ടി.പി രാജീവൻ
മലയാളഭാഷയില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ശ്രദ്ധിച്ചുവായിക്കേണ്ടതാണ് മാതൃഭൂമിയില്‍ കെ. ജയകുമാര്‍ എഴുതിയ 'വൈകിക്കൂടാ മലയാളത്തിനൊരു പരിഭാഷാ പദ്ധതി' എന്ന ലേഖനം. ഒരു ഭാഷയുടെയും അതിലെ സാഹിത്യത്തിന്റെയും നിലനില്‍പ്പിനും വ്യാപനത്തിനും പരിഭാഷകള്‍ അനിവാര്യമാണെന്ന ലേഖനത്തിലെ നിലപാട് അംഗീകരിച്ചുകൊണ്ടുതന്നെ പരിഭാഷാപദ്ധതി ആസൂത്രണത്തെപ്പറ്റി ചില കാര്യങ്ങള്‍ സൂചിപ്പിക്കുകയാണ് ഈ കുറിപ്പിന്റെ ഉദ്ദേശ്യം.
പരിഭാഷ എന്ന കല
ഗീതാഞ്ജലിശ്രീ എന്ന ഹിന്ദി എഴുത്തുകാരിക്ക് 'രേത്ത് സമാധി' (മണല്‍ ശവകുടീരം) എന്ന നോവലിന് ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ലഭിച്ചതാണ് ലേഖനത്തിന് പ്രചോദനമായത്. ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരുടെ കൃതികള്‍ക്ക് മുമ്പ് ബുക്കര്‍ സമ്മാനം ലഭിച്ചിട്ടുണ്ടെങ്കിലും ഒരു ഇന്ത്യന്‍ ഭാഷാകൃതിക്ക് ഇത് ലഭിക്കുന്നത് ആദ്യമായിട്ടാണ്. ഈ സാഹചര്യത്തില്‍ വിവര്‍ത്തനത്തിന് പ്രസാധക ലോകത്ത് ലഭിക്കുന്ന പുതിയ അംഗീകാരത്തെ മലയാള സാഹിത്യലോകവും ബന്ധപ്പെട്ട സ്ഥാപനങ്ങളും പൂര്‍ണതോതില്‍ മനസ്സിലാക്കണമെന്നാണ് ലേഖകന്റെ നിലപാട്. ഇത് എല്ലാ അര്‍ഥത്തിലും അംഗീകരിക്കാവുന്നതാണ്. പക്ഷേ, എന്താണ് നമ്മള് മനസ്സിലാക്കേണ്ടത്? ഇന്ത്യന്‍ ഭാഷാകൃതികളില്‍ ബുക്കര്‍, നൊബേല്‍ സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നും എങ്ങനെയെങ്കിലും കൃതികള്‍ ഇംഗ്ളീഷിേേലക്കാ മറ്റു വിദേശ ഭാഷകളിലേക്കോ വിവര്‍ത്തനം ചെയ്യപ്പെട്ടാല്‍ മതി അവയ്ക്ക് അംഗീകാരം താനേ ലഭിച്ചുകൊള്ളും എന്നും ആണോ? അങ്ങനെയാണെങ്കില്‍ കേരളത്തില്‍ പരാജയപ്പെടുന്ന മറ്റൊരു പദ്ധതിയാവും പരിഭാഷാ പദ്ധതി. പരിഭാഷയുടെ വിശാലമായ അര്‍ഥവും പ്രയോഗവും തിരിച്ചറിഞ്ഞുവേണം പരിഭാഷയ്ക്ക് പദ്ധതി ആവിഷ്കരിക്കാന്‍.
Also Read
ഒരു ഭാഷയിലെ സാഹിത്യം മറ്റൊരു ഭാഷയിലെത്തിക്കാനുള്ള മധ്യവര്ത്തിധര്മം നിര്‍വഹിക്കുക മാത്രമല്ല പരിഭാഷകള്‍ ചെയ്യുന്നത്. ഒരു ഭാഷയിലെ കൃതികളുടെ അതിജീവനം കൂടി പരിഭാഷയെ ആശ്രയിക്കുന്നു. ഭക്തിപ്രസ്ഥാനകാലത്ത് വിവിധ ഇന്ത്യന്‍ ഭാഷകളിലേക്ക് രാമായണം, മഹാഭാരതംപോലുള്ള സംസ്കൃത ഭാഷാ ഇതിഹാസങ്ങള്‍ മൊഴിമാറ്റം ചെയ്യപ്പെടുകയും പുനരാഖ്യാനം ചെയ്യപ്പെടുകയും ചെയ്തില്ലായിരുന്നെങ്കില്‍ ആ ഇതിഹാസങ്ങള്‍ അവ മൗലികമായി രചിക്കപ്പെട്ട സംസ്കൃതം പോലെത്തന്നെ ജനങ്ങളില്‍നിന്ന് അകന്നു പോകുമായിരുന്നു. മൊഴിമാറ്റത്തിലൂടെയാണ് ലോകത്ത് എല്ലാ ഭാഷാ ഇതിഹാസങ്ങളും അവയുടെ ശക്തിയും സൗന്ദര്യവും പ്രസരിപ്പിക്കുന്നത്. മൗലിക രചനയ്ക്ക് ആവശ്യമായ അതേ സിദ്ധിയും സാധനയും വിവര്‍ത്തകര്‍ക്കും പുനരാഖ്യാതാക്കള്ക്കും ഭാഷയും സംസ്കാരവും എല്ലാ കാലത്തും നല്‍കിയിട്ടുണ്ട്. അതുകൊണ്ടാണ് എഴുത്തച്ഛന് ഭാഷാ പിതാവായത്. കുഞ്ചന്‍ നമ്പ്യാര്‍ മലയാളത്തിന്റെ ചുട്ടുപൊള്ളിക്കുന്ന ചിരിയായത്.
വിവര്‍ത്തനം കരാറുപണിയല്ല
പുരസ്കാരലബ്ധിയും പ്രസാധകരുടെ വാണിജ്യതാത്പര്യങ്ങളുംമാത്രം നോക്കി ഏറ്റെടുക്കേണ്ട ഒരു പദ്ധതിയല്ല വിവര്‍ത്തനം. ലോകത്തിലെ മഹത്തായ ഒരു കൃതിയുടെയും വിവര്‍ത്തനം അങ്ങനെ ഉണ്ടായതല്ല. എഴുത്തുകാരന്റേതുപോലെത്തന്നെയുള്ള ഉള്‍ക്കാഴ്ചകളും തയ്യാറെടുപ്പുകളും ഭാഷയുമായുള്ള നിരന്തരസമ്പര്‍ക്കവും ആവശ്യപ്പെടുന്നതാണ് വിര്ത്തനവും. അത് ഏതെങ്കിലും പ്രസാധകന് ആവശ്യപ്പെട്ടാല്‍ ചെയ്യുന്ന കാരാറുപണിയല്ല. ഒരു കൃതിയുടെ തരംഗ ദൈര്‍ഘ്യവുമായി ഒരു വിവര്ത്തകന് താതാത്മ്യം കണ്ടെത്തുമ്പോഴാണ് വിവര്‍ത്തനങ്ങള്‍ വിജയിക്കുന്നത്.
ഗീതാഞ്ജലിശ്രീയുടെ ബുക്കര്‍ നേടിയ നോവലിന്റെ വിവര്‍ത്തനചരിത്രം തന്നെ പരിശോധിക്കുക. 'രേത്ത് സമാധി' എന്ന ഈ ഹിന്ദി നോവല്‍ മണല്‍ ശവകുടീരം (Tomb of sand) എന്ന പേരില്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഡെയ്സി റോക്വെല് (Dasiy Rockwell) എന്ന അമേരിക്കന്‍ വിവര്‍ത്തകയാണ്. അവരുടെ ആദ്യ വിവര്ത്തനകൃതിയല്ല 'മണല്കുടീരം.' ഇന്ത്യന്‍ ഭാഷകളില്‍നിന്നുള്ള വിവര്‍ത്തനം ജീവിതത്തിലെ ഒരു ദൗത്യമായി ഏറ്റെടുത്ത റോക്വെല് ഹിന്ദിയില്‍നിന്നും ഉറുദുവില്നിന്നും ഒട്ടേറെ കൃതികള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ഉപേന്ദ്രനാഥ് ആഷിക്, ഭീഷ്മ സാഹ്നി, ഖജീദ മാസ്തുര് എന്നിവരാണ് നേരത്തേ അവര്‍ മൊഴിമാറ്റിയ എഴുത്തുകാര്‍.
വിവര്‍ത്തനം എത്രമാത്രം ഗൗരവമര്‍ഹിക്കുന്ന ഒരു സാംസ്കാരികപ്രവര്‍ത്തനമാണ് എന്ന് റോക്വെല്ലിന്റെ പശ്ചാത്തലംതന്നെ വ്യക്തമാക്കും. അമേരിക്കയിലെ പടിഞ്ഞാറന്‍ മാസച്യുസെറ്റ്സില്‍ ജനിച്ചു വളര്‍ന്ന ഡെയ്സി റോക്വെല്ലിന് ഭാഷകളിലായിരുന്നു താത്പര്യം. ലാറ്റിന്‍, ഫ്രഞ്ച്, ജര്‍മന്‍ പുരാതന ഗ്രീക്ക് എന്നീ ഭാഷകള്‍ക്കൊപ്പം ഹിന്ദിയും ഉറുദുവും അവര്‍ പഠിക്കുകയും ഷിക്കാഗോ സര്‍വകലാശാലയില്‍നിന്ന് ഏഷ്യന്‍ സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. പ്രശസ്ത ഇന്ത്യന്‍ ഇംഗ്ളീഷ് കവിയും വിവര്‍ത്തകനുമായ എ.കെ. രാമാനുജന്റെ കീഴിലായിരുന്നു റോക്വെല് ഹിന്ദി സാഹിത്യവും വിവര്‍ത്തനവും സാമൂഹികശാസ്ത്രവും പഠിച്ചത്. ഇന്ത്യന്‍ വിവര്‍ത്തനത്തിലെ ഒരു സൂര്യനായിരുന്നല്ലോ എ.കെ. രാമാനുജന്. ഇങ്ങനെയുള്ള ആഴമേറിയതും വിശാലവുമായ തയ്യാറെടുപ്പുകള്‍ നടത്തിയ ഒരു വിവര്‍ത്തകയുടെ ശ്രമത്തിനു കൂടിയാണ് ഇപ്പോള്‍ ബുക്കര്‍ ലഭിച്ചിരിക്കുന്നത്.
വിവര്‍ത്തകരെ കണ്ടെത്തല്‍
മലയാളത്തിന് പരിഭാഷാ പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യം വിവര്‍ത്തകരുടെ അഭിരുചിയും യോഗ്യതയും കാര്യക്ഷമതയും ശേഷിയും നിര്‍ണയിക്കുന്നതിലും തിരഞ്ഞെടുക്കുന്നതിലുമാണ്. സാഹിത്യ അക്കാദമി ഭാരവാഹികളെയും അംഗങ്ങളെയും തിരഞ്ഞെടുക്കുന്നതുപോലെയോ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പരിപാടികളിലേക്ക് എഴുത്തുകാരെയും സാംസ്കാരിക പ്രവര്‍ത്തകരെയും നാമ നിര്‍ദേശം ചെയ്യുന്നതുപോലെയോ ആവരുത് വിവര്‍ത്തകരെ കണ്ടെത്തല്‍.
റോക്വെല്ലിനെപ്പോലെ മറ്റൊരു രാജ്യത്ത് ജനിച്ച് മലയാളം പഠിച്ച് മലയാളകൃതികള്‍ ഇംഗ്ളീഷിേേലക്കാ മറ്റു വിദേശ ഭാഷകളിലേക്കോ വിവര്‍ത്തനം ചെയ്യുന്ന എത്രപേരെ നമ്മുടെ സര്‍വകലാശാലകള്‍ക്കും അക്കാദമികള്‍ക്കും കണ്ടെത്താന്‍ കഴിയും? ഇതിനുള്ള ഉത്തരത്തിലാണ് നമ്മുടെ മലയാളത്തിന്റെ പരിഭാഷാ പദ്ധതിയുടെ ഭാവി. അതിന് ഷിക്കാഗോ സര്‍വകലാശാല റോക്വെല്ലിന് നല്കിയതുപോലുള്ള അവസരം കേരളത്തിലെ സര്‍വകലാശാലകളും (ചുരുങ്ങിയത് മലയാള സര്‍വകലാശാല എങ്കിലും) തത്പരരായ വിദേശ പണ്ഡിതര്‍ക്ക് നല്‍കണം. ഇംഗ്ളീഷ് അറിയുന്നതുകൊണ്ട് ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യാമെന്ന അറിവില്ലായ്മയില്‍നിന്ന് നമ്മള് പുറത്തു കടക്കേണ്ടിയിരിക്കുന്നു.
ഒരു ഭാഷയിലെ സാഹിത്യം മറ്റൊരു ഭാഷയിലെത്തിക്കാനുള്ള മധ്യവര്ത്തിധര്മം നിര്‍വഹിക്കുക മാത്രമല്ല പരിഭാഷകള്‍ ചെയ്യുന്നത്. ഒരു ഭാഷയിലെ കൃതികളുടെ അതിജീവനം കൂടി പരിഭാഷയെ ആശ്രയിക്കുന്നു
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..