ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
ചന്ദനത്തിന്റെയും കളഭത്തിന്റെയും സുഗന്ധം ചാലിച്ചതാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഭക്തിഗാനങ്ങള്‍. ഇങ്ങനെ പറഞ്ഞത് പ്രശസ്ത ഗാനരചയിതാവ് പി. ഭാസ്കരനാണ്. ഇതിന് ചൊവ്വല്ലൂരിന്റെ മറുപടി ഇങ്ങനെയായിരുന്നു 'ഗുരുവായൂരപ്പന് വരികള്‍ പറയുന്നു... ഞാനത് എഴുതിയെടുക്കുന്നു...'
മൂന്നരപ്പതിറ്റാണ്ടുമുമ്പ് പിറന്ന 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ' എന്ന ഗാനത്തിന് പി. ഭാസ്കരന് അടക്കമുള്ള കവികളുടെ പ്രശംസ പിടിച്ചുപറ്റിയതാണ്. ഈയൊരു ഗാനം വെറുതെയൊന്നു കേട്ടാല്‍ മതി ഗുരുവായൂരപ്പനെ നേരിട്ടുകണ്ടതുപോലെയാണെന്ന് ലോകത്തെവിടെയുമുള്ള ഭക്തര്‍ വിശ്വസിക്കുന്നു.
1982ല്‍ ആണ് ആ ഗാനം പിറന്നത്. ഗുരുവായൂര്‍ ഉത്സവക്കാലമായിരുന്നു അത്. ഗുരുവായൂരില്‍ ഭക്തിഗാനമേള അവതരിപ്പിക്കാന്‍ വന്ന സംഗീതജ്ഞന് ടി.എസ്. രാധാകൃഷ്ണന് ക്ഷേത്രനടയില്‍വെച്ച് ചൊവ്വല്ലൂരിനെ കണ്ടു. ഒരു പാട്ടെഴുതിത്തന്നാല്‍ ഈണമിട്ട് രാത്രിയിലെ ഭക്തിഗാനമേളയില് പാടാമെന്ന് ടി.എസ്. വെറുതെയൊന്ന് പറഞ്ഞതാണ്. രണ്ടുമണിക്കൂര്‍കൊണ്ട് പാട്ടായി. അതാണ് പിന്നീട് പ്രശസ്തമായ 'ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിന് ദിവ്യരൂപം...' എന്ന ഗാനം. 'ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന് മുരളിപൊഴിക്കുന്ന ഗാനാലാപം' എന്നെഴുതിയപ്പോഴേക്കും ചൊവ്വല്ലൂരിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത്രേ.
കൈവെച്ച മേഖലകളിലൊക്കെ സര്‍ഗവൈഭവത്തിന്റെ സുഗന്ധം പരത്തിയ പ്രതിഭയാണ് ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി. സാഹിത്യം, സംഗീതം, കല, സിനിമ, നാടകം, ക്ഷേത്രാനുഷ്ഠാനം എന്നിങ്ങനെ ചേക്കേറാന്‍ ഒരു പ്രത്യേക ശാഖയെന്നൊന്നില്ലായിരുന്നു അദ്ദേഹത്തിന്. അതുകൊണ്ടുതന്നെ വലിയ സൗഹൃദവലയങ്ങള്‍ അദ്ദേഹത്തിനുണ്ടായി. ചെമ്പൈ വൈദ്യനാഥഭാഗവതര്‍, ജോസഫ് മുണ്ടശ്ശേരി, സി. അച്യുതമേനോന്, പി. കുഞ്ഞിരാമന് നായര്‍, സലീല്‍ ചൗധരി, പ്രേംനസീര്‍, ജോണ്‍ എബ്രഹാം, തൃത്താല കേശവപ്പൊതുവാള്‍, കോട്ടയ്ക്കല്‍ ശിവരാമന്, യേശുദാസ്... അങ്ങനെ നീളുന്നു ബന്ധങ്ങളുടെ നിര.
കുട്ടികൃഷ്ണമാരാരുടെയും ഒളപ്പമണ്ണയുടെയും രാമു കാര്യാട്ടിന്റെയും എം.ആര്.ബി.യുടെയും കൂടെയുള്ള യാത്രകള്‍ തനിക്ക് വലിയ അനുഭവസമ്പത്തുണ്ടാക്കിയിട്ടുണ്ടെന്ന് ചൊവ്വല്ലൂര്‍ ആത്മകഥാക്കുറിപ്പില്‍ ചേര്‍ത്തിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..