തര തലമുറകള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.
സഹോദരിക്ക് കുട്ടികള്‍ ഇല്ലാത്തത് കൊണ്ടും സ്വന്തം മകനെ ഇരിക്കപിണ്ഡം വെച്ച് ഭ്രഷ്ട് കല്പിച്ചത് കൊണ്ടും, മരണാനന്തര കര്‍മ്മങ്ങള്‍ രാമേശ്വരത്ത് പോയി ചെയ്യാന്‍ തീര്‍ച്ചയാക്കി ദിവകാരനും ഭാര്യ കമലവും സ്വന്തം കാറില്‍ പാലക്കാട്ടേക്ക് പുറപ്പെട്ടു. അവിടെ നിന്നും രാമേശ്വരത്തേക്ക് തീവണ്ടി ഉണ്ടായിരുന്നു. വണ്ടി തൃശ്ശിവപേരൂര്‍ നഗരത്തില്‍ നിന്നും ഒരു ഇരുപത് കിലോമീറ്റര്‍ ചെന്നപാടെ പെട്ടെന്ന് നിന്നു. വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍ ഉടനെ അടുത്ത ഒരു സ്ഥലത്ത് നിന്നും അത് ശരിയാക്കുവാന്‍ ആളെ കണ്ടുപിടിച്ചു കൊണ്ടു വന്നു. അരമണിക്കൂറിനകം വീണ്ടും യാത്ര തുടര്‍ന്നു. എന്നാല്‍ കുറച്ചു ചെന്നപ്പോള്‍ വീണ്ടും വണ്ടി നിന്നു. ഇപ്രാവശ്യം വേറെ ഏതോ തകരാര്‍ ആണ് എന്ന് കണ്ടു. ഇപ്രകാരം പാലക്കാട് തീവണ്ടി ആപ്പീസില്‍ എത്തുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം കൂടി വണ്ടി നിന്നു. വണ്ടി ഓടിച്ചിരുന്ന ഡ്രൈവര്‍ 'ഇത് എന്താണ് ഇങ്ങനെ? ഓരോ പ്രാവശ്യവും ഓരോ തകരാര്‍ ആണ്. എന്തോ കാലക്കേട് ആണ് 'എന്ന് പിറുപിറുത്തു. ഇത് കേട്ട ദിവാകരന്‍ അയാളെ കണക്കിന് ശകാരിച്ചു.

Also Read

നവഐതിഹ്യമാല ഭാഗം ഒന്ന്: ചെണ്ടയും ജാതിയും

ഏതായാലും ഒരു വിധത്തില്‍ തീവണ്ടിയില്‍ കയറി ദിവകാരനും കമലവും രാമേശ്വരത്തെക്ക് യാത്ര തുടര്‍ന്നു. തീവണ്ടി മുതലമട സ്റ്റേഷന്‍ കഴിഞ്ഞു കുറച്ചു ദൂരം ചെന്നപാടെ കമലം തന്റെ ഭര്‍ത്താവിനോട് ഇങ്ങനെ പറഞ്ഞു.
'ഡ്രൈവര്‍ ശങ്കരന്‍ പറഞ്ഞതിലും കാര്യം ഉണ്ട്. ഇങ്ങിനെ ഇതിന് മുന്‍പ് ഒരിക്കലും ഉണ്ടായിട്ടില്ല. സുരേശന്റെ കാര്യത്തില്‍ ഏടത്തിക്ക് ഒരു പാട് മനസ്താപം ഉണ്ടായി. അവരുടെ കോപം ആയിരിക്കും ഇതിനൊക്കെ കാരണം. '
ഇത് കേട്ട് ദിവാകരന്‍ ചൊടിച്ചു കൊണ്ട് 'സ്വന്തം മകന്‍ ആയിരുന്നു എങ്കില്‍ ഒരു അന്യമതക്കാരിയെ കെട്ടിക്കില്ല. അങ്ങിനെ വലിയ ശക്തി ഉള്ള ആള്‍ ആണെങ്കില്‍ അത് ഒന്ന് കാണട്ടെ. അവര്‍ വിചാരിച്ചാല്‍ ഈ തീവണ്ടി നില്‍ക്കുമോ 'എന്ന് ചോദിച്ചു.
അദ്ദേഹത്തിന്റെ ഭാര്യ ചെവി പൊത്തി കൊണ്ട് മുഖം കുനിച്ച് ഇരുന്നു.
ദിവാകരന്‍ ഇപ്രകാരം പറഞ്ഞു ഉദ്ദേശ്യം പതിനഞ്ച് മിനിറ്റ് കഴിഞ്ഞില്ല, വലിയ ശബ്ദത്തോടെ വണ്ടി നിന്നു. അല്‍പ സമയത്തിന് ശേഷം തീവണ്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും പണിക്കാരും ഇറങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കാണായി. കുറച്ചേറെ സമയം ആയിട്ടും വണ്ടി പുറപ്പെടാതെ ആയപ്പോള്‍ ദിവാകരന്‍ വാതിലിന് സമീപം ചെന്ന് അടുത്ത് കണ്ട ജീവനക്കാരനോട് എന്താണ് പറ്റിയത് എന്ന് തിരക്കി. അതിന് മറുപടിയായി ആ ജോലിക്കാരന്‍ 'എന്‍ജിന്‍ കേട് വന്നിരിക്കുന്നു. ഒരിക്കലും ഉണ്ടാവാത്ത കാര്യമാണ്. എന്ത് ചെയ്തിട്ടും ശരിയാവുന്നില്ല. ഇനി വേറെ എന്‍ജിന്‍ പാലക്കാട് നിന്നും വരണം. 'എന്ന് പറഞ്ഞു കൊണ്ട് ധൃതിപ്പെട്ട് പോയി.
ഇടിവെട്ട് കൊണ്ട പോലെ ദിവാകരന്‍ അവിടെ തന്നെ ഇരുന്നുപോയി. ഒരു വിധം സ്ഥലകാല ബോധം വന്നപ്പോള്‍ തന്റെ സഹധര്‍മ്മിണിയുടെ അടുക്കല്‍ കാര്യങ്ങള്‍ പറഞ്ഞു.അവരാകട്ടെ
'ഏടത്തി ദേവിക്ക് പ്രിയപ്പെട്ട ആളാണ്. പരീക്ഷിക്കാന്‍ ഭവിച്ചാല്‍ ഇങ്ങനെ ഇരിക്കും 'എന്ന് പറഞ്ഞു കൊണ്ട് ലളിതാ സഹസ്രനാമം ചൊല്ലാന്‍ തുടങ്ങി.
ഏതായാലും പിന്നീട് യാത്ര തുടര്‍ന്ന ആ ദമ്പതികള്‍ രാമേശ്വരത്ത് പോയി ഭക്തിപുരസ്സരം സാവിത്രി അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തി നാട്ടില്‍ തിരിച്ചെത്തി.
മനസ്താപം സഹിക്കാതെ ദിവാകരന്‍ ഒരു ജ്യോതിഷിയെ വരുത്തി പ്രശ്‌നം വെയ്പ്പിക്കുക ഉണ്ടായി. അതില്‍ അവര്‍ മനസ്സില്‍ കരുതിയത് അക്ഷരം പ്രതി സത്യം ആണെന്നും വീട്ടില്‍ നിന്നും ഇറക്കിവിട്ട മകനെയും ഭാര്യയെയും തിരികെ വിളിച്ച് സ്‌നേഹത്തോടെ പെരുമാറണം എന്നും കണ്ടു. കൂടാതെ തറവാടിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും സാവിത്രി അമ്മയെ ദൈവസങ്കല്പത്തില്‍ തെക്കിനിയില്‍പ്രതിഷ്ഠിക്കണം എന്നും കണ്ടു.
പിന്നീട് കാലവിളംബം കൂടാതെ സുരേശനേയും മേരിയെയും അഛനും അമ്മയും പോയി കണ്ട് മാപ്പ് പറഞ്ഞു കൂട്ടിക്കൊണ്ട് വന്നു. അടുത്ത ഒരു ശുഭദിനത്തില്‍തെക്കിനിയില്‍ പ്രതിഷ്ഠ നടന്നു.
കാര്‍ത്യായനി ദേവിയെ കാണാന്‍ ഉള്ള ആഗ്രഹത്തില്‍ മേരി കാലം കഴിച്ചു. എന്നാല്‍ തന്റെ വിശ്വാസം തെളിയിക്കാന്‍ ആയി മതം മാറാന്‍ അവര്‍ തയാറായില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വിശ്വാസം ഉള്ളവര്‍ക്ക് എല്ലാം ക്ഷേത്രപ്രവേശനം അനുവദിച്ചപ്പോള്‍ ആണ് അവര്‍ തന്റെ ഇഷ്ടദേവതയെ ദര്‍ശിച്ചത്. ആ നിയമത്തിനെ തുടര്‍ന്ന് ഉണ്ടായ കോലാഹലങ്ങള്‍ ഇന്നത്തെ പ്രായം ചെന്നവര്‍ എങ്കിലും ഓര്‍മിക്കുന്നുണ്ടാവും.

കര്‍ണ്ണാകര്‍ണികയാ ഈ വിവരങ്ങള്‍ നാട് മുഴുവന്‍ പടര്‍ന്നു. അതേ തുടര്‍ന്ന് ധാരാളം ആള്‍ക്കാര്‍ തെക്കിനിയിലെ ദേവിയെ ദര്‍ശിക്കാന്‍ എത്തി തുടങ്ങി. തെക്ക് ഭാഗത്ത് ഉള്ള വാതില്‍ വഴി അകത്തേക്ക് കടന്ന് വീട്ടിന്റെ ഉള്ളില്‍ കയറാതെ തന്നെ ദര്‍ശനം സാധ്യമാവുന്ന വിധത്തില്‍ ആണ് അവിടെ ഏര്‍പ്പാട് ചെയ്തിരുന്നത്. പല അദ്ഭുതകഥകളും ഈ ദേവിയെ പറ്റി പ്രചരിച്ചു തുടങ്ങി. ഇതില്‍ പലതും അതിശയോക്തി കലര്‍ന്നതും യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ബുദ്ധിമുട്ട് ഉള്ളതും ആകയാല്‍ അവ വിസ്തരിക്കുന്നില്ല. ഏതായാലും ഇന്ന് ആ പ്രദേശത്തുകാര്‍ക്ക് കാര്യസാധ്യത്തിന് ചിതരാള്‍ ദേവിക്ക് കൊടുക്കുന്ന വഴിപാടിന്റെ ഒപ്പം പുഷ്‌പോത്ത് അമ്മക്കും ഒരു പങ്ക് കൊടുക്കുന്നതാണ് ശീലം.

സമീപകാലത്ത് ഭക്തരുടെ തിരക്ക് അനിയന്ത്രിതമായപ്പോള്‍ പുഷ്‌പോത്ത് അമ്മയെ ചിതരാള്‍ ക്ഷേത്രത്തിന്റെ പുറത്ത് തെക്കു കിഴക്കേ മൂലയില്‍ മാറ്റി പ്രതിഷ്ഠിക്കാന്‍ തീരുമാനിക്കുകയും അങ്ങിനെ ചെയ്തിട്ടുള്ളതും ആണ്. പുഷ്‌പോത്ത് അമ്മയെ ഇപ്രകാരം ഇറക്കി കൊണ്ടുപോകുമ്പോള്‍ ആ കുടുംബത്തിലെ ഇപ്പോഴത്തെ അംഗങ്ങള്‍ കണ്ണീരോടെ യാത്രയാക്കിയത് ഈ ഗ്രന്ഥകാരന്‍ നേരിട്ട് കണ്ടിട്ടുള്ളതാണ്.

അമ്മയെപ്പറ്റി ഇനിയും ഏറെ പറയാനുണ്ടെങ്കിലും അത് വേറെ ഒരു അവസരത്തില്‍ ആവാം. തെക്കിനിയിലെ അമ്മയെപ്പറ്റി ആ കുടുംബത്തിലെ ഇന്നത്തെ തലമുറയില്‍ പെട്ട ആളും കവിയും ആയ ശ്രീ ഗോപിനാഥന്‍ എഴുതിയ സ്തുതിയില്‍ നിന്നും ഒരു ശ്ലോകം ഉദ്ധരിച്ച് നിര്‍ത്തട്ടെ.
'പുഷ്പകത്ത് തെക്കിനിയില്‍ മരുവും
ഇഷ്ടപ്രദായിനീ ദേവീ സാവിത്രീ
ഇഷ്ട ജനങ്ങള്‍ക്ക് സായൂജ്യം നല്‍കും
കഷ്ടമെല്ലാം ഹനിക്കും ദേവിയെ ശരണം'.

Content Highlights: Dr. Santhosh Rajagopal, Navaitheehyamala, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented