കാലംകൊണ്ട് ആധുനികനും പ്രകൃതികൊണ്ട് ആധുനികതയുടെ വിമര്‍ശകനുമായ കഥകാരന്‍


പി.കെ. രാജശേഖരന്‍

ആധുനികതാ പ്രസ്ഥാനം സൃഷ്ടിച്ച കഥാശീലത്തില്‍നിന്ന് വ്യത്യസ്തമായി സഞ്ചരിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. അതേസമയം, ആധുനികതയോട് മുഖംതിരിഞ്ഞുനിന്ന് കാല്പനികതയെയും യാഥാതഥ്യത്തെയും പുല്‍കുന്ന പാരമ്പര്യാഭിമുഖമായ കഥാസമ്പ്രദായത്തിലേക്ക് നീങ്ങിയുമില്ല.

എസ്. വി. വേണുഗോപൻ നായർ | ഫോട്ടോ: ബിജു വർഗീസ്/മാതൃഭൂമി

ലയാള ചെറുകഥയിലെ ഏറ്റവും ഏകാന്തമായ സ്വരങ്ങളിലൊന്നായിരുന്നു 1960കള്‍ അവസാനത്തില്‍ എസ്.വി. വേണുഗോപന്‍ നായരുടേത്. ആധുനികതാ പ്രസ്ഥാനത്തിനൊപ്പം എഴുതിത്തുടങ്ങിയ എസ്.വി. അതിന്റെ പൊതുധാരയിലും സ്വഭാവത്തിലുംനിന്ന് തീര്‍ത്തും വ്യത്യസ്തമായ ഒരു കഥപറച്ചില്‍ രീതി വികസിപ്പിച്ചെടുത്തു. ആധുനികതാ പ്രസ്ഥാനം സൃഷ്ടിച്ച കഥാശീലത്തില്‍നിന്ന് വ്യത്യസ്തമായി സഞ്ചരിക്കാനാണ് അദ്ദേഹം തുനിഞ്ഞത്. അതേസമയം, ആധുനികതയോട് മുഖംതിരിഞ്ഞുനിന്ന് കാല്പനികതയെയും യാഥാതഥ്യത്തെയും പുല്‍കുന്ന പാരമ്പര്യാഭിമുഖമായ കഥാസമ്പ്രദായത്തിലേക്ക് നീങ്ങിയുമില്ല. ആ വഴികളില്‍നിന്ന് വ്യത്യസ്തമായ ഒരു തന്നാട്ടുപാത വെട്ടിയ എസ്.വി.യുടെ കഥകള്‍ ആധുനികതയോടുള്ള സര്‍ഗാത്മക വിമര്‍ശനവും തനതായ ആധുനികതാ ഭാവുകത്വം വികസിപ്പിച്ചെടുക്കലുമായി മാറി.

ആധുനികത അവതരിപ്പിച്ച സാര്‍വജനീനതയ്ക്ക് പകരം തദ്ദേശീയതയിലേക്ക് നീങ്ങാനാണ് എസ്.വി.യുടെ കഥകള്‍ ശ്രമിച്ചത്. പുതിയൊരു ദേശവഴക്കവും ആഖ്യാനവഴക്കവും അദ്ദേഹം സൃഷ്ടിച്ചു. ദേശത്തെയും തദ്ദേശീയതയെയും കുറിച്ചുള്ള ആഴമേറിയ ബോധമാണ് ആ കഥകളുടെ മുഖ്യ സവിശേഷതകളിലൊന്ന്. യഥാതഥ, കാല്പനിക പാരമ്പര്യങ്ങളില്‍നിന്ന് ഭിന്നമായ ആ ദേശബോധം കഥാഖ്യാനത്തില്‍ പുതിയൊരു ചൊല്ലുവഴക്കവും ഭാഷാരീതിയും സൃഷ്ടിക്കുന്നതിലാണ് എസ്.വി.യെ എത്തിച്ചത്. കേരളത്തിന്റെ തെക്കേയറ്റത്തിന്റെ ദേശപരവും ഭാഷാപരവുമായ സവിശേഷതകള്‍ ചെറുകഥയിലേക്ക് കൊണ്ടുവന്ന അത്യപൂര്‍വം ആധുനിക എഴുത്തുകാരിലൊരാളാണ് എസ്.വി. 'നെയ്യാറ്റിന്‍കര വഴക്ക'മെന്നോ 'തെക്കന്‍ തിരുവിതാംകൂര്‍ വഴക്ക'മെന്നോ വിളിക്കാവുന്ന ആ ദേശഭാഷാ ബോധത്തിന്റെ സൃഷ്ടിയില്‍ ആ പ്രദേശത്തിന്റെ ഐതിഹ്യങ്ങളും തന്നാട്ടുചരിത്രവും വാമൊഴി വഴക്കവുമെല്ലാം എസ്.വി. ഉപയോഗിച്ചു. അദ്ദേഹത്തിന്റെ എല്ലാ കഥകളും അങ്ങനെയുള്ളവയാണെന്ന് ഇതിനര്‍ഥമില്ല.ജീവിതത്തിന്റെ അജ്ഞേയസ്വഭാവത്തെയും മനുഷ്യാസ്തിത്വത്തിന്റെ സങ്കീര്‍ണ സ്വഭാവത്തെയും നേരിടുന്നവയാണ് വേണുഗോപന്‍ നായരുടെ ആദ്യകാല കഥകള്‍. 'ഗര്‍ഭശ്രീമാന്‍', 'മൃതിതാളം' എന്നീ സമാഹാരങ്ങളിലെ കഥകള്‍ ഇതിന് മാതൃകയാണ്. എഴുപതുകള്‍ മധ്യത്തോടെ എസ്.വി.യുടെ രചനാരീതിയില്‍ മാറ്റം പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നു. പ്രപഞ്ചത്തെയും ആശങ്കാകുലമായ മനുഷ്യാസ്തിത്വത്തെയും കുറിച്ച് ആദ്യകാല കഥകളിലുണ്ടായിരുന്ന സന്ദേഹങ്ങളിലും വ്യഥകളിലുംനിന്ന് ജീവിതത്തിന്റെ സാധാരണതകളിലേക്ക് അദ്ദേഹം വഴിമാറാന്‍ തുടങ്ങി. 'പിതൃകാമേഷ്ടി', 'മൃതിതാളം', 'വിനീത വിധേയന്‍', 'കൊപ്ലന്‍' തുടങ്ങിയ കഥകള്‍ ഉദാഹരണം. സാര്‍വലൗകികത്വമുള്ള മനുഷ്യാനുഭവം എന്ന സങ്കല്പം നാട്ടുപച്ച മണക്കുന്ന തദ്ദേശീയതയിലേക്കും തനത് സ്വത്വങ്ങളുള്ള പരിചിത മനുഷ്യരിലേക്കും തത്ത്വചിന്താപരമായ ഗൗരവം ഫലിതമയമായ ആഘോഷത്തിലേക്കും നീങ്ങുന്നു ആ കഥകളില്‍. ഭാഷയിലെ വിവരണാത്മകരീതി പറച്ചിലിന്റെ താളമായും മാറി.

ഹാസ്യാത്മകത്വമാണ് വേണുഗോപന്‍ നായരുടെ കഥകളില്‍ കാണാവുന്ന മറ്റൊരു സവിശേഷത. ആക്ഷേപഹാസ്യം, ഐറണി, ദുരന്തഫലിതം, പാരഡി തുടങ്ങിയ ഹാസ്യായുധങ്ങളെല്ലാം ആ കഥകളിലുണ്ട്. അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തിന്റെ തുടക്കം തൊട്ടുതന്നെ കാണാന്‍ കഴിയുന്നതാണ് ഫലിതബോധം. 'കൃഷ്ണഗാഥ', 'അള്‍ട്രാമോഡേണ്‍' തുടങ്ങിയ അറുപതുകളിലെ കഥകളില്‍ത്തന്നെ അതുണ്ട്. എണ്‍പതുകളിലെഴുതിയ ചില പ്രസിദ്ധ കഥകളില്‍ കാരിക്കേച്ചറിന്റെ ഹാസ്യസാധ്യതയും അദ്ദേഹം ഉപയോഗിച്ചു. 'അജഗജാന്തരം', 'രേഖയില്ലാത്ത ഒരാള്‍', 'അനുകരണീയ മാതൃക', 'എരുമ', 'സാരൂപ്യം' എന്നീ കഥകള്‍ ഉദാഹരണം. കേവലമായ ചിരിയല്ല ഈ കഥകളിലുള്ളത്. പന കയറ്റക്കാരനായ കൊപ്ലന്റെ കഥപറയുന്ന 'കൊപ്ലന്‍' തൊഴിലിനോടുള്ള അടിമത്തം ഒരാളെ അന്യവത്കരിക്കപ്പെട്ടവനായി മാറുന്നതാണ് ചിത്രീകരിച്ചത്. പന കയറ്റക്കാരനായ ആ തനിനാടന്‍ മനുഷ്യന് അന്നവും സ്വപ്‌നവും കാമവുമെല്ലാം പനയായി മാറുന്നു. കെട്ടിയ പെണ്ണുപോലും അവന് പനയായാണ് അനുഭവപ്പെട്ടത്. എസ്.വി.യുടെ കഥകളില്‍ ആവര്‍ത്തിക്കുന്ന ഇത്തരം കോമിക് രൂപങ്ങള്‍ ഉയര്‍ത്തുന്ന പുറംചിരിക്കുള്ളില്‍ തന്നില്‍നിന്നുതന്നെ അന്യനായിത്തീരുന്ന മനുഷ്യനെയും അവനെ അങ്ങനെയാക്കിത്തീര്‍ക്കുന്ന സാമൂഹികാവസ്ഥയെയും കുറിച്ചുള്ള ഖേദമുണ്ട്. ദുരന്തബോധം നിറഞ്ഞ ഹാസ്യമാണത്.

ദുരന്തബോധവും വൈകാരിക തീക്ഷ്ണതയും മുറ്റിനില്‍ക്കുന്ന വിഷാദ ദര്‍ശനവും ആഖ്യാനത്തിന്റെ ചടുലതയും ചേര്‍ന്ന് കാന്തിമയമാക്കുന്ന കഥയാണ് 'മൃതിതാളം'. ഡോക്ടറും വാദ്യകലാകാരനായ രോഗിയും തമ്മിലുള്ള അഭിമുഖീകരണം അവതരിപ്പിക്കുന്ന 'മൃതിതാളം' ആധുനിക കാലത്തെ ഏറ്റവും മികച്ച ചെറുകഥകളിലൊന്നാണ്. ബിംബസമൃദ്ധമായ ഭാഷയും താളബന്ധമായ ആഖ്യാനവുമാണ് ഈ കഥയുടെ സവിശേഷത. താളാത്മകമായ ഭാഷയുടെ മികച്ച മാതൃകകളാണ് 'ചോരത്തോറ്റം', 'ആദിശേഷന്‍' എന്നീ കഥകള്‍.

തെക്കന്‍ തിരുവിതാംകൂര്‍ ജീവിതവും സംസ്‌കാരവും ഭാഷാഭേദവും എസ്.വി.യെപ്പോലെ സര്‍ഗാത്മകമായി ഉപയോഗിച്ച മറ്റൊരു കഥാകൃത്തില്ല. എപ്പോഴും സ്വദേശത്തെപ്പറ്റി മാത്രം എഴുതിക്കൊണ്ടിരുന്ന കഥാകൃത്താണ് അദ്ദേഹമെന്നല്ല ഇതിനര്‍ഥം. സി.വി. രാമന്‍പിള്ള സൃഷ്ടിച്ച ആ പാരമ്പര്യത്തില്‍നിന്നുള്ള ഭാവുകത്വപരമായ വിച്ഛേദമാണ് വേണുഗോപന്‍ നായരുടെ കഥകളിലുള്ളത്.

റീജണല്‍ ഫിക്ഷന്‍ എന്ന പട്ടികയിലേക്ക് ചുരുക്കിക്കാണാവുന്നവയല്ല ആ കഥകള്‍. സ്ഥലവും കഥാഖ്യാനവും തമ്മിലുള്ള സവിശേഷബന്ധമാണ് അവ വെളിപ്പെടുത്തുന്നത്. സ്ഥലപരതയിലുള്ള ആ ഊന്നല്‍ ഒരു പ്രത്യേക പ്രദേശത്തിന്റെ ചരിത്രമോ സാംസ്‌കാരിക സവിശേഷതകളോ പുനഃസൃഷ്ടിക്കാന്‍ വേണ്ടിയുള്ളതുമല്ല. അധികാരത്തോടും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സമ്പദ്ഘടനകളോടും ബന്ധപ്പെട്ടതും സവിശേഷ പ്രത്യയശാസ്ത്രങ്ങളുടെ ഫലവുമാണ് ഈ സ്ഥലവത്കരണം.

അംഗീകൃതവും വ്യവസ്ഥാപിതവുമായ വഴികളില്‍നിന്ന് പ്രാന്തങ്ങളിലേക്ക് ഇറങ്ങിപ്പോവുകയും പൊതുവഴക്കത്തിനെതിരേ മറുവഴക്കം സൃഷ്ടിക്കുകയുമാണ് വേണുഗോപന്‍ നായരുടെ കഥകള്‍ ചെയ്തത്. അവയെ ഏതെങ്കിലുമൊരു പ്രസ്ഥാനത്തിന്റെയോ പ്രവണതയുടേയോ കുറ്റിയില്‍ കെട്ടിയിടുക എളുപ്പമല്ല. കാലംകൊണ്ട് അവ ആധുനികമാണ്; പ്രകൃതികൊണ്ട് ആധുനികതയുടെ വിമര്‍ശനവും. ദേശത്തെയും സ്വത്വത്തെയും കഥയിലേക്ക് വീണ്ടെടുക്കുന്നവയാണ് ആ രചനകള്‍.

Content Highlights: sv venugopan nair


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented