''ദൈവമേ, എനിക്ക് ഇനിയും സങ്കടം തന്നോളൂ. പക്ഷേ, സൂക്ഷിച്ചുവെക്കാന്‍ എനിക്കൊരു സ്ഥലമില്ലല്ലോ.''


By സി.വി. ബാലകൃഷ്ണന്‍

5 min read
Read later
Print
Share

എത്രയെത്രയോപേര്‍ അന്തിയുറങ്ങിക്കടന്നുപോയ മഹാസത്രത്തിന്റെ വാതില്‍ ഇപ്പോഴും തുറന്നുകിടക്കുന്നു.

-

ഒരു തീരദേശനഗരം എഴുത്തുകാരനുമുന്നില്‍ തീര്‍ക്കുന്ന സൗഹൃദത്തിന്റെയും അനുഭവങ്ങളുടെയും ഘോഷയാത്രകള്‍ തീരുകയാണ്. കണ്ട ഓരോ മുഖത്തും തനതായ വ്യക്തിത്വമുളവായിരുന്നു; ഓരോ സ്മൃതിയും ഒരു ചരിത്രമായിരുന്നു

കോഴിക്കോട് മലയാളസിനിമയ്ക്കു നല്‍കിയ അഭിനേതാക്കള്‍ ഒന്നും രണ്ടുമല്ല. 'ഓപ്പോളി'ലൂടെ ദേശീയപുരസ്‌കാരത്തിന് അര്‍ഹനായ ബാലന്‍ കെ. നായര്‍, നെല്ലിക്കോട് ഭാസ്‌കരന്‍, നിലമ്പൂര്‍ ബാലന്‍, കെ.പി. ഉമ്മര്‍, ടി. ദാമോദരന്‍മാഷ്, സുരാസു, കുഞ്ഞാണ്ടി, ഭാസ്‌കരക്കുറുപ്പ്, കുഞ്ഞാവ, ശാന്താദേവി, സത്യജിത്ത് എന്നിങ്ങനെ പട്ടിക നീളുന്നു.

ബാലന്‍ കെ. നായരെ നേരിട്ട് ആദ്യമായി കാണുന്നത് മിഠായിത്തെരുവിലെ ആള്‍ക്കൂട്ടത്തിലാണ്. സന്ധ്യ. ഞാനും പി.എം. താജും തെരുവിലൂടെ അലയുമ്പോള്‍ പെട്ടെന്ന്, കൈകള്‍ ആഞ്ഞുവീശിക്കൊണ്ട് അതിവേഗത്തില്‍ മുന്നിലെത്തി ഒരല്പം ധൃതിയുണ്ടെന്നു പറഞ്ഞ് ബാലേട്ടന്‍ നടന്നകന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഒരു തീവണ്ടിയാത്രയ്ക്കിടയില്‍ കാണാനിടയായ ബാലേട്ടന്റെ രൂപം വളരെ പരിചയമുള്ള എനിക്കുപോലും തിരിച്ചറിയാനാവാത്തവിധം മാറിയിരുന്നു. നടക്കാനാണെങ്കില്‍ തീരെ വയ്യ. കവിളൊട്ടി പരവശമായ മുഖം. ബാലന്‍ കെ. നായരെന്നു കേള്‍ക്കുമ്പോള്‍ എന്തൊക്കെ മനസ്സിലേക്കുവരുമോ അതൊന്നും ശുഷ്‌കവും ദീനവുമായ ആകാരം ഓര്‍മിപ്പിച്ചതേയില്ല. നേരു പറയണമല്ലോ, എന്നെയത് നടുക്കിക്കളഞ്ഞു.

ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നത് വയനാട്ടില്‍ ഞാന്‍ തിരക്കഥയെഴുതിയ ലെനിന്‍ രാജേന്ദ്രന്റെ ചിത്രമായ 'പുരാവൃത്ത'ത്തിന്റെ ഷൂട്ടിങ് നാളുകളിലായിരുന്നു. അതില്‍ ഓംപുരി അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജ്യേഷ്ഠനായാണ് വേഷം. സ്‌നേഹം പ്രകടിപ്പിക്കാത്ത പരുക്കന്‍ പ്രകൃതക്കാരന്‍. ഭാര്യയായി കെ.പി.എ.സി. ലളിത.

കല്പറ്റയിലെ വുഡ്‌ലാന്‍ഡ്‌സ് എന്ന ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. അവിടെയും ചിത്രീകരണസ്ഥലങ്ങളിലും ബാലേട്ടന്റെ പെരുമാറ്റം താനൊരു ഭീകരനാണെന്ന മട്ടിലായിരുന്നു. വെറുതേ പേടിപ്പിക്കുക ബാലേട്ടന് ഇഷ്ടമുള്ള ഒരു വിനോദമായിരുന്നു. ഓംപുരി ശരിക്കും ഭയന്നുപോയി . പിന്നെപ്പിന്നെ ബാലേട്ടന്റെ തലവട്ടം കാണുമ്പോള്‍ ഒഴിഞ്ഞുമാറും. അടുത്തുനില്‍ക്കുക ക്യാമറയ്ക്കുമുന്നില്‍മാത്രം. സൂക്ഷിക്കണമെന്ന മുന്നറിയിപ്പ് എനിക്കു തരുമ്പോഴൊക്കെ ആള്‍ അത്രയ്ക്ക് അപകടകാരിയൊന്നുമല്ലെന്ന് ഞാന്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമായിരുന്നു.

കോഴിക്കോടിന്റെ സ്വന്തം അഭിനേതാക്കളില്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായിരുന്നത് നിസ്സംശയമായും കുതിരവട്ടം പപ്പുതന്നെ. തനത് വാമൊഴിയും അതിനിണങ്ങുന്ന ഹാസ്യാത്മകതയും അഭിനയശേഷിയുംകൊണ്ട് പപ്പുവേട്ടന് അത് അനായാസമായി സാധിക്കാനായി. തന്ത്രശാലികളായ ചില സാധാരണക്കാരെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അവരൊന്നും വെറുപ്പ് തോന്നിക്കില്ല. വില്ലന്‍വേഷം ചെയ്തിട്ടേയില്ല. സാത്വികഭാവങ്ങള്‍ ചില കഥാപാത്രങ്ങളിലൂടെ വെളിവാക്കിയിട്ടുണ്ടുതാനും. 'ആള്‍ക്കൂട്ടത്തില്‍ തനിയെ' എന്ന ചിത്രത്തിലെ കുട്ടിനാരായണനെ ഓര്‍ക്കുക. ഗ്രാമത്തില്‍ മരണാസന്നരായവരെ മരിപ്പിക്കുന്നയാളാണ്. ''കുട്ട്യാരണന്‍ ഭസ്മം തൊടീച്ച് അങ്ങട്ട് കെടത്തിയാല്‍ ചത്തത് ഏത് മൊശകോടനായാലും കണ്ടാലൊരൈശ്വര്യാണ്.'' -പറയുന്നത് മറ്റാരുമല്ല, കുട്ടിനാരായണന്‍ തന്നെയാണ്. കേന്ദ്രകഥാപാത്രമായ' മാധവന്‍മാഷ് (ബാലന്‍ കെ. നായര്‍)മരിക്കാന്‍ കിടന്നിട്ട് നല്ല നല്ല ദിവസങ്ങളൊക്കെ കഴിഞ്ഞുപോകുന്നു. ''ആളുകളെ ഇട്ട് കഷ്ടപ്പെടുത്താതെ അങ്ങട്ട് വിളിക്ക്വോ ദൈവം? അതുംല്യ. ഞാനെന്താപ്പൊ ചെയ്യ്വാ.'' -കുട്ടിനാരായണന്‍ നിസ്സഹായതയിലാകുന്നു. ചിത്രത്തിലെ തന്റെ അവസാനദൃശ്യത്തില്‍ കുട്ടിനാരായണന് വിധിച്ചിട്ടുള്ളത് കരച്ചിലാണ്. എത്രയോ ആളെ താന്‍ മരിപ്പിച്ചിട്ടുണ്ട്. തന്റെ സമയമടുക്കുമ്പോള്‍ മരിപ്പിക്കാനാരാ? അതുവരെ ആലോചിക്കാത്ത ആ ചോദ്യം കുളക്കരയില്‍നിന്ന് അച്യുതനെന്ന ഗ്രാമീണന്‍ ഉന്നയിക്കുമ്പോള്‍ അയാള്‍ തകര്‍ന്നുപോകുന്നു. മനസ്സില്‍ താന്‍ കന്നാലികള്‍ക്കിടയില്‍ കിടന്നുറങ്ങുന്ന പീടികക്കോലായ. പിച്ചക്കാരുമായി പങ്കിടാറുള്ള പഞ്ചായത്ത് ബസ് ഷെല്‍ട്ടര്‍. വഴിവക്കിലെ ഓവുപാലം. തികഞ്ഞ നിസ്സഹായതയോടെ അയാള്‍ പറയുന്നു: ''ഞാന്‍ മരിക്കുമ്പോള്‍... ഞാന്‍ മരിക്കുമ്പോള്‍...'' അതിനപ്പുറം വാക്കുകളില്ലാത്ത കൃത്രിമമായി ചിരിക്കാന്‍ ശ്രമം നടത്തി പരാജയപ്പെട്ട് അയാള്‍ നിന്ന് കരയുന്നു. അയാള്‍ക്കൊപ്പം, ഏറെ ചിരിപ്പിച്ച കുതിരവട്ടം പപ്പുവെന്ന ഹാസ്യനടനെ മറന്ന്, കാണികളും ഒരു ഗദ്ഗദമറിയുന്നു.

വേഷപ്പകര്‍ച്ചകൊണ്ടും ഭാവതീവ്രതകൊണ്ടും പ്രേക്ഷകരെ ആകര്‍ഷിച്ചതും എന്നുമോര്‍ക്കപ്പെടുന്നതുമായ മറ്റൊരു കഥാപാത്രമാണ് ഷാജി കൈലാസിന്റെ 'ദ കിങ്' എന്ന ചിത്രത്തിലെ ഉന്നതരാല്‍ അവഗണിക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന വൃദ്ധനും നിസ്വനുമായ സ്വാതന്ത്ര്യസമരസേനാനി. ചിത്രാന്ത്യത്തില്‍ അദമ്യമായ ഒരു ഉള്‍പ്രേരണയാല്‍, മുഷ്ടിചുരുട്ടി ''ബോലോ, ഭാരത് മാതാ കീ ജയ്'' എന്നു വിളിക്കുന്ന ഉജ്ജ്വല മുഹൂര്‍ത്തത്തില്‍ നായകകേന്ദ്രിതമായ സിനിമ തന്റേതാക്കി മാറ്റാന്‍ കുതിരവട്ടം പപ്പുവിന് കഴിയുന്നു. അത് നടനവൈഭവം.

എന്റെ കഥ അവലംബമാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ 'ഇരട്ടക്കുട്ടികളുടെ അച്ഛനില്‍' പപ്പുവേട്ടനുണ്ടായിരുന്നു. രണ്ടായിരാമാണ്ട് ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് അവസാനമായി കാണുന്നത്. നിലത്ത് കണ്ണടച്ച് കിടക്കുകയായിരുന്നു. കണ്ണുതുറന്നില്ല, ചിരിച്ചില്ല, കൈനീട്ടിയില്ല. ഒന്നുമറിയാതെ അഗാധനിദ്രയിലാണ്ട് അങ്ങനെ നിശ്ചേഷ്ടനായി കിടന്നു.

കോഴിക്കോട് തീവണ്ടിയാപ്പീസില്‍ വണ്ടിയിറങ്ങി ഒന്നാമത്തെ പ്ലാറ്റ്ഫോമിലൂടെ രണ്ടു പോര്‍ട്ടര്‍മാരെ കളിച്ചങ്ങാതിമാരെയെന്നോണം ചേര്‍ത്തുപിടിച്ച് നിഷ്‌കളങ്കതയോടെ വെളുവെളുക്കെ ചിരിച്ചുംകൊണ്ട് നടക്കുന്ന പപ്പുവേട്ടന്റെ രൂപം ഓര്‍മയില്‍ അവശേഷിക്കുന്നു. മായികതയുടെ ആകാശത്തിലെ താരമല്ല. മണ്ണിലെ വെറും മനുഷ്യന്‍.

എങ്ങനെ മറക്കും ശാന്തേടത്തിയെ? അഭിനയിച്ച മിക്ക സിനിമകളിലും ദൈന്യതയുടെ ഒരു പര്യായമെന്നപോലെയായിരുന്നു ശാന്താദേവി.

''ദൈവമേ, എനിക്ക് ഇനിയും സങ്കടം തന്നോളൂ. പക്ഷേ, സൂക്ഷിച്ചുവെക്കാന്‍ എനിക്കൊരു സ്ഥലമില്ലല്ലോ.''

പരാതിയില്ല ദൈവത്തോടുപോലും. അമ്പരപ്പിക്കുന്ന ജീവിതകഥയിലെപ്പോഴോ തന്റെ നേര്‍ക്ക് ആര്‍ദ്രമായി കൈനീട്ടിയ ഗായകന്‍ ഒരു ദുരന്തനായകനായി ശബ്ദമിടറി പാടാനാവാത്ത ദുഃഖം പേറി കാലത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്തേക്ക് പോയ്ക്കഴിഞ്ഞപ്പോള്‍ ആശ്വസിക്കാന്‍ മകനുണ്ടായിരുന്നു. ;സത്യജിത്ത്.

''ഓനെ എങ്ങനേങ്കിലും ഒന്ന് രക്ഷിക്കാനാവോ മോനേ?'' -ഒരു സായാഹ്നത്തില്‍ അളകാപുരി ഹോട്ടലിന്റെ മുറ്റത്തുവെച്ച് ശാന്തേടത്തി എന്നോടു ചോദിച്ചു.

എന്റെ ഉള്ള് പിടഞ്ഞുപോയി. വിന്‍സെന്റിന്റെയും പി.എന്‍. മേനോന്റേയുമൊക്കെ ചിത്രങ്ങളില്‍ പ്രസരിപ്പാര്‍ന്ന ബാലനടനായി വന്ന സത്യജിത്തിനെ ഞാന്‍ നിശ്ശബ്ദമായി ആരാധിച്ചിരുന്നു. വളര്‍ന്ന് മലയാളസിനിമയിലെ വലിയൊരു സാന്നിധ്യമാകുമെന്ന് മറ്റുപലരെയും പോലെ പ്രതീക്ഷിച്ചിരുന്നു. അത് നിര്‍ഭാഗ്യവശാല്‍ നിറവേറിയില്ല. യുവാവായ സത്യജിത്തിനെ ഞാന്‍ കണ്ടിട്ടുള്ളത് വേദികളില്‍, പിതാവായ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ 'പാടാനോര്‍ത്തൊരു മധുരിത ഗാനം' പോലുള്ള പാട്ടുകള്‍ പാടിക്കേള്‍പ്പിക്കുന്ന നിലയിലാണ്. ഉവ്വ്, കേരള സൈഗളെന്ന് വിശേഷിപ്പിക്കപ്പെട്ട പിതാവിന്റെ അനുഗ്രഹം പുത്രന് ലഭിച്ചിരുന്നു. ഇരുവരും രണ്ടുകാലത്തായി മനംനൊന്ത് മറഞ്ഞു. അവരുടെ വിയോഗങ്ങള്‍ ശാന്തേടത്തിയെ ഒരുപാട് നോവിച്ചു. നീറിനീറി ആ ജന്മവും ഒടുങ്ങി.

ഒരുകാലത്ത് ബീച്ചിനടുത്തുള്ള അലങ്കാര്‍ ലോഡ്ജിലെ 'സൈക്കോ' മാസികയുടെ (മറ്റു പല പ്രസിദ്ധീകരണങ്ങളുടെയും) ഓഫീസിലെ സന്ധ്യാനേര ഒത്തുചേരലുകളില്‍ മിക്കപ്പോഴും ഉണ്ടാകാറുണ്ടായിരുന്ന നിലമ്പൂര്‍ ബാലന്റെ വേര്‍പാട് അതിനെത്രയോ മുമ്പായിരുന്നു. ബാലേട്ടന്‍ ഒരു നടനെന്ന നിലയില്‍ പല ചിത്രങ്ങളിലും അവതരിപ്പിച്ചത് ക്രൗര്യമുള്ള കഥാപാത്രങ്ങളെയാണ്. കാമത്തിന്റെ കനലുകള്‍ കണ്ണുകളില്‍ മിന്നും. വെറുതേ നിന്ന് ഒരു ബീഡി വലിച്ചുംകൊണ്ട് ആരെയെങ്കിലും ആസക്തിയോടെ നോക്കുന്നത് പകര്‍ത്തിയാല്‍ പേടിയാകും. പക്ഷേ, യഥാര്‍ഥ ജീവിതത്തില്‍ ഒരു ശുദ്ധാത്മാവായിരുന്നു. വെണ്മയുള്ള ചിരി. പ്രസാദാത്മകമായ പെരുമാറ്റം. സൗഹൃദവായ്പ്.

'ആയുസ്സിന്റെ പുസ്തകം' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി വന്നുകൊണ്ടിരിക്കെ (1983 ഏപ്രില്‍ ആദ്യവാരം തൊട്ട്) ഒരു കൂടിക്കാഴ്ചയില്‍ ബാലേട്ടന്‍ പറഞ്ഞു: ''അത് സിനിമയാകുമ്പോ പൗലോയുടെ റോള്‍ ഞാനഭിനയിക്കും.''

കോഴിക്കോടന്‍ സുഹൃദ്സദസ്സിലേവരും രവീന്ദ്രനും പവിത്രനും താജും ബാബു ഭരദ്വാജുമൊക്കെ, നോവല്‍ വായിക്കുന്നുണ്ടായിരുന്നു. ബാലേട്ടന്‍ ഓരോ ലക്കവും പിന്തുടരുകമാത്രമല്ല അതിന്റെ ചലച്ചിത്ര സാധ്യതകൂടി മുന്നില്‍ക്കണ്ടു. അതൊരു വിസ്മയാനുഭവമായി എന്നെ സംബന്ധിച്ച്.

ബാലേട്ടന്‍ ആയിടെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പലവിധ ഞെരുക്കങ്ങള്‍ക്കിടയില്‍ സംവിധാനം ചെയ്ത് പൂര്‍ത്തിയാക്കിയിരുന്നു. പേരിട്ടിരുന്നില്ല. മൂന്നു പേരുകളുണ്ട് മനസ്സില്‍. അവ ഉരുവിട്ടതിനുശേഷം ഏതാണ് ഏറ്റവും ഉചിതമെന്ന് എന്നോടു ചോദിച്ചു. എനിക്ക് ഒട്ടും ആലോചിക്കേണ്ടി വന്നില്ല. ''അന്യരുടെ ഭൂമി'' - ഞാന്‍ പറഞ്ഞു.

''അതുതന്നെയാണ് ഞാനും കണ്ടത്.'' ബാലേട്ടന്‍ ആ പേര് ചിത്രത്തിന് ഉറപ്പിച്ചത് ഒരുപക്ഷേ, എന്റെകൂടി അഭിപ്രായം മാനിച്ചാവാം.

മാമുക്കോയ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു 'അന്യരുടെ ഭൂമി'. ചരിത്രപരമായി അങ്ങനെയൊരു സാംഗത്യമുള്ള ചിത്രം എങ്ങുമെത്തിയില്ല. അപ്പോഴേക്കും ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളുടെ കാലം ഏതാണ്ട് കഴിഞ്ഞിരുന്നു. നെഗറ്റീവ് എന്നോ നഷ്ടപ്പെട്ടിരിക്കണം. ഒരു നാള്‍ ബാലേട്ടനെയും നഗരത്തിന് നഷ്ടമായി. ടൗണ്‍ഹാളില്‍ വര്‍ഷംതോറും നടക്കുമായിരുന്ന അനുസ്മരണ ചടങ്ങുകളിലൊന്നില്‍ പങ്കെടുത്ത് സംസാരിക്കാന്‍ എനിക്കുമുണ്ടായി നിയോഗം.

വേര്‍പിരിഞ്ഞുപോയ പ്രിയപ്പെട്ട മറ്റൊരാള്‍ രവീന്ദ്രനാണ്. കണ്ണാടിക്കലില്‍നിന്ന് കോഴിക്കോട്ടേക്ക് വന്ന് ഇടത്താവളമായ 'സൈക്കോ'യുടെ ഓഫീസില്‍ തങ്ങി. അകലങ്ങളിലെ മനുഷ്യരെത്തേടി സുനിശ്ചിതമല്ലാത്ത യാത്രപോവുകയും അനുഭവസഞ്ചയവുമായി തിരിച്ചെത്തുകയും ചെയ്തിരുന്ന രവിയെ ബാല്യംതൊട്ടേ നഗരത്തിന് അറിയാം. മലബാര്‍ ക്രിസ്ത്യന്‍ സ്‌കൂളിലും അതേ മാനേജ്മെന്റിന്റെ കലാലയത്തിലുമാണ് പഠിച്ചത്. പിന്നെ ബോംബെയിലേക്കുപോയി പത്രപ്രവര്‍ത്തനത്തില്‍ ഡിപ്ലോമയുമായി തിരികെവന്നു. 'സൈക്കോ' പത്രാധിപരായ ചെലവൂര്‍ വേണു നേതൃത്വം നല്‍കിയ കൂട്ടായ്മയില്‍ അംഗമായി. അതിലെ മറ്റൊരംഗമായിരുന്ന പി.എ. ബക്കറിന്റെ 'കബനീനദി ചുവന്നപ്പോള്‍' എന്ന അവാങ്ഗാദ് ചിത്രത്തില്‍ ഒരു വേഷം ചെയ്തു. പിന്നീട് സംവിധായകനായി 'ഹരിജന്‍', 'ഇനിയും മരിച്ചിട്ടില്ലാത്ത ഞങ്ങള്‍', 'ഒരേ തൂവല്‍ പക്ഷികള്‍' എന്നീ രചനകള്‍ സാക്ഷാത്കരിച്ചു. തെലങ്കാനയിലേക്കും രാജമേന്ധ്രിയിലേക്കും ദിഗാരുവിലേക്കും കാമാഖ്യയിലേക്കും ബുദ്ധഗയയിലേക്കും പോയി. സ്വിറ്റ്സര്‍ലന്‍ഡും വെനീസും റോമും ഫ്രാന്‍സും റഷ്യയും ലണ്ടനും കണ്ടു. വേനലിലൂടെയും ശീതകാലത്തിലൂടെയും മഴയിലൂടെയുമുള്ള നിരന്തരയാത്രകള്‍. സമുന്മിഷിത ഹൃദയത്തോടെയുള്ള തിരിച്ചെത്തലുകള്‍. ഓരോ തിരിച്ചെത്തലും കോഴിക്കോടിന് ആഘോഷമായിരുന്നു. യാത്രികന്റെ തോള്‍മാറാപ്പില്‍ മഹുവയോ, മറ്റെന്തെങ്കിലുമൊക്കെയോ കാണാതിരിക്കില്ല. പറയാന്‍ നാവിന്‍തുമ്പില്‍ നൂറുനൂറു കഥകളും.

രവീന്ദ്രനെ ചിന്തകനെന്ന് പറഞ്ഞുതുടങ്ങിയത് അരവിന്ദനാണ്. നേരമ്പോക്കുകള്‍ പറഞ്ഞും ആസ്വദിച്ചും തെളിഞ്ഞ് ചിരിച്ചും ചങ്ങാത്തം കൂടുമായിരുന്ന രവി എഴുതാനിരിക്കുമ്പോള്‍ എല്ലായിപ്പോഴും ഒരു ചിന്തകന്റെ ധ്യാനനിഷ്ഠ പുലര്‍ത്തുമായിരുന്നു. ഞാനത് ആരാധനാപൂര്‍വം നോക്കിനിന്നിട്ടുണ്ട്. ഒടുവില്‍ എന്നെയെന്നപോലെ, ഒരുപാടുപേരെ സങ്കടപ്പെടുത്തിക്കൊണ്ട്, രവിയും പോയ്മറഞ്ഞു. (2011 ജൂലായ് നാല്).

ഇപ്പോള്‍, പാളയത്തൂടെയും മാനാഞ്ചിറയ്ക്കരികിലൂടെയും മാവൂര്‍ റോഡിലൂടെയും കടല്‍ത്തീരത്തൂടെയും ചെറൂട്ടി റോഡിലൂടെയുമൊക്കെ കടന്നുപോകവേ, വ്യാകുലമായൊരു നെടുവീര്‍പ്പ് ഞാന്‍ കേള്‍ക്കാറുണ്ട്. നഗരത്തിന്റേതാണ്. നെഞ്ചോട് ചേര്‍ത്തുനിര്‍ത്തിയ എത്രയോപേരെ എന്നന്നേക്കുമായി നഷ്ടപ്പെട്ടല്ലോ. അതുല്യരേഖാചിത്രകാരനായ എ.എസിനെപ്പോലൊരാളെ ചെറൂട്ടി റോഡിലെ ഓഫീസിനുതാഴെ ന്യൂസ്പ്രിന്റ് കെട്ടുകള്‍ക്കടുത്തായി ഹൃദയതാളം നിലച്ചുകിടക്കുന്നത് കാണേണ്ടിവന്നല്ലോ. വിരുന്നുകാരായി എത്തിയ പദ്മരാജനെയും ജോണ്‍ എബ്രഹാമിനെയും രാമചന്ദ്രബാബുവിനെയും ജീവന്‍ വെടിഞ്ഞ ശരീരങ്ങളായി യാത്രയാക്കേണ്ടിവന്നല്ലോ. നഗരത്തിന്റെ നോവറിഞ്ഞുകൊണ്ട് ഞാന്‍ പാതകളിലൂടെ നീങ്ങുന്നു.

എത്രയെത്രയോപേര്‍ അന്തിയുറങ്ങിക്കടന്നുപോയ മഹാസത്രത്തിന്റെ വാതില്‍ ഇപ്പോഴും തുറന്നുകിടക്കുന്നു.

Content Highlights: Writer CV Balakrishnan Kozhikode memory

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Wrestlers

1 min

ചെങ്കോലിനെക്കാളും പൊന്‍കിരീടത്തെക്കാളും വിലപ്പെട്ടവയാണ് നാടിന്റെ പെണ്‍മക്കള്‍

Jun 2, 2023


കമലാസുരയ്യ, ജയ്സൂര്യദാസ്

2 min

സ്‌നേഹിക്കാനേ അമ്മയ്ക്കറിയുമായിരുന്നുള്ളൂ, ആവോളം സ്‌നേഹിച്ചു- മാധവിക്കുട്ടിയുടെ മകന്‍ ജയ്സൂര്യ ദാസ്

Jun 1, 2023


Madhavikutty

4 min

മറ്റുള്ളവരെ പേടിച്ച് പ്രണയത്തെ അടക്കിവെക്കരുത്, എന്റെ ശവക്കുഴിയില്‍ പൂവിട്ടിട്ട് കാര്യമില്ല!

May 31, 2023

Most Commented