-
അടയാത്ത കണ്ണുകളുണ്ട്. രാജേട്ടന്റെത് പോലെ. പുനലൂർ രാജൻ എന്നത് ഇനി അടയാത്ത കണ്ണുകളുടെ പേരാണ്. അത് ചിതയിൽ എരിയില്ല. അത് തുറന്നുനിൽക്കുന്നത് കാലത്തെ കാണിക്കാനാണ്. കാലത്തെ കാട്ടിക്കൊണ്ട് അതടയാതെ നിൽക്കും. ചരിത്രത്തോടൊപ്പം, ചരിത്രമായി.
ആരായിരുന്നു എനിക്ക് രാജേട്ടൻ? എൺപതുകളുടെ തുടക്കത്തിൽ കോഴിക്കോട് നഗരത്തിലെ സാംസ്കാരിക രാഷ്ടീയ പരിപാടികളിൽ ആ കാലത്തിന്റെതല്ലാത്ത ഒരു ക്യാമറയും തൂക്കി നടന്ന നിതാന്ത സാന്നിധ്യമായാണ് ഞാനാദ്യം രാജേട്ടനെ കാണുന്നത്. അന്നത്തെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പലതലമുറകളിൽ പെട്ട മെഡിക്കൽ വിദ്യാർത്ഥി സുഹൃത്തുക്കളായ ബ്രഹ്മപുത്രനും സുരേഷിനും മോഹൻ മാമുണ്ണിക്കും ഹേമന്തിനും കൃഷ്ണകുമാറിനും സുരേഷ് ബാബുവിനും ഐ. രാജനും സുരേന്ദ്രനും ജയറാമിനും ഇ.പി.മോഹനനും മനോജിനും ജയകൃഷ്ണനും നാസ്സറിനും കുരിയാക്കോസിനും ഫിറോസിനും വേണുവിനും വേണുഗോപാലിനും... ഒക്കെയൊപ്പം സാംസ്കാരിക രാഷ്ട്രീയത്തിന്റെ ശരീരശാസ്ത്രം പഠിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് അവരുടെയൊക്കെ സുഹൃത്തായ, മെഡിക്കൽ കോളേജിന്റെ ഔദ്യോഗിക ഛായാഗ്രാഹകൻ കൂടിയായ പുനലൂർ രാജൻ എന്റെയും സുഹൃത്താകുന്നത്.

മെഡിക്കൽ കോളേജിലെത്തിയാൽ കൂട്ടുകാർ ക്ലാസ്സ് വിട്ടു വരുംവരെ അന്ന് കാത്തിരിക്കുന്ന ഇടത്താവളം കൂടിയായിരുന്നു കാമ്പസിനകത്തെ രാജേട്ടന്റെ വിശാലമായ ഓഫീസ് മുറി. അപൂർവ്വ രോഗങ്ങളും വിചിത്ര ജനനങ്ങളും ശസ്ത്രക്രിയ കഴിഞ്ഞ ശരീരഭാഗങ്ങളും പുറമെ പിൽക്കാലത്ത് കേസന്വേഷണങ്ങൾക്കും പഠനവിഷയങ്ങൾക്കുമായി മൃതശരീരങ്ങളും ഒക്കെ ഫോട്ടോ എടുത്ത് വയ്ക്കുന്ന അസാധാരണമായ ജോലിയായിരുന്നു രാജേട്ടന് അവിടെ. ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ. ഇപ്പോൾ അവിടെ അങ്ങിനെ ഒരു പോസ്റ്റ് ഉണ്ടോ എന്നു പോലും അറിയില്ല. അത്തരം കാത്തിരുപ്പുകൾക്കിടയിൽ ഒരു ദിവസം രാജേട്ടൻ കാണിച്ചു തന്ന ഒരു കാഴ്ച പിന്നീടൊരിക്കലും കാണാനാഗ്രഹിക്കാത്ത ഒരു ദുഃസ്വപ്നം പോലുള്ള ഒരു ദൃശ്യമായിരുന്നു .
മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികൾക്ക് പഠിക്കുവാനുള്ള മൃതശരീരങ്ങൾ സൂക്ഷിച്ചു വച്ച മുറിയായിരുന്നു. കുറേ മൃതദേഹങ്ങൾ കൂട്ടിയിട്ട ഒരിടം. പണ്ടൊക്കെ കോഴിക്കോട്ട് അവധിക്കാലത്ത് എക്സിബിഷൻ വരുമ്പോൾ മെഡിക്കൽ കോളേജിൽ ഒരു മൃതദേഹം ശരീരഭാഗങ്ങൾ പൊതുസമൂഹത്തെ പഠിപ്പിക്കാൻ കൊണ്ടു വയ്ക്കാറുണ്ട്. എന്നാൽ അത്രയധികം മൃതദേഹങ്ങൾ ഒന്നിച്ച് കാണുന്നത് ആദ്യമായിരുന്നു. അതൊക്കെ ആരാണെന്ന ഞെട്ടൽ പിന്നീടൊരിക്കലും മാറിയില്ല. അതുപോലൊരു മുറി ഇപ്പോഴും അവിടെയുണ്ടോ എന്നറിയില്ല. എന്നാലും പിന്നെ എപ്പോഴും അതുവഴി കടന്നു പോകുമ്പോൾ ആ അജ്ഞാത മനുഷ്യരുടെ നിലവിളികൾ കേൾക്കുന്നത് പോലെ തോന്നും. ഏകദേശം അതിനടുത്തായിരുന്നു രാജേട്ടന്റെ മുറി.
അടിയന്തരാവസ്ഥ കഴിഞ്ഞ ഉടനെയുള്ള മെഡിക്കൽ കോളേജ് കാമ്പസാണത്. അന്നത്തെ കോളേജിലെ സ്ഥിരം സന്ദർശകരിലൊരാളായ ജോൺ എബ്രഹാമിന്റെയും താവളമായിരുന്നു രാജേട്ടന്റെ ആ മുറി. ജോണിന്റെ മനോഹരമായ ഒരു ബ്ലാക്ക് ആന്റ് ഫോട്ടോ രാജേട്ടന്റെ അവിസ്മരണീയമായ രചനകളിലൊന്നാണ്. ജോണിന്റെ അവസാന ചിത്രമായ 'അമ്മ അറിയാനി'(1986 ) ലെ മോർച്ചറി രംഗങ്ങൾ മുതൽ എൺപതുകളുടെ തുടക്കത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകൾക്കെതിരായ മെഡിക്കോസ് സമരം വരെയുള്ള രംഗങ്ങൾ സിനിമയിലേക്ക് കയറി വന്നതിൽ ജോണിന്റെ ഈ സന്ദർശനങ്ങൾ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നുറപ്പാണ്. മോർച്ചറി ആദ്യമായി കാണിച്ചു തന്നതും രാജേട്ടനായിരുന്നു. പിന്നെ പല കുപ്പികളിൽ സൂക്ഷിച്ചു വച്ച ഭ്രൂണപ്രായം മുതലുള്ള പല കുഞ്ഞുങ്ങളുടെയും ശരീരാവയവങ്ങളുടെയും കാഴ്ചബംഗ്ലാവും.
കേരളത്തിലേ അല്ലെന്ന് തോന്നിപ്പിക്കുന്ന കാമ്പസിന്റെ ഒരറ്റത്തുള്ള കുന്നിൻപുറത്തെ രാജേട്ടന്റെ ക്വാട്ടേഴ്സിൽ ആദ്യമായി പോകുന്നതും തങ്കമണി ചേച്ചിയെയും ഫിറോസിനെയും പോപ്പിയെയുമൊക്കെ കാണുന്നതും. പല കാലങ്ങളിൽ രാജേട്ടനെടുത്തു വച്ച കറുപ്പിലും വെളുപ്പിലുമുള്ള ഛായാപടങ്ങളുടെ മഹാശേഖരം ഞങ്ങൾക്ക് കാണിച്ചു തരാൻ ഒടുങ്ങാത്ത ആവേശമായിരുന്നു രാജേട്ടന്. അതൊക്കെ സൂക്ഷിക്കുന്ന പെട്ടിയെ ഹൃദയത്തിന്റെ കാഴ്ചബംഗ്ലാവ് പോലെ ഹൃദയത്തിനൊപ്പം കൊണ്ടു നടന്നു.പഴയ ഗ്രാമഫോൺ റിക്കാഡറുകൾ മുതൽ കൊച്ചു കൊച്ചു കവറുകളിൽ സൂക്ഷിച്ച നെഗറ്റീവുകളും ഛായാപടങ്ങളും നിറഞ്ഞ ഒരു വിസ്മയഭൂമിയായിരുന്നു അത്.
1986 ൽ മാതൃഭൂമിയിൽ ഒരു പത്രപ്രവർത്തകനായെത്തിയപ്പോൾ അവിടെയും രാജേട്ടൻ ഒരു നിത്യസന്ദർശകനായിരുന്നു. എന്റെ പെങ്ങൾ റാണേച്ചിയുടെ ഭർത്താവും അന്നത്തെ മാതൃഭൂമി ചീഫ് റിപ്പോർട്ടറുമായ വി. രാജഗോപാലിന്റെ മുറിയിലാണ് എത്തുക. പ്രധാനപ്പെട്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നായകന്മാർ മരിക്കുമ്പോഴോ അവരെക്കുറിച്ചുള്ള പ്രധാന ഫീച്ചറുകൾ വരുമ്പോഴോ രാജേട്ടന്റെ ഒരോർമ്മച്ചിത്രം മാതൃഭൂമി അച്ചടിക്കും. അങ്ങനെ അച്ചടിക്കുന്ന ഏതെങ്കിലും ചിത്രത്തിന് തന്റെ ബൈലൈൻ കൊടുത്തില്ലെങ്കിൽ തൊട്ടടുത്ത ദിവസം വൻ കലാപമാണ് രാജേട്ടൻ ഓഫീസിൽ അഴിച്ചുവിടുക. മാധ്യമ പ്രവർത്തനത്തിന്റെ പ്രാഥമിക പാഠങ്ങൾ മാതൃഭൂമിയെ മുഴുവൻ പഠിപ്പിക്കും. ഫോട്ടോഗ്രാഫുകൾ ഫോട്ടോഗ്രാഫറുടെ അനുമതിയില്ലാതെയും ബൈലൈൻ ഇല്ലാതെയും പ്രസിദ്ധീകരിക്കുന്നതിനെതിരെ ഒരായുഷ്ക്കാലം രാജേട്ടൻ പോരാടിയിട്ടുണ്ട്.

'ഒരു കഥയോ കവിതയോ റിപ്പോർട്ടോ അങ്ങിനെ പ്രസിദ്ധീകരിക്കാൻ നിങ്ങൾക്കാർക്കെങ്കിലും ധൈര്യം വരുമോ? വരരുത്. ഓരോ ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറുടെ ജീവിതമാണ്. ചോരയും വിയർപ്പും കലർന്ന സർഗ്ഗാത്മക രചനയാണ് '- രാജേട്ടന്റെ വിട്ടുവീഴ്ചയില്ലാത്ത അടിസ്ഥാന മന്ത്രമാണ്. ഫോട്ടോഗ്രാഫുകളുടെ ഓതർഷിപ്പ് ബാഷ്പീകരിക്കുന്ന മാധ്യമ നിലപാട് ഒരിക്കലും പൊറുപ്പിച്ചില്ല.
സോവിയറ്റ് യൂണിയനും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റഷ്യൻ പഠന വിഭാഗവും ഉണ്ടായിരുന്ന കാലമാണത്. മാനാഞ്ചിറയ്ക്ക് അടുത്ത് സോവിയറ്റ് സ്മാരകമായി പ്രഭാത് ബുക്സും ഉണ്ട് . റഷ്യ എന്നാൽ രാജേട്ടന് സ്വന്തം തറവാട്ടുകാര്യമാണ്. അതിന്റെ കേരളത്തിലെ സ്വയം പ്രഖ്യാപിത സംരക്ഷകൻ. എന്നാൽ 1985-ൽ ഗോർബച്ചേവ് പെരിസ്ട്രോയിക്കക്കും ഗ്ലാസ്സ്നോസ്തിനും തുടക്കമിട്ടതോടെ സോവിയറ്റ് നില ആഗോളതലത്തിൽ തന്നെ പരുങ്ങലിലായി. അക്കാലത്താണ് യൂണിവേഴിസിറ്റിയിലെ റഷ്യൻ പഠന വകുപ്പിലെ അധ്യാപകർ സാമ്രാജ്യത്വ ഗൂഢാലോചന നടത്തുന്നുണ്ട് എന്ന മുന്നറിയിപ്പുമായി രാജേട്ടൻ ഒരു നാൾ മാതൃഭൂമിയിൽ എത്തുന്നത്. 'അവരിൽ സി.ഐ.എ. ചാരന്മാരുണ്ട് '- രാജേട്ടൻ ഉറച്ചു വിശ്വസിച്ചു. രാജഗോപാലേട്ടനുമായി വലിയ വാഗ്വാദമായി. രാജേട്ടൻ അതിലിടപെടേണ്ട, ആവശ്യമെങ്കിൽ റഷ്യ ഇടപെട്ടോളും അല്ലെങ്കിൽ പോലീസ് എന്ന നിലപാടായിരുന്നു രാജഗോപാലേട്ടന്റെത്. എന്നാൽ വിടാൻ രാജേട്ടൻ ഒരുക്കമല്ലായിരുന്നു. ഒടുവിലതിൽ പോലീസിടപ്പെട്ടു, വാർത്തയായി. രാജേട്ടന് വിലക്കായി. സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ മുന്നോടിയായിത്തന്നെ റഷ്യൻ പഠന വിഭാഗം വീഴ്ചയുടെ ലക്ഷണങ്ങൾ കാട്ടിയത് റഷ്യൻ ആരാധകനായ രാജേട്ടന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു .
1991. സോവിയറ്റ് പതനം പൂർണ്ണമായി. ഭൂമിയിലെ തന്നെ ഏറ്റവും അസ്വസ്ഥനായ ആത്മാവായിരുന്നു രാജേട്ടൻ അക്കാലത്ത്. എ.കെ. ജി. , പി.സി. ജോഷി, എസ്. എ.ഡാങ്കേ , ഇന്ദ്രജിത്ത് ഗുപ്ത, സി. രാജേശ്വര റാവു, എൻ. ഇ. ബൽറാം, സി. അച്യുതമേനോൻ , ഇ.എം. എസ്. നമ്പൂതിരിപ്പാട്, എം.എൻ. ഗോവിന്ദൻ നായർ , പി.കെ. വാസുദേവൻ നായർ കെ.സി. ജോർജ്ജ് .... ഒരായുഷ്ക്കാലം രാജ്യത്തെ പ്രധാന കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ മുഴുവൻ പിൻതുടർന്ന് അവരെ കറുപ്പിലും വെളുപ്പിലുമായി അടയാളപ്പെടുത്തിയ കണ്ണുകൾ ക്യാമറ മിക്കവാറും കൈ കൊണ്ട് തൊടാതായിരുന്നു. ഫിലിം മരിച്ച് കളർ ഡിജിറ്റൽ യുഗത്തിലേക്കുള്ള കുതിപ്പ് അനിയന്ത്രിതമായിരുന്നു. പല അതിർത്തികളും മായ്ക്കപ്പെട്ടു കൊണ്ടേയിരുന്നു.രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളും സമവാക്യങ്ങളും മാറുകയായിരുന്നു. അപ്പോഴാണ് ഒരു നാൾ അതിരാവിലെ എനിക്കൊരു കല്യാണാലോചനയുമായി രാജേട്ടൻ പടിഞ്ഞാറെ നടക്കാവിൽ എന്റെ വീട് തേടിപ്പിടിച്ചെത്തുന്നത്.
വീട്ടിലാരും അപ്പോൾ ഉണർന്നിട്ടുപോലുമില്ലായിരുന്നു. തന്റെ ആത്മമിത്രങ്ങളായ ടി.ദാമോദരൻ മാഷിനും പുഷ്പക്കും ദീദി എന്ന ഒരു മകളുണ്ടെന്നും അത് എനിക്ക് പറ്റിയ പെണ്ണായിരിക്കുമെന്നാണ് എല്ലാവരെയും ഉറക്കത്തിൽ നിന്നും വിളിച്ചെഴുന്നേല്പിച്ച് പറഞ്ഞത്. അച്ഛനും അമ്മയും ഏട്ടനും അനിയനുമൊക്കെ കുറച്ചു നേരം അമ്പരന്നു എന്നതാണ് വാസ്തവം. അത്ര നേരത്തെയുള്ള ഒരു കല്യാണാലോചനയുടെ രീതി തന്നെ അവരെ ഞെട്ടിച്ചു. രാജഗോപാലേട്ടനുമായി ചർച്ച ചെയ്തു കഴിഞ്ഞ ആശയമായാണ് രാജേട്ടൻ ഇതവതരിപ്പിക്കുന്നത്. ഇരുവീട്ടുകാർക്കുമിടയിൽ അങ്ങോട്ടുമിങ്ങോട്ടും അതിവേഗം കുതിച്ചുപാഞ്ഞ് അദ്ദേഹം എല്ലാറ്റിനും വേഗം കൂട്ടി. ഒരു കാര്യം തീരുമാനിച്ചാൽ അതാണദ്ദേഹത്തിന്റെ രീതി. ദാമോദരൻ മാഷോടും രാജേട്ടൻ തന്നെ വിഷയം നേരിട്ടവതരിപ്പിച്ചത് . എന്നാൽ ചെക്കന്റെ വീട്ടിൽ നിന്നും കുടുംബക്കാർ ഒന്നിച്ചുവന്നുള്ള ഒരു പെണ്ണുകാണൽ തന്റെ പെൺമക്കളുടെ കാര്യത്തിൽ നടപ്പില്ലെന്നും അവർക്ക് വേണമെങ്കിൽ പുറത്തെവിടെയെങ്കിലും വച്ച് കാണാം, സംസാരിക്കാം, മകൾക്ക് ഇഷ്ടപ്പെട്ടാൽ അത്ര മാത്രമേ മുന്നോട്ടു പോകാനാവൂ തുടങ്ങിയ ഉറച്ച വ്യവസ്ഥകൾ മാഷ് മുന്നോട്ടു വച്ചു. പുറത്ത് വച്ച് കാണലൊന്നും ശരിയല്ലെന്ന് രാജേട്ടൻ.മാഷിന്റെ രീതി എന്റെ വീട്ടുകാരെ ബോധ്യപ്പെടുത്താനും നീണ്ട ചർച്ചകൾ. ഒടുവിൽ അതൊത്തുതീർപ്പാക്കി.

രാജേട്ടന്റെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ സാംസ്കാരിക സംഘം ടി. ദാമോദരൻ മാഷുമായുള്ള ഒരു ചർച്ചക്ക് മാഷിന്റെ വീടിനോട് ചേർന്നുള്ള എഴുത്തുമുറി സന്ദർശിക്കാനാണ് ധാരണയായത്. പെണ്ണുകാണലില്ല, അതിനെപ്പറ്റി ചർച്ചയുണ്ടാകില്ല എന്ന്. അജിത, അജിയേച്ചിയുടെ ജീവിത പങ്കാളിയും എല്ലാവരുടെയും സുഹൃത്തുമായ ടി.പി. യാക്കൂബ് വി.രാജഗോപാൽ, ഭാര്യ റാണേച്ചി, മാതൃഭൂമിയിൽ ചിത്രഭൂമിയുടെ സബ്ബ് എഡിറ്ററെന്ന നിലക്ക് ദാമോദരൻ മാഷിന്റെ കൂടി സുഹൃത്തായ ബി.ജയചന്ദ്രൻ, ഞാൻ, രാജേട്ടൻ ഇത്രയുമായിരുന്നു ചർച്ചാസംഘം. ഞങ്ങൾ അവിടെ എത്തിയ ഉടൻ മാഷ് സോവിയറ്റ് പതനം ചർച്ചയായി എടുത്തിട്ടു. പിന്നെ റഷ്യൻ വിപ്ലവം എങ്ങിനെ ലെനിൻ നടത്തി എന്നതിലേക്ക് അത് പടർന്നു. റഷ്യ കണ്ട ,റഷ്യൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഛായാഗ്രഹണം പഠിച്ച രാജേട്ടനും റഷ്യൻ വിപ്ലവത്തിൽ മുങ്ങി നിവർന്ന അജിതേച്ചിയും സോവിയറ്റ് ചാരൻ എന്ന വിളിപ്പേര് കിട്ടും വരെ റഷ്യൻ പക്ഷപാതിയായിരുന്ന മോസ്കോ ഒളിമ്പിക്സ് റിപ്പോർട്ട് ചെയ്തിട്ടുള്ള രാജഗോപാലേട്ടനും അടക്കം എല്ലാവരും അതിൽ ഉടക്കി.
1905- ന് ശേഷം 1917 വരെയുള്ള കാലത്ത് ലെനിൻ എവിടെയായിരുന്നു, എത്ര കാലം റഷ്യയിലുണ്ടായിരുന്നു എന്ന വിഷയമാണ് ദാമോദരൻ മാഷ് ഉന്നയിച്ചത്. റഷ്യൻ വിപ്ലവത്തിൽ റഷ്യയിൽ ജീവിച്ച് അതിന് നേതൃത്വം കൊടുത്ത സ്റ്റാലിനുള്ള പങ്ക് ലെനിന് ഇല്ലെന്നായി മാഷ്. അതിനിടയിൽ ദീദി കോളേജ് വിട്ടുവന്നു, കുറച്ചു നേരം ചർച്ചയിൽ പങ്കെടുത്തു. ഫെമിനിസ്റ്റ് ആക്ടിവിസത്തിന്റെ ഭാഗമായി വിവാഹം തന്നെ വേണ്ടെന്ന് പറഞ്ഞേക്കുമോ എന്ന ആശങ്ക കാരണമാണ് അനുനയത്തിനായി അജിതേച്ചിയെയും കൂടെ ചേർത്തിരുന്നത്. അവരുത് നിവർത്തിച്ചു തന്നതിനാൽ വിവാഹം നടന്നു.
ഇതിനിടയിലാണ് കോഴിക്കോട്ട് ഒരു വീടെടുക്കാൻ ഒരു സ്ഥലം തേടിയുള്ള രാജേട്ടന്റെ അന്വേഷണ പരമ്പര നടക്കുന്നത്. എവിടെയെങ്കിലും ജീവിതം വേരുപിടിപ്പിക്കാനാവില്ല എന്ന നിലപാടായിരുന്നു രാജേട്ടന്. തിരുവണ്ണൂരിലുള്ള മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ കോഴിപ്പുറത്ത് വേണുഗോപാലിന്റെ തറവാട് വീടിനോട് ചേർന്ന് ഒരു നൂറ്റാണ്ട് പഴക്കമുള്ള ഒരു മദ്രാസ്സ് മുല്ല മരം പൂത്തു നിൽക്കുന്ന സ്ഥലം രാജേട്ടന്റെ കണ്ണിൽ പെടുന്നത്. ആ പൂമരത്തെ സംരക്ഷിക്കാനും സ്വന്തമാക്കാനും വേണ്ടിയാണെന്നായിരുന്നു സ്ഥലം വാങ്ങിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തം. അവിടെ പൗരാണികമായ ചരിത്ര സാന്നിധ്യം ഉണ്ടെന്ന് ഉറച്ചു വിശ്വസിച്ചു. പിന്നെ ആ സാന്നിധ്യത്തിൽ 'സാനഡു' എന്ന സ്വപ്നഭവനം രാജേട്ടൻ പണിതു. വീടിന്റെ പൂമുഖം പോലെത്തന്നെ പിന്നാമ്പുറത്തുള്ള മുല്ലയ്ക്കും ഉണ്ട് പ്രാധാന്യം എന്ന വെളിപാടിന്റെ ആവിഷ്ക്കാരമായിരുന്നു അത്. പൂമരത്തിന്റെ വേരുകളെ ഒട്ടും ഹനിക്കാതെയാണ് വീടിന്റെ പ്ലാൻ പോലും ഉണ്ടാക്കിയത്. മരിയ്ക്കും വരെ സ്വന്തം ശരീരഭാഗം പോലെത്തന്നെ ആ മുല്ലമരം സംരക്ഷിച്ചു. ആ ഓർമ്മമരം ഇപ്പോഴും രാജേട്ടന്റ ഓർമ്മകൾ വഹിച്ച് തലയുയർത്തി നിൽക്കുന്നു.
2012- ൽ അപ്രതീക്ഷിതമായി മാഷ് വിട വാങ്ങിയതിൽ പിന്നെ ഒരിക്കലും രാജേട്ടൻ മീഞ്ചന്തയിലെ ഞങ്ങളുടെ വീട്ടിലേക്ക് കാലു കുത്തിയിട്ടില്ല. പിന്നിട്ട എല്ലാവർഷവും മാർച്ച് 28ന് ഓർമ്മിച്ചു വിളിയ്ക്കും. ഇന്നല്ലേ എന്ന്. ദാമോദരൻ മാഷിന്റെ പേരിൽ അനുസ്മരണച്ചടങ്ങ് നടന്ന ഒരു വർഷവും അങ്ങോട്ട് വന്നില്ല. ഒടുവിൽ അഞ്ചാം ഓർമ്മ വർഷം മാതൃഭൂമി പ്രസിദ്ധീകരിച്ച ഓർമ്മ പുസ്തകം 'ടി.ദാമോദരൻ' ഏറ്റു വാങ്ങേണ്ടിയിരുന്നത് പുനലൂർ രാജേട്ടനായിരുന്നു. എന്നാൽ അവസാനവേളയിൽ പിൻവാങ്ങി. എനിക്ക് കഴിയുന്നില്ല എന്ന് അറിയിച്ചു. വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാരാജ്യത്തേക്ക് തന്നെ കൂട്ടിക്കൊണ്ട് പോയത് ദാമോദരൻ മാഷായിരുന്നു എന്ന് എല്ലാ അഭിമുഖങളിലും രാജേട്ടൻ ഓർത്തു. ആ സൗഹൃദത്തിലെ വഴിത്തിരിവായിരുന്നു അത്.
1965- ൽ എ. വിൻസന്റ് മാസ്റ്റർ കോഴിക്കോടൻ സിനിമയുടെ പുതിയ അധ്യായം തുറക്കുമ്പോൾ സംഘാടകനായി ദാമോദരൻ മാഷും അനൗദ്യോഗിക നിശ്ചല ഛായാഗ്രാഹകനായി സുഹൃത്ത് പുനലൂർ രാജേട്ടനും ഒപ്പമുണ്ടായിരുന്നു. അത് പിന്നീട് ദാമോദരൻ മാഷ് ഒരു പ്രധാന വേഷം ചെയ്ത പി.എൻ. മേനോന്റെ 'ഓളവും തീരവും' എന്ന സിനിമയുടെ ലൊക്കേഷൻ കാഴ്ചകളിലേക്കും നീണ്ടു. രണ്ടു സിനിമകളുടെയും ഏതാനും സ്റ്റില്ലുകൾ മാത്രമേ ഇപ്പോൾ ഡിജിറ്റലായിട്ടുള്ളു. പ്രിന്റ് എടുക്കപ്പെടാത്ത രാജേട്ടന്റെ നെഗറ്റീവുകളുടെ മഹാശേഖരത്തിൽ ഇനിയും വെളിച്ചം കാണാത്ത അനർഘനിമിഷങ്ങളുടെ ഖനി തന്നെ ഉണ്ടാകും. കാലം അത് വെളിച്ചത്ത് കൊണ്ടുവരുമായിരിക്കും. അവയുടെ സംരക്ഷണത്തിനായി ഒരു പുനലൂർ രാജൻ ഫൗണ്ടേഷൻ തന്നെ സർക്കാർ തലത്തിൽ അതിനായി രൂപം കൊള്ളേണ്ടതുണ്ട്. കേരളത്തിലെ കമ്മ്യൂണിസത്തിന്റെയും സിനിമയുടെയും യൗവ്വനത്തെക്കുറിച്ച് പഠിക്കുമ്പോൾ ഈ ഛായാപടങ്ങൾക്ക് ഒരു മഹാലോകത്തിന്റെ കാഴ്ചകളിലേക്കുള്ള വഴികാട്ടികളായി മാറാനാവും.
ദാമോദരൻ മാഷ് വിടവാങ്ങിയ ശേഷം 2016- ൽ റഷ്യയും സെന്റ് പീറ്റേഴ്സ് ബർഗും കാണാൻ പോകുമ്പോൾ അത് ഒരായുഷ്ക്കാലം റഷ്യയെ തന്റെതായ രീതിയിൽ പഠിക്കാൻ ശ്രമിച്ച ഈ രണ്ട് പിതാമഹന്മാർ സമ്മാനിച്ച അറിവുകളിലൂടെയുള്ള, കാഴ്ചകളിലൂടെയുള്ള യാത്രയായിരുന്നു. വഴികാട്ടികൾ മുന്നറിയിപ്പുകളും കരുതലുകളും പ്രസരിപ്പിക്കുന്നു.
രാജേട്ടൻ വിട പറയുന്ന ദിവസത്തിലെ അവസാനത്തെ (2020 ഓഗസ്റ്റ് 14) ഫോൺ കോൾ വരെയും ആ കരുതൽ തുടർന്നു. കോവിഡ് ആയിരുന്നു അവസാനത്തെ കരുതൽ. ആസ്പത്രിയിലേക്ക് പോകാൻ വിസമ്മതിച്ചു നിൽക്കുകയായിരുന്നു അദ്ദേഹം. അതിന്റെ കാരണവും സ്വന്തം മരണത്തേക്കാളും തന്റെ പ്രിയപ്പെട്ടവരുടെ ജീവനിലുള്ള കരുതലായിരുന്നു. ആസ്പത്രിയിലേക്ക് തങ്കമണിയേച്ചി ഒപ്പം വരുന്നതിനും എതിരായിരുന്നു. വരികയേ ചെയ്യരുത് എന്നായിരുന്നു നിലപാട്. മകൻ ഡോ.ഫിറോസ് രാജൻ (ഓങ്കോ സർജൻ, കോവൈ മെഡിക്കൽ സെന്റർ) കൊയമ്പത്തൂരിൽ നിന്നും എത്താനുള്ള നേരമുണ്ടായിരുന്നില്ല. അസ്വാസ്ഥ്യം പെരുകിയപ്പോൾ ഒടുവിൽ ആസ്പത്രിയിലേക്ക് പോകാൻ സമ്മതിയ്ക്കുകയായിരുന്നു. പഴയ മെഡിക്കൽ കോളേജ് സുഹൃത്ത് സംഘത്തിൽപ്പെട്ട, മിംസിലെ എമർജസി മെഡിസിൻ മേധാവിയായ ഡോ: വേണുഗോപാലാണ് ഇതിന് കൂട്ടായി നിന്നത്. തൽസമയം ഡോക്ടർമാരടങ്ങുന്ന ആംബുലൻസ് സജ്ജമാക്കി രാജേട്ടന്റെ ജീവൻ രക്ഷിക്കാനുള്ള യത്നത്തിൽ മുന്നിട്ടിറങ്ങി. രാത്രി പത്തു മണിയോടെ കൊയമ്പത്തൂരിൽ നിന്നും ഫിറോസ് മിംസിൽ രാജേട്ടന്റെ അടുത്തെത്തി. അർദ്ധരാത്രി കഴിയും വരെയും പ്രത്യാശയുണ്ടായിരുന്നു. മലേഷ്യയിൽ നിന്നും മകൾ ഡോ. പോപ്പി രാജൻ (ക്വാലാലംബൂർ മെഡിക്കൽ കോളേജ്) വിളിച്ച് ആ പ്രത്യാശ പങ്കുവച്ചു. തന്നെ കാണാതെ അച്ഛന് പോകാനാകില്ലെന്ന്. പുലർച്ച 1.40 ആയപ്പോൾ ആ പ്രത്യാശ കൈവിട്ട് ഫിറോസിന്റ വിളി വന്നു. അച്ഛൻ ഇനി ഇല്ല എന്ന്. പൊടുന്നനെ എല്ലാം നിശബ്ദമായി.
ഹൃദയാഘാതം മനുഷ്യ ജീവൻ കവർന്നെടുക്കുന്ന നിശബ്ദമായ വഴികൾ നമ്മുടെ ഒരു ആരോഗ്യ സംവിധാനത്തിനും നിയന്ത്രണത്തിലാക്കാനായിട്ടില്ല. ഒരു വഴി അടയുമ്പോൾ അത് മറ്റൊരു വഴി കണ്ടെത്തുന്നു. മരണത്തിന്റെ വഴികൾ മരണത്തിന് മാത്രമറിയാം. ഒരു മനുഷ്യനിലും അതിന്റെ അന്തിമ ഇടപെടൽ നടത്താതിരിക്കാനാകില്ല. അനിവാര്യമായ ആ വിധിയിലേക്ക് ഓരോരുത്തരും ഒറ്റക്ക് നടക്കുന്നു. ഇപ്പോൾ രാജേട്ടനും നടന്നു.
തിരിഞ്ഞു നോക്കുമ്പോൾ 2004 - 2012 കാലത്ത് ചിത്രഭൂമിയുടെ ചുമതലയിലിരുന്ന കാലത്ത് രാജേട്ടന്റെ നിരവധി ചിത്രങ്ങൾ അതിൽ ഭംഗിയായി ബൈലൈനോടുകൂടി അച്ചടിയ്ക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രഭൂമി അദ്ദേഹത്തിന് തൃപ്തിയാകുന്ന റെമ്യൂണറേഷൻ നൽകിയിട്ടുമുണ്ട്. പ്രേംനസീർ, മധു, ശാരദ , പി.ഭാസ്കരൻ തുടങ്ങിയവരുടെ അപൂർച്ച ചിത്രങ്ങൾ ഇതിൽ ഉൾപ്പെടും. കറുപ്പിലും വെളുപ്പിലുമുള്ള പുനലൂർ രാജേട്ടന്റെ ഛായാപടങ്ങളിലൂടെ കടന്നുപോയ ഒരു മാധ്യമ പ്രവർത്തകനെന്ന നിലക്ക് അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിലെ കടുത്ത ഇഷ്ടാനിഷ്ടങ്ങൾ ആലോചനാമൃതമായ ഒരു വിഷയമാണ്. ഒരു പ്രത്യേക കാലത്ത് ഫോട്ടോഗ്രാഫിയിൽ നിന്നുള്ള പിന്മാറ്റവും ഒരു വലിയ പഠന വിഷയമാണ്.
സോവിയറ്റ് പതനത്തിന് സമാന്തരമാണ് രാജേട്ടന്റെ പിന്മാറ്റം. അതിന്റെ രാഷ്ട്രീയമായ അർത്ഥതലങൾ പ്രധാനമാണ്. മൂന്ന് പതിറ്റാണ്ട് കാലത്തെ (1990-2020) വലിയ നിശബ്ദത അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫിയിൽ പ്രകടമാണ്. അതിനെ സാങ്കേതിക വിദ്യയിൽ വന്ന പരിണാമമായി ചുരുക്കിയെഴുതാനാവില്ല.
ലോകത്ത് ആദ്യമായി ചലച്ചിത്ര പഠനത്തിന് തുടക്കമിട്ട മോസ്കോയിലെ ഓൾ യൂണിയൻ സിനിമാറ്റോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിന്തുണയോടെ പഠിയ്ക്കാനായ ഇന്ത്യയിലെ ഏകഛായാഗ്രാഹകനായിരിക്കും പുനലൂർ രാജൻ. 1964- ലെ പാർട്ടി പിളർപ്പിന് ശേഷമാണ് സിനിമയെടുക്കുവാനുള്ള തീരുമാനവുമായി പാർട്ടി അത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത്. ഐസൻസ്റ്റീൻ, പുദോവ്കിൻ , പരാഞ്ചിനോവ്, താർക്കോവ്സ്കി എന്നിവർ പഠിച്ചിറങ്ങിയ ഇൻസ്റ്ററ്യൂട്ടാണത്. രാജേട്ടൻ പഠിക്കുന്ന കാലത്ത് താർക്കോവ്സ്കി അവിടെ ഗസ്റ്റ് ലക്ചററായുണ്ട്. എന്നിട്ടും തിരിച്ചു വന്ന് അദ്ദേഹം സിനിമയിലേക്ക് കടന്നില്ല എന്നതും പഠിക്കപ്പെടേണ്ടതാണ്. അറുപതുകളുടെ മധ്യത്തിൽ എ.വിൻസന്റ് മാസ്റ്റർ മുറപ്പെണ്ണും
പി.ഭാസ്കരൻ മാസ്റ്റർ ഇരുട്ടിന്റെ ആത്മാവും അന്ത്യത്തിൽ പി.എൻ.മേനോൻ ഓളവും തീരവും എടുക്കുമ്പോൾ നിശ്ചല ഛായാഗ്രാഹകനായി അദ്ദേഹം അതിന് സാക്ഷിയായിട്ടുണ്ട്. എന്നാൽ എഴുപതുകളിൽ മലയാളത്തിൽ ആർട്ട് സ്കൂൾ മലയാളത്തിൽ കരുത്താർജ്ജിച്ചപ്പോൾ അതിന്റെ ഭാഗമായതിന്റെ അടയാളമില്ല. ആ പിൻവാങ്ങൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു സ്വന്തം ചലച്ചിത്രകാരൻ ഉണ്ടാകാനുള്ള സാധ്യതയാണ് നഷ്ടപ്പെടുത്തിയത്. അത് മൂലധനത്തിന്റെ വിജയവും സിനിമയുടെ പരാജയവുമാണ് .
2020 ഓഗസ്റ്റ് 15, പുലർച്ച 1.40. മരണം കണ്ണു തുറന്നപ്പോൾ അതുവരെ എടുക്കപ്പെട്ടിട്ടില്ലാത്ത ഛായാപടം പോലെ പിറക്കുന്നു പുനലൂർ രാജൻ എന്ന പുതിയ ഛായാപടം. ഇനി അനശ്വരം, എന്നും 81 വയസ്സ്. അവിചാരിതവും അപ്രതീക്ഷിതവുമായ ഒരു പുനലൂർ രാജൻ ക്ലിക്ക് പോലെ. അതെ, അടയാത്ത കണ്ണായി, മരിയ്ക്കാത്ത നക്ഷത്രമായി.
മാനാരിപ്പാടത്ത് എരിയുന്ന ചിത വിട്ടേച്ച് പിരിയുമ്പോൾ മനസ്സിൽ പറഞ്ഞു: വിട പറയുന്നില്ല, ലാൽസലാം സഖാവേ...
Content Highlights: writer journalist Premchand remembers veteran photographer Punaloor Rajan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..