
സക്കറിയ, ലിബിൻ, എബിൻ
ട്രാവല്‍ വ്ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്തതതിനെത്തുടര്ന്നുണ്ടായ 'കേരളം കത്തിക്കല്‍' ഭീഷണികളെക്കുറിച്ച് സാഹിത്യസാംസ്കാരിക സാമൂഹ്യമേഖലകളിലെ പ്രമുഖരുടെ പ്രതികരണങ്ങളുമായി മാതൃഭൂമി ഡോട് കോം ചര്‍ച്ചയ്ക്ക് എഴുത്തുകാരന് സക്കറിയ തുടക്കിമിടുന്നു.
മൂല്യവ്യവസ്ഥകളില്ലാത്ത റിബലുകളാവാന് (അതും വില്‍പ്പനയ്ക്ക് വെക്കാവുന്നത്) ശ്രമിച്ചതിന്റെ പരിണിതഫലമാണ് കേരളം കത്തുമെന്ന ചെറിയ വായിലെ ഭീഷണി. ഏറ്റവും വിലകുറഞ്ഞതരത്തിലുള്ള സാമൂഹിക കലാപമാണിത്. സംശയം വേണ്ട, ഒട്ടും സ്വീകാര്യമല്ലാത്ത പ്രവണത തന്നെയാണ്.
കക്ഷിരാഷ്ട്രീയക്കാരുടെ കക്ഷത്തില്‍ കൊണ്ടുപോയി തലവെച്ചു കൊടുക്കാവുന്നതല്ല രാഷ്ട്രീയം. പൗരന് എന്ന നിലയ്ക്ക് അവകാശവും കടമകളും ഉത്തമമമായി ബോധ്യപ്പെടുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുന്നതാണ് രാഷ്ട്രീയം. പൗരന് നിലകൊള്ളുന്ന സമൂഹത്തിന്റെ ഔന്നത്യത്തെക്കുറിച്ചുള്ള ബോധവും ഉത്കണ്ഠയുമാണ് രാഷ്ട്രീയം. ഇത്തരത്തിലൊക്കെ രാഷ്ട്രീയത്തെ നിര്‍വചിക്കുമ്പോള്‍ അരാഷ്ട്രീയത എന്ന വാക്ക് ആംബുലന്‍സ് ഹോണ്പിടിപ്പിച്ച, എല്‍.ഇ.ഡി ദീപാംലംകൃതമായ വാഹനങ്ങളില്‍ ചീറിപ്പാഞ്ഞുപോകുന്ന, ഇന്ത്യന്‍ റോഡ് നിയമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന കാട്ടിക്കൂട്ടലുകളുമായി ചേര്‍ത്തുവായിക്കേണ്ടതാണ്. അതിനകത്തിരിക്കുന്നവര്‍ അത്യന്തം അപകടകാരികളാണ്, ദശലക്ഷം ഫോളോവേഴ്സ് ഉള്ളതൊക്കെ അഹന്തയില്‍ ഒതുക്കിയാല്‍ മതി. ഇത്തരം മാതൃകകള്‍ കേരളത്തിന് ആവശ്യമില്ല.
'Showing Off' എന്ന വാക്കിനോട് ചേര്ന്നുകിടക്കുന്നവരാണിവര്. അതിന് കയ്യടിക്കാനുള്ള ഒരു വേദിയാണ് സോഷ്യല്‍മീഡിയ. പണ്ടും അതെല്ലാം ഉണ്ടായിരുന്നു. എണ്ണം കുറഞ്ഞ പത്രമാധ്യമങ്ങളായിരുന്നു അതിനായി ഇത്തരക്കാര്‍ ഉപയോഗിച്ചത്. അതുകൊണ്ടുതന്നെ വളരെ ചുരുക്കം പേര് മാത്രമേ അവരെ അറിഞ്ഞിരുന്നുള്ളൂ എന്നുമാത്രം. നിയമവ്യവസ്ഥയോട് തുണി പൊക്കി കാണിക്കുന്നതല്ല കലാപം. ജനാധിപത്യമൂല്യങ്ങള്‍ ഇടിയുമ്പോള്‍, മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്നതാണ് കലാപം.
അടിസ്ഥാനപരമായ സംസ്കാരകമില്ലായ്മ എന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. അമേരിക്കപോലുള്ള രാജ്യങ്ങളില്‍ ഇത്തരം ബുദ്ധിമോശം നടത്തുന്നവരെ നമ്മള് നിരീക്ഷിക്കണം. നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ശ്രദ്ധനേടാനായി ഓടുന്ന രണ്ടോ മൂന്നോ പേരെ കാണാം. പക്ഷേ വളരെ ശക്തമായ ജനാധിപത്യവ്യവസ്ഥ അവിടെയുള്ളതുകൊണ്ട് ഈ മൂന്നുപേരെക്കൊണ്ട് അവിടെ ഒന്നും സംഭവിക്കില്ല. ഇളകിയാടുന്ന ജനാധിപത്യമാണ് നമ്മുടേത്. അതുകൊണ്ടാണ് നിമിഷങ്ങള്‍ കൊണ്ട് കേരളം കത്തുമെന്ന് ആക്രോശിച്ചുപോകുന്നത് നമ്മുടെ കുഞ്ഞുങ്ങള്‍.
വിദ്യാഭ്യാസമില്ലായ്മ എന്ന അതിഭയങ്കരമായ കുറവ് ഈ വ്ളോഗര്‍മാരുടെ കാര്യത്തില്‍ ഉണ്ട്. 'സോഷ്യല്‍ ഇന്റര്‍കോഴ്സ്' എന്നൊരു സംഭവമുണ്ട്. ഒരു ക്ലാസിലെ നാല്പതുകുട്ടികളും ഒരു സ്കൂളിലെ നാലായിരം കുട്ടികളും തമ്മില്‍ത്തമ്മിലുള്ള ഒരിടപാടുണ്ടല്ലോ അതാണ് സോഷ്യല്‍ ഇന്ര്കോഴ്സ്. സാമൂഹികമായ ഉള്ച്ചേരലുകളാണത്. അതിന്റെ അഭാവം വളരെ വലിയ പ്രത്യാഘാതം തന്നെയാണ് സൃഷ്ടിക്കുക. പൊതുസമൂഹത്തിന്റെ ഇടപെടല്‍ വ്യക്തിത്വവികാസത്തില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ പൊതുസമൂഹത്തില്‍ കുട്ടികളോ കുട്ടികള്‍ തിരിച്ച് പൊതുസമൂഹത്തിനോ കൊടുക്കല്‍ വാങ്ങലുകളില്‍ ഏര്‍പ്പെടുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.
ഇത്തരം വിഷയങ്ങള്‍ സംസാരിക്കുമ്പോള്‍ ആദ്യം ചിന്തിക്കേണ്ടത് കുട്ടികള്‍ ആരാല്‍ നയിക്കപ്പെടുന്നു എന്നതുകൂടിയാണ്. തങ്ങള്‍ കാട്ടിക്കൂട്ടുന്നതാണ് കലാപം, ഇങ്ങനെയാണ് കലാപത്തെ ഞാന്‍ പ്രദര്‍ശിപ്പിക്കേണ്ടത് എന്ന് കുട്ടികള്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും നല്ല മാതൃകകള്‍ മുമ്പിലില്ലാത്തതുകൊണ്ടാണ്. കലാപം ഉള്ളിലുണ്ടെങ്കില്‍ മാത്രമേ അതിന് അര്‍ഥമുള്ളൂ. പ്രദര്‍ശനമാണ് കലാപം എന്ന് കുട്ടികള്‍ തെറ്റിദ്ധരിക്കാന്‍ കാരണം അവര്‍ കണ്ടിരിക്കുന്ന മാതൃകകള്‍ എല്ലാം അത്തരത്തില്‍ ഉള്ളതാണ് എന്നതുകൊണ്ടാണ്.
ഇ ബുള്‍ ജെറ്റിന് പതിനെട്ട് ലക്ഷം ഫോളോവേഴ്സ് ഉണ്ടെന്നാണല്ലോ പറയുന്നത്. ഇതില്‍ വളരെ ചെറിയ വിഭാഗം മാത്രമേ കുട്ടികളുണ്ടാവൂ. ബാക്കിയെല്ലാം മധ്യവയസ്കര്‍ ഉള്പ്പെടെയുള്ളവരാവാനേ സാധ്യതയുള്ളൂ. തീര്‍ച്ചയായും കാഴ്ചക്കാരില്‍ രണ്ടോമൂന്നോ ശതമാനത്തെ ഇത്തരം കാട്ടിക്കൂട്ടലുകള്‍ സ്വാധീനിച്ചിരിക്കും. കേരളം മാനസികമായി ഇനിയും വികസിക്കേണ്ടിയിരിക്കുന്നു. സാമൂഹിക മര്യാദകള്‍ പാലിക്കാതിരിക്കുക, നിയമധിക്കാരം കാണിക്കുക എന്നതെല്ലാം ഗുരുതരമായ പ്രശ്നങ്ങളാണ്. പതിനെട്ട് ലക്ഷം വലിയൊരു ജനസംഖ്യതന്നെയാണെങ്കിലും ബാക്കി മൂന്നുകോടി പതിനാറ് ലക്ഷം പേര് ഇവിടെ ഇരിപ്പുണ്ടെന്ന് ഓര്‍ത്താല്‍ നന്ന്. അവരെ ഇതൊന്നും ബാധിക്കുന്നില്ല.
ചിന്തകള്‍ തരംതാഴുമ്പോള്‍ മനുഷ്യന്റെ അന്തസ്സും തരംതാഴും. പണ്ട് നമ്മള് ഇത്തരക്കാരെ കണ്ടിരുന്നില്ല, കേട്ടിരുന്നില്ല, വായിച്ചിരുന്നില്ല. ഇന്നാവട്ടെ നിമിഷങ്ങള്‍കൊണ്ട് കാണുകയും കേള്‍ക്കുകയും വായിക്കുകയും ഫോളോയും ചെയ്യുന്നു. തികച്ചും ജനാധിപത്യപരമായ ഒരിടമാണ് സോഷ്യല്‍മീഡിയ. അത് വന്നകാലം മുതല്ക്കത്രയും നമ്മള് ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. സ്വന്തം ഇടത്തില്‍, സമൂഹത്തില്‍, ജനാധിപത്യമൂല്യങ്ങള്‍ക്ക് വിലകൊടുക്കാത്തവരില് നിന്നും സോഷ്യല്‍മീഡിയയില്‍ മര്യാദകള്‍ പ്രതീക്ഷിക്കേണ്ടതില്ല. കാരണം ഇവരെല്ലാം ഇരകളാണ്. ആരാണ് പൗരന്, അവന്റെ കടമകളെന്തെല്ലാമാണ്, എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാന്‍ പാടില്ല, സ്ത്രീകളോടും വൃദ്ധരോടും എങ്ങനെ പെരുമാറണം, ഗതാഗതം ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളെന്തെല്ലാം തുടങ്ങിയ കാര്യങ്ങള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കര്‍ശനമായി (വെറുമൊരു പാഠമായല്ല) ഉള്‍പ്പെടുത്താത്തിടത്തോളം കാലം ഇതുതന്നെ സംഭവിച്ചുകൊണ്ടേയിരിക്കും. പ്രൈമറി തലം മുതല്‍ വിദ്യാലയങ്ങള്‍ നല്‍കേണ്ടത് ഉത്തമപൗരനാകാനുള്ള പരിശീലനമാണ്. ബുദ്ധി വികസിച്ചുതുടങ്ങുന്ന കാലം മുതല്‍ നമ്മള് പരിശ്രമിക്കേണ്ടത് ഒരു ഉത്തമപൗരനെ സൃഷ്ടിക്കാനുള്ള പാതയൊരുക്കലാണ്.
'ഇഡിയറ്റ്' എന്ന പദത്തിന് തുല്യമലയാളം പൊട്ടന് എന്നു നല്കിയാല് ഈ രണ്ട് വ്ളോഗര്‍മാര്‍ കാട്ടിക്കൂട്ടിയ പൊട്ടത്തരം അവര്‍ക്കു കിട്ടിയ വിദ്യാഭ്യാസത്തിന്റെ ആകെത്തുകയാണ്. ഇഡിയറ്റുകളെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് ആദ്യം ഉടച്ചുവാര്‍ക്കേണ്ടത്. പ്രാഥമികവിദ്യാഭ്യാസ സമ്പ്രദായത്തിലേക്കുതന്നെ തന്നെ നമ്മുടെ ജനാധിപത്യമൂല്യങ്ങളും നിയമങ്ങളും പരിസ്ഥിതിബോധങ്ങളും കയറ്റിവിടണം. ചെറുപ്പത്തില്‍ പഠിക്കുന്ന ഉറക്കത്തിലും പാലിക്കുമെന്നാണ് ചൊല്ല്. അല്ലാത്തപക്ഷം രക്ഷിതാക്കളുടെ സൗകര്യത്തിനനുസരിച്ചുള്ള വസ്തുതകള്‍ വളച്ചൊടിക്കലുകളില്‍ പെട്ട് നമ്മുടെ കുട്ടികള്‍ സത്യത്തിനും അസത്യത്തിനുമിടയിലുള്ള അരക്ഷിതാവസ്ഥയില്‍ പെട്ടുപോകും. സഹജീവികള്‍ക്കിടയില്‍, റോഡില്‍, പൊതുവിടങ്ങളില്‍ എങ്ങനെ പെരുമാറണം എന്നാണ് നമ്മള് പഠിക്കേണ്ടുന്നതായിട്ടുള്ള ആദ്യത്തെ പാഠം.
Content Highlights : Writer Paul Zakaria Reacts on Travel Vloggers and E Bull jet issue in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..