-
ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുഹ്‌റത്ത് സിത്താര എന്ന കൊച്ചുമിടുക്കി നെപ്റ്റ്യൂണിലേക്കുള്ള ഒരു സാങ്കല്‍പ്പിക യാത്രയെക്കുറിച്ചുള്ള നോവലെറ്റ് എഴുതുന്നത്. നാല് കുട്ടികള്‍ ഭൂമിയില്‍ നിന്നും ഒരു സ്‌പേസ് ക്രാഫ്റ്റില്‍ നെപ്ട്യൂണിലേക്ക് പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സുഹ്‌റത്ത് സിത്താര 'എര്‍ത്ത് ടു നെപ്ട്യൂണ്‍' എന്ന പുസ്തകത്തിലൂടെ വായനക്കാര്‍ക്കായി നല്‍കിയത്.
കാര്യങ്ങളെ ഗഹനമായും ലളിതമായും അവതരിപ്പിച്ച സുഹ്‌റത്തിന്റെ പുസ്തകത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. പതിനൊന്ന് വയസ്സുകാരിയായ ഈ മിടുക്കിയുടെ വരികള്‍ പലരുടെയും ഹൃദയത്തെ സ്പര്‍ശിച്ചു. അംബികാസുതന്‍ മാങ്ങാട് പോലുള്ള പ്രഗല്ഭര്‍ അഭിനന്ദിച്ചുകൊണ്ട് ലേഖനങ്ങളെഴുതി. കൊച്ചിന്‍ ബിനാലെയില്‍ പുസ്തകം അവതരിപ്പിച്ചു.
ഇതെല്ലാം മൂന്നു വര്‍ഷം മുന്‍പ നടന്ന കാര്യമാണ്. എന്നാല്‍ സുഹ്‌റത്ത് സിത്താരയുടെ ഫിക്ഷന്‍ ഇന്ന് ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്. ആറാംക്ലാസുകാരിയുടെ മനസ്സില്‍ തെളിഞ്ഞ ചിന്തകള്‍ ഫ്‌ളോറിഡയിലെ ഒരു സ്‌പേസ് ഏജന്‍സി യാഥാര്‍ഥ്യമാക്കാനൊരുങ്ങുകയാണ്. ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമണ്‍ സ്‌പേസ് ഫ്‌ളൈറ്റ് എന്ന കമ്പനി 2021-ല്‍ എട്ടുപേരെ നെപ്ട്യൂണിലേക്ക് അയക്കാനൊരുങ്ങുകയാണ്. എയര്‍ ബലൂണിന് സമാനമായ തരത്തിലാണ് സ്‌പേസ്‌ക്രാഫ്റ്റ് കമ്പനി നിര്‍മിക്കുന്നത്. സി.എൻ.എന്നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ വെച്ച് പരീക്ഷണപ്പറക്കല്‍ നടത്താനും തീരുമാനമായിട്ടുണ്ട്. ആര്‍ക്കും ഈ യാത്രയില്‍ പങ്കെടുക്കാമെന്നതാണ് പ്രത്യേകത. ഒന്നേകാല്‍ ലക്ഷം ഡോളറാണ് കമ്പനി ഒരാളില്‍ നിന്നും ഈടാക്കുക. സി.എന്‍.എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സുഹ്‌റത്ത് തന്റെ പതിനൊന്നാം വയസ്സില്‍ കുറിച്ച ആശയം തന്നെയാണ് ബഹിരാകാശ കമ്പനി സ്വീകരിച്ചിരിക്കുന്നത് എന്നത് തികച്ചും യാദൃശ്ചികം മാത്രം. അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രമാണ് ചില ഫിക്ഷനുകള്‍ പില്‍ക്കാലത്ത് യാഥാര്‍ഥ്യമാകാറ്. അത്തരമൊരു അവസരമാണ് സുഹ്‌റത്ത് സിത്താരയെത്തേടി എത്തിയിരിക്കുന്നത്.
കാസര്‍കോട്ടുകാരായ ശുഹൈബിന്റെയും അഫ്രാനയുടെയും മകളായ സുഹ്‌റത്ത് നിലവില്‍ ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. കാസര്‍കോട് എം.പി. ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സുഹ്‌റത്ത് നോവലെറ്റ് തയ്യാറാക്കുന്നത്. ഇംഗ്ലീഷ് അധ്യാപിക കൊടുത്ത ഒരു അസൈന്‍മെന്റിന്റെ ഉത്തരമായാണ് ഈ മിടുക്കി നോവലെറ്റ് തയ്യാറാക്കിയത്. ഇതുകണ്ട് ഇഷ്ടപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ.എ.എം.കുഞ്ഞിയാണ് നോവലെറ്റ് പുസ്തകമാക്കാന്‍ സുഹ്‌റത്തിന്റെ സഹായിച്ചത്. എഴുത്തില്‍ മാത്രമല്ല ചിത്രകലയിലും മുന്നിലാണ് ഈ മിടുക്കി. പുസ്തകത്തിലെ എല്ലാ ചിത്രങ്ങളും വരച്ചത് സുഹ്‌റത്ത് തന്നെയാണ്.
ഗൗരി, ഗൗരവ്, പ്രിയ, മോഹന്‍ എന്നീ നാലു കുട്ടികള്‍ ഭൂമിയില്‍ നിന്നും നെപ്ട്യൂണിലേക്ക് സ്‌പേസ്ഷിപ്പില്‍ യാത്ര ചെയ്യുന്നതാണ് നോവലെറ്റിന്റെ സാരാംശം. നെപ്ട്യൂണിലെത്തുമ്പോള്‍ മോഹന്‍ എന്ന കഥാപാത്രത്തിന് നാട്ടിലുള്ള മുത്തശ്ശിയെ വിളിക്കണമെന്ന മോഹം മനസ്സിലുദിക്കുമ്പോള്‍ അവിടെനിന്നും കിട്ടിയ മാന്ത്രിക കാന്തിക നീലക്കല്ലുകള്‍ ബാറ്ററിയായി ഉപയോഗിച്ച് ആ കല്ലുകള്‍ക്ക് നെപ്‌സ്‌ടോണ്‍സ് എന്ന് പേരിട്ട് കുട്ടികള്‍ ആ ആഗ്രഹം സഫലീകരിക്കുന്നു. അതുപോലെ രസകരമായ പല കാര്യങ്ങളും എര്‍ത്ത് ടു നെപ്ട്യൂണ്‍ എന്ന കൃതിയിലൂടെ ഈ കൊച്ചുമിടുക്കി എഴുതിയിട്ടുണ്ട്
2018-ലെ കൊച്ചി ബിനാലെയില്‍ വെച്ച് ആര്‍ട്ടിസ്റ്റ് ബാര ഭാസ്‌കരന്‍, വി സുനില്‍, റിയാസ് കോമു, ബോസ് കൃഷ്ണമാചാരി, എന്‍.എസ്. മാധവന്‍, ആര്‍ക്കിടെക്റ്റ് ടോണി ജോസഫ് സ്ഥാപതി തുടങ്ങിയവര്‍ സുഹ്‌റത്തിന്റെ പുസ്തകം പരിചയപ്പെടുത്തിയിരുന്നു.

പതിനൊന്നുകാരിയില്‍ കവിഞ്ഞ പക്വതയും സങ്കല്‍പ്പ ഭംഗിയും എഴുത്തും ഇംഗ്ലീഷില്‍ രചിച്ചിട്ടുള്ള ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. ക്വാക്ക് ക്വാക്ക് ദ റൈറ്റേഴ്‌സാണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.
എട്ടാംതരത്തില്‍ പഠിക്കുമ്പോള്‍ ഇംഗ്ലീഷ് കഥാരചനയില്‍ ജില്ലാതലത്തില്‍ എ ഗ്രേഡ് നേടുകയും കാസര്‍കോടിനെ പ്രതിനിധീകരിച്ച് സംസ്ഥാന യുവജനോത്സവത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നിലവില്‍ നിരവധി ഇംഗ്ലീഷ് ചെറുകഥകളും കവിതകളും സുഹ്‌റത്ത് സിത്താര എഴുതിയിട്ടുണ്ട്. അതോടൊപ്പം ലോക്ക്ഡൗണ്‍ സമയത്ത് സ്വന്തമായി ഒരു യൂട്യൂബ് ചാനലും തുടങ്ങി. സോക്രിയേഷന്‍സ് എന്ന ചാനലിന് ഏകദേശം പന്ത്രണ്ടായിരത്തോളം സബ്‌സ്‌ക്രൈബേഴ്‌സുണ്ട്.
ഹ്യൂമണ്‍ സ്‌പേസ് ഫ്‌ലൈറ്റ് കമ്പനിയുടെ നെപ്ട്യൂണ്‍ യാത്ര പൂര്‍ത്തീകരിക്കുമ്പോള്‍ സുഹ്‌റത്ത് സിത്താരയിലൂടെ മലയാളികള്‍ക്കും അഭിമാനിക്കാനുളള അവസരമാണ് ഒരുങ്ങുന്നത്. ഇപ്പോള്‍ എഴുത്തിന്റെ ലോകത്ത് പുതിയ ലോകം കീഴടക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് സുഹ്‌റത്ത് സിത്താര.
Content Highlights: Zuhrath Sithara's novelette Earth to Neptune gets worldwide recognition
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..