'നിങ്ങള്‍ ജീവിച്ചു മരിച്ചു. ഒക്കെ ശരിതന്നെ പക്ഷെ ചെയ്ത അത്ഭുതമെന്ത്?' കൊച്ചുബാവയെ ഓര്‍ക്കുമ്പോള്‍...


അംബികാസുതന്‍ മാങ്ങാട്

വൃദ്ധസദനവും, ഇറച്ചിയും, കന്യകയും, ബംഗ്ലാവും വിരുന്ന് മേശകളിലേക്ക് നിലവിളിയോടെയും പ്രച്ഛന്നവുമൊക്കെ മലയാളി ഭാവുകതയുടെ കാല്പനിക മസൃണതയുടെ മേലുള്ള ഇരുമ്പ് മഴുകൊണ്ടുള്ള കിളച്ചുമറിക്കലായിരുന്നു. ഇന്ത്യടുഡെയിലും മറ്റും വന്ന കഥകള്‍ അന്ന് വിസ്മയത്തോടെയാണ് വായനക്കാര്‍ എതിരേറ്റത്.

ടി.വി കൊച്ചുബാവ

ഇന്ന് ടിവി കൊച്ചുബാവയുടെ ഓര്‍മ്മദിനം. കഥകള്‍ കൊണ്ട് വായനക്കാരുടെ ഹൃത്തടം കവര്‍ന്ന ഏതൊരെഴുത്തുകാരനേക്കാളും ഒരുപടി അധികമാണ് ടി.വി കൊച്ചുബാവയുടെ സ്ഥാനം. നോവല്‍, കഥ, വിവര്‍ത്തനം, ലേഖനം തുടങ്ങി ഇരുപത്തി മൂന്നോളം പുസ്തകങ്ങളുടെ രചയിതാവായ ടി.വി കൊച്ചുബാവയെ ഓര്‍ക്കുകയാണ് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്.

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എന്റെ 'ജലസേചന പദ്ധതികള്‍' എന്ന കഥ അച്ചടിച്ചുവന്ന സമയമാണ്. കാലം കാല്‍നൂറ്റാണ്ടിന് മുമ്പ്. അളകാപുരിയില്‍ മുന്നിലെ കസേരയിലിരുന്ന കൊച്ചുബാവ കീശയില്‍ നിന്നും നീണ്ട ഒരു ലിസ്റ്റ് എടുത്ത് അതിലെ ഒരുവാക്ക് വെട്ടി. കടയില്‍ പോകുമ്പോള്‍ സാധനങ്ങള്‍ വാങ്ങാനായി ഉണ്ടാക്കുന്ന ലിസ്റ്റ് പോലെ തോന്നി. എന്നിട്ട് എന്റെ നേര്‍ക്ക് നിഗൂഢമായ ചിരി ചിരിച്ചു.

ഞാന്‍ എഴുതാനിരുന്ന കഥ നീ എഴുതി. അതാ വെട്ടിയത്, കണ്ടോ ഞാന്‍ എഴുതാന്‍ പോകുന്ന കഥകളാണ് ഇത് മുഴുവന്‍.

ഞാന്‍ അന്തിച്ചുപോയി. എഴുത്തിനെ എത്ര ഗൗരവത്തിലാണ്. ആത്മാര്‍ത്ഥയോടെയാണ് ഈ എഴുത്തുകാരന്‍ കണ്ടിരുന്നത്. തുടര്‍ന്ന് എനിക്ക് ഒരു ക്ലാസ് തന്നു. താനാണെങ്കില്‍ ഒരു കഥ ഇങ്ങനെ എഴുതില്ല. മറ്റൊരു വിധത്തിലായിരിക്കും. ആദ്യവാക്യം തന്നെ ഇങ്ങനെ മാറ്റിയെഴുതാം. ക്ലാസ് നീണ്ടുപോകുകയാണ്.

മറ്റെഴുത്തുകാരോട് അനിഷ്ടമുള്ളവനാണ് എന്ന അപഖ്യാതി ഈ കഥാകാരനെക്കുറിച്ചാണോ? കഷ്ടം! എഴുത്തില്‍ ജൂനിയറായ എനിക്ക് എന്തൊരു പരിഗണനയാണ് തന്നത്.

ഞെട്ടിപ്പിക്കുന്ന കഥകളെഴുതി ഞങ്ങളുടെ ആരാധനാപാത്രമായി കൊച്ചുബാവ വിലസുന്ന കാലത്ത് ഗള്‍ഫില്‍ നിന്ന് എനിക്ക് ഒരു കത്ത് വന്നു. മനോഹരമായ കൈപ്പട. നീണ്ടകത്ത്. കൊച്ചുബാവയായിരുന്നു. എന്നെയും എന്റെ കഥകളെയും ഇഷ്ടമാണ് എന്നുപറഞ്ഞ് സ്വയം പരിചയപ്പെടുത്തി. പിന്നെ നിരന്തരം നീണ്ട കത്തുകള്‍ തേടി വന്നു.

വേറിട്ട രചനകള്‍കൊണ്ട് വ്യതിരിക്തമായ ഭാഷ കൊണ്ട് അപൂര്‍വം കഥ എഴുത്തുകാര്‍ മാത്രമേ കഥാസാഹിത്യത്തില്‍ അമരന്മാരായി നില്‍ക്കുന്നുള്ളൂ. വൃദ്ധസദനവും, ഇറച്ചിയും, കന്യകയും, ബംഗ്ലാവും വിരുന്ന് മേശകളിലേക്ക് നിലവിളിയോടെയും പ്രച്ഛന്നവുമൊക്കെ മലയാളി ഭാവുകതയുടെ കാല്പനിക മസൃണതയുടെ മേലുള്ള ഇരുമ്പ് കൊഴുകൊണ്ടുള്ള കിളച്ചുമറിക്കലായിരുന്നു. ഇന്ത്യടുഡെയിലും മറ്റും വന്ന കഥകള്‍ അന്ന് വിസ്മയത്തോടെയാണ് വായനക്കാര്‍ എതിരേറ്റത്.

കോഴിക്കോട് ഗള്‍ഫ് വോയ്സ് എന്ന മാസിക തുടങ്ങിയപ്പോള്‍ പലതവണ എന്നെക്കൊണ്ട് കഥകളും ലേഖനങ്ങളും എഴുതിച്ചു. ആദ്യലക്കത്തിന്റെ പ്രകാശനച്ചടങ്ങില്‍ എം.ടി തുടങ്ങിയവര്‍ക്കൊപ്പം എന്നെയും ക്ഷണിച്ചു. ഒരിക്കല്‍ ഡോ.എം.എം.ബഷീറിന്റെ വീട്ടിലേക്ക് പോകുമ്പോള്‍ കൊച്ചുബാവ പുഞ്ചിരിയോടെ പറഞ്ഞു.

'നിന്റെ കഷണ്ടി വേഗം കാണും. ക്രെയിന്‍ ഷോട്ടുണ്ടെങ്കിലേ എന്റെ കഷണ്ടി കാണൂ'.

അന്ന് നിര്‍ബന്ധിച്ച് കോഴിക്കോട്ടെ സ്വന്തം വീട്ടില്‍ കൊണ്ട് പോയി താമസിപ്പിച്ചു. വീട്ടുകാരി ഒരുപാട് വിഭവങ്ങള്‍ ഒരുക്കി. കൊച്ചുബാവ ഭക്ഷണത്തിനൊപ്പം പല നിറങ്ങളിലുള്ള കുറെ ഗുളികകള്‍ കൈത്തലത്തിലെടുത്ത് പറഞ്ഞു.

'കളര്‍ഫുളാണ് എന്റെ ജീവിതം'

വൃദ്ധസദനത്തിന് അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ തൃശൂരിലെ ജന്മനാടായ കാട്ടൂരില്‍ നാട്ടുകാരുടെ വമ്പിച്ച സ്വീകരണമുണ്ടായിരുന്നു. എന്നെ വിളിച്ചിട്ട് പറഞ്ഞു.

നീ വരണം. രണ്ട് വാക്ക് സംസാരിക്കണം. പിന്നെ പുറത്ത് നിന്ന് എന്‍ ശശിധരനേ ഉള്ളൂ.

എനിക്കത് വലിയ അംഗീകാരം പോലെ തോന്നി. സന്തോഷത്തോടെ ഞാന്‍ സമ്മതിച്ചു. ഒരു വലിയ ജനക്കൂട്ടമുണ്ടായിരുന്നു കാട്ടൂരില്‍. എന്‍.ശശിധരനായിരുന്നു മുഖ്യപ്രഭാഷകന്‍. പരിപാടിയുടെ ശേഷം ജന്മനാട്ടിലെ വീടിന്റെ ടെറസില്‍ വട്ടം കൂടിയിരുന്ന കുറച്ചുപേരില്‍ ഞാനുമുണ്ടായിരുന്നു. കൊച്ചുബാവയുടെ എഴുത്തനുഭവങ്ങള്‍ കുറെ അന്നും കേട്ടു. ജീവിതത്തിലെ അത്ഭുതകരമായ അനുഭവങ്ങളും കേട്ടു.

1996-ല്‍ ഞാന്‍ ജോലിചെയ്തിരുന്ന കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ മൂന്നു നാള്‍ രാപ്പകല്‍ നീണ്ട ഒരു ചെറുകഥാശില്പശാലയില്‍- ബഷീര്‍ അനുസ്മരണ ശില്പശാല- കൊച്ചുബാവ അഷ്ടമൂര്‍ത്തിക്കൊപ്പം എത്തി. അമ്പതിലധികം പ്രശസ്തരായ എഴുത്തുകാര്‍ പങ്കെടുത്ത ആ ശില്പശാലയില്‍ കഥകളിലെന്നവിധം കൊച്ചുബാവ വലിയ പരിവേഷത്തോടെ നിറഞ്ഞുനിന്നത് മറക്കാനാവുന്നില്ല.

മൂന്നുവര്‍ഷം കഴിഞ്ഞ് 99 നവംബറിലെ ഏതോ ഒരു ദിവസം ഞെട്ടിയാണ് ആ വാര്‍ത്ത എന്നെതേടിവന്നത്. മരണത്തിന്റെ വാര്‍ത്ത! കേട്ടപാടെ ഞാന്‍ ഒരു ബസ്സില്‍ കയറി അഞ്ച് മണിക്കൂര്‍ യാത്രചെയ്തത് കോഴിക്കോട്ടെത്തി. അവസാനമായൊന്ന് കാണണം. എന്നെ സ്നേഹിച്ചത് പോലെയൊന്നും തിരിച്ച് സ്നേഹിക്കാനായില്ലല്ലോ എന്ന് സങ്കടം പറയണം.... മൃതദേഹം തൃശ്ശൂരിലേക്ക് കൊണ്ടുപോയിരുന്നു. പക്ഷെ എന്തുചെയ്യും? അരമണിക്കൂറോളം ഞാന്‍ നിശ്ചേതനനായി നിന്നു. കാണാതെ വയ്യ എന്ന് തീരുമാനിച്ച് ഒരു തൃശ്ശൂര്‍ ബസ്സ് നിര്‍ത്തിയതിന് നേര്‍ക്ക് നടന്നു. ഭാഗ്യം ഒരു സീറ്റ് ബാക്കിയിട്ടുണ്ട്. ഞാന്‍ ചെന്നിരുന്ന് അടുത്തിരിക്കുന്ന മനുഷ്യനെ നോക്കി. ഞാന്‍ ഞെട്ടിപ്പോയി.

എന്‍ ശശിധരന്‍!

ഒരിക്കല്‍ ഇത് പോലെ ഒന്നിച്ച് ബസ്സിലിരുന്നിട്ടാണ് ഞങ്ങള്‍ കാട്ടൂരേക്ക് പോയത്, കൊച്ചുബാവയുടെ കൂടെ സന്തോഷിക്കാന്‍ ഇപ്പോഴിതാ...
കാട്ടൂരിലെത്തി വീട്ടിലെത്തുമ്പോള്‍ കബറടക്കത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. അവസാനമായി കണ്ടു ഞങ്ങള്‍. കുഴിമാടത്തിലേക്ക് ആ വിസ്മയ ജീവിതം ഇറക്കിക്കിടത്തുന്നത് കണ്ടു.... ഒരു കഥയുണ്ടല്ലോ കൊച്ചുബാവയുടെ. 'നിങ്ങള്‍ ജീവിച്ചു മരിച്ചു. ഒക്കെ ശരിതന്നെ പക്ഷെ ചെയ്ത അത്ഭുതമെന്ത്?' എന്ന പേരില്‍.

ഈ ചോദ്യം കാലം എല്ലാ എഴുത്തുകാരോടും ചോദിക്കുന്ന ചോദ്യമാണ്. ഉത്തരം എത്രപേര്‍ പറയും?

എഴുത്തില്‍ നിരന്തരം അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിച്ച കൊച്ചുബാവയെപ്പോലെ അപൂര്‍വം മനുഷ്യരെ ഇത്തരം ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറിപ്പോകാതെ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുകയുള്ളൂ.

Content Highlights : writer ambikasuthan mangad pays homage to writer novelist t v kochubava

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented