അറിവിന്റെ തറയില്‍നിന്ന് ഒരു പയ്യന്‍ എഴുത്തച്ഛന്‍ പുരസ്‌കാരം തൊടുമ്പോള്‍!


കുറ്റിപ്പുഴസാറിന്റെ ക്ലാസില്‍ പോയി ഇരിക്കും. നല്ല ഗൗരവത്തിലാണ് സാറ് തമാശകള്‍ പറയുക. സയന്‍സ് ക്ലാസില്‍ ഇരിക്കുമ്പോള്‍ വര്‍ക്കി മെമ്മോറിയല്‍ ഹാളില്‍ സാറിന്റെ ക്ലാസില്‍നിന്നു പൊട്ടിച്ചിരികള്‍ കേള്‍ക്കാം.

സേതു രണ്ട് കാലങ്ങളിൽ

ലമുറകളെ വാര്‍ത്തെടുത്ത ആലുവയിലെ പ്രശസ്ത കലാലയം, യൂണിയന്‍ ക്രിസ്റ്റ്യന്‍ കോളേജ് ശതാബ്ദിയിലേക്ക് കടക്കുമ്പോള്‍ ഏറെ സ്‌നേഹത്തോടെ, തങ്ങളുടെ പഠനകാലം ഓര്‍ത്തെടുക്കുകയാണ് പൂര്‍വവിദ്യാര്‍ഥിയും എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ നിറവില്‍ നില്‍ക്കുന്ന പ്രശസ്ത സാഹിത്യകാരനുമായ സേതു.

ചേന്ദമംഗലത്തെ കുഗ്രാമത്തില്‍നിന്നും അകലെയുള്ള മറുനാട്ടിലേക്ക് ജോലിക്കായി വണ്ടികയറിയപ്പോള്‍ ആകെയുണ്ടായിരുന്നത് അറിവിന്റെ അടിത്തറയായിരുന്നു, അത് യു.സി. കോളേജ് തന്നതാണ്. ഞാന്‍ സ്‌കൂളില്‍നിന്ന് പഠിച്ചിറങ്ങുമ്പോള്‍ ഏറ്റവും പ്രശസ്തമായ കോളേജ് എറണാകുളം മഹാരാജാസ് കോളേജാണ്. പക്ഷേ, ചേന്ദമംഗലത്തുനിന്ന് അകലെയാണ് മഹാരാജാസ്. അന്ന് ഒരു ബസേയുള്ളൂ ചേന്ദമംഗലത്തുനിന്ന് എറണാകുളത്തേക്ക്. ഹോസ്റ്റലില്‍ നില്‍ക്കാനുള്ള സാഹചര്യവും വീട്ടിലില്ല.സ്വസ്ഥമായി പഠിക്കാവുന്ന നല്ലൊരു കോളേജ് അരികിലില്ലേ, അത് നോക്കാം എന്നായിരുന്നു മാതാപിതാക്കളുടെ താത്പര്യം.

സാധാരണഗതിയില്‍ അഡ്മിഷന്‍ കിട്ടേണ്ടതാണ്. പക്ഷേ, സാധാരണയില്‍ നിന്നു നേരത്തേ പത്താംതരം പാസായതാണ് ഞാന്‍. അന്നത്തെ പ്രിന്‍സിപ്പല്‍ ടി.വി. നൈനാന്‍ എന്റെ മുഖത്തുനോക്കി ചോദിച്ചു: ''ചെറിയ പയ്യന്‍ ആണല്ലോ... ഒരുവര്‍ഷം കാത്തുകൂടെ.'' അതു വിഷമമാണെന്ന് എന്റെ കൂടെവന്ന കുടുംബത്തിലെ കാരണവര്‍ പറഞ്ഞു. അങ്ങനെ അഡ്മിഷന്‍ കിട്ടി. കാലം 1956 ആണ്. പ്രീ യൂണിവേഴ്‌സിറ്റി, പിന്നെ ഡിഗ്രി.

മലയാളം ക്ലാസിലെ പൊട്ടിച്ചിരി

ഐ.എ.എസ്. ഉദ്യോഗസ്ഥനായി പേരെടുത്ത ബാബുപോള്‍, തൊഴിലാളി നേതാവായ തമ്പാന്‍ തോമസ്, കവി എന്‍.കെ. ദേശം എന്നിവരൊക്ക അന്ന് അവിടെ പഠിക്കുന്നുണ്ട്. പ്രീ യൂണിവേഴ്‌സിറ്റി കഴിഞ്ഞപ്പോള്‍ ബിരുദത്തിന് ആര്‍ട്‌സ് ആയിരുന്നു മനസ്സില്‍. പക്ഷേ, നല്ലമാര്‍ക്ക് കിട്ടിയ കുട്ടികള്‍ സയന്‍സ് പഠിക്കുക എന്നായിരുന്നു അന്നും പതിവ്. അങ്ങനെ ഞാനും ചേര്‍ന്നു. ടി.വി. തോമസ് ആയിരുന്നു ഫിസിക്‌സ് പ്രൊഫസര്‍. ഒരു സേവനം പോലെയായിരുന്നു അന്ന് അധ്യാപനം. മാത്സില്‍ വെങ്കിട്ടരാമന്‍, കെമിസ്ട്രിയില്‍ അനന്തരാമന്‍... മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ കുറ്റിപ്പുഴ സാര്‍ ഉണ്ടായിരുന്നു. പക്ഷേ, മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ നല്ലത് ഹിന്ദിയാണ് എന്ന് അമ്മ പറഞ്ഞതനുസരിച്ച് ഞാന്‍ ഹിന്ദിയാണ് സെക്കന്‍ഡ് ലാംഗ്വേജ് എടുത്തത്. എന്നാലും കുറ്റിപ്പുഴസാറിന്റെ ക്ലാസില്‍ പോയി ഇരിക്കും. നല്ല ഗൗരവത്തിലാണ് സാറ് തമാശകള്‍ പറയുക. സയന്‍സ് ക്ലാസില്‍ ഇരിക്കുമ്പോള്‍ വര്‍ക്കി മെമ്മോറിയല്‍ ഹാളില്‍ സാറിന്റെ ക്ലാസില്‍നിന്നു പൊട്ടിച്ചിരികള്‍ കേള്‍ക്കാം. പഠനംകഴിഞ്ഞാല്‍ അന്ന് കോളേജില്‍ പലരുടെയും താത്പര്യം ഗെയിംസ് ആയിരുന്നു. പല കളികളിലും എനിക്ക് അന്നും ഇന്നും താത്പര്യമുണ്ടായിരുന്നു. ഫുട്‌ബോള്‍, ക്രിക്കറ്റ്. പക്ഷേ, ഇന്നത്തെ വീക്ഷണത്തില്‍ കോളേജ് ജീവിതം ആസ്വദിക്കാന്‍ പറ്റിയെന്നു പറയാനാവില്ല. ഓര്‍മിക്കാനുള്ള ചില കാര്യങ്ങളൊന്നും ഇല്ല. ഒരു വഴക്കുകൂടുകയോ പ്രണയിക്കുകയോ ഉണ്ടായിട്ടില്ല. മരച്ചുവട്ടില്‍ ഇരിക്കുക, ഐസ്‌ക്രീം പാര്‍ലറില്‍ പോവുക, സിനിമ കാണാന്‍ പോവുക ഒക്കെ അസാധ്യമാണന്ന്. പ്രേമലേഖനം കൊടുക്കുന്നതുപോലും ഒരു വലിയ സംഭവം. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു കൂട്ടായ്മയിലും ഉണ്ടായിരുന്നില്ല. തികഞ്ഞ അന്തര്‍മുഖന്‍ ആയിരുന്നു ഞാന്‍. ഒരു പ്രാവശ്യംപോലും സ്റ്റേജില്‍ കയറിയിട്ടില്ല.

ആലുവ യു.സി കോളേജ്‌

ലൈബ്രറിയിലെ സ്രാങ്ക്

കോളേജില്‍ നല്ല ലൈബ്രറി ഉണ്ടായിരുന്നു. കര്‍ശനമായ അച്ചടക്കമാണ്. ആരെങ്കിലും സംസാരിച്ചാല്‍ മുകളിലുള്ള ലൈബ്രേറിയന്റെ മേശപ്പുറത്തെ ബെല്ലടിക്കും. അങ്ങനെ അടിക്കുന്നതുകൊണ്ട് അങ്ങേര്‍ക്ക് സ്രാങ്ക് എന്ന വിളിപ്പേരും വീണിരുന്നു. പ്രശസ്തമായ ശങ്കേഴ്‌സ് വീക്കിലി, ഇലസ്‌ട്രേറ്റഡ് വീക്കിലി എന്നിവയെല്ലാം കാണുന്നത് അവിടെവെച്ചാണ്. ബി.എസ്സി.ക്ക് ഹൈസെക്കന്‍ഡ് ക്ലാസ് കിട്ടി. എം.എസ്സി. ഫിസിക്‌സ് അപ്പോഴാണ് കൃത്യമായിട്ട് തുടങ്ങുന്നത്. ആകെ ഏഴ് സീറ്റുമാത്രം. പക്ഷേ, എനിക്ക് അതിനുള്ള മാര്‍ക്കില്ല. ആകെ നിരാശയായി. അപ്പോഴാണ് ഇന്ദോറില്‍ എം.എസ്‌സി.ക്ക് പഠിക്കുന്ന ഒരു ബന്ധുവിന്റെ കത്തു വന്നത്, അവിടെ അഡ്മിഷന്‍ കിട്ടും. വേഗം മാര്‍ക്ക് ലിസ്റ്റുമായി എത്തണമെന്ന്. ആദ്യ ബാച്ച് ആയതുകൊണ്ട് മാര്‍ക്ക്ലിസ്റ്റ് അടുത്തകാലത്തൊന്നും കിട്ടില്ല എന്ന് കോളേജില്‍നിന്ന് പറഞ്ഞു. അങ്ങനെ തിരുവനന്തപുരത്തേക്കു പോയി. ആദ്യത്തെ തിരുവനന്തപുരം യാത്രയാണ്. പോയി യൂണിവേഴ്‌സിറ്റി ഓഫീസ് കണ്ടുപിടിച്ചു. താമസിക്കുമെന്ന് അവിടെനിന്നു മറുപടി കിട്ടിയതോടെ ആ സ്വപ്നം അവസാനിച്ചു. അങ്ങനെയാണ് ജീവിതത്തിലെ വഴി തിരിഞ്ഞത്, തുടക്കത്തില്‍ പറഞ്ഞ മറുനാട്ടിലേക്കുള്ള യാത്ര.

ക്ഷണിച്ചെങ്കിലും കോളേജിലെ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ആരോഗ്യപരമായ കാരണങ്ങള്‍... പല നാടുകളില്‍ പണിയെടുക്കുമ്പോഴെല്ലാം അക്ഷരങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും ആ ഉറച്ച അടിത്തറ എന്നെ വീഴാതിരിക്കാന്‍ സഹായിച്ചിട്ടുണ്ട്. നന്ദി.

Content Highlights: Sethu, Aluva UC College, Mathrubhumi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022

Most Commented