പ്രതീകാത്മക ചിത്രം | Photo: AP
കഴിഞ്ഞ പത്തുപതിനഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ സാന്നിധ്യമുള്ള മുഖ്യധാരാ ഇംഗ്‌ളീഷ് പ്രസാധകര്‍ ഭാഷാന്തരം ചെയ്യപ്പെടുന്ന നോവലുകളെ പുതിയൊരു കാഴ്ചപ്പാടില്‍ പരിഗണിക്കാന്‍തുടങ്ങി. അത് വായനക്കാരുടെ അഭിരുചിയില്‍ മെല്ലെ വന്നുഭവിച്ച മാറ്റത്തിന്റെ സൂചനയായിരുന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെ അനുഭവയാഥാര്‍ഥ്യമായി മാറിയ ആഗോളീകരണം മനുഷ്യരുടെ അഭിരുചികളെ ഏറക്കുറെ സമാനമായ കലാസൃഷ്ടികള്‍കൊണ്ട് ചെടിപ്പിക്കാന്‍ തുടങ്ങി. വസ്ത്രധാരണം, ഇലക്‌ട്രോണിക് സാധനങ്ങള്‍, മറ്റു നിത്യോപഭോഗ വസ്തുക്കള്‍, ഉപഭോഗശീലങ്ങള്‍, ഭക്ഷണം എന്നിവയുടെ ഏകതാനത, സാഹിത്യാസ്വാദനത്തില്‍ വിരസതയും പരിമിതിയും തീര്‍ത്തപ്പോഴാണ് പ്രസാധകര്‍ വ്യത്യസ്തമായ ജീവിതാനുഭവങ്ങള്‍ അന്വേഷിക്കാന്‍ ആരംഭിച്ചത്. പരിഭാഷയ്ക്കു കൈവന്ന നവപ്രാധാന്യത്തെ ഈ വിധത്തിലാണ് നിര്‍ധാരണം ചെയ്യേണ്ടത്. ഇന്ന് ജെ.സി.ബി. പ്രൈസ്, ഡി.എസ്.സി. പ്രൈസ് എന്നിങ്ങനെയുള്ള ആകര്‍ഷകമായ അംഗീകാരങ്ങള്‍ വ്യാപകമാവുന്നതിനും ഇതുതന്നെയാണ് കാരണം. അതൊരു മോശം കാര്യമാണെന്നല്ല. ഈ മാറ്റം നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും കൈവന്ന അവസരമായിക്കണ്ട് പ്രയോജനപ്പെടുത്തണം.
ഷാനാസ് ഹബീബ് പരിഭാഷപ്പെടുത്തിയ ബെന്യാമിന്റെ 'മുല്ലപ്പൂ നിറമുള്ള പകലുകള്‍', ജയശ്രീ കളത്തില്‍ പരിഭാഷപ്പെടുത്തിയ എസ്. ഹരീഷിന്റെ 'മീശ', ഇ.വി. ഫാത്തിമയും കെ. നന്ദകുമാറും ചേര്‍ന്ന് വിവര്‍ത്തനംചെയ്ത എം. മുകുന്ദന്റെ 'ഡല്‍ഹി ഗാഥകള്‍' എന്നീ അംഗീകാരങ്ങള്‍ മലയാളത്തിന്റെ അഭിമാനമാണ്. കെ.ആര്‍. മീരയുടെ ആരാച്ചാര്‍, ജെ. ദേവികയുടെ പരിഭാഷയില്‍ ദക്ഷിണേഷ്യന്‍ സാഹിത്യത്തിന് നല്‍കപ്പെടുന്ന ഡി.എസ്.സി. സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടംനേടിയതും മീരയുടെ പുസ്തകങ്ങളുടെ ഇംഗ്‌ളീഷ് പരിഭാഷകള്‍ പ്രിയങ്കരമാവുന്നതും ഏറെ സന്തോഷപ്രദം. സി.വി. ബാലകൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തക'ത്തിനും ഇ. സന്തോഷ്‌കുമാറിന്റെ 'അന്ധകാരനഴി'ക്കും വി.ജെ. ജെയിംസിന്റെ 'ആന്റി ക്ലോക്കി'നും മികച്ച പരിഭാഷകളും പ്രധാനപ്പെട്ട ഇംഗ്‌ളീഷ് പ്രസാധകരുമുണ്ടായി. ഈ അനുകൂലമായ കാറ്റ് നഷ്ടമാവാന്‍ അനുവദിച്ചുകൂടാ.
Also Read
നൊബേല്‍ മലയാളത്തിലും വരും
പരിഭാഷകള്‍ നിരന്തരമായി പ്രോത്സാഹിപ്പിക്കേണ്ടത് ആരാണ്? പ്രശസ്തരായ എഴുത്തുകാര്‍ക്ക് പരിഭാഷകരും പ്രസാധകര്‍ ഉണ്ടാകും. എന്നാല്‍, പ്രശസ്തി കുറവാണെങ്കിലും പ്രതിഭ ധാരാളമുള്ള മികച്ച അനേകം എഴുത്തുകാരും ധാരാളം രചനകളും ലോകഭാഷകളുടെ ആകാശംകാണാതെ ഇപ്പോഴും ഈ മലയാളത്തിലുണ്ടല്ലോ. ഇതിനുമാത്രം നിയുക്തമായ ഒരു സ്ഥാപനം നമുക്കില്ല. മലയാളം പ്രസാധകര്‍ക്ക് ഇംഗ്‌ളീഷിലേക്കും മറ്റു ഭാഷകളിലേക്കുമുള്ള പരിഭാഷകള്‍ പ്രോത്സാഹിപ്പിക്കാന്‍ അമിതതാത്പര്യം ഉണ്ടാവാന്‍ വഴിയില്ല.
തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ 2014 മുതല്‍ ഒരു പരിഭാഷാപദ്ധതി നടപ്പാക്കിയിരുന്നു. പന്ത്രണ്ടോളം പുസ്തകങ്ങള്‍ പ്രമുഖ ഇംഗ്ലീഷ് പ്രസാധകരെക്കൊണ്ട് പ്രസിദ്ധീകരിക്കാനും സാധിച്ചു. അംബികാസുതന്‍ മാങ്ങാടിന്റെ 'എന്‍മകജെ'യും ഖദീജാ മുംതാസിന്റെ 'ബര്‍സ'യും ഇക്കൂട്ടത്തില്‍പ്പെടും. ഈ പ്രോജക്ടിനുവേണ്ടി പ്രസാധകരുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടാനും മറ്റുമായി മലയാള സര്‍വകലാശാലയെ സഹായിച്ച മിനി കൃഷ്ണന്റെ സേവനവും സച്ചിദാനന്ദന്‍, പ്രൊഫ. ഇ.വി. രാമകൃഷ്ണന്‍, പ്രൊഫ. പി.പി. രവീന്ദ്രന്‍, ഡോ. എം.എം. ബഷീര്‍, പ്രൊഫ. ടി.എം. യേശുദാസന്‍ തുടങ്ങിയവരടങ്ങുന്ന ഉപദേശകസമിതിയുടെ മാര്‍ഗനിര്‍ദേശവുമായിരുന്നു ആ പ്രോജക്ടിനെ അര്‍ഥപൂര്‍ണവും പ്രസാധകലോകത്തു ശ്രദ്ധേയവുമാക്കിയത്. ഇപ്പോള്‍ ആ പദ്ധതിനിന്നുപോയെങ്കിലും അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തമിഴ്‌നാട് സര്‍ക്കാര്‍ വിപുലമായ പരിഭാഷാപദ്ധതി ആരംഭിച്ചുകഴിഞ്ഞു. അനേകം ഭാഷകള്‍ ദൃശ്യതയ്ക്കും അംഗീകാരത്തിനായി മത്സരിക്കുന്ന ഒരു പരിതോവസ്ഥയില്‍ പാവം എഴുത്തുകാരെക്കൊണ്ടും പരിഭാഷകരെക്കൊണ്ടും മാത്രം മലയാളസാഹിത്യത്തിന് അര്‍ഹമായ സ്ഥാനം എങ്ങനെ നേടിയെടുക്കാനാവും?
പരിഭാഷയ്ക്ക് അനുകൂലമായി നിലനില്‍ക്കുന്ന അഭിരുചിവിശേഷത്തെ പ്രയോജനപ്പെടുത്താന്‍വേണ്ട സമര്‍പ്പിതപ്രവര്‍ത്തനം ആരംഭിക്കേണ്ടത് ഇപ്പോഴാണ്. മലയാളഭാഷയോടും സാഹിത്യത്തോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയും സാമ്പത്തിക പിന്‍ബലവും മാത്രമേ ഈ സന്ധിയില്‍ തുണയ്‌ക്കെത്താനുള്ളൂ. കൃത്യമായി നിര്‍വചിക്കപ്പെട്ട ഒരു പരിഭാഷാ പ്രോജക്ട് ആരംഭിക്കാന്‍ ഇനി വൈകിക്കൂടാ. ഡി.എസ്.സി. സമ്മാനത്തിനും ബുക്കര്‍ പ്രൈസിനും നൊബേല്‍ സമ്മാനത്തിനും പരിഗണിക്കാതിരിക്കാന്‍ സാധിക്കാത്ത സാന്നിധ്യമായി വളരാന്‍വേണ്ട ആന്തരിക ചൈതന്യംകൊണ്ട് സമ്പന്നവും അനുഗൃഹീതവുമാണല്ലോ മലയാളസാഹിത്യം. നാളെ ഒരു മലയാളകൃതിയെയും അതിന്റെ രചയിതാവിനെയുംതേടി നൊബേല്‍ സമ്മാനം വരും. അത് ലക്ഷ്യബോധവും സമര്‍പ്പണബോധവും അഭിമാനബോധവുമുള്ള ഈ പരിഭാഷാ പ്രയത്‌നത്തിന്റെ മധുരഫലമായിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..