ആക്രിക്കടകളിലും ചോര്‍ബസാറുകളിലും തട്ടിന്‍പുറങ്ങളിലും ക്ലാസിക്ക് സിനിമകള്‍ക്കായി അലഞ്ഞ ഒരു മനുഷ്യന്‍


പി.കെ സുരേന്ദ്രന്‍'ഇന്ത്യന്‍  സിനിമയുടെ പിതാവ് ' എന്ന രീതിയിലുള്ള ഫാല്‍ക്കെയുടെ ബഹുമതിക്ക്  പിന്നില്‍  നായരുടെ അചഞ്ചലമായ ആവേശം ഉണ്ട്, സിനിമയുടെ പ്രിന്റ് കണ്ടെത്തി റീസ്റ്റോര്‍ ചെയ്യുന്നതിലും, ആ രീതിയില്‍ തന്റെ എഴുത്തിലൂടെയും, സിനിമാ പ്രദര്‍ശനങ്ങളിലൂടെയും ഫാല്‍ക്കെയെ ഉയര്‍ത്തിക്കാണിക്കുന്നതില്‍.  നായരുടെ വലിയ ആവേശമായിരുന്നു ഫാല്‍ക്കെ.

പി.കെ. നായർ

ജി. അരവിന്ദന്റെ 'തമ്പ് ' (1978), 'കുമ്മാട്ടി' (1979) എന്നീ സിനിമകളുടെ റീസ്റ്റോര്‍ ചെയ്ത പ്രിന്റുകള്‍ തയ്യാറായിരിക്കുന്നു. ഇക്കഴിഞ്ഞ കാന്‍ മേളയുടെ ക്ലാസ്സിക് വിഭാഗത്തില്‍ 'തമ്പി'ന്റെ റീസ്റ്റോര്‍ഡ് പ്രിന്റ് പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഈ സിനിമയില്‍ പ്രവര്‍ത്തിച്ച പലരും പങ്കെടുത്ത ഈ പ്രദര്‍ശനം മലയാള സിനിമയ്ക്ക് ഒരു അഭിമാന മുഹൂര്‍ത്തമായി മാറി. 'അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം'എന്നാണ് മാര്‍ട്ടിന്‍ സ്‌കോസെസി 'കുമ്മാട്ടി'യെ പുകഴ്ത്തിയത്. 'കുമ്മാട്ടി'യുടെ റീസ്റ്റോര്‍ഡ് പ്രിന്റ് കഴിഞ്ഞ കേരള അന്താരാഷ്ട്ര മേളയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിലിം ഹെറിറ്റേജ് ഫൌണ്ടേഷന്റെ സാരഥി ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ ആണ് ഈ പ്രവര്‍ത്തനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. Martin Scorsese Foundation, Cineteca di Bologna എന്നീ സ്ഥാപനങ്ങളുമായി സഹഹകരിച്ചാണ് റീസ്റ്റോറേഷന്‍ നടക്കുന്നത്. ഇതേക്കുറിച്ച് ദുംഗാര്‍പൂര്‍ പറയുന്നു: 'നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ ശേഖരത്തില്‍ 'തമ്പ് ' ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, എന്നാല്‍ അതിന്റെ അവസ്ഥ എന്താണെന്ന് അറിയുമായിരുന്നില്ല. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം ആര്‍ക്കൈവിന്റെ മെമ്പര്‍ എന്ന നിലയില്‍, ലോകമെമ്പാടുമുള്ള 171 അംഗ സ്ഥാപനങ്ങളോടും 'തമ്പി'ന്റെ പ്രിന്റ് ഉണ്ടോ എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. ജപ്പാനിലെ ഫുകുവോക്ക ആര്‍ക്കൈവില്‍ നിന്ന് അവരുടെ പക്കല്‍ ജാപ്പനീസ് സബ്‌ടൈറ്റിലുകളുള്ള പ്രിന്റ് ഉണ്ട് എന്ന വിവരം ലഭിച്ചു. എന്നാല്‍ ഇത് സിനിമ റീസ്റ്റോര്‍ ചെയ്യാന്‍ അപര്യാപ്തമായിരുന്നു. പൂനയിലെ ഫിലിം ആര്‍ക്കൈവാണ് സിനിമകളുടെ മികച്ച ഉറവിടം എങ്കിലും അവിടെ ഒറിജിനല്‍ ക്യാമറ നെഗറ്റീവ് ഇല്ല. അവസാനം അവിടെ ഉണ്ടായിരുന്ന 35 എംഎം പ്രിന്റില്‍ നിന്ന് ഡ്യൂപ്പ് നെഗറ്റീവ് ഉണ്ടാക്കി ഉപയോഗിക്കാമെന്ന് ഞങ്ങള്‍ കണ്ടെത്തി'. അങ്ങിനെയാണ് റീസ്റ്റോറേഷന്‍ നടക്കുന്നത്.

ഈ സന്ദര്‍ഭത്തിലാണ് നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ സാരഥിയായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച പി.കെ. നായരും സിനിമകള്‍ ശേഖരിക്കാനുള്ള അദ്ദേഹത്തിന്റെ തീവ്ര ശ്രമങ്ങളും പ്രസക്തനാവുന്നത്. 1991ല്‍ റിട്ടയര്‍ ചെയ്ത ശേഷം അദ്ദേഹം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു. 2016 മാര്‍ച്ച് നാലാം തിയ്യതി അദ്ദേഹം അന്തരിച്ചു. ഇന്ത്യയുടെ 'സെല്ലുലോയ്ഡ് മാന്‍' എന്നറിയപ്പെടുന്ന പി.കെ. നായര്‍ ഒരു ചലച്ചിത്രപ്രേമിയും ആര്‍ക്കൈവിസ്റ്റും ആയിരുന്നു. ഒരു കലാരൂപം എന്നതിനൊപ്പം നമ്മുടെ കാലത്തെ ഒരു പ്രധാന ദൃശ്യ രേഖയായും അദ്ദേഹം സിനിമയെ കണ്ടു, അതുകൊണ്ടുതന്നെ ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കപ്പെടണം. ഇന്ത്യയില്‍ ചലച്ചിത്ര സംരക്ഷണം തിരിച്ചറിയപ്പെടാത്ത പ്രവൃത്തിയായിരുന്ന ദശകങ്ങളില്‍ നീണ്ടതും ഏകാന്തവും ദുഷ്‌കരവുമായ ഒരു ജോലിയായിരുന്നു അത്. അംഗീകാരമോ പ്രതിഫലമോ പരിഗണിക്കാതെ, ഇന്ത്യന്‍ സിനിമയുടെ സംരക്ഷകനായി പി.കെ. നായര്‍ ശാന്തവും ഭ്രാന്തവുമായ ആവേശത്തോടെ പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ സിനിമാ പൈതൃകം സംരക്ഷിക്കുന്നതിനായി അദ്ദേഹം തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിച്ചു. അന്തര്‍ദ്ദേശീയ തലത്തില്‍ സിനിമാ സംരക്ഷണ രംഗത്ത് പ്രശസ്തനായ ഹെൻ​റി ലാംഗ്ലോയ്‌സുമായാണ് നായരെ താരതമ്യപ്പെടുത്തുന്നത്.

'തന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നതിനും അദ്ദേഹത്തിന്റെ ജീവിത പ്രവര്‍ത്തനങ്ങള്‍ വൃഥാവിലാവില്ലെന്ന് ഉറപ്പുവരുത്തുന്നതിനുമായി ഫിലിം ഹെറിറ്റേജ് ഫൌണ്ടേഷന്‍ ആരംഭിക്കാന്‍ അദ്ദേഹം ഞങ്ങളെ പ്രചോദിപ്പിച്ചു. വിലമതിക്കാനാവാത്ത ഒരു ഉപദേഷ്ടാവായിരുന്ന അദ്ദേഹം നമ്മോടൊപ്പമില്ലാതിരുന്നിട്ടും അദ്ദേഹത്തിന്റെ രചനകള്‍ നമുക്ക് മാര്‍ഗനിര്‍ദേശത്തിന്റെ ഉറവിടമായി തുടരുന്നു.' ശിവേന്ദ്ര സിംഗ് ദുംഗാര്‍പൂര്‍ ഇപ്രകാരം പറയുന്നു. ദുംഗാര്‍പൂര്‍ സംവിധാനം ചെയ്ത 'സെല്ലുലോയ്ഡ് മാന്‍' എന്ന സിനിമ നായരുടെ ജീവിതത്തെയും സിനിമാ സംരക്ഷണ ശ്രമങ്ങളെയും, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങളെയും രേഖപ്പെടുത്തുന്നു. താന്‍ അന്തരിച്ചാല്‍ തന്റെ സ്വകാര്യ ശേഖരം, കാറ്റലോഗുകള്‍, ഫയലുകള്‍, ഡയറിക്കുറിപ്പുകള്‍, ജേണലുകള്‍ എന്നിവയെല്ലാം ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന് ആര്‍ക്കൈവുചെയ്യാന്‍ നല്‍കണമെന്ന് അദ്ദേഹം കുടുംബത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിലൂടെ കടന്നുപോകുമ്പോള്‍, അദ്ദേഹം സിനിമയെക്കുറിച്ചുള്ള ഒരു മികച്ച എഴുത്തുകാരനായിരുന്നുവെന്നും സിനിമയെക്കുറിച്ച് വിവിധ വശങ്ങളില്‍ നിന്ന് എഴുതിയതിനാല്‍ ഈ രചനാ സമ്പത്ത് ഒരു മികച്ച പുസ്തകമായി മാറുമെന്നും കണ്ടെത്തിയാതിനെ തുടര്‍ന്നാണ് Yesterday's Films for Tomorrow എന്ന പുസ്തകം ഫിലിം ഹെറിറ്റേജ് ഫൌണ്ടേഷന്‍ പ്രസിദ്ധീകരിക്കുന്നത്. രാജേഷ് ദേവ് രാജ് എഡിറ്റ് ചെയ്ത ഈ പുസ്തകം പി.കെ. നായര്‍ പ്രവര്‍ത്തിച്ച പല മേഖലകള്‍ വെളിപ്പെടുത്തുന്നു. ഒരു സിനിമാപ്രേമി, ആര്‍ക്കൈവിസ്റ്റ്, ചലച്ചിത്ര ചരിത്രകാരന്‍, ചലച്ചിത്ര നിരൂപകന്‍, പംക്തീകാരന്‍, സുവിശേഷകന്‍, അദ്ധ്യാപകന്‍ ഈ രീതിയിലാണ് പുസ്തകം ക്രമീകരിച്ചിരിക്കുന്നത്. ഇതിനൊക്കെ അപ്പുറം അവസാനം വരെ അദ്ദേഹം ഒരു സിനിമാ വിദ്യാര്‍ഥിയായിരുന്നു. ഇതെല്ലാം അദ്ദേഹത്തിന്റെ രചനകളുടെ ഈ സമാഹാരത്തില്‍ പ്രതിഫലിക്കുന്നു.

സിനിമയുടെ സംരക്ഷണത്തിനായി നാഷണല്‍ ഫിലിം ആര്‍ക്കൈവ് സ്ഥാപിതമായെങ്കിലും ഇന്ത്യയില്‍ സിനിമകളുടെ നിയമപരമായ നിക്ഷേപം ഉണ്ടായിട്ടില്ല. അതിനാല്‍ ആര്‍ക്കൈവ്‌സിന് സ്വകാര്യ ചലച്ചിത്ര നിര്‍മ്മാതാക്കളുടെ സൗഹാര്‍ദ്ദത്തെയും സഹകരണത്തെയും ആശ്രയിക്കേണ്ടിവന്നു. ഒരു സിനിമയ്ക്കായി ലക്ഷങ്ങള്‍ ചിലവഴിക്കുന്ന ഒരു നിര്‍മ്മാതാവ് ആര്‍ക്കൈവില്‍ നിക്ഷേപിക്കാനുള്ള ഒരു പ്രിന്റിന് 20000 രൂപ ചെലവഴിക്കാന്‍ ബുദ്ധിമുട്ടി. 'എന്തിനാണ് ഒരു പുതിയ പ്രിന്റ് ആര്‍ക്കൈവിന്റെ ശേഖരത്തില്‍ വെറുതെ കിടക്കാനായി കൊടുക്കണം, അത് പ്രാദേശിക സിനിമാശാലകളില്‍ മികച്ച വരുമാനം നേടിത്തരുമല്ലോ' ഇതാണ് പലരുടെയും മനോഭാവം. ആര്‍ക്കൈവ് അവരുടെ സിനിമയ്ക്ക് അനശ്വരത കൈവരിക്കാനാകുന്ന സ്ഥലമാണെന്നും ഇതിലൂടെ ഈ സിനിമകള്‍ വരും തലമുറകള്‍ കാണും എന്നതില്‍ അവര്‍ക്ക് ഒരു താത്പര്യവും ഇല്ല. അതേസമയം, ആര്‍ക്കൈവില്‍ പ്രിന്റ് നിക്ഷേപിച്ച ചിലര്‍ അവരുടെ ഒറിജിനല്‍ നെഗറ്റീവ് ദ്രവിച്ചു പോയതിനാല്‍ ഈ പ്രിന്റില്‍ നിന്ന് ഒരു ഡ്യൂപ്പ് തയ്യാറാക്കി പ്രിന്റുകള്‍ എടുത്തു. ഇത് ഒരു നിര്‍മാതാവിന് വലിയ ബിസിനസ്സ് നല്‍കി. 'സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് തന്നെ രക്ഷിച്ചതിന് ആര്‍ക്കൈവിനോട് അദ്ദേഹം വളരെ നന്ദിയുള്ളവനായിരുന്നു' – നായര്‍ എഴുതുന്നു.

വിദേശ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ചലച്ചിത്ര നിര്‍മാതാക്കള്‍, ചില അപവാദങ്ങള്‍ ഒഴികെ, റിലീസ് ചെയ്യുന്നതിന് ആവശ്യമായ പ്രിന്റുകള്‍ എടുക്കുന്നതിനുമുമ്പ് മാസ്റ്റര്‍ പോസിറ്റീവ് അല്ലെങ്കില്‍ ഡ്യൂപ്പ് നെഗറ്റീവ് എടുക്കുന്ന പതിവില്ല. യഥാര്‍ത്ഥ നെഗറ്റീവില്‍ നിന്ന് ആവശ്യമായ റിലീസ് പ്രിന്റുകള്‍ എടുക്കുക എന്നതാണ് ഇവിടെയുള്ള സമ്പ്രദായം. സിനിമാ നിര്‍മ്മാണത്തിന്റെ മാതൃകാ പരമായ സാഹചര്യങ്ങളില്‍, ഒറിജിനല്‍ നെഗറ്റീവ് ഒരിക്കലും സ്പര്‍ശിക്കില്ല, പൊതു റിലീസിന് ആവശ്യമായ പ്രിന്റുകള്‍ ഒരു ഡ്യൂപ്പില്‍ നിന്നോ ഇന്റര്‍നെഗറ്റീവില്‍ നിന്നോ എടുക്കുന്നു. ഒറിജിനല്‍ നെഗറ്റീവില്‍ നിന്ന് ഓരോ തവണയും പ്രിന്റ് എടുക്കുമ്പോഴെല്ലാം അത് ഒരു നിശ്ചിത അളവിലുള്ള തേയ്മാനത്തിന് വിധേയമാകുന്നു, ഇത് അതിന്റെ ആയുസ്സിനെ ബാധിക്കുന്നു.

സിനിമാ ഭ്രാന്ത്

സിനിമയെ വെറുക്കുന്ന ഒരു യാഥാസ്ഥിതിക കുടുംബമായിരുന്നു നായരുടേതും. ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ സമൂഹം ഭ്രഷ്ടരായാണ് കണ്ടിരുന്നത്. എന്തിനധികം, സിനിമ കാണുന്നതുപോലും 'നല്ല കുടുംബത്തില്‍' പിറന്നവര്‍ക്ക് ചേര്‍ന്നതായിരുന്നില്ല. നായരുടെ പിതാവും സിനിമയെ വളരെ സാമൂഹ്യവിരുദ്ധമായി വീക്ഷിച്ച ഒരാളായിരുന്നു. ഇത് സമൂഹത്തിലെ എല്ലാ തിന്മകള്‍ക്കും ഉത്തരവാദിയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കുടുംബം മുഴുവന്‍ ഉറങ്ങുമ്പോള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റ് പതുങ്ങിപ്പതുങ്ങി പുറത്തു കടന്ന് അടുത്തുള്ള ശ്രീ പത്മനാഭ അല്ലെങ്കില്‍ ചിത്ര തിയ്യറ്ററിലേക്ക് ഒടിപ്പോയാണ് അദ്ദേഹം സിനിമകള്‍ കണ്ടിരുന്നത്. അതുകൊണ്ട് അവസാന ഷോയുടെ രണ്ടാം പകുതി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. തുടക്കം പിന്നീട് ഒരു മാറ്റിനി ഷോയില്‍ കണ്ടു.

പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ശ്രീമൂല വിലാസം ഹൈസ്‌കൂളില്‍. കേരള സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷം ഒരു സിനിമാ തിയ്യറ്ററില്‍ ബുക്കിങ് മാനേജരായി ജോലിചെയ്തു. ആദ്യം തൊട്ടുതന്നെ മെഹ്ബൂബിന്റെ സിനിമകള്‍ നായരെ ആകര്‍ഷിച്ചിരുന്നു. 'എനിക്ക് എപ്പോഴെങ്കിലും മെഹ്ബൂബിന് കീഴില്‍ സിനിമ പഠിക്കാന്‍ അവസരം കിട്ടിയാല്‍ തീര്‍ച്ചയായും അങ്ങിനെ ചെയ്യുമെന്ന് എന്നെക്കൊണ്ട് തീരുമാനമെടുപ്പിച്ചു' എന്ന് നായര്‍ എഴുതി. അങ്ങിനെയാണ് പഠന ശേഷം അദ്ദേഹം മുംബൈയിലേക്ക് പോയത്. 1950കളുടെ തുടക്കമായിരുന്നു അത്. മുംബൈയില്‍ എത്തിയപ്പോള്‍ അദ്ദേഹം ആദ്യം ചെയ്തത് മെഹബൂബിനെ ഫോണ്‍ വിളിക്കുക എന്നതായിരുന്നു. ബാന്ദ്രയിലെ അദ്ദേഹത്തിന്റെ ഓഫീസിന് മുന്നില്‍ ഒന്നോ രണ്ടോ ദിവസം കാത്തിരിക്കേണ്ടിവന്നെങ്കിലും അവസാനം അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞു. തുടര്‍ന്ന് മെഹ്ബൂബ് അദ്ദേഹത്തിന്റെ 'പൈസാ ഹെ പൈസ' എന്ന സിനിമയില്‍ ശമ്പളമില്ലാത്ത അസിസ്റ്റന്റായി നിയമിച്ചു. ജോലി സാമ്പത്തികമായി ഒന്നും നെടിക്കൊടുത്തില്ലെങ്കിലും മെഹ്ബൂബ് 'മദര്‍ ഇന്ത്യ' സംവിധാനം ചെയ്യുന്നത് കാണാന്‍ അവസരം കിട്ടി. അതുപോലെ ബിമല്‍ റോയ് സിനിമ ചിത്രീകരിക്കുന്നത് കാണാനും കഴിഞ്ഞു. അവിടെവച്ച് റോയിയുടെ സഹായികളില്‍ ഒരാളായ ഋഷികേശ് മുഖര്‍ജിയെ നായര്‍ പരിചയപ്പെട്ടു. തുടര്‍ന്ന് 'അനാരി' (Anari, 1959) എന്ന സിനിമയില്‍ മുഖര്‍ജിയെ എഡിറ്റിംഗില്‍ സഹായിച്ചു. അവിടെ ജോലി ചെയ്തിരുന്ന വിദേശ സാങ്കേതിക വിദഗ്ദ്ധരില്‍ നിന്ന് അദ്ദേഹം കളര്‍ പ്രോസസ്സിംഗിനെക്കുറിച്ച് പഠിച്ചു. മെഹ്ബൂബ് സ്റ്റുഡിയോയിലെ ഒരു അസിസ്റ്റന്റ് ക്യാമറാമാനോടൊപ്പം നായര്‍ ഒരു സിനിമയുണ്ടാക്കാന്‍ ശ്രമിച്ചു. ഒരു കഥയുണ്ടാക്കി. അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്തപ്പോള്‍ അത് നിരവധി മാറ്റങ്ങള്‍ക്ക് വിധേയമായി. ഈ പ്രക്രിയ അദ്ദേഹത്തില്‍ തന്റെ മേഖല സിനിമാ സംവിധാനം അല്ല എന്ന വിശ്വാസം സ്ഥിരീകരിച്ചു. തുടര്‍ന്ന് ജോലിക്കായി ഫിലിംസ് ഡിവിഷനെ സമീപിക്കാന്‍ തീരുമാനിച്ചു. അവിടെവെച്ച് ഡോക്യുമെന്ററി സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ ഴാന്‍ ഭൌനഗരിയെ (Jean Bhownagary) നായര്‍ പരിചയപ്പെട്ടു. സര്‍ക്കാറിന്റെ പുതുതായി ആരംഭിച്ച ഫിലിം സ്‌കൂളായ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഭാഗ്യം പരീക്ഷിക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്തു. അപ്രകാരം എഫ്.ടി.ഐ.ഐയില്‍ അപേക്ഷിക്കുകയും റിസര്‍ച് ആന്‍ഡ് റഫറന്‍സ് അസിസ്റ്റന്റായി നിയമിതനാവുകയും ചെയ്തു.

തുടക്കം

1961 മാര്‍ച്ചില്‍ നായര്‍ എഫ്.ടി.ഐ.ഐയില്‍ ചേര്‍ന്നു, ആദ്യ വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ ക്ലാസുകള്‍ ആരംഭിക്കുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്. അന്ന് അദ്ദേഹത്തിന് 28 വയസ്സായിരുന്നു. വൈസ് പ്രിന്‍സിപ്പാള്‍ ജഗത് മുരാരിക്ക് കോഴ്‌സ് നിര്‍ണ്ണയിക്കാനായി വിദേശത്തുള്ള ഫിലിം സ്‌കൂളുകളില്‍ നിന്ന് സിലബസുകള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ജോലി. വിദ്യാര്‍ത്ഥികള്‍ക്കായി പുസ്തകങ്ങളുടെയും സിനിമകളുടെയും ഒരു ലൈബ്രറി ഉണ്ടാക്കാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആഗ്ര ഫിലിം സൊസൈറ്റിയുടെ സതീഷ് ബഹാദൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമാ ആസ്വാദനത്തിന്റെ പ്രൊഫസറായി ചേര്‍ന്നപ്പോള്‍ ഈ പ്രവര്‍ത്തിക്ക് വലിയ പ്രചോദനം ലഭിച്ചു. വിദേശ ക്ലാസിക്കുകളുടെ പ്രിന്റുകള്‍ ലഭ്യമാക്കാനായി ബഹാദൂറും നായരും വിദേശ ആര്‍ക്കൈവുകളുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ തുടങ്ങി. (പൊതുവെ കരുതുന്നതുപോലെ നായര്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയുടെ സ്ഥാപകനായിരുന്നില്ല. ആര്‍ക്കൈവ് സ്ഥാപിതമായപ്പോള്‍ ഔദ്യോഗികമായി മുരാരിയായിരുന്നു ആര്‍ക്കൈവിന്റെ തലവന്‍. അടുത്ത വര്‍ഷം പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ പരീക്ഷയിലൂടെ അസിസ്റ്റന്റ് ക്യൂറേറ്ററായി നായര്‍ തിരഞ്ഞെടുക്കപ്പെട്ടു). ആദ്യ വര്‍ഷത്തില്‍ 50,000 രൂപയുടെ ബജറ്റും എഫ്.ടി.ഐ.ഐയില്‍ ഒരു മുറിയും കൂടാതെ അദ്ദേഹത്തെ സഹായിക്കാന്‍ രണ്ട് സഹജോലിക്കാര്‍ ഒരു സഹായിയും ഒരു ഫിലിം ചെക്കറും ഉണ്ടായിരുന്നു. അപകടകരമാംവിധം ജ്വലന സ്വഭാവമുള്ള നൈട്രേറ്റ് ഫിലിം ഉള്‍പ്പെടുന്ന അയാളുടെ ശേഖരം സൂക്ഷിക്കാന്‍ എഫ്.ടി.ഐ.ഐ. വളപ്പില്‍ രണ്ട് ചെറിയ നിലവറകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതില്‍ ആവശ്യമായ എയര്‍കണ്ടീഷന്‍ഡ് സംവിധാനം ഉണ്ടായിരുന്നില്ല. പകരം രണ്ട് പാളികള്‍ക്കിടയില്‍ സ്പടികക്കല്ലുകള്‍ നിറച്ച ചുമരുകളും മേല്‍ക്കൂരയില്‍ ഒരു വലിയ വാട്ടര്‍ ടാങ്ക് സ്ഥാപിക്കുകയും ചെയ്തതായിരുന്നു നിലവറകള്‍.

നഷ്ടപ്പെട്ട സിനിമാ പൈതൃകം

നായര്‍ നാഷണല്‍ ആര്‍ക്കൈവ് ഓഫ് ഇന്ത്യയില്‍ നിയമിതനാവുമ്പോള്‍ നമ്മുടെ സിനിമാ പൈതൃകത്തിന്റെ വലിയൊരു ഭാഗം ചലച്ചിത്ര വ്യവസായത്തിന്റെയും സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും അനാസ്ഥ കാരണം അപ്രത്യക്ഷമാവുകയോ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്ന ആശങ്കയിലോ ആയിരുന്നു. നിശ്ശബ്ദ സിനിമയുടെ കാലത്തെ 1700 സിനിമകളില്‍ വളരെ ചെറിയ ശതമാനം സിനിമകള്‍ മാത്രമാണ് ഇന്ന് ബാക്കിയുള്ളത്. 1931നും 1950നും ഇടയില്‍ അന്നത്തെ ബോംബെയില്‍ നിര്‍മ്മിച്ച 2000ലധികം സിനിമകളില്‍ 80% കാണുന്നതിന് ലഭ്യമല്ല. ഇന്ത്യയിലെ ആദ്യ സിനിമയായ 'രാജാ ഹരിശ്ചന്ദ്ര'യുടെ (1913) പുനര്‍ചിത്രീകരിച്ച പതിപ്പാണ് ഇന്നുള്ളത്. ഒരു സിനിമാ ടെന്റില്‍ നിന്ന് മറ്റൊരു ടെന്റിലേക്ക് കാളവണ്ടിയില്‍ കൊണ്ടുപോകവെ സിനിമയുടെ അവശേഷിച്ച പ്രിന്റിന് തീപ്പിടിച്ചു. തുടര്‍ന്ന് ഫാല്‍ക്കെ ഷോട്ടോട് ഷോട്ട് എന്ന രീതിയില്‍ സിനിമ പുനര്‍ചിത്രീകരിച്ചു.
തീപ്പിടുത്തം, അനാസ്ഥ എന്നീ കാരണങ്ങളാണ് പല സിനിമകളുടെ നെഗറ്റീവുകളും നഷ്ടപ്പെട്ടത്. നെഗറ്റീവില്‍ നിന്ന് ഉരുക്കുയെടുക്കാന്‍ കഴിയുന്ന അല്‍പ്പം വെള്ളിക്കു വേണ്ടിയാണ് പല നെഗറ്റീവുകളും നശിപ്പിക്കപ്പെട്ടത്. ഫിലിമുകള്‍ ചാക്കില്‍ വാങ്ങികൊണ്ടുവന്ന് വെള്ളത്തില്‍ തിളപ്പിച്ച് എമല്‍ഷന്‍ നീക്കംചെയ്യുന്നതായി തെക്കേ ഇന്ത്യയില്‍ നായര്‍ കണ്ടെത്തി. അവശേഷിക്കുന്ന സെല്ലുലോയ്ഡ് ഉരുക്കി വളകളും കളിപ്പാട്ടങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു. പല ക്ലാസ്സിക് സിനിമകളുടെയും പ്രിന്റുകള്‍ ഇത്തരത്തില്‍ നശിച്ചുവെങ്കിലും ഇതിന്റെ പരാന്നഭോജിയായി ഉണ്ടായ കുടില്‍ വ്യവസായം തഴച്ചു വളര്‍ന്നു.

മലയാളത്തിലെ രണ്ടാമത്തെ നിശ്ശബ്ദ ഫീച്ചര്‍ സിനിമയായ 'മാര്‍ത്താണ്ഡ വര്‍മ്മ'യുടെ (1933) ശേഷിച്ച ഒരേഒരു പ്രിന്റ് പി.കെ. നായര്‍ കണ്ടെത്തുന്നത് 1974ലാണ്. തിരുവനന്തപുരത്തെ സേവ്യേഴ്‌സ് ലോഡ്ജിന്റെ ഒരു മുറിയില്‍ ഉപേക്ഷിക്കപ്പെട്ട രീതിയില്‍. കമലാലയം ബുക്ക് ഡിപ്പോയുടെ ഓഫീസ്സായിരുന്നു ഒരിക്കല്‍ ഈ കെട്ടിടം. ഇവരാണ് നോവല്‍ പ്രസിദ്ധീകരിച്ചത്. സിനിമയുടെ യഥാര്‍ത്ഥ ദൈര്‍ഘ്യം 11,905 അടിയായിരുന്നു. ഈ പ്രിന്റിന്റെ ഒരു ഭാഗം കേടായിരുന്നു. സംരക്ഷിച്ച പതിപ്പിന്റെ ദൈര്‍ഘ്യം 7,915 അടി മാത്രമാണ്.

ഇന്ത്യയിലെ ആദ്യ സിനിമയ്ക്കായുള്ള തിരച്ചില്‍

ഫാല്‍ക്കെ

സിനിമകള്‍ ശേഖരിക്കാനായുള്ള നായരുടെ ശ്രമങ്ങള്‍ ത്രസിപ്പിക്കുന്ന രീതിയിലുള്ളതും അപകടം പിടിച്ചതുമായിരുന്നു. ഫാല്‍ക്കെയുടെ സിനിമകള്‍ സംഘടിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് നായര്‍ വിശദമായി എഴുതുന്നുണ്ട്. അതിനായി അദ്ദേഹം ഫാല്‍ക്കെയുടെ കുടുംബവുമായി ബന്ധപ്പെട്ടു. ഫാല്‍ക്കെയുടെ മകള്‍ മന്ദാകിനിയില്‍ നിന്ന് 'രാജാ ഹരിശ്ചന്ദ്ര'യുടെ ആദ്യ റീല്‍ കരസ്ഥമാക്കി. 1969ല്‍, മുംബൈയുടെ പ്രാന്തപ്രദേശമായ ഡോംബിവിലിയില്‍ താമസിച്ചിരുന്ന ഫാല്‍ക്കെയുടെ മൂത്തമകനായ നീല്‍കണ്ഠ ഫാല്‍ക്കെയില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ ലഭ്യമാകും എന്ന് മനസ്സിലായതിനെത്തുടര്‍ന്ന് അദ്ദേഹം നീല്‍കണ്ഠയെ കാണാന്‍ പോയി. രണ്ട് തുരുമ്പിച്ച ടിന്നുകള്‍ നീല്‍കണ്ഠ മുന്നില്‍ കൊണ്ടുവന്നുവെച്ചപ്പോള്‍ നായര്‍ പുളകിതനായി. എന്നാല്‍, അവയില്‍ ധാരാളം പോസിറ്റീവ് ഫിലിം കഷണങ്ങളായിരുന്നു. സൂക്ഷ്മപരിശോധനയില്‍, ഒന്നില്‍ 'രാജാ ഹരിശ്ചന്ദ്ര'യുടെ അവസാന സീക്വന്‍സ് ഉണ്ടെന്ന് നായര്‍ മനസ്സിലാക്കി. നീല്‍കണ്ഠ പറഞ്ഞതനുസരിച്ച് ഫാല്‍ക്കെയുടെ ഇളയ മകന്‍ പ്രഭാകറെ കാണാന്‍ നായര്‍ ഫാല്‍ക്കെ അവസാന വര്‍ഷങ്ങള്‍ ചെലവഴിച്ച നാസിക്കിലെ വീട്ടിലേക്ക് പോയി. വിവിധ ഫാല്‍ക്കെ സിനിമകളില്‍ നിന്നുള്ള ചില റീലുകളും കഷണങ്ങളും അടങ്ങിയ ഒരു തടിപ്പെട്ടി പ്രഭാകര്‍ നായരുടെ മുന്നില്‍ കൊണ്ടുവച്ചു. ഒപ്പം ഷോട്ടുകളെക്കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങിയ (ഒരുപക്ഷേ, ഫാല്‍ക്കെയുടെ സ്വന്തം കൈപ്പടയില്‍ ഉള്ളതായിരിക്കും) പുഴു അരിച്ച ഒരു നോട്ടുബുക്കും. പെട്ടി തുറന്ന് അകത്ത് നോക്കിയപ്പോള്‍ കണ്ട കാനുകള്‍ വളരെക്കാലം തുറന്നിട്ടില്ലെന്ന് നായര്‍ക്ക് മനസ്സിലായി. അവയുടെ മൂടി തുറക്കാന്‍ പറ്റാത്തവിധം അടഞ്ഞിരിക്കുകയായിരുന്നു. അവ തുറക്കാന്‍ നായര്‍ ഏറെ ബുദ്ധിമുട്ടി. ഓരോ കാനില്‍ നിന്നും നൈട്രേറ്റിന്റെ ശക്തമായ മണം പുറപ്പെടുന്നു. ചില കഷണങ്ങള്‍ ജീര്‍ണ്ണിക്കാന്‍ തുടങ്ങിയിരുന്നു. വാസ്തവത്തില്‍, ഒന്നുരണ്ടെണ്ണം ഒരു തരം മഞ്ഞ ദ്രാവകമായി ഇതിനകം തന്നെ മാറിയിരുന്നു. നാസിക്കിനും പൂനയ്ക്കും ഇടയില്‍ ദിവസേന സക്കാള്‍, കേസരി തുടങ്ങിയ മറാത്തി പത്രങ്ങള്‍ എത്തിക്കുന്ന ഒരു ന്യൂസ്‌പേപ്പര്‍ ടാക്‌സിയില്‍ ആയിരുന്നു ഫിലിം പെട്ടിയുമായി പൂനയ്ക്കുള്ള യാത്ര. യാത്രയ്ക്കിടയില്‍ എല്ലായ്‌പ്പോഴും പിന്നില്‍ സൂക്ഷിച്ചിരിക്കുന്ന റീലുകളെക്കുറിച്ച് നായര്‍ ബോധവാനായിരുന്നു, വാഹനം അമിതമായി ഇളകിയപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഹൃദയവും ഇളകി. കത്താന്‍ സാധ്യതയുള്ള നൈട്രേറ്റ് ഫിലിമും കൊണ്ടുള്ള യാത്ര തീര്‍ച്ചയായും അപകടകരമായിരുന്നു.

എല്ലാ പ്രതിബന്ധങ്ങല്‍ക്കിടയിലും അദ്ദേഹം നമ്മുടെ സിനിമാ പൈതൃകത്തിലെ പ്രധാനപ്പെട്ട പല സിനിമകളും കണ്ടെത്തി. ഇതില്‍ ന്യൂ തീയേറ്റേര്‍സിന്റെയും, ബോംബെ ടാക്കീസിന്റെയും, മിനര്‍വ മൂവിടോണിന്റെയും, പ്രഭാത് ഫിലിം കമ്പനിയുടെയും സിനിമകള്‍ ഉള്‍പ്പെടുന്നു. തെക്കോട്ട് പോകുമ്പോള്‍ വാഹിനി, ജെമിനി, ഏ.വി.എം., മോഡേണ്‍ തിയറ്റേര്‍സ് എന്നിവരുടെ സിനിമകള്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ സിനിമയെ മുഴുവനായും പ്രതിനിധീകരിക്കാനായിരുന്നു ശ്രമം. മോഷ്ടിച്ച സാധനങ്ങള്‍ വില്‍ക്കുന്ന രാജ്യമെമ്പാടുമുള്ള ചോര്‍ ബസാറുകളിലേക്കും, സ്റ്റുഡിയോകളിലേക്കും, പ്രാദേശിക വ്യാപാര കേന്ദ്രങ്ങളായ ബുസാവല്‍, അമരാവതി, കാക്കിനാഡ, ബെസ് വാഡ എന്നിവിടങ്ങളിലേക്കും അന്വേഷണം തിരിഞ്ഞു. സിനിമകള്‍ എവിടെയും ഉണ്ടാവാം, ഹുബ്ലിയിലെ ഒരു ഗോഡൌണില്‍ അല്ലെങ്കില്‍ കോലാപ്പൂരിലെ ഒരു പലചരക്ക് കടയുടെ തട്ടിന്‍പുറത്ത് നാം അന്വേഷിക്കണം എന്ന് മാത്രം. നായര്‍ പറയുന്ന ഒരു കാര്യം, സിനിമയുടെ ചരിത്രപരവും സാംസ്‌കാരികവുമായ പ്രാധാന്യം പലര്‍ക്കും വിഷയമല്ല. അവരെ സംബന്ധിച്ച് സിനിമ വാണിജ്യ കണക്കുകൂട്ടലുകള്‍ മാത്രമാണ്. പണം മുടക്കുക, ചുരുങ്ങിയ സമയം കൊണ്ട് ലാഭം ഉണ്ടാക്കുക. കൂട്ടത്തില്‍ പേരും, പ്രശസ്തിയും, ഗ്ലാമറും. ഇതാണ് സിനിമാക്കാരുടെ ചിന്താഗതിയെങ്കില്‍, അധികൃതര്‍ പൊതുജനങ്ങള്‍ക്കുള്ള ഒരു ഉത്പന്നമായാണ് സിനിമയെ കാണുന്നത്. നികുതി പിരിച്ചെടുക്കുന്നതിനുള്ള മാര്‍ഗ്ഗം. ആദ്യകാലത്ത് ബുദ്ധിജീവികളേയും വിദ്യാഭ്യാസ വിദഗ്ധരേയും സംബന്ധിച്ചിടത്തോളം, സിനിമ പുച്ഛത്തോടെ നോക്കിക്കാണേണ്ട ഒന്നായിരുന്നു. മറ്റൊരുഭാഗത്ത്, ചൂതാട്ടം, ഊഹക്കച്ചവടം, മദ്യപാനം, വ്യഭിചാരം മുതലായ സാമൂഹിക തിന്മയുടെ കൂട്ടത്തിലാണ് പലരും സിനിമയെ പൊതുവെ കണ്ടിരുന്നത്.

ആര്‍ക്കൈവിന്റെ ഭൂമിക

സിനിമകള്‍ പൊടിപിടിക്കാനായി കൂട്ടിയിട്ട ഒരു ഫിലിം ഗോഡൌണായി ആര്‍ക്കൈവിനെ ചുരുക്കാനാവില്ല. സിനിമകളെ ശരിയായി തരംതിരിക്കുകയും ഡോക്യുമെന്റുചെയ്യുകയും നിരന്തരമായ പഠനത്തിനും റഫറന്‍സിനും ഗവേഷണത്തിനും ലഭ്യമാക്കാതെ സംരക്ഷണത്തിന് അര്‍ത്ഥമില്ല. സിനിമകള്‍ നിരന്തരം കാണുകയും ചര്‍ച്ച ചെയ്യുകയും പഠിക്കുകയും എഴുതുകയും വേണം. സിനിമയെക്കുറിച്ചുള്ള പൊതു വിദ്യാഭ്യാസം, അങ്ങിനെ, ആര്‍ക്കൈവിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനമായി മാറുന്നു. പൂനയിലും മറ്റിടങ്ങളിലും ആര്‍ക്കൈവ് നടത്തിയ ഹ്രസ്വകാല ചലച്ചിത്ര ആസ്വാദന കോഴ്‌സുകള്‍, പൊതുജനങ്ങള്‍ക്കായി ക്ലാസിക്ക് സിനിമകളുടെ പ്രദര്‍ശനം, സിനിമയുടെ വികാസത്തിന് മാസ്റ്റേഴ്‌സ് നല്‍കിയ സംഭാവനകള്‍ രേഖപ്പെടുത്തുന്ന മോണോഗ്രാഫ് പ്രൊജക്ടുകള്‍, ഫിലിം സൊസൈറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിലിം ക്ലബ്ബുകളുടെയും പ്രയോജനത്തിനായി സജ്ജീകരിച്ചിരിക്കുന്ന ലൈബ്രറി പൊതുവിദ്യാഭ്യാസരംഗത്ത് ആര്‍ക്കൈവ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു. ഇതിലൂടെ പുതിയതും അവബോധമുള്ളതുമായ പ്രേക്ഷകരെ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇവരുടെ പിന്തുണയും സംരക്ഷണവും ഇല്ലാതെ മികച്ച ദേശീയ സിനിമ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാനാവില്ല എന്ന് നായര്‍ വിശ്വസിച്ചു.

Also Read

ക്യാമറയുടെ വ്യൂഫൈൻഡർ തൂവാലകൊണ്ട് കെട്ടിവെച്ച ...

'ഭർത്താവിന്റെ മരണം ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ...

താർകോവസ്‌കി എഴുതി; സിനിമയിൽ നിന്ന് സാഹിത്യത്തിന്റെ ...

ഇന്ത്യയിലെ ചലച്ചിത്ര നിര്‍മ്മാണം, മറ്റെവിടെയും എന്ന പോലെ ജനസാമാന്യത്തിന്റെ വിനോദ ആവശ്യങ്ങള്‍ക്കനുസൃതമായി നിര്‍ണ്ണയിക്കപ്പെട്ടതാണ്. ഇന്ത്യന്‍ ചലച്ചിത്രമേഖലയിലെ നിര്‍മ്മാണ സംവിധാനവും നിര്‍മ്മിക്കുന്ന സിനിമകളുടെ തരവും ബഹുജന പ്രേക്ഷകരുടെ ആവശ്യങ്ങളും തമ്മില്‍ അടുത്ത ബന്ധം കാണാം. ഒന്ന് മറ്റൊന്നിന് കാരണമാവുകയും പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒരു പ്രത്യേകതരം ഒളിച്ചോട്ട സിനിമകള്‍ കണ്ടു വളര്‍ന്ന പ്രേക്ഷകര്‍ക്ക് സ്വാഭാവികമായും അവരുടെ സ്വീകാര്യമായ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത സിനിമകളുമായി പൊരുത്തപ്പെടാന്‍ പ്രയാസമാണ്. അവരുടെ ആദ്യ പ്രതികരണം ചെറുത്തുനില്‍പ്പിന്റെത് ആയിരിക്കും, ഇത് ഇത്തരം സിനിമകളില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനില്‍ക്കുന്നതിലേക്ക് നയിക്കും. എന്നാല്‍ സാവധാനത്തിലുള്ളതും ചിട്ടയായതുമായ ഒരു പ്രക്രിയയിലൂടെ അവരെ ഇത്തരം സിനിമകളിലേക്ക് ആകര്‍ഷിക്കാന്‍ പറ്റും. സിനിമയിലെ യഥാര്‍ത്ഥ സൃഷ്ടികളുമായി നിരന്തരം ബന്ധപ്പെടുന്നത് ഒരാളുടെ ചലച്ചിത്രബോധം വളര്‍ത്തിയെടുക്കുന്നതിന് അത്യാവശ്യമായ കാര്യമാണ്. മികച്ച ലോക സിനിമകളുടെ ഒരു ശേഖരവും തുടര്‍ച്ചയായ പ്രദര്‍ശനത്തിനുള്ള സൗകര്യങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂ എന്ന് നായര്‍ വിശ്വസിച്ചു.

ഇത് മുന്നില്‍ക്കണ്ടുകൊണ്ടാണ് ഫിലിം സൊസൈറ്റികള്‍, ഫിലിം സ്റ്റഡി ഗ്രൂപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിലിം ക്ലബ്ബുകള്‍ എന്നിവയുടെ പ്രയോജനത്തിനായി ഒരു വിതരണ ലൈബ്രറി സംഘടിപ്പിച്ചത്. ഫിലിം സൊസൈറ്റികളുടെ അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കുമായി ക്ലാസിക് സിനിമകളുടെ തുടര്‍ച്ചയായ പ്രദര്‍ശനങ്ങള്‍, റെട്രോസ്‌പെക്റ്റീവുകള്‍, ലോക സിനിമയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള അവലോകനങ്ങളും മേളകളും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസുമായി സഹകരിച്ച് വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. സിനിമാസ്വാദനത്തില്‍ ഹ്രസ്വകാല കോഴ്‌സുകള്‍ സംഘടിപ്പിച്ചു. അദ്ദേഹം എഴുതുന്നു: 'പുതിയ ഇന്ത്യന്‍ സിനിമ ഒറ്റപ്പെട്ട് വളരുകയില്ല. ചെറിയ നികുതി രഹിത തിയറ്ററുകളോട് കൂടിയ (തുടക്കമെന്ന നിലയില്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളിലെങ്കിലും) സജീവമായ വാണിജ്യേതര വിതരണ ശൃംഖല, സിനിമയിലെ ക്ലാസിക്കുകളുടെ സ്ഥിരമായ ഒരു കലവറ, പ്രഭാഷണങ്ങള്‍, സംവാദങ്ങള്‍, ഏറ്റവും പ്രധാനമായി, സിനിമയെ യൂണിവേഴ്‌സിറ്റി പാഠ്യപദ്ധതിയുടെ പരിധിയില്‍ കൊണ്ടുവന്ന് അതിന് ആവശ്യമായ അക്കാദമിക് പദവി നല്‍കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളും ഇതിന് അനുബന്ധമായി നല്‍കേണ്ടതുണ്ട്'. സിനിമയുടെ സുവിശേഷം പ്രചരിപ്പിക്കുക എന്നത് ഒരു ദൗത്യമായി സ്വീകരിച്ച അദ്ദേഹം ഗ്രാമങ്ങളില്‍ പോലും ക്ലാസ്സിക് സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഇത്തരം ഒരു അനുഭവം അദ്ദേഹം വിവരിക്കുന്നുണ്ട്: കര്‍ണാടകത്തിലെ ഹെഗ്ഗോഡു ഗ്രാമത്തില്‍ നാടക പ്രവര്‍ത്തകന്‍ കെ.വി. സുബ്ബണ്ണയുടെ മുന്‍കൈയ്യില്‍ ഒരു സിനിമാസ്വാദന ക്ലാസ്സ് നടത്തുകയുണ്ടായി. ഒരു ലൈവ് ദ്വിഭാഷിയെ ഉപയോഗിച്ച് ഗ്രാമീണ പ്രേക്ഷകരെ റായ്, ഡിസീക്ക, കുറോസാവ എന്നിവരുടെ വിഖ്യാത സിനിമകള്‍ പരിചയപ്പെടുത്തിയപ്പോള്‍ അവയുടെ സൂക്ഷ്മത മനസ്സിലാക്കുന്നതില്‍ ഗ്രാമീണര്‍ സമര്‍ത്ഥരാണെന്ന് തെളിയിക്കപ്പെട്ടു. 'ഹെഗ്ഗോഡുവില്‍ ഞങ്ങള്‍ ഭാഷയുടെ തടസ്സം തകര്‍ത്തു. സിനിമയുടെ സാര്‍വ്വജനനീയ സ്വഭാവം ഞാന്‍ സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടു' എന്നാണ് നായര്‍ ഈ അനുഭവത്തെക്കുറിച്ച് പറഞ്ഞത്.

പോസ്റ്ററുകള്‍ പറയുന്ന ചരിത്രം

സ്‌കൂള്‍ കുട്ടിയായിരിക്കവെ അദ്ദേഹം ടിക്കറ്റ് തുണ്ടുകള്‍ സൂക്ഷിക്കുമായിരുന്നു. അതുപോലെ സിനിമകളില്‍ നിന്നുള്ള ഫോട്ടോകള്‍ ഉള്‍ക്കൊള്ളുന്ന, മനോഹരമായി ചിത്രീകരിച്ച കവറുകള്‍ ഉള്‍ക്കൊള്ളുന്ന പ്രത്യേക ആര്‍ട്ട് പേപ്പറില്‍ അച്ചടിച്ച പാട്ട് പുസ്തകങ്ങളും ശേഖരിക്കുമായിരുന്നു. ഇതിനെ രേഖകള്‍ ശേഖരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ശീലത്തിലേക്കുള്ള ആദ്യപടിയായി കണക്കാക്കാം. അതുകൊണ്ടായിരിക്കും ആര്‍ക്കൈവ്‌സില്‍ സിനിമകള്‍ക്ക് പുറമെ സ്റ്റില്‍സ്, പാട്ട് ബുക്ക്‌ലെറ്റുകള്‍, പോസ്റ്ററുകള്‍, പ്രോഗ്രാം ബ്രോഷര്‍, റെക്കോര്‍ഡുകള്‍ മുതലായ അനുബന്ധ വസ്തുക്കളും ശേഖരിക്കാനും സംരക്ഷിക്കാനും അദ്ദേഹം തീരുമാനിച്ചത്. അഭിനേതാക്കള്‍, ക്രെഡിറ്റുകള്‍, ഇതിവൃത്ത രൂപരേഖ എന്നിവ പരിശോധിക്കുന്നതിനുള്ള ആധികാരിക ഉറവിട രേഖയായി ഈ ലഘുലേഖകള്‍ മാറി. ചലച്ചിത്ര ഗവേഷകര്‍ക്ക് ഇത് വളരെ ഉപയോഗപ്രദമായ റഫറന്‍സ് മെറ്റീരിയലാണെന്ന് തെളിഞ്ഞു. എന്നാല്‍, പിന്നീട് വലിച്ചെറിയുന്ന ഇത്തരം വസ്തുക്കള്‍ക്കായുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥനയോട് ചലച്ചിത്ര പ്രവര്‍ത്തകര്‍ പ്രതികരിക്കുന്നില്ല എന്ന വസ്തുത അവര്‍ക്ക് ആര്‍ക്കൈവ്‌സിനോടുള്ള അലസ മനോഭാവത്തിന്റെ സൂചനയാണ്.

ചുമര്‍ പോസ്റ്ററുകളില്‍ അഭിനേതാക്കള്‍ക്ക് നാം പരമാവധി പ്രാധാന്യം നല്‍കുന്നു. ഈ രീതിയില്‍ മനുഷ്യരൂപത്തിന്, പ്രത്യേകിച്ച് മുഖത്തിന് ശക്തമായ ഊന്നല്‍ നല്‍കുന്നത് ഇന്ത്യന്‍ ഐക്കണോഗ്രാഫിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെ അദ്ദേഹം നമ്മുടെ ദൈവ സങ്കല്പത്തിന്റെ ചിത്രീകരണവുമായി ബന്ധിപ്പിക്കുന്നു. മിക്ക ഇന്ത്യന്‍ ദൈവങ്ങളെയും നാം മനുഷ്യരൂപത്തില്‍ അവതരിപ്പിക്കുന്നു. ഭക്തരുടെ ആത്മീയ അഭിലാഷങ്ങളുമായി ബന്ധപ്പെടുന്നതിന് പ്രധാന സൂചനാ ബിന്ദുവായിത്തീരുന്നു മുഖവും രൂപവും. മുഖം കേവലം ഒരു ഭാവം എന്നതിനും അപ്പുറത്തേക്ക് പോവുന്നു, കാഴ്ചക്കാരന്റെ ഭാവനയ്ക്ക് ധാരാളം സാധ്യതകള്‍ നല്‍കുകയും ചെയ്യുന്നു. ഇക്കാരണത്താലാവാം ഇന്ത്യന്‍ സിനിമാ പോസ്റ്ററില്‍ എല്ലാത്തരം മൂഡിലും / മാനസികാവസ്ഥയിലും, രൂപത്തിലും, ഭാവത്തിലും ഉള്ള സിനിമാതാരങ്ങളുടെ മുഖം അമിതമായി ഉപയോഗിക്കുന്നത്. ഇത്തരം പോസ്റ്ററുകളിലൂടെ ഇന്ത്യന്‍ സിനിമയുടെ പരിണാമത്തെ പഠിക്കുന്ന ഒരു ലേഖനം ഈ പുസ്തകത്തില്‍ ഉണ്ട്. ഇതിനായി എട്ട് ദശകങ്ങളിലെ വിവിധ ഴോണറുകളിലുള്ള അഞ്ഞൂറോളം ഇന്ത്യന്‍ സിനിമകളുടെ പോസ്റ്ററുകളും ബുക്ക്‌ലെറ്റ് കവറുകളും സൂക്ഷ്മമായി പരിശോധിക്കുകയുണ്ടായി. പുരാണത്തില്‍ നിന്നും നാടോടിക്കഥകളില്‍ നിന്നും ചരിത്രത്തില്‍ നിന്നുമുള്ള കഥാപാത്രങ്ങള്‍ ആധിപത്യം സ്ഥാപിച്ച നിശ്ശബ്ദ കാലഘട്ടം മുതല്‍ എഴുപതുകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് ഒരു പുതിയ ശൈലി ഉണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ച യുവാക്കളുടെ സിനിമകളുടെയും പോസ്റ്ററുകളില്‍ ഈ പരിണാമം എങ്ങിനെയാണ് പ്രതിഫലിക്കുന്നത് എന്ന് അദ്ദേഹം എഴുതുന്നു.

പല അറിവുകളും തരുന്ന എഴുത്ത്

പി.കെ.നായരുടെ എഴുത്തിലൂടെ നമുക്ക് പല അറിവുകളും ലഭിക്കുന്നു: പടിഞ്ഞാറ് നിന്ന്, പ്രത്യേകിച്ച് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സിനിമകളുടെ എണ്ണം ഇന്ത്യന്‍ തിരശ്ശീലയില്‍ പെരുകുകയും ഇത് ഇന്ത്യയുടെ ദേശീയ മനസ്സില്‍ വലിയ സ്വാധീനം ചെലുത്താനും തുടങ്ങി. ബാലിശം, അശുദ്ധം, അധാര്‍മ്മികം, അശ്ലീലം – ഇത്തരം സിനിമകളുടെ ഒഴുക്ക് കൊളോണിയല്‍ അധികാരികളെ ആശങ്കാകുലരാക്കി. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന് ഇടപെടേണ്ടിവന്നു. 1920ല്‍, ബോര്‍ഡ് ഓഫ് സെന്‍സേര്‍സ് ചലച്ചിത്ര ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളായി ഒരു കൂട്ടം പൊതുതത്ത്വങ്ങള്‍ രൂപപ്പെടുത്തി. ഇവയില്‍ പലതും ഇന്നും തുടരുന്നു. രസകരമായ കാര്യം, സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുമുള്ള സെന്‍സര്‍ഷിപ്പ് ചില സമാനതകള്‍ പങ്കുവെക്കുന്നു. ഉദാഹരണത്തിന്, രണ്ടിടത്തും അക്രമം ശക്തമായി എതിര്‍ക്കപ്പെട്ടു. എന്നാല്‍ പുരാണ കഥകളില്‍ ഭീമന്റെയോ അര്‍ജുനന്റെയോ ധീരതയുടെയും വീര്യത്തിന്റെയും സന്ദര്‍ഭത്തിലുള്ള അക്രമവും ഒരു അമേരിക്കന്‍ വെസ്റ്റേണിലെയോ ക്രൈം ത്രില്ലറിലെയോ ക്രൂരമായ അക്രമവും തമ്മില്‍ വേര്‍തിരിച്ചു കാണാന്‍ ബ്രിട്ടീഷുകാര്‍ക്ക് കഴിഞ്ഞില്ല.

സിനിമയിലെ പ്രണയ ചേഷ്ടകള്‍ ഓമനിക്കല്‍, തഴുകല്‍, ആലിംഗനം എല്ലാറ്റിനുമുപരിയായി, ചുംബനം രതി ജന്യമായ ഇത്തരം കാര്യങ്ങളോട് ബ്രിട്ടീഷുകാര്‍ ഉദാസീനരായിരുന്നു. അവര്‍ ഇതിനെ ഒട്ടും എതിര്‍ത്തില്ല എന്നത് വിചിത്രമാണ്. ബ്രിട്ടീഷ് മുന്‍ഗണനകള്‍ വ്യത്യസ്തമായിരുന്നു, ഇന്ത്യന്‍ സിനിമകളില്‍ വെള്ളക്കാരെ, പ്രത്യേകിച്ച് ബ്രിട്ടീഷുകാരെ എങ്ങിനെ ചിത്രീകരിക്കുന്നു എന്നതിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരുന്നത്. അടുത്തകാലം വരെ നമ്മുടെ സിനിമകളില്‍ സ്ത്രീ പുരുഷന്മാരുടെ ശാരീരിക ബന്ധത്തെ കാറ്റില്‍ ഉലയുന്ന രണ്ടു പൂക്കളുടെയും, കൊക്കുരുമ്മുന്ന ഇണക്കിളികളുടെയും, മുറിഞ്ഞുവീണ ഗൗളിവാള്‍ പോലെ പിടയുന്ന കാലുകളുടെയും, അണയുന്ന വിളക്കിന്റെയും ദൃശ്യങ്ങളിലൂടെയായിരുന്നു അവതരിപ്പിച്ചിരുന്നത്. (ഇത് ഇന്ന് മാറിയിരിക്കുന്നു). എന്നാല്‍, 1920കളിലും 1930കളിലും ഇന്ത്യന്‍ സിനിമയില്‍ ചുംബന രംഗങ്ങള്‍ സാധാരണമായിരുന്നു. 1933ലെ 'കര്‍മ' എന്ന സിനിമയിലെ ദേവികാ റാണിയും ഹിമാന്‍ശു റായിയും തമ്മിലുള്ള നീണ്ട ചുംബന രംഗം പ്രശസ്തമാണല്ലോ. (ദേവികാ റാണിയുടെ ഭര്‍ത്താവായിരുന്നു ഹിമാന്‍ശു). അതിനും മുമ്പ് 1929ലെ 'എ ത്രോ ഓഫ് ഡൈസ് ' (A Throw of Dice) എന്ന സിനിമയില്‍ സീതാ ദേവി ചാരു റോയിയെ ചുംബിക്കുന്നുണ്ട്. മഹാഭാരത കഥയെ അടിസ്ഥാനമാക്കിയുള്ള ഈ സിനിമ ഒരു സന്യാസിയുടെ മകളുടെ പ്രണയത്തിനായി മത്സരിക്കുന്ന രണ്ട് രാജാക്കന്മാരെക്കുറിച്ചാണ്. (ഇത് ഇന്നായിരുന്നുവെങ്കില്‍ എന്തായിരിക്കും പ്രതിഷേധം!) അക്കാലത്തെ മറ്റൊരു ജനപ്രിയ നടി സുബൈദ 1932ല്‍ 'സറീന'യില്‍ അവരുടെ വസ്ത്രധാരണവും ചുംബന രംഗങ്ങളും കൊണ്ട് തരംഗം സൃഷ്ടിച്ചു. പിന്നീട് ബോളിവുഡില്‍ മദാലസയുടെ റോളില്‍ ജനപ്രീതി നേടിയ ലളിത പവാറിന്റെ 1920കളിലെ 'പതി ഭക്തി'യില്‍ ഒരു ചുംബന രംഗം ഉണ്ടായിരുന്നു. പുരുഷ മേധാവിത്വമുള്ള ചലച്ചിത്രമേഖലയില്‍ അക്കാലത്തെ നടിമാര്‍ യാഥാസ്ഥിതികത്വത്തിന്റെ വിലക്കുകള്‍ തകര്‍ത്തു.

'കര്‍മ' എന്ന സിനിമയിലെ ദേവികാ റാണിയും ഹിമാന്‍ശു റായിയും തമ്മിലുള്ള നീണ്ട ചുംബന രംഗം

1895 ഡിസംബര്‍ 28ന് പാരീസില്‍ ലൂമിയര്‍ സഹോദരന്മാര്‍ ആദ്യ സിനിമയായ 'ദി അറൈവല്‍ ഓഫ് ദി ട്രെയിന്‍' (The Arrival of the Train) ആദ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ സദസ്സിലെ അംഗങ്ങള്‍ ഓടിപ്പോയത്രേ. എന്നാല്‍, 1986 ജൂലൈ 7ന് മുംബൈയിലെ വാട്‌സണ്‍ ഹോട്ടലില്‍ ഇന്ത്യയില്‍ ആദ്യമായി അതേ ചിത്രം ലൂമിയര്‍ പ്രതിനിധികള്‍ കാണിച്ചപ്പോള്‍ അങ്ങനെയൊന്നും സംഭവിച്ചില്ല. ഇതിനൊക്കെ മുമ്പ് നിഴല്‍ പാവ പ്രകടനങ്ങളുടെ ദൃശ്യശ്രാവ്യ അനുഭവം, നിശ്ചല ദൃശ്യങ്ങളുടെ സമര്‍ത്ഥമായ ഉപയോഗത്തിലൂടെ സൃഷ്ടിച്ച ചലനത്തിന്റെ മായികത നമുക്ക് ഉണ്ടായിരുന്നു. അതുകൊണ്ട് ലൂമിയര്‍ ഷോ സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ചിടത്തോളം വലിയ പുതുമയായിരുന്നില്ല. സമൂഹത്തില്‍ സിനിമ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഇന്ന് വളരെയധികം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സിനിമ സമൂഹത്തെയാണോ സ്വാധീനിക്കുന്നത്, അല്ല, സമൂഹം സിനിമയെയാണോ സ്വാധീനിക്കുന്നത് എന്നത് തര്‍ക്കവിഷയമാണ്. എന്റെ അഭിപ്രായത്തില്‍ ഇവ തമ്മില്‍ കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നുണ്ട്, ഇവ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. 'ദേവദാസി'ന്റെ ദുരന്തം സമ്പന്നനായ ഭൂഉടമയുടെ മകനായ യുവാവിന് തന്റെ ബാല്യകാല കാമുകിയായ പാര്‍വ്വതിയെ വിവാഹം കഴിക്കാനാവുന്നില്ല. കാരണം, സാമൂഹിക പ്രതിബന്ധങ്ങളും മാതാപിതാക്കളുടെ എതിര്‍പ്പുമാണ്. തുടര്‍ന്ന് അയാള്‍ ചന്ദ്രമുഖി എന്ന നര്‍ത്തകിയില്‍ അഭയം തേടുന്നു. മദ്യപിക്കുന്നു. അങ്ങിനെ സ്വയം വിനാശത്തിലേക്ക് നീങ്ങുന്നു ഇത് ജനങ്ങളുടെ വൈകാരികതയെ വല്ലാതെ സ്പര്‍ശിച്ചു. ഈ സിനിമയുടെ വലിയതോതിലുള്ള പ്രചാരം 1930കളില്‍ ദേവദാസിനെ ഒരു 'കള്‍ട്ട് ഹീറോ' ആക്കി മാറ്റി. പതിയെ രാജ്യത്തെ എളുപ്പം സ്വാധീനിക്കാവുന്ന യുവാക്കളില്‍ നിഷേധാത്മകമായ പ്രഭാവം ഉണ്ടാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി എന്ന് നായര്‍ എഴുതുന്നു. ആ കഥാപാത്രമുണ്ടാക്കിയ സാമൂഹികാഘാതം വളരെ വലുതായിരുന്നു. സമാന രീതിയില്‍ പ്രണയ നൈരാശ്യമുള്ള യുവാക്കള്‍ മദ്യപാനത്തില്‍ അഭയം തേടുകയും, ദേവദാസിന്റെ സ്വയം നശിക്കുക എന്ന വഴി തെരഞ്ഞെടുക്കുകയും ചെയ്തു. ദേവദാസിന്റെ ജനപ്രീതിയും സ്വാധീനവും വി. ശാന്താറാമിനെ വലിയതോതില്‍ അസ്വസ്ഥനാക്കിയിരുന്നു. ജീവിതത്തെക്കുറിച്ചുള്ള ഈ കഥാപാത്രത്തിന്റെ നിഷേധാത്മക തത്വചിന്തയ്ക്ക് പകരമായി അദ്ദേഹം 1939ല്‍ 'ആദ്മി ' എന്ന സിനിമയുമായി വന്നു. ഒരു പോലീസും വേശ്യയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമ. താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച സ്ത്രീ നിരാശപ്പെടുത്തിയതിനാല്‍ വിഷണ്ണനായ നായകന്‍ ആത്മഹത്യ ചെയ്യാന്‍ തയ്യാറെടുക്കുന്നു. താഴേക്ക് ചാടാനായി അയാള്‍ ഒരു കിഴക്കാംതൂക്കായ സ്ഥലത്ത് കയറുന്നു. പക്ഷെ, അവസാനം മനസ്സുമാറിയ അയാള്‍ വീട്ടിലേക്ക് മടങ്ങിപ്പോവുന്നു.

അവഗണിക്കപ്പെട്ട പ്രൊജക്ഷനിസ്റ്റ്

സിനിമയുടെ നിര്‍മ്മാണത്തിനായി കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും അതിശയിപ്പിക്കുന്ന തരത്തിലുള്ള ഹാളുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അടിസ്ഥാന കാര്യങ്ങളില്‍ ഗുണനിലവാരമുള്ള പ്രൊജക്ഷന്‍ ഉറപ്പുവരുത്തുന്നതിനും വിലകൂടിയ പ്രിന്റുകള്‍ സംരക്ഷിക്കുന്നതിനും നാം ശ്രദ്ധകൊടുക്കുന്നില്ല എന്നത് വളരെ ദയനീയമാണ്. പ്രൊജക്ഷന്റെ സമയത്ത് ഒരു സിനിമയെ സംരക്ഷിക്കാനും നശിപ്പിക്കാനും കഴിയുന്ന പ്രൊജക്ഷന്‍ റൂമിലെ ഓപ്പറേറ്റര്‍ ഒരു ഇന്റസ്ട്രിയായി അറിയപ്പെടുന്ന ഈ രംഗത്ത് ഏറ്റവും അവഗണിക്കപ്പെട്ടതും മോശം ശമ്പളം ലഭിക്കുന്നതുമായ സാങ്കേതിക വിദഗ്ദ്ധരില്‍ ഒരാളാണ്. ആര്‍ക്ക് ലാമ്പില്‍ നിന്ന് പുറപ്പെടുന്ന പുകയില്‍ പ്രൊജക്ഷന്‍ ക്യാബിന്റെ ചൂടില്‍ മണിക്കൂറുകള്‍ ചെലവഴിക്കുകയും ചെയ്യുന്ന അവരുടെ ജോലി അപകടകാരിയാണ്. 'സിനിമയുമായി ബന്ധമുള്ള എല്ലാവരും പ്രൊജക്ഷനിസ്റ്റിന്റെ പ്രാധാന്യവും ജോലിയ്ക്കായി വിദഗ്ദ്ധരും ശരിയായ പരിശീലനം ലഭിച്ചവരുമായ ആളുകളുടെ ആവശ്യകത മനസ്സിലാക്കണം. ഒരു ക്യാമറാമാന്‍, ലാബ് ടെക്‌നീഷ്യന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് അല്ലെങ്കില്‍ കോസ്റ്റ്യൂം ഡിസൈനര്‍ എന്നിവരുടെ സംഭാവന നമ്മള്‍ തിരിച്ചറിയുന്നതുപോലെ, ഈ മേഖലയിലെ മികവ് തിരിച്ചറിയുന്നതിനും മികച്ച പ്രൊജക്ഷനുള്ള ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിക്കൊണ്ട് ഈ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും ആരും ചിന്തിക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇതേപോലെ പ്രൊജക്ഷന്‍ നിലവാരം, ഓഡിറ്റോറിയത്തിന്റെ പരിപാലനം, പ്രോഗ്രാമിംഗ്, പൊതു സേവനം എന്നിവ കണക്കിലെടുത്ത് രാജ്യത്തെയോ സംസ്ഥാനത്തെയോ ഏറ്റവും മികച്ച സിനിമാ തിയറ്ററിന്റെ സംഭാവന തിരിച്ചറിയുന്ന കാര്യവും ചിന്തിക്കാവുന്നതാണ് ' നായര്‍ എഴുതുന്നു.

ഫാല്‍ക്കെ പരീക്ഷണങ്ങള്‍

ഇറക്കുമതി ചെയ്ത ക്യാമറയുടെ പ്രവര്‍ത്തനങ്ങള്‍ സ്വയം പഠിക്കാന്‍ പാടുപെടുന്ന ദാദാസാഹെബ് ഫാല്‍ക്കെ, ദിവസവും ഒരു ഫ്രെയിം വീതം ഒരു വിത്ത് കിളിര്‍ത്ത് ചെടിയായി വളരുന്നതിന്റെ ഫോട്ടോ എടുത്തു. ഇത് ഒരു മാസത്തോളം അദ്ദേഹം തുടര്‍ന്നു. ഇതിലൂടെ ടൈംലാപ്‌സ് ഫോട്ടോഗ്രാഫി എന്ന ആശയം അദ്ദേഹം ഇന്ത്യയില്‍ അവതരിപ്പിച്ചു. അതിന്റെ ഫലമായി 'ദി ബര്‍ത്ത് ഓഫ് എ പീ പ്ലാന്റ് ' (The Birth of a Pea Plant, 1921) എന്ന ആദ്യത്തെ തദ്ദേശീയ വിദ്യാഭ്യാസ സിനിമ ഉണ്ടായി. ഈ ഹ്രസ്വചിത്രം കണ്ട് ആവേശഭരിതനായ ഒരാള്‍ ആദ്യത്തെ ഇന്ത്യന്‍ ഫിക്ഷന്‍ സിനിമയായ ഫാല്‍ക്കെയുടെ ഐതിഹാസികമായ 'രാജാ ഹരിശ്ചന്ദ്രയ്ക്ക് ' സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തു. ആദ്യത്തെ ഇന്ത്യന്‍ സിനിമയുടെ നിര്‍മ്മാണത്തെക്കുറിച്ച് ഒരു സിനിമ നിര്‍മ്മിക്കാനുള്ള ആശയം ആര്‍ക്കാണ് സങ്കല്‍പ്പിക്കാന്‍ കഴിയുക? ഫാല്‍ക്കെയുടെ ഒരു റീലിലുള്ള ഹ്രസ്വ സിനിമയായ 'ഹൌ ഫിലിംസ് ആര്‍ മേഡ് ' (How Films are Made, 1913), 'രാജാ ഹരിശ്ചന്ദ്ര'യുടെ നിര്‍മ്മാണത്തെ കുറിച്ചുള്ള ചിത്രീകരണമാണ്. അടിസ്ഥാനപരമായി ചലച്ചിത്രനിര്‍മ്മാണത്തിന്റെ വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ച് പ്രേക്ഷകരെ അറിയിക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഒരു പഠന ചിത്രം. ഇന്ത്യന്‍ സിനിമയുടെ ശൈശവ ഘട്ടത്തില്‍ സിനിമ എന്നാല്‍ വിനോദം മാത്രമല്ല എന്നും ജനങ്ങളെ അറിയിക്കാനും പഠിപ്പിക്കാനും സിനിമയ്ക്ക് കഴിയുമെന്നും വിശ്വസിച്ച ഒരു മനുഷ്യന്റെ ദര്‍ശനത്തിന്റെ വാചാലമായ സാക്ഷ്യമാണ്. അന്ന് ഡോക്യുമെന്ററി എന്ന പദം പ്രചാരത്തിലുണ്ടായിരുന്നില്ല. തന്റെ പേരിനെ വിലമതിക്കുന്ന ഒരു ജാലവിദ്യക്കാരനും തന്റെ തൊഴില്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തില്ല, കാരണം അയാള്‍ക്ക് തന്റെ പ്രേക്ഷകരെ നഷ്ടപ്പെടും. എന്നാല്‍ ചലച്ചിത്രകാരനായി മാറിയ ആ മാന്ത്രികന് മറ്റൊരു വീക്ഷണമായിരുന്നു. ചലച്ചിത്രനിര്‍മ്മാണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സങ്കീര്‍ണ്ണമായ പ്രക്രിയ വെളിപ്പെടുത്തുന്നതിലൂടെയും, തന്റെ തൊഴില്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നതിലൂടെയും അദ്ദേഹം തന്റെ പ്രേക്ഷകരെ ഇക്കാര്യങ്ങള്‍ അറിയിക്കുകയും അങ്ങിനെ അവരെ ബോധവത്കരിക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം കരുതി. ഇതിലൂടെ ചലച്ചിത്ര നിര്‍മ്മാണം ഒരു ഗൗരവമേറിയ സംഗതിയാണെന്ന് അവര്‍ മനസിലാക്കുകയും അങ്ങിനെ ഈ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളെ അന്തസ്സോടെയും ആദരവോടെയും കാണാനും തയ്യാറാക്കുന്നു.

അനുകല്പനത്തിന്റെ പരിമിതി

ആദ്യകാലത്ത് സിനിമ നാടകത്തിന്റെ തുടര്‍ച്ചയായിരുന്നു. ഒപ്പം തഴച്ചു വളരുന്ന തമിഴ് സിനിമയുടെ പ്രചോദനവും. നാടകങ്ങളുടെയും ജനപ്രിയ സാഹിത്യകൃതികളുടെയും അനുകല്പനം തുടക്കത്തില്‍ വിജയം കണ്ടതോടെ, പ്രശസ്ത എഴുത്തുകാരുടെ ജനപ്രിയ കൃതികളുടെ അവകാശങ്ങള്‍ വാങ്ങാനുള്ള ഭ്രാന്തമായ തിരക്കായിരുന്നു. ഇതിനെ ജനപ്രിയ ബോക്‌സ് ഓഫീസ് ചേരുവകളുമായി ലയിപ്പിച്ചു. 'കഥയാണ് എല്ലാം' എന്ന അവസ്ഥയായിരുന്നു. നായര്‍ പറയുന്നു: 'ഞാന്‍ ഇത് പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ല. ഒരു നല്ല കഥയെ കഴിവില്ലാത്ത ഒരു സംവിധായകന്‍ നശിപ്പിക്കും എന്നും അതുപോലെ ഒരു മോശം കഥയോ നേര്‍ത്ത ഇതിവൃത്തത്തിന്റെ രൂപരേഖയോ സിനിമ അറിയുന്ന, മാധ്യമത്തിന്റെ സങ്കീര്‍ണതകള്‍ അറിയുന്ന ഒരു കഴിവുള്ള സംവിധായകന്റെ കൈകളില്‍ മികച്ച സിനിമയായി മാറും എന്നും ഞാന്‍ വിശ്വസിക്കുന്നു. നല്ല ധാര്‍മ്മിക പ്രമേയവും സാമൂഹിക ലക്ഷ്യബോധവുമുള്ള കഥ അവതരിപ്പിക്കുന്ന സിനിമ എല്ലായ്‌പ്പോഴും ഒരു നല്ല സിനിമ ആവണം എന്നില്ല അതുപോലെ തന്നെ പുതുമുഖങ്ങളെ ഉപയോഗിച്ച് നിര്‍മ്മിച്ച പാട്ടില്ലാത്ത കുറഞ്ഞ ബജറ്റ് ചിത്രവും. സിനിമാറ്റിക് രീതിയില്‍ കഥ പറഞ്ഞതെങ്ങനെ ക്യാമറയുടെ ഉപയോഗം, ശബ്ദം, എഡിറ്റിംഗ് എന്നിവ എന്നത് ചിത്രത്തിന്റെ ആത്യന്തിക ഗുണം തീരുമാനിക്കും'. സാഹിത്യകൃതിയുടെ അനുകല്പനത്തെ സംബന്ധിച്ചിടത്തോളം, മിക്ക മലയാളി ചലച്ചിത്ര സംവിധായകരുടെയും സമീപനം ലളിതമായ ആഖ്യാനരൂപത്തില്‍ ചിത്രീകരിക്കുക എന്നതാണ്, ഇത് ബഹുജന പ്രേക്ഷകരുടെ 'അഭിരുചിക്ക്' അനുയോജ്യമായ രീതിയില്‍ ഉച്ചത്തിലുള്ളതും വ്യക്തവും മെലോഡ്രാമ നിറഞ്ഞതും ആയിരിക്കണം. നാടകീയതയുള്ള ഒരു കഥയെ സിനിമാപരമായി വ്യാഖ്യാനിക്കുന്നതിലെ പോരായ്മ രാമു കാര്യാട്ടിന്റെ അവാര്‍ഡ് നേടിയ 'ചെമ്മീന്‍' പോലുള്ള ഒരു സിനിമയില്‍ പോലും കാണാന്‍ കഴിയും എന്നാണ് നായര്‍ പറയുന്നത്. സ്ത്രീയുടെ കടലുമായുള്ള ബന്ധം, അവളുടെ പവിത്രത എന്ന ആശയം കടലില്‍ പോകുന്ന പുരുഷന്മാരുടെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. അടിസ്ഥാന സംഘട്ടനത്തിന്റെ വികാസത്തിലെ ഈ സുപ്രധാന സന്ദര്‍ഭം ഒരു സാധാരണ സംഭാഷണത്തിന്റെ കൈമാറ്റത്തിലൂടെയാണ് അവതരിപ്പിക്കുന്നത്. എന്നാല്‍, ശക്തമായ ദൃശ്യങ്ങളിലൂടെ ഇത് കൂടുതല്‍ കാര്യക്ഷമമായും ശക്തമായും അവതരിപ്പിക്കാമായിരുന്നു.

രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ നേടിയ ആദ്യത്തെ ദക്ഷിണേന്ത്യന്‍ സിനിമ എന്ന ബഹുമതി 'ചെമ്മീന്' ലഭിച്ചു എങ്കിലും എഡിറ്റര്‍ ഹൃഷികേശ് മുഖര്‍ജി, ക്യാമറാമാന്‍ മാര്‍ക്കസ് ബര്‍ട്ട്‌ലി, സംഗീത സംവിധായകന്‍ സലീല്‍ ചൌധരി തുടങ്ങിയ വിദഗ്ദ്ധരായ സാങ്കേതിക വിദഗ്ധരുടെ സംഭാവനകളാണ് സിനിമയെ ഈ ബഹുമതിക്ക് അര്‍ഹമാക്കിയതെന്ന് അക്കാലത്ത് വാദിക്കപ്പെട്ടു എന്ന് നായര്‍ എഴുതുന്നു. മാത്രവുമല്ല, തകഴിയുടെ നോവലിന് തന്നെ ദേശീയവും അന്തര്‍ദേശീയവുമായി നല്ല അംഗീകാരം ഉണ്ടായിരുന്നു. കൂടാതെ, ജനപ്രിയ താരങ്ങള്‍, കളര്‍, ഗാനങ്ങള്‍, കേരളത്തിന്റെ പരിചിതമായ പ്രകൃതി ഭംഗി എന്നിവ ഉപയോഗിച്ച് വലിയ ജനസാമാന്യത്തിനായാണ് ചെമ്മീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

സിനിമയ്ക്കായി സമര്‍പ്പിച്ച ജീവിതം

എണ്‍പതോളം സിനിമകളോടെയാണ് ആര്‍ക്കൈവ് ആരംഭിച്ചത്. നായരുടെ അസാധാരണമായ ശ്രമങ്ങളിലൂടെ 1991ല്‍ അദ്ദേഹം ഡയറക്ടറായി വിരമിക്കുമ്പോഴേക്കും ശേഖരത്തില്‍ 12,000 സിനിമകള്‍ ഉണ്ടായിരുന്നു. ഇതില്‍ 8,000 എണ്ണം ഇന്ത്യന്‍ സിനിമകള്‍ ആയിരുന്നു. അദ്ദേഹം ഇന്ത്യന്‍ സിനിമയുടെ സൂക്ഷിപ്പുകാരനാണ്. സിനിമയോടും, താന്‍ ചെയ്യുന്ന പ്രവൃത്തിയോടും അത്രമാത്രം ആത്മാര്‍ത്ഥതയും പ്രതിബദ്ധതയും ഉണ്ടായിരുന്നു അദ്ദേഹത്തിന്. തന്റെ ജീവിതത്തെയും, കുടുംബത്തിന്റെ കാര്യങ്ങളെയുംകാള്‍ കൂടുതല്‍ അദ്ദേഹം പ്രാധാന്യം കൊടുത്തത് തന്റെ പ്രവൃത്തിയ്ക്കായിരുന്നു. പ്രാണവായുവിനെപ്പോലെ സിനിമകള്‍ ശ്വസിച്ച് ജീവിച്ച ഒരാള്‍. 'എവിടെയാണ് സ്‌ക്രീന്‍? എന്നാണ് മരണത്തിന് ഏതാനും ദിവസം മുമ്പ് ഐസിയുവില്‍ നിന്ന് ബോധം തെളിഞ്ഞപ്പോള്‍ നായര്‍ ചോദിച്ചത്. അതൊരാശുപത്രിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല, താന്‍ ഒരു ഫിലിം പ്രദര്‍ശനത്തിലാണ് എന്നാണ് അദ്ദേഹം കരുതിയത്. റിട്ടയര്‍ ചെയ്തതിന് ശേഷം ആരോഗ്യം മോശമായപ്പോഴും, ആര്‍ക്കൈവിന് സമീപം അദ്ദേഹം താമസിച്ചിരുന്ന വീട്ടില്‍ നിന്ന് മാറാന്‍ അദ്ദേഹം വിസമ്മതിച്ചു. സിനിമയോടുള്ള നായരുടെ അര്‍പ്പണബോധം അത്രയും ശക്തമായിരുന്നു. എന്നാല്‍, റിട്ടയര്‍ ചെയ്തതിന് ശേഷം അദ്ദേഹത്തെ ആര്‍ക്കൈവിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല എന്നാണ് ശിവേന്ദ്രസിംഗ് ദുംഗാപൂര്‍ എനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മാത്രവുമല്ല, സിനിമാ ചിത്രീകരണത്തിനായി നായരെ ആര്‍ക്കൈവില്‍ പ്രവേശിപ്പിച്ചതിന് അധികൃതര്‍ അദ്ദേഹത്തെ ചോദ്യംചെയ്തുവത്രേ. 1940കളുടെ തുടക്കം മുതല്‍ ഒരു ദിവസം ഒരു സിനിമ വീതം അദ്ദേഹം കാണുകയുണ്ടായത്രേ. ഇതുപോലെ കണ്ടാല്‍ത്തന്നെ, അദ്ദേഹം ജീവിതത്തില്‍ കണ്ട സിനിമകളുടെ എണ്ണം എത്രയായിരിക്കും? തന്റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗം അദ്ദേഹം തിയറ്ററിന്റെ ഇരുട്ടില്‍ ചിലവഴിച്ചു എന്നര്‍ത്ഥം. ഒരു ആര്‍ക്കൈവിസ്റ്റ് ഇല്ലെങ്കില്‍ നമുക്ക് സിനിമയുടെ ചരിത്രം ഇല്ല. ചരിത്രം നഷ്ടപ്പെട്ട ജനതയുടെ ഭാവി എന്തായിരിക്കും? 'സിനിമ കാണാന്‍ പോകുന്നത് എന്നെ സംബന്ധിച്ചിടത്തോളം ക്ഷേത്രത്തില്‍ പോകുന്നതിന് സമാനമായിരുന്നു. ഇരുണ്ട ഹാളില്‍ വലിയ സ്‌ക്രീനില്‍ സിനിമകള്‍ കാണുന്നത് ഒരു ആത്മീയ അനുഷ്ഠാനമാണ് ' നായര്‍ ഇപ്രകാരം എഴുതിയിട്ടുണ്ട്. നാഷണന്‍ ഫിലിം ആര്‍ക്കൈവിന്റെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശിക്കുന്ന കാഴ്ചക്കാരോട് അവരുടെ ഷൂസും ചെരിപ്പുകളും പുറത്തു വെക്കാന്‍ ആവശ്യപ്പെടുന്ന തീരുമാനം അദ്ദേഹം എടുത്തത് ഇതുകൊണ്ടായിരിക്കാം. സര്‍ക്കാര്‍ ജോലിക്കാര്‍ക്കിടയില്‍ നായര്‍ ഒരപൂര്‍വ്വ വ്യക്തിത്വമാണ്. പക്ഷെ, അദ്ദേഹത്തെ രാജ്യവും, സിനിമാ ലോകവും വേണ്ട രീതിയില്‍ ബഹുമാനിച്ചില്ല എന്നാണ് എന്റെ വിശ്വാസം. 'ഇന്ത്യന്‍ സിനിമയുടെ പിതാവ് ' എന്ന രീതിയിലുള്ള ഫാല്‍ക്കെയുടെ ബഹുമതിക്ക് പിന്നില്‍ നായരുടെ അചഞ്ചലമായ ആവേശം ഉണ്ട്, സിനിമയുടെ പ്രിന്റ് കണ്ടെത്തി റീസ്റ്റോര്‍ ചെയ്യുന്നതിലും, ആ രീതിയില്‍ തന്റെ എഴുത്തിലൂടെയും, സിനിമാ പ്രദര്‍ശനങ്ങളിലൂടെയും ഫാല്‍ക്കെയെ ഉയര്‍ത്തിക്കാണിക്കുന്നതില്‍. നായരുടെ വലിയ ആവേശമായിരുന്നു ഫാല്‍ക്കെ. ഇന്ത്യന്‍ സിനിമയുടെ പിതാവിന്റെ പേരിലുള്ള ബഹുമതിക്ക് എന്തുകൊണ്ടും അര്‍ഹനാണ് പി.കെ. നായര്‍.

Content Highlights: yesterday's films for tomorrow film archivist pk nair

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented