ബുക്കർ സമ്മാനവുമായി ഗീതാഞ്ജലി ശ്രീ ഫോട്ടോ: എ.പി
ഈവര്‍ഷത്തെ ബുക്കര്‍സമ്മാനം നേടിയ 'Tomb of Sand' എന്ന കൃതി ഗീതാഞ്ജലിശ്രീ ഹിന്ദിയില്‍ എഴുതിയ നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയാണ്. ഡെയ്സി റോക്വെല് ആണ് പരിഭാഷക. പരിഭാഷപ്പെടുത്തിയ ഒരിന്ത്യന്‍ കൃതിക്ക് ഈ അന്തര്ദേശീയപുരസ്കാരം ലഭിക്കുന്നത് ഇതാദ്യം. ഇതിനുമുമ്പ് ബുക്കര്‍സമ്മാനം നേടിയ ഇന്ത്യന്‍ എഴുത്തുകാരായ അരുന്ധതി റോയ്, കിരണ്‍ ദേശായി, അരവിന്ദ് അഡിഗ എന്നിവരെല്ലാം ഇംഗ്ലീഷില്‍ എഴുതുന്നവരാണ്.
പരിഭാഷപ്പെടുത്തിയ ഒരു ഹിന്ദി നോവലിനെത്തേടി ഈവര്‍ഷത്തെ ബുക്കര്‍സമ്മാനം വന്നു എന്ന വസ്തുതയെ അതു പ്രസരിപ്പിക്കുന്ന എല്ലാ അര്ഥവ്യാപ്തിയോടുംകൂടി കാണണം. ഒരിന്ത്യന്‍ എഴുത്തുകാരിക്ക് ഈ അംഗീകാരം കിട്ടി എന്നത് ആഹ്ളാദകരവും അഭിമാനപ്രദവും ആയിരിക്കുമ്പോള്‍തന്നെ, സാഹിത്യകൃതികളുടെ പരിഭാഷയ്ക്ക് കഴിഞ്ഞ ഏതാനുംവര്‍ഷങ്ങളായി പ്രസാധനലോകത്ത് കൈവന്നുകൊണ്ടിരിക്കുന്ന പുതിയ അംഗീകാരത്തെ മലയാളസാഹിത്യലോകവും ബന്ധപ്പെട്ട സ്ഥാപനങ്ങളും പൂര്‍ണതോതില്‍ മനസ്സിലാക്കിയതായി കരുതാന്‍വയ്യ. ഒരു ഭാഷയെ ലോകം ആദരിക്കാനും അംഗീകരിക്കാനും തുടങ്ങുന്നത് ആ ഭാഷയില്‍ രചിക്കപ്പെടുന്ന സാഹിത്യകൃതികള്‍ക്കു ലഭിക്കുന്ന പ്രാധാന്യംകൊണ്ടാണ്. അല്ലാതെ എങ്ങനെയാണ്, ഭാരതംപോലൊരു ബഹുഭാഷാരാജ്യത്തിനുള്ളിലെ ഒരു ഭാഷ ശ്രദ്ധിക്കപ്പെടുക?
പരിഭാഷയെന്ന വാതായനം
നൂറ്റിപ്പത്ത് വര്‍ഷംമുമ്പ് രവീന്ദ്രനാഥ ടാഗോറിന് നൊബേല്‍ സമ്മാനം ലഭിച്ചതിലൂടെ ബംഗാളിഭാഷയ്ക്കും സാഹിത്യത്തിനും കൈവന്ന വ്യാപകമായ പ്രാമുഖ്യവും അംഗീകാരവും നമുക്ക് അറിവുള്ളതാണ്. അനേകം ബംഗാളി എഴുത്തുകാരെ ഇങ്ങ് കേരളത്തില്‍ നാം പരിഭാഷയിലൂടെ പരിചയപ്പെട്ടു (എന്നാല്‍, എത്ര മലയാളി എഴുത്തുകാരുടെ കൃതികള്‍ ബംഗാളിയിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ടെന്ന അന്വേഷണം നമ്മളെ നിരാശപ്പെടുത്തും). ഇനി ടാഗോറിന്റെ നൊബേല്‍ സമ്മാനത്തിലേക്കു വന്നാലോ? സര്‍വോന്നത പുരസ്കാരത്തിന് അര്‍ഹമായ ഗീതാഞ്ജലിതന്നെ പരിഭാഷപ്പെടുത്തപ്പെട്ട കവനങ്ങളായിരുന്നുവല്ലോ. ടാഗോര്‍ പലപ്പോഴായി ബംഗാളിയില്‍ എഴുതി പ്രസിദ്ധീകരിച്ച കവിതകളില്‍നിന്ന് മഹാകവിതന്നെ നൂറ്റിമൂന്നെണ്ണം തിരഞ്ഞെടുത്ത് 'തന്നാലാവുംവിധം' ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാണ് സമ്മാനിതമായ ഗീതാജ്ഞലി. (ടാഗോറിനുശേഷം മറ്റൊരു സാഹിത്യ നൊബേല്‍ ഇന്ത്യയിലേക്ക് വരുകയുണ്ടായില്ല എന്നും ഓര്‍ക്കണം.) മലയാളത്തിലേക്ക് വളരെ നേരത്തേ വിവര്‍ത്തനം ചെയ്യപ്പെട്ട ക്ളാസിക് റഷ്യന്‍, ഫ്രഞ്ച് നോവലുകള്ക്കുലഭിച്ച സ്വീകാര്യത ആരെയും അമ്പരപ്പിക്കും. എന്നാല്‍, മലയാളകൃതികള്‍ മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള പരിശ്രമങ്ങള്‍ ഇപ്പോഴും വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്കപ്പുറത്തേക്ക് വളര്‍ന്നിട്ടില്ല.
വിവര്‍ത്തനത്തിലൂടെ വ്യാപകമായ ശ്രദ്ധനേടിയ ആദ്യ മലയാളനോവല്‍ തകഴിയുടെ ചെമ്മീന്‍ ആയിരുന്നു. പിന്നീട് ആഷര്‍ എന്ന ഇംഗ്ലീഷ് ഭാഷാപണ്ഡിതന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകളില്‍ ആകൃഷ്ടനായി 'ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്' ഉള്‍പ്പെടെയുള്ള, പരിഭാഷയ്ക്കു വഴങ്ങാത്ത കൃതികള്‍ ശ്രദ്ധേയമാംവിധം മൊഴിമാറ്റംചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി. ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' അദ്ദേഹംതന്നെ പരിഭാഷപ്പെടുത്തി.
വി. അബ്ദുള്ളയെപ്പോലുള്ളവരുടെ ശ്രമഫലമായി കുറെയേറെ മലയാളം ചെറുകഥകളും നോവലുകളും വിവര്‍ത്തനം ചെയ്യപ്പെട്ടു. എം.ടി.യുടെ കഥകളും നോവലുകളും ഗീതാ കൃഷ്ണന്‍കുട്ടിയുടെ വിവര്‍ത്തനത്തില്‍ മികച്ച പ്രസാധകര് പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. എം. മുകുന്ദന്റെ കൃതികള്‍ക്ക് ഇംഗ്ളീഷിലും ഫ്രഞ്ചിലും പരിഭാഷകളുണ്ടായി. സേതുവിന്റെ നോവലുകള്‍ ഇംഗ്ളീഷിലും ജര്‍മന്‍ഭാഷയിലും പ്രസിദ്ധീകരിക്കപ്പെട്ടു. എഴുത്തുകാരന്റെ പ്രതിഭയും പ്രാധാന്യവും ഈ പരിഭാഷകള്‍ സാധ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
(തുടരും)
Content Highlights: why literary translation is important
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..