വിഷ്ണുനാരായണൻ നമ്പൂതിരി | ഫോട്ടോ: വിഷ്ണു ആർ. ജെ.
വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ 'ബ്രഹ്‌മദത്തന്‍', 'ശോണമിത്രന്‍', 'ഗംഗാനാരായണന്‍' -എന്നീ കവിതകളിലെ നായകര്‍ പുരാണകഥാപാത്രങ്ങളാണോ? വരിഷ്ഠസുഹൃത്തിന്റെ ചോദ്യം. അല്ലെന്ന ഉത്തരം അദ്ദേഹത്തിന് അറിയാഞ്ഞിട്ടല്ല, ഒന്നുകൂടി ഉറപ്പിയ്ക്കുവാന്‍ വേണ്ടി ചോദിച്ചതാണ്.
ചോദ്യം അസംഗതമാണെന്നു പറഞ്ഞുകൂടാ. തൊള്ളായിരത്തി എഴുപത്തി ഒമ്പതിലാണ് - നാല്പതാം വയസ്സിലാണ് - മാസ്റ്ററുടെ ആദ്യ ഹിമാലയ തീര്‍ത്ഥാടനം. അച്ഛന്‍ മരിച്ച ശേഷം, 'പിതൃയാനം' എഴുതിയ ശേഷം. പിറ്റേക്കൊല്ലമാണ് 'ബ്രഹ്‌മദത്ത'ന്റെ പിറവി; കാലം വൈദികം, രംഗം ഹിമാലയം' എന്ന മുന്‍കുറിപ്പോടെ.
എണ്‍പത്തിയൊന്നില്‍ 'ശോണമിത്രന്‍', എണ്‍പത്തിരണ്ടില്‍ 'ഗംഗാനാരായണന്‍'. വിഷ്ണു എഴുതിയതല്ലേ, ഏതെങ്കിലും ഉപനിഷത്തില്‍നിന്നോ പുരാണത്തില്‍നിന്നോ എടുത്തതാകുമെന്ന ഊഹത്തില്‍ കവിയുടെ മുന്നില്‍വെച്ചുതന്നെ അശ്രദ്ധമായ വാദങ്ങള്‍ കേട്ടിട്ടുണ്ട്. (കുറ്റം പറയരുതല്ലോ, ഐതരേയത്തില്‍നിന്നും ഗീതയില്‍നിന്നുമുള്ള ഉദ്ധരണികള്‍ കണ്ടു ഭ്രമിച്ചതാകാം. എങ്കിലും കവിയ്ക്ക് ക്ഷോഭമേതുമില്ല. ഒരിക്കല്‍ സ്ഥായിയായ നര്‍മരസത്തോടെ കണ്ണിറുക്കിക്കാണിച്ചു, 'കേള്‍ക്കുന്നില്ലേ' എന്ന്. പരാതിയൊന്നും പറഞ്ഞതുമില്ല.
എന്നാലും ആ 'ശോണമിത്രന്‍'! ഡബ്‌ളിയു. ബി. യേറ്റ്‌സ് തന്റെ ഒരു കൊച്ചുകവിതയുടെ തുടക്കത്തില്‍ തോമസ് മാന്റെ ഒരു പ്രസ്താവം ഉദ്ധരിച്ചിട്ടുണ്ട് - ' നമ്മുടെ കാലത്ത് മനുഷ്യഭാഗധേയത്തിന്റെ അര്‍ത്ഥങ്ങള്‍ വെളിവാകുന്നത് രാഷ്ട്രീയവ്യവഹാരങ്ങളിലാണ്'. അതേ വാക്യമാണ് 'ശോണമിത്ര'ന്റെയും ഉപോദ്ഘാതം. ചുരുങ്ങിയത് അയാളെങ്കിലും പുരാണങ്ങളില്‍നിന്നുയിര്‍ത്തുവന്നതല്ലെന്ന് ഊഹിയ്ക്കാമായിരുന്നു. മുന്നേ പറഞ്ഞതുപോലെ ഭാഷാപ്രയോഗത്തിന്റെയും പേരുകളുടെയും മനഃപൂര്‍വമായ പുരാണീകരണം (Atiquisation) കണ്ടു ഭ്രമിച്ചതാകാം. ശോണമിത്രന്‍ ചുകപ്പന്‍ സഖാവിന്റെ പര്യായമാണെന്ന് ചിലര്‍ക്കെങ്കിലും ഓടിയില്ല.
.jpg?$p=430c1f1&&q=0.8)
അച്ഛന്റെ സമ്മതമില്ലാതെ, അച്ഛനെ അറിയിയ്ക്കപോലും ചെയ്യാതെ, കണ്ട പെണ്ണിനെക്കെട്ടിയ കുരുത്തംകെട്ടവനാണ് ബ്രഹ്‌മദത്തന്‍. ചൂഷകനായ ജന്മിയെക്കൊന്ന് ഭരണം പിടിച്ച തീവ്രവാദിയാണ് ശോണമിത്രന്‍. കളപ്പുരയ്ക്കു തീവെച്ചതിന്നും പെണ്ണുങ്ങളെക്കേറിപ്പിടിച്ചതിന്നും തല മൊട്ടം വടിച്ച് പടിയടച്ചു പിണ്ഡം വെച്ച് ഊരുവിലക്കേര്‍പ്പെട്ട ചൂതാട്ടക്കാരനാണ് ഗംഗനാരായണന്‍. ഇമ്മട്ടുകാരെ വിഷ്ണുനാരായണന്‍ നമ്പൂതിരി തന്റെ പ്രധാനരചനകളില്‍ നായകരാക്കുമെന്ന് പ്രതീക്ഷിക്കാമോ? ഇവരുടെ ആത്മബോധോദയമാണ്, എന്നാല്‍, കവിതകളുടെ പ്രമേയം.
വാക്ക് മനസ്സിലും മനസ്സ് വാക്കിലും ഉറയ്ക്കുന്നില്ലെന്നതാണ് ബ്രഹ്‌മദത്തന്റെ പ്രശ്‌നം.
ഗുരോ! കര്‍മങ്ങളില്‍ തന്റേ-
തായ പങ്കെത്രയെന്നതും
ദൈവത്തിന്‍ പങ്കെത്രയെന്നും
നരനോരുന്നതെങ്ങനെ?
തന്റെ കര്‍മം ഭോഗവാഞ്ഛയാല്‍ പ്രേരിതമാണെന്നു വരട്ടേ. എങ്കില്‍പോലും എന്തുകൊണ്ടാണ് മനുഷ്യന്‍ താന്‍ ചെയ്യാന്‍ ഇച്ഛിയ്ക്കാത്ത പാപം ചെയ്തുപോകുന്നത്? ആരാണ് അതിന്ന് അവനെ നിയോഗിയ്ക്കുന്നത്? അന്യന്റെ മുതല്‍ അനര്‍ഹമായി അനുഭവിയ്ക്കരുതെന്ന തന്റെ സിദ്ധാന്തത്തിന്നെതിരാണ് തന്റെ ജീവിതമെന്ന വെളിവുണ്ടായതാണ് ശോണമിത്രന്റെ ധര്‍മസങ്കടം.
പക്ഷേ, രാജന്‍! ഭവാന്‍ ഇപ്പോള്‍
യത്‌നിച്ചിട്ടെത്ര കാലമായ്?
എന്ന് എങ്ങുനിന്നോ പറന്നുവന്ന ഒരു കിളി ചോദിക്കുന്നു.
എനിയ്ക്കിവര്‍ ചിരിയ്ക്കുമ്പോള്‍
ഭയം തോന്നുന്നു ഹേ ശുക! -എന്നു ശോണമിത്രന്‍.
ചെയ്യരുതാത്തതെന്താണു താന്‍ ചെയ്തതെന്ന് ഗംഗാനാരായണന്ന് പിടി കിട്ടുന്നില്ല. പ്രാണന്‍ കിടക്കാന്‍ വേണ്ട അന്നമേ കടന്നെടുത്തു തിന്നിട്ടുള്ളൂ. നേരുകേടൊന്നും ചെയ്തിട്ടുമില്ല. ചൂതുകളിയില്‍ എന്താണ് ഈശ്വരനിന്ദ? അതിലെന്തു പരക്ലേശം?
കന്യയെബ്ബലമായ് പുല്‍കു-
ന്നതുതാന്‍ പാപമെങ്കിലോ,
ബലമായ് കന്യ വീശുന്ന
കണ്ണല്ലീ പാപം ആദിമം?
ഇതുമട്ടില്‍ പുളയ്ക്കുന്നൂ
ചോദ്യത്തിന്‍ പഴുതാരകള്‍
ഗംഗാനാരായണന്നുള്ളില്‍
മഞ്ഞത്തും മെയ് വിയര്‍ക്കവേ.
'ഗംഗാനാരായണന്‍' എഴുതിക്കഴിഞ്ഞപ്പോള്‍ പറഞ്ഞു, ഇക്കൂട്ടത്തില്‍ ഒരു കവിത കൂടിയുണ്ടെന്ന്. കാവ്യസ്വരൂപം ഉദിച്ചിട്ടില്ല, സ്ത്രീപക്ഷത്തുനിന്നാണ് ആഖ്യാനമെന്നു മാത്രമേ അറിയാവൂ എന്നും. എന്നാല്‍ ഒരു പന്തീരാണ്ടു കഴിഞ്ഞിട്ടും കവിത പിറന്നില്ല. തിരുവല്ല ശ്രീവല്ലഭക്ഷേത്രത്തില്‍ മേശ്ശാന്തിയായി ചെന്നതിന്നു ശേഷമാണ് 'മിത്രാവതി' അവതരിച്ചത്, ആമുഖത്തില്‍ ബൃഹദാരണ്യകത്തിലെ ഉദ്ധരണിയോടെ. ഭര്‍ത്താവിനെ കൊന്നുവെന്ന കുറ്റത്തിന്ന് വിചാരണ നേരിടുന്നവളാണ് മിത്രാവതി, സേനാധിപന്റെ പത്‌നി. അയാള്‍ പടയ്ക്കു പോയ കാലത്ത് വഴിവക്കത്തെ ആശ്രമത്തില്‍ ഒരിക്കല്‍ മാത്രം കണ്ട മുനികുമാരന്നൊപ്പം സ്വാഭിലാഷപ്രകാരം ത്രിസന്ധ്യനേരത്ത് സംയോഗം നടത്തിയവള്‍. പിന്നെ വസന്തപഞ്ചമിനാളില്‍ ഭര്‍ത്താവിന്നൊപ്പം നദീതീരത്തിരിയ്‌ക്കേ,
ഞാന്‍...
ആലിംഗനത്തിലുഴറീ
അപരാധമിതല്ലയോ?...
ചേതനാസ്പര്‍ശമേല്‍ക്കാത്ത
വേഴ്ച താന്‍ വീഴ്ചയല്ലയോ?
ദേഹമാത്രകൃതം ഭോഗം
മിഥ്യാചരണമല്ലയോ?...
പാറപ്പുറത്ത് അയാളുടെ ജഡം ചോര ചിന്തിക്കണ്ടുവെന്നേ അവള്‍ക്കറിയാവൂ.
പുലര്‍ത്താരമുദിയ്ക്കും മു-
മ്പവന്‍ ചലനമറ്റവന്‍
ചാരേ കിടപ്പതായ്ക്കണ്ടേന്‍
വേറൊന്നുമറിവീല ഞാന്‍.
അവളുടെ ശയനീയശായിയാം അവനൊരുഷസ്സില്‍ ഉണര്‍ന്നിടാതെയായ് എന്നതുതന്നെ കഥ. സമൂഹത്തിന്റെ സമ്മതിയ്ക്ക് വേണ്ടി എല്ലാം ഭദ്രമെന്ന് അഭിനയിച്ചാല്‍ മതിയോ?
പരര്‍ക്കു പഥ്യമാംമട്ടില്‍
തിന്നു,കൊ,ന്നിണചേര്‍ന്നു നാം
കഴിപ്പൂ പകലും രാവും;
നടിപ്പൂ കൃതകൃത്യത.
നാലു കവിതകളെന്നല്ല, നാലു കാവ്യനാടകങ്ങളെന്നാണ് ഇവയെ വിളിക്കേണ്ടത്. സ്വാധ്യായം ചൊല്ലിക്കഴിഞ്ഞിട്ടും എണീക്കാത്ത മകന്‍ അച്ഛനോട് തന്റെ വേളിക്കാര്യം പറയുന്നിടത്താണ് 'ബ്രഹ്‌മദത്ത'ന്റെ തുടക്കം. പുലര്‍ച്ചയ്ക്ക് പുഴയില്‍ കുളിയ്ക്കാന്‍ പോയ സംഘപാലനോട് കഴുകിന്‍നിരകള്‍ വൈശ്യന്റെ ജഡത്തിന്റെ വാര്‍ത്ത പറയുന്നു 'ശോണമിത്ര'ന്റെ ഒന്നാം ശ്ലോകത്തില്‍. കടക്കു പുറത്തെന്ന് ഗോത്രമുഖ്യന്‍ ഭ്രഷ്ടാക്കുന്നതാണ് 'ഗംഗാനാരായണ'ന്റെ പ്രാരംഭബിന്ദു. സേനാധിപന്റെ മരണവൃത്താന്തം രാജാവിനെ അറിയിച്ചുകൊണ്ടാണ് ''മിത്രാവതി' തുടങ്ങുന്നത്. മുഖസന്ധി ലക്ഷണയുക്തമാണെന്നു സാരം. പിന്നാലെ സംഘര്‍ഷകാരണം വ്യക്തമാകുന്നു.
.jpg?$p=06b43fd&&q=0.8)
സ്വാതന്ത്ര്യം/ആത്മീയത, അധികാരം/സമത്വം, നിയമം/നീതി, പാതിവ്രത്യം/പ്രണയം എന്നീ സങ്കല്പനങ്ങളാണ് ഈ നാലു കവിതകളില്‍ യഥാക്രമം പരിശോധിക്കപ്പെടുന്നത്. ഗംഭീരങ്ങളായ ധര്‍മപ്രശ്‌നങ്ങള്‍. ഏറിയോ കുറഞ്ഞോ, ഒളിഞ്ഞോ തെളിഞ്ഞോ ഈ പ്രശ്‌നങ്ങളെ നേര്‍ക്കുനേര്‍ നിര്‍ത്തിനോക്കാത്ത ശ്രേഷ്ഠഗ്രന്ഥങ്ങളില്ല. അസഹായരായ സ്ത്രീപുരുഷന്മാര്‍ ഈ വിരുദ്ധദ്വന്ദ്വങ്ങളെ നിര്‍ദ്ധരിയ്ക്കുവാന്‍ നിരന്തരം നടത്തുന്ന കഠിനശ്രമങ്ങളും ജയാപജയങ്ങളുമാണ് അവയുടെ കാതല്‍.
ഉന്നയിയ്ക്കപ്പെട്ട പ്രശ്‌നങ്ങളെ മനുഷ്യര്‍ നേര്‍ക്കുന്നതിന്റെ ചേലിലാണ് കൃതികളുടെ മാഹാത്മ്യം. ബ്രഹ്‌മദത്തന്റെ തപസ്സിന്റെ വഴി ഹിമാലയപ്രാന്തങ്ങളിലെ നിരന്തരമായ യാത്രയാണ്. എഴുന്നേറ്റു നടക്കുന്നു ബ്രഹ്‌മദത്തന്‍ ദൃഢവ്രതന്‍. ശോണമിത്രന്‍ ഗംഗാതടത്തിലൂടെ നടന്ന് ജടാശങ്കരിയില്‍ മുങ്ങി, ദേവപ്രയാഗയില്‍ ആചമിച്ച് വിശാലാപുരിയിലെത്തുകയാണ്.
ഗംഗാനാരായണനും കുഴമഞ്ഞു ചവിട്ടി നടക്കുകയാണ്. ഈശാനദിശ നോക്കി നടക്കയെന്നതാണ് മിത്രാവതിയ്ക്കു കിട്ടുന്ന ഉപദേശം. ഇവ വ്യത്യസ്തങ്ങളല്ലെന്നതിന്നു തെളിവ് ഓരോ കവിതയിലും ആവര്‍ത്തിക്കുന്ന അതിസുന്ദരങ്ങളായ ആഹ്വാനങ്ങളിലെ (Aostrophe) സാദൃശ്യമാണ്.
പറഞ്ഞുതരുവിന്‍ നിങ്ങള്‍
നദിയ്ക്കുന്ന ജലങ്ങളേ!
പറഞ്ഞുതരുവിന്‍ സ്ഥാണു -
ശ്രേഷ്ഠരാം പര്‍വതങ്ങളേ!
കാണ്ഡേ കാണ്ഡേ മുളച്ചീടും
പ്രരോഹഹരിതങ്ങളേ!
വനേ വനേ വിരിഞ്ഞീടും
പീതശ്വേതാരുണങ്ങളേ!
വിടര്‍ത്ത ചിറകാല്‍ വ്യോമം
കടക്കും നീഡജങ്ങളേ!
ഉറച്ച ചുവടാല്‍ ഭൂമി
അളക്കും സ്വേദജങ്ങളേ!
ഇളമേല്‍ വീണു തുള്ളുന്നോ-
രൂര്‍ജസ്സിന്‍ കിരണങ്ങളേ!
കുട്ടിപ്പൂഞ്ഞ കുലുങ്ങുന്ന
കൂത്താടുന്ന കിടാക്കളേ!
ആദ്യപുഷ്പിണിയാം സസ്യം
ഉള്‍ക്കൊള്ളുന്ന പരാഗമേ!
ആദ്യമന്ദാക്ഷമായ് കണ്ണില്‍
തുടുക്കുമനുരാഗമേ!
തൂജാകുസുമസൗരഭ്യ-
വാഹിയാം കുളിര്‍തെന്നലേ!
സ്ഥലപദ്മങ്ങളേ! ഹേമ-
ശോണനീലഹിമങ്ങളേ!
പാലാഴിത്തിരപോല്‍ വെയ്‌ലില്‍
വിളങ്ങും ശിഖരങ്ങളേ!
ദേവമാര്‍ഗങ്ങളില്‍പ്പാടും
രാജഹംസകുലങ്ങളേ!
കൂരയായ്, മഴയായ്, കൂറ്റന്‍
കുടയായ് വെയിലിങ്കലും
ചരാചരങ്ങളെപ്പോറ്റും
. ഭൂര്‍ജവൃദ്ധപിതാക്കളേ!
ഉദിച്ചസ്തങ്ഗമിയ്ക്കുന്ന
സവിതാവേ! സ്മൃതിയ്ക്കകം
ഇമയ്ക്കാതെന്നെ നോക്കിക്കൊ-
ണ്ടിരിയ്ക്കും മിത്രദേവതേ!
സദാഗതി ജഗത്പ്രാണ!
സര്‍വംസഹമഹീധര!
സകലാധാരനാം സൂര്യ!
സത്യമെന്നിലുണര്‍ത്തുക!
അന്നമായ് മന്നിലേയ്‌ക്കെത്തും
ആദ്യവര്‍ഷകണങ്ങളേ!
ഗന്ധമായ് ചോരയില്‍ച്ചേരും
പരാഗപടലങ്ങളേ!
വിധിയെദ്ധിക്കരിച്ചിഷ്ടം
തേടും പുരുഷവീര്യമേ!
വീര്യം കെടുന്നോരിരുളേ!
വഴിയെന്തുര ചെയ്യുക!
ഈ ശ്ലോകങ്ങള്‍ ഏതേതു കവിതയിലേതെന്നു നിര്‍ണയിയ്ക്കുക നിത്യപാരായണക്കാര്‍ക്കുപോലും എളുപ്പമായിരിയ്ക്കയില്ല.
ഇത് ഉപരിതലത്തിലെ സാക്ഷ്യം. അന്തസ്തലത്തിലെ സാക്ഷ്യം മറ്റൊന്നാണ്. അത് നാലു കവിതകളിലും കര്‍മത്തെ സംബന്ധിച്ച് അവിരുദ്ധമായി തെളിയുന്ന വിശ്വാസമാണ് - കര്‍മം ചെയ്യുന്നതു താനല്ല, തന്നിലൂടെ കര്‍മം ചെയ്യപ്പെടുകയാണെന്ന വിശ്വാസമാണ്. 'ഞാന്‍ നിമിത്തമാത്രമായ്
നിര്‍വഹിയ്ക്കുന്നൂ മഹദിച്ഛയെ' എന്ന് ബ്രഹ്‌മദത്തന്‍.
സൂക്ഷ്മകര്‍മജാതവേദസ്സിനെ കണ്ടവനാകുന്നു ശോണമിത്രന്‍. 'കര്‍മത്തെച്ചെയ്തു താനെന്ന നിഴല്‍പോയ് കര്‍മമല്ലയോ തന്നെത്തീര്‍ക്കുന്നുവെന്നുള്ളില്‍ അഗ്‌നിവിദ്യ'യുദിച്ചവനാണ് ഗംഗാനാരായണന്‍. തന്റെ കര്‍മത്തില്‍ തന്റെ പങ്കെത്രയെന്ന് നിര്‍ണയിക്കാനാവില്ലെന്നറിഞ്ഞവളാണ്. മിത്രാവതി. അതിനാല്‍ നിര്‍വഹണസന്ധിയില്‍ അദ്വയശാന്തിയാണ്.
ശിവമായ്, ശുഭ്രമായ്, അനാദ്യന്തശുദ്ധമായ്, അമൃതത്ത്വമായ് വിടരുന്ന അദ്വയശാന്തി. ദുര്‍ജ്ഞേയം ആത്മികപഥം എന്നു കവി പ്രതിജ്ഞ ചെയ്യുന്നു. എങ്കിലും കവിതയില്‍ അതു വിശ്വാസ്യമാകുന്നില്ല. അതീവ സങ്ഗതമായ മറ്റൊരു പ്രകരണത്തില്‍ എം.പി. ശങ്കുണ്ണിനായര്‍ പറഞ്ഞതു കടമെടുത്താല്‍ 'ചരിത്രത്തിന്റെ ദണ്ഡകാരണ്യത്തില്‍ ഉടനീളം നടന്നു തിരയാന്‍ വേണ്ടത്ര ചോദന നല്‍കുന്ന ഒരു വേദനയായി മാറിയിട്ടില്ല. 'കുടിയൊഴിയ്ക്ക'ലിലും മറ്റും കാണുന്ന ആത്മമഥനജന്യമായ തീക്ഷ്ണത ആ അന്വേഷണപ്രക്രിയയ്ക്കില്ല. കവിതയിലെ കലങ്ങല്‍ അത്രയും ആഴം വരെ ചെന്നതല്ലെന്നു സാരം.'
'...നളിനി, സീത, കരുണ മുതലായ കാവ്യങ്ങളുടെ ഒടുവില്‍ ആവിര്‍ഭവിയ്ക്കുന്ന പ്രഭാവപൂര്‍ണമായ തേജോലോകംപോലെ ഹൃദയോന്നതികരമല്ല എന്നതു നമ്മുടെ കാലഘട്ടത്തിന്റെയും നമ്മുടെതന്നെയും കുറ്റമാകുന്നു.'
കാലത്തിലൂന്നിയുള്ള വാദത്തെ ശ്രദ്ധിക്കണം. ശ്ലീലാശ്ലീലങ്ങളെപ്പറ്റിയും ധര്‍മനീതിയെപ്പറ്റിയും നിത്യപ്രസക്തമായ പ്രശ്‌നങ്ങള്‍ ഉന്നയിയ്ക്കുവാന്‍ എന്തിനാണ് വിദൂരഭൂതകാലത്തെ ഉപാധിയാക്കുന്നത്? ആശാന്റെ നൂറുകൊല്ലം പഴക്കമുള്ള വാദമാണോ - 'ഭൂതകാലവും പരോക്ഷതയുമാണ് കവിതാചരിത്രനിര്‍മാണത്തിനു പറ്റിയതായി പണ്ടു പണ്ടേ അറിയപ്പെടുന്നതും സ്പൃഹണീയവുമായ ഭിത്തികള്‍. രേഖയുടെയും വര്‍ണത്തിന്റെയും പല ന്യൂനതകളെയും അവ മായ്ച്ചുകളയും.
ഗുണങ്ങളെ ഉജ്വലമാക്കുകയും ചെയ്യും' -കാരണം?
സാര്‍വകാലികപ്രശ്‌നങ്ങളാകയാല്‍ കാലബിന്ദുവിന് പ്രാധാന്യമില്ലെന്നാണോ? മൂല്യപ്രതിസന്ധികളെ ആധുനികമായ ദശാസന്ധികളിലും പ്രകരണങ്ങളിലും പ്രതിഷ്ഠിച്ച് ബലം പരിശോധിച്ചാലേ കവിതകളുടെ ശക്തിയും അനന്യതയും വെളിവാകൂ. അഗാധമായൊരു സാംസ്‌കാരികസമസ്യയാണിത്. 'സഹയാത്രിക'യിലും 'കേദാരസന്ധ്യ'യിലും മറ്റും മാസ്റ്റര്‍ ഇതിന്നു ശ്രമിച്ചില്ലെന്നല്ല.
അഞ്ചെട്ടുകൊല്ലം മുമ്പ് ഞാന്‍ നമ്മുടെ ഭാഷയിലെ നവസാഹിത്യരൂപമായ അഭിമുഖങ്ങളില്‍ നിത്യേന കാണുന്ന ഒരു ചോദ്യം ചോദിച്ചു, ഏതാണ് അങ്ങേയ്ക്ക് സ്വന്തം രചനകളില്‍ പ്രിയതമം?
'മിത്രാവതി'യെന്നായിരുന്നു മറുപടി.
Content Highlights: Vishnu Narayanan Namboothiri, Death Anniversary, Malayalam Literature, Mathrubhumi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..