ഒരു കൊൽക്കത്ത ദൃശ്യം |ഫോട്ടോ: ഗെറ്റി ഇമേജസ്
ബംഗാളിന്റെ മുഖമുദ്രയായിരുന്നു ഭദ്രലോകം. സൗമ്യരും മാന്യരും കുലീനരും ചിന്തിക്കുന്നവരുമായ ബംഗാളികളാണ് ഇവര്‍. ഇവരാണ് എല്ലാ രംഗങ്ങളിലും ബംഗാളിനെ മുന്നില്‍നിന്ന്് നയിച്ചിട്ടുള്ളത്. കൃത്യമായ അര്‍ഥത്തില്‍ ഇതൊരു സവര്‍ണസംഘമല്ല. എങ്കിലും ഭദ്രലോകിലെ ഭൂരിപക്ഷവും ബ്രാഹ്മണ, ബൈദ്യ, കായസ്ഥ വിഭാഗങ്ങളില്‍നിന്നാണ് വരുന്നത്. ബംഗാളിലെ എല്ലാ മുഖ്യമന്ത്രിമാരും ഈ വിഭാഗത്തില്‍നിന്നാണ്; നൊേബല്‍ ജേതാക്കളുമതേ. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരികരംഗത്തുള്ള എല്ലാ പ്രസ്ഥാനങ്ങളും സമീപകാലംവരെ ഇവരുടെ കൈകളില്‍മാത്രമായിരുന്നു. എന്നാലിപ്പോള്‍ ഈ ഭദ്രലോകത്തിന്റെ അടിത്തറകള്‍ ഇളകുകയാണെന്ന് നിരീക്ഷിക്കുന്നു ഇവിടെ.
മൈക്കേല്‍ മധുസൂദന്‍ദത്ത് ബംഗാളി കവിതയിലും നാടകത്തിലും പുതിയ വഴികള്‍ കണ്ടെത്തിയ പ്രതിഭയായിരുന്നു. തുടക്കകാലത്ത് ദത്ത് സായിപ്പന്മാരെ അനുകരിച്ച് വസ്ത്രംധരിച്ചു; ഇംഗ്ലീഷില്‍മാത്രം എഴുതി, സംസാരിച്ചു. മതവും മാറി. അദ്ദേഹത്തിന്റെ സുഹൃത്തായ ഗൗര്‍ദാസ് ബസക്ക് ആ കവിതകളില്‍ ചിലത് ബംഗാളി നവോത്ഥാനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള ബ്രിട്ടീഷുകാരനായ ജോണ്‍ എലിയറ്റ് ബെയ്ഥൂണിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു.
''നിങ്ങളുടെ സുഹൃത്ത് എന്തിനാണ് ഇംഗ്ലീഷില്‍ കവിതകളെഴുതുന്നത്?'' -ബെയ്ഥൂണ്‍ ചോദിച്ചു.
''മധുസൂദന്‍ ഇംഗ്ലീഷ് ഇംഗ്ലീഷുകാരെപ്പോലെത്തന്നെ എഴുതും'' -ഗൗരവ് പറഞ്ഞു.
ഇവിടെ 'ഇംഗ്ലീഷുകാരെപ്പോലെ' എന്നതിനാണ് ഊന്നല്‍. പത്തൊമ്പതാം നൂറ്റാണ്ടിലെ ബംഗാളി നവോത്ഥാനത്തെ പ്രതിപാദിക്കുന്ന സുനില്‍ ഗംഗോപാധ്യായയുടെ ഇതിഹാസസമാനമായ 'ആ കാലം' (Those Days) എന്ന നോവലിലാണ് ഈ രംഗമുള്ളത്. മധുസൂദന്‍ ദത്ത് ഒരു പ്രതിനിധിയായിരുന്നു. വിദ്യാഭ്യാസംസിദ്ധിച്ച ബംഗാളികള്‍ കൂടുതല്‍ വലിയ യൂറോപ്യന്മാരാവാനായി പരിശ്രമിച്ചിരുന്ന കാലം. ആദ്യകാല ക്രിക്കറ്റ് കളിയിലെന്നതുപോലെ മാന്യതയുടെ ഒരു മുഖം പതുക്കെപ്പതുക്കെ കലയില്‍, സംഗീതത്തില്‍, സാഹിത്യത്തില്‍, സിനിമയില്‍, രാഷ്ട്രീയത്തില്‍ എല്ലാം വന്നുചേരുന്നത് ഇതിന്റെ ഫലമായിട്ടാണ്. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുമ്പോഴും ഇംഗ്ലീഷുകാരെ ആരാധിക്കുന്ന ഒരു മനോഭാവം. ഏതായാലും ഉന്നതമെന്നുവിവക്ഷിക്കപ്പെടുന്ന അഭിരുചികള്‍ ഈ വിദ്യാസമ്പന്നര്‍ ജീവിതത്തിലുടനീളം സൂക്ഷിച്ചു. അവരെ സാമാന്യമായി ബംഗാളി ഭദ്രലോക് എന്ന് വിളിക്കുന്നു. 'ഞങ്ങളിലുള്ള നല്ലതിനെയെല്ലാം ഉണ്ടാക്കിയതും രൂപപ്പെടുത്തിയതും ബ്രിട്ടീഷുകാരാണ്' എന്ന് നിരാദ് ചൗധരി എഴുതിയിട്ടുണ്ടല്ലോ. ആ നിലയ്ക്ക് ഭദ്രലോക് ഒരു കൊളോണിയല്‍ ഉത്പന്നമാണെന്നുപറയാം. സ്വാതന്ത്ര്യത്തിനുശേഷം സര്‍വമേഖലയിലും അവര്‍ക്കായി ആധിപത്യം.

പുണെയില്‍ ഇംഗ്ലീഷ് അധ്യാപകനായ ബംഗാളി സുഹൃത്ത് കുനാല്‍ റേയുടെ അഭിപ്രായത്തില്‍ സത്യജിത് റായിയുടെ 'ചാരുലത'യില്‍ അവരുടെ ഭര്‍ത്താവായിവരുന്ന ഭൂപതിയാണ് ഭദ്രലോകിന്റെ ഒരു ഉത്തമമാതൃക. ലിബറലായ ഭൂപതി സ്വന്തം വീട്ടിനുള്ളിലിരുന്നാണ് സ്വാതന്ത്ര്യസമരത്തിനുവേണ്ടി നിലകൊള്ളുന്ന ഒരു മാസിക നടത്തുന്നത്. പക്ഷേ, വീട്ടിനുള്ളിലെ അസംതൃപ്തികള്‍പോലും അയാളുടെ ശ്രദ്ധയില്‍ വന്നതേയില്ല. കുനാല്‍ തന്റെ സന്ദേഹം പങ്കിട്ടു: ഇപ്പോഴും പുതിയ ബംഗാളിന്റെ മനസ്സ് ലിബറലുകള്‍ കാണാതെ പോകുന്നുണ്ടോ? സാഹിത്യത്തെയും സിനിമയെയുംകുറിച്ച് കുനാല്‍ ദേശീയമാധ്യമങ്ങളില്‍ സ്ഥിരമായിട്ടെഴുതുന്നുണ്ട്. കേരളത്തിലൊട്ടാകെ സഞ്ചരിച്ചിട്ടുള്ള ബംഗാളിയാണ് അദ്ദേഹം.
ഞങ്ങള്‍ കൊല്‍ക്കത്തയിലെ ഗോള്‍പാര്‍ക്കിലുള്ള ബൈലൂം കാന്റീന്‍ എന്ന കോഫീഷോപ്പിലിരിക്കുകയായിരുന്നു. കൊല്‍ക്കത്തയിലെ സാമ്പ്രദായികവും നാശോന്മുഖവുമായ ഒരു പതിവുതെരുവല്ല ഇവിടം. പെട്ടെന്നുവന്നുനോക്കുകയാണെങ്കില്‍ ഏതാണ്ട് ഗോവയിലെ പഞ്ചിമിലെത്തിയ പ്രതീതിയാണ്. വീതിയുള്ള റോഡുകള്‍, 'ഇങ്കരിയസ്സുമട്ടില്‍' ഭക്ഷണം കിട്ടുന്ന, തിരക്കുകുറഞ്ഞ റെസ്റ്റോറന്റുകളുടെ നീണ്ടനിര. മിക്കയിടത്തും പുസ്തകങ്ങളും ചിത്രങ്ങളും കൈത്തറിത്തുണികളും കൗതുകവസ്തുക്കളുമെല്ലാം വില്‍പ്പനയ്ക്കുെവച്ചിരിക്കുന്നു. ഭദ്രലോകത്തെക്കുറിച്ചുസംസാരിക്കാന്‍ തികച്ചും ഉചിതമായ പരിസരം.
ഭദ്രലോക് സൗമ്യരും മാന്യരുമാകുന്നു. കൃത്യമായ അര്‍ഥത്തില്‍ ഇതൊരു സവര്‍ണസംഘമല്ല. എങ്കിലും ഭദ്രലോകിലെ ഭൂരിപക്ഷവും ബ്രാഹ്മണ, ബൈദ്യ, കായസ്ഥ വിഭാഗങ്ങളില്‍നിന്നാണ് വരുന്നത്. ബംഗാളിലെ എല്ലാ മുഖ്യമന്ത്രിമാരും ഈ വിഭാഗത്തില്‍നിന്നാണ്. നൊേബല്‍ജേതാക്കളുമതേ. എന്നല്ല, സാമൂഹിക-രാഷ്ട്രീയ സാംസ്‌കാരികരംഗത്തുള്ള എല്ലാ പ്രസ്ഥാനങ്ങളും സമീപകാലംവരെ അവരുടെ കൈകളില്‍മാത്രമായിരുന്നു. കോണ്‍ഗ്രസ് ഭദ്രലോകം കമ്യൂണിസ്റ്റുപാര്‍ട്ടികളിലെ ഭദ്രലോകവുമായി പൊരുതി. എഴുപതുകളില്‍ നക്‌സല്‍ ഭദ്രലോകം (ജംഗള്‍ സന്താളിനെയും കനു സന്യാലിനെയും ഒഴിവാക്കാം) അവരുടെ പഴയ സഖാക്കളായ കമ്യൂണിസ്റ്റ് ഭദ്രലോകത്തെ വെല്ലുവിളിച്ചു. ഇവര്‍ പരസ്പരം നടത്തിയിരുന്ന ബൗദ്ധികചര്‍ച്ചകളായിരുന്നു സാംസ്‌കാരികലോകത്തെമ്പാടും. ഈയൊരു അവസ്ഥയ്ക്ക് മാറ്റം വരുന്നത് 2011-ലെ നിയമസഭാതിരഞ്ഞെടുപ്പാണെന്നുള്ളതാണ് ഒരു നിരീക്ഷണം. ഇടതുപക്ഷകക്ഷികളുടെ ആധിപത്യം അവസാനിച്ചതല്ല, പകരം ഭദ്രലോകത്തിന്റെ അടിത്തറയിളകി എന്നുള്ളതാണ് ആ തിരഞ്ഞെടുപ്പിന്റെ ഫലശ്രുതി. അതേസമയം, തമിഴ്നാട്ടിലോ ഉത്തരേന്ത്യയിലോ നടന്നതുപോലെ അങ്ങനെയൊരു വലിയൊരു ധ്രുവീകരണം ഇവിടെ സാധ്യമല്ലെന്നുപറയുന്നു. അല്ലെങ്കില്‍ ആവശ്യമില്ലെന്നതാവാം.
രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍നിന്ന് ഭിന്നമായി ബംഗാളിലെ ജാതി പ്രത്യക്ഷത്തില്‍ ഹിംസാത്മകമായി പെരുമാറുന്നില്ല. ചൈതന്യമഹാപ്രഭു മുതല്‍ ശ്രീരാമകൃഷ്ണപരമഹംസര്‍ വരെയുള്ള ഗുരുക്കന്മാര്‍ സൃഷ്ടിച്ച ഒരു വലിയ പാരമ്പര്യമാണ് അതിന്റെ കാരണമെന്ന് എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായിരുന്ന അഭിജിത് ചതോപാധ്യായ പറഞ്ഞു. (അദ്ദേഹം കേരളത്തിലും തമിഴ്നാട്ടിലും ജോലിചെയ്തിട്ടുണ്ട്.) അതേസമയം സാമുദായിക പ്രാതിനിധ്യത്തിന്റെ കുറവ് തീര്‍ച്ചയായും ഉണ്ടായിരുന്നു. പക്ഷേ, ചെറുതെങ്കിലും സ്വത്വരാഷ്ട്രീയത്തെപ്പറ്റിയുള്ള ഒരവബോധം സൃഷ്ടിക്കാന്‍ 2011-ലെ മാറ്റങ്ങള്‍ക്കുകഴിഞ്ഞിട്ടുണ്ട്.
2012-ലെ തിരഞ്ഞെടുപ്പിനുമുമ്പ് മമതാ ബാനര്‍ജി ബീണാപാണിദേവി എന്ന ആത്മീയനേതാവിനെ സന്ദര്‍ശിച്ചു. അവര്‍ മാത്വാ നാമശൂദ്രദളിത് വിഭാഗത്തിന്റെ ആത്മീയഗുരുവായിരുന്നു. പല കാലങ്ങളിലായി കിഴക്കന്‍ ബംഗാളില്‍നിന്ന് ഇവിടെയത്തിയ നാമശൂദ്രര്‍ പൊതുവേ ഇടതുപക്ഷത്തിന് വോട്ടുചെയ്യുന്നവരാണ്. പക്ഷേ, ഈ സന്ദര്‍ശനം കാര്യങ്ങളെ മാറ്റിമറിച്ചു. ബംഗാളിലെ മണ്ഡലങ്ങളില്‍ നാലിലൊന്നിലെങ്കിലും ഈ വിഭാഗത്തിന് ശക്തമായ സാന്നിധ്യമുണ്ട്. മാത്രമല്ല, ദളിത് പിന്നാക്ക വിഭാഗത്തില്‍പ്പെട്ട പലരെയും മമത സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. 27 ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷം എപ്പോഴും ഇടതുപക്ഷത്തോടൊപ്പമായിരുന്നെങ്കിലും അവര്‍ക്കും അധികാരസ്ഥാപനങ്ങളിലോ പാര്‍ട്ടിയിലോ വലിയ പ്രാതിനിധ്യമുണ്ടായിരുന്നില്ല. ആരാധനാലയമായ ഫര്‍ഫുറാ ഷെരീഫില്‍ മമത പോയി. പൊതുവേ ദരിദ്രരായ മുസ്ലിങ്ങള്‍ പ്രാര്‍ഥനയ്‌ക്കെത്തുന്ന സൂഫിമന്ദിരമായിരുന്നു അത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും പിന്നീട് അമര്‍ത്യാസെന്നിന്റെ കണക്കുകളുമൊക്കെപ്രകാരം ബംഗാളിലെ ഏറ്റവും ദരിദ്രജനവിഭാഗമാണ് മുസ്ലിങ്ങള്‍. മമത അവര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കി. ഇന്നിപ്പോള്‍ നിയമസഭാംഗങ്ങളില്‍, തൃണമൂലിലെ മുസ്ലിം പ്രാതിനിധ്യം ഇരുപതുശതമാനമാണ്.
തൃണമൂലിന്റെ പ്രതിപക്ഷം ഇപ്പോള്‍ സി.പി.എം. അല്ല, ബി.ജെ.പിയാണ്. വളരെ വൈകാതെ ബംഗാളില്‍ തങ്ങള്‍ക്ക് ഒരവസരം കിട്ടുമെന്നുതന്നെ സംഘപരിവാര്‍ വിശ്വസിക്കുന്നു. അതിനുവേണ്ടി അവരും പയറ്റുന്നത് ഇതേതന്ത്രങ്ങള്‍തന്നെയാണ്. പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ ശക്തിയുറപ്പിക്കുക എന്നത് ആദ്യത്തെ കടമ്പയാണെന്ന് അവര്‍ക്കറിയാം. ബി.ജെ.പി.യുടെ സംസ്ഥാന സെക്രട്ടറി ദിലീപ് ഘോഷ് സദാഗോപസമുദായത്തില്‍പ്പെട്ട ഒരു പിന്നാക്കവിഭാഗക്കാരനാണ്. ആദിവാസികള്‍ക്കും ദളിതര്‍ക്കുമിടയില്‍ സ്വയംസേവകര്‍ അധ്വാനിച്ചുപണിയെടുക്കുന്നു. സംവരണമില്ലാത്ത സീറ്റുകളില്‍പോലും ദളിതരെ സ്ഥാനാര്‍ഥികളാക്കുന്നു. ഉത്തരേന്ത്യയില്‍നിന്ന് ഉത്സവങ്ങള്‍പോലും ഇറക്കുമതിചെയ്യുന്നു. ഒപ്പം മുസ്ലിംസമുദായത്തെ മറ്റെല്ലാപാര്‍ട്ടികളും പ്രീണിപ്പിക്കുന്നു എന്ന പതിവുവാദമുയര്‍ത്തുന്നു. (അങ്ങനെ ലാളിക്കപ്പെടുന്ന ഒരു മുസ്ലിമിനെ നിങ്ങളൊരിക്കലും കണ്ടെത്തിയെന്നുവരില്ല, ഈ കഥകളിലല്ലാതെ). കഴിഞ്ഞവര്‍ഷത്തെ തിരഞ്ഞെടുപ്പിനുശേഷം താന്‍ മറ്റൊരു ബംഗാളിലേക്കാണ് വന്നത് എന്ന് കുനാല്‍ റേ പറഞ്ഞു.
അക്കാര്യം അദ്ദേഹം 'ഹിന്ദു' പത്രത്തില്‍ എഴുതുകയുണ്ടായി. രാഷ്ട്രീയചര്‍ച്ചകളുടെ രൂപംമാറിയിരിക്കുന്നു. മതത്തെക്കുറിച്ചും മതപ്രീണനത്തെക്കുറിച്ചുമൊക്കെയാണ് പുതിയ തര്‍ക്കങ്ങള്‍. ഇതായിരുന്നില്ല; ഇത്ര ചെറിയ മനസ്സായിരുന്നില്ല താന്‍ വളര്‍ന്ന ബംഗാളിന് എന്നദ്ദേഹം എഴുതുന്നു. പോകപ്പോകെ സിനിക്കല്‍ മനോഭാവത്തിന്റെ ഭൂതം ബംഗാളിനെ വിഴുങ്ങുകയാണെന്ന് ചതോപാധ്യായ സൂചിപ്പിച്ചു. ഇനിയെന്ത് എന്ന ചോദ്യത്തെ അവര്‍ നിസ്സംഗമായി നേരിടുന്നു. സി.പി.എമ്മിന് എതിരേ വന്നത് ഒരു പാര്‍ട്ടിയല്ല, മമത എന്ന വ്യക്തിയാണ്. അവര്‍ പോകുന്നതോടെ തൃണമൂല്‍ എന്തുചെയ്യും? ബി.ജെ.പി.ക്കും അദ്ദേഹം സാധ്യത കാണുന്നില്ല. അവര്‍ അഭിമുഖീകരിക്കുന്ന നേതൃശൂന്യത, ബംഗാളിനെ തിരിച്ചറിയാതെ ഇറക്കുമതിചെയ്യുന്ന പ്രചാരണങ്ങള്‍. പകരം എന്തെന്നറിയാതെ ബംഗാളി ചര്‍ച്ചകളെ കൈയൊഴിയുന്നു.
ഏതായാലും താത്കാലികമായിട്ടെങ്കിലും ഇതെല്ലാം ഭദ്രലോകത്തില്‍നിന്ന് ഛോട്ടാലോകത്തിലേക്കുള്ള ഒരു പദസഞ്ചലനമാകുന്നു. ഇതുവരെ ഉണ്ടാവാത്ത ഒരു മാറ്റം. ശാന്തമായ രബീന്ദ്രസംഗീതവും അതുപോലുള്ള ക്ലാസിക്കല്‍ അഭിരുചികളുമൊക്കെ മാറ്റിവെച്ച് റിക്ഷക്കാരും കൂലിപ്പണിക്കാരും ചായാവാലകളുമൊക്കെ നയിക്കുന്ന, രാമനവമിയാത്രകളുടെ കാതടപ്പിക്കുന്ന ഒച്ചയും വര്‍ണാഭമായ കാഴ്ചകളും തെരുവുകളില്‍ നിറയുന്നു. ഭൂമി എന്ന ഭൗതികസ്വത്തില്‍നിന്ന് ഐ.ടി. പോലുള്ള ബൗദ്ധികസ്വത്തുകളിലേക്കുള്ള പരിണാമം ഭദ്രലോകിനെ ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലേക്കും പുറംരാജ്യങ്ങളിലേക്കും നയിച്ചു. കേരളത്തിലേക്കുവരുന്ന ബംഗാളി തൊഴിലാളികള്‍ മിക്കവാറും ജന്മനാട്ടിലേക്ക് തിരിച്ചുപോവുമല്ലോ. പക്ഷേ, വിദ്യാഭ്യാസംസിദ്ധിച്ച ഭദ്രലോകിന്റേത് പുറത്തേക്കുള്ള വണ്‍വേ ടിക്കറ്റാണ്. അവര്‍ തിരിച്ചുവരുന്നതേയില്ല. കൂടുതല്‍ പഠിച്ചവര്‍ ബംഗാളിനെ ഉപേക്ഷിച്ചുപോവുകയാണെന്നുപറയാം. ഹൗസിങ് കോളനികളെല്ലാം വൃദ്ധസദനങ്ങളാണ്; ഇനിയൊരിക്കലും നഗരത്തിലേക്ക് മടങ്ങിവരാത്തവരുടെ മാതാപിതാക്കള്‍മാത്രമാണ് അവിടങ്ങളിലുള്ളത്.
പ്രസിദ്ധ അമേരിക്കന്‍ എഴുത്തുകാരി ജുംപാ ലാഹിരിയുടെ The Third and Final Continent (മൂന്നാമത്തേതും അവസാനത്തേതുമായ ഭൂഖണ്ഡം) ഇത്തരമൊരു കുടിയേറ്റത്തിന്റെ കഥയാണ്. ജുംപായുടെ മാതാപിതാക്കള്‍ ബംഗാളില്‍നിന്നുപോയി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയവരാണ്. ഇന്ത്യയില്‍നിന്ന് ഇംഗ്ലണ്ടില്‍പോയി പഠിച്ച്, ഭദ്രലോകത്തിന്റെ എല്ലാ സ്വഭാവവൈചിത്ര്യങ്ങളോടുംകൂടി അമേരിക്കയില്‍ പോയി ജീവിക്കുന്ന ഒരു ബംഗാളിയുടെ ചരിത്രം ജുംപാ മനോഹരമായി പറയുന്നു. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയ അതേദിവസംതന്നെയാണ് അയാള്‍ ബോസ്റ്റണില്‍ വിമാനമിറങ്ങുന്നത്. അയാള്‍ സൗമ്യനാണ്. ഉറക്കെ സംസാരിച്ചുശീലമില്ലാത്ത ഒരാളാണ്. വിദേശത്തുതാമസിക്കുമ്പോഴും രുചികളെല്ലാം പഴയ കൊല്‍ക്കത്തയിലേതുതന്നെ. വീട്ടുകാര്‍ പറഞ്ഞുെവച്ച, കൈത്തുന്നലറിയാവുന്ന, പാചകംചെയ്യുന്ന, രബീന്ദ്രസംഗീതം ആലപിക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹംചെയ്ത് അമേരിക്കയിലേക്കുകൊണ്ടുപോകുന്നു.
- കഥയില്‍ പറയുന്നതുപോലെ, മൂന്നാമതൊരു ഭൂഖണ്ഡത്തില്‍ അവര്‍ സ്ഥിരതാമസമാക്കുന്നു. ജീവിതം തുടരുന്നു. രക്തത്തില്‍ അപ്പോഴും ആ പഴയ, 'അമോര്‍ ഷോണാര്‍ ബംഗ്ലാ.
Content Highlights: Writer E Santhoshkumar Column Mathrubhumi weekend
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..