'ഒപ്പമെത്താനാവാത്ത അപരത്വങ്ങള്‍'; നോബല്‍ സാധ്യതയുള്ള എഴുത്തുകാരുടെ കൃതികളില്‍ നിന്നുളള ഭാഗങ്ങള്‍


ജയകൃഷ്ണന്‍

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന്‌ വായനക്കാരും വാതുവെപ്പുകാരും ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന പ്രധാന എഴുത്തുകാരെ പരിചയപ്പെടാം

.

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം വ്യാഴാഴ്ച പ്രഖ്യാപിക്കാനിരിക്കെ ലോകത്തിലെ പരമോന്നത സാഹിത്യ പുരസ്‌കാരം ആര് നേടും എന്നുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കയാണ്. വായനക്കാരും വാതുവെപ്പുകാരും ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന പ്രധാന എഴുത്തുകാരെ പരിചയപ്പെടാം. അവരുടെ കൃതികളില്‍ നിന്നുള്ള ഭാഗങ്ങള്‍ വായിക്കാം.

ഹൊമേറോ അരിഡ്‌സിസ് (Homero Aridjis):
പത്തൊന്‍പതു കവിതാ സമാഹാരങ്ങളും പതിനേഴു നോവലുകളും അനേകം ചെറുകഥകളും ബാലസാഹിത്യ പുസ്തകങ്ങളും എഴുതിയിട്ടുള്ള അരിഡ്‌സിസ് മെക്‌സിക്കോയില്‍ മാത്രമല്ല ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന എഴുത്തുകാരനാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സങ്കീര്‍ണതകളും വീണ്ടുവിചാരങ്ങളും അദ്ദേഹത്തിന്റെ രചനകളില്‍ കടന്നുവരുന്നു. അരിഡ്‌സിസിന്റെ Child Poet എന്ന കൃതിയില്‍ നിന്ന് ഒരു ഭാഗമാണ് താഴെ ചേര്‍ത്തിരിക്കുന്നത്:

ഇടനാഴിയില്‍ അമ്മയുടെ കാലൊച്ചകള്‍, തുറക്കുകയോ അടയുകയോ ചെയ്യുന്ന വാതില്‍, മേല്‍ക്കൂരയില്‍ മഴ പെയ്യുന്ന ശബ്ദം.

കടയിലിരിക്കുന്ന അച്ഛന്റെ നേരെ എന്റെ ചിന്തകള്‍ ഒഴുകി. മുറിയിലേക്കു വന്ന് എന്റെയടുത്തിരിക്കുന്ന അച്ഛനെ ഞാന്‍ സങ്കല്പിച്ചു; എപ്പോഴും എന്റെയടുത്തിരിക്കുന്നതായി.

പക്ഷേ അച്ഛനങ്ങനെ ചെയ്തില്ല. ഞാനുടനെ അച്ഛാ, അച്ഛാ എന്ന് ഉറക്കെ വിളിച്ചു. ഞാന്‍ വിളിക്കുന്നതു കേട്ടാലുടനെ എല്ലാം വിട്ടിട്ട് അച്ഛന്‍ ഓടി വരുമെന്ന് എനിക്കറിയാം.

അച്ഛനങ്ങനെ തന്നെ ചെയ്തു. അച്ഛനെന്റെ അരികിലിരിക്കും; അച്ഛന്റെ വിസ്മയകരമായ സാന്നിദ്ധ്യത്തില്‍ വീണ്ടും ഉറങ്ങുന്നതുവരെ ഞാനച്ഛനെ നോക്കിയിരിക്കും.

ഞാനോര്‍ക്കുന്നു, വിദൂരമായ ഭൂതകാലത്തില്‍ അച്ഛനെന്റെ മുറി വിട്ടു പോയ നിമിഷത്തില്‍ എനിക്കദ്ദേഹത്തെ തടയാന്‍ കഴിഞ്ഞില്ല. അച്ഛനോട് പോവരുതെന്നു പറയാനുള്ള ആഗ്രഹത്തേക്കാള്‍ ശക്തമായ ഉറക്കം എന്നില്‍ നിറഞ്ഞിരുന്നു. പിന്നെ സ്വയം നഷ്ടപ്പെടാതിരിക്കാന്‍ തലയിണയില്‍ അള്ളിപ്പിടിച്ച്, ഉണര്‍ന്നാല്‍ വീണ്ടും അച്ഛനെ കാണാനാവുമെന്ന അറിവില്‍ ഞാനൊഴുകിപ്പോയി.

2. മീര്‍ച്ചിയ കറ്റെറെസ്‌കു (Mircea Carterescu):

റൊമേനിയന്‍ എഴുത്തുകാരനായ കറ്റെറെസ്‌കുവിന്റെ രചനകള്‍ എഴുത്തിനെപ്പറ്റിയുള്ള ധാരണകളെ മാറ്റിമറിക്കുന്നതാണ്. കാഫ്കയുടെയും ബോര്‍ഹെസിന്റെയും മിലോറദ് പാവിച്ചിന്റെയും കൃതികളുമായി താരതമ്യം അര്‍ഹിക്കുന്നവയാണ് അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍. കറ്റെറെസ്‌കുവിന്റെ Solenoid എന്ന നോവലില്‍ നിന്ന് ഒരു ഭാഗം:

സ്വപ്നങ്ങളെക്കുറിച്ചും സന്ദര്‍ശകരെക്കുറിച്ചും അതുപോലുള്ള മറ്റു ഭ്രാന്തുകളെപ്പറ്റിയും ചിന്തിക്കുകയായിരുന്നു ഞാന്‍. പക്ഷേ അതേക്കുറിച്ചു പറയാന്‍ സമയമായിട്ടില്ല. തത്ക്കാലം, ജോലി ചെയ്തിരുന്ന സ്‌കൂളിലേക്ക് ഞാന്‍ മടങ്ങിപ്പോകും. നിങ്ങള്‍ക്കറിയാമല്ലോ, മൂന്നു വര്‍ഷത്തോളം... ''ജീവിതകാലം മുഴുവനും ഞാനൊരു അദ്ധ്യാപകനായിരിക്കുകയൊന്നുമില്ല,' അവനെന്നോടു പറഞ്ഞു. മുത്തുമണികള്‍ പോലെ തിളങ്ങുന്ന മേഘങ്ങളുള്ള വേനല്‍ക്കാലസായാഹ്നത്തില്‍, ആദ്യമായി ഞാനെന്റെ സ്‌കൂള്‍ കാണാന്‍ പോയ കൊളെന്റിനയുടെ പ്രാന്തപ്രദേശത്തു നിന്ന് ട്രാമില്‍ മടങ്ങുമ്പോള്‍ ഞാനത് ഇന്നലെയെന്നോണം ഓര്‍ത്തു. പക്ഷേ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല, ഇതുപോലെ തന്നെ തുടര്‍ന്നുപോകാനുള്ള സാദ്ധ്യതകള്‍ ഒട്ടേറെയുണ്ടായിരുന്നു . പോരാത്തതിന് ഇതുവരെ അതത്ര മോശമായിരുന്നില്ല താനും. ഉദ്യോഗം അനുവദിക്കപ്പെട്ടയുടനത്തന്നെ ആ സായാഹ്നത്തില്‍ ഞാന്‍ സ്‌കൂള്‍ കാണാന്‍ പുറപ്പെട്ടു. എനിക്ക് ഇരുപത്തിനാലു വയസ്സ് പ്രായമായിരുന്നു. ആ അക്കത്തിന്റെ ഏകദേശം ഇരട്ടിയോളം ഭാരവുമുണ്ടായിരുന്നു. അവനാകട്ടെ അവിശ്വസനീയമായ വിധത്തില്‍, ഭയങ്കരമായി മെലിഞ്ഞിരുന്നു. ചെമ്പന്‍ നിറമുള്ള താടിയും മുടിയും എന്റെ മുഖത്തെ കൂടുതല്‍ കുട്ടിത്തമുള്ളതാക്കി. അതുകൊണ്ട് പെട്ടെന്ന് ഒരു കടയുടെയോ ട്രാമിന്റെയോ കണ്ണാടിയില്‍ ഞാനെന്റെ മുഖം കാണാനിടയായാല്‍ അതൊരു ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖമാണെന്ന് ഞാന്‍ വിചാരിച്ചുപോകുമായിരുന്നു.

3.ഗൂഗി വാ തിയോങ്ങോ (Ngugi wa Thiong'o):

കെനിയയിലെ മുതിര്‍ന്ന എഴുത്തുകാരനായ ഗൂഗി വാ തിയോങ്ങോയ്ക്ക് നോബെല്‍ പുരസ്‌കാരം ലഭിക്കുമെന്ന് പല വര്‍ഷങ്ങളായി പറഞ്ഞു കേള്‍ക്കുന്നു. അദ്ദേഹത്തിന്റെ എഴുത്തുകള്‍ ആഫ്രിക്കയുടെ അസംബന്ധം നിറഞ്ഞതും നീതിരഹിതവുമായ യാഥാര്‍ത്ഥ്യത്തെ ഹാസ്യരൂപേണ എന്നാല്‍ കൃത്യമായി തുറന്നുകാട്ടുന്നവയാണ്. തിയോങ്ങോയുടെ Wizard of the Crow എന്ന നോവലില്‍ നിന്ന്:

സ്വതന്ത്ര റിപ്പബ്ലിക്കായ അബുറിറിയയുടെ രണ്ടാമത്തെ ഭരണാധികാരിയുടെ വിചിത്രമായ രോഗത്തെക്കുറിച്ച് അനേകം സിദ്ധാന്തങ്ങളുണ്ട്. എന്നാല്‍ ജനങ്ങള്‍ കൂടുതലും സംസാരിച്ചിരുന്നത് അഞ്ചെണ്ണത്തെക്കുറിച്ചായിരുന്നു.

അദ്ദേഹത്തിന്റെ ഉള്ളില്‍ നിറഞ്ഞു നിന്ന കോപത്തില്‍ നിന്നാണ് അസുഖമുണ്ടായത് എന്നാണ് ആദ്യത്തെ വിദ്ധാന്തം അവകാശപ്പെട്ടിരുന്നത്. അത് തനിക്കു വരുത്തിവെക്കുന്ന അപകടത്തേക്കുറിച്ച് അദ്ദേഹം വളരെയധികം ബോധവാനായിരുന്നു. ഓരോ ഭക്ഷണത്തിനു ശേഷവും ഏമ്പക്കം വിട്ട് അതൊഴിവാക്കാന്‍ ആവുംവിധം അദ്ദേഹം ശ്രമിച്ചു. അല്ലെങ്കില്‍ ചിലപ്പോള്‍ അദ്ദേഹം ഒന്നു മുതല്‍ പത്തുവരെ എണ്ണും. അതുമല്ലെങ്കില്‍ കാ കേ കി കോ കു എന്ന് മന്ത്രം ജപിക്കുന്നതുപോലെ ഉറക്കെ പറയും. എന്തുകൊണ്ടാണീ പ്രത്യേക അക്ഷരങ്ങളെന്ന് ആര്‍ക്കും പറയാനാവുമായിരുന്നില്ല. പക്ഷേ ഭരണാധികാരി അങ്ങനെ ചെയ്യുന്നതില്‍ എന്തോ കാര്യമുണ്ടെന്ന് അവര്‍ സമ്മതിക്കുമായിരുന്നു. മലബന്ധം പിടിച്ച ഒരാള്‍ക്ക് വയറിന് ആശ്വാസം കിട്ടാന്‍ അധോവായു പുറന്തള്ളേണ്ടതു പോലെ ഹൃദയഭാരം കുറയ്ക്കാന്‍ ദേഷ്യം പുറത്തു പോകേണ്ടതും ഒരാവശ്യമാണ്. പക്ഷേ ഈ ഭരണാധികാരിയില്‍ നിന്ന് കോപം വിട്ടൊഴിഞ്ഞില്ല. ഹൃദയം ദ്രവിപ്പിക്കുന്നതു വരെ അത് ഉള്ളില്‍ത്തന്നെ തിളച്ചു നിന്നു. തീയേക്കാള്‍ എരിക്കുന്ന ഒന്നാണ് കോപമെന്ന അബുറിറിയന്‍ പഴഞ്ചൊല്ലിന്റെ ഉറവിടം ഇതാണെന്ന് കരുതപ്പെടുന്നു; കാരണം അതൊരിക്കല്‍ ഭരണാധികാരിയുടെ ആത്മാവിനെത്തന്നെ ഇല്ലാതാക്കിക്കളഞ്ഞു.

അനീ എര്‍നു (Annie Ernauഃ):

ഫ്രഞ്ച് എഴുത്തുകാരിയായ അനീ എര്‍നു സ്വന്തം ഓര്‍മ്മകളെ അവിശ്വസിക്കുന്ന ഓര്‍മ്മക്കുറിപ്പുകാരി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീത്വത്തിന്റെ കരാളമായ സന്ദിഗ്ദ്ധതകളാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നതും വേറിട്ടതാക്കുന്നതും. എര്‍നുവിന്റെ A Girl's Story എന്ന പുസ്തകത്തില്‍ നിന്ന്.

മറ്റുള്ളവരുടെ യാഥാര്‍ത്ഥ്യങ്ങള്‍ , അവരുടെ സംസാരശൈലി, അവര്‍ കാലുകള്‍ പിണച്ചുവെയ്ക്കുന്ന രീതി, സിഗററ്റ് കത്തിക്കല്‍ എന്നിവയില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ടു പോകുന്ന ചില ജീവികളുണ്ട്. മറ്റുളളവരുടെ സാന്നിദ്ധ്യത്തില്‍ അവര്‍ ചെളിയില്‍ പൂഴ്ന്നതുപോലെയായിത്തീരുന്നു. ഒരു പകലില്‍ അതിനേക്കാള്‍ ഒരു രാത്രിയില്‍ ഒരു അപരന്റെ ആഗ്രഹത്തിനും ഇച്ഛയ്ക്കും അകത്ത് അവര്‍ ഒലിച്ചുപോകുന്നു. അവരവരെപ്പറ്റി വിശ്വസിച്ചിരുന്നതെല്ലാം അപ്രത്യക്ഷമാകുന്നു. അവര്‍ അലിഞ്ഞില്ലാതാകുന്നു; എന്നിട്ട് അജ്ഞേയമായ സംഭവഗതികളില്‍ അവര്‍ പ്രവര്‍ത്തിക്കുന്നതിന്റെയും അനുസരിക്കുന്നതിന്റെയും തുടച്ചു മാറ്റപ്പെടുന്നതിന്റെയും പ്രതിബിംബങ്ങളെ നോക്കിനില്‍ക്കുന്നു. എപ്പോഴും ഒരടി മുന്നില്‍ നില്‍ക്കുന്ന ആ അപരന്റെ പിന്നിലായിരിക്കും അവരെപ്പോഴും. അവര്‍ ഒരിക്കലും ഒപ്പമെത്തുകയില്ല.

Content Highlights: Who will win the 2022 Nobel Literature Priz


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented