ഫാന്റസിയുപയോഗിച്ച് യാഥാര്‍ഥ്യത്തെ വായിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത സേതു


സജയ് കെ.വി.

ആധുനികതയുടെ പൊതുവഴിയായ അസ്തിത്വവാദദാര്‍ശനികതയിലൂടെയല്ല. മിത്തും ഫാന്റസിയും ചേര്‍ത്തു കൊരുത്ത ഒരു പാര്‍ശ്വരഥ്യയിലൂടെയായിരുന്നു അദ്ദേഹം സഞ്ചരിച്ചത്. എങ്കിലും ആ കഥനഭാവനയ്ക്ക് ആധുനികതയുമായി, സ്പഷ്ടമായ, ചില ഭാവുകത്വബന്ധങ്ങളുമുണ്ടായിരുന്നു.

സേതു

ഭ്രമഭാവനയുടെ ഗാഢലഹരി നുരയുന്ന വീഞ്ഞുപുരകള്‍ പോലെയായിരുന്നു സേതുവിന്റെ 'പാണ്ഡവപുരം' തൊട്ടുള്ള നോവലുകളില്‍ ചിലതും ആ കഥകളില്‍ മുന്തിയ ഒരു പങ്കും ആസ്വദിക്കപ്പെട്ടത്. ആധുനികതയുടെ വേലിയേറ്റക്കാലമായിരുന്നു, മലയാളസാഹിത്യത്തില്‍, സേതു എന്ന കഥാകാരന്റെയും /നോവലിസ്റ്റിന്റെയും ആവിര്‍ഭാവമുഹൂര്‍ത്തം. എന്നിട്ടും ആധുനികതയുടെ പൊതുവഴിയായ അസ്തിത്വവാദദാര്‍ശനികതയിലൂടെയല്ല, മിത്തും ഫാന്റസിയും ചേര്‍ത്തു കൊരുത്ത ഒരു പാര്‍ശ്വരഥ്യയിലൂടെയായിരുന്നു അദ്ദേഹം സഞ്ചരിച്ചത്. എങ്കിലും ആ കഥനഭാവനയ്ക്ക് ആധുനികതയുമായി, സ്പഷ്ടമായ, ചില ഭാവുകത്വബന്ധങ്ങളുമുണ്ടായിരുന്നു. യാഥാര്‍ഥ്യത്തിന്റെ അനിയതത്വത്തിലും സ്വപ്നാത്മകതയിലും ഒരു പക്ഷേ, അതിന്റെ ദുഃസ്വപ്നത്തോടടുത്തു നില്‍ക്കുന്ന അവസ്ഥയിലുമുള്ള വിശ്വാസമായിരുന്നു അത്. 'കാഫ്കയെസ്‌ക്' എന്നു വിളിക്കപ്പെടുന്ന ആ ഭാവബദ്ധതയുടെ കരിനീലമഷിയാലെഴുതപ്പെട്ടവയായിരുന്നു 'പാണ്ഡവപുരം'പോലുള്ള സേതുവിന്റെ നോവലുകളും ഒട്ടേറെ ചെറുകഥകളും.

ഫാന്റസിയുടെരാജപാതസ്വപ്നവും ദുഃസ്വപ്നവും നിര്‍മിക്കപ്പെട്ടിരിക്കുന്ന അതേ പദാര്‍ഥംകൊണ്ടാണ് സേതു തന്റെ കഥനഭാവനയുടെ സ്ഥലകാലങ്ങളും കഥാപാത്രചിത്രങ്ങളും കഥാപാത്രങ്ങളുടെ മനോഗതങ്ങളും വാര്‍ത്തത്. റിയലിസത്തെയും കാല്പനികറിയലിസത്തെയും തുടര്‍ന്നുവന്ന ഒരു കഥാകാലത്തെ സംബന്ധിച്ച് വമ്പിച്ച ഒരു പുതുമ തന്നെയായിരുന്നു അത്. ആധുനികരുടെ രചനാരീതിക്ക് പൊതുവേ ഫാന്റസിയോട് ഒരു ചായ്‌വുണ്ടായിരുന്നെങ്കില്‍, സേതുവില്‍ അത് എഴുത്തിന്റെ മുഖ്യപാത തന്നെയായി മാറി. 'പാണ്ഡവപുരം' പോലെ ഫാന്റസിയില്‍ തുടങ്ങി ഫാന്റസിയില്‍ അവസാനിക്കുന്ന ഒരു നോവല്‍, മലയാളനോവല്‍ സാഹിത്യത്തിലെ ഒരനന്യതയാണ്. അതുവരെ 'ബോധധാര'പോലുള്ള ആധുനികതയുടെ ചില കഥനസങ്കേതങ്ങളുമായി മാത്രം പരിചയിച്ചിരുന്ന മലയാളി, അതോടെ, ഫാന്റസിയാല്‍മാത്രം ഒരു മുഴുനീള നോവല്‍ സാധ്യമാണെന്ന നൂതനബോധ്യത്തിലേക്ക്, തെല്ലു സംഭ്രമത്തോടെ, ഉണര്‍ന്നു.

ദേവി ചെയ്ത അട്ടിമറി

ഫാന്റസിയുപയോഗിച്ച് യാഥാര്‍ഥ്യത്തെ വായിക്കുകയും വ്യാഖ്യാനിക്കുകയുമായിരുന്നു സേതു. ഇതിന്റെയെല്ലാം നടുവില്‍, 'ദേവി' എന്ന വ്രണിതയും മുഗ്ധയും ഭാവനാകുബേരയും സ്വപ്നാടനലോലുപയുമായ നായികയെയും അദ്ദേഹം പ്രതിഷ്ഠിച്ചു. ഇതില്‍ ഉള്‍?േച്ചര്‍ന്നിട്ടുള്ള ഗംഭീരമായ ഒരട്ടിമറിയെ നമ്മുടെ പാണ്ഡവപുരവായനകളൊന്നും നേര്‍ക്കുനേരെ, സംബോധന ചെയ്തതായി തോന്നുന്നില്ല. അസ്തിത്വഖിന്നതയാല്‍ പൊറുതിമുട്ടിയ ആധുനികതയിലെ ആണ്‍കൂട്ടത്തിനു നടുവിലാണ് ജാരനെ തേടുകയും നേടുകയും സംഹരിക്കുകയും ചെയ്യുന്ന 'പാണ്ഡവപുര'ത്തിലെ ദേവി നിലകൊള്ളുന്നത്. ആധുനികതയുടെ പെണ്‍പക്ഷമായിരുന്നു 'പാണ്ഡവപുരം'. പുരുഷകാമനയുടെ ആണരങ്ങായിരുന്നു, പൊതുവേ, ആധുനികമലയാള നോവലെങ്കില്‍, അതിനു നടുവില്‍ അചഞ്ചലമായ പെണ്‍വീറുമായി സേതുവിന്റെ ദേവിമാത്രം അനന്യയായി നിലകൊള്ളുന്നു. ഖസാക്കിലെ ജാരനായിരുന്നു രവി എങ്കില്‍ ആ നിലയ്ക്കുകൂടി ഒരാണ്‍പുസ്തകമാണ് വിജയന്റെ ആ മാസ്റ്റര്‍പീസ്. ജാരന്മാരുടെ ആവാഹനവും ഉച്ചാടനവും സംഹാരവുമാകുന്നു ദേവിയുടെ സ്വപ്നത്തിന്റെയും സങ്കല്പത്തിന്റെയും അനുഷ്ഠാനത്തിന്റെയും കേന്ദ്രം. 'പാണ്ഡവപുര'ത്തിന്റെ ഒരു സ്ത്രീപക്ഷവായന ഒരുപക്ഷേ ആ നോവലിനെ തീരെ ചുരുക്കിക്കളഞ്ഞേക്കാം. എന്നാല്‍, പുരുഷനും സ്ത്രീയും അവരുടെ ലൈംഗികതയും ദാമ്പത്യവും പാതിവ്രത്യവും ബഹുഭര്‍ത്തൃത്വവും ചേര്‍ന്നുള്ള കെട്ടുപിണയലിനെ വ്രണിതയും അസംതൃപ്തയും ഭാവനാശാലിയും സ്വത്വബലമുള്ളവളുമായ ഒരു സ്ത്രീ, ഫാന്റസിയുടെ സ്‌ത്രൈണോര്‍ജമുപയോഗിച്ച് പരിഹരിക്കാനോ ഭേദിക്കാനോ ശ്രമിക്കുന്നു എന്ന സവിശേഷത ഈ നോവലിനുണ്ട്. സേതുവിന്റെ നോവലുകളുടെ കൂട്ടത്തില്‍ ഏറ്റവുമധികം വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്ത കൃതിയും പാണ്ഡവപുരമാണ്. കെ.പി. അപ്പന്റെ 'പാണ്ഡവപുരത്തിന്റെ അസ്ഥിയും മാംസവും' എന്ന പഠനം മുതല്‍ ഏറ്റവും പുതിയ വായനകള്‍വരെ അതു നീളുന്നു. അപ്പോഴും ആ നോവലിന്റെ പ്രഹേളികാസൗന്ദര്യവും വിചിത്രതയും ദേവി എന്ന കഥാപാത്രകല്പനയുടെയും പാണ്ഡവപുരം എന്ന സ്ഥലഭാവനയുടെയും അമേയചാരുതയും മങ്ങലേശാതെ നിലനില്‍ക്കുകയും ചെയ്യുന്നു.

കഥകള്‍ തീര്‍ത്തഭാവുകത്വം

'ദൂത്', 'വെളുത്ത കൂടാരങ്ങള്‍' എന്നിവയാണ് സേതുവിന്റെ ചെറുകഥാസാഹിത്യത്തിലെ രണ്ട് അനശ്വരസ്തംഭങ്ങള്‍. അവയെ ചര്‍ച്ചചെയ്യാതെ മലയാളചെറുകഥയിലെ ആധുനികതാഋതുവിനെക്കുറിച്ചുള്ള ഒരു പര്യാലോചനയും പൂര്‍ണമാവില്ലെന്നതുപോലെയാണ് നമ്മുടെ ഭാവുകത്വചരിത്രത്തില്‍ അവയ്ക്കുള്ള സ്ഥാനം. നമ്മുടെ ആധുനിക ചെറുകഥാസാഹിത്യത്തിലെ ക്ലാസിക്കുകള്‍ എന്നും പറയാം അവയെപ്പറ്റി. സേതുവിന്റെ ചെറുകഥകളുടെ വിപുലമായ ശേഖരത്തെ അവ അധികരിക്കുന്നുണ്ടെങ്കില്‍, മികച്ചകഥകളുടെ സ്രഷ്ടാവ് , സ്രഷ്ടാവിനെത്തന്നെ അതിവര്‍ത്തിച്ച രണ്ടു കഥകളാല്‍ അതിയായി പ്രശംസിക്കപ്പെടുന്നു എന്നേ അതിനര്‍ഥമുള്ളൂ. ചെറുകഥയുടെ രാജശില്പിയായ റെയ്മണ്ട് കാര്‍വറുടെ പേരിനോടൊപ്പം, 'കത്തീഡ്രല്‍' എന്ന കഥയെ നാം എപ്പോഴും ചേര്‍ത്തുവെക്കുന്നതു പോലെയാണിത്.

എം.ടി.യുടെആ വിലയിരുത്തല്‍

'നിയോഗം', 'അടയാളങ്ങള്‍', 'കൈ മുദ്രകള്‍' എന്നിങ്ങനെ സമൃദ്ധമാണ് ആധുനികതയില്‍നിന്ന് അതിന്റെ അനന്തരഋതുവിലേക്കുകൂടി നീളുന്ന സേതുവിന്റെ ആഖ്യാനഭാവനയുടെ ദായഭാഗം. മുമ്പ് ഈ എഴുത്തുകാരനെക്കുറിച്ച് എം.ടി. വാസുദേവന്‍ നായര്‍ എഴുതിയ മനോഹരമായ ഒരു ചെറുകുറിപ്പിന്, 'സേതുബന്ധം' എന്നായിരുന്നു അദ്ദേഹം നല്‍കിയ ശീര്‍ഷകം എന്നോര്‍ക്കുന്നു. ആ കുറിപ്പില്‍ എം.ടി. ഇങ്ങനെ നിരീക്ഷിച്ചു: 'സേതുവിന്റെ കഥകളും നോവലുകളും വായിക്കുമ്പോള്‍ ഒരു വായനക്കാരന് പെട്ടെന്നു ബോധ്യമാവുന്ന ഒരു സവിശേഷതയുണ്ട്.

റിയലിസത്തിന്റെ പരിധിക്കപ്പുറത്തുകടന്ന് ഫാന്റസിയുടെ ഇപ്പുറത്തിലൂടെയാണ് കഥാകാരന്‍ സഞ്ചരിക്കുന്നത്. എഴുപതുമുതല്‍ ഇവിടെ ഇടയ്ക്കിടെ ഉപയോഗിക്കുന്ന 'മാജിക് റിയലിസം' എന്ന വിശേഷണം ഉപയോഗിച്ചാലും തെറ്റുവരില്ല. പക്ഷേ, അതുകൊണ്ട് വായനക്കാരുമായി സംവദിക്കാതിരിക്കുന്നുമില്ല. ബുദ്ധിജീവിപ്രകടനങ്ങളൊന്നുംതന്നെ ഭാഷയിലോ ഘടനയിലോ ഇല്ല. ജീവിതത്തിന്റെ അനിവാര്യമായ കയ്പിനെ നനുത്ത നര്‍മത്തോടെ, സഹതാപത്തോടെ സ്വീകരിക്കാന്‍ പാകപ്പെടുത്തിയ ഒരു മനസ്സിന്റെ പ്രവര്‍ത്തനം വാക്കുകളിലും വാക്കുകള്‍ക്കിടയില്‍ വിട്ടുെവച്ച വിടവുകളിലും കാണാന്‍ കഴിയുന്നു.' സംക്ഷിപ്തത തീര്‍ത്തും അനിവാര്യമായ ഇതുപോലൊരു സന്ദര്‍ഭത്തില്‍, സേതുവിന്റെ രചനാലോകത്തെ, എഴുത്തില്‍ അദ്ദേഹത്തിന്റെ അഗ്രഗാമിയും ആദ്യരചനകള്‍ പ്രസിദ്ധീകരിച്ച പത്രാധിപരുമായ എം.ടി.യുടെ ഈ വാക്കുകളാല്‍ സംഗ്രഹിക്കാമെന്നു കരുതുന്നു; ഫാന്റസിയെ യാഥാര്‍ഥ്യവുമായും ആധുനികതയെ സ്ത്രീയുടെ ആന്തരികലോകവുമായും ബന്ധിച്ച ഭ്രമഭാവനയുടെ സേതുബന്ധനമായിരുന്നു അത് എന്ന, ഇനിയും ഏറെ വിപുലീകരിക്കപ്പെടാവുന്ന, അനുബന്ധത്തോടെ.


Content Highlights: writer sethu wins ezhuthachan puraskaram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented