നവഐതിഹ്യമാല ഭാഗം ഒന്ന്: ചെണ്ടയും ജാതിയും


ഡോ.സന്തോഷ് രാജഗോപാല്‍അപ്പോള്‍ ആണ് ഗാര്‍ഗിയ്ക്ക് അത് വെളിപ്പെട്ടത്. കാശിയില്‍ പ്രയാണം ചെയ്തു വന്നിരുന്ന ആദിശങ്കരന്റെ എതിരെ ഒരു ചണ്ടാലന്‍ നായ്ക്കളെ മേച്ചു കൊണ്ട് വന്നു. ശങ്കരന്‍ തന്റെ ജാതിയുടെ ഔന്നത്യത്തിന്റെ അഹങ്കാരം കൊണ്ട് അദ്ദേഹത്തോട് വഴിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു

ചിത്രീകരണം: ബാലു

കൊട്ടാരത്തില്‍ ശങ്കുണ്ണി രചിച്ച ഐതിഹ്യമാലയുടെ ആഖ്യാനശൈലി പിന്‍തുടര്‍ന്നുകൊണ്ട് വര്‍ത്തമാനകാലത്തെ സാമൂഹികപ്രസക്തമായ പ്രമേയങ്ങളെ ആസ്പദമാക്കി ഒരു നവഐതിഹ്യമാല അവതരിപ്പിക്കുകയാണ് ഡോ. സന്തോഷ് രാജഗോപാല്‍. നടക്കാതെ പോയ ഒരു ഭൂതകാലവും ഒരു പക്ഷെ നടന്നു കഴിഞ്ഞ ഒരു ഭവിഷ്യകാലവും തമ്മിലുള്ള ഒരു വര്‍ത്തമാനമാണ് നവഐതിഹ്യമാലയിലൂടെ ഡോ. സന്തോഷ് രാജഗോപാല്‍ അവതരിപ്പിക്കുന്നത്.

ചിതരാള്‍ രമേശന്‍

തൃശിവപേരൂര്‍ നിന്നുംവടക്കോട്ട് പോകുന്ന ഇന്ന് കാണുന്ന ആറുവരി പാത വരുന്നതിന് മുമ്പ്ആ വഴിയില്‍ നിരവധി ചെറിയ പട്ടണങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അവ പലതും നാശോന്മുഖമായും ചിലത് ഉള്ളിലേക്ക് കയറി ചുരുങ്ങിയും കാണപ്പെടുന്നു. എങ്കിലും ആ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങള്‍ ഇന്നും പരിപാലിച്ചു വരുന്നത് എടുത്തു പറയേണ്ടത് ആണ്.അതില്‍ പെട്ട ഒരു ക്ഷേത്രം ആണ് ചിതരാള്‍ കാര്‍ത്യായനി ക്ഷേത്രം. ആറു വരിപ്പാതയില്‍ നിന്നും ഉദ്ദേശം ഒരു കിലോമീറ്റര്‍ ഉള്ളില്‍ മാറി ആണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ കഥ നടക്കുന്ന സമയത്ത് ഇന്നത്തെ പോലെ ക്ഷേത്ര സങ്കേതം വിജനമല്ല. ഏകദേശം നാനൂറോളം വീടുകള്‍ അവിടെ ഉണ്ടായിരുന്നു. ഗ്രാമ പഞ്ചായത്ത് ആയിരുന്നു എങ്കിലും നഗര സമാനമായ സൗകര്യങ്ങള്‍ ലഭ്യമായിരുന്നു. കാര്‍ത്യായനി ക്ഷേത്രം പുരാണ പ്രസിദ്ധി ആര്‍ജിച്ചതാണ്. വനവാസകാലത്ത് പഞ്ചപാണ്ഡവര്‍ ആരാധിച്ചത് എന്ന് കരുതപ്പെടുന്ന വിഗ്രഹം ആണ് ഇവിടെ. കാലപ്പഴക്കം കൊണ്ടും, നിരന്തരം അഭിഷേകം ചെയ്യുന്നത് കൊണ്ടും വിഗ്രഹത്തിന് തേയ്മാനം സംഭവിച്ചിരിക്കുന്നത് നിര്മാല്യ ദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കും. എന്നിരിക്കിലും പുരാണ കഥ സത്യമാണോ എന്നറിയാന്‍ നിവൃത്തി ഇല്ലാതെ ആണ് ഇരിക്കുന്നത്.

ഈ ക്ഷേത്രസങ്കേതത്തിന്ചുറ്റും നാനാജാതി മതസ്ഥരായ ആളുകള്‍ അന്ന് താമസിച്ചിരുന്നു. ക്ഷേത്രത്തിന്റെ ഭരണം സംബന്ധിച്ച് പഴേക്കാട്ടൂര്‍ ഇല്ലക്കാരും ഇരണിയേല്‍ പുഷ്‌പോത്ത് നമ്പീശന്മാരും ആയി നാല്‍പ്പത് വര്‍ഷത്തോളം കേസ് നടന്നു. ഒടുവില്‍ ക്ഷേത്രം ഷെബായിത് (ഉടമസ്ഥന്‍) ആയി പഴേക്കാട്ടൂര്‍ ഇല്ലക്കാരെയുംശാശ്വതഭരണം പുഷ്‌പോത്തെക്കും ആയി തൃശ്ശൂര്‍ സെഷന്‍സ് കോടതി വിധിച്ചിട്ടുള്ളതും രണ്ടു കൂട്ടരും ഇത് ഈ തീയതി വരെ പാലിച്ചു പോന്നിട്ടുള്ളതും ആകുന്നു.

പ്രധാന കഥയിലേക്ക് വരുമ്പോള്‍ രമേശന്‍ ഈ ക്ഷേത്രസങ്കേതത്തിലെ ഒരു പ്രശസ്ത വൈദ്യന്‍ ആയിരുന്ന മേലയില്‍ ശങ്കരന്റെ പുത്രന്‍ ആയിട്ടാണ് ജനിച്ചത്. ആയുര്‍വേദം തൈക്കാട്ടുശ്ശേരി മൂസിന്റെ കോളേജില്‍ നിന്നും തുടര്‍ന്ന് ആധുനിക വൈദ്യശാസ്ത്രം മുറപ്രകാരം തൃശിവപേരൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ആണ് ശങ്കരന്‍ പഠിച്ചത്. പാണ്ഡിത്യത്തിനും കൈപ്പുണ്യത്തിനും പേര് കേട്ട ഇദ്ദേഹം കാര്‍ത്യായനി ദേവിയുടെ തികഞ്ഞ ഭക്തനും പെരുമഴ കാലത്ത് പോലും ക്ഷേത്രദര്‍ശനം മുടക്കാത്ത ആളും ആയിരുന്നു.

രമേശന്‍ രണ്ട് മക്കളില്‍ രണ്ടാമത്തെ ആള്‍ ആയിട്ടാണ് ജനിച്ചത്. ചെറുപ്പം തൊട്ടേ പഠനത്തില്‍ മോശം അല്ലെങ്കിലും വലിയ താത്പര്യം കാണിക്കാതെ ഇരുന്നത് ശങ്കരന്‍ വൈദ്യരുടെ മനസ്സ് വിഷമിപ്പിച്ചു. തൃശ്ശൂര്‍ തീരുവുള്ളക്കാവ്, പനച്ചിക്കാട് സരസ്വതി ക്ഷേത്രം, എന്നിങ്ങനെ പലേ ക്ഷേത്രങ്ങളിലും കൊണ്ടുപോവുകയും, യഥാശക്തി വഴിപാടുകള്‍ കഴിക്കുകയും ചെയ്തെങ്കിലും ,ഫലം ഒന്നും ഉണ്ടായില്ല. തുടര്‍ന്ന് നഗരത്തിലെ പ്രശസ്തനായ ഒരു മനശാസ്ത്ര വിദഗ്ധനെ കാണിക്കുകയും രമേശന് പഠനവൈകല്യം ഉണ്ട് എന്ന് കണ്ടെത്തി അതിന് വേണ്ട ചില പ്രത്യേക വിദ്യാഭ്യാസ രീതികള്‍ കൊടുക്കുകയും ഉണ്ടായി.

ഇങ്ങനെ ഒരു വിധം പഠനം മെച്ചപ്പെട്ട രീതിയില്‍ ആയി.
ഏതാണ്ട് ഈ സമയത്ത് ആണ് രമേശന് കൊട്ടില്‍ കമ്പം കയറുന്നത്.
ഇത് പറയുന്നത്തിന് മുന്‍പ് ചിതരാള്‍ ക്ഷേത്രത്തില്‍ നടന്ന് വരുന്ന ഉത്സവത്തെ പറ്റി പറയേണ്ടിയിരിക്കുന്നു. മേടമാസത്തിലെ തിരുവാതിര നക്ഷത്രത്തില്‍ കൊടി കയറി അത്തം നക്ഷത്രത്തില്‍ വലിയ വിളക്കും തുടര്‍ന്ന് പള്ളിവേട്ടയും ആറാട്ടുമായി ആണ് ഈ ഉത്സവം ഇന്നും നടക്കുന്നത്. ഇന്ന് പ്രചാരത്തിലുള്ള ശ്രിങ്കാരി മേളത്തിന് മുന്‍പ് തന്നെ തൃശിവപേരൂര്‍ പ്രദേശത്ത് പ്രശസ്തമായിരുന്ന പാണ്ടി മേളത്തിന് കേള്‍വി കേട്ടത് ആണ് ചിതരാള്‍ പള്ളിവേട്ട മേളം. ചെറുപ്പം തൊട്ടേ ഈ ഉത്സവം കണ്ടും കേട്ടും വളര്‍ന്ന രമേശന് പാണ്ടി മേളത്തില്‍ കമ്പം കയറിയതില്‍ അദ്ഭുതത്തിന് അവകാശമില്ല തന്നെ.

തന്റെ ആഗ്രഹം രമേശന്‍ അച്ഛനായ ശങ്കരന്‍ വൈദ്യരെ അറിയിച്ചു. സ്ഥലത്തെ പ്രധാനികളില്‍ ഒരാളായ വൈദ്യര്‍ (ഡോക്ടര്‍ എന്നതിനേക്കാള്‍ വൈദ്യര്‍ എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത് എന്നു കൂടി ഈ അവസരത്തില്‍ പറഞ്ഞു കൊള്ളട്ടെ) അപ്പോള്‍ തന്നെ ക്ഷേത്രത്തിലെ അടിയന്തിരക്കാരനായ രായിരത്ത് ചന്ദ്രനെ വിളിച്ചു ആരാണ് പറ്റിയ ഗുരു എന്ന് തിരക്കി. തൃശിവപേരൂര്‍ പൂരത്തിന് നിരവധി വര്‍ഷം പ്രമാണം വഹിച്ചിട്ടുള്ള ആളും സര്‍വോപരി നാട്ടുകാരനും ആയ ചിതരാള്‍ രാജീവന്‍ ആണ് ഇതിന് പറ്റിയത് എന്ന അടിയന്തിരക്കാരന്റെ വാക്ക് കേട്ട വൈദ്യര്‍ പിറ്റേന്ന് തന്നെ രാജീവനെ ആളയച്ചു വരുത്തി. തുടര്‍ന്നുനടന്ന സംഭാഷണം ഏതാണ്ട് ഈ വിധം ആയിരുന്നു.
'മകന് പാണ്ടിമേളം കൊട്ടിയാല്‍ കൊള്ളാം എന്നുണ്ട്. അപ്പോള്‍ രാജീവന്‍ ആണ് പറ്റിയ ഗുരു എന്ന് പറയുന്നു. തായമ്പകയില്‍ തുടങ്ങാം അല്ലെ ? '
രാജീവന്‍ തെല്ല് പരുങ്ങലോടെ പറഞ്ഞു.
'വൈദ്യരെ, അതൊന്നും ഇപ്പോള്‍ പതിവില്ല. രണ്ട് ആഴ്ച്ച മരത്തടിയില്‍ കൊട്ടിക്കും. പിന്നെ നേരെ മേളം. '
വൈദ്യര്‍ തെല്ല് ഒന്ന് അമ്പരന്നു.
'ആട്ടെ. എന്തെങ്കിലും ആവട്ടെ. അടുത്ത പള്ളിവേട്ടക്ക് രമേശന്‍ കൊട്ടാറാവണം '
രാജീവന്‍ പിന്നെയും നിന്ന് പരുങ്ങി. പിന്നെ ഇങ്ങനെ പറഞ്ഞു.
' എന്റെ അച്ഛന് നില്‍ക്കാത്ത ചുമ വരികയും മറ്റ് ചികിത്സകള്‍ ഫലിക്കാതെ വരികയും ചെയ്തപ്പോള്‍ അങ്ങു പറഞ്ഞിട്ട് കഫം പരിശോധിച്ചു. ക്ഷയം ആണെന്ന് കണ്ടെത്തി ആറു മാസം അങ്ങയുടെ കുറിപ്പടിയില്‍ സര്‍ക്കാരില്‍ നിന്നും മരുന്ന് കഴിച്ചു പൂര്‍ണ്ണമായും മാറി. അതിന്റെ നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അങ്ങയെ സഹായിക്കുക ബുദ്ധിമുട്ട് ആണ്. രമേശന്‍ കൊട്ട് പഠിച്ചാലും പള്ളിവേട്ടക്ക് കൊട്ടാന്‍ പറ്റും എന്ന് തോന്നുന്നില്ല.'വൈദ്യരുടെ ജന്മനാല്‍ ഉള്ള ജാതി വെച്ച് ക്ഷേത്രമേളത്തില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ട് ആവും എന്നാണ് രാജീവന്‍ പറഞ്ഞു വരുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായി. ചെറിയ പ്രായം മുതല്‍ ദേവിയില്‍ ഭക്തി സൂക്ഷിച്ചും, ക്ഷേത്രം കാര്യങ്ങളില്‍ കൈ അയച്ചു സഹായിച്ചും എല്ലാ ക്ഷേത സംബന്ധി ആയ കാര്യങ്ങള്‍ക്ക് മുന്നില്‍ നിന്ന് നയിച്ചും പോന്നിരുന്ന തന്റെ ഈ ആഗ്രഹം നടക്കാതെ പോകും എന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ നിന്നും ധാര ധാരയായി കണ്ണീര്‍ പ്രവഹിച്ചു.


രാജീവനെ യാത്രയാക്കി അദ്ദേഹം ചിന്തയില്‍ മുഴുകി.സ്വതവേ പ്രസന്നവദനനായ അച്ഛന്‍ മ്ലാനിയായി ഇരിക്കുന്നത് കണ്ട രമേശന്‍ കാര്യം തിരക്കി. ഒന്നും വിട്ടു പോകാതെ അച്ഛന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട പതിനാലുകാരനായ ആ കുട്ടി ഏറെ നേരം കരഞ്ഞു. പിന്നെ ഓടി ക്ഷേത്രത്തിലേക്ക് പോയി. സ്‌കൂളും വീടും ഉപേക്ഷിച്ചു, ക്ഷേത്രത്തില്‍ ഭജനം ഇരുന്നു. പ്രസാദം മാത്രം കഴിച്ചും, രാത്രി മാത്രം വീട്ടില്‍ വെറും നിലത്ത് ഉറങ്ങിയും ആണ് ആ ബാലന്‍ അടുത്ത നാല്‍പ്പതിയഞ്ചു ദിവസം കഴിച്ചു കൂട്ടിയത്.
ഈ ഭജനയുടെ അവസാനം 'ദേവീ... അവിടെത്തെ പള്ളിവേട്ടയ്ക്ക് കൊട്ടാന്‍ ആയില്ലെങ്കില്‍ പിന്നെ ഈ ജന്മം കൊണ്ട് എന്ത് ഫലം . ഇനി ഈ സവിധത്തില്‍ പ്രവേശിക്കുന്നത് കൊട്ടിക്കൊണ്ടാവും. ഇല്ലെങ്കില്‍ ഞാന്‍ പ്രാണനെ തന്നെ വെടിയുന്നതാണ് ' എന്ന് പ്രതിജ്ഞ മനസ്സില്‍ എടുത്തു കൊണ്ട് സ്വന്തം വീട്ടിലേക്ക് പോയി.

ചിതരാള്‍ ക്ഷേത്രത്തിന്റെ തന്ത്രം അന്ന് പടിഞ്ഞാറ്റിടം ഇല്ലത്തെയ്ക്ക് ആയിരുന്നു. ഈ കഥ നടക്കുന്ന സമയം വളരെ അപൂര്‍വമായ ഒരു സ്ഥിതിയില്‍ ആയിരുന്നു ആ കുടുംബം. ഇല്ലത്തു ഉണ്ടായിരുന്ന മൂന്ന് ആണ്പ്രജകളില്‍ ഒരാള്‍ക്ക് അകാലമരണം സംഭവിച്ചു.ഒരാള്‍ ചെറിയ കുട്ടിയും ആയിരുന്നു. ബാക്കി വന്ന ഒരു അംഗത്തിന് വാര്‍ധക്യ സഹജമായ രോഗങ്ങള്‍ നിമിത്തം നടക്കുന്നത് തന്നെ ദുഷ്‌കരം ആയിരുന്നു. പിന്നെ ഉണ്ടായിരുന്നത് ഗാര്‍ഗി എന്ന പേരുള്ള ഒരു പെണ്പ്രജ ആണ്. നന്നേ ചെറുപ്രായത്തില്‍ ചിന്മയ മഠത്തിലും ഭക്തി പ്രഭാഷണങ്ങളിലും സമയം ചെലവിട്ട ഇവര്‍ കാലാന്തരത്തില്‍ ഒരു വേദ പണ്ഡിത ആയി. എന്ന് മാത്രമല്ല തന്ത്രസമുച്ചയം, കുഴിക്കാട്ട് പച്ച എന്നിങ്ങനെ ഉള്ള ഗ്രന്ഥങ്ങള്‍ ഹൃദിസ്ഥമാക്കി തന്റെ ഇല്ലത്തെക്കുള്ള തന്ത്രി സ്ഥാനത്തേക്ക് അവകാശം ഉന്നയിച്ചു. ആദ്യം ഒക്കെ യാഥാസ്ഥിതികര്‍ എതിര്‍ത്തു എങ്കിലും സോമയൂര്‍ നമ്പൂതിരി നടത്തിയ ദേവപ്രശ്‌നത്തില്‍ ദൈവഹിതം ഗാര്‍ഗിയ്ക്ക് അനുകൂലമാണെന്ന് കണ്ടു. ക്ഷേത്രത്തിന്റെ വടക്ക് പടിഞ്ഞാറുള്ള ഫലവൃക്ഷങ്ങള്‍ നിറഞ്ഞ ഒരു പറമ്പില്‍ ആണ് അക്കാലത്ത് ഈ ഇല്ലം സ്ഥിതി ചെയ്തിരുന്നത്. ഇന്ന് അവിടം ഒരു ആശുപത്രി ആയി മാറിയിട്ടുണ്ട്. ഇപ്പോഴത്തെ തലമുറക്കാര്‍ തൃശ്ശിവപേരൂര്‍ നഗരത്തില്‍ ആണ് സ്ഥിരതാമസം. എങ്കിലും ഭഗവതിയോടുള്ള ഭക്തിക്കോ തന്ത്രവൃത്തിയുടെ നിഷ്‌കര്‍ഷയിലോ ഒരു കുറവും വന്നിട്ടില്ല. തദ്ഫലമായി ഇല്ലം മേല്‍ക്കുമേല്‍ അഭിവൃദ്ധി പ്രാപിച്ചതായിട്ടാണ് കാണുന്നത്. പറഞ്ഞു വന്നത് ഗാര്‍ഗിയെ പറ്റി ആണല്ലോ. രമേശന്‍ ദുഃഖത്തോടെ വീട്ടില്‍ വന്ന് ഇരിപ്പായി. ഇത് കണ്ട് രണ്ടും കല്പിച്ചു ശങ്കരന്‍ വൈദ്യര്‍ ക്ഷേത്രത്തില്‍ ചെന്ന് സംരക്ഷണസമിതി അധ്യക്ഷനായ കുമാരനെ കണ്ടു. ഏതാണ്ട് ഈ സമയം പതിവുള്ള ക്ഷേത്രദര്‍ശനത്തിന് ആയി തന്ത്രി ഗാര്‍ഗിയും അവിടെ എത്തിച്ചേര്‍ന്നു. കാര്യങ്ങള്‍ കേട്ടറിഞ്ഞ സമിതി അധ്യക്ഷന്‍ താന്‍ നിസ്സഹായന്‍ ആണ് എന്ന് പറഞ്ഞു. ക്ഷേത്രത്തില്‍ ഈ വക കാര്യങ്ങള്‍ തീരുമാനിക്കുന്നത് ട്രസ്റ്റ് ആണ്. അതില്‍ ഉള്ള മെമ്പരന്മാര്‍ ഇരണിയല്‍ പുഷ്‌പോത്ത് കുടുംബക്കാര്‍ ആണ്. രക്ഷാധികാരി പഴേക്കാട്ടൂര്‍ തിരുമേനിയും.ഇവര്‍ക്ക് എല്ലാവര്‍ക്കും സമ്മതം ആവണം. കൂടാതെ തന്ത്രിയും സമ്മതിക്കണം. ഇതായിരുന്നു കുമാരന്‍ പറഞ്ഞതിന്റെ പൊരുള്‍. കാലങ്ങളായി ഉള്ള ആചാരത്തെ ലംഘിച്ച് അനുമതി കൊടുക്കാന്‍ ബുദ്ധിമുട്ട് ആണെന്ന് തന്ത്രി അപ്പോള്‍ തന്നെ തറപ്പിച്ചു പറഞ്ഞു.എങ്കിലും മറ്റുള്ളവരോട് ചോദിച്ചു നിലപാട് അറിയിക്കാന്‍ പറഞ്ഞു വൈദ്യര്‍ വിഷാദത്തോടെ അവിടെ നിന്നും പുറപ്പെട്ട് തിരിച്ചു വീട്ടില്‍ എത്തി. അന്ന് രാത്രി ഭഗവതിയെ ധ്യാനിച്ചും വന്ന രോഗികളെ പരിശോധിച്ചും കഴിച്ചു കൂട്ടി.

ഈ സമയം ഗാര്‍ഗി ഈശ്വര ധ്യാനം, തേവാരം ഒക്കെ വിധിയാം വണ്ണം കഴിച്ച്, ദ്വാദശി ഒരിക്കല്‍ ആയത് കൊണ്ട് അത്താഴം ഇല്ലാതെ ഉറങ്ങാന്‍ കിടന്നു. രാവേറെ ചെന്നപ്പോള്‍ ഗാര്‍ഗിയ്ക്ക് അസാധാരണ മായ ഒരു സ്വപ്നം ഉണ്ടായി. തന്റെ ഗുരുവും ശങ്കരാചാര്യ പരമ്പരയില്‍ പെട്ട ആളുമായ ദിവംഗതനായ കിഴക്കേ മഠം സ്വാമിയാര്‍ ആയിരുന്നു സ്വപ്നത്തില്‍ വന്നത്. രണ്ട് വരി ശ്ലോകം ചൊല്ലി അദേഹം മറയുകയും ചെയ്തു. പെട്ടെന്ന് ഉറക്കമുണര്‍ന്ന ഗാര്‍ഗി മറന്നു പോവാതിരിപ്പാന്‍ ആയിട്ട് ആ ശ്ലോകം കയ്യില്‍ കിട്ടിയ ഒരു പുസ്തകത്തില്‍ എഴുതി വെച്ചു.
ആ വരികള്‍ ഇപ്രകാരം ആയിരുന്നു.

'കിം ഗംഗാബുനി ബിംബിതേ?ംബരമണൌ ചാണ്ഡാലവീഥീപയഃ' ഈ വരികളുടെ അര്‍ത്ഥം ഇങ്ങനെ ആണ്. 'ആകാശത്തിന്റെ നിഴല്‍ ഗംഗയിലും ചണ്ടാലന്റെ (വാസസ്ഥലം ഉള്ള) തെരുവിലെ വെള്ളത്തിലുംവേറെ വേറെ ആണോ ?'

പെട്ടെന്ന് തന്നെ ഉറങ്ങിപ്പോയ തന്ത്രി ഏഴര വെളുപ്പിന് എഴുന്നേറ്റ് നിത്യകര്‍മ്മങ്ങള്‍ ചെയ്ത്, ക്ഷേത്രതിലേക്ക് പുറപെട്ടു. അപ്പോള്‍ ആണ് താന്‍ കണ്ട സ്വപ്നത്തിന്റെയും എഴുതിവെച്ച വരികളുടെയും കാര്യം അവര്‍ ഓര്‍ത്തത്. ഇതിന്റെ കാര്യം എന്തെന്ന് അറിയാന്‍ ഉള്ള ജിജ്ഞാസയാല്‍ അവര്‍ നേരം വെളുത്തതും ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന മഹേശന്‍ എന്ന സംസ്‌കൃത അധ്യാപകനെ സമീപിച്ചു. അധ്യാപനം കൂടാതെ ജ്യോത്സ്യവും ചെയ്തിരുന്ന ആളായിരുന്നു അദ്ദേഹം. ഗാര്‍ഗിയെ ബഹുമാനപുരസ്സരം സ്വീകരിച്ചു പാനീയങ്ങള്‍ എല്ലാം കൊടുത്തതിനു ശേഷം അദ്ദേഹം ആഗമനോദ്ദേശം തിരക്കി. അപ്പോള്‍ ഗാര്‍ഗി താന്‍ സ്വപ്നം കണ്ട കാര്യവും വരികള്‍ എഴുതി വെച്ച കാര്യവും എല്ലാം അദേഹത്തെ വിശദമായി പറഞ്ഞു കേള്‍പ്പിച്ചു. കഥ മുഴുവന്‍ കേട്ട മഹേശന്‍ ചിരിച്ചു.എന്നിട്ട് ഇങ്ങനെ പറഞ്ഞു. 'മഹാപണ്ഡിതയായ അങ്ങേക്ക് ഈ ശ്ലോകം മനസ്സിലായില്ല എന്നത് അദ്ഭുതം ആയിരിക്കുന്നു. ഇത് ശങ്കരാചാര്യ വിരചിതമായ മനീഷപഞ്ചകത്തിലെ വരികള്‍ ആണ്.'

അപ്പോള്‍ ആണ് ഗാര്‍ഗിയ്ക്ക് അത് വെളിപ്പെട്ടത്. കാശിയില്‍ പ്രയാണം ചെയ്തു വന്നിരുന്ന ആദിശങ്കരന്റെ എതിരെ ഒരു ചണ്ടാലന്‍ നായ്ക്കളെ മേച്ചു കൊണ്ട് വന്നു. ശങ്കരന്‍ തന്റെ ജാതിയുടെ ഔന്നത്യത്തിന്റെ അഹങ്കാരം കൊണ്ട് അദ്ദേഹത്തോട് വഴിയില്‍ നിന്നും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. ചണ്ടാലന്‍ ആകട്ടെ ശരീരം ആണോ ആത്മാവ് ആണോ മാറി നില്‍ക്കേണ്ടത് എന്ന് ചോദിച്ചു ആദിശങ്കരനെ അത്ഭുതപ്പെടുത്തി. അതിന്റെ തുടര്‍ച്ച ആയി ആണ് മേല്‍വിവരിച്ച ശ്ലോകവും വരുന്നത്. തുടര്‍ന്ന് ജാതി വ്യവസ്ഥയുടെ നിരര്‍ത്ഥകത ബോധ്യപെട്ട ശങ്കരാചാര്യര്‍ രചിച്ചത് ആണ് മനീഷപഞ്ചകം.

രാത്രിയില്‍ താന്‍ എഴുതിയ വരികള്‍ ഒന്നു കൂടി നോക്കിയ ഗാര്‍ഗി അത്ഭുതപരതന്ത്രയായി. അതിന് മുന്‍പത്തെ വര്‍ഷത്തെ ഉത്സവത്തിന്റെ വിവരങ്ങള്‍ അച്ചടിച്ച പുസ്തകത്തിന്റെ പള്ളിവേട്ട മേളം സംബന്ധിച്ച അറിയിപ്പിന് അടുത്തായി ആണ് ഉറക്കത്തില്‍ ആ വരികള്‍ കുറിക്കപ്പെട്ടിരുന്നത്.
വളരെ പെട്ടെന്ന് തന്നെഗാര്‍ഗിക്ക് തന്റെ സ്വപ്നത്തിന്റെ രഹസ്യം പിടികിട്ടി. ജാതിയുടെ പേരില്‍ ദേവിയുടെ ഉത്സവത്തില്‍ കൊട്ടാനുള്ള ഒരാളുടെ ആഗ്രഹം തട്ടിതെറിപ്പിച്ച തന്റെ ജാത്യാഭിമാനത്തിന് ഗുരു നല്കിയ താക്കീത് ആണ് ആ സ്വപ്നം എന്ന് മനസ്സിലായപ്പോള്‍ സന്തോഷവും വ്യസനവും അവര്ക്ക് ഒരുമിച്ച് ഉണ്ടായി. അതിവേഗം ക്ഷേത്രത്തില്‍ എത്തിയ അവര്‍ അധികാരികളെ വിളിച്ച് മേളം യഥാവിധി പഠിച്ചു വരികയാണെങ്കില്‍ രമേശന് പള്ളിവേട്ട മേളത്തില്‍ അര്‍ഹമായ സ്ഥാനം കൊടുക്കണം എന്നാണ് തന്റെ തീരുമാനം എന്ന് അറിയിച്ചു. തന്ത്രിയുടെ വാക്കിന് എതിര് പറയാന്‍ ആരും തുനിഞ്ഞില്ല.

ഈ തീരുമാനം അറിഞ്ഞ ശങ്കരന്‍ വൈദ്യരും രമേശനും അത്യധികം സന്തോഷിച്ചു. രണ്ട് പേരും ഭഗവതിയുടെ മുന്‍പില്‍ സാഷ്ടാംഗം പ്രണമിച്ചു.അടുത്ത ഒരു നല്ല ദിവസം നോക്കി ചിതരാള്‍ രാജീവന്‍ തന്നെ രമേശന് ചെണ്ട അഭ്യസിപ്പിച്ചു തുടങ്ങുകയും ചെയ്തു. കുറച്ചു കാലം മുന്‍പ് വരെ തൃശ്ശിവപെരുര്‍ ജില്ലയിലെയും ,വള്ളുവനാട് ജില്ലയിലെയും പ്രമുഖ മേളങ്ങള്‍ക്കും തായമ്പകകള്‍ക്കും നടുനായകത്വം വഹിച്ചിരുന്ന ചിതരാള്‍ രമേശന്റെ തുടക്കം ഇങ്ങനെ ആയിരുന്നു എന്ന് അറിയുന്നവര്‍ ഇന്ന് നന്നേ ചുരുക്കമാണ് എന്നുള്ളത് കൊണ്ടുംസര്‍വാഭീഷ്ട പ്രദായിനി ആയ കാര്‍ത്യായനി ദേവിയുടെ ഈ മാഹാത്മ്യങ്ങള്‍ ഇന്നത്തെ ജനങ്ങള്‍ അറിഞ്ഞിരിക്കണം എന്നുള്ളത് കൊണ്ടും ആണ് ഇത് ഇവിടെ കുറിക്കുന്നത്. ഏതാണ്ട് ഒരു ദശാബ്ദം മുന്‍പ് കാലയവനികയ്ക്ക് ഉള്ളില്‍ മറഞ്ഞ രമേശന്റെ രണ്ട് പുത്രിമാരും ഇന്ന് ക്ഷേത്രമേളങ്ങളില്‍ ഉന്നത സ്ഥാനം വഹിച്ചു കൊണ്ടാണ് ഇരിക്കുന്നത്. ഇതില്‍ ഇളയ പുത്രി ആയ ചിതരാള്‍ കാര്‍ത്യായനി ഇക്കഴിഞ്ഞ തൃശ്ശിവപേരൂര്‍ പൂരത്തിന് ഒരു വിഭാഗത്തിന്റെ മേളപ്രമാണി ആയിരുന്നു എന്നുള്ളത് കൂടി നോക്കുമ്പോള്‍ ദേവിയുടെ അനുഗ്രഹം ഇന്നും ആ കുടുംബത്തേക്ക് പ്രവഹിച്ചു കൊണ്ടിരിക്കുന്നു എന്ന് പറയേണ്ടി ഇരിക്കുന്നു.

Content Highlights: Dr.Santhosh Rajagopal, Nava Itheehyamala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022

Most Commented