എഴുത്തുകാരായ ഹാന്നേ ഒഷ്ടവീക്ക്, റേയ്മണ്ട് കാർവർ എന്നിവർ. | Photo: Wikipedia
കുട്ടിയുടെ ജന്മദിനമായിരുന്നു അന്ന്. അവന്റെ പേരെഴുതിയ ഒരു കേക്കുണ്ടാക്കാന്‍ അമ്മ ബേക്കറിയില്‍ പറഞ്ഞേല്‍പ്പിച്ചിരുന്നു. പക്ഷേ, സ്‌കൂളിലേക്കു പോകുമ്പോള്‍ അവനെ ഒരു കാര്‍ വന്നിടിച്ചു. രണ്ടു ദിവസങ്ങള്‍ക്കു ശേഷം അവന്‍ മരിച്ചുപോയി. അന്നുരാത്രി ഒരാള്‍ അവന്റെ അമ്മയെ ഫോണ്‍ ചെയ്തു. കുട്ടിയുടെ പേര് പറഞ്ഞ് അവനെ മറന്നോ എന്നു ചോദിച്ചു. അമ്മക്ക് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
ആ ബേക്കറിക്കാരനായിരുന്നു അത്. കുട്ടിയുടെ പേരെഴുതിയ കേക്കിന്റെ കാര്യം മറന്നോ എന്നായിരുന്നു അയാള്‍ ചോദിച്ചത്. അച്ഛനും അമ്മയും അയാളെ തേടിയെത്തുന്നു. അമ്മ അയാളെ ശപിക്കുന്നു. കരഞ്ഞുകൊണ്ട് തന്റെ മകന്‍ മരിച്ചു പോയ കാര്യം പറയുന്നു.
ബേക്കറിക്കാരന്‍ തകര്‍ന്നു പോയി. അയാളവരോട് മാപ്പിരന്നു. പിന്നെ അവര്‍ക്ക് ഭക്ഷണവും കാപ്പിയും നല്‍കി. കാരണം ഇതുപോലെയുള്ള സന്ദര്‍ഭങ്ങളില്‍ ഭക്ഷണം ചെറിയതെങ്കിലും നല്ലതായ ഒരു കാര്യമാണ്. അയാളിപ്പോള്‍ വെറുമൊരു ബേക്കറിക്കാരന്‍ മാത്രമാണ്. പണ്ടയാള്‍ മറ്റൊരു തരം മനുഷ്യനായിരുന്നു. പക്ഷേ, എങ്ങനെയായിരുന്നുവെന്ന കാര്യം അയാള്‍ക്കോര്‍മയില്ല. അയാള്‍ക്കു കുട്ടികളില്ല, അവരുടെ അവസ്ഥ സങ്കല്പിക്കാന്‍ മാത്രമേ അയാള്‍ക്കാവൂ, എന്തായാലും അയാളൊരിക്കലും ഒരു ചീത്ത മനുഷ്യനല്ല.
അവര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു; അയാള്‍ പറഞ്ഞുകൊണ്ടുമിരുന്നു. ഏകാന്തതയെപ്പറ്റി, സന്ദേഹങ്ങളെപ്പറ്റി, പരിമിതികളെപ്പറ്റി, ഭക്ഷണത്തിന്റെ മണങ്ങളെപ്പറ്റി. അവര്‍ കേട്ടുകൊണ്ടേയിരുന്നു, അവര്‍ക്കവിടെ നിന്ന് പോകാനേ തോന്നിയില്ല.
ലോകത്തിലെ ഏറ്റവും മനോഹരമായ കഥകളില്‍ ഒന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന, അമേരിക്കന്‍ എഴുത്തുകാരന്‍ റേയ്മണ്ട് കാര്‍വറുടെ (Raymond Carver) ചെറിയ, നല്ല കാര്യം (A Small, Good Thing) എന്ന കഥയുടെ സംഗ്രഹമാണിത്. നോര്‍വേയിലെ പ്രതിഭാശാലിയായ എഴുത്തുകാരി ഹാന്നേ ഒഷ്ടവീക്കിന്റെ (Hanne Orstavik) 'സ്നേഹം' (Love) എന്ന കൊച്ചുനോവലിനെപ്പറ്റി പറയുമ്പോള്‍ കാര്‍വറുടെ ഈ കഥ ഓര്‍ക്കാതിരിക്കാന്‍ വയ്യ. അച്ഛന്റെയും അമ്മയുടെയും സ്നേഹമില്ലായ്മ കൊണ്ട് ഭൂമിയില്‍ നിന്ന് മറവിയിലേക്കു തിരോഭവിക്കുന്ന കുട്ടിയെപ്പറ്റിയുള്ള, റഷ്യന്‍ സിനിമാ സംവിധായകന്‍ ആന്ദ്രേ സ്യാഗിന്‍സെഫിന്റെ (Andrey Zvyagintsev) 'Loveless' എന്ന സിനിമയെയും ഈ നോവല്‍ ഓര്‍മിപ്പിക്കുന്നു.
ഇവിടെയും ഒരു ജന്മദിനമാണ് പ്രമേയം. യോനിന് (Jon) നാളെ ഒമ്പതു വയസ്സു തികയുകയാണ്. കഴിഞ്ഞ പിറന്നാളിന് വാഗ്ദാനം ചെയ്ത കളിത്തീവണ്ടി അമ്മ വാങ്ങിത്തരുമെന്ന കാര്യം അവനുറപ്പാണ്. പിന്നെ നല്ലൊരു കേക്കും അമ്മ തന്നെ ഉണ്ടാക്കും. അക്കാര്യമൊന്നും അമ്മ ഇതുവരെ മിണ്ടിയിട്ടില്ല എന്നതു വേറെ കാര്യം. അതു പക്ഷേ, താനുറങ്ങിക്കഴിയുമ്പോള്‍ അതെല്ലാം ശരിയാക്കിവെച്ച് തന്നെ അദ്ഭുതപ്പെടുത്തണമെന്ന് അമ്മ കരുതുന്നതുകൊണ്ടു മാത്രമാണ്. എന്നാല്‍, അവന്റെ അമ്മയായ വീബെക്കെ(Vibeke)യാവട്ടെ അവന്റെ ജന്മദിനത്തിന്റെ കാര്യം ഓര്‍ക്കുന്നുപോലുമില്ല. ഭര്‍ത്താവില്‍നിന്ന് വേര്‍പിരിഞ്ഞു കഴിയുന്ന അവള്‍ക്ക് പുസ്തകങ്ങള്‍ വായിച്ച് ചടഞ്ഞുകൂടിയിരിക്കാനാണിഷ്ടം. പിന്നെയവള്‍ ജോലി സ്ഥലത്തെ തന്റെ ഉയര്‍ച്ചയെപ്പറ്റിയും പുതിയൊരു പ്രണയമുണ്ടാകുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു. മകനെപ്പറ്റി അവള്‍ ചിന്തിക്കുന്നതേയില്ല.
കേക്കുണ്ടാക്കുന്നതിന്റെ മണം താനറിയേണ്ടെന്ന് അമ്മ കരുതുന്നുണ്ടാവും, യോന്‍ വീടു വിട്ട് പുറത്തെ കൊടുംതണുപ്പിലിറങ്ങി നടക്കുന്നു. വീബെക്കെയാവട്ടെ, യോന്‍ ഉറങ്ങാന്‍ പോയിക്കാണുമെന്ന് കരുതി വീടുപൂട്ടി ലൈബ്രറിയിലേക്ക് പോവുകയാണ്. വിളിച്ചിട്ട് അവന്‍ വിളി കേള്‍ക്കാത്തതൊന്നും അവള്‍ കാര്യമാക്കുന്നില്ല. ലൈബ്രറി പക്ഷേ, നേരത്തേ അടച്ചുകഴിഞ്ഞിരുന്നു. അലഞ്ഞുതിരിഞ്ഞ് അവളൊരു ഉത്സവസ്ഥലത്തെത്തി. അവിടെ കണ്ട ഒരാളുമായി അവള്‍ അടുപ്പത്തിലാവുന്നു.
യോന്‍ അമ്മ വാങ്ങിത്തരാന്‍ പോകുന്ന കളിത്തീവണ്ടിയെപ്പറ്റി ചിന്തിക്കുകയാണ്. താന്‍ അതോടിച്ച് സ്റ്റേഷനുകള്‍ പിന്നിടുന്നതും ഒരിടത്ത്, അമ്മയെ കയറ്റാന്‍ വേണ്ടിമാത്രം ട്രെയിന്‍ നിര്‍ത്തുന്നതും അവന്‍ സ്വപ്നം കാണുന്നു. രാത്രി ഏറെ വൈകി വീബെക്കെ കാമുകന്റെ കാറില്‍ വീട്ടിലെത്തുന്നു. അവളപ്പോഴും മകനെക്കുറിച്ചോര്‍ക്കുന്നതേയില്ല. തിരിച്ചെത്തുന്ന യോന്‍ അമ്മയുടെ കാറ് കാണാതെ പരിഭ്രമിക്കുകയാണ്. തനിക്ക് തീവണ്ടി വാങ്ങാന്‍ പോയപ്പോള്‍ അമ്മ വല്ല അപകടത്തിലും പെട്ടിട്ടുണ്ടാവും, തന്റെ പിറന്നാളാണ് എല്ലാത്തിനും കാരണം. അമ്മ കുഴപ്പമൊന്നും കൂടാതെ തിരിച്ചെത്തണേ, അവന്‍ പ്രാര്‍ഥിക്കുന്നു; പകരമായി താനിനി ഒരിക്കലും പിറന്നാളാഘോഷിക്കുകയില്ല.
അമ്മയുടെ കാര്‍ തിരിച്ചെത്തുന്ന ശബ്ദം കേള്‍ക്കാന്‍ കൊടും തണുപ്പില്‍ വെറുംനിലത്ത് കാതമര്‍ത്തിക്കിടക്കുന്ന യോനിനെ കാണിച്ചു കൊണ്ട് ഹാന്നേ ഒഷ്ടവീക് കഥയവസാനിപ്പിക്കുമ്പോള്‍ വായനക്കാരന്റെ മനസ്സാണ് ആകെ കീറിപ്പറിയുന്നത്. കാര്‍വറുടെ കഥയില്‍ മരിച്ചു പോയ കുട്ടിയെ മറന്നോ എന്ന ബേക്കറിക്കാരന്റെ ചോദ്യം അയാളതല്ല ഉദ്ദേശിച്ചതെങ്കില്‍പ്പോലും നമ്മളെ നോവിക്കുന്നു. ഒഷ്ടവീക്കിന്റെ പുസ്തകത്തിലാകട്ടെ ജീവിച്ചിരിക്കുന്ന മകനെ മറക്കുന്ന അമ്മയുടെ മനോഭാവമാണ് വേദനിപ്പിക്കുന്നത്. രണ്ടു കഥകളിലും ഓര്‍മയുടെയും മറവിയുടെയും ഇടയില്‍ ഒരു ജന്മദിനം വന്നു നില്‍ക്കുന്നു. അതങ്ങനെയാണ്, നമ്മളെ മറക്കുന്നവരെ നമ്മള്‍ ഓര്‍മിക്കുന്നു; ഓര്‍ക്കുന്നവരെ മറന്നുപോവുകയും ചെയ്യുന്നു.
(മാതൃഭൂമി ദിനപത്രത്തിലെ 'വാക്കോള'ത്തില്‍ ജയകൃഷ്ണന്‍ എഴുതിയ ലേഖനം)
Content Highlights: Raymond Carver, Hanne Orstavik, Vakkolam, Column by Jayakrishnan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..