ആഷാമേനോൻ
ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ! ഒരു ക്ലാസിക്കിലും പെടാത്ത എന്നാൽ എല്ലാ ക്ലാസിക്കിലും പെടേണ്ടതായിട്ടുള്ള ഒരു പുസ്തകം! റിച്ചാഡ് ബാക്ക് എഴുതിയ ഈ കൊച്ചു പുസ്തകത്തെ തന്നെ ഇന്ന് ഓർമിക്കാൻ കാരണമൊന്നുമില്ല, അസാധ്യമായ വായനാനുഭവം എന്നതിലുപരി. പറക്കലാണ് സ്വർഗം എന്ന സന്ദേശമാണ് ഈ പുസ്തകം നമുക്ക് തരുന്നത്. അതിഗംഭീരനായ ഒരു ഫോട്ടോഗ്രാഫർ കൂടിയായിരുന്ന എഴുത്തുകാരൻ തന്റെ ഫോട്ടോഗ്രാഫിക് മികവും പുസ്തകത്തിൽ പ്രയോഗിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള വായനക്കാരെ മാത്രമല്ല, ദൃശ്യാസ്വാദകരെക്കൂടി പുസ്തകത്തിലേക്കു നയിച്ച കൃതി കൂടിയാണത്. നിങ്ങൾ ഉയർന്നു പറക്കുമ്പോൾ സ്വാതന്ത്ര്യത്തിന്റെ പരമോന്നതിയിലെത്തുന്നുവെന്നും അവിടെയാണ് അനശ്വരമായ സ്വർഗം കുടികൊള്ളുന്നത് എന്നും എഴുത്തുകാരൻ നമ്മോട് ആഹ്വാനം ചെയ്യുന്നതുപോലെയാണ് ജോനാഥൻ ലിവിങ്സ്റ്റൺ സീഗളിലെ ഓരോ അധ്യായവും ഓരോ പേജും തന്നെ ഒരുക്കിയിരിക്കുന്നത്. കഷ്ടി നൂറോളം പേജുകൾ മാത്രമുള്ള ആ പുസ്തകം എന്തുകൊണ്ട് ഇത്രമേൽ പ്രിയപ്പെട്ടതായിരിക്കുന്നു എന്നതിന് മറ്റൊരു കാരണം കൂടി ഉണ്ട്. കൃതി ആദ്യാവസാനം മുതൽ പറന്നു പറന്നുകൊണ്ടേയിരിക്കുന്നു. പറക്കലാണ് പ്രമേയം. ഒരു ഫിക്ഷന് വേണ്ട ചേരുവകൾ ഉണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നായിരിക്കും ഘടനാപരമായ ഉത്തരം.
വളരെ മുമ്പ് എനിക്ക് ഏതാണ്ട് ഇരുപതിനടുത്ത് പ്രായമുള്ള കാലത്ത് 'അൺസങ് ഗ്ലോറി' എന്നൊരു കഥ എഴുതി. ഒരു വൈമാനികന്റെ കഥ. വളരെ സാഹസികമായി വിമാനം പറത്തുന്ന പൈലറ്റ് ഒരു വിമാനാപകടത്തിൽ മരിക്കുന്നു. തന്നെ ഏൽപിച്ച ദൗത്യം പൂർത്തീകരിക്കാനാവാതെ, ആരാലും പ്രകീർത്തിക്കപ്പെടാതെ, തിരിച്ചറിയലിന്റെ യാതൊന്നും അവശേഷിപ്പിക്കാതെ പൊലിഞ്ഞുപോയ എന്റെ വൈമാനിക നായകനെ പക്ഷേ ഞാൻ അച്ചടി തൊടുവിച്ചില്ല. യൗവനകാലത്ത് സാഹിത്യകൗതുകത്തിന്റെ ഭാഗമായി എഴുതി; ഒരു ആത്മരതി. അത്ര മാത്രം. ഇടക്കിടെ എടുത്തുനോക്കും അങ്ങനെതന്നെ മടക്കി വെക്കും.
'ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ' ഞാൻ വായിക്കുന്നത് 'അൺസങ്ഗ്ലോറി' എഴുതിക്കഴിഞ്ഞ് വർഷങ്ങൾക്കു ശേഷമാണ്. പക്ഷേ വൈകാരികമായി അതിവേഗം തന്നെ ആ പുസ്തകവുമായി എനിക്ക് അടുപ്പം പുലർത്താൻ സാധിച്ചു. ലോകപുസ്തകദിനത്തിൽ ഈ രണ്ട് കഥകളും വീണ്ടും പരസ്പരം പരിചയം പുതുക്കുന്നതുപോലെ!
Content Highlights : World Book Day Ashamenon Writes about Jonathan Livingston Seagull by Richard Bach
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..