മറവിയുടെ തോല്‍വികള്‍ | അനുഷ പി. ദേവ് എഴുതിയ കഥ


അനുഷ പി ദേവ്

ചിത്രീകരണം: ബാലു

ജൂണ്‍ മാസത്തിലെ ആദ്യത്തെ പ്രവൃത്തിദിനം. സ്‌കൂളില്‍ പുത്തനുടുപ്പിട്ടു വന്ന കുട്ടികളുടെ ശബ്ദകോലാഹലങ്ങള്‍. ഗോപാലകൃഷ്ണന്‍ മാഷ് ചൂരല്‍ വടിയുമായി അഞ്ച് എ ക്ലാസ്സിലേക്ക് ചെന്നു കയറി. അഞ്ചാം ക്ലാസ്സില്‍ നിന്നു ആറാം ക്ലാസ്സിലേക്ക് പോകാന്‍ റെഡി ആയി നില്‍ക്കുന്ന കുട്ടികള്‍. പതിവ് ചട്ടങ്ങള്‍ക്കുള്ള സമയമായി.

'എത്ര പേര് ജയിച്ചു ക്ലാസ്സില്... അവരൊക്കെ ഒരു വരിയായിട്ട് നില്‍ക്കൂ. റോള്‍ നമ്പര്‍ അനുസരിച്ചു നില്‍ക്കൂ. എന്നിട്ട് നേരെ അങ്ങ് നടന്നോളു. ആറ് എ ക്ലാസ്സ് അറിയില്ലേ. നേരെ നടന്നോളൂ. തോറ്റ കുട്ടികള്‍ ഇവിടെ തന്നെ ഇരുന്നോളൂ.'

ക്ലാസ് ലീഡര്‍ കുട്ടിയോട് മാഷ്,

'ആരൊക്കെയാ തോറ്റ കുട്ടികള്‍?'

'അഹമ്മദ്, സുഭാഷ് പി കെ, സുലേഖ'
മാഷ് കുട്ടികളുടെ പേര് ആവര്‍ത്തിച്ചു പറഞ്ഞു. അവരോട് ക്ലാസ്സില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെട്ടു.
അപ്പോള്‍ ആറാം ക്ലാസ്സിലേക്ക് ഉള്ള ആണ്‍കുട്ടികളുടെ വരിയുടെ അവസാനത്തില്‍ പേടിച്ചരണ്ട ഒരു മുഖം.
കരച്ചിലിന്റെ വാക്കോളമെത്തിയിരുന്നു അവന്‍.
'മാഷേ...ഞാന്‍ ജയിച്ചതാ. ഞാന്‍ തോറ്റിട്ടില്ല.'

'ഏഹ്...അതെങ്ങനെയാ.'
മാഷ് ലീഡര്‍ കുട്ടിയോട് ചോദിച്ചു.
'സുഭാഷ് കെ ആണ് മാഷേ ജയിച്ചത്. സുഭാഷ് പി കെ ന്റെ പേര് ലിസ്റ്റില്‍ ഉണ്ടായിരുന്നില്ല.'
'അല്ല...മാഷേ ഞാന്‍ ജയിച്ചതാ. എന്റെ പേര് ഞാന്‍ കണ്ടതാ.'
മാഷ് ചൂരല്‍ എടുത്ത് മേശമേല്‍ ഉറക്കെ അടിച്ചു ശബ്ദമുണ്ടാക്കി. കുട്ടികള്‍ നടുങ്ങി. ക്ലാസ്സ് നിശ്ശബ്ദമായി. ആ കുട്ടി മാത്രം കരച്ചിലിനിടയില്‍ പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു.

കുട്ടികളുടെ ലിസ്റ്റ് എടുക്കാതെ ക്ലാസ്സില്‍ വന്നതിനാല്‍, ലിസ്റ്റ് തപ്പിയെടുത്ത് ഉറപ്പു വരുത്താന്‍ മാഷിന് സമയം ആവശ്യമായിരുന്നു. തോറ്റ കുട്ടികള്‍ തോറ്റില്ലെന്ന് പറയുമെന്ന് മാഷ് കരുതിയില്ല. ആ മൂന്നു കുട്ടികളോട് ക്ലാസ്സില്‍ തന്നെ ഇരിക്കാനും ബാക്കി കുട്ടികളോട് പുതിയ ക്ലാസ്സിലേക്ക് നടന്നോളാനും പറഞ്ഞ് മാഷ് പോയപ്പോള്‍ ക്ലാസ്സില്‍ മൂന്നു കുട്ടികള്‍ ബാക്കിയായി. വരി മുന്നോട്ട് പോവുമ്പോള്‍ ലീഡര്‍ കുട്ടി തിരിഞ്ഞു നോക്കി. ഞാന്‍ തോറ്റില്ല മാഷേ ന്ന് പറഞ്ഞു കരഞ്ഞ കുട്ടി ഒലിച്ചു ചാടിയ കണ്ണീരെല്ലാം പുറം കൈ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് എങ്ങലടക്കാന്‍ പാടുപെടുകയായിരുന്നു.

അന്നും അയാള്‍ പുലര്‍ച്ചെ ഉണര്‍ന്നു പോയി. അലാറം അടിക്കുന്നതിനും ഒന്നര മണിക്കൂര്‍ മുന്‍പേ. ഭാര്യ ഉറക്കത്തിലായിരുന്നു. അവര്‍ അറിഞ്ഞില്ല. കുറേ നേരം അങ്ങനെ കിടന്നതിനു ശേഷം മെല്ലെ എഴുന്നേറ്റു. കയ്യെത്തിച്ച് ടേബിള്‍ ലാംപ് തെളിച്ചു. കണ്ണട തപ്പിപ്പിടിച്ച് കണ്ണില്‍ വച്ച് ടൈം പീസ് ലെ സമയത്തിലേക്ക് നോക്കി. ഗ്ലാസില്‍ വെള്ളം പകര്‍ന്നു കുടിച്ചു. എന്നിട്ടും എഴുന്നേല്‍ക്കണമോ എന്ന സംശയത്തില്‍ അങ്ങനെ ഇരുന്നു കട്ടിലിന്റെ അറ്റത്ത്. ഭാര്യയുടെ കൈയിലെ കനം കുറഞ്ഞ സ്വര്‍ണ വളയുടെ മിനുപ്പിലേക്ക് നോക്കി ഇരുന്നു. കൈകളില്‍ തൊട്ടതും അവര്‍ ഉണര്‍ന്നു. പെട്ടെന്നെഴുന്നേറ്റു. എന്ത് പറ്റിയെന്നന്വേഷിച്ചു. അയാള്‍ക്കൊന്നും പറയാന്‍ ഇല്ലായിരുന്നു. എങ്കിലും ചെറിയ ശബ്ദത്തില്‍ പറഞ്ഞു.
'എന്തോ സ്വപ്നം കണ്ട് ഉണര്‍ന്നു.'
'ഓ.. പിന്നെയും?''

'കിടക്കാം..'
കൂടുതല്‍ സംസാരത്തിന് ഇട കൊടുക്കാതെ അയാള്‍ കിടന്നു. ലൈറ്റ് അണച്ചു. ഇരുട്ടില്‍ അവരുടെ കൈകള്‍ അയാളുടെ നെഞ്ചിലേക്ക് നീണ്ടു. അവിടെ വിശ്രമിച്ചു. ഇല്ല, കിതപ്പില്ല. പേടി സ്വപ്നം ആയിരിക്കില്ല. അവര്‍ ചിന്തിച്ചു. ഒന്നും ചോദിച്ചില്ല. അയാള്‍ കണ്ണടച്ചു. ഭാര്യയുടെ കൈകളുടെ ചൂടിന്റെ സുരക്ഷിതത്വത്തില്‍ ഓരോ ചിന്തകളിലേക്ക് നടന്നു പോയി.

പിന്നീട് ഒരുപാട് വൈകിയാണ് അയാള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞത്. അതിനാല്‍ രാവിലെ വൈകി എഴുന്നേല്‍ക്കുകയും ചെയ്തു. ഭാര്യ എഴുന്നേറ്റപ്പോള്‍ സ്‌നേഹത്തിന്റെ പുതപ്പ് ഒന്ന് കൂടെ പുതപ്പിച്ച് ഉമ്മറത്തേക്ക് നടന്നു. പാലും പത്രവും എത്തുന്ന സമയം ആയിരുന്നു.

റെഗുലര്‍ ചെക്കപ്പിന് പോകേണ്ട ദിവസമായിരുന്നു. എഴുന്നേല്‍ക്കാന്‍ വൈകിയത് കാരണം ഇന്നിനി പോവേണ്ടെന്ന് അവര്‍ തീരുമാനിച്ചു. ചായ കുടിക്കുമ്പോള്‍ അയാള്‍ അധികം സംസാരിച്ചില്ല. സ്വപ്നത്തെ കുറിച്ച് ആലോചിക്കുകയായിരിക്കുമോ എന്ന് അവര്‍ സംശയിച്ചു. ചോദിച്ചപ്പോള്‍ മനസിലായി, അയാള്‍ അത് മറന്നിരുന്നുവെന്ന്.
''ആ.. ശരിയാ. എന്തോ സ്വപ്നം കണ്ടിരുന്നു.''
'എന്താ ഈ കാണുന്നേ.. ഇത് ഇപ്പോ സ്ഥിരായല്ലോ. എന്താപ്പോ ഇങ്ങനെ.''
അയാള്‍ക്ക് ഉത്തരമില്ല.
അവര്‍ പുഞ്ചിരിച്ചു. അയാളുടെ ചുണ്ടിലും ഒരു ചിരി.

''യൂണിവേഴ്‌സിറ്റി എക്‌സാം ആയിരുന്നു. ഞാന്‍ ഉറങ്ങിപ്പോയി. ഉണര്‍ന്ന് കോളേജില്‍ എത്തിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകിയിരുന്നു. കയറാന്‍ പറ്റില്ലെന്ന് വിഷമിച്ച് തിരിഞ്ഞു പുറത്തേക്ക് നടക്കുമ്പോള്‍ രാജശ്രീ മിസ്സിന്റെ വിളി.
ബാലു കയറുന്നില്ലേ..ന്ന്. ലേറ്റ് ആയത് സാരമില്ല. എക്‌സ്ട്രാ ടൈം കിട്ടില്ലെന്ന് പറഞ്ഞു.''
''എന്നിട്ട് ..?''
''എന്നിട്ടെന്താ.. ക്ലാസ്സില്‍ കയറിയപ്പോള്‍ എല്ലാവരും എഴുത്തോടെഴുത്താണ്. ഞാന്‍ നോക്കിയപ്പോള്‍ കണക്കാണ് വിഷയം. പഠിക്കാത്ത ചാപ്റ്റേഴ്സ്ന്ന് കുറേ ചോദ്യങ്ങള്‍. തല കറങ്ങുന്നതു പോലെ തോന്നി. ഇറങ്ങി ഓടിയാലോ എന്നാലോചിക്കുമ്പോള്‍ പിറകില്‍ മിസ്സ്. എഴുതുന്നില്ലേ എന്ന ചോദ്യം.''
''പിന്നെ..?''
''അടുത്തുള്ള കുട്ടി വേറേതോ ഒരു കുട്ടിയുടെ ഉത്തരക്കടലാസ് നോക്കി എഴുതുന്നു. എനിക്കതിനു ധൈര്യം ഇല്ല. ഉത്തരം നോക്കാന്‍ തിരിഞ്ഞപ്പഴേക്കും അത് വേറെ ആരോ എടുത്തോണ്ടു പോയി. അത്രയേ ഓര്മയുള്ളു. അപ്പഴേക്കും ഉണര്‍ന്നു പോയി തോന്നുന്നു.''

ഭാര്യയുടെ മുഖത്ത് ആശ്വാസം.
''ഇത്രയേ ഉള്ളോ. കോളേജ് കഴിഞ്ഞിട്ടിപ്പോ എത്ര വര്ഷം ആയിന്ന് ഓര്‍മ്മയുണ്ടോ..? എങ്ങനെയാ ഇപ്പോഴും ഇങ്ങനെയൊക്കെ കാണാന്‍ സാധിക്കുന്നത്.''
അവര്‍ ഉറക്കെ ചിരിച്ചു പോയി.
അയാളുടെ മുഖത്ത് വ്യക്തമല്ലാത്ത എന്തോ ഭാവം.
പകല്‍ അതിന്റെ താളത്തില്‍ മുന്നോട്ട് പോയപ്പോള്‍ അയാള്‍ പത്രവായനയും മറ്റു ദിനചര്യകളുമായി പകല്‍ കഴിച്ചു കൂട്ടി.
മധ്യാഹ്നത്തില്‍ തിരക്കൊഴിഞ്ഞപ്പോള്‍ മകള്‍ അച്ഛന്റെയും അമ്മയുടെയും കാര്യങ്ങള്‍ അന്വേഷിച്ചു വിളിച്ചു. ചെക്കപ്പിനു പോകാത്തതെന്താണെന്ന് ചോദിച്ച് വഴക്കിട്ടു. അമ്മ അച്ഛനെ വേണ്ട പോലെ ശ്രദ്ധിക്കുന്നില്ലെന്ന സ്വരത്തില്‍ സംസാരിച്ചു. കോള്‍ കഴിഞ്ഞപ്പഴേക്കും ആ സ്ത്രീ മുഖം വാടി സെറ്റിയില്‍ പോയി ഇരിപ്പായി. അച്ഛന്റെയും മകളുടെയും സംഭാഷണം വീണ്ടും നീണ്ടു. മകന്‍ വിളിക്കാന്‍ രാത്രിയാവും. അവര്‍ക്ക് അവനോടെന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

അച്ഛന്‍ ഇത് ആദ്യമായിട്ടല്ല ഇങ്ങനെ സ്വപ്നം കാണുന്നതും ഉറക്കം ഡിസ്റ്റര്‍ബ്ഡ് ആവുന്നതും. അമ്മ മകനോട് മുന്‍പ് പറഞ്ഞിട്ടില്ല. പക്ഷേ ഈയിടെയായി അത് അവരെ ചിന്തിപ്പിക്കുന്ന കാര്യമാണ്. തനിക്ക് അയാളെ മനസിലാക്കാന്‍ പറ്റുന്നില്ലേ എന്നൊരു വിചാരം ഇടക്ക് വിഷമിപ്പിക്കുന്നുണ്ട്. നേരിട്ട് ചോദിച്ചറിയാമെന്നു വച്ചാല്‍ അങ്ങനെയൊരു ഉത്തരം ആള്‍ക്കും പറയാനില്ല. റിട്ടയേര്‍ഡ് ലൈഫിന്റെ ചെറിയ മടുപ്പുകള്‍, കുട്ടികള്‍ അടുത്തില്ലാത്തതിന്റെ വിഷമങ്ങള്‍ ഇതൊക്കെയാവാം എന്നു കരുതുക ആയിരുന്നു അവര്‍ ചെയ്തു കൊണ്ടിരുന്നതും.

പണ്ടൊക്കെ ഒരുപാട് സംസാരിച്ചിരുന്നു. ആദ്യമായി കല്യാണലോചനയുമായി വീട്ടില്‍ വന്നത് അവര്‍ ഇന്നും ഓര്‍ക്കുന്നു. ചേട്ടന്റെ സുഹൃത്തിന്റെ അമ്മയുടെ കുടുംബത്തില്‍ ആയിരുന്നു ബാലുവിന്റെ അമ്മയും. പറഞ്ഞു വരുമ്പോള്‍ സഹോദരിമാരുടെ മക്കള്‍. ചേട്ടനോടുള്ള അടുപ്പം ആണ് വിമലയെ അനിയത്തിയായി കണ്ട് അവള്‍ക്ക് പറ്റിയ നല്ലൊരു ചെറുക്കനെ കണ്ടെത്തി കൊടുക്കുന്നതിലേക്ക് ആ സുഹൃത്തിനെ പ്രേരിപ്പിച്ചതും.

എഞ്ചിനീയര്‍. നല്ല ഉദ്യോഗം. സ്വഭാവ സര്‍ട്ടിഫിക്കറ്റില്‍ നൂറു മാര്‍ക്കും തന്നു ചേട്ടന്‍. നിന്നെ നല്ലോണം നോക്കിക്കോളുമെന്നു പറഞ്ഞു ചേട്ടന്റെ സുഹൃത്ത്.

പിന്നെ അവിടന്നിങ്ങോട്ട് മുപ്പത്തഞ്ചു വര്‍ഷങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക് നല്ല അച്ഛന്‍ ആണ് ബാലു. തന്നോടും സ്‌നേഹം. അധികാരത്തിന്റെ ഭാഷ ബാലുവിന് അറിയില്ലെന്ന് കൂട്ടുകാരോട് അവര്‍ മനസ് തുറക്കും. അവളെന്നെക്കാള്‍ മിടുക്കിയല്ലേ ഞാന്‍ പിന്നെന്തു പറഞ്ഞു കേമത്തം കാണിക്കാനാണ് എന്ന് ബാലുവും പറഞ്ഞു പോന്നു.

നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട കോളേജില്‍ പ്രിന്‍സിപ്പാള്‍ ആയിട്ടാണ് വിമല റിട്ടയര്‍ ചെയ്തത്. പഠിച്ച കോളേജില്‍ അതേ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായും പിന്നീട് പ്രിന്‍സിപ്പാള്‍ ആയും ഉള്ള ഔദ്യോഗിക ജീവിതം, പഠിക്കുന്ന കാലം തൊട്ടേ ക്ലാസ്സില്‍ മിടുക്കി ആയിരുന്നവളെ പറ്റി എല്ലാവര്‍ക്കും ഉണ്ടായിരുന്ന സ്വപ്നങ്ങളെ സാക്ഷാത്കരിക്കുകയായിരുന്നു.
അച്ഛനായിരുന്നു വിമലയെ ഒരു ടീച്ചര്‍ ആയി കാണാന്‍ ആഗ്രഹിച്ചത്. ബാലുവിനെ പറ്റി അച്ഛന് നല്ല മതിപ്പായിരുന്നു. ഒരു കാര്യം മാത്രമേ അച്ഛന്‍ വിമലയോട് പറഞ്ഞിട്ടുള്ളു.
'ബാലൂന്റെ അച്ഛനുമമ്മയും നിന്നോടിതു പറയുമോ എന്നെനിക്കറിയില്ല. പക്ഷേ, ഞാന്‍ പറയാണ്. നീ മിടുക്കിയാണ്. നീ അവനെ നല്ല പോലെ നോക്കണം. അവന് നിന്റെ ശ്രദ്ധ എന്നും വേണം. അവനൊരു പാവം ആണ്.'

എന്താ ഇത്ര പാവത്തമെന്നു അന്നാലോചിച്ചു വിമല. അച്ഛന്‍ എത്ര ദീര്‍ഘദര്‍ശി ആയിരുന്നു എന്നു ഇപ്പോള്‍ തോന്നിപ്പോവുന്നുണ്ട്. ബാലുവിന് എന്തൊക്കെയോ ചിന്തകള്‍. പലതും അനാവശ്യമായ വേവലാതികള്‍. ചിന്തകള്‍ കാടു കയറിയിട്ടാണ് വിചിത്രമായ സ്വപ്നങ്ങള്‍ കാണുന്നത്. രാത്രിയില്‍ ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത്.

അടുത്ത തവണ ബാലു സ്വപ്നം കണ്ട് പേടിച്ചുണര്‍ന്നത് ആ വര്‍ഷം മകന്‍ നാട്ടിലേക്ക് വരുന്നില്ലെന്ന് പറഞ്ഞു വിളിച്ച ദിവസം രാത്രിയായിരുന്നു. ഇനി തങ്ങള്‍ അങ്ങോട്ട് പോവേണ്ടി വരുമോ തന്റെ പാസ്‌പോര്‍ട്ട് പുതുക്കിയതാണോ എന്നെല്ലാം ആയിരുന്നു ചിന്തകള്‍ എന്ന് വിമല മനസിലാക്കി. സ്വപ്നം കണ്ടുണര്‍ന്നു വെള്ളം കുടിച്ച് വീണ്ടും ഉറങ്ങാന്‍ കിടന്നപ്പോള്‍ അയാളുടെ മുഖത്ത് ഗൗരവം ആയിരുന്നു. രാവിലെ ഉണര്‍ന്ന് കഴിഞ്ഞു ചോദിച്ചപ്പോഴോ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി.

ഇതിങ്ങനെ വിട്ടാല്‍ പറ്റില്ലെന്ന് ഉറപ്പിച്ചു വിമല പിറകില്‍ നിന്നു മാറാതെ ചോദിച്ചു കൊണ്ടേയിരുന്നു. വീണ്ടും കോളേജിലെ പരീക്ഷ കഥയോ കോളേജ് ഹോസ്റ്റലിലെ സംഭവങ്ങളോ സ്വപ്നത്തില്‍ നിറഞ്ഞു കണ്ടു. ഇങ്ങനെ സ്വപ്നം കാണുന്നതിന്റെ കാര്യമെന്തെന്ന് ചോദിച്ചപ്പോള്‍ അയാള്‍ കുറേ നേരം ചിന്തയിലാണ്ടു. പിന്നെ അയാളുടെ അവള്‍ക്കറിയാവുന്ന കഥകളുടെ വേറൊരു വശം പറഞ്ഞു തുടങ്ങി.

തോല്‍ക്കാന്‍ പേടിച്ച ഒരു കുട്ടിയുടെ കഥ. ജയിക്കാന്‍ ഉള്ള മോഹത്തേക്കാള്‍ അയാള്‍ പരാജയപ്പെടാന്‍ പേടിച്ചു. ആ പേടി കൂടുതല്‍ പരാജയങ്ങളിലേക്ക് അയാളെ കൊണ്ടു പോയി. സ്‌കൂളിലെ ചെറിയ തിരിച്ചടികളില്‍ തുടങ്ങി കോളേജിലെയും പിന്നെ സര്‍വീസിലെയും ഒരുപാട് ബുദ്ധിമുട്ടിച്ച അനുഭവങ്ങള്‍. ഒക്കെയും അച്ഛനെ പോലെ ആവരുതെന്നു അച്ഛന്‍ തന്നെ പഠിപ്പിച്ചു വിട്ട പാഠത്തിലെ വരികളെ ഓര്‍മിപ്പിച്ചു. അച്ഛന്റെ ജീവിതത്തിന്റെ പറഞ്ഞു കേട്ട കഥകളില്‍, വീട്ടിലെ പട്ടിണികാലത്ത് ഉച്ചക്ക് ക്ലാസ്സിലിരുന്ന് ഉറങ്ങിപ്പോയതിന് എല്ലാവരുടെയും മുന്‍പില്‍ വച്ച് ശകാരിച്ച് ക്ലാസ്സില്‍ നിന്നിറക്കി വിട്ട മാഷിനോടുള്ള വാശിക്ക് പരീക്ഷ എഴുതാതിരുന്ന ഒരു കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ പഠിക്കാന്‍ മിടുക്കനായിരുന്നവന്‍ പഠിത്തം പാതി വഴിയില്‍ വിട്ടു വഴി തിരിഞ്ഞു പോയതും.

സ്‌കൂള്‍ ജീവിതം ഉള്ളിലെ തീ അണച്ചില്ലെങ്കിലും, ഒരു ചെറിയ കാറ്റിനു തീ അണക്കാനും തെളിക്കാനും കഴിയുമെന്ന് കോളേജ് ജീവിതം ബാലുവിന് കാണിച്ചു കൊടുത്തു. അച്ഛന്‍ കഴിഞ്ഞാല്‍ ഓര്‍മയിലെ അടുത്ത പാഠശാല കോളേജ് ആയതും അതു കൊണ്ട് തന്നെ. ജീവിതത്തില്‍ തോല്‍ക്കാത്ത തോല്‍വിയെക്കുറിച്ചു മാത്രം പേടിച്ചു ജീവിക്കേണ്ടി വന്ന ഒരു കുട്ടിയുടെ മനസ് അവര്‍ക്ക് ഒരിക്കലും മനസിലാവില്ലെന്നു അയാള്‍ പറഞ്ഞത് വിമലയുടെ മനസിലെവിടെയോ കൊണ്ടു.

അന്നത്തെ രാത്രി അയാളുടെ ഉള്ളിലെ കുട്ടി ഉണര്‍ന്നു കരഞ്ഞില്ല. വളരെ സമാധാനത്തോടെ കിടന്നുറങ്ങി. പക്ഷേ, വിമലയെ കാത്തിരുന്നത് വിചിത്രമായ ഒരു സ്വപ്നമായിരുന്നു.
സ്വപ്നത്തില്‍ ഒരു കുട്ടി പുഞ്ചിരിക്കുന്നു. അഞ്ചാം ക്ലാസ്സിലെ ആണ്‍കുട്ടി ആറാം ക്ലാസ്സിലെ പെണ്‍കുട്ടിയെ നോക്കി സൗഹാര്‍ദ്ദപൂര്‍വ്വം പുഞ്ചിരിക്കുന്നു. ആ കുട്ടി തിരിച്ചും ഒരു ചിരി കൊടുക്കുന്നു. നടന്നു പോകുന്നു.

ഗോപാലകൃഷ്ണന്‍ മാഷ് ചൂരല്‍ കൊണ്ടുണ്ടാക്കിയ ബൈക്കില്‍ ശബ്ദത്തോടെ വന്നു നില്‍ക്കുന്നു. ഉറക്കെ ചോദിക്കുന്നു.
'ആരാടോ ഇത്?'
'ഇത് കെ അല്ല പി കെ ആണ് മാഷേ.'
വിമല ഞെട്ടി ഉണരുന്നു.
കരച്ചിലിന്റെ ഏങ്ങലൊതുക്കി നിന്ന ഒരു ആണ്‍കുട്ടിയുടെ മുഖം അവ്യക്തമായി ഇരുട്ടില്‍ തെളിയുന്നു.

Content Highlights: Anusha P Dev, Short Story, Maraviyude Tholvikal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented