'വരാനിരിക്കുന്ന നിരൂപകര്‍ മുകുന്ദന്‍കഥകളിലെ ഉള്ളടക്കമല്ല, രൂപപരമായ വിശേഷങ്ങളിലാവും ശ്രദ്ധ കൊടുക്കുക'


വി.സി ശ്രീജന്‍

ഉള്ളടക്കം നോക്കി കഥകളെ വിലയിരുത്തുക എന്നതല്ലാതെ മറ്റൊരു രീതി നിലവിലുണ്ടായിരുന്നില്ല. മാര്‍ക്‌സിസം ഉപയോഗിച്ച് സാഹിത്യനിരൂപണം ചെയ്യുകയായിരുന്നു എന്റെ രീതി. ലോകം നന്നാക്കാനാണ് മാര്‍ക്‌സിസം ഉപയോഗപ്പെടുക.

വി.സി ശ്രീജൻ, എം. മുകുന്ദൻ

എം. മുകുന്ദന്റെ കഥാവര്‍ഷങ്ങളെക്കുറിച്ച് മുതിര്‍ന്ന നിരൂപകന്‍ വി.സി ശ്രീജന്‍ എഴുതുന്നു.

എം മുകുന്ദന്റെ കഥകള്‍ വായിച്ചുതുടങ്ങിയിട്ട് ഏകദേശം അഞ്ചു പതിറ്റാണ്ടാവുന്നു. ഇക്കാലത്തില്‍ മുകുന്ദന്‍ നിരന്തരം മാറുകയും നിരന്തരം പുതുക്കുകയും ചെയ്തുകൊണ്ടിരുന്നു. നീണ്ട കാലയളവില്‍ ഒട്ടുംമാറാതെ ഒരേ രീതിയില്‍ എഴുതിക്കൊണ്ടേയിരിക്കുന്നവരാണ് മഹാന്മാരായ എഴുത്തുകാര്‍. അവരുടെ കലാജീവിതത്തെ വായനക്കാര്‍ പലവിധ ഘട്ടങ്ങളായും അടുക്കുകളായുമെല്ലാം തരം തിരിച്ചുവെക്കുമെങ്കിലും അവയെല്ലാം ചെറിയ പടവുകള്‍ മാത്രമാണ്. മാറ്റം എത്ര സ്പഷ്ടമാണെങ്കിലും ആദ്യകാലങ്ങളില്‍ എഴുതിയ രചനകള്‍ ആരും പാടേ തള്ളിക്കളയുകയില്ല. മുകുന്ദനെയും മറ്റു എഴുത്തുകാരെയും ഞങ്ങളുടെ തലമുറ വായിച്ചത് എന്തെങ്കിലും ഉദ്ദേശ്യം ഉള്ളില്‍ വെച്ചായിരുന്നില്ല. മലയാളസാഹിത്യകൃതികള്‍ ഞാന്‍ ക്ലാസില്‍ ഇരുന്നു പഠിച്ചിട്ടില്ല. സാഹിത്യം പഠിച്ച് ഗവേഷണബിരുദം നേടുക എന്ന ലക്ഷ്യവും എനിക്കുണ്ടായിരുന്നില്ല. നിരൂപകന്‍ ആയതു പോലും അറിയാതെ എങ്ങനെയോ ആ ചാലില്‍ വീണ് ഒഴുകിത്തുടങ്ങിയതിനാലാണ്. സാഹിത്യകൃതികള്‍ പഠിക്കുക, അവയുടെ രാഷ്ട്രീയം നോക്കി വിലയിരുത്തുക, അതില്‍ തന്നെ ഉള്ളടക്കത്തില്‍ പരമാവധി ശ്രദ്ധിക്കുക ഇങ്ങനെയായിരുന്നു പലരെയും പോലെ എന്റെ വായനയും. ആകാശത്തില്‍നിന്ന് പൊട്ടിവീണതുപോലെ പ്രത്യക്ഷപ്പെട്ട ആധുനികസാഹിത്യത്തെ വിശകലനം ചെയ്യാനുള്ള ത്രാണിയോ പരിശീലനമോ അന്നത്തെ വായനക്കാര്‍ക്ക് ഉണ്ടായിരുന്നില്ല. തികച്ചും വൈയക്തികമായ ബിംബങ്ങള്‍ എങ്ങനെ മനസ്സിലാക്കുമെന്ന ആധിയും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. എത്ര മൗലികത്വമുള്ള നിരൂപകനായാലും ആദ്യം മറ്റാരെങ്കിലും വല്ലതും പറഞ്ഞുവെച്ചാലേ അയാള്‍ക്ക് പറയാനോ എഴുതാനോ കഴിയൂ.

മുകുന്ദന്‍ രചനകളെയും ഞങ്ങള്‍ സമീപിച്ചത് അവയുടെ ഉള്ളടക്കത്തെ മുന്‍നിര്‍ത്തിയാണ്. അതുവരെ സമൂഹം ഉയര്‍ത്തിപ്പിടിക്കുകയും കൊണ്ടുനടക്കുകയും ചെയ്ത മൂല്യങ്ങള്‍ സത്യത്തില്‍ മനസ്സില്‍ പതിഞ്ഞുപോയ ശീലങ്ങള്‍ മാത്രമാണെന്നും പരിസരങ്ങളില്‍നിന്നു മാറ്റി അവയെപ്പറ്റി ചിന്തിച്ചാല്‍ അതില്‍ അത്ര വിറളിപിടിക്കാന്‍ മാത്രം ഒന്നുമില്ലെന്നും മനസ്സിലായി. ഭര്‍ത്താവില്ലാതെ ഗര്‍ഭിണിയായ ഒരുവളെ വിവാഹം ചെയ്യുന്നതില്‍ വലിയ കാര്യമൊന്നും ഇല്ലെന്നു മനസ്സിലാവും. സാഹിത്യകൃതികള്‍ വായിച്ചതില്‍നിന്നു വിഭിന്നമായ മറ്റൊരു രീതിയില്‍ വായിച്ചാല്‍ ആദ്യം അനുഭവപ്പെട്ട പല ഷോക്കുകളും മയപ്പെട്ടുവരും. ടോള്‍സ്റ്റോയിയുടെ കുതിരയെപ്പോലെ ചിന്തിച്ചാല്‍ മനുഷ്യന്‍ എന്ന സംവിധാനം തന്നെ തകര്‍ന്നുപോകും. കുതിര എന്റെ വാല്‍ എന്നുപറഞ്ഞാല്‍ അതിനു മനസ്സിലാവും. എന്നാല്‍ അതേ വ്യാകരണംവെച്ച് ഒരു മനുഷ്യന്‍ എന്റെ വീട് എന്നു പറയുന്നതു മനസ്സിലാക്കാന്‍ അതിനു കഴിയാതാവും. ആധുനികകൃതികളില്‍ കാല്പനികപ്രണയം ഇല്ലായിരുന്നു. ആധുനികതയുടെ വരവിനും വളരെ മുമ്പുതന്നെ കാല്പനികപ്രണയം നിസ്സാരമാണ് എന്ന് എനിക്കു തോന്നിയിരുന്നു.

ചങ്ങമ്പുഴയുടെ രമണന്‍ അതിന്റെ സംഗീതത്തെ പാടേ അവഗണിച്ചുകൊണ്ട് വായിച്ച എനിക്കും കാല്പനികപ്രണയം നിരര്‍ത്ഥകമാണ് എന്നു തോന്നിയിരുന്നു. പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പെ മികച്ച കൃതികള്‍ വായിച്ചതുകൊണ്ട് ഉണ്ടായ കുഴപ്പമാകാം. ഒരു കൊല്ലം നീ സ്വന്തം ഭാര്യയില്‍നിന്ന് അകന്നു ജീവിക്കുക എന്ന ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്ന യക്ഷന് തോന്നിയ ദുഃഖം എന്തിനെന്ന്‌ എനിക്കു മനസ്സിലായതേ ഇല്ല. കുട്ടിയായ ഞാന്‍ കുടുംബാംഗങ്ങളെ ഓരോരുത്തരായി ഭാവനയില്‍ കുറവുചെയ്തുകൊണ്ട് വല്ല ദുഃഖവും തോന്നുന്നുണ്ടോ എന്ന് പരീക്ഷിച്ചു നോക്കി. ഒന്നുമില്ല. എനിക്ക് അവനെ കിട്ടിയേതീരൂ എന്നു ശഠിച്ച് തൂങ്ങിമരിക്കുന്നത് വലിയ അബദ്ധം എന്നായിരുന്നു എന്റെ കണ്ടെത്തല്‍. അതു മാത്രമല്ല, ഈ ലോകത്തില്‍ ആര്‍ക്കും ആരെയും വിവാഹം ചെയ്യാം എന്നും ഇന്നവന്‍ ഇന്നവള്‍ എന്ന വിവേചനം ബുദ്ധിയല്ലെന്നും ഉള്ള ഒരു സിദ്ധാന്തവും അക്കാലത്ത് ഞാന്‍ നിര്‍മ്മിക്കുകയുണ്ടായി. പ്രേമംകൊണ്ട് ഒളിച്ചോടുന്നതും അതേ പ്രേമംകൊണ്ട് തൂങ്ങിമരിക്കുന്നതും ഒരു പോലെ പരിഹാസ്യമായി തോന്നി.

പ്രേമനൈരാശ്യംകൊണ്ടു തൂങ്ങിച്ചാകാന്‍ പുറപ്പെട്ട ഒരുവനെ പിടിച്ചു താഴെയിറക്കി വേലിപ്പത്തല്‍കൊണ്ടു അടിച്ചുകൊന്നു എന്ന കുഞ്ഞുണ്ണിക്കവിത എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഈ സമീപനത്തിന് ഇണങ്ങിയ കഥാപാത്രങ്ങളെ മുകുന്ദന്റെ കഥകളിലും കണ്ടെത്തിയെന്നാണ് എന്റെ ഓര്‍മ്മ. ദാസന്റെയും ചന്ദ്രികയുടെയും കഥ വിഭിന്നമാകാം, അത് പഴയ പാരമ്പര്യത്തില്‍ പെട്ടതാകാം. വളരെ പ്രശസ്തരും സമ്പന്നരുമായ വക്കീല്‍-ഡോക്ടര്‍ ദമ്പതിമാരുടെ സുന്ദരിയായ മകള്‍ അവളെക്കാള്‍ സുന്ദരനായ ദരിദ്രയുവാവിനെ പ്രണയിച്ച് ഒളിച്ചോടിയ സംഭവം ഒരിക്കല്‍ കേട്ടു. കുറേക്കാലത്തിനു ശേഷം യാദൃച്ഛികമായി മകള്‍ അമ്മയെ കാണാനിടയായി. ഞാന്‍ വീട്ടിലോട്ടു വരട്ടേ അമ്മേ എന്ന് മകള്‍. വേണ്ട, നീ വീടു വിട്ട് പോയതല്ലേ അവിടെതന്നെ താമസിക്കൂ എന്ന് അമ്മയും. അവരാണ് എന്റെ മനസ്സിലെ ധീരദമ്പതികള്‍.

അന്ന് വായനക്കാര്‍ നമ്മുടെ രാഷ്ട്രീയത്തിന്റെയും സദാചാരത്തിന്റെയും അളവുപാത്രങ്ങള്‍കൊണ്ട് കഥകളെ അളന്നുനോക്കുകയും തരം പോലെ അവ സ്വീകരിക്കുകയും തള്ളിക്കളയുകയും ചെയ്തുപോന്നു. നമ്മുടെ സ്ഥിരംശൈലിയില്‍ കഥകളുടെയും നോവലുകളുടെയും പ്രത്യക്ഷരാഷ്ട്രീയം വെച്ചു ഞങ്ങളും അവയെ വിലയിരുത്തി. ഉള്ളടക്കം നോക്കി കഥകളെ വിലയിരുത്തുക എന്നതല്ലാതെ മറ്റൊരു രീതി നിലവിലുണ്ടായിരുന്നില്ല. മാര്‍ക്‌സിസം ഉപയോഗിച്ച് സാഹിത്യനിരൂപണം ചെയ്യുകയായിരുന്നു എന്റെ രീതി. ലോകം നന്നാക്കാനാണ് മാര്‍ക്‌സിസം ഉപയോഗപ്പെടുക. എന്നാല്‍ ഞാന്‍ പറയുന്നതാണ് ശരി എന്ന ശാഠ്യം അതില്‍ വേഗം പ്രത്യക്ഷപ്പെടും. സാമ്പത്തിക വര്‍ഗസംഘട്ടനങ്ങളെ മാര്‍ക്‌സിസം അംഗീകരിക്കുന്നതിനാല്‍ വ്യക്തികള്‍ തമ്മിലെ സംഘട്ടനങ്ങളും അതില്‍ സ്വീകരിക്കപ്പെടും. സ്വന്തം ജീവിതം സമൂഹത്തിനായി ത്യജിച്ച പാര്‍ട്ടിപ്രവര്‍ത്തകര്‍ നേതാവിന്റെ കീഴില്‍ അമര്‍ന്നുപോകുന്നത് കാണേണ്ടിവരും. കമ്മ്യൂണിസം എല്ലായിടത്തും ഭദ്രം, ബാക്കിയെല്ലാം മുതലാളിത്ത പ്രചാരവേല എന്നായിരുന്നു പലരുടെയും വിശ്വാസം. വി. രാജകൃഷ്ണനും മറ്റും കമ്മ്യൂണിസത്തിന്റെ ഭീകരമുഖം തുറന്നു കാട്ടുന്നുണ്ടായിരുന്നു. പിന്നെ രേഖകളുടെ വരവായി. ഉരുള്‍പൊട്ടിയതുപോലെ അവ നീങ്ങിവന്നു.

വരാനിരിക്കുന്ന നിരൂപകര്‍ മുകുന്ദന്‍ കഥകളിലെ ഉള്ളടക്കത്തെയല്ല, അവയുടെ രൂപപരമായ വിശേഷങ്ങളിലാവും കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുക എന്ന് എനിക്കു തോന്നുന്നു. ഇതിനു സഹായകമായ ചില സൂചനകള്‍ തന്റെ കഥകളില്‍ മുകുന്ദന്‍ ഇട്ടേച്ചു പോയിട്ടുണ്ട്. അതുവരെ ദുര്‍ഗ്രഹകഥകള്‍ എഴുതിയ ഒരാള്‍ പെട്ടെന്നൊരു ദിനം ലളിതമായ കഥകള്‍ എഴുതുക. അതുവരെ ഗുണപാഠങ്ങളില്‍ വിശ്വസിക്കാത്ത ഒരാള്‍ സമൂഹത്തിന്റെ ധാര്‍മ്മികമനഃസാക്ഷിയെ കുലുക്കിയുണര്‍ത്തും വിധം നീതികഥകള്‍ എഴുതുക. അതുവരെ നന്നായി പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ത്ഥി ഒരു ദിവസം എല്ലാം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്കും പിന്നെ രാഷ്ട്രീയവും കളഞ്ഞ് പ്രണയത്തിന്റെ വിദൂരചക്രവാളങ്ങളിലേക്കും നീങ്ങുക- ഇത്തരം വഴിമാറ്റങ്ങള്‍ മുകുന്ദന്‍ കഥകളില്‍ കാണാം. അവയുടെ പൊതുസങ്കേതങ്ങളില്‍ പല കഥകളെയും ഒതുക്കുകയുമാവാം.

നിത്യജീവിതത്തില്‍ കടന്നുവന്നേക്കാവുന്ന അഗാധമായ പ്രതിസന്ധികളും ദുരൂഹസമസ്യകളും അതാതിടങ്ങളില്‍ ഇരിക്കട്ടെ, തത്കാലം നമുക്ക് അവയെ അങ്ങോട്ടു ചെന്ന് ഉപദ്രവിക്കേണ്ട. പകരം ജീവിതത്തിലെ അതിസാധാരണമായ ചെറിയ കാര്യങ്ങള്‍ എടുക്കുക. ഉണരുന്നു, പല്ലു തേക്കുന്നു, കുളിക്കുന്നു, തിന്നുന്നു, കുടിക്കുന്നു-ഇമ്മാതിരി ചെറിയകാര്യങ്ങള്‍ ഒരിക്കല്‍ മാത്രം പറഞ്ഞു അതുവിട്ടാല്‍ അതില്‍ വായനക്കാര്‍ വിശേഷമൊന്നും കാണുകയില്ല. എന്നാല്‍ ഇതേ കൊച്ചു കാര്യങ്ങള്‍ പിന്നെയും പിന്നെയും ആവര്‍ത്തിച്ചാല്‍, അത് കഥാലോകം യഥാര്‍ത്ഥലോകത്തിനെതിരെ ചെയ്യുന്ന ആഭിചാരക്രിയയായി മാറുന്നതാണ്. മുകുന്ദന്റെ ആദ്യകാലകഥകളിലെയും നോവലുകളിലെയും ആവര്‍ത്തനങ്ങള്‍ നിഗൂഢമായ ശക്തികളെ ആവാഹിക്കുന്ന ശാപോക്തികളായി മാറിയത് സൂക്ഷിച്ചുനോക്കിയാല്‍ ആര്‍ക്കും കാണാം. സന്ദര്‍ഭങ്ങളില്‍നിന്ന് അടര്‍ത്തിമാറ്റി നിരൂപകന്‍ അവയെ ഒന്നു സാമാന്യവത്കരിക്കുകയേ വേണ്ടൂ. 'പിതാവ് മുകുന്ദന്റെ കഥകളില്‍,' 'സഹോദരി മുകുന്ദന്റെ കഥകളില്‍,' 'കുടുംബം ആധുനിക കഥകളില്‍' തുടങ്ങിയ പതിവു വിഷയങ്ങള്‍ വിട്ട് പുതുഗവേഷകര്‍ക്ക് ഇങ്ങോട്ടേക്കും വരാം.

മുകുന്ദന്റെ കഥകള്‍ പലതും മയ്യഴിയുടെ കഥകള്‍ കൂടിയാണ്. 10 ചതുരശ്രകിലോമീറ്റര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ഈ ചെറിയ സ്ഥലം എനിക്കും ചെറുപ്പത്തിലേ അറിയാം. മദ്യം നിരോധിക്കുന്ന നിയമങ്ങള്‍ ഇല്ലാത്തതിനാല്‍ മദ്യപരുടെ സ്വര്‍ഗം എന്നു വിളിക്കാവുന്ന ഈ ചെറിയ ദേശം, മുഴുവന്‍ കേരളത്തെയും ചെറുത്തുനിന്ന് വെല്ലുവിളിച്ച കാര്യം ഒരിക്കല്‍ കഥാകൃത്ത് എന്‍. പ്രഭാകരന്‍ പറയുകയുണ്ടായി. എ. കെ. ആന്റണി സര്‍ക്കാര്‍ ചാരായം നിരോധിച്ചതിനു ശേഷം വടക്കെങ്ങോ ഉള്ള, ഇടയ്ക്ക് അല്പം മദ്യം അകത്താക്കുന്ന ഒരു തൊഴിലാളിയുവാവിനെ നാട്ടില്‍നിന്ന് കാണാതായി. ബന്ധുക്കള്‍ പലവഴിക്കും അന്വേഷിച്ച് നിരാശയോടെ മടങ്ങി. ഇവന് അല്പം അകത്താക്കുന്ന ശീലമുണ്ടല്ലോ എന്ന് ഓര്‍ത്ത് അവന്റെ അമ്മാവന്‍ മയ്യഴിയില്‍ കൂടി നോക്കിയേക്കാം എന്നു വിചാരിച്ച് അങ്ങോട്ടു ചെന്നു. മയ്യഴിയില്‍ ഒരിടത്തും കാണുന്നില്ല. അവസാനം കണ്ടെത്തി. ഒരു ഓവില്‍ ബോധമില്ലാതെ കിടക്കുകയാണ് യുവാവ്. മരുമകനെ തട്ടിയുണര്‍ത്തി വരൂ, നാട്ടിലേക്കു പോകാം എന്നു അമ്മാവന്‍. ഇഴഞ്ഞ സ്വരത്തില്‍ മരുമകന്റെ മറുപടി: 'ഇല്ലാ, ഞാന്‍ വരില്ലാ, ഇനി ഞാന്‍ കേരളത്തിലേക്കില്ലാ.' എന്റെ കൂട്ടുകാര്‍ പറഞ്ഞ ഒരു വിദ്യയും ഉണ്ട്. അഴിയൂരില്‍ ചെന്ന് മദ്യപിച്ച് കേരള പോലീസിനെ കോക്രി കാണിക്കുക. കേരള പോലീസ് പിടിക്കാന്‍ വരുമ്പോള്‍ ഓടി അതിര്‍ത്തി കടന്ന് മയ്യഴിയില്‍ പോയി നില്ക്കുക. ആര്‍ക്കും ഒന്നും ചെയ്യാനാവില്ല. അത്രയ്ക്കാണത്രേ ഫ്രഞ്ച്‌ നിയമത്തിന്റെ ശക്തി

മയ്യഴി പള്ളിയുടെ മുന്നിലൂടെ വടക്കോട്ടും തെക്കോട്ടും പോകുമ്പോള്‍ പള്ളിയ്ക്കു മുന്നില്‍ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്ന ഫ്രഞ്ച് സ്‌കൂള്‍, എക്കോള്‍ സെന്ത്രാല്‍ കാണും. അതിലെ കുട്ടികളുടെ ഫ്രഞ്ച് കലപില എന്നെ അസൂയപ്പെടുത്തുമായിരുന്നു. കൂടെ പഠിച്ച ഒ.ടി. ദയാനന്ദന്‍ ഫ്രഞ്ച് സ്‌കൂള്‍ വിട്ട് കേരളത്തിലേക്കു വന്നതാണെന്നു കേട്ടു ഞാന്‍ അതിശയിച്ചു. ഫ്രഞ്ച് വേണ്ടെന്നു വെക്കുകയോ! 'എന്തുന്നാടാ ആ ബേ സേ ദേ-ന്നോ-' എന്ന് ദയാനന്ദന്റെ ന്യായം. 'പാവങ്ങള്‍' വായിക്കുമ്പോള്‍ ഫ്രഞ്ച് ഉച്ചാരണം വേറെയാണെന്നറിഞ്ഞു. അതിനു മുമ്പേ ഞാന്‍ 'നോത്ര്ദാമിലെ കൂനന്‍' വായിക്കാന്‍ ശ്രമിച്ചിരുന്നു, ശരിക്കും വായിച്ചില്ല, അതിനുള്ള പ്രായം ആയിരുന്നില്ല. നോത്ര്ദാം ഒരു സ്ഥലം എന്നേ വിചാരിച്ചുള്ളൂ. പിന്നീട് മാഹി കോളേജില്‍വെച്ച് പെരുമാള്‍ ലക്ചററുടെ ഫ്രഞ്ച് സായാഹ്നക്ലാസ്സില്‍ ഞാന്‍ കുറച്ചു കാലം പഠിച്ചു. നോത്രിന്റെ ഉപയോഗം വന്നപ്പോള്‍ മുമ്പ് വായിച്ച നോത്ര് ദാം 'നമ്മുടെ ലേഡി,' 'കന്യാമറിയം' ആണെന്ന് മനസ്സിലായി. അതാ, മറ്റൊരു 'മാന്‍മാര്‍ക്ക് കുട.'

മയ്യഴി കാരണം ജോലി പോയ ദുഃഖകഥയും കേട്ടിട്ടുണ്ട്. ഒരു മുക്കാളിക്കാരന്‍ ഇന്റര്‍വ്യൂവിനു പോയി.
എവിടെനിന്നാണ് വരുന്നത്?
മുക്കാളി
എവിടെയാണ് മുക്കാളി?
ഉത്തരം രണ്ടു വിധത്തില്‍ പറയാം. വടകരയ്ക്കു അഞ്ചുമൈല്‍ വടക്കെന്നു പറയാം അല്ലെങ്കില്‍ മാഹിക്ക് രണ്ടു മൈല്‍ തെക്കെന്നു പറയാം.
നിര്‍ഭാഗ്യവാന്‍ 'മാഹിക്ക് തെക്ക് 'എന്നു ഉത്തരം പറഞ്ഞു.
മാഹിയില്‍ ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റര്‍ ആരാണ്?
അറിയില്ല.
ഫ്രഞ്ച് അറിയാമോ?
അറിയാം.
അടുത്ത ചോദ്യം ഫ്രഞ്ചിലായിരുന്നു.
ഫ്രഞ്ചറിയാത്ത നിര്‍ഭാഗ്യവാന്‍ നിശ്ശബ്ദം, അടുത്ത നിമിഷം ഔട്ട്.
പകരം 'വടകരയ്ക്കു വടക്ക്' എന്നു ഉത്തരം പറഞ്ഞിരുന്നെങ്കില്‍ അടുത്ത ചോദ്യം 'ആരാണ് തച്ചോളി ഒതേനന്‍' എന്നാകുമായിരുന്നു. ചിലപ്പോള്‍ ജോലിയും കിട്ടിയേനെ.
മുകുന്ദന് ആശംസകള്‍.

Content Highlights: M.Mukundan, V.C Sreejan, Modernism


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented