രഞ്ജിപ്പിനു പോകാത്ത സാഹിത്യമെഴുതുന്നവര്‍ക്ക് പട്ടുംവളയുമില്ല; തോമസ് ജോസഫ് നിനക്കതറിയാമായിരുന്നു!


പി.എഫ് മാത്യൂസ്

'ബാല്യവും കൗമാരവും കടന്ന് ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്ന നീണ്ട വര്‍ഷങ്ങളില്‍ ജീവിതത്തിന്റെ മറുപുറവും എനിക്കു തൊട്ടറിയാനായി. അമ്മ എനിക്കു വിളമ്പിവച്ച ഭക്ഷണപ്പാത്രത്തിലേക്ക് അപ്പന്റെ വായില്‍ നിന്ന് തവളകളും പാമ്പുകളും ഇറങ്ങിവന്ന് ഇഴഞ്ഞും ചാടിയും നടന്നതായി എനിക്ക് എഴുതേണ്ടിവന്നിട്ടുണ്ട്. '

പി.എഫ് മാത്യൂസ്, തോമസ് ജോസഫ്

മലയാളസാഹിത്യത്തിലെ എക്കാലത്തെയും വേറിട്ട പ്രതിഭയായിരുന്ന തോമസ്‌ജോസഫിനെക്കുറിച്ച് പി.എഫ് മാത്യൂസ് എഴുതുന്നു.
എഴുപതുകളില്‍ കൊച്ചി കായലിന്റെ കാറ്റുകൊണ്ടു നടന്നിരുന്ന മൂന്നു ചെറുപ്പക്കാരുണ്ടായിരുന്നു. അത്ഭുതകരമായ കഥകളെഴുതാന്‍ വിധിക്കപ്പെട്ടവരാണ് തങ്ങളെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു. അക്കാലത്ത് അതിശയം അത്ഭുതം എന്നീ വാക്കുകള്‍ അവര്‍ ധാരാളമായി പ്രയോഗിച്ചിരുന്നു. അരനൂറ്റാണ്ടു കടന്ന് പിന്നിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ അവരില്‍ ഒരാളെ കാണുന്നില്ല. അയാള്‍ക്കു പകരം കുറേ കഥാപുസ്തകങ്ങള്‍ മാത്രം അരികിലുണ്ട്. അറുപത്തിയാറുവര്‍ഷത്തെ ജീവിതത്തിന്റെ അവശേഷിപ്പ്. എണ്‍പതുകളുടെ അവസാനംവരെ തോമസ് ജോസഫിന്റേയും ജോര്‍ജ് ജോസഫിന്റേയും കഥകളുടെ കൈയ്യെഴുത്തുപ്രതികള്‍ എന്റെ കൈകളിലെത്തിയിരുന്നു. എല്ലാവരുടേയും സ്‌നേഹത്തിനു വേണ്ടി ജോര്‍ജ് എഴുതിയപ്പോള്‍ തോമസ് ജോസഫിന്റേയും എന്റേയും മുന്നില്‍ ഒരു വായനാസമൂഹം തന്നെ ഉണ്ടായിരുന്നില്ല.
അറിയുന്നതും ചിരപരിചിതവുമായ വാക്കുകള്‍കൊണ്ടാണ് തോമസ് ജോസഫ് കഥകളെഴുതിയത്. എന്നാല്‍ ആ കഥകളെല്ലാം അപരിചിതവും അതീവ വിചിത്രവുമായ ലോകത്തിന്റേതായിരുന്നു. കാലത്തിന്റെ ഏതിര്‍ദിശയിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ചവന്‍. 'മനസ്സിലാക്കുക' എന്ന വാക്കുകൊണ്ട് ആ കഥകളിലൂടെ നമുക്കു യാത്രചെയ്യാനാകില്ല. നമ്മള്‍ പിന്തുടരുന്ന ചരിത്രത്തെ അയാള്‍ പിന്‍പറ്റുന്നില്ല. കാണുന്നതും കേള്‍ക്കുന്നതുമായ കാര്യങ്ങള്‍ പകര്‍ത്തുവാനോ ഉല്‍ക്കണ്ഠയും നാടകീയതയും പെരുപ്പിച്ച് പിടിച്ചിരുന്ന വാചകങ്ങള്‍ ഉപയോഗിക്കാനോ അയാള്‍ക്കു താല്‍പ്പര്യമില്ലായിരുന്നു. തോമസ് ജോസഫ് കഥകള്‍ എഴുതപ്പെട്ടിരിക്കുന്നത് സ്ഥലത്തല്ല കാലത്തിലാണ് എന്നും തോന്നിയിരുന്നു. ബോര്‍ഹസ് പറഞ്ഞതുപോലെ നമ്മള്‍ സ്വപ്‌നം കാണുമ്പോള്‍ ഭൗതീകശരീരം ഒരു വിഷയമാകുന്നേയില്ല. നമ്മുടെ ഓര്‍മ്മയും ആ ഓര്‍മ്മയെ നെയ്‌തെടുക്കുന്ന ഭാവനാലോകവുമാണ് പ്രധാനം. ആ ലോകത്തിന്റെ നിലനില്‍പ്പ് തീര്‍ച്ചയായും ഈ ഭൗതികലോകത്തല്ല. അയാള്‍ സ്വന്തം ജീവിതത്തെ കഥകളിലേക്കു പദാനുപദം വിവര്‍ത്തനം ചെയ്തില്ലെന്നതു സത്യമായ കാര്യം. ഒപ്പം കേവലമായ ഭാവനയാണതെന്നു തീര്‍പ്പു കല്‍പ്പിക്കാനുമാകില്ല. എക്കാലത്തും തോമസ് ജോസഫിന് അയാളുടെ വായനക്കാര്‍ ആരാണെന്നും ആരായിരിക്കുമെന്നും അറിയില്ലായിരുന്നു. അങ്ങനെ ചിന്തിച്ചിട്ടേയില്ല എന്ന് എനിക്കു നല്ല തീര്‍ച്ചയുണ്ട്. എന്നാല്‍ പ്രശസ്തിയും അംഗീകാരവും കിട്ടണമെന്നു തീവ്രമായി ആഗ്രഹിച്ചിട്ടുമുണ്ട്. അപ്പോഴും സമകാലീനരായ വായനാ സമൂഹത്തേയല്ല അയാള്‍ ലക്ഷ്യമിട്ടത്. വളരെ കുറച്ചേ വായിച്ചിട്ടുള്ളൂ, ദസ്തയേവ്‌സ്‌ക്കിയെ മലയാളത്തില്‍ വായിച്ചുവായിച്ച് ആ മരവിച്ച വിവര്‍ത്തനഭാഷയേപ്പോലും ഇഷ്ടപ്പെടുന്ന അവസ്ഥയിലെത്തിയിരുന്നു.
എഴുപതുകളുടെ മദ്ധ്യത്തിലാണ് തോമസ് ജോസഫിനെ ഞാന്‍ പരിചയപ്പെടുന്നത്. സാഹിത്യക്യാമ്പുകളിലൊക്കെ പതിവായി പോകാറുള്ള ജോര്‍ജ് ജോസഫാണ് ഏതോ സാഹിത്യക്യാമ്പില്‍ നിന്നു കിട്ടിയതാണെന്നു പറഞ്ഞു അയാളെ കൂട്ടിക്കൊണ്ട് വന്നത്. അവിടന്നങ്ങോട്ട് ദീര്‍ഘകാലം ഞങ്ങള്‍ മൂന്നു പേരും ഒന്നിച്ചുണ്ടായിരുന്നു. ഒരു ക്യാമ്പുകളിലും പോകാത്ത, ഏറെ ചങ്ങാത്തങ്ങളില്ലാത്ത എനിക്ക് എഴുത്തുകാരെ പരിചയപ്പെടുത്തിത്തന്നിരുന്നത് ജോര്‍ജ് ജോസഫായിരുന്നു. ജോസഫ് എന്നു പേരുള്ള അവനെ ആരും ആ പേരു വിളിച്ചില്ല. പകരം ആ പേരിനു തൊട്ടുമുന്നിലെ അപ്പന്റെ പേര് വിളിപ്പേരാക്കി. അങ്ങനെ തോമസ്, തൊമ്മന്‍, തോമാച്ചന്‍ എന്നീ പേരുകളില്‍ എല്ലായിടത്തും അറിയപ്പെട്ടു. ജോസഫ് (ഇവിടന്നങ്ങോട്ട് അങ്ങനെതന്നെ ഞാന്‍ വിളിക്കട്ടെ) സക്കറിയയുടെ 'വല' എന്ന കഥയേക്കുറിച്ച് കൂടക്കൂടെ പറയുമായിരുന്നു. വി.പി.ശിവകുമാറിനേയും ടി.ആറിനേയും കൂട്ടത്തില്‍ കൂട്ടും. ഏലൂരിലെ പാതാളത്തുള്ള അയാളുടെ വീട്ടിലേക്കു ചിലപ്പോള്‍ ഞങ്ങള്‍ പോകുമായിരുന്നു. മെലിഞ്ഞു മെലിഞ്ഞ് കടലാസ്സില്‍ വരച്ച രേഖാചിത്രം പോലെയായ അമ്മ നീളന്‍ ചില്ലു ഗ്ലാസ്സില്‍ ചായ കൊണ്ടുവരും. അപ്പന്‍ മുറ്റത്ത് എന്തെങ്കിലും പണിയിലായിരിക്കും. ഞങ്ങളെ കാണുമ്പോള്‍ ഒന്നു ചിരിച്ചുവെന്നു വരുത്തും, അത്ര തന്നെ. ദസ്തയേവ്‌സ്‌ക്കിയുടേയും കാഫ്ക്കയുടേയും പിതാക്കളുമായുള്ള കലഹത്തേക്കുറിച്ച് ജോസഫിനു സംസാരിക്കാനിഷ്ടമായിരുന്നു.
'ബാല്യവും കൗമാരവും കടന്ന് ജോലിയൊന്നുമില്ലാതെ വീട്ടിലിരിക്കേണ്ടി വന്ന നീണ്ട വര്‍ഷങ്ങളില്‍ ജീവിതത്തിന്റെ മറുപുറവും എനിക്കു തൊട്ടറിയാനായി. അമ്മ എനിക്കു വിളമ്പിവച്ച ഭക്ഷണപ്പാത്രത്തിലേക്ക് അപ്പന്റെ വായില്‍ നിന്ന് തവളകളും പാമ്പുകളും ഇറങ്ങിവന്ന് ഇഴഞ്ഞും ചാടിയും നടന്നതായി എനിക്ക് എഴുതേണ്ടിവന്നിട്ടുണ്ട്. '
അങ്ങനെയൊരു വാചകം 2015-ല്‍ ഒരു യുവകഥാകൃത്തിന്റെ പുസ്തകത്തിലെ അവതാരികയായി ജോസഫ് എഴുതിയിട്ടുണ്ട്. ഈ വാചകത്തില്‍ യൗവ്വനകാലത്തെ ഇരുട്ടുവീണ മനസ്സു കാണാം. അക്കാലത്ത് വൈകുന്നേരനടത്തം ഞങ്ങള്‍ മൂന്നുപേര്‍ക്കും ഒഴിവാക്കാനാകില്ലായിരുന്നു. അയാളുടെ വീട്ടില്‍ നിന്ന് നടന്നാല്‍ ഭൂമിയുമായി ബന്ധമില്ലാത്ത മഞ്ഞുമൂടിയ ഭൂപ്രകൃതിയിലെത്തുമായിരുന്നു. ഈ വിഷപ്പുക ശ്വസിച്ച് ഞങ്ങടെ ശ്വാസകോശം പാതിയായിട്ട്ണ്ട് എന്ന വാചകം എന്നും ജോസഫ് ആവര്‍ത്തിച്ചു. അക്കാലത്താണ് 'ജോസഫ് നിനക്കുവേണ്ടി ഒരു വിലാപം' എന്ന കഥ ഞാനെഴുതിയത്. 'സംക്രമണ'ത്തില്‍ പ്രസിദ്ധീകരിച്ച ആ കഥയെ സ്വന്തം കഥപോലെയാണ് ജോസഫ് കണ്ടത്. ഏറെ വായനക്കാരില്ലാത്ത ചെറുമാസികകളില്‍ മാത്രമായിരുന്നു ഞങ്ങളേപ്പോലെയുള്ളവര്‍ക്ക് ഇടം കിട്ടിയിരുന്നത്. കഥ എന്ന സങ്കല്‍പ്പത്തെത്തന്നെ ഒഴിവാക്കിയ, വാചകങ്ങളുടെ വിന്യാസങ്ങളില്‍മാത്രം വിശ്വാസമര്‍പ്പിച്ച 'ആസ്സാമിനു പിറകില്‍ സുഭാഷ്പാര്‍ക്കിലെ കുരങ്ങന്‍', 'നഴ്‌സറിക്ലാസ്സില്‍ സ്വയംഭോഗികള്‍ ' തുടങ്ങിയ കഥകള്‍ ഞാനെഴുതിയത് അക്കാലത്താണ്. സംഭവങ്ങളുടെ ആദിമദ്ധ്യാന്തക്രമം നിര്‍ബന്ധമാക്കിയ വ്യവസ്ഥാപിത മലയാളചെറുകഥയോടുള്ള കലാപമാണത് എന്നൊക്കെ വളരെ ഗൗരവത്തില്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ മൂവരും ഏറെക്കുറെ ഒരേ സാംസ്‌ക്കാരിക പശ്ചാത്തലം പങ്കിട്ടവരാണ്. വണക്കമാസ പുസ്തകങ്ങളിലെ ദൃഷ്ടാന്തങ്ങളും ബൈബിളിലെ വാചകങ്ങളും പള്ളിയും മരണാന്തര ചടങ്ങുകളും എഴുത്തിന്റെ സ്രോതസ്സുകളില്‍പ്പെട്ടിരുന്നുവെങ്കിലും തികഞ്ഞ അവിശ്വാസികളായിരുന്നു. ആവിഷ്‌ക്കാരങ്ങളില്‍ മൂന്നുപേരും വെവ്വേറെ ഭൂഖണ്ഡങ്ങളില്‍ വസിക്കുന്നവരുമായിരുന്നു.
Thomas Joseph, PF Mathews and George Joseph
തോമസ് ജോസഫ്, പി.എഫ് മാത്യൂസ്, ജോര്‍ജ് ജോസഫ് എന്നിവര്‍ പി.എഫ് മാത്യൂസിന്റെ വിവാഹവേളയില്‍

തൊഴിലില്ലായ്മയിലും വിഷാദത്തിലും കഴിഞ്ഞിരുന്ന അക്കാലത്ത് ജോസഫ് എന്നെ കാണാന്‍ മാത്രമായി പാതാളത്തുനിന്നു വന്നതോര്‍ക്കുന്നു. കേരളടൈംസ് ദിനപ്പത്രത്തില്‍ പരിശീലനമെന്ന മട്ടില്‍ കൂലിയില്ലാത്ത ജോലി ചെയ്യുകയാണ് ഞാന്‍. വന്നപാടെ വിഷമത്തോടെ അയാള്‍ പറഞ്ഞു.
'കലാകൗമുദിയില്‍ നിന്ന് ഒരു ഓഫര്‍ വന്നിട്ടുണ്ട്. അവര്‍ക്ക് ഫീച്ചറുകള്‍ എഴുതിക്കൊടുത്താല്‍ കാശു കിട്ടും...പക്ഷെ എനിക്കാ പരിപാടി വലിയ പിടിയില്ലല്ലോ.. നിനക്കെന്നെ സഹായിക്കാന്‍ പറ്റുമോ...'
'ഞാന്‍ റെഡി...'
ആ നിമിഷംതൊട്ടു പണിയും തുടങ്ങി. ആല്‍ബെര്‍ട്‌സ് കോളേജിനടുത്തുള്ള അന്തോചേട്ടന്റെ ചായക്കടയിലിരുന്ന് ആലോചന തുടങ്ങി. സാഹിത്യം തൊടാത്ത വിഷയം വേണം. സാധാരണ മനുഷ്യരെ ബാധിക്കുന്നത്...അങ്ങനെയാണ് അയാള്‍ ജീവിക്കുന്ന പാതാളത്തേയും പരിസരങ്ങളേയും കൊലനിലമാക്കി മാറ്റിയ ഫാക്ടറി മാലിനിങ്ങളേക്കുറിച്ചും വിഷപ്പുകയേക്കുറിച്ചും എഴുതാമെന്നു തീരുമാനമായത്. അതെഴുതാന്‍ വേണ്ടി ചില ഫാക്ടറികളിലൊക്കെ കയറിയിറങ്ങി. വിദഗ്ധരേയും സാധാരണക്കാരേയും തൊഴിലാളികളേയും കണ്ട് അഭിമുഖം നടത്തി. ആ രണ്ടാഴ്ച മുഴുവന്‍ ജോസഫ് എന്റെ കൂടെ ഉണ്ടായിരുന്നെങ്കിലും അവന്റെ മനസ്സ് കഥകളുടെ ലോകത്തുതന്നെയായിരുന്നു. ബാഹ്യലോകത്തിന്റെ ഈ അസംബന്ധങ്ങള്‍ സഹിക്കാനേ പറ്റുന്നില്ല...ഞാനെന്റെ സ്വപ്‌നത്തിലേക്കു മടങ്ങട്ടേ...എന്നമട്ടിലുള്ള നിലപാടായിരുന്നു...അത് ഏറെക്കുറേ എഴുതിപ്പൂര്‍ത്തിയാക്കിയിട്ട് ഞാന്‍ പറഞ്ഞു...ഇതിന്റെ ഇന്‍ട്രോ നിന്റെ ഭാഷയില്‍ത്തന്നെ വേണം...ഇപ്പോഴും ഓര്‍ക്കുന്നുണ്ട്, ആ അരപ്പുറമെഴുതാന്‍ അവനൊരുപാടു കഷ്ടപ്പെട്ടു. പ്രായോഗിക കാര്യങ്ങള്‍ക്കായി ഭാഷയെ ഉപയോഗിക്കേണ്ടിവരുമ്പോള്‍ വല്ലാതെ ശ്രമപ്പെട്ടിരുന്നു.
കൂട്ടുകാരന്‍ ഹസ്സന്‍കോയയുടെ സഹായത്താല്‍ 'ചന്ദ്രിക' ദിനപ്പത്രത്തില്‍ ജോലിയെടുത്തിരുന്ന കാലത്താണ് അപ്പന്‍ തോമസ് മരണമടയുന്നത്. അന്ന് ജോസഫിനൊപ്പം ഞാനും ആ വീട്ടിലേക്കു പോയിരുന്നു. അപ്പന്റെ മരണം അയാളെ വല്ലാതെ ബാധിക്കും എന്ന തീര്‍ച്ചയിലായിരുന്നു ആ പോക്ക്. എന്നാല്‍ അവിടെ എത്തിയിട്ടും വലിയ വികാരപ്രകടനങ്ങളൊന്നുമില്ലാതെ വളരെ സാധാരണമട്ടില്‍ അയാള്‍ ആ മരണത്തെ കണ്ടുനിന്നത് എനിക്കിപ്പോഴും കാണാം. ' അന്യയാഥാര്‍ത്ഥ്യലോകത്ത് എന്റെ ചലനങ്ങള്‍ക്കോ ക്രിയകള്‍ക്കോ ഞാന്‍ സങ്കല്‍പ്പിച്ചിരുന്ന സ്‌നേഹബന്ധങ്ങള്‍ക്കോ യാതൊരു യുക്തിയും ഉണ്ടായിരുന്നില്ല. മരിച്ചവര്‍ സിനിമ കാണുകയാണ് എന്ന കഥയില്‍ ജോസഫ് എഴുതി.
അയാളെ തിരിച്ചറിയാനോ മനസ്സിലാക്കാനോ കൂടെ നടന്നിരുന്നവര്‍ക്കു മനസ്സിലായിട്ടുണ്ടോ എന്നെനിക്കു സംശയമുണ്ട്. തോമാച്ചന്‍ എന്തിനാണിങ്ങനെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്...ഒന്നു മാറി വ്യത്യസ്തമായി ചിന്തിച്ചുകൂടെ എന്നു ചോദിക്കാത്ത ചങ്ങാതിമാരില്ല. സാമാന്യവായനക്കാരെ രസിപ്പിക്കുന്ന നാടകീയമായ പ്രതിസന്ധികളും അതിന്റെ പരിഹാരവുമൊക്കെ ചേര്‍ന്ന പ്ലോട്ടുകള്‍ ഉള്ള കഥ എഴുതാനാണ് എല്ലാവരും ഉപദേശിച്ചുകൊണ്ടിരുന്നത്. മലയാളി വായനക്കാരന്‍ യാഥാസ്ഥിതികനാണെന്നും അങ്ങനെ എഴുതിയില്ലെങ്കില്‍ അംഗീകാരം കിട്ടുകയില്ലെന്നുമൊക്കെ ഉപദേശങ്ങളുണ്ടായി. കഥയില്‍ കനമേറിയ കഥ വേണം, സാമൂഹ്യരാഷ്ട്രീയചര്‍ച്ചകള്‍ക്കു വഴിവയ്ക്കുന്ന ആശയങ്ങള്‍ വേണം...അങ്ങനെ അങ്ങനെ..ചെറുകഥാ സാഹിത്യത്തിന്റെ ആരംഭദശയില്‍ത്തന്നെ ആന്റണ്‍ചെക്കോവ് റദ്ദാക്കിക്കളഞ്ഞ ഉപകരണങ്ങളേയാണ് അഭ്യൂദയകാംക്ഷികള്‍ വീണ്ടും പെറുക്കിയെടുത്തുകൊടുത്തത്. ഈ ചോദ്യങ്ങള്‍ പിന്നേയും വളര്‍ന്നു...എന്തുകൊണ്ട് എല്ലാവരും എഴുതുന്ന മട്ടില്‍ എഴുതുന്നില്ല...എല്ലാവരും ജീവിക്കുന്നുപോലെ ജീവിക്കുന്നില്ല....എന്നൊക്കെയായിരുന്നു വേവലാതികള്‍. നൈസര്‍ഗ്ഗികമായ ചില ബോധ്യങ്ങളുടേയും ഉള്‍വിളികളുടേയും തീര്‍ച്ചയില്‍ ജോസഫ് ഒരാളുടേയും ഉപദേശങ്ങള്‍ ചെവിക്കൊണ്ടില്ല. പഴയ സര്‍റിയല്‍ കലാകാരന്മാരേപ്പോലെ ബാഹ്യലോകത്തിന്റെ യുക്തികള്‍ക്കു പുറത്തായിരുന്നു അയാളുടെ ജീവിതവും കഥാജീവിതവുമെന്നു തിരിച്ചറിയാന്‍ ആ കഥകള്‍ വായിച്ചാല്‍ മാത്രം മതി . എഴുത്തിനെ തിരിച്ചറിയാത്തവരുടെ കൂട്ടത്തില്‍ കൂടുമ്പോഴും സ്വന്തം എഴുത്തുവഴിയില്‍ അയാള്‍ ഉറച്ചുനിന്നു. ഭാവനയില്‍ മുങ്ങിക്കിടക്കുന്ന ആന്തരികലോകത്തെ കഥയിലേക്കു വിവര്‍ത്തനം ചെയ്യുന്ന പരിചിതമായ ആ കര്‍മ്മം തുടര്‍ന്നുകൊണ്ടേയിരുന്നു. കൊളംബസ്സിനേപ്പോലെ ആരും തെളിച്ചിട്ടില്ലാത്ത വാക്കുകളുടെ സമുദ്രത്തിലൂടെ തുഴഞ്ഞ് സ്വയം കണ്ടുപിടിച്ച ഭൂഖണ്ഡത്തില്‍ മാത്രമേ അയാള്‍ക്കു ജീവിക്കാനാകുമായിരുന്നുള്ളൂ. ആ ഭൂഖണ്ഡത്തിലെ മഹാസമുദ്രത്തിനു നടുവില്‍ ചിത്രശലഭങ്ങളുടെ ഒരു ദ്വീപുണ്ട്. ജീവന്റെ തോടുപൊട്ടി പുറത്തുവരുന്ന ചിത്രശലഭങ്ങള്‍ ജലത്തിളക്കങ്ങള്‍ക്കു മീതെ പറന്നുയര്‍ന്നു നൃത്തം ചെയ്തുകൊണ്ടിരുന്നു. അദൃശ്യമായ സിനിമയില്‍ നിന്ന് ഇറങ്ങിവന്ന സുന്ദരി പൂര്‍വ്വബന്ധത്തിന്റെ തരംഗങ്ങള്‍ പ്രസരിപ്പിച്ചുകൊണ്ട് എഴുത്തുകാരനെ നോക്കിക്കൊണ്ടു നിന്നു. സഹജീവികളുടെ യുക്തിയെ മാത്രമല്ല സമകാലീക ഭാവനയുടെ സമ്പ്രദായങ്ങളേപ്പോലും ജോസഫ് അവഗണിച്ചു.
അസ്തിത്വവാദത്തിന്റെ ആഘോഷപ്പെരുമഴയ്ക്കും മരപ്പെയ്ത്തിനും ശേഷമാണ് തോമസ് ജോസഫിന്റെ കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്. തലക്കനമുള്ള നിരൂപകര്‍ കണ്ണടച്ചിരുട്ടാക്കിയ കാലം കൂടിയായിരുന്നു അത്. അസ്തിത്വ വാദികളുടെ ഉല്‍സവപ്പിറ്റേന്ന് ചെറുമാസികകളില്‍ എഴുതിത്തുടങ്ങിയ ആ മൂന്നുപേരടക്കമുള്ള യുവ കഥാകൃത്തുക്കളെ വായനക്കാരും കണ്ടില്ല. ഏതെങ്കിലും ഒരു കള്ളിയില്‍പെടുത്താവുന്ന ആശയങ്ങള്‍ ഏറ്റെടുക്കാതെ, സ്വന്തം ഭാവനാപ്രപഞ്ചത്തില്‍ നിന്നുകൊണ്ട് എഴുതിയിരുന്ന ജോസഫിന്റെ കാര്യം പറയാനുമില്ല. തോമസ് ജോസഫിന് ജനസമ്മതി കിട്ടിയില്ല എന്ന പരിഭവം പറച്ചില്‍ അര്‍ത്ഥരഹിതമാണെന്ന് അന്നേ തോന്നിയിരുന്നു. ജനസമ്മതി യാചിക്കുന്ന ഒരു വരിപോലും നീയെഴുതിയിട്ടില്ല...പിന്നെന്തിനാണ് ആ വഴിയിലേക്കു നോക്കി നില്‍ക്കുന്നത്. രഞ്ജിപ്പിനു പോകാത്ത സാഹിത്യമെഴുതുന്നവര്‍ക്ക് പട്ടുംവളയും കിട്ടാനുള്ള ഒരു സാധ്യതയുമില്ല. അതൊന്നും ജോസഫിന്റെ കാതില്‍ പതിക്കുകയില്ല. നിരൂപണരംഗത്തേക്കു കാലുകുത്തിത്തുടങ്ങുന്ന ചിലരോടൊക്കെ തന്റെ കഥകളേക്കുറിച്ച് എഴുതാന്‍ അയാള്‍ ആവശ്യപ്പെട്ടത് എനിക്കറിയാം. എഴുതിക്കിട്ടിയതില്‍ ചിലതൊന്നും അയാള്‍ക്കു തീരെ ഇഷ്ടപ്പെട്ടില്ല. പലര്‍ക്കും അയാളേക്കുറിച്ച് എഴുതാനുള്ള ഉപകരണങ്ങള്‍ കൈവശമുണ്ടായിരുന്നുമില്ല. പതുക്കെ പതുക്കെ മലയാളത്തിലെ ചിന്താശേഷിയുള്ള നിരൂപകരും എഴുത്തുകാരും അയാളെ അന്വേഷിച്ചു കണ്ടെത്തുകയും എഴുതുകയും ചെയ്തു എന്ന വസ്തുത പറയാതിരിക്കാനാകില്ല. മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അതത്ര ചെറിയ കാര്യവുമല്ല. 1989-ല്‍ 'അത്ഭുതസമസ്യ' എന്ന കൃതിയെ പഠിച്ചുകൊണ്ട് അക്കാലത്തെ യുവനിരൂപകനായ പി.കെ രാജശേഖരന്‍ ഇങ്ങനെ എഴുതി :' ഒരു വിശ്വാസത്തിന്റേയും മൂല്യങ്ങള്‍ ഈ കഥാകൃത്ത് ഉയര്‍ത്തിപ്പിടിക്കുന്നില്ല. ജീവിതത്തിന്റെ വ്യസന പരിതസ്ഥിതിയാണ് അയാളുടെ പ്രത്യയശാസ്ത്രം. വ്യക്തിയുടെ അനുഭവ മണ്ഡലത്തേക്കുറിച്ചുള്ള ഈ കഥാനുഭവം എണ്‍പതുകള്‍ക്കു മുമ്പുള്ള കഥാസാഹിത്യത്തില്‍നിന്ന് വ്യത്യസ്തമാണ്.' 'ചിത്രശലഭങ്ങളുടെ കപ്പല്‍' എന്ന കഥാസമാഹാരത്തിന് ബി.രാജീവന്‍ എഴുതിയ അവതാരിക ഈ എഴുത്തുകാരനെ മലയാളസാഹിത്യത്തില്‍ കൃത്യമായി അടയാളപ്പെടുത്തുന്ന പ്രൗഢമായ ഒരു പഠനമാണ്. ' യുക്തിയുടേയും ഭാവനയുടേയും ബുദ്ധിയുടേയും ഹൃദയത്തിന്റേയും ശാസ്ത്രത്തിന്റേയും കവിതയുടേയും പഴയ അതിര്‍ത്തികളെ മറികടക്കുന്ന ഈ രചനകള്‍ അതിരുകളില്ലാത്ത, അര്‍ത്ഥങ്ങളില്ലാത്ത നഗ്നമായ ഭാഷയ്ക്കുവേണ്ടിയുള്ള ഒരു തൃഷ്ണയുടെ പ്രവര്‍ത്തനമാകാം 'എന്ന് അദ്ദേഹം വിലയിരുത്തി. അതു വളരെ പ്രസ്‌ക്തമായിത്തോന്നിയിരുന്നു. നരേന്ദ്രപ്രസാദ്, സക്കറിയ, അന്‍വര്‍ അലി തുടങ്ങിയ നല്ല എഴുത്തുകാരും തോമസ്‌ജോസഫിന്റെ കഥകളെക്കുറിച്ച് ഗൗരവത്തോടെതന്നെ വിലയിരുത്തുകയുണ്ടായി. പ്രതിഷ്ഠിക്കപ്പെട്ട എഴുത്തുകാരേക്കുറിച്ച് ആവര്‍ത്തിച്ചെഴുതിക്കൊണ്ടിരിക്കുന്ന മലയാളസാഹിത്യവിമര്‍ശന രംഗത്ത് ഇതൊക്കെത്തന്നെ വലിയ കാര്യം. ജോസഫ് അതുകൊണ്ടൊന്നും തൃപ്തനല്ലായിരുന്നുവെന്ന് എനിക്കറിയാവുന്ന കാര്യം. ഈ അസംതൃപ്തി തന്നെയാകണം അവസാനംവരെ ഒരു യുദ്ധത്തിലെന്നതു എഴുതിക്കൊണ്ടേയിരിക്കാന്‍ അയാള്‍ക്ക് ഊര്‍ജ്ജമായതെന്നു തോന്നുന്നു. 'അമ്മയുടെ ഉദരം അടച്ച്' എന്ന നോവല്‍ വരെ അങ്ങനെയാണുണ്ടായത്.
Content Highlights : Writer PF Mathews shares memories of writer Thomas Joseph

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi
Premium

6 min

1977, 2004 ആവർത്തിച്ചാൽ 2024-ൽ ബി.ജെ.പി. പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും | പ്രതിഭാഷണം

Mar 29, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


food

1 min

ബ്രെഡ് ഫ്രിഡ്ജില്‍ സൂക്ഷിക്കല്ലേ ; അറിഞ്ഞിരിക്കാം ഇവ

Mar 29, 2023

Most Commented