ജീവിതത്തോട് ഒരു സ്ത്രീ പൊരുതിനില്‍ക്കുന്നതിന്റെ അമ്പരപ്പിക്കുന്ന സാക്ഷ്യമാണ് കാര്‍ത്തികയുടെ കഥ


കാര്‍ത്തിക നായര്‍/ സൗമ്യ ഭൂഷണ്‍

ശരീരത്തിലാകെ മഹാരോഗം മേഞ്ഞുനടക്കുമ്പോഴും കാര്‍ത്തിക നായര്‍ എന്ന മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരിക്ക് ജീവിക്കാനുള്ള ആഗ്രഹം നിലനിര്‍ത്തിയത് വാക്കുകളുടെ നക്ഷത്രങ്ങളായിരുന്നു. കൊല്ലുന്ന വേദനയിലും പാരീസിലെ ഏകാന്തതയിലിരുന്ന് അവര്‍ കവിതകള്‍ കുറിച്ചു. എഴുതുമ്പോള്‍ ശരീരത്തിന്റെ ഇത്തിരിവട്ടത്തിനപ്പുറത്തേക്ക് ജീവന്‍ ഉയരുന്നതുപോലെ. ജീവിതത്തോട് ഒരു സ്ത്രീ പൊരുതിനില്‍ക്കുന്നതിന്റെ അമ്പരപ്പിക്കുന്ന സാക്ഷ്യമാണ് കാര്‍ത്തികയുടെ കഥ

കാർത്തിക നായർ

അന്നുരാത്രി അവളെഴുതി...
ഈ രാത്രി എഴുതാനോ ചിന്തിക്കാനോ നിലനില്‍ക്കാനോ ഉള്ള എന്റെ പരിശ്രമങ്ങള്‍ക്കുമീതെ വേദന സാമ്രാജ്യംസ്ഥാപിച്ച് അടക്കിവാഴുകയാണ്. വെള്ളത്തിനടിയിലായ പാറക്കല്ലുകളെപ്പോലെ ശരത്കാലവും വേനലും കാതില്‍ ഒച്ചവെക്കുകയാണ്. ആര്‍.ഡി.ഇ.ബി.-ലക്ഷ്യമോ രൂപമോ കാലമോ ഇല്ലാത്ത നാലുവാക്ക്. അവന്‍തന്നെ മുഴക്കട്ടെ ആദ്യവാദ്യം, മറ്റെല്ലാവരും ഓടിയൊളിക്കുമ്പോഴും രണ്ടാമത്തെയും മൂന്നാമത്തെയും അവസാനത്തെയും ഊഴം അവനുതന്നെ...

പാരീസിലെ സെയ്ന്റ് ലൂയി ആശുപത്രിയിലിരുന്ന് കാര്‍ത്തിക ഇങ്ങനെ കുറിക്കുമ്പോള്‍ ഇ.ബി. എന്ന, വിട്ടുപോകാന്‍ കൂട്ടാക്കാത്ത രോഗത്തിനൊപ്പം അര്‍ബുദവും അവളെ ആക്രമിച്ചുതുടങ്ങിയിരുന്നു. ലോകം വിഴുങ്ങുമെന്ന പ്രഖ്യാപനവുമായി ഒരു വൈറസ് സഞ്ചരിക്കാന്‍ തുടങ്ങിയതിന് തൊട്ടുമുമ്പായിരുന്നു കാര്‍ത്തികയില്‍ ട്യൂമര്‍ കണ്ടെത്തിയത്. വര്‍ഷം മുഴുവനും കീമോ തെറാപ്പിയും ചികിത്സയുമായി ആശുപത്രിയില്‍. കോവിഡിനും അടിയന്തരചികിത്സകള്‍ക്കും മാത്രമാക്കി ആശുപത്രികളെല്ലാം മാറ്റുന്ന ദിവസങ്ങളായിരുന്നു അത്. ഇ.ബി.ക്ക് സ്ഥിരം ചികിത്സയെടുക്കുന്നതിന്റെ പ്രത്യേക പരിഗണനയില്‍ ആശുപത്രി അധികൃതര്‍ കാര്‍ത്തികയ്ക്ക് ചികിത്സ നിഷേധിച്ചില്ല. ഇ.ബി.യുടെയും ട്യൂമറിന്റെയും ചികിത്സ ഒരേസമയം ഡോക്ടര്‍മാര്‍ ചെയ്തുകൊടുത്തു. അതിനൊപ്പം വേദന കുറയ്ക്കാനുള്ള സ്വയം ചികിത്സ കാര്‍ത്തിക നടത്തിക്കൊണ്ടിരുന്നു -എഴുത്ത്.

അമേരിക്കന്‍ കവയിത്രി മരിലിന്‍ ഹാക്കറുമായി ചേര്‍ന്ന് ജാപ്പനീസ് കവിതാരൂപമായ 'രെംഗ' മാതൃകയില്‍ കാര്‍ത്തിക ഇംഗ്ലീഷില്‍ കവിതകള്‍ എഴുതുന്നത് ഈ സമയത്താണ്. അങ്ങനെ 2020 മാര്‍ച്ചുതൊട്ട് 2021 മാര്‍ച്ചുവരെ എഴുതിയ കവിതകള്‍ 'എ ഡിഫറന്റ് ഡിസ്റ്റന്‍സ്' എന്നപേരില്‍ പുറത്തിറങ്ങി. ആശുപത്രിവാസവും ചികിത്സയും കോവിഡ്കാല ജീവിതവുമൊക്കെ വന്നുപോകുന്നതാണ് കാര്‍ത്തികയുടെ നാലാമത്തെ പുസ്തകമായ 'എ ഡിഫറന്റ് ഡിസ്റ്റന്‍സ്'. ഫ്രഞ്ച്-ഇന്ത്യന്‍ കവയിത്രി, ബാലസാഹിത്യകാരി, ലിബ്രറ്റിസ്റ്റ് (നൃത്ത തിരക്കഥാകൃത്ത്), പ്രൊഡ്യൂസര്‍, ക്യുറേറ്റര്‍ എന്നിങ്ങനെ പലതുമാണ് തിരുവനന്തപുരം സ്വദേശിനി കാര്‍ത്തിക നായര്‍. റിസസീവ് ഡിസ്ട്രോപിക് എപ്പിഡെമോളിസിസ് ബുല്ലോസ അഥവാ ആര്‍.ഡി.ഇ.ബി./ഇ.ബി. എന്ന അപൂര്‍വ ജനിതകരോഗമുള്ളവള്‍.

കുട്ടിക്കാലത്തെയും കൗമാരത്തിലെയും കളിചിരികളും രസങ്ങളും അസുഖം കൈയടക്കി. സമപ്രായക്കാരെല്ലാം ഭാവി സ്വപ്നംകാണുമ്പോള്‍ വേദന മറക്കാനാകുന്ന ഒരു ദിവസം മാത്രമായിരുന്നു കാര്‍ത്തികയുടെ ഏറ്റവും വലിയ സ്വപ്നം. പഠിക്കാന്‍ മിടുക്കിയായിരുന്നിട്ടും കോളേജില്‍പ്പോയി പഠിക്കാനായില്ല. ജീവിതത്തില്‍ എന്നെങ്കിലും സൗഖ്യം തേടിവരുമോ എന്നാലോചിച്ച് രാത്രികളില്‍ ഉറങ്ങാതെകിടന്നു. എഴുന്നേല്‍ക്കുമ്പോഴും അതേ ചിന്തമാത്രം. പ്രതീക്ഷകളും സ്വപ്നങ്ങളും മാറ്റിനിര്‍ത്താന്‍ കൗമാരത്തില്‍ത്തന്നെ മനസ്സിനെ പാകപ്പെടുത്തി. പുസ്തകങ്ങളായി എപ്പോഴും കൂട്ട്. അക്ഷരങ്ങളെ കൂടുതല്‍ക്കൂടുതല്‍ സ്‌നേഹിച്ചു, താലോലിച്ചു. മനസ്സില്‍ കവിതയും നൃത്തവും നിറഞ്ഞു. വേദന മാറിനിന്ന നേരങ്ങളിലെല്ലാം ചിന്തകളും സന്തോഷങ്ങളും സങ്കടങ്ങളും ഡയറികളില്‍ കുറിച്ചിട്ടു. സ്വപ്നങ്ങള്‍ മങ്ങിയെന്നുകരുതിയ കൗമാരത്തില്‍നിന്ന് ജീവിതം കാത്തുവെച്ച അദ്ഭുതങ്ങളെക്കുറിച്ച് പാരീസിലെ ടെന്‍ത് അരോണ്ടിസ്മെന്റിലെ ഫ്ളാറ്റിലിരുന്ന് സ്‌കൈപ്പിലൂടെ കാര്‍ത്തിക പറഞ്ഞുതുടങ്ങി:

'ഓര്‍മവെച്ച നാള്‍മുതല്‍ തൊലിക്കുള്ളില്‍ പൊള്ളുന്ന വേദനയാണ്. തുമ്മിയാലും ചുമച്ചാലും ശരീരം മുറിയും. ഒന്നു വീണാലോ, എവിടെയെങ്കിലും ചെറുതായി ഇടിച്ചാലോ മുറിയും. ആരെങ്കിലും ഒന്ന് അമര്‍ത്തിപ്പിടിച്ചാല്‍പ്പോലും ശരീരം പൊട്ടും. കുട്ടിക്കാലത്ത് കൂട്ടുകാരോടൊപ്പം കളിക്കാനോ പുറത്തിറങ്ങാനോ പറ്റില്ലായിരുന്നു. അച്ഛന്‍ അപ്പുക്കുട്ടന്‍ സുകുമാരന്‍ നായര്‍ പട്ടാളത്തില്‍ കേണലായിരുന്നു. അമ്മ രത്നാഭായ്. ഞാനവരുടെ ഏക മകളാണ്. കുഞ്ഞായിരിക്കുമ്പോള്‍ ഞാന്‍ വീഴാതിരിക്കാന്‍ കാവല്‍നില്‍ക്കലായിരുന്നു വീട്ടുകാരുടെ പ്രധാന ജോലി. കഥകള്‍ വായിച്ചുതന്നാണ് വീട്ടുകാര്‍ എന്നെ അടക്കിയിരുത്തിയിരുന്നത്. അമ്മയ്ക്ക് കവിതകളായിരുന്നു ഇഷ്ടം. കുഞ്ചന്‍ നമ്പ്യാരെയൊക്കെ കുഞ്ഞുനാള്‍മുതലേ കേള്‍ക്കുന്നതാണ്. വാക്കുകളുടെ വിന്യാസവും താളവുമെല്ലാം ഉള്ളില്‍ പതിഞ്ഞത് അങ്ങനെയാവാം. മലയാളം പോലെത്തന്നെ ഉറുദു, ഹിന്ദി കവിതകളും വായിക്കുമായിരുന്നു. അച്ഛന്‍ പഴയ ഹിന്ദി സിനിമാപ്പാട്ടുകളുടെ ആരാധകനാണ്. സാഹിര്‍ ലുധിയാന്‍വി, ഫെയ്സ് അഹമദ് ഫെയ്സ്, കെയ്ഫി അസ്മി ഇവരുടെയെല്ലാം കവിതകളോടായിരുന്നു പ്രിയം. ഒരുപാട് ഭാഷകള്‍ അങ്ങനെ എനിക്കുചുറ്റിലും ഒഴുകിക്കൊണ്ടിരുന്നു. എല്ലാ കുട്ടികളെയുംപോലെ ഞാനും കവിതയെഴുതി. പക്ഷേ, എന്റെ കവിതകള്‍ എനിക്കുതന്നെ ഇഷ്ടമല്ലായിരുന്നു. അങ്ങനെ ഒരു ദിവസം അവയെല്ലാംകൂടി പെറുക്കിയെടുത്ത് കത്തിക്കാമെന്ന് തീരുമാനിച്ചു. പതിമ്മൂന്നാം വയസ്സിലാണത്. ഷില്ലോങ്ങില്‍ താമസിക്കുന്ന സമയം. ഒരുദിവസം ഫയര്‍പ്ലേസിലിട്ട് അവയെല്ലാം കത്തിച്ചു. പിന്നീട് വളരെക്കാലം എഴുതിയതേയില്ല. വീണ്ടും എഴുതിത്തുടങ്ങുന്നത് ഫ്രാന്‍സിലെത്തിയശേഷമാണ്. എന്നുവെച്ചാല്‍ എന്റെ മുപ്പതുകളുടെ തുടക്കത്തില്‍'

'അച്ഛന്‍ പട്ടാളത്തിലായതിനാല്‍ ഇന്ത്യയിലുടനീളം സഞ്ചരിച്ചു. ഓരോ മൂന്നുവര്‍ഷത്തിലും സ്‌കൂള്‍ മാറും. സുഹൃത്തുക്കളെ പിരിയേണ്ടിവരും. അന്നത് സങ്കടമായിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ മഹത്തായ അനുഭവസമ്പത്താണ് ആ ദേശാടനങ്ങളെനിക്കുതന്നത്. ഒട്ടേറെ നഗരങ്ങള്‍ കാണാനും മനസ്സിലാക്കാനും പുതിയ ഭാഷയും സംസ്‌കാരവും ജീവിതരീതികളും കഥയും കെട്ടുകഥകളും സംഗീതവുമെല്ലാം അറിയാനുമായി. പഞ്ചാബി, ബംഗ്ലാ, ഖാസി, മലയാളം, സംസ്‌കൃതം ഇങ്ങനെ പലഭാഷകള്‍ പഠിക്കാനായി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് കേരളത്തിലേക്കു വരുന്നത്. തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്‌കൂളില്‍ ചേര്‍ന്നു. അപ്പോഴേക്കും അസുഖം കൂടി. സ്‌കൂളിലൊന്നും കൃത്യമായി പോകാന്‍ കഴിയാതായി. ഹയര്‍ സെക്കന്‍ഡറി ആയപ്പോള്‍ സര്‍വോദയയിലേക്ക് മാറി. രണ്ടിടങ്ങളിലും എനിക്ക് വലിയ സഹായവും പിന്തുണയും കിട്ടി. ക്ലാസില്‍ പോകാനാകാത്ത ദിവസങ്ങളിലെ നോട്ടെല്ലാം സുഹൃത്തുക്കള്‍ എഴുതിത്തന്നു. ആശുപത്രിയിലും വീട്ടിലും എന്നെ കാണാനായി അവര്‍ വന്നു. സ്റ്റഡി ലീവിനെല്ലാം വീട്ടില്‍വന്ന് കൂടെ പഠിക്കാന്‍ കൂടും. സര്‍വോദയിലെ വിദ്യാംബിക ടീച്ചര്‍ എനിക്കുവേണ്ടി പ്രത്യേകം ആക്ടിവിറ്റികള്‍ തയ്യാറാക്കുമായിരുന്നു അന്ന്. എന്റെ ജീവിതം കുറച്ച് എളുപ്പമാക്കിയത് അവരാണ്, എന്റെ ചുറ്റിലുമുള്ളവര്‍. ഇന്ന് മറ്റൊരു രാജ്യത്താണെങ്കിലും സുഹൃത്തുക്കളാണ് കൂട്ടിനുള്ളത്.'

നീണ്ട ആശുപത്രിവാസം

1997 ജൂലായിലെ ഒരു തിങ്കളാഴ്ച അവളെഴുതി:

കൈയിലെ ഡ്രിപ്പ് എടുത്തുമാറ്റിയ ദിവസമാണിന്ന്. അതുകൊണ്ടെനിക്ക് എഴുതാനാവും. വായിലൂടെ എന്തെങ്കിലും ഇറക്കാനോ സംസാരിക്കാനോ മര്യാദയ്ക്ക് ശ്വസിക്കാനോപോലും പറ്റാതെ കിടക്കുമ്പോള്‍ എഴുതാനാവുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. എന്നാല്‍, കുറച്ചു കാര്യങ്ങളെങ്കിലും നിയന്ത്രിക്കാനാകും എന്നൊരു തോന്നലുണ്ട്. ലോകവുമായുള്ള ബന്ധം പൂര്‍ണമായും അറ്റുപോയിട്ടില്ല എന്ന ആശ്വാസവും. ശരീരത്തില്‍നിന്ന് പുറത്തുവരുന്ന രക്തവും പിത്തവും മാംസവും എന്നെ പേടിപ്പിക്കുന്നുണ്ട്. എന്നാല്‍, അതിലും എത്രയോ ഭയാനകമാണ് എനിക്ക് ചുറ്റിലുമുള്ള നിശ്ശബ്ദതയുടെ കൂറ്റന്‍ മതില്‍ക്കെട്ട്. അകത്തുള്ളതെല്ലാം അക്ഷരാര്‍ഥത്തില്‍ പുറത്തേക്കൊഴുക്കുകയാണ് എന്റെ ശരീരം, അപ്പോഴും മനസ്സ് നിറയെ സ്‌കൂളിലെ ആര്‍ട്സ് ക്ലബ്ബ് ഉദ്ഘാടനം നഷ്ടമായല്ലോ എന്ന ചിന്തയാണ്...

ഒരു വര്‍ഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിടന്നിട്ടുണ്ട്. വായിലൂടെ ഒന്നും ഇറക്കാനാകാതെ. ആശുപത്രിയിലെ മുഷിപ്പുമാറ്റാന്‍ പറ്റുന്ന അവസരങ്ങളിലെല്ലാം ഞാന്‍ ഡയറിയില്‍ എന്തെങ്കിലുമൊക്കെ കുറിക്കുമായിരുന്നു. എഴുത്തുകാരന്‍ സക്കറിയ അച്ഛന്റെ അടുത്ത സുഹൃത്താണ്. ഒരിക്കല്‍ എന്റെ ഡയറിക്കുറിപ്പുകള്‍ അദ്ദേഹം കാണാനിടയായി. ഞാനറിയാതെ അദ്ദേഹം അവ എഴുത്തുകാരന്‍ ജീത്ത് തയ്യിലിന് അയച്ചുകൊടുത്തു. ജീത്ത് അന്ന് മുംബൈയില്‍ 'ദ ജന്റില്‍മാന്‍' മാസികയുടെ ലിറ്റററി എഡിറ്ററാണ്. 16-ാമത്തെ വയസ്സില്‍ ഞാനെഴുതിയ കുറിപ്പുകള്‍ അങ്ങനെ 23 വയസ്സുള്ളപ്പോള്‍ പ്രസിദ്ധീകരിച്ചുവന്നു. പ്രതിഫലവും കിട്ടി. അത് വലിയ സന്തോഷവും ആത്മവിശ്വാസവും തന്നു. രണ്ടുകൊല്ലത്തെ ഹയര്‍ സെക്കന്‍ഡറി ആശുപത്രിയിലും വീട്ടിലുമായി കഴിയേണ്ടിവന്നു. എന്നാല്‍, എവിടെ കൊണ്ടുപോയും എന്തുവിലകൊടുത്തും എന്റെ ജീവന്‍ രക്ഷിക്കുമെന്ന് അച്ഛനുമമ്മയും ഉറപ്പിച്ചിരുന്നു. സമ്പാദ്യങ്ങളെല്ലാം എടുത്തും സ്ഥലം വിറ്റും അവരെന്നെ ചികിത്സിച്ചു. ഇതിനുള്ള ചികിത്സയായ ഡയലറ്റേഷനായി ഓസ്ട്രേലിയയില്‍പ്പോലും കൊണ്ടുപോയി. തിരിച്ചെത്തി നാട്ടില്‍ ചികിത്സ തുടര്‍ന്നു. കുറെനാള്‍ മൂക്കിലൂടെ ട്യൂബിട്ട് ഗ്യാസ്ട്രോസ്ട്ടമിയുമായി വീട്ടില്‍ത്തന്നെ കഴിഞ്ഞു. ഭക്ഷണം കഴിക്കാന്‍ പറ്റാതായതോടെ ശരീരം ക്ഷീണിച്ചു. ശരീരഭാരം 20 കിലോ ആയി. ഡയലറ്റേഷനായി ആഴ്ചയില്‍ ഒരിക്കല്‍ ആശുപത്രിയില്‍ പോകണം. കോളേജില്‍ പോയി പഠിക്കാനാകില്ല. അങ്ങനെ ഇഗ്നോ വഴി ഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് ജീവിതം നഷ്ടമാകുന്നതിലുള്ള വിഷമം മാറ്റാന്‍ അച്ഛനെന്നെ തിരുവനന്തപുരത്തെ ഫ്രഞ്ച് സാംസ്‌കാരിക കേന്ദ്രമായ അലിയോണ്‍സ്‌ഫ്രോണ്‍സെയിസില്‍ ഫ്രഞ്ച് കോഴ്സിനും ചേര്‍ത്തു. രണ്ടു മണിക്കൂറു വീതം ആഴ്ചയില്‍ രണ്ടു ക്ലാസുകള്‍. അതെനിക്ക് സൗകര്യമായി. ഫ്രഞ്ച് പഠിച്ചുതുടങ്ങിയപ്പോള്‍ വലിയ താത്പര്യം വന്നു. മൂന്നുവര്‍ഷംകൊണ്ട് അവിടെയുള്ള എല്ലാ കോഴ്സുകളും ചെയ്തുതീര്‍ത്തു. അക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെ യൂത്ത് എക്‌സ്പ്രസ് പംക്തിയില്‍ സ്ഥിരമായി എഴുതാറുണ്ടായിരുന്നു. ഇടയ്ക്ക് അവരെന്റെ സിനിമാനിരൂപണവും പുസ്തകനിരൂപണവും പ്രസിദ്ധീകരിച്ചു. ഒപ്പം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തുടക്കക്കാര്‍ക്ക് ക്ലാസുമെടുത്തുനോക്കി. ഫ്രഞ്ച് കള്‍ച്ചറല്‍ അറ്റാഷെയായും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1999-ല്‍ അവിടെനിന്ന് എന്നെ കള്‍ച്ചറല്‍ സ്‌കോളര്‍ഷിപ്പോടെ ഫ്രാന്‍സിലേക്ക് അയച്ചു. ഇവിടെ വന്നതില്‍ പിന്നെയാണ് ആര്‍ട്ട് മാനേജ്മെന്റ് എന്ന ഒരു മേഖല ഉണ്ടെന്നുതന്നെ അറിയുന്നത്. മറ്റൊരു മഹാദ്ഭുതംകൂടി ഉണ്ടായി. എന്റെ രോഗത്തിനുള്ള യൂറോപ്യന്‍ റെഫറല്‍ കേന്ദ്രം ഞാന്‍ താമസിച്ചിരുന്നതിന് അടുത്തായുണ്ട് എന്നതാണ്. അത് വലിയ അനുഗ്രഹമായി. പിന്നീടാണ് ആര്‍ട്ട് മാനേജ്മെന്റില്‍ മാസ്റ്റേഴ്സ് എടുത്തത്. സ്റ്റേറ്റ് തിയേറ്റേഴ്‌സില്‍ ഇന്റേണ്‍ഷിപ്പ് ചെയ്തു. ഫ്രാന്‍സിലെ പ്രമുഖ കലാസാംസ്‌കാരിക കേന്ദ്രമായ വിലെറ്റില്‍ ഗവേഷണവും നിര്‍മാണവുമായി കൂടി. അങ്ങനെ ഇവിടെ സ്ഥിരമാക്കി'

എഴുത്തിലെ രാഷ്ട്രീയം

'സിംഹങ്ങള്‍ക്ക് അവരുടെതന്നെ ചരിത്രകാരന്മാരുള്ള കാലമത്രയും വേട്ടയുടെ ചരിത്രം വേട്ടക്കാരനെ മഹാനാക്കുന്നതായിരിക്കും'. ഇങ്ങനെ ഒരു പഴഞ്ചൊല്ലുണ്ട്. ഇത് മനസ്സിലാക്കിയതില്‍ പിന്നെയാണ് ഞാന്‍ എഴുത്തുകാരനാകുന്നത് -ചരിത്രകാരനും നൈജീരിയന്‍ കവിയും നോവലിസ്റ്റുമായ ചിന്വാ അചബെ പാരീസ് റിവ്യൂവില്‍ പറഞ്ഞ ഈ വാക്കുകള്‍ കാര്‍ത്തിക തന്റെ 'അണ്‍ടില്‍ ദ ലയണ്‍സ്' എന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ ചേര്‍ത്തിട്ടുണ്ട്. ശുനകന്‍, സത്യവതി, സൗവാലി, ഹിഡിംബി, അംബ, കുന്തി തുടങ്ങി മഹാഭാരതത്തില്‍ പിന്‍നിരയിലായ 18 കഥാപാത്രങ്ങള്‍ ആരും കേള്‍ക്കാതെപോയ അവരുടെ ചിന്തകളും ആകുലതകളും സന്തോഷങ്ങളും പങ്കുവെക്കുന്നതാണ് അണ്‍ടില്‍ ദ ലയണ്‍സ്. അതേസമയം, ഇരയുടെ ശബ്ദം വേട്ടയിലെ ദുഃഖവും പ്രയാസങ്ങളും ധീരതയും പ്രതിധ്വനിക്കുന്നതായിരിക്കും, ഒരുപക്ഷേ വേട്ടക്കാരനായ സിംഹത്തിന്റെപോലും എന്നും അചബെ കൂട്ടിച്ചേര്‍ക്കുന്നുമുണ്ട്. ഈ പഴഞ്ചൊല്ലിനോടും പുസ്തകത്തിന്റെ പേരിനോടും ചേര്‍ന്നുനിന്നുകൊണ്ടാണ് അടിച്ചമര്‍ത്തപ്പെട്ടവരുടെയും ന്യൂനപക്ഷത്തിന്റെയും സ്വരമായി കാര്‍ത്തികയുടെ കവിതകള്‍ മാറുന്നത്.

'ജയം എന്ന വാക്കിനപ്പുറം പ്രത്യേകിച്ച് ഒന്നും നേടാത്തവരാണ് യുദ്ധത്തില്‍ പങ്കെടുക്കേണ്ടിവരുന്ന നല്ലൊരു ശതമാനവും. അച്ഛന്‍ പറഞ്ഞ യുദ്ധകഥകളും ഇതു കൂടുതല്‍ മനസ്സിലാക്കിത്തന്നു. രചനയുടെ ഭാഗമായി എം.ടി.യുടെ 'രണ്ടാമൂഴ'വും പി.കെ. ബാലകൃഷ്ണന്റെ 'ഇനി ഞാനുറങ്ങട്ടെ'യും വീണ്ടും വായിച്ചുകേട്ടു. ഈ പുസ്തകങ്ങള്‍ കൈയിലില്ലാത്തതിനാല്‍ അച്ഛനും അമ്മയും സ്‌കൈപ്പ് വഴി അവ വായിക്കും, ഞാനത് കേള്‍ക്കും. അരുണ്‍ കൊലതക്കറുടെ 'സര്‍പശാസ്ത്ര'യാണ് മറ്റൊരു പുസ്തകം'

2015-ലാണ് അണ്‍ടില്‍ ദ ലയണ്‍സ് പുറത്തിറങ്ങിയത്. ഇന്ത്യയ്ക്കകത്തും പുറത്തും വന്‍ സ്വീകാര്യത ലഭിച്ച പുസ്തകം ടാറ്റ ലിറ്ററേച്ചര്‍ ലൈവിന്റെ ബുക്ക് ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേടി. ഈ പുരസ്‌കാരം നേടുന്ന ആദ്യ കവിതാസമാഹാരവുമാണ്. 'ഒരുപാട് സ്ഥലങ്ങളില്‍ താമസിച്ച് വളര്‍ന്നതിനാല്‍ ഒന്നിലധികം ഭാഷകള്‍ എപ്പോഴും ചുറ്റിലുമുണ്ടായിരുന്നു. അതേസമയം, ഫ്രാന്‍സില്‍ എത്തിയപ്പോള്‍ ആകെ കേള്‍ക്കുന്നത് ഫ്രഞ്ച് മാത്രം. ഭാഷകള്‍ പലതും വല്ലാതെ മിസ് ചെയ്തു. മറ്റൊരു ഭാഷ കേള്‍ക്കാനും കൈകാര്യം ചെയ്യാനുമുള്ള കൊതിയാണ് ഇരുപതു വര്‍ഷത്തിനുശേഷം കവിതയിലേക്ക് എത്തിക്കുന്നത്'. 'ബേറിങ്സ്' എന്ന പേരില്‍ കാര്‍ത്തികയുടെ ആദ്യ കവിതാസമാഹാരം പുറത്തിറങ്ങുന്നത് 2009-ലാണ്. കുട്ടികള്‍ക്കുള്ള പുസ്തകം 'ദ ഹണി ഹണ്ടര്‍' ആണ് മറ്റൊന്ന്. പ്രശസ്ത നര്‍ത്തകന്‍ അക്രം ഖാന്റെ ഒലിവര്‍ പുരസ്‌കാരം നേടിയ ദേശ് എന്ന നൃത്തത്തിന് തിരക്കഥ രചിച്ചത് കാര്‍ത്തികയാണ്. അണ്‍ടില്‍ ദ ലയണ്‍സിന്റെ ഒരു ഭാഗം അക്രം 2016-ല്‍ നൃത്തരൂപത്തില്‍ വിവിധ രാജ്യങ്ങളില്‍ അവതരിപ്പിച്ചിരുന്നു. പുസ്തകത്തെ ആസ്പദമാക്കി ശോഭന ജയ്സിങ്ങിന്റെ സംവിധാനത്തില്‍ ഫ്രാന്‍സില്‍ നാഷണല്‍ ഡു റിമ്മില്‍ ഓപ്റയ്ക്കുള്ള ഒരുക്കങ്ങളെല്ലാം 2020 മാര്‍ച്ചോടെ പൂര്‍ത്തിയായെങ്കിലും കോവിഡ് കാരണം മാറ്റിവെക്കേണ്ടിവന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ അത് അവതരിപ്പിച്ചുകാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കാര്‍ത്തിക.

'പൊള്ളുന്ന വേദനയിലും പ്രയാസങ്ങളിലും സ്നേഹത്തോടെ മുറുകെപ്പിടിക്കാന്‍ പ്രിയപ്പെട്ടവര്‍ എന്നും കാവലുണ്ടായിരുന്നു. ജീവിക്കാന്‍ തിരഞ്ഞെടുത്ത ഇടങ്ങളിലെല്ലാം തീര്‍ത്തും യാദൃച്ഛികമായി എന്റെ ജീവന്‍ നിലനിര്‍ത്താന്‍വേണ്ടിയിരുന്ന സൗകര്യങ്ങളും ഒത്തുവന്നു. അതും വലിയ ആശ്വാസമായി. ഇഷ്ടമുള്ള മേഖലയില്‍ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് ജീവിതം പിന്നെയും മനോഹരമാക്കി എന്ന് ഞാന്‍ വിശ്വസിക്കുന്നു. അങ്ങനെ നോക്കിയാല്‍ ഭാഗ്യമുള്ളവളാണ് ഞാനെന്ന് തോന്നാറുണ്ട്. ഉള്ളുനിറയെ സന്തോഷം മാത്രമാണിപ്പോള്‍. കൂടുതല്‍ എഴുതണം കൂടുതല്‍ക്കൂടുതല്‍ വായിക്കണം...'

Content Highlights: writer Karthika Nair's life


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


Anil Antony

4 min

ഈ പോക്കിന്‌ കോണ്‍ഗ്രസിന് ഭാവി വിദൂരമാണ്, ഒപ്പമുള്ളവരെ കാണുമ്പോള്‍ രാഹുലിനോട് സഹതാപം- അനില്‍ ആന്റണി

Jan 25, 2023


adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023

Most Commented