ഒക്ടോബര്‍ പക്ഷിയുടെ ശവം | എ. സഹദേവന്റെ കഥ


എ. സഹദേവന്‍

മലയാളം ഒരിക്കലും ആഗ്രഹിക്കാത്ത മരണമായി സഹദേവന്റെ വിയോഗം മാറുമ്പോള്‍ സ്വന്തം തട്ടകമായിരുന്ന മാതൃഭൂമി 'ഒക്ടോബര്‍ പക്ഷിയുടെ ശവം ' ഒരിക്കല്‍ കൂടി പ്രസിദ്ധീകരിക്കുന്നു.

വര:ശ്രീലാൽ

എ. സഹദേവന്‍ എന്ന പേര് മലയാള സാഹിത്യ-സാംസ്‌കാരിക സിനിമാ ബൗദ്ധിക ഇടങ്ങളില്‍ എക്കാലവും നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. പത്ര-മാധ്യമ രംഗത്ത് ആ സാംസ്‌കാരിക മുഖം പറഞ്ഞു തുളുമ്പിയതത്രയും ലോക ക്ലാസിക് സിനിമകളെക്കുറിച്ചും കഥകളെക്കുറിച്ചും അവയുടെ രാഷ്ട്രീയ-സാമൂഹികാന്തരീക്ഷത്തെക്കുറിച്ചുമായിരുന്നു. സഹദേവനിലെ കഥാകാരന്‍ പലപ്പോഴും എഴുത്തുകാരുടെ എഴുത്തുകാരനായി മാറിയതിനു കാരണവും അതു തന്നെ. മള്‍ബറി ബുക്‌സാണ് കാണാതെ പോകുമായിരുന്ന ആ കഥാകാരനെ എക്കാലത്തേക്കുമായി അച്ചടിയിലാക്കിയത്. കാണാതായ കഥകള്‍ എന്ന പേരില്‍ത്തന്നെ!

ഒക്ടോബര്‍ പക്ഷിയുടെ ശവം,നാലാള്‍, കാലത്തിന്റെ ചന്ദനപ്പരപ്പ്, ജരാനര എന്നീ കഥകള്‍ സംവദിച്ചതത്രയും എ.സഹദേവന്‍ എന്ന മനുഷ്യനോട് തന്നെയാണ്. മലയാളം ഒരിക്കലും ആഗ്രഹിക്കാത്ത മരണമായി സഹദേവന്റെ വിയോഗം മാറുമ്പോള്‍ സ്വന്തം തട്ടകമായിരുന്ന മാതൃഭൂമി 'ഒക്ടോബര്‍ പക്ഷിയുടെ ശവം ' ഒരിക്കല്‍ കൂടി പ്രസിദ്ധീകരിക്കുന്നു...


ഇങ്ങനെ ഇങ്ങനെ ഒഴുകിപ്പോകെ, ഏതോ മത്സ്യം കൊത്തിയെടുത്ത കണ്ണുകളോടെ, പുഴ കരയ്‌ക്കെടുത്തിട്ട ശവത്തെപ്പോലെ-
ഇതാ ഇവിടെ ഞാന്‍.
എന്നെ ശപിച്ച നിമിഷവും, നിമിഷം വളരെ ശ്രദ്ധാപൂര്‍വ്വം വളച്ചെടുത്ത നഷ്ടപ്പെടാനിരുന്ന സന്ദര്‍ഭവും-പിന്നെ എന്റെ പതനം.
ഭയങ്കരമായ ഈ അപകടത്തെക്കുറിച്ചുള്ള ബോധത്തിന്റെ തുടര്‍ച്ചയിലെവിടെയെങ്കിലും ഈ ചിന്തയില്‍ നിന്നു രക്ഷപ്പെടാന്‍ വയ്യാതിരുന്നപ്പോഴൊക്കെ -
അപ്പോഴൊക്കെ വാതില്‍ക്കലെ കര്‍ട്ടന്റെ മടക്കുകളില്‍ ഇരുട്ട് ഒളിച്ചിരിക്കുന്ന ഏതെങ്കിലും ഒരു പകലില്‍ ഇവിടം വിടണമെന്ന് തോന്നി. (ഈ തോന്നല്‍ വീണ്ടും ഉണ്ടാവാതിരിക്കണം.)

ഒരു കുന്നുണ്ട്.
കുന്നിന്നപ്പുറത്ത് എവിടെയോ ഞാന്‍ കാണാത്തതെങ്കിലും പരിചിതമായ സ്ഥലം എന്നെ സത്യത്തില്‍ ആവേശം കൊള്ളിച്ചിരിയ്ക്കുന്നു. മാത്രമല്ല, മുമ്പെപ്പോഴോ കണ്ട, മൗനഭാഷയിലൂടെ അന്യോന്യം മനസ്സിലാക്കാന്‍ കഴിവുള്ള ഒരേ ഒരു ആള്‍, അവിടെയെവിടെയെങ്കിലും കണ്ടെന്നു വരാം.
കൂന്നിന്നപ്പുറത്തേയ്ക്ക് കയറി പിന്നീട് ഇറങ്ങി അപ്രത്യക്ഷമാ വുന്ന വഴി.
വഴിയിലൂടെ നടന്നകലുക.
ഇതുവരെ എത്തിനോക്കാന്‍ സാധിച്ചിട്ടില്ല. മൃഗാംഗമോഹനനെപ്പോലെ.
''ദേവിയല്ല, വെറും കല്ലാണ്, ഒരു പാറക്കഷണം കാണാന്‍ അത്രടം വരെ''. മൃഗാംഗമോഹനന്റെ അച്ഛന്‍ പറഞ്ഞു.
ഇതുപോലൊക്കെത്തന്നെയാണ് എന്നെയും ആരൊക്കെയോ പറഞ്ഞു ധരിപ്പിച്ചത്. അപ്പുറത്തൊന്നുമില്ല. ചതിക്കാനിരിയ്ക്കുന്ന മനുഷ്യരും ലോകവുമല്ലാതെ,
എങ്കിലും അതവസാനിക്കേണ്ടതല്ല.

അവസാനമില്ല.
കാരണം അപ്പുറത്തൊരു വഴിയുണ്ട്.
മറ്റുള്ളവര്‍ക്കും എനിയ്ക്കും ഒന്നല്ലാത്ത വഴി.
ഒരിക്കല്‍ വഴിയുടെ അപ്രത്യക്ഷമാവുന്ന ഭാഗത്ത് കൂര്‍ത്ത കല്ലില്‍ത്തട്ടി കാലില്‍ ചോരപൊടിയുക തന്നെ ചെയ്തു.
വഴിവക്കില്‍ ഇരുന്നു. ആരും ഈവഴി തിരിഞ്ഞു വരില്ല. റെയില്‍ വേസ്റ്റേഷന്‍ പടിഞ്ഞാറാണ്.
ഈ വഴി എവിടെയും എത്തില്ലെന്നു വിശ്വസിക്കുന്നവര്‍. വഴി തെറ്റെന്ന് പറയുന്നവര്‍.

ഒന്നേയുള്ളൂ, ഒരു മോചനം.
മുറിക്കു പുറത്ത് സുപരിചിതമായ പരന്ന പകല്‍വെളിച്ചം. വെളിച്ചത്തിലേയ്ക്ക് സംശയിച്ച് സംശയിച്ച് നീങ്ങിവന്ന മുഖങ്ങള്‍, മുഖങ്ങളിലെ ലോകം. ചുരുങ്ങിയ ലോകം.
ഒരു മോചനം.
എനിക്കിഷ്ടമല്ലാത്ത തരത്തില്‍ എന്നെച്ചൊല്ലിക്കരയാന്‍ എനിക്കൊരനിയത്തി. ദുഃഖം അഭിനയിക്കുന്ന അവളുടെ ഭര്‍ത്താവ്.
പക്ഷേ, അതെനിക്ക് വയ്യ.

കലിത! ഒരു ശിശിരകാലപക്ഷി.
വെളുത്തു പരന്നു കിടക്കുന്ന മഞ്ഞില്‍ ഒരു ചെറിയ കറുത്ത പൊട്ട് സൃഷ്ടിക്കുന്ന സൗന്ദര്യത്തോടുകൂടി ഒരു ശിശിരകാലപക്ഷി വരുന്ന പോലെ.
കലിത! മരുമകള്‍.
ചാമിംഗ് ബോണ്ട്.
അണക്കെട്ടില്‍ നിന്ന് പോരുമ്പോള്‍ ഇടതുകയ്യിലെ വിരലില്‍ പറ്റിയ വലിയ മുറിവില്‍ അറിഞ്ഞ് അറിഞ്ഞ് സ്പര്‍ശിച്ചു വേദനിപ്പിക്കുന്നു.
'മാമെ, മരുന്നു വെക്കണ്ട, ഡെറ്റാള്‍ വെച്ചു കഴുകിയാ മതി.''
''മാമക്ക് എത്ര പുസ്തകമാണ്. ഇദൊക്കെ മാമ വായിക്ക്വോ? ഇദെന്തു പക്ഷിയാണ് മാമെ?'
പുസ്തകത്തിന്റെ മുകളിലെ കോണില്‍ ഒരു വൃത്തത്തില്‍ ഒതുങ്ങി പറക്കാതെ നിന്ന പക്ഷി,
''പെന്‍ഗ്വിന്‍''.
മാമ ചത്താ ഈ പുസ്തകം മുഴുവന്‍ എനിക്ക് ല്ലേ മാമെ?''
കലിതയുടെ കണ്‍പീലിയിലൊന്ന് ചുണ്ടില്‍ പറ്റിപ്പിടിച്ചു.
'മാമക്ക് ഉമ്മ വെക്കാനറിയില്ല. മാമടെ താടി കുത്തുണു. ഒരു കെഴവന്‍ ഉമ്മ''. അവള്‍ സ്വയം കവിളില്‍ തടവി പിറുപിറുത്തു.

എന്റെ ചുംബനത്തില്‍ മനംപുരട്ടല്‍ ഒളിച്ചിരിക്കുന്നു.
ചെറിയ മേശമേല്‍ പുസ്തകങ്ങള്‍.
ഇപ്പോള്‍ കലിത എന്ന പൂവ് ഉറങ്ങുന്നു. അവളുടെ അമ്മ, അവളുടെ മുഖത്ത്, ചെറിയ ഈച്ച വരാതിരിക്കാന്‍ പൗഡര്‍ പൊതിഞ്ഞിരിക്കും.
ഈ വഴിയില്‍ എത്രയെത്ര പൂക്കള്‍: വേനല്‍ച്ചൂടില്‍.
എങ്കിലും തിരഞ്ഞെടുക്കാന്‍ എനിക്കൊന്നിനെക്കൂടാതെ മറ്റൊന്നില്ല.
പാറക്കെട്ടിന്റെ ചുവട്ടില്‍ കൂര്‍ത്ത കല്ലുകള്‍ കാണുമ്പോള്‍, ഓര്‍മ്മിക്കാന്‍ വ്യഗ്രത കാണിക്കാതിരുന്ന എന്തോ ഒന്ന്.
മോചനത്തിന്റെ വഴി തേടിയ എതോ വിപ്ലവകാരിയുടെ നിര്‍ജ്ജീവശവം. ഒക്ടോബര്‍ പക്ഷിയുടെ ശവം ജനിപ്പിക്കുന്ന വികാരം (ഒരു പക്ഷെ അതിനേക്കാള്‍ ജീവനില്ലാത്ത വികാരം അതാവും ഉചിതം. )
ഒരിക്കല്‍ ഒക്ടോബറില്‍ ഇവിടങ്ങളില്‍ കാണുന്ന ഒരു പക്ഷിയുടെ ജഡം കണ്ട് അനിയത്തി മൂന്നു ദിവസം ഊണു കഴിക്കാതിരുന്നു.
എങ്കില്‍ അനിയത്തീ.
കലിതമോള്‍ക്ക് ഒന്നുമില്ലെങ്കിലും നിനക്കും നിന്റെ ഭര്‍ത്താവിനും ഞാനെത്ര നിസ്സഹായനാണ്. ഒരു ഒക്ടോബര്‍ പക്ഷിയേക്കാള്‍.

Content Highlights: A sahadevan's story

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented