പുസ്തകദിനവും രണ്ടു എഴുത്തുകാരുടെ മരണവും


പി.കെ. രാജശേഖരന്‍

ഇംഗ്ലണ്ടിലെ നാടകകൃത്തും കവിയുമായ വില്യം ഷെയ്ക്സ്പിയറും സ്പെയിനിന്റെ നോവലിസ്റ്റായ മിഗേല്‍ സെര്‍വാന്തസും മരണമടഞ്ഞ ദിവസമായതുകൊണ്ടാണ് ഏപ്രില്‍ 23 ലോകപുസ്തകദിനമായത്.

പുസ്തകങ്ങള്‍ സങ്കല്പങ്ങളില്‍നിന്നു പിറക്കുന്നവയായതുകൊണ്ട് പുസ്തകങ്ങള്‍ക്കുവേണ്ടിയുള്ള ദിവസവും സങ്കല്പത്തിന്റെ അടിസ്ഥാനത്തിലായത് വിചിത്രമായൊരു യാദൃശ്ചികതയാണ്. യുനെസ്‌കോയുടെ നിശ്ചയപ്രകാരം 1995 മുതല്‍ ലോക പുസ്തകദിനവും പകര്‍പ്പവകാശദിനവുമായി ആചരിച്ചുവരുന്ന ഏപ്രില്‍ 23-ന്റെ കഥയാണു പറഞ്ഞു വരുന്നത്. ഇംഗ്ലണ്ടിലെ നാടകകൃത്തും കവിയുമായ വില്യം ഷെയ്ക്സ്പിയറും സ്പെയിനിന്റെ നോവലിസ്റ്റായ മിഗേല്‍ സെര്‍വാന്തസും മരണമടഞ്ഞ ദിവസമായതുകൊണ്ടാണ് ഏപ്രില്‍ 23 ലോകപുസ്തകദിനമായത്. ഇരുവരുടെയും മരണത്തിന്റെ നാനൂറാം വാര്‍ഷികമാണ് ഈ പുസ്തകദിനം.

ഏപ്രില്‍ 23 ന് മരിച്ച എഴുത്തുകാര്‍ പലരുണ്ടെങ്കിലും (അവരുടെ വേര്‍ഡ്സ് വര്‍ത്ത്, നമ്മുടെ സത്യജിത് റായ്) യൂറോപ്യന്‍ സാഹിത്യത്തിന്റെ പ്രമാണരചനകള്‍ സൃഷ്ടിച്ച ഷെയ്ക്സ്പിയറുടെയും സെര്‍വാന്തസിന്റെയും മരണദിനത്തിനാണ് കൂടുതല്‍ പ്രാധാന്യമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. പണ്ടും കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത് യൂറോപ്യന്മാരായതിനാല്‍ പുസ്തകത്തിന്റെ ക്രെഡിറ്റും അവരുടെ അക്കൗണ്ടില്‍ത്തന്നെ കിടക്കട്ടെ. എഴുത്തുകാരുടെ ജനനമരണ രേഖകളൊന്നുമില്ലാത്ത പൗരസ്ത്യര്‍ക്കു പ്രതിഷേധിക്കാന്‍ അവകാശമില്ല, എഴുത്തും പുസ്തകവും പണ്ടെയുണ്ടെങ്കിലും.

ഏപ്രില്‍ 23 ഒരു സങ്കല്പം മാത്രമാണ്, ഷെയ്ക്സ്പിയര്‍ ജനിച്ചത് 1564 ഏപ്രില്‍ 23-നാണ് എന്ന സങ്കല്പം പോലെ. ആ വര്‍ഷം ഏപ്രില്‍ 26-ന് ഷെയ്ക്സ്പിയറെ ജ്ഞാനസ്നാനം ചെയ്യിച്ചു എന്ന രേഖയുടെ അടിസ്ഥാനത്തിലാണ് മൂന്നു ദിവസം മുമ്പ് അദ്ദേഹം ജനിച്ചുവെന്ന് പാശ്ചാത്യ പണ്ഡിതര്‍ സങ്കല്പിച്ചിട്ടുള്ളത്. 1616 ഏപ്രില്‍ 23-ന് ഷെയ്ക്സ്പിയറും സെര്‍വാന്തസും മരിച്ചുവെന്നതിലുമുണ്ട് സങ്കല്പത്തിന്റെ കളിയും തര്‍ക്കവും. 1616-ല്‍ സ്പെയിന്‍ ഇന്നത്തെപ്പോലുള്ള ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചിരുന്നു. ഷെയ്ക്സ്പിയറുടെ ഇംഗ്ലണ്ടിലാകട്ടെ പഴയ ജൂലിയന്‍ കലണ്ടറിനായിരുന്നു അംഗീകാരം. ഗ്രിഗോറിയനെക്കാള്‍ പതിനൊന്നുദിവസം പിന്നിലായിരുന്നു ജൂലിയന്‍ കലണ്ടറിലെ തീയതികള്‍. ഒരു നൂറ്റാണ്ടുകൂടി കഴിഞ്ഞ് 1752-ല്‍ മാത്രമാണ് ഇംഗ്ലണ്ട് ഗ്രിഗോറിയന്‍ കലണ്ടര്‍ സ്വീകരിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍, ഇരുവരും മരിച്ചത് ഒരേ ദിവസമല്ല എന്നാണര്‍ത്ഥം. മാത്രമല്ല, സെര്‍വാന്തസ് മരിച്ചത് ഏപ്രില്‍ 22-നും അടക്കിയത് പിറ്റേന്നുമായിരുന്നുവെന്നും ചില ഗവേഷകര്‍ വാദിക്കുന്നു.

സങ്കല്പങ്ങളും തര്‍ക്കങ്ങളും പാശ്ചാത്യ കേന്ദ്രീകരണവും അവിടെ നില്‍ക്കട്ടെ! ഷെയ്ക്സ്പിയറുടെ ഹാംലെറ്റ് പറഞ്ഞതുപോലെ 'വാക്കുകള്‍, വാക്കുകള്‍, വാക്കുകള്‍', അവയെമാത്രം നോക്കിയാല്‍ മതി. വായിക്കുന്നവരെയും പുസ്തകങ്ങള്‍ക്ക് അടിപ്പെട്ടവരെയും ഷെയ്ക്സ്പിയറും സെര്‍വാന്തസും ഇപ്പോഴും വിഭ്രമിപ്പിക്കുന്നു, വിലോലരും വിനീതരും വിശ്രാന്തരുമാക്കിത്തീര്‍ക്കുന്നു. സങ്കല്പത്തിന്റെ വിജയം. സങ്കല്പങ്ങളില്‍നിന്നെഴുതിയ പുസ്തകങ്ങളിലെ സന്ദര്‍ഭങ്ങളും തത്വങ്ങളും വച്ചാണല്ലോ നാം ഇപ്പോഴും ജീവിതത്തിലെ യഥാര്‍ത്ഥ സന്ദര്‍ഭങ്ങളെ നേരിടുന്നതും വ്യാഖ്യാനിക്കുന്നതും ആശ്വാസം കണ്ടെത്തുന്നതും. സങ്കല്പം കൊണ്ട് യാഥാര്‍ത്ഥ്യത്തെ നേരിടുന്ന കളി! അതാണ് പുസ്തകത്തിന്റെ വിജയം. അതിന്റെ ആധുനിക പെരുന്തച്ചന്മാരായിരുന്നു ഷെയ്ക്സ്പിയറും സെര്‍വാന്തസും. അവര്‍ ജീവിച്ചു മരിച്ച അതേ കാലത്താണ് നമ്മുടെ തുഞ്ചത്തെഴുത്തച്ഛനും ജീവിച്ചതും കിളിപ്പാട്ടുകള്‍ എഴുതി ആധുനിക മലയാളമുണ്ടാക്കിയതെന്നും നാം ഓര്‍ക്കാറില്ലെന്നുമാത്രം!

പുസ്തകദിനത്തെ ഒരു പ്രതീകം മാത്രമായിട്ടാണ് ഞാന്‍ സ്വീകരിക്കുന്നത്. പുസ്തകത്തിലും അതിന്റെ വായനയിലും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന മറുലോകങ്ങളെപ്പറ്റി ഓര്‍മിപ്പിക്കുന്ന ഒരു ദിവസം. അത് രണ്ടു മരണങ്ങളുടെ പേരിലാണെങ്കില്‍പ്പോലും ഹൃദ്യവും ആനന്ദകരവുമാണ്. പുസ്തകദിനത്തിനു സ്വയമറിയാതെ കാരണക്കാരായ ആ മരിച്ചവരാകട്ടെ മറുഭാഷയിലാണെഴുതിയതെങ്കിലും സ്വഭാഷയിലെഴുതിയതുപോലെ എന്നെ അസ്വസ്ഥതകളിലേക്കും ആനന്ദങ്ങളിലേക്കും നിരന്തരമായി വലിച്ചെറിയുന്നു.

മണ്ണില്‍നിന്നു മറഞ്ഞിട്ടു നാനൂറു വര്‍ഷമായിട്ടും നമ്മുടെ ചരിത്രാനുഭവത്തിന്റെയും ഭാഷാനുഭവത്തിന്റെയും ഒന്നുമല്ലാതിരുന്നിട്ടും എന്തുകൊണ്ടാണ് ഷെയ്ക്സ്പിയറും സെര്‍വാന്തസും തുഞ്ചനെയും കുഞ്ചനെയും പോലെ മലയാളിയെയും പിടിച്ചുലയ്ക്കുന്നത്. മനുഷ്യാനുഭവങ്ങളെ ദേശത്തിനും ഭാഷയ്ക്കുമപ്പുറത്തേക്കു പറഞ്ഞുവിടുന്ന വാക്കിന്റെയും പുസ്തകത്തിന്റെയും ലീല!

പടയാളിയായി ജീവിച്ചു ദരിദ്രനായി മരിച്ച സെര്‍വാന്തസ് ജീവിതത്തിലെ നാടകീയതകളൊന്നും തന്റെ വരിഷ്ഠരചനയായ 'ഡോണ്‍ ക്വിക് സോട്ടി' ലേക്കു പകര്‍ത്തിയില്ല (ആധുനിക നോവലിന്റെ തുടക്കമെന്നു പറയാവുന്ന 'ഡോണ്‍ ക്വിക് സോട്ടി'ന്റെ നാനൂറാം വാര്‍ഷികവുമാണിത്). പകരം തന്റെ നായകനെ പുസ്തകം വായിച്ചു സമനില തെറ്റിയ ഭ്രാന്തനും കോമാളിയുമായി ചിത്രീകരിച്ച് വായനക്കാരെ ചിരിപ്പിച്ച് അയാളെ വിശുദ്ധ പദവിയിലേക്കും അമരത്വത്തിലേക്കും ഉയര്‍ത്തിയെടുത്തു. നാടകീയതകളൊന്നുമില്ലാതെ ജീവിച്ചുവെന്നു കരുതുന്ന ഷെയ്ക്സ്പിയറാകട്ടെ തന്റെ നാടകങ്ങളിലും കവിതകളിലുമുടനീളം മനുഷ്യജീവിതസംഘര്‍ഷങ്ങള്‍ കോരിനിറച്ചു. സ്നേഹം, പ്രേമം, സൗഹൃദം, വിശ്വാസം, ചതി, വഞ്ചന, വൈരം, അന്തസ്സ്, ആത്മാഭിമാനം, വേദന, തോല്‍വി, മരണം തുടങ്ങിയ സംജ്ഞകളിലെഴുതാവുന്ന മനുഷ്യാനുഭവ വൈവിധ്യങ്ങളെ നേരിടാനും വ്യാഖ്യാനിക്കാനും എത്രയെങ്കിലും മാതൃകകള്‍ ഷെയ്ക്സ്പിയറില്‍നിന്നു കിട്ടും. തത്വചിന്തകള്‍ പോലും ഷെയ്ക്സ്പിയറെ ആശ്രയിച്ചതങ്ങനെയാണ്. ജീവിതം ഒരു വിഡ്ഢി പറഞ്ഞ കഥയാണെന്നും ഒരു പേരിലെന്തിരിക്കുന്നുവെന്നും ഷെയ്ക്സ്പിയറെ വായിക്കാത്തവരും പറയും.

സെര്‍വാന്തസില്‍ മറ്റൊരു ലോകമാണ് നാം കാണുക. ഉന്മാദിയില്‍നിന്നു പുണ്യാത്മാവിലേക്കു നീങ്ങുന്ന ക്വിക് സോട്ടിലൂടെയും വിഡ്ഢിയില്‍നിന്നു ജ്ഞാനിയിലേക്കു വളരുന്ന സാഞ്ചോ പാന്‍സയിലൂടെയും തുറന്നിട്ട യാഥാര്‍ത്ഥ്യത്തിന്റെയും ഫാന്റസിയുടെയും ലോകം. ചിരിയും കരച്ചിലും വിഡ്ഢിത്തവും വിവേകവും നിറഞ്ഞ ലോകത്തിന്റെ കണ്ണാടിക്കാഴ്ചയാണത്. പുസ്തകങ്ങളില്‍ അവയല്ലാതെ മറ്റെന്തുകിട്ടാനാണ്. അതുകൊണ്ടുതന്നെ ലോകത്തെ എല്ലാ പുസ്തകങ്ങളിലും ഷെയ്ക്സ്പിയറുടെയും സെര്‍വാന്തസിന്റെയും സഞ്ചാരമുണ്ടെന്നു പറഞ്ഞാലും പിശകില്ല.

Content Highlights: William shakespeare, miguel cervantes, international book day

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mohanlal, innocent

1 min

പ്രിയപ്പെട്ട ഇന്നസെന്റിനെ ഒരുനോക്ക് കാണാന്‍ മോഹന്‍ലാല്‍ എത്തി | VIDEO

Mar 27, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


accident

1 min

അമിതവേഗതയിലെത്തിയ കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു; കോട്ടയത്ത് യുവാവിന് ദാരുണാന്ത്യം | Video

Mar 27, 2023

Most Commented