ഈഫല്‍ പറഞ്ഞു 'നാളെ പിരമിഡുകളും താജ്മഹലും വന്‍മതിലും പോലെ ഇതും ഒരു ലോകാദ്ഭുതമാവും'


ആനന്ദ് നീലകണ്ഠന്‍

''ഈഫല്‍ ടവര്‍ എന്ന ഈ ഭീകരസത്വം പാരീസ് എന്ന സുന്ദരനഗരത്തിന് ഒരു കളങ്കമാണ്. നോത്രദാമിനും ആര്‍ക്ക് ദെ ട്രൈംഫിനും ലൂവ്രിനും മുകളില്‍ ഒരു കരിംചിമ്മിനിപോലെ നില്‍ക്കുന്ന രാക്ഷസരൂപത്തെ ഞങ്ങള്‍ എന്തുവിലകൊടുത്തും എതിര്‍ക്കും'' മോപ്പസാങ് എന്ന വിശ്വസാഹിത്യകാരന്‍, ചാള്‍സ് ഗുനോ എന്ന വിഖ്യാത സംഗീതജ്ഞന്‍, പിന്നെ മറ്റുപല പ്രശസ്ത കലാസാഹിത്യപ്രതിഭകളും ഫ്രഞ്ച് സര്‍ക്കാരിന് നല്‍കിയ നിവേദനമാണിത്; 14 ഫെബ്രുവരി 1887ല്‍.

eiffel tower | Photo: AP

പാരീസ് എന്ന മഹാനഗരത്തിനുനടുവില്‍ കാലത്തിന്റെ കൈപ്പലകപോലെ ഈഫല്‍ ടവര്‍. ചരിത്രത്തില്‍നിന്ന് കടുംനീലവര്‍ണത്തില്‍ ഒഴുകിവരുന്ന സീന്‍നദി. വിചിത്രവര്‍ണമാര്‍ന്ന തെരുവുകള്‍. ഓര്‍മയില്‍ നെപ്പോളിയനും പ്രിയപ്പെട്ട ജോസഫൈനും മോപ്പസാങ്ങും വിക്ടര്‍ ഹ്യൂഗോയും ഹെമിങ്‌വേയും... ഒരു ചാക്കുകെട്ടില്‍ ഈഫല്‍ ഗോപുരത്തെ നിറച്ച സുയാനി എന്ന കറുത്തവര്‍ഗക്കാരന്‍... 'പാരീസ് പാരീസ് ' തുടങ്ങുന്നു...
പാരീസ്, പാരീസ്...!

''ടെന്‍ യൂറോസ്!'' ഈഫല്‍ ടവറിന്റെ മുമ്പിലുള്ള പൂന്തോപ്പില്‍ ചാക്കുകെട്ടുമായി നില്‍ക്കുന്ന ഒരു എണ്ണക്കറുമ്പനോട് വിലപേശിനില്‍ക്കുകയാണ് ഞാന്‍. സുയാനി എന്നുപേരുള്ള സെനഗല്‍കാരനാണ് കക്ഷി. രാവിലെ പതിവുള്ള നടത്തത്തിനിറങ്ങിയതായിരുന്നു. വഴിവക്കില്‍ ഭാണ്ഡവുമായി നില്‍ക്കുന്ന ഉരുക്കുമനുഷ്യനെ കണ്ടപ്പോള്‍ കൗതുകംതോന്നി. ''ഹി ഈസ് ചീറ്റിങ് അസ്'' കൂടെയുള്ള ഇന്ത്യന്‍ ജനപ്രിയസാഹിത്യകാരന്‍ സുദീപ് നഗര്‍ക്കര്‍ പറഞ്ഞു. സുയാനിയുടെ ഭാണ്ഡക്കെട്ടില്‍ പലരൂപത്തിലും നിറത്തിലുമുള്ള ഈഫല്‍ഗോപുരങ്ങള്‍. ഒരു കഥയ്ക്ക് വകുപ്പുണ്ടെങ്കില്‍ പത്ത് യൂറോ, ഏകദേശം എണ്ണൂറ്റി നാല്‍പ്പതുരൂപ പോയാലും തരക്കേടില്ല. കൂടുതല്‍ വിലപേശാന്‍ നില്‍ക്കാതെ പറഞ്ഞ വിലകൊടുത്തുവാങ്ങി. സുയാനി സെനഗലില്‍നിന്ന് കുടിയേറിയതാണ്. ഇപ്പോള്‍ ഇരുപതോളം കൂട്ടുകാരുടെ കൂടെ വഴിയോരക്കച്ചവടം. പോലീസുകണ്ടാല്‍ ഓടിക്കും. അതുകൊണ്ട് എളുപ്പം മടക്കിക്കെട്ടാവുന്ന തരത്തിലാണ് ഭാണ്ഡക്കെട്ട്. നാട്ടില്‍ ഭാര്യയും രണ്ടുകുട്ടികളുമുണ്ട്. മുറി ഇംഗ്ലീഷില്‍ സുയാനി പറഞ്ഞത് ഇത്രയൊക്കെയേ മനസ്സിലായുള്ളൂ. മനുഷ്യന്റെ കഥയ്ക്ക് വലിയ വ്യത്യാസമൊന്നുമില്ല. അത് ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ ആയാലും ഈഫല്‍ ഗോപുരത്തിന്റെ മുറ്റത്തായാലും.

1889ല്‍ പണിത പച്ചിരുമ്പിന്റെ മഹാദ്ഭുതം പോക്കറ്റിലാക്കി, താമസിക്കുന്ന പുള്‍മാന്‍ ഹോട്ടലിലേക്കുമടങ്ങുമ്പോള്‍ സുയാനി ഭാണ്ഡക്കെട്ടുമായി പിറകേ ഓടിവന്നു. ''please keep this'' എന്നുപറഞ്ഞ് കൈയില്‍ എന്തോ തന്നു. നോക്കിയപ്പോള്‍ അഞ്ചാറ് കീച്ചെയിന്‍; അതും ഈഫല്‍ രൂപത്തില്‍ത്തന്നെ. പൈസ വാങ്ങാതെ അയാള്‍ തിരിച്ചുപോയി. അയാളോട് സംസാരിച്ചതിനുള്ള പ്രതിഫലമാവാം. അല്ലെങ്കില്‍ പത്തുയൂറോ വിലപേശാതെ കൊടുത്ത എനിക്ക് പറ്റിക്കപ്പെട്ടു എന്നു തോന്നരുതെന്ന് വിചാരിച്ചുമാവാം. പിന്നീട് എട്ടു യൂറോ നല്‍കി കൂട്ടത്തിലുള്ള ഒരാള്‍ ഇതു വാങ്ങിവന്നപ്പോള്‍ ഞാന്‍ വിചാരിച്ചു, സുയാനിതന്ന ആറു കീച്ചെയിന്‍ കൂട്ടിയാല്‍ പതിനൊന്നു യൂറോ വരും. ഒന്നുമില്ലാതെ നാടുവിട്ട് ഓടിവന്ന് വെള്ളപ്പോലീസിനെ പേടിച്ച് തെരുവില്‍ക്കഴിയുന്ന, ഒരു അഭയാര്‍ഥിതന്ന ദാനം മേശപ്പുറത്തുവെച്ചപ്പോള്‍ ഞാന്‍ എനിക്കുകിട്ടിയ ഉപദേശമോര്‍ത്തു. ''പാരീസില്‍ നിറയെ കറുത്തവര്‍ഗക്കാരുണ്ട്. പോക്കറ്റ് ശ്രദ്ധിക്കണം. രാത്രി തെരുവുകളില്‍ ഒറ്റയ്ക്കുപോകരുത്'' ഉണ്ടാവാം. കള്ളനും കൊള്ളക്കാരനും ഇല്ലാത്ത നാടെവിടെയാണ്? പക്ഷേ, ഞാന്‍കണ്ട സുയാനി കറുമ്പനാണ്. കള്ളനല്ല. കറുപ്പ് കളവിന്റെ ലക്ഷണമാക്കിയ വംശബോധം നമ്മളും ഉപദേശങ്ങളിലൂടെ അരക്കിട്ടുറപ്പിക്കുന്നു. ഈ കീച്ചെയിനുകള്‍ ഇവിടിരിക്കട്ടെ. ഇത്തരം ജാതിവംശ ചിന്തകള്‍ വരുമ്പോള്‍ ചുമ്മാ നോക്കാമല്ലോ.

''ഈഫല്‍ ടവര്‍ എന്ന ഈ ഭീകരസത്വം പാരീസ് എന്ന സുന്ദരനഗരത്തിന് ഒരു കളങ്കമാണ്. നോത്രദാമിനും ആര്‍ക്ക് ദെ ട്രൈംഫിനും ലൂവ്രിനും മുകളില്‍ ഒരു കരിംചിമ്മിനിപോലെ നില്‍ക്കുന്ന രാക്ഷസരൂപത്തെ ഞങ്ങള്‍ എന്തുവിലകൊടുത്തും എതിര്‍ക്കും'' മോപ്പസാങ് എന്ന വിശ്വസാഹിത്യകാരന്‍, ചാള്‍സ് ഗുനോ എന്ന വിഖ്യാത സംഗീതജ്ഞന്‍, പിന്നെ മറ്റുപല പ്രശസ്ത കലാസാഹിത്യപ്രതിഭകളും ഫ്രഞ്ച് സര്‍ക്കാരിന് നല്‍കിയ നിവേദനമാണിത്; 14 ഫെബ്രുവരി 1887ല്‍.

1889 എക്‌സ്‌പോസിഷന്‍ യൂണിവേഴ്‌സ് എന്ന ലോക വ്യവസായമേളയുടെ ഭാഗമായി പാരീസ് നഗരസഭ ഒരു മുഖ്യാകര്‍ഷണംവേണമെന്ന് തീരുമാനിച്ചിരുന്നു. അന്നത്തെ ഏറ്റവുംപുതിയ സാങ്കേതികതയായ പച്ചിരുമ്പുവെച്ച് ഒരു സ്തൂപം ഉണ്ടാക്കാന്‍ ഗുസ്താവേ ഈഫല്‍ എന്ന ഫ്രഞ്ച് എന്‍ജിനിയര്‍ നയിക്കുന്ന കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. യുവ എന്‍ജിനിയര്‍മാരായ മൊവിസ് കൊയ്ക്കല, എമിന്‍ ന്യൂഗേയ് എന്നിവരാണ് ആദ്യ രൂപരേഖ വരച്ചത്. എന്താണ് ഈ ഗോപുരത്തിന്റെ ആവശ്യമെന്ന് അന്നുതന്നെ ചോദ്യങ്ങളുയര്‍ന്നിരുന്നു. സത്യംപറഞ്ഞാല്‍ അങ്ങനെ പ്രത്യേകിച്ചൊരു ഉപകാരവും ഈ ഇരുമ്പുഗോപുരത്തിനുള്ളതായി ഈഫലിനുപോലും തോന്നിയില്ല. പാരീസിന്റെ ഓരോ കല്ലിനെയും പാരമ്പര്യത്തെയും ജീവനെക്കാളേറെ സ്‌നേഹിച്ചിരുന്ന പാരീസിലെ കലാസാംസ്‌കാരിക നായകരെ ഹാലിളക്കാന്‍ വേറെന്തുവേണം? മുതലാളിത്തത്തിന്റെ ഹുങ്കിനെ, അതിന്റെ വൈകൃതത്തെപ്പറ്റി എല്ലാമുള്ള ഘോരഘോരപ്രസംഗങ്ങളും നിവേദനങ്ങളുംകൊണ്ട് പാരീസ് ശബ്ദപൂരിതമായി. എന്തിനിങ്ങനെ ഒരു പേക്കോലം, ഇതുകൊണ്ട് എന്തുപ്രയോജനം, ഈ കാശുവെച്ച് ജനങ്ങളുടെ അടിസ്ഥാനപ്രശ്‌നങ്ങള്‍ പരിഹരിച്ചുകൂടേ എന്ന മോപ്പസാങ്ങിന്റെ ചോദ്യത്തെ ഈജിപ്ഷ്യന്‍ പിരമിഡുകള്‍ കാട്ടി ഈഫല്‍ എന്ന എന്‍ജിനിയര്‍ എതിര്‍ത്തു. ''നാളെ പിരമിഡുകള്‍പോലെ, താജ്മഹല്‍പോലെ, വന്‍മതില്‍പോലെ ഇതും ഒരു ലോകാദ്ഭുതമാവും''.

കരാറിന്റെ മൂന്നിലൊന്നുമാത്രം വാങ്ങി നട്ടും ബോള്‍ട്ടും പച്ചിരുമ്പും തട്ടിക്കൂട്ടി അത്രയ്‌ക്കൊന്നും ഭംഗിയില്ലാത്ത ഒരുഗോപുരം ഈഫല്‍ തട്ടിക്കൂട്ടി. വെറും 29 മാസംകൊണ്ട് അന്നത്തെ ഏറ്റവുംഉയരമുള്ള മനുഷ്യനിര്‍മിതിയായി, കാക്കയ്ക്കും പ്രാവിനുമുള്ള കക്കൂസ് എന്ന് കലാസാഹിത്യ പ്രമുഖര്‍ ആക്ഷേപിച്ച ഈ പച്ചിരുമ്പ് ചട്ടക്കൂട് ഉയര്‍ന്നു. സൗന്ദര്യാത്മകതയുടെ ആത്മാവ് ആവാഹിച്ച പാരീസ് എന്ന ചരിത്രനഗരിയുടെ നെഞ്ചത്തുതറച്ച പച്ചിരുമ്പിന്റെ ആണി. നഗരത്തിന്റെ ഏതുഭാഗത്തുനിന്നും കാണാവുന്ന കലയ്ക്കുമുന്നിലെ സാങ്കേതികമികവിന്റെ നടുവില്‍ പ്രഹസനംപോലെ ഈഫല്‍ ഉയര്‍ന്നുനിന്നു.

തന്റെ എല്ലാ ഉച്ചയൂണും ഈഫലിന്റെ രണ്ടാംതട്ടിലെ ഭക്ഷണശാലയില്‍നിന്ന് മരിക്കുംവരെ കഴിച്ച മോപ്പസാങ്ങിനോട് പത്രക്കാര്‍ ചോദിച്ചു. ''നാണമില്ലേ ഇങ്ങനെ ഇവിടെവന്ന് എന്നും ശാപ്പാടടിക്കാന്‍. നിങ്ങളല്ലേ ഇതിനെ എതിര്‍ത്തത്''. അതിനുത്തരം മോപ്പസാങ് കൊടുത്തത് ഇങ്ങനെയാണ്: ''ഈ നശിച്ച സത്വം കാണാത്ത പാരീസിലെ ഒരേയൊരു സ്ഥലം ഈ ഭക്ഷണശാലയാണ്. ഇവിടെയിരുന്നാല്‍ എന്റെ സുന്ദരനഗരം കാണാം. ഈ വൃത്തികേട് കാണാതെയും കഴിക്കാം.''

ഇന്ന് ഈ മട്ടുപ്പാവില്‍ പൂരത്തിരക്കാണ്. മൂന്നുമണിക്കൂര്‍ വരിനിന്ന്, രണ്ടായിരം രൂപയുടെ വരിപ്പണം കൊടുത്ത്, മൊബൈല്‍ ടവര്‍പോലെ ഇരിക്കുന്ന ഈ ലോകപൈതൃകത്തിനുമുകളില്‍ കയറിയാല്‍ മോപ്പസാങ്ങിന്റെ വാക്കുകള്‍ ഓര്‍ത്തുപോകും.

പാരീസിന്റെ തെരുവുകള്‍ നീണ്ടുനിവര്‍ന്നുകിടക്കുന്നു. പാരീസ് വിപ്‌ളവത്തിന്റെ ചോരയൊഴുകിയ സീന്‍ നദിക്ക് ഇന്നും കടുംനീലയാണ് വര്‍ണം. രണ്ടാംലോകയുദ്ധം തകര്‍ത്തുതരിപ്പണമാക്കിയ ചരിത്രവീഥികളില്‍ ഇന്ന് ചെസ്റ്റ്‌നട്ട് മരങ്ങളുടെ തണലില്‍ കൈകോര്‍ത്ത് നടക്കുന്ന കമിതാക്കള്‍.

നെപ്പോളിയന്റെ വിജയഘോഷയാത്ര കടന്നുപോയ ആര്‍ക്ക് ഡെ ട്രൈംഫ് എന്ന കമാനം സീനിന്റെ വലതുകരയില്‍ പന്ത്രണ്ടുവീഥികള്‍ക്ക് നാഥനായിനില്‍ക്കുന്നു. പാരീസ് ബുക്ക് ഫെയറിന്റെ ഇന്ത്യാ പവിലിയന്റെ ഉദ്ഘാടനമായിരുന്നു അന്ന്. വൈകീട്ട് സമയംകിട്ടിയാല്‍ ഒന്ന് അവിടംവരെ പോകണം.

''ജോസഫൈന്‍, ഞാന്‍ ഇതാ വിജയിച്ചുവരുന്നു. നീ എനിക്കായി കാത്തിരിക്കുക. കുളിക്കാതെ'' എന്ന് നെപ്പോളിയന്‍ തന്റെ പ്രിയതമയ്ക്ക് കത്തയച്ചത് ജോസഫൈന്‍ വായിച്ച മുറിയൊക്കെ ഒന്നുകാണണം. പിന്നെ ഹെമിങ്‌വേയുടെ പ്രിയപ്പെട്ട പുസ്തകശാലയായ 'ഷേക് സ്പിയര്‍ ആന്‍ഡ് കമ്പനി'യില്‍ ഒന്നുപോകണം. നോത്രദാമിന് എതിര്‍വശമാണ്. കത്തിയെരിഞ്ഞുപോയ നോത്രദാം കാണാന്‍വയ്യ. എസ്‌മെരാല്‍ഡയും അവള്‍ക്ക് കാവലായി ക്വാസിമോഡോയും ഒരുപക്ഷേ, ആ പ്രാചീന ദേവാലയത്തിന്റെ ഭൂഗര്‍ഭ അറയിലുണ്ടാവാം. നാലാംനൂറ്റാണ്ടിലെ റോമന്‍ പട്ടണത്തിന്റെ മുകളിലാണ് നോത്രദാം ഉയര്‍ന്നത്. എന്തായാലും കാണണം.

ഇന്ന് കുറച്ചുവേഗം നടന്നാല്‍ ഇന്ത്യാ പവിലിയന്റെ ഉദ്ഘാടനംകാണാം. സുധാമൂര്‍ത്തി എന്ന ബാലസാഹിത്യകാരി വരുന്നുണ്ട്. വായനക്കാരല്ലാത്തവര്‍ക്ക് അവര്‍ ഇന്‍ഫോസിസ് എന്ന ആഗോളഭീമന്റെ മുതലാളിമാത്രമാണ്. ഇന്ത്യയിലെ ലക്ഷക്കണക്കിന് കുട്ടികള്‍ക്കോ കഥപറയുന്ന മുത്തശ്ശിയും. ഒത്താല്‍ ഒന്ന് പരിചയപ്പെടണം. പിന്നെ പെരുമാള്‍ മുരുകനും മനു ജോസഫും വികാസ് ജോസഫും (സ്ലം ഡോഗ് മില്യണയര്‍ എഴുതിയ) ഉണ്ടാവും. കേരളത്തില്‍നിന്ന് നന്ദേട്ടന്‍ എന്ന് നമ്മള്‍വിളിക്കുന്ന നന്ദകുമാര്‍ എന്ന കൊച്ചി ബുക്ക് ഫെയര്‍ സ്ഥാപകന്‍ എത്താന്‍വൈകുമെന്ന് അറിയിച്ചിരുന്നു. വിസ വൈകിയത്രേ.

തിരിച്ച് പാരീസ് ബുക്ക് ഫെയര്‍ വേദിയിലേക്ക് നടക്കുമ്പോള്‍ സുയാനി ഇല്ല. പകരം, വേറെ കുറെ കറുത്തവര്‍ഗക്കാര്‍. പിന്നെ തൊലിവെളുത്ത ഒരു ഭിക്ഷക്കാരന്‍ നടപ്പാതയിലിരിക്കുന്നു. കൂടെ ഗംഭീരരൂപിയായ ഒരു നായയുണ്ട്. കൂളിങ് ഗ്ലാസ് വെച്ചിട്ടുണ്ട്. ഭിക്ഷക്കാരനല്ല, നായയാണ് വെച്ചിരിക്കുന്നത്. ഒരു പാത്രത്തില്‍ നായക്കുള്ള ഭക്ഷണം സംഭാവനചെയ്യാം. മറ്റേ പാത്രത്തില്‍ ഭിക്ഷക്കാരന് യൂറോയും. ഏതൊരു സിനിമാതാരത്തെയും വെല്ലുന്ന സ്‌റ്റൈലിലാണ് നായയുടെയും ഉടമയുടെയും ഇരിപ്പ്. ഞാനൊക്കെ ഭിക്ഷയെടുക്കുന്നതുകൊണ്ട് നീയൊക്കെ ദാനംചെയ്തുപോകുന്നു എന്ന ഭാവം. 'ഭിക്ഷക്കാരനുപോലും എന്താ സ്‌റ്റൈല്‍ പാരീസില്‍' എന്നുവിചാരിച്ച് ചിരിച്ചുകൊണ്ട് ഞാന്‍ നടന്നുപോയി. അല്പം നടന്നപ്പോള്‍ ഓര്‍ത്തു. ഈ പകിട്ടിലും പത്രാസിലും ഭിക്ഷക്കാരുമുണ്ടല്ലോ എന്ന്. താപനില പൂജ്യത്തോടടുക്കുമ്പോള്‍ തന്റെ കറുത്തനായയെ അയാള്‍ കെട്ടിപ്പിടിച്ച് കിടക്കുമായിരിക്കും. അല്ലെങ്കില്‍ 'പാവങ്ങളിലെ' ഏതോ കഥാപാത്രംപോലെ പാരീസിന്റെ ഉദരത്തിലെ അഴുക്കുചാലില്‍ ഒരു എലിയെപ്പോലെ നൂണ്ടുകയറി ഉറങ്ങുമായിരിക്കും. പിന്നില്‍ ഈഫലിന്റെ അഹങ്കാരം തലയുയര്‍ത്തിനില്‍ക്കുന്നു. പാരീസിന്റെ മുഖ അടയാളമായി; കലയ്ക്കുമുകളില്‍ സാങ്കേതികവിജയം കൈവരിച്ച ഇരുപതാംനൂറ്റാണ്ടിന്റെ പ്രതീകമായി. ഈഫല്‍ ഇതുമാത്രമല്ല പണിതത്. 'സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി'യും അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. കാലത്തിന്റെ കൈപ്പലകയാണ് ഈഫല്‍.

സീന്‍ ശാന്തമായി ഒഴുകുന്നുണ്ട്. 'ഷേക്‌സ്പിയര്‍ ആന്‍ഡ് കമ്പനി'യില്‍ പോയി ഒരു കാപ്പിക്കാണ് മനസ്സുകൊതിക്കുന്നത്. നാളെയാവട്ടെ. വീണ്ടും ഇവിടെ വരും; വൈകുന്നേരം. ഈ പച്ചിരുമ്പുഭീകരനുമുകളിലേക്ക് നടന്നുകയറണം. കാറ്റിന് തണുപ്പുണ്ട്. ചരിത്രത്തിന്റെ പഴയ മണമുണ്ട്. ശ്രദ്ധിച്ചു കാതോര്‍ത്താല്‍ കുളമ്പടികളുടെയും നാസിപ്പടയുടെ പീരങ്കികളുടെയും ശബ്ദംകേള്‍ക്കാം.

ലോകം വളരെ ചെറുതായിരിക്കുന്നു; മനുഷ്യനും. ഈഫല്‍മാത്രം ആകാശത്തെ പിളര്‍ന്നുകൊണ്ട് അങ്ങനെ നില്‍ക്കുന്നു. കാലം ഈ രാക്ഷസരൂപത്തിനും സൗന്ദര്യം ചാര്‍ത്തിനില്‍ക്കുന്നു. ചെസ്റ്റ്‌നട്ട് മരങ്ങളുടെ തണലില്‍ ആയിരം പ്രണയങ്ങള്‍ പൂക്കുന്നു. പാരീസ്, നീയെത്ര സുന്ദരി.

Content Highlights: anand neelakantan paris travel eiffel tower

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022

Most Commented