മനുഷ്യനിലെ മനുഷ്യനെ തേടിയ ജീവിതേതിഹാസത്തിന് ഇന്ന് എണ്‍പത്തിയെട്ടാം പിറന്നാള്‍


ആലങ്കോട് ലീലാകൃഷ്ണന്‍

ഇത് എം.ടി.യുടെ കഥയല്ല. എന്നാല്‍, കേരളത്തിലെ നാലുതലമുറകളിലെ അനേകം മനുഷ്യരുടെ കഥയാണ്. പട്ടിണിയും ദാരിദ്ര്യവുംമൂലം ക്ഷണിക്കാത്ത പിറന്നാളിന് ഉണ്ണാന്‍പോയി അപമാനിതരായവര്‍, 'നീയ് പഠിച്ചിട്ടല്ലേ പ്പൊ തുക്ടിസായിപ്പാവാന്‍ പോണത്?

എം.ടി

ഇന്ന് കര്‍ക്കടകത്തിലെ ഉത്രട്ടാതിനാള്‍. മലയാളത്തിന്റെ വിശ്വകഥാകാരന്‍ എം.ടി. വാസുദേവന്‍ നായരുടെ 88-ാം പിറന്നാള്‍. കഥയിലെ എം.ടിയെക്കുറിച്ച് ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതുന്നു.

കാലത്തെ കൈയിലിട്ട് കഥയാക്കി അമ്മാനമാടിയ ഈ മനുഷ്യകഥാനുഗായകനിലൂടെയാണ് മലയാള സാഹിത്യത്തില്‍ ആധുനികതയുടെ കാലഗണനകളെയെല്ലാം അസാധുവാക്കുന്ന നിത്യാധുനികത പിറന്നത്. ഏകാന്തത അനുഭവിക്കുന്നവരെങ്കിലും പലതും ഓര്‍മിക്കുന്ന കഥാപാത്രങ്ങളെയാണ് എം.ടി. സൃഷ്ടിച്ചത്. ഓര്‍മ എം.ടി.ക്ക് ജീവിതയാത്രയുടെ ജൈവപ്രക്രിയയാണ്. അതുകൊണ്ടാണ് സാന്ദ്രമായ മനുഷ്യനിമിഷങ്ങളുടെ ഒരു ഗൃഹാതുരതാതരംഗം എം.ടി. സാഹിത്യത്തിന്റെ മുഖ്യധാരയായത്. ഓര്‍ക്കാനാഗ്രഹിക്കാത്ത ഒരു പിറന്നാളിന്റെ ഓര്‍മ എം.ടി. ഇങ്ങനെ തുടങ്ങുന്നു.

'നാളെ എന്റെ പിറന്നാളാണ്, എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല.'

വല്യമ്മാമന്റെ ഉഗ്രശാസനത്തില്‍ പുലരുന്ന മരുമക്കത്തായ കൂട്ടുകുടുംബവ്യവസ്ഥയില്‍ അമ്മാമന്റെ മകന്‍ ദാമോദരന്റെ പിറന്നാളിനെപ്പോലെ തന്റെ പിറന്നാളിനും സദ്യയൊരുക്കാന്‍ മോഹിച്ച കുഞ്ഞികൃഷ്ണന്റെ കഥയാണത്. അവന്റെ നിര്‍ബന്ധം സഹിക്കവയ്യാതെ ഒടുവില്‍ നെല്ലളക്കുമ്പോള്‍ അമ്മ വല്യമ്മാമനോട് പറഞ്ഞു.

''ഇന്ന് കുഞ്ഞീഷ്ണന്റെ പിറന്നാളാ...''

''അതിന്?...''

''മനോക്കാവില്‍ അരക്കൂട്ട് പായസം നേര്‍ന്ന്ട്ടുണ്ട്. നാലെടങ്ങഴീംകൂടി...?''

ഇടിവെട്ടുന്ന സ്വരത്തില്‍ അമ്മാവന്‍ പറഞ്ഞു

''ആരേ പറഞ്ഞത് നേരാന്‍? നേര്‍ന്നിട്ടുണ്ടെങ്കില്‍ നേര്‍ന്നോര് കഴിച്ചോളോണ്ടു.''

''ഓന് ദെണ്ണം പിടിച്ചപ്പോ നേര്‍ന്നതാ...''

''ഓന്റെ തന്തയോട് പറ. കാക്കാശിന് അയാളെക്കൊണ്ട് ഉപകാരംണ്ടോ?''

''ന്റെ ഷ്ടത്തിന് നടത്തീതല്ലല്ലോ.''

''എന്നേടീ ബടെ പെണ്ണുങ്ങള് കാര്യം പറയാന്‍ തൊടങ്ങീത്?''

''ഓപ്പോടല്ലാതെ പിന്നാരോടാ പറയാ. ഓപ്പടെ കുട്ട്യാച്ചാല്‍...?''

''ഒരുമ്പെട്ടോളേ. നെന്നെ ഞാന്‍...''

ഒരടി പൊട്ടുന്ന ശബ്ദം. കിളിവാതിലിലൂടെ നോക്കുമ്പോള്‍ അമ്മ പത്തായത്തിന്റെ മുകളിലേക്കു വീഴുന്നു.

''എന്റമ്മേയ്...''

ഞാനറിയാതെ നിലവിളിച്ചുപോയി.

ആ പിറന്നാള്‍ദിനം ഞാന്‍ കുളിച്ചില്ല. അമ്മ എന്നെ നിര്‍ബന്ധിച്ചതുമില്ല. (ഒരു പിറന്നാളിന്റെ ഓര്‍മ)

'നീലക്കുന്നുകള്‍' എന്ന കഥയില്‍ ലക്ഷ്യമില്ലാതെ അലഞ്ഞുതിരിഞ്ഞ അരാജകയാത്രകള്‍ക്കൊടുവില്‍ നീലഗിരിയില്‍ സഹോദരിയുടെ അടുത്തെത്തുമ്പോള്‍ സഹോദരിയും കുടുംബവും അയാളുടെ വരവും കാത്തിരുന്നു.

MT

''കഴിഞ്ഞകൊല്ലൂം രണ്ടാം കൊല്ലൂം ഞാനെഴുതി. അപ്പൂന്റെ പിറന്നാളിന് ഇക്കുറി എന്തായാലും വരണംന്നെഴുതുമ്പോള്‍ ഞാന്‍ പന്തയം വെച്ചിട്ടുണ്ട്, അപ്പൂന്റച്ഛനോട്, അന്യേന്‍ വരുംന്ന്.''

അതറിയാതെ വന്നെത്തിയതാണെന്നുപറയാന്‍ അയാള്‍ക്കു ധൈര്യമുണ്ടായില്ല. പിറന്നാളുകള്‍ ഓര്‍ക്കാനോ ആഘോഷിക്കാനോ കഴിയാതെപോയ മടുപ്പേറിയ അനാഥജീവിതത്തിന് വീണുകിട്ടുന്ന അപൂര്‍വസ്‌നേഹനിമിഷമായിരുന്നു അത്.

ഇത് എം.ടി.യുടെ കഥയല്ല. എന്നാല്‍, കേരളത്തിലെ നാലുതലമുറകളിലെ അനേകം മനുഷ്യരുടെ കഥയാണ്. പട്ടിണിയും ദാരിദ്ര്യവുംമൂലം ക്ഷണിക്കാത്ത പിറന്നാളിന് ഉണ്ണാന്‍പോയി അപമാനിതരായവര്‍, 'നീയ് പഠിച്ചിട്ടല്ലേ പ്പൊ തുക്ടിസായിപ്പാവാന്‍ പോണത്?' എന്നു പരിഹസിച്ച് പരീക്ഷാഫീസ് നല്‍കാതെ ഇറക്കിവിട്ടപ്പോള്‍, ബാല്യ-കൗമാരങ്ങളില്‍നിന്നും ഗ്രാമീണപ്രണയങ്ങളില്‍ നിന്നും സ്വപ്നങ്ങളില്‍നിന്നും സ്‌നേഹബന്ധങ്ങളില്‍നിന്നും പടിയടച്ച് പുറത്താക്കപ്പെട്ടവര്‍ ഇങ്ങനെ അനേകം തിരസ്‌കൃതജീവിതങ്ങള്‍ എം.ടി.യുടെ സാഹിത്യത്തിലുണ്ട്. അവരാണ് പിന്നീട് എം.ടി.യുടെ 'നാലുകെട്ട്' പോലുള്ള പല കൃതികളിലും വിജയികളും ബലവാന്മാരുമായി തിരിച്ചെത്തുന്നത്. തിരിച്ചുവരാന്‍വേണ്ടിമാത്രം ഗ്രാമം വിട്ടുപോയവരാണ് എം.ടി.യുടെ മിക്ക ഗ്രാമീണകഥാപാത്രങ്ങളും.

ഏകാകികളും അനാഥരും അവഗണിതരും തിരസ്‌കൃതരുമായ മനുഷ്യരുടെ ജീവിതങ്ങളിലേക്കാണ് എക്കാലത്തും എം.ടി. എന്ന എഴുത്തുകാരന്റെ ദൃഷ്ടി പതിഞ്ഞത്. അവരില്‍ പലരും എം.ടി.യുടെ സ്വന്തക്കാരോ പ്രിയപ്പെട്ടവരോ ആയിരുന്നു. കൂടല്ലൂര്‍ ഗ്രാമത്തില്‍ ജീവിച്ചിരുന്നവരാണ് മിക്കകഥാപാത്രങ്ങളും.

കാതുമുറിച്ച 'മീനാക്ഷ്യേട്ത്തി' ഒരുദാഹരണമാണ്. എം.ടി.യുടെ കുടുംബവൃത്തങ്ങളിലെ ഒരു ജ്യേഷ്ഠത്തിതന്നെയായിരുന്നു മീനാക്ഷ്യേട്ത്തി. അവര്‍ തന്റെ കാതിന്മേല്‍ അരിമ്പാറപോലെ തൂങ്ങിക്കിടന്നിരുന്ന കറുത്തമണി കറിക്കത്തികൊണ്ടു മുറിച്ചതും തറവാട്ടു മച്ചിലെ നിധിനിക്ഷേപമെടുക്കാന്‍ കൈക്കോട്ടെടുത്ത് മച്ചു കിളച്ചുമറിച്ചതുമൊക്കെ നടന്നകഥയാണ്.

താന്‍ ജനിക്കുന്നതിനുമുമ്പ് മരിച്ചുപോയ മീനാക്ഷ്യേട്ത്തിയുടെ ജീവിതമാണ് അത്യന്തം ഹൃദയസ്പര്‍ശിയായി 'കുട്ട്യേടത്തി' എന്ന കഥയില്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടുള്ളത്. അക്കാലത്തെ പുരുഷകേന്ദ്രിതമായിരുന്ന സദാചാരവ്യവസ്ഥയെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ട് ജാതിയില്‍ താഴ്ന്നവനെ പ്രണയിച്ച് ഒറ്റയ്ക്കുജീവിച്ച, അനാഥയെങ്കിലും ധീരയായ കുട്ട്യേടത്തി ഉറൂബിന്റെ രാച്ചിയമ്മയെപ്പോലെ മലയാള സാഹിത്യത്തിലെ തന്റേടികളായ സ്ത്രീകഥാപാത്രങ്ങളുടെ മുന്‍നിരയിലുണ്ട്. കുട്ട്യേടത്തി, സമൂഹത്തോടു പ്രതിഷേധിക്കാന്‍ തന്റെ ജീവനൊടുക്കുന്നത് എം.ടി.യുടെ വിശിഷ്ട ദുരന്താവബോധത്തിന്റെ മറ്റൊരു മാതൃകയാണ്.

ഭ്രാന്തന്‍ വേലായുധേട്ടനും അത്തരമൊരു കഥാപാത്രമാണ്. എം.ടി.ക്ക് വകയിലൊരുജ്യേഷ്ഠന്‍ തന്നെയായിരുന്നു വടക്കേവീട്ടിലെ വേലായുധേട്ടന്‍.

എം.ടി.ക്ക് വേലായുധേട്ടനെ കണ്ട ഓര്‍മയുണ്ട്. ചങ്ങലയ്ക്കിട്ടിടത്തുനിന്ന് എങ്ങനെയോ രക്ഷപ്പെട്ടോടിവന്ന്, ''മാ?േള്വടത്തീ, എനിയ്ക്കിത്തിരി ചോറുതരൂ'' എന്ന് എം.ടി.യുടെ അമ്മയോടപേക്ഷിച്ചുകൊണ്ട് വീടിന്റെ കോലായിലേക്കുകയറിവന്ന രംഗമാണ് 'ഇരുട്ടിന്റെ ആത്മാവ്' എന്ന ലോകോത്തരകഥയുടെ പിറവിക്കു കാരണം. മനോരോഗികളെ അത്യഗാധമായ കാരുണ്യത്തോടെയും മാനുഷികതയോടെയും സ്‌നേഹപൂര്‍വം പരിചരിക്കേണ്ടതുണ്ടെന്ന് ലോകത്തെ പഠിപ്പിച്ച അപൂര്‍വമൗലികതയുള്ള കഥയാണത്. അതിനോടു ചേര്‍ത്തുവെക്കാവുന്ന മറ്റൊരു കഥ ഇന്ത്യന്‍ ഭാഷകളിലുണ്ടായിട്ടുണ്ടെങ്കില്‍ അത് എം.ടി.യുടെതന്നെ 'ചെറിയ ചെറിയ ഭൂകമ്പങ്ങളാണ്'. മനസ്സിന്റെ സമനിലതെറ്റിയവരുടെ മനസ്സിനുള്ളിലിരുന്നുകൊണ്ട് നാടകീയ സ്വഗതാഖ്യാനരൂപത്തിലുള്ള ബോധധാരയായി ജീവിതംപറയുന്ന രചനകളുടെ ശില്പവിദ്യ എല്ലാ തലമുറകളിലെയും കഥാകാരന്മാര്‍ക്ക് പാഠപുസ്തകമാണ്. 'മഞ്ഞ്' എന്ന നോവലിലെ ബോധധാരാ കഥനരീതിയും ഇതോടുചേര്‍ത്തു വായിക്കാവുന്നതാണ്. അര്‍ഥസന്ദിഗ്ധതകളില്ലാത്ത ആത്മഭാഷയിലൂടെ മനുഷ്യസത്തയും ലോകവും തമ്മിലുള്ള അവ്യക്തതയുടെ അതിരുകള്‍ എം.ടി. ഈ രചനകളിലൂടെ അസാധാരണമായ വിധത്തില്‍ മായ്ച്ചുകളഞ്ഞു. 'മഞ്ഞി'ല്‍ ഭാഷയുടെ പെരുന്തച്ചനായ എം.ടി.യുടെ മാജിക്കുണ്ട്.

എം.ടി.യുടെ കഥകളിലും സിനിമകളിലും ആവര്‍ത്തിച്ചു വന്നിട്ടുള്ള ചാത്താനശ്ശേരി പറങ്ങോടന്‍ എന്ന ഭ്രാന്തന്‍ മലമല്‍ക്കാവിലെ ആലിന്‍ചുവട്ടില്‍ സ്ഥിരക്കാരനായിരുന്ന, ഗ്രാമത്തില്‍ ജീവിച്ചിരുന്ന കഥാപാത്രമാണ്. ഈ ഭ്രാന്തന്മാര്‍ ലോകത്തിനാവശ്യമാണ് എന്ന് എം.ടി. ഉപദേശിച്ചിട്ടുണ്ട്.

പകിടകളിക്കാരന്‍ കോന്തുണ്ണിയമ്മാവനും എം.ടി.യുടെ കുടുംബത്തിലെ ഒരമ്മാവനായിരുന്നു. പകിടകളിക്കാരുടെ രാജാവെന്ന് കേള്‍വികേട്ട കോന്തുണ്ണിനായര്‍ ആ കാലഘട്ടത്തിലെ റിബലായിരുന്നു. ഏകച്ഛത്രാധിപതികളായ അമ്മാവന്മാരുടെ ആജ്ഞാനുവര്‍ത്തിയാവാതെ 'നാലുകെട്ട്' ഭേദിച്ചു പുറത്തുപോരുന്ന ആദ്യ കഥാപാത്രം കോന്തുണ്ണിനായരാണ്. അയാള്‍ ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കിക്കൊണ്ടുവന്നു. ഒറ്റയ്ക്കു വീടുവെച്ചു. കൃഷിയും കച്ചവടവും ചെയ്തു ജീവിച്ചു. സൈതാലിക്കുട്ടിയുമായി പങ്കുകച്ചവടം ചെയ്യുക മാത്രമല്ല, നാനാജാതി മതസ്ഥരോടൊപ്പം സമഭാവനയോടെ ജീവിച്ച കോന്തുണ്ണിനായര്‍ എം.ടി. സൃഷ്ടിച്ചെടുത്ത ആധുനിക മനുഷ്യന്റെ ആദ്യ പ്രതിനിധാനമാണ്.

സത്തയെ വിസ്മരിക്കാത്ത എം.ടി. എന്ന വലിയ എഴുത്തുകാരന്‍ വിലാപത്തിന്റെ ക്ഷീണാവസ്ഥകൂടാതെത്തന്നെ മനുഷ്യനിലെ മനുഷ്യനെ തേടിയ ജീവിതേതിഹാസം ഈ കൃതികളില്‍ ആഴത്തില്‍ തെളിയുന്നുണ്ട്. ആത്മകഥയില്ലാതെത്തന്നെ എം.ടി. സാഹിത്യം ചേര്‍ത്തുവെച്ചുവായിച്ചാല്‍, എത്രകാലം കഴിഞ്ഞാലും നമുക്കതില്‍ എം.ടി.യെയും എം.ടി.യുടെ കാലത്തെയും കണ്ടെത്താം. മലയാള കഥയില്‍ സ്വാത്മബോധത്തിന്റെ അനുഭവലോകം ഇത്ര ആഴത്തില്‍ ഉത്പാദിപ്പിക്കപ്പെട്ടത് എം.ടി.യുടെ കാലത്താണ്.

'അസുരവിത്തി'ലെ ഗോവിന്ദന്‍കുട്ടിയും കുടുംബബന്ധംകൊണ്ട് എം.ടി.യുടെ ഒരമ്മാവനായിരുന്നു. 'ഗോപ്യേട്ടന്‍' എന്നാണ് എം.ടി. വിളിച്ചിരുന്നത്. ജീവിതംകൊണ്ട് ചൂതാടി നടന്ന അയാള്‍ മതംമാറി 'അബ്ദുള്ള'യായത് സംഭവിച്ച കഥയാണ്. ഗോവിന്ദന്‍കുട്ടിയായിരുന്ന കാലത്ത് അയാളെ പിതാവിനു തുല്യം സ്‌നേഹിക്കുകയും അയാള്‍ക്കു നീതികിട്ടാന്‍വേണ്ടി സ്വജീവന്‍ തൃണവത്ഗണിച്ചു പോരാടുകയും അതിന്റെ പേരില്‍ സ്വസമുദായത്തില്‍ ഒറ്റപ്പെടുകയും ചെയ്ത 'അസുരവിത്തി'ലെ കുഞ്ഞരയ്ക്കാര്‍, അയാള്‍ മതംമാറി അബ്ദുള്ളയായി വന്നപ്പോള്‍ പറയുന്നുണ്ട്;

''ഇപ്പൊ വന്നേന് ഒന്നും പറേണ്ല്ല. നാളേന്നല്ല, ഒരിക്കലും വരേണ്ടിനി''

ഗോവിന്ദന്‍കുട്ടിയായും അബ്ദുള്ളയായും ജീവിച്ചിട്ടും മനുഷ്യനാവാന്‍ കഴിയാതെ പോയ ആ കഥാപാത്രം 'കോളറ' എന്ന മഹാമാരിയില്‍ ജാതിയും മതവും വര്‍ണവും ലിംഗവും പദവിയും ഭേദമില്ലാതെ മരണം സമത്വം വിതച്ചപ്പോള്‍ യഥാര്‍ഥമനുഷ്യനായിത്തീര്‍ന്നതും എം.ടി. കാണിച്ചുതരുന്നുണ്ട്. 'മഹാമാരി'യില്‍ ഒറ്റപ്പെട്ടുപോയ മനുഷ്യര്‍ക്കും ശവങ്ങള്‍ക്കും അയാളുടെ സേവനം ആവശ്യമുണ്ടായിരുന്നു. അവിടെ അവന്‍ 'മനുഷ്യ'വിത്തായി.

എം.ടി.യുടെ ഏറ്റവും മികച്ച നോവലാണ് 'അസുരവിത്ത്' (ക്ലാസിക്കുകളുടെ ഗണത്തില്‍പ്പെടുത്താവുന്ന 'രണ്ടാമൂഴ'ത്തെ മറന്നുകൊണ്ടല്ല ഇതുപറയുന്നത്).

MT

ജീവിതപരാജയങ്ങളുടെ മുറിവുകള്‍ തെളിവായിക്കാണിച്ചുതന്നുകൊണ്ട് എല്ലാ തോല്‍വികള്‍ക്കുമപ്പുറത്ത് വിജയത്തിന്റെ ഒരു പ്രതിനിവൃത്തികൂടിയുണ്ടെന്ന് എം.ടി. കാണിച്ചുതന്നു. 'വാരാണസി'യിലെ സുധാകരന്‍, താന്‍ മരിച്ചാല്‍ ബലിയിടാന്‍ പോലും ആരും വേണ്ടെന്നുനിശ്ചയിച്ച് കാശിയില്‍ ആത്മപിണ്ഡം സമര്‍പ്പിക്കുന്നു.

വീണുകിടക്കുന്ന ദ്രൗപദി മധ്യവയസ്സിലും സുന്ദരിയാണെന്നുതോന്നിയ താന്‍ ജിതേന്ദ്രിയനല്ലെന്നു സ്വയം തിരിച്ചറിഞ്ഞ് ഭീമസേനന്‍ മഹാപ്രസ്ഥാന മാര്‍ഗത്തില്‍നിന്ന് കാടുകയറുന്നു. മഞ്ഞുറഞ്ഞ തടാകംപോലെ കാലം തളംകെട്ടിക്കിടക്കുന്ന നൈനിത്താളിന്റെ ഏകാന്തവിജനതയിലും വിമലയും ബുദ്ദുവും കാത്തിരിക്കുന്നു.

'വരും, വരാതിരിക്കില്ല'

എല്ലാ അവഗണനകള്‍ക്കിടയിലും അപ്പുണ്ണി പ്രത്യാശിക്കുന്നു. 'വളരും വളര്‍ന്നു വലുതാവും.'

ഈ പ്രത്യാശയാണ് എം.ടി. സാഹിത്യത്തിന്റെ ശക്തിയും സൗന്ദര്യവും. 'എവിടേയ്‌ക്കോ ഒരുവഴി' എന്ന കഥയില്‍ പേരുപോലുമറിയാത്ത സ്വന്തം ഗ്രാമത്തിലേക്ക് നിരന്തരം ഓടിപ്പോവുന്ന ശാന്താറാം എന്നൊരു കുട്ടിയുണ്ട്. ശാന്താറാമിന്റെ അച്ഛന്‍ പോയി തിരഞ്ഞുപിടിച്ചുകൊണ്ടുവന്നു. പക്ഷേ, ദിവസങ്ങള്‍ കഴിയുംമുമ്പേ അവന്‍ പിന്നെയും ഓടിപ്പോയി.

''അവിടെ ആരുമില്ല. അവന്റെ തന്ത പറഞ്ഞല്ലോ. അവനുഭ്രാന്താ.''

എഴുത്തുകാരന്റെ സഹോദരി, ശാന്താറാം വീണ്ടും ഓടിപ്പോയ കഥപറയുകയാണ്. അപ്പോള്‍ എഴുത്തുകാരന്റെ ഒരാത്മഗതമുണ്ട്:

''ശരിയാണ്, നില്‍ക്കാതെ ഓടിക്കൊണ്ടിരിക്കും. ഗ്രാമത്തിലേക്ക്, അമ്പലത്തിനടുത്ത വീട്ടിലേക്ക് പിന്നെ...''

ഈ അര്‍ധോക്തിയില്‍ എം.ടി.യുടെ മനസ്സുണ്ട്. എണ്‍പത്തിയെട്ടാം വയസ്സിലും ഗ്രാമത്തിലേക്കു തിരിച്ചോടിക്കൊണ്ടിരിക്കുന്ന ഒരു കുട്ടിയുണ്ട്. ജന്മമാസമായ കര്‍ക്കടകത്തില്‍ അച്ഛന്റെ വീട്ടില്‍നിന്നു വിരുന്നുവന്ന ശങ്കുണ്ണ്യേട്ടനെ സത്കരിക്കാന്‍ തന്നെ പട്ടിണികിടത്തിയ അമ്മയുടെ സ്പന്ദനം ഇപ്പോഴും ഗ്രാമത്തിലുണ്ടെന്ന് എം.ടി.ക്കറിയാം. ഗ്രാമത്തിന്റെ കഥകള്‍ മുഴുവന്‍ എം.ടി. പറഞ്ഞുകഴിഞ്ഞിട്ടില്ല. ഇനിയും അവസാനിക്കാതെ ആയിരത്തിരണ്ടാം രാവിലും കഥപറയാന്‍ മലയാളത്തിന്റെ നിത്യയൗവനത്തിന് ആയുരാരോഗ്യസൗഖ്യം പ്രാര്‍ഥിക്കുന്നു.

മനുഷ്യനെ പലപല കണ്ണീര്‍പ്പാടങ്ങളില്‍കൂടി, ദുരന്തങ്ങളില്‍കൂടി, ദാരിദ്ര്യത്തില്‍കൂടി, മഹാമാരികളില്‍കൂടി ആശ്വസിപ്പിച്ചും ശുദ്ധീകരിച്ചും പ്രത്യാശനല്‍കിയും കൊണ്ടുപോവുന്ന അസാധാരണ കലാവിദ്യയാണ് എം.ടി. യെ നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും പ്രബലനായ എഴുത്തുകാരനാക്കി നിലനിര്‍ത്തുന്നത്. എല്ലാ അര്‍ഥത്തിലും പൂര്‍ണനായ എഴുത്തുകാരനാണദ്ദേഹം.

എം.ടിയുടെ പുസ്തകങ്ങള്‍ വാങ്ങാം

Content Highlights : Writer Alankode Leelakrishnan Writes About MT Vasudevan Nair 88 Birthday

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Rahul Mamkootathil

1 min

'സീതാറാം യെച്ചൂരിയുടെ കരണം പൊട്ടിച്ചപ്പോള്‍ ആശ്വസിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ ഉണ്ടായിരുന്നൊള്ളു'

Jun 24, 2022

Most Commented