പ്രണവ് മോഹൻലാൽ, സജയ് കെ.വി
സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയ പ്രണവ് മോഹന്‍ലാലിന്റെ കവിത 'ദ ഗോള്‍ഡന്‍ ഏജ്' മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുകയാണ് കവിയും നിരൂപകനും വിവര്‍ത്തകനും അധ്യാപകനുമായ സജയ് കെ.വി. 'സുവര്‍ണയുഗം' എന്ന പേരാണ് 'ദ ഗോള്‍ഡന്‍ ഏജി'ന് വിവര്ത്തകന് നല്‍കിയിരിക്കുന്നത്. ''ശാന്തിയില്‍ നിന്ന് അശാന്തിയിലേയ്ക്കും ലയത്തില്‍ നിന്ന് ലയഭംഗത്തിലേയ്ക്കും പരിണമിക്കുന്ന ലോകക്രമത്തെ സ്വപ്നഭാഷയില്‍ ആവിഷ്കരിക്കുന്നു ഈ ചെറുകവിത. പ്രകൃതിയും ചരാചരങ്ങളുമായിണങ്ങിക്കഴിയുന്ന നരവാഴ്വെന്ന സംഗീതശില്പത്തിന്റെ ശിഥിലനത്താലുള്ള നോവും വേവലാതിയും.' ഭയാനകമായ ഒച്ചകള്‍ കുത്തിപ്പിളര്‍ന്ന വാരിയെല്ലുകള്‍', 'തിങ്കളിന്റെ ശവപേടകം',' കടലിന്റെ നന്നങ്ങാടി' എന്നിവ പോലുള്ള ബിംബനിര്മ്മാണ സൂക്ഷ്മതകള്‍''- സജയ് കെ.വി കവിതയെക്കുറിച്ച് അഭിപ്രായപ്പെടുന്നു.
സുവര്‍ണയുഗം
പ്രണവ് മോഹന്‍ലാല്‍
ഉണ്ടായിരുന്നൂ സുവര്ണയുഗത്തിന്ദിനങ്ങളില്
പുരാതനജ്ഞാനിയെന്നേ
വിളികൊണ്ടാരാള്.
ചുട്ടുപഴുത്ത കാരിരുമ്പാല്‍
പതംവന്ന കളിമണ്ണാല്‍
കാറ്റിന്റെയുലയില്,
പകലിന്റെ പണിയാലയില്‍
പണിതൊരുക്കപ്പെട്ട ഒരാള്‍.
അവന്റെ രാപ്പകലുകള്‍ പ്രകാശഭരിതം,
ജീവനുള്ള വെളിച്ചം മോന്തി നിറയുകയാല്‍.
ആ വെളിച്ചം
അവന്റെ വീടിനു ചുറ്റും
ചിന്നിപ്പരന്നു,
ചിരിയുടെ മാറ്റൊലികളായി,
നുരയുടെ നൃത്തമായും.
പൂവിതള്‍ ഉപധാനമാക്കി,
പച്ചച്ച തൃണദലങ്ങളുടെ ശയ്യയില്‍ അവന് കിടന്നു.
തിങ്കള്‍, അവനുമേല്‍
സ്നേഹത്തിന്റെ നിലാവെളിച്ചം വീശിയപ്പോള്‍
അവളുടെ സ്നേഹത്താല്‍
അവന്റെ മിഴികള്‍
നിറഞ്ഞു തുളുമ്പി.
ശാശ്വതസ്നേഹത്തില്, പ്രകാശത്തില്‍, ശാന്തിയില്‍ അവന് ജീവിച്ചു-
മാറ്റൊലികളാല്‍ ചിരിക്കുന്ന,
നുരകളാല്‍ നൃത്തമാടുന്ന
അവന്റെ വീട്ടിലെ ജീവരാശിയോടൊപ്പം.
സംശയമെന്ന ദുര്‍മ്മൂര്‍ത്തിയുടെ വരവോടെ
ആ നൃത്തം നിലച്ചു.
സ്നേഹവും ശാന്തിയും പ്രകാശവും നഷ്ടമായി,
അവന്റെ മിഴികള്‍
അന്ധമായി.
പവിത്രതയുടെ
സങ്കേതത്തില്‍ നിന്നും അത്രമേല്‍ അകന്നുപോയ അവനെ തമോമൂര്ത്തികളുടെ വംശം ചുഴന്നു,
ഭയാനകമായ ഒച്ചകള്‍ വാരിയെല്ലുകള്‍ കുത്തിപ്പിളര്‍ന്നു,
ഉള്ളില്‍ നിന്ന്
തലയോട്ടി
പൊട്ടിപ്പിളര്‍ന്നു.
പൂക്കളോടൊപ്പം
അവന്റെ ഹൃദയവും
വാടിക്കരിഞ്ഞു,
ദൈവികമായ സ്നേഹം ചീന്തി മാറ്റപ്പെട്ടു,
സാഗരനൃത്തം നിലച്ചു,
മിഴികളെ മണലും രക്തവും ഗ്രസിച്ചു.
കുരുടനായിട്ടും
അവളുടെ മുഖമപ്പോഴുമവന് കണ്ടു,
ശവപേടകത്തിനുള്ളിലുറങ്ങുന്ന
തിങ്കളിന്റെ വിളറിയ മുഖം പോലെ.
കഴുത്തിലും കൈത്തണ്ടയിലും
നിഴലിന്റെ വിഭൂഷകളോടെ
അവള് നൃത്തമാടി,
കടലിന്റെ നന്നങ്ങാടിക്കു മേല്‍
തിരമാലകളെന്ന പോലെ...
Content Highlights: actor pranav mohanlal poem the golden age translated into malayalam by sajay k v
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..