ആയിരക്കണക്കിന് ജീവനുകളാണ് ഓരോ നിമിഷവും കൈയിലൂടെ കടന്നുപോകുന്നത് എന്നോര്‍മയുണ്ടാവണം- വൈശാഖന്‍


ഷബിത

3 min read
Read later
Print
Share

വൈശാഖൻ

മലയാളസാഹിത്യത്തിലെ റെയില്‍വേകഥകളില്‍ പ്രധാനിയും മുന്‍ സ്റ്റേഷന്‍ മാസ്റ്ററുമായിരുന്ന വൈശാഖന്‍ ഒഡിഷ തീവണ്ടിദുരന്തത്തെക്കുറിച്ച് സംസാരിക്കുന്നു.

ഡിഷയില്‍ സംഭവിച്ച ട്രെയിന്‍ ദുരന്തം വളരെ വേദനാജനകമാണ്. ഒരപകടവും ഒരാളുടെ കുറ്റം കൊണ്ടുമാത്രം സംഭവിക്കുന്നതല്ല. ഇരുപത് വര്‍ഷം റെയില്‍വേയില്‍ ജോലി ചെയ്ത അനുഭവത്തില്‍നിന്നു കഥകള്‍ മാത്രമല്ല ജാഗരൂകതയുടെ പാഠങ്ങള്‍ കൂടി എനിക്കൊപ്പം വളര്‍ന്നു. 'ദ ബെസ്റ്റ് സേഫ്റ്റി ഡിവൈസ് ഈസ് എ കെയര്‍ഫുള്‍ പേഴ്‌സണ്‍',' ദ ടൈം റ്റും പ്രിവന്റ് ഏന്‍ ആക്‌സിഡണ്ട് ഇസ് ബിഫോര്‍ ഇറ്റ്' തുടങ്ങിയവ റെയില്‍വേ സര്‍വീസിലെ ജീവനക്കാര്‍ നിത്യവും പറഞ്ഞ മുദ്രാവാക്യങ്ങളാണ്. ഒരാള്‍ക്ക് നോട്ടക്കുറവ് സംഭവിച്ചിരിക്കാം, അതേസമയം തന്നെ മറ്റൊരാള്‍ക്കും അതേ പിഴവ് വന്നിട്ടുണ്ടാവും. ശ്രദ്ധക്കുറവിന്റെ കൂടിച്ചേരലുകളാണ് പലപ്പോഴും അപകടങ്ങള്‍. തീവണ്ടിയപകടങ്ങളാവുമ്പോള്‍ ആഘാതം വലുതായിരിക്കും. നൂറുകണക്കിനാളുകളുടെ ജീവനും ജീവിതവും അനിശ്ചിതത്വത്തിലാവുന്നു. ഏറ്റവും ചെലവു കുറഞ്ഞ ദീര്‍ഘദൂര യാത്രാമാര്‍ഗമാണ് തീവണ്ടികള്‍. പലപ്പോഴും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികമായിരിക്കും യാത്രക്കാരുട എണ്ണം. കുത്തിനിറച്ച യാത്രക്കാരുമായി പോകുന്ന തീവണ്ടിക്കാഴ്ചകള്‍ നമുക്ക് എല്ലാക്കാലവും പതിവാണ്. സാധാരണക്കാരാണ് ഈ യാത്രാസംവിധാനം ആശ്രയിക്കുന്നതില്‍ ഭൂരിഭാഗവും.

ഒരു സമയത്ത് രണ്ട് വണ്ടികള്‍ ഒരു ബ്ലോക് സ്‌റ്റേഷനില്‍ ഒരു കാരണവശാലും വരില്ല. രണ്ട് സ്‌റ്റേഷനുകള്‍ക്ക് ഇടയ്ക്കുള്ള പ്രദേശത്തെയാണ് ഒരു ബ്ലോക്ക് എന്നുപറയുന്നത്. ഒരു വണ്ടി ഒരു സമയത്ത് മാത്രം പ്രവേശിക്കാന്‍ പറ്റുന്ന തരത്തിലുള്ള സുരക്ഷാ ഉപകരണങ്ങള്‍ മാത്രമേ ബ്ലോക്കില്‍ ഉണ്ടാവുകയുള്ളൂ. രണ്ട് വണ്ടികള്‍ ഒരിക്കലും രണ്ട് സ്‌റ്റേഷനുകള്‍ക്കിടയില്‍ ഒരു ട്രാക്കില്‍ വരാന്‍ പാടില്ല. അങ്ങനെ സംഭവിച്ചെങ്കില്‍ സിഗ്നല്‍ പരാജയപ്പെട്ടു എന്നതാണ് ഈ തീവണ്ടി ദുരന്തത്തെ വാര്‍ത്തകളിലൂടെ വായിച്ചതില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നത്. 'അണ്‍അവോയ്ഡബിള്‍ ആക്‌സിഡണ്ട്' എന്നാണ് ഇതേപ്പറ്റി കേട്ടത്. ഒഡിഷയിലെ ബാലസോര്‍ ജില്ലയിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. അവിടത്തെ ഭൂഘടനയെക്കുറിച്ചോ പാളങ്ങളുടെ വിന്യാസത്തെക്കുറിച്ചോ മതിയായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സിഗ്നല്‍ തകറാണോ, തീവണ്ടിയിലെ ജീവനക്കാരുടെ ഉത്തരവാദിത്തക്കുറവാണോ, മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നെല്ലാം വിശദമാക്കേണ്ടത് റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടാണ്. സാങ്കേതികമായ വിശദീകരണങ്ങള്‍ അപ്പോള്‍ മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ.

തീവണ്ടി പാളം തെറ്റുക എന്നത് ഗൗരവവും ഗുരുതരവുമായ വീഴ്ചയാണ്. പാളങ്ങള്‍ കൃത്യമായി മെയിന്റനന്‍സ് നടത്തേണ്ടത് റെയില്‍വേയുടെ ഉത്തരവാദിത്തമാണ്. പാളത്തിന്റെ അലൈന്‍മെന്റില്‍ വളരെ നേരിയ മാറ്റം വന്നാല്‍പ്പോലും ഗുരുതരമായ പ്രത്യാഘാതമാണ് സംഭവിക്കുക. തീവണ്ടി നിശ്ചയമായും മറിഞ്ഞിരിക്കും. റെയില്‍വേ കഴിഞ്ഞ കുറച്ചുകാലങ്ങളായി ഓടിക്കൊണ്ടിരിക്കുന്നത് മതിയായ ജീവനക്കാരില്ലാതെയാണ്. ജീവനക്കാരുടെ കുറവുസംഭവിക്കുമ്പോള്‍ റെയില്‍വേ സംവിധാനത്തിലെ പല വിഭാഗങ്ങളിലും കൃത്യമായ ജോലികള്‍ ചെയ്യാന്‍ കഴിയാതെയാവും. അതാത് സമയത്തെ പരിപാലനത്തില്‍ താമസം വരുത്തുന്നത് ഒരിക്കലും റെയില്‍വേ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. യശ്വന്ത്പുരില്‍ നിന്നും വന്ന സൂപ്പര്‍ഫാസ്റ്റ് മറിയാനുള്ള കാരണം പാളത്തിന്റെ അലൈന്‍മെന്റിലുള്ള വ്യത്യാസം കൊണ്ടായിരിക്കാം. അമിതമായ ചൂടുകാരണം ലോഹങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട പാളങ്ങള്‍ നേരിയ മാത്രയില്‍ വികസിച്ചിരിക്കാം. പാളത്തിനടിയിലുള്ള ജെല്ലി ഇളകിപ്പോയതുകൊണ്ടും തീവണ്ടി തെന്നിപ്പോകാനുള്ള സാധ്യതയുമുണ്ട്. ഇതിനൊക്കെപ്പുറമേ വണ്ടിയുടെ ആക്‌സിലിന് തകറാന്‍ സംഭവിച്ചാലും അപകടം സംഭവിക്കും.

ഒഡിഷ തീവണ്ടിദുരന്തത്തിൻെറ ദൃശ്യം/ ഫോട്ടോ: PTI

ഞാന്‍ ജോലി ചെയ്യുന്ന കാലത്ത് റെയില്‍വേ സുരക്ഷയുടെ കാര്യത്തില്‍ അധികാരികള്‍ പുലര്‍ത്തിയിരുന്ന കണിശതയാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്. അക്കാലത്ത് പൂര്‍ണമായും മാന്‍പവറായിരുന്നു ആശ്രയം. സിഗ്നല്‍ കൊടുക്കുക എന്നത് വളരെ ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ജോലിയായിരുന്നു. ആയിരക്കണക്കിനാളുകളുടെ ജീവനാണ് ഓരോ നിമിഷങ്ങള്‍ക്കുള്ളിലും നമ്മുടെ കൈകളിലൂടെ കടന്നുപോകുന്നത് എന്ന ഉള്‍ക്കിടിലത്തോടെ മാത്രമേ സിഗ്നല്‍ സ്‌റ്റേഷനില്‍ ജോലി ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ. ഉറക്കവും സ്വകാര്യജീവിതവും ഇതിനായി റെയില്‍വെജീവനക്കാര്‍ ഉപേക്ഷിക്കുകയാണ് പതിവ്. എന്റെ റെയില്‍വേ സേവനത്തിന്റെ തുടക്കകാലത്ത് എല്ലാം കൈകാര്യം ചെയ്തിരുന്നത് ജീവനക്കാരായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോള്‍ സിഗ്നല്‍ സംവിധാനങ്ങള്‍ ഓട്ടോമാറ്റിക്ക് സിസ്റ്റത്തിലേക്ക് വന്നു. മനുഷ്യാധ്വാനം കുറഞ്ഞു. പക്ഷേ മെയിന്റനന്‍സില്‍ പലപ്പോഴും വീഴ്ചകള്‍ സംഭവിച്ചു.

അപകടം പോലെ തന്നെ പ്രധാനപ്പെട്ടതാണ് സുരക്ഷാവീഴ്ചയും. റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എല്ലാ ബോഗികളിലും പരിശോധന നിര്‍ബന്ധമാണ്. റെയില്‍വേയ്‌ക്കൊപ്പം സഞ്ചരിക്കുന്നവരാണ് ആര്‍പിഎഫ്. ഇന്നത്തെ സാഹചര്യത്തില്‍ തീവ്രവാദ അട്ടിമറിയും കൂടി ഇത്തരം അപകടങ്ങളുമായി കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ പല തവണകളായി തീവണ്ടിയാക്രമണം നമ്മള്‍ കേള്‍ക്കുന്നു. സുരക്ഷാസംവിധാനം മെച്ചപ്പെടുത്തുക. അതിനുവരുന്ന ചെലവ് കണക്കാക്കേണ്ടതില്ല. പൊതുഖജനാവിലെ പണം പലവഴിക്കുപോകുന്ന സാഹചര്യത്തില്‍ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനത്തെ പ്രാഥമികാവശ്യമായി പരിഗണിക്കുക തന്നെ വേണം. റെയില്‍വേയിലെ പല സുഹൃത്തുക്കളോടും സംസാരിക്കുമ്പോള്‍ മനസ്സിലായത് റെയില്‍വേ സര്‍വീസിലെ പല കാറ്റഗറിയിലും ആളുകള്‍ കുറവാണ്, നിയമനം നടക്കുന്നില്ല എന്നാണ്. റെയിവേ ഒഴിവുകള്‍ നികത്തുന്നത് ഭംഗിക്കുവേണ്ടിയല്ല, സുരക്ഷയ്ക്കുവേണ്ടിയാവണം. വളരേ ഗ്രൗണ്ട് ലെവല്‍ മുതലുള്ള ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകാന്‍ പാടില്ല. ലോക്കോ പൈലറ്റുമാര്‍, സ്റ്റേഷന്‍മാസ്റ്റര്‍, ഗാര്‍ഡ് തുടങ്ങിയ തസ്തികകളില്‍ നിയമനം മുറയ്ക്ക് നടക്കുന്നുണ്ടോ എന്നന്വേഷിക്കേണ്ടതുണ്ട്.

വൈകിട്ട് ഏഴു മണിക്കാണ് അപകടം നടന്നത്. ഉറങ്ങിപ്പോയി എന്നുപറയാനാവില്ല. സിഗ്നലില്‍ മഞ്ഞ കത്തേണ്ടിടത്ത് പച്ച കത്തിക്കൊണ്ടിരുന്നാല്‍ ട്രെയിന്‍ മുന്നോട്ടുപോകും. സിഗ്നല്‍ തകറാര്‍ സംഭവിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എന്റെ സര്‍വീസ് കാലയളവില്‍ ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ നടന്നിട്ടില്ല. അപകടരഹിതസേവനം നടത്തിയതിന് റെയില്‍വേ നല്‍കിയ മെഡല്‍ ഇപ്പോഴും സൂക്ഷിച്ചിരിക്കുന്നു. വീഴ്ച സംഭവിക്കുക എന്നത് ഒരാളുടെ മാത്രം ഭാഗത്തുനിന്നുണ്ടാവുന്നതല്ല, പക്ഷേ അയാളുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടാവാതിരിക്കാന്‍ സദാജാഗരൂകരായിരിക്കുക എന്നതാണ് നമ്മുടെ സേവനമേഖലയോടും ജനങ്ങളോടുമുള്ള ഉത്തരവാദിത്തം. റെയില്‍വേകാലം തന്ന കഥകള്‍ മാത്രമല്ല, അനുഭവങ്ങള്‍ കൂടി ഈയവസരത്തില്‍ ഓര്‍മിക്കുകയാണ്.

Content Highlights: Vysakhan, Train Accident, Odisha, Coromandenl Express, Mathrubhumi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ഫ്രാന്‍സെസ്‌ക് മിറലസ്

3 min

ഇക്കിഗായികളെപ്പോലെ എല്ലായ്‌പ്പോഴും പുഞ്ചിരിച്ചുകൊണ്ട് ഈ നിമിഷത്തില്‍ ജീവിക്കൂ- മിറലസ്

Sep 28, 2023


Pablo Neruda

3 min

'സ്‌നേഹത്തെക്കുറിച്ച് ഏറെ എഴുതിയതുകൊണ്ടാകാം നെരൂദയെ ലോകം ഇത്രയധികം സ്‌നേഹിച്ചിട്ടുണ്ടാവുക'

Sep 23, 2023


Thakazhi sivasankara pillai
Premium

23 min

'ഏണിപ്പടികള്‍' എഴുതിയത് ആര്? പരീക്ഷയ്ക്ക് സ്വന്തം മകള്‍ എഴുതിയ ഉത്തരം കണ്ട് പൊട്ടിച്ചിരിച്ച തകഴി...!

Apr 17, 2023


Most Commented