ഗീത സൂര്യൻ
''ന്റെ ജീവിതാണോ,
അതോ ങ്ങള്‍ടെ ജീവിതാണോ ഏറ്റോം വല്‌തെന്ന്
ഒരീസം യ്യ് ചോയ്ക്കും.
'ന്റേ'തെന്ന് ഞാന്‍ പറയും.
യ്യാണ് ന്റെ ജീവിതംന്ന്
മന്‍സിലാക്കാതെ
യ്യ് അങ്ങട്ട് പോവേം ചെയ്യും''
ഏതോ 'കോയിക്കോട്ടു'കാരനോ/ കാരിയോ കുത്തിക്കുറിച്ചതാണെന്ന് തോന്നിപ്പിക്കുന്ന കാല്പനിക പ്രണയകവിതയല്ലിത്. ഖലീല്‍ ജിബ്രാന്റെ കവിതയുടെ കോഴിക്കോടന്‍ ഭാഷാന്തരമാണിത്. വരികളുടെ യഥാര്‍ഥ രൂപം ഇങ്ങനെ- 'one day you will ask me which is more important? My life or yours? I will say mine and you will walk away not knowing that you are my life'
പ്രേമത്തിന്റെ പരിമളം വഴിയുന്ന ലോകസാഹിത്യത്തിലെ കവിതകളെ കോഴിക്കോടന്‍ മലയാളത്തിലാക്കുകയാണ് ഗീതാ സൂര്യന്‍ എന്ന അധ്യാപിക. ദോഹയിലെ ലയോള ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മലയാളം മേധാവിയായ ഗീതയുടെ കരവിരുതിലൂടെ പാബ്ലോ നെരൂദയും ജോണ്‍ കീറ്റ്സും റോബര്‍ട്ട് ഫ്രോസ്റ്റുമെല്ലാം കോയിക്കോടന്‍ മലയാളത്തില്‍ പ്രേമം പാടുന്ന ചെങ്ങായിമാരായി. സ്വതന്ത്രമായി വിവര്‍ത്തനം ചെയ്തിരുന്ന ഗീത, ഒരേതരത്തിലുള്ള വിവര്‍ത്തനങ്ങളില്‍നിന്ന് ഒരു മാറ്റം ചിന്തിച്ചപ്പോഴാണ് കോഴിക്കോടന്‍ ഭാഷ മനസ്സിലെത്തിയത്. മീഞ്ചന്ത സ്വദേശിയായ ഗീതയുടെ കോഴിക്കോടന്‍ വിവര്‍ത്തനങ്ങള്‍ക്ക് സാമൂഹികമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയായി. പിന്നെ കൂടുതല്‍ ലോക കവിതകള്‍ പരിഭാഷപ്പെടുത്തി.
അര്‍ഥം ചേര്‍ന്നുപോകാതെ, ഉചിതമായ പദങ്ങള്‍ കണ്ടെത്തി വിവര്‍ത്തനംചെയ്യാന്‍ ചിലപ്പോള്‍ സമയമെടുക്കും.വലിയ വായനയൊന്നുമില്ലാത്തവര്‍ക്കുപോലും ആസ്വദിക്കാനാകുന്നവയാണ് ഇത്തരം ചെറുകവിതകള്‍. വിവര്‍ത്തനം വായിച്ച് മൂലകവിത തേടിപ്പോയവരുമുണ്ടെന്ന് ഗീത പറയുന്നു.
പ്രണയവും പ്രണയനൈരാശ്യവുമാണ് തിരഞ്ഞെടുക്കുന്ന പ്രധാന വിഷയങ്ങള്‍. വിവര്‍ത്തനമാണെന്നു പോലുമറിയാതെ സാമൂഹികമാധ്യമങ്ങളില്‍ യുവാക്കള്‍ ഇത്തരം കുറുങ്കവിതകള്‍ പങ്കുവെക്കാറുണ്ട്. ഇങ്ങനെ തരംഗമായ വരികളാണ് ''അന്നെ ഒരീസം ന്റെ കൈയില്‍ കിട്ട്യാല്‍, ആ കാലടീലൊരു ഉമ്മ തന്നാ, ന്റെ ഉമ്മ ചതയ്ക്കണ്ടാന്ന് കരുതി, പേടിച്ച് യ്യ് ഞൊണ്ടി നടക്കൂലേ? ഒന്ന് ന്നോട് പറ'' എന്നത്. റുമാനിയന്‍ കവി നികിത സ്റ്റനേസ്‌ക്യുവിന്റെ യഥാര്‍ഥ വരികള്‍ ഇങ്ങനെയാണ്: Tell me, if I caught you one day, And kiss the osle of your foot, would'nt you limp a little then, afraid to crush my kiss.
ഗീത രചിച്ച കുട്ടികള്‍ക്കുള്ള കഥകളുടെ സമാഹാരം 'ചിന്നുക്കഥകള്‍' എന്നപേരില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 24 വര്‍ഷത്തോളം ദോഹയിലെ എം.ഇ.എസ്. സ്‌കൂളില്‍ അധ്യാപികയായിരുന്നു. കവിതകളൊക്കെയും സമാഹാരമാക്കിക്കൂടേയെന്ന ചോദ്യത്തിന് തിരക്കൊക്കെ കഴിയട്ടെയെന്നാണ് മറുപടി. മലപ്പുറം വറ്റലൂര്‍ സ്വദേശി സൂര്യനാരായണനാണ് ഭര്‍ത്താവ്. സിദ്ധാര്‍ഥും ഉജ്ജ്വലുമാണ് മക്കള്‍.
Content Highlights: world book day geetha suryan translated classic poems to kozhikoden slang
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..