-
ഏകാന്തതയുടെ എൻസൈക്ളോപ്പീഡിയയാണ് സി.വി ബാലകൃഷ്ണന്റെ ആത്മകഥ പരൽമീൻ നീന്തുന്ന പാടം. ആ പുസ്തകവായനയുടെ നിറമെന്തെന്നു ചോദിച്ചാൽ കർക്കടകക്കറുപ്പെന്നാണ് ഉത്തരം. ഇലകളിൽ കാളിമ പടർത്തുന്ന കർക്കടകത്തിനെ മഹാമരിക്കാലത്തു നിന്നോർത്തെടുക്കുകയാണ് എഴുത്തുകാരൻ.
എന്റെ വീടിനോട് ചേർന്ന് അതേക്കാൾ എകരത്തിൽ ഒരു മുരിങ്ങയുണ്ട്. ടെറസ്സിലേക്ക് കയറി അതിന്റെ ഇലകൾ പറിക്കുക ഞാനാണ്. മിഥുനത്തിന്റെ അവസാനനാൾ ഇലകൾ പൊട്ടിച്ചെടുത്ത ശേഷം ഞാൻ മുരിങ്ങയോട് പറഞ്ഞു: ''ഇന്നു കഴിഞ്ഞാൽ പേടിക്കേണ്ട. നാളെയങ്ങോട്ട് ഞാൻ നിന്നെ നോവിക്കാൻ വരില്ല.''
മുരിങ്ങയ്ക്ക് ആശ്വാസമായിക്കാണണം. മിഥുനം തീരുന്നു. കർക്കടകം തുടങ്ങുന്നു. കർക്കടകത്തിൽ മുരിങ്ങയില കൂട്ടിക്കൂടാ. പണ്ടേയുള്ള പറച്ചിലാണ്. കർക്കടകം മുരിങ്ങയിലകളിൽ വിഷം പുരട്ടുംപോലും.
പിറ്റേന്ന് പുലർന്നത് പെരുമഴയോടെയാണ്. എങ്ങും കാളിമ. തൊടിയിലെ ജാതിപത്രികളിലേയ്ക്കും കുടമ്പുളികളിലേയ്ക്കും മൂവാണ്ടൻമാവിലേയ്ക്കും സപ്പോട്ടയിലേക്കും നെല്ലിയിലേക്കും ചെന്തെങ്ങുകളിലേക്കും മഴ ആരവത്തോടെ പെയ്തിറങ്ങി. കല്പാന്തം വരെ ശമിക്കില്ലെന്നതുപോലെ അത് ഊറ്റം കാട്ടി. ബാൽക്കണിയിലിരിക്കുന്ന കാഴ്ചക്കാരനെ മഴ എത്തിപ്പിടിക്കാനായി ആഞ്ഞു. അടുത്ത മൂന്നു ദിവസവും കനത്ത മഴയാണെന്ന പ്രവചനം കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നടത്തിയിട്ടുണ്ടെന്നോർത്തു. യെല്ലോ അലർട്ടുണ്ട്. തീരദേശമേഖലയിൽ കനത്ത ജാഗ്രത. മീൻപിടുത്ത ബോട്ടുകൾ കടലിൽ ഇറങ്ങരുതെന്നും മുന്നറിയിപ്പ്.
കർക്കടകത്തെ പേടിയായിരുന്നു കുട്ടിക്കാലത്ത്. തോരാമഴയാവും. സൂര്യൻ അതിന്റെ മറ നീക്കി മുഖം കാട്ടുകയേ ഇല്ല. ഇരുട്ടുപിടിച്ച പകലുകൾ. പ്രേതസഞ്ചാരങ്ങളുടെ രാവുകൾ. ഉറങ്ങാൻ കിടന്നാൽ ഏതുനേരത്തും പ്രേതങ്ങൾ തീ പാറുന്ന കണ്ണുകളും തേറ്റകളും നീണ്ട നഖങ്ങളുമായി പ്രത്യക്ഷപ്പെടാം. ചോര കുടിക്കാം കടിച്ചീമ്പാം.
കർക്കടകപ്പെയ്ത്തിൽ പ്രേതങ്ങളെ നിനച്ച് ചകിതനാക്കുമായിരുന്ന, ധൈര്യവാനല്ലാത്ത കുട്ടിയെ ഓരോ കർക്കടകവും എന്റെ മുന്നിലേക്ക് കൊണ്ടുവരാറുണ്ട്. 1195 ലെ കർക്കടകമാവട്ടെ, എന്നെ വീണ്ടും ആ കുട്ടിയാക്കി മാറ്റിയിരിക്കുന്നു. ആർത്തുലച്ചുപെയ്യുന്ന മാരിയിലേയ്ക്കുനോക്കിയിരിക്കുകയാണ് ഞാൻ. വളരെ വളരെ ഒറ്റയ്ക്ക്. എന്റെ ചുറ്റിലും അനേകമനേകം പ്രേതങ്ങളുടെ ദൗഷ്ഠ്യവുമായി അതിസൂക്ഷ്മങ്ങളായ വൈറസ്സുകളുടെ അക്ഷൗഹിണികൾ. അവ മനുഷ്യരാശിയുടെ നേർക്കുള്ള ഹിംസാത്മകമായ ആക്രമണം തുടരുകയാണ്. ഓരോരുത്തരെയും ഒറ്റപ്പെടുത്തിക്കൊണ്ട്...
നിർത്താതെ പെയ്യുന്ന മഴയെ നോക്കി ''മഴേ, മഴേ ,പോ,പോ,'' എന്നു കുട്ടിക്കാലത്ത് പാടുമായിരുന്നു. ഇന്ന് മനുഷ്യർ ഒന്നൊടങ്കം മഹാമാരിയോട് നിസ്സഹായമായി നിലവിളിക്കുകയാണ്; ''മഹാമാരിയേ പോ, പോ.''
കർക്കടകപ്പെയ്ത്തു കഴിഞ്ഞാൽ വീണ്ടും മുരിങ്ങയില പൊട്ടിക്കാം. പക്ഷേ, കാറ്റിലും മഴയിലും ഒട്ടും കാതലില്ലാത്ത ഈ ചെറുമരം പൊട്ടിച്ചിതറിയാലോ?
Content Highlights: Writer CV Balakrishnan Writes about Karkkadakam in Pandemic period
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..