ഇന്ത്യാവിഭജനം നടന്നില്ലായിരുന്നെങ്കില്‍ ബലപ്പെടുമായിരുന്നില്ലേ ഗംഗ-യമുന സംസ്‌കാരം?


ഹമീദ് ചേന്നമംഗലൂര്‍

4 min read
Read later
Print
Share

അങ്ങനെ വന്നിരുന്നെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയചക്രവാളത്തില്‍ അതെങ്ങനെ പ്രതിഫലിക്കും? മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയസ്വാധീനം വലിയതോതില്‍ വര്‍ധിക്കുമായിരുന്നു എന്നുറപ്പ്. അതേസമയം വിഭജനത്തിനു ഉത്തരവാദി എന്നു കളങ്കം ചാര്‍ത്തപ്പെടാത്ത, ഇരമനഃസ്ഥിതിയിലേക്ക് വഴുതേണ്ടതില്ലാത്ത മുസ്ലിംസമുദായം വ്യക്തിനിയമംപോലുള്ള വിഷയങ്ങളില്‍ താരതമ്യേന പുരോഗമനപരമായ നിലപാടിലേക്ക് കടന്നുവരുകയും ചെയ്യും.

1947-ല്‍ ഇന്ത്യാ ഭൂപടത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തും വടക്കുകിഴക്കുഭാഗത്തും വിഭജനത്തിന്റെ കത്തികള്‍ വീണപ്പോള്‍ ഒരേ ഉടലില്‍നിന്ന് രണ്ടുരാജ്യങ്ങള്‍ പിറന്നു. ഒരുപക്ഷേ, അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ മറ്റൊരു ഇന്ത്യയായിരിക്കും ശേഷിക്കുകയും സാംസ്‌കാരികമായി തുടരുകയും ചെയ്യുക എന്ന് നിരീക്ഷിക്കുന്നു ലേഖകന്‍

''നമ്മുടെ സ്വാതന്ത്ര്യസമരത്തില്‍ 1947-ലെ അവസാനത്തെ പോരാട്ടം വിദേശ ഭരണാധികാരികള്‍ക്കെതിരേയായിരുന്നില്ല എന്നതാണ് ചരിത്രത്തിലെ വൈരുധ്യം. ഉപഭൂഖണ്ഡത്തില്‍ ജീവിക്കുന്ന രണ്ട് പ്രമുഖ മതസമുദായങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരുന്നു അത്. ഇന്ത്യയില്‍ ബ്രിട്ടീഷ് സാമാജ്യത്തിന്റെ സായംസന്ധ്യയില്‍ ഒഴുകിയ രക്തപ്പുഴയില്‍ വിദേശയജമാനന്മാരുടെ ഒരുതുള്ളി രക്തംപോലും കാണാന്‍ കഴിയില്ല. അത് പൂര്‍ണാര്‍ഥത്തില്‍ ദക്ഷിണേഷ്യന്‍ രക്തമായിരുന്നു''.

പാക് പഞ്ചാബില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലും രാഷ്ട്രീയ നിരീക്ഷകനുമായിരുന്ന റാവു റഷീദി(1926-2007)ന്റേതാണ് മുകളില്‍ കൊടുത്ത നിരീക്ഷണം. അതില്‍ പറഞ്ഞത് പോലുള്ള മതവൈരാധിഷ്ഠിതമായ പോരാട്ടം നടക്കാതിരിക്കുകയും രാജ്യം വിഭജിക്കപ്പെടാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ സ്വതന്ത്ര അവിഭക്ത ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക ചിത്രം എവ്വിധമുള്ളതാകുമായിരുന്നു? ബ്രിട്ടീഷ് വാഴ്ചാനന്തര ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതിയും പ്രഥമ പ്രധാനമന്ത്രിയും ആരാകുമായിരുന്നുവെന്ന് സ്വയം ഒന്നു ചോദിച്ചുനോക്കൂ. രാഷ്ട്രപതിസ്ഥാനത്തേക്ക് മഹാത്മാഗാന്ധിയുടെ മനസ്സില്‍ തെളിയുക മുഹമ്മദലി ജിന്നയുടെ മുഖമാവാനാണ് സാധ്യത. പ്രധാനമന്ത്രി പദത്തിലേക്കോ-സംശയിക്കേണ്ട, ജവാഹര്‍ലാല്‍ നെഹ്രുവിന്റെതന്നെ.

രാഷ്ട്രപതിപദവിയിലേക്ക് എന്തുകൊണ്ട് ജിന്ന? അതിനു മൂന്നുകാരണമുണ്ട്. ഒന്ന്, വിഭജിത ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെക്കാള്‍ മൂന്നുമടങ്ങോളം ശക്തമായിരിക്കും അവിഭജിത സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം. 1947-ല്‍ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 25 ശതമാനമായിരുന്നു. അത്ര പ്രബലമായ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയെ പ്രസിഡന്റാക്കുകയെന്നത് സ്വാഭാവികം. രണ്ട്, അന്നത്തെ ഇന്ത്യയിലെ ഏറ്റവുംവലിയ രണ്ടാമത്തെ രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്ലിംലീഗിന്റെ അനിഷേധ്യ നേതാവായിരുന്നു ജിന്ന. മൂന്ന്, ലീഗുകാരനെങ്കിലും മുഹമ്മദലി ജിന്ന അകമേ തികഞ്ഞ മതേതര വാദിയായിരുന്നു എന്നതില്‍ ഗാന്ധിജിക്കും നെഹ്രുവിനും (പില്‍ക്കാലത്ത് എല്‍.കെ. അദ്വാനിക്കുപോലും) സംശയമുണ്ടായിരുന്നില്ല.

വിഭജനം എന്ന ദുരന്തം സംഭവിച്ചിട്ടില്ലായിരുന്നെങ്കില്‍ ജിന്ന രാഷ്ട്രപതിയാവുക മാത്രമല്ലചെയ്യുക. മഹാത്മാഗാന്ധി വധിക്കപ്പെടുക എന്ന മഹാദുരന്തം ഒഴിവാക്കപ്പെടുകയും ചെയ്യുമായിരുന്നു. പാകിസ്താന്റെ അഭാവത്തില്‍ നാഥൂറാം വിനായക് ഗോഡ്സെയ്ക്കും കൂട്ടര്‍ക്കും ഗാന്ധിവധത്തിനു ശക്തമായ ഒരു മോട്ടീവ് ലഭിക്കുമായിരുന്നില്ല. അതുപോലെ ദശകങ്ങളായി രാഷ്ട്രീയവ്രണം എന്നു വിശേഷിപ്പിക്കാവുന്നവിധം നിലനിന്നുപോന്നിട്ടുള്ള കശ്മീര്‍ പ്രശ്‌നം ഉദ്ഭവിക്കുകയുമില്ലായിരുന്നു. പാക്കധീന കശ്മീര്‍ എന്ന പ്രതിഭാസമോ കശ്മീര്‍ വിഘടനവാദമോ ഉണ്ടാകുമായിരുന്നില്ല.

വിഭജനത്തിന്റെ അഭാവത്തില്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ദേശീയ രാഷ്ട്രീയ ചിത്രം ഇന്നത്തേതില്‍നിന്നും ഏറെ വ്യത്യസ്തമാകുമായിരുന്നു. വിഭജനകാലത്ത് ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ പത്തു കോടിയാണെങ്കില്‍, അവിഭജിത വര്‍ത്തമാനകാല ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ ഇന്ത്യന്‍ യൂണിയനിലെ 18 കോടിയും പാകിസ്താനിലെ 21 കോടിയും ബംഗ്‌ളാദേശിലെ 15 കോടിയും ചേര്‍ന്ന് 54 കോടിയാകുമായിരുന്നു. എന്നുവെച്ചാല്‍, അവിഭക്ത സമകാലിക ഭാരതീയ ജനസംഖ്യ 168 കോടി എന്നു കണക്കാക്കിയാല്‍ അതിന്റെ ഏതാണ്ട് മൂന്നിലൊരുഭാഗം മുസ്ലിങ്ങളാകുമായിരുന്നു.

അങ്ങനെ വന്നിരുന്നെങ്കില്‍ ഇന്ത്യയുടെ രാഷ്ട്രീയചക്രവാളത്തില്‍ അതെങ്ങനെ പ്രതിഫലിക്കും? മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയസ്വാധീനം വലിയതോതില്‍ വര്‍ധിക്കുമായിരുന്നു എന്നുറപ്പ്. അതേസമയം വിഭജനത്തിനു ഉത്തരവാദി എന്നു കളങ്കം ചാര്‍ത്തപ്പെടാത്ത, ഇരമനഃസ്ഥിതിയിലേക്ക് വഴുതേണ്ടതില്ലാത്ത മുസ്ലിംസമുദായം വ്യക്തിനിയമംപോലുള്ള വിഷയങ്ങളില്‍ താരതമ്യേന പുരോഗമനപരമായ നിലപാടിലേക്ക് കടന്നുവരുകയും ചെയ്യും. പാകിസ്താനില്‍ 1961-ല്‍ മുസ്ലിം വ്യക്തിനിയമ പരിഷ്‌കരണം നടന്നു. രാജ്യം മതാടിസ്ഥാനത്തില്‍ വെട്ടിമുറിക്കപ്പെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ 1954-'55 കാലത്ത് ഇന്ത്യയില്‍ ഹിന്ദുകുടുംബനിയമങ്ങള്‍ പരിഷ്‌കരിക്കപ്പെട്ട നാളുകളില്‍ത്തന്നെ മുസ്ലിം കുടുംബനിയമങ്ങളും പരിഷ്‌കരിക്കപ്പെടുമായിരുന്നു. അചിരേണ ഒരു ഇന്ത്യാകുടുംബനിയമം (ഏകീകൃത പൗരനിമയം) എന്നിടത്തേക്ക് രാജ്യം പോയ നൂറ്റാണ്ടിന്റെ അവസാനത്തിലെങ്കിലും എത്തിച്ചേരുകയും ചെയ്‌തേനെ.

സ്വാതന്ത്ര്യലബ്ധിയോടൊപ്പം രാജ്യത്തിന്റെ ഭൂപടത്തില്‍ നടന്ന കത്രികപ്രയോഗം ജനമനസ്സില്‍ നടന്ന കത്രികപ്രയോഗം കൂടിയായി എന്നത് അശുഭകരമായ വസ്തുതയാണ്. ക്രിസ്റ്റഫര്‍ ബെയ്ലി നിരീക്ഷിച്ചതുപോലെ 1860-നുമുമ്പ് ഇന്ത്യയില്‍ ഹിന്ദു, മുസ്ലിം, സിഖ് എന്നിങ്ങനെ വേര്‍തിരിക്കാവുന്ന സ്വത്വബോധം നിലവിലുണ്ടായിരുന്നില്ല. ബ്രിട്ടീഷ് രാജിന്റെ ഉപോത്പന്നമായി വളര്‍ന്നുവന്നതാണ് മതസ്വത്വബോധം. സ്വാതന്ത്ര്യപ്രക്ഷോഭകാലത്ത് വിഭജനം എന്ന ആശയം ഉയര്‍ന്നതോടെ അത് തീവ്രമായി. അതിനുമുമ്പ് രാജ്യത്ത് പൊതുവേയും മധ്യ, ഉത്തര ഭാഗങ്ങളില്‍ വിശേഷിച്ചും അതിശക്തമായി നിലനിന്നത് മതങ്ങളെ അതിവര്‍ത്തിക്കുന്ന സങ്കരസംസ്‌കാര ബോധമാണ്. ഇത് 'ഗംഗ-ജമുന-തെഹസീബ്' (ഗംഗ-യമുന സംസ്‌കാരം) എന്നതറിയപ്പെട്ടു.

ഹൈന്ദവ-ഇസ്ലാമിക ആചാരങ്ങള്‍ മാത്രമല്ല വിശ്വാസങ്ങളും കൂടിക്കലര്‍ന്ന സംസ്‌കൃതിയാണ് ഗംഗ-ജമുന തെഹസീബ്. മധ്യകാലത്ത് സൂഫികളും ഭക്തിപ്രസ്ഥാനക്കാരുമാണ് അത് പരിപോഷിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. കബീറും തുക്കാറാമും ബാബാ ഫരീദും ജ്ഞാനേശ്വറും രാമദേവും മീരാബായിയും സംസ്‌കൃതവും അറബിക്കും പേര്‍ഷ്യനുമൊഴിവാക്കി പ്രാദേശിക ജനകീയഭാഷകളില്‍ എഴുതുകയും സംവദിക്കുകയും ചെയ്തു. സാധാരണക്കാരുമായാണ് അവര്‍ നിരന്തരം ഇടപഴകിയത്. ഹിന്ദു-മുസ്ലിം ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസങ്ങളുടെയും സങ്കലനം തെറ്റല്ലെന്നും അതാണ് വേണ്ടതെന്നുമുള്ള നിലപാടെടുത്തു അവര്‍.

മേല്‍ച്ചൊന്ന മതപരവും സംസ്‌കാരപരവുമായ സങ്കലനത്തിന്റെ പക്ഷത്തു നിന്ന പ്രമുഖനത്രേ സിഖ് മതസ്ഥാപകനായ ഗുരുനാനാക്. ഹിന്ദുമതത്താലും ഇസ്ലാം മതത്താലും ഗാഢമായി സ്വാധീനിക്കപ്പെട്ട അദ്ദേഹത്തിന്റെ നവമതം യഥാര്‍ഥത്തില്‍ ഹൈന്ദവ-ഇസ്ലാമിക മതധാരകളുടെ സര്‍ഗാത്മക മേളനമാണെന്നുപറയാം. നാനാക്കിന്റെ ഏറ്റവും അടുത്ത സഹചാരികളില്‍ ഒരാള്‍ മുസ്ലിമായിരുന്നു. ഗുരുഗ്രന്ഥ സാഹിബിന്റെ രാഗികള്‍ (ഗായകര്‍) വിഭജനകാലംവരെ പഞ്ചാബില്‍നിന്നുള്ള മുസ്ലിങ്ങളായിരുന്നുതാനും. മക്കയിലെ കഅബ ദേവാലയവും ഇറാഖിലെ ബാഗ്ദാദും ഗുരുനാനക് സന്ദര്‍ശിക്കുകയുണ്ടായി. ഗുരു അര്‍ജുന്‍ സാഹിബിന്റെ കാലത്ത് നിര്‍മിക്കപ്പെട്ട ഹര്‍മന്ദിറിന്റെ (അമൃത്സറിലെ സുവര്‍ണക്ഷേത്രത്തിന്റെ) ശിലാസ്ഥാപനത്തിന് ക്ഷണിക്കപ്പെട്ടത് സൂഫി മുസ്ലിമായ മിയാന്‍ മീറാണെന്നത് സിഖ്-മുസ്ലിം സമഞ്ജസതയിലേക്ക് കൈചൂണ്ടുന്നു.

സുല്‍ത്താന്‍ ഭരണകാലത്ത് ആസ്ഥാനപദവി ലഭിച്ച അമീര്‍ഖുസ്റു എന്ന കവി സാംസ്‌കാരിക സങ്കലനത്തിന്റെ ഉജ്ജ്വലവക്താവായിരുന്നു. വരേണ്യഭാഷകളിലെഴുതുന്നതിനുപകരം പ്രാദേശിക ഭാഷകളില്‍ രചന നിര്‍വഹിച്ച റഹീമും റസ്ഖാനും ഇന്ത്യയുടെ സാംസ്‌കാരികപാരമ്പര്യത്തെ മതാതീതമായി വീക്ഷിച്ചു. അല്ലാഹുവില്‍ മാത്രമല്ല, കൃഷ്ണനിലും അവര്‍ ദൈവത്തെ കണ്ടു. ഹിന്ദു-മുസ്ലിം ഭേദമില്ലാതെ എല്ലാ ഉത്സവങ്ങളിലും എല്ലാവരും പങ്കെടുക്കുന്ന രീതി അവര്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മുഹറം ആഘോഷത്തില്‍ ഹിന്ദുക്കളും രാംലീലയില്‍ മുസ്ലിങ്ങളും ഭാഗഭാക്കാകുന്നത് മധ്യകാലത്ത് ഒട്ടും അസാധാരണമായിരുന്നില്ല.

കീഴാളതലത്തില്‍ മാത്രമല്ല ഗംഗ-ജമുന തെഹസീബ് പുഷ്ടിപ്പെട്ടത്. വരേണ്യ-ഭരണാധികാര തലങ്ങളിലും അത് വൃദ്ധിനേടിയിരുന്നു. മുഗള്‍ ചക്രവര്‍ത്തിമാര്‍ സോത്സാഹം ഹോളി ആഘോഷിച്ചത് അസ്ഗര്‍ അലി എന്‍ജിനിയര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നവാബുമാരും ഫ്യൂഡല്‍ പ്രഭുക്കളുമടക്കമുള്ള മുസ്ലിം വരേണ്യര്‍ ഹോളിയെ സ്വന്തം ആഘോഷമായി പരിഗണിച്ചിരുന്നു എന്ന സത്യം ഉറുദുകവി നസീര്‍ അക്ബറാബാദിയുടെ കൃതികളില്‍ തെളിഞ്ഞുനില്‍ക്കുന്നു. സര്‍വോപരി ദാര്‍ശനികതലത്തില്‍ ഹൈന്ദവ-ഇസ്ലാമിക സംസ്‌കാരങ്ങളെ സമന്വയിപ്പിക്കാനുള്ള ഗൗരവപൂര്‍ണമായ ശ്രമങ്ങളും മുഗള്‍കാലഘട്ടത്തിലുണ്ടായി. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മൂത്തമകന്‍ ദാരാ ഷിക്കോയാണ് അതിനു നേതൃത്വംനല്‍കിയത്. ഉപനിഷത്തുകള്‍ അദ്ദേഹം പേര്‍ഷ്യനിലേക്ക് വിവര്‍ത്തനം ചെയ്തു. ഷികോയുടെ 'മജ്മാഉല്‍ ബഹറൈന്‍' എന്ന കൃതി ഹൈന്ദവ-ഇസ്ലാമിക ദാര്‍ശനിക പാരാവാരങ്ങളുടെ സംഗമം അനാവൃതമാക്കുന്നതാണ്.

ഉപഭൂഖണ്ഡത്തിലെ പ്രമുഖ നഗരങ്ങള്‍ പ്രാഗ് സ്വാതന്ത്ര്യകാലയളവില്‍ ഗംഗ-യമുന സംസ്‌കൃതിയുടെ ശക്തികേന്ദ്രങ്ങളായിരുന്നു എന്നതാണ് മനസ്സില്‍വെക്കേണ്ട മറ്റൊരു കാര്യം. ലഖ്നൗവും ഹൈദരാബാദും ബോംബെയും മാത്രമല്ല, ലഹോറും ധാക്കയും ഹിന്ദു-മുസ്ലിം സമന്വയാത്മക സംസ്‌കാരത്തിന്റെ വിളനിലങ്ങളായി പ്രശോഭിച്ചവയാണ്. ഹൈദരാബാദിന്റെ പേരില്‍ പോലുമുണ്ട് ഹിന്ദു-മുസ്ലിം സാംസ്‌കാരിക മേളനത്തിന്റെ കൈയൊപ്പ്. 1590-ല്‍ മുഹമ്മദ് ഖുലി ഖുത്ബ്ഷാ നിര്‍മിച്ചതാണ് ഹൈദരാബാദ് നഗരം. ഭാഗ്യനഗര്‍ എന്നായിരുന്നു അദ്ദേഹം നഗരത്തിനുനല്‍കിയ പേര്. തന്റെ ഹിന്ദുവായ പത്‌നി ഭാഗ്മതിയുടെ പേര് നഗരനാമത്തില്‍ ചേര്‍ക്കുകയായിരുന്നു ഖുത്ബ്ഷാ. പില്‍ക്കാലത്ത് ഭാഗ്മതി ഹൈദര്‍ മഹല്‍ എന്നു പേര് സ്വീകരിച്ചപ്പോള്‍ ഭാഗ്യനഗര്‍ ഹൈദരാബാദായി. കോസ്മോപൊളിറ്റനിസമായിരുന്നു ഹൈദരാബാദുള്‍പ്പെടെയുള്ള നഗരങ്ങളുടെ ആത്മാവ്.

നൂറ്റാണ്ടുകളിലൂടെ വളരുകയും ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ സാമൂഹികജീവിതത്തെ വളരെ വലിയ പരിധിവരെ മതസങ്കുചിതത്വങ്ങളില്‍നിന്നു വിമോചിപ്പിക്കുകയും ചെയ്ത ഗംഗ-യമുന സംസ്‌കൃതി ഇന്നു അതീവദുര്‍ബലമാണെന്നത് ദുഃഖകരമെങ്കിലും സത്യമാണ്. 1947-ല്‍ രാജ്യത്തിന്റെ ഭൂപടത്തില്‍ വടക്കുപടിഞ്ഞാറു ഭാഗത്തും വടക്കുകിഴക്കു ഭാഗത്തും വരകള്‍ വീണിരുന്നില്ലെങ്കില്‍ ആ സംസ്‌കൃതി കൂടുതല്‍ ബലപ്പെടുമായിരുന്നില്ലേ? വര്‍ഗീയതയുടെയും മതാഹങ്കാരത്തിന്റെയും തമസ്സ് നാടിനെ ഇന്നത്തെ അളവില്‍ വലയം ചെയ്യാതിരിക്കുമായിരുന്നില്ലേ?

Content Highlights: What if the India-Pak partition never happened

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priyadarshan

7 min

'എന്റെ കഥകളെല്ലാം പുളുക്കഥകളാണ്, ഒരിടത്തും സംഭവിക്കാത്തത്; ഫിലിം മേക്കിങ് എന്നാല്‍ 'മേക്ക് ബിലീഫ്'

Aug 31, 2023


M Mukundan

6 min

നടന്നുചെന്ന് നിന്നത് മൊണാലിസയുടെ മുന്നില്‍! 'മോളേ, ഞാനിതാ അവസാനം വന്നിരിക്കുന്നു, നിന്നെ കാണാന്‍'

Aug 6, 2023


M Mukundan

4 min

'ദൈവങ്ങളെ ഉപേക്ഷിച്ചുപോയവര്‍ അതേ ദൈവങ്ങളിലേക്ക് തിരിച്ചുവരുന്നതാണ് ഇന്നെല്ലായിടത്തും നാം കാണുന്നത്'

Sep 24, 2023


Most Commented